Thursday, May 16, 2013

ഹാസ്യം പുരുഷന്‍റെ മാത്രം ഡിപ്പാര്‍ട്ടുമെന്‍റല്ല .....


https://www.facebook.com/echmu.kutty/posts/573373256007129
( 2013 മാര്‍ച്ച് 9 ന് നാട്ടുപച്ചയില്‍ വന്നത് )

പൊതുവേ  അല്‍പം പരിഹാസത്തിന്‍റെ മേമ്പൊടിയോടെ മിക്കവാറും  പുരുഷന്മാര്‍  എപ്പോഴും പറയാറുണ്ട്.  നര്‍മ്മ ബോധമുള്ള  ഒരു  സ്ത്രീയെ കണ്ടിട്ട്  അങ്ങു ചത്താല്‍  മതിയെന്ന്. നര്‍മ്മ ബോധമുള്ള ഒരു ഭാര്യയെ കിട്ടിയാല്‍ ജീവിതത്തിലെ  പകുതി ദുരിതം തീര്‍ന്നുവെന്ന്... 

നര്‍മ്മവും , ഹാസ്യവും  ആണുങ്ങള്‍ക്കായി വീതം വെച്ച  ഡിപ്പാര്‍ട്ടുമെന്‍റുകളാണ്. ആണുങ്ങളാവുമ്പോള്‍  പല തമാശയും പറയും,  നേരമ്പോക്കുകള്‍  തട്ടിവിടും  എന്നാണല്ലോ  പറയാറ്.  പെണ്ണുങ്ങളാവുമ്പോള്‍  തമാശ പറയുമെന്ന്  ആരും പറയാറില്ല,  പരദൂഷണം പറയുമെന്ന്  നിസ്സാരമാക്കുകയോ  അപവദിക്കുകയോ മാത്രമേ ചെയ്യാറുള്ളൂ.  ആരെങ്കിലും പറയുന്ന  തമാശ കേട്ട് , ഒന്ന്  ഉറക്കെ പൊട്ടിച്ചിരിച്ചാല്‍ പോലും പെണ്‍കുട്ടിയെ കണ്ണുരുട്ടിയും കൈയോങ്ങിയും  വിലക്കും.  ചെറുപ്പം മുതലേ   തമാശയും  ചിരിയും പെണ്ണിനെ സംബന്ധിച്ച് അസ്വാഭാവികമാക്കിത്തീര്‍ക്കുന്നതില്‍  ഇമ്മാതിരിയുള്ള   വിലക്കുകള്‍ക്ക് എത്ര  പങ്കുണ്ടെന്ന്  അധികം ആരും മനസ്സിലാക്കാറില്ല.  ഏമാ ബൊംബെകിനെയോ നോറാ എഫ്രണേയോ പോലെ  വളരെ ലളിതമായി വായിക്കപ്പെടുന്ന ഒരു  ഹാസ്യ സാഹിത്യകാരി പോലും  നമുക്കില്ലാതെ പോയത്  ചിരിയെ  അസ്വാഭാവികമാക്കി ചമക്കാനുള്ള   ഈ വെമ്പല്‍ കൊണ്ടു തന്നെയായിരിക്കുമോ?

ഹാസ്യ സാഹിത്യകാരന്മാര്‍ എന്നു പറയുന്നതു പോലെ ഹാസ്യ സാഹിത്യകാരികള്‍  എന്ന് പറയാറില്ല.  നര്‍മ്മമെഴുതുന്ന സ്ത്രീകള്‍  അധികം ഇല്ലാത്തതുകൊണ്ട്,  ഉള്ളവര്‍  തന്നെ  അല്‍പമെന്തെങ്കിലും എഴുതിക്കഴിയുമ്പോഴേക്കും  ചുറ്റുപാടും നോക്കി  അയ്യോ! എന്നെപ്പോലെ ആരും നര്‍മ്മമെഴുതുന്നില്ലല്ലോ എന്ന തിരിച്ചറിവില്‍ നര്‍മ്മത്തെ ഫുള്‍സ്റ്റോപ്പിട്ടു നിറുത്തുന്നു. സങ്കടക്കഥകളും  വേദനകളും വിഷമങ്ങളും അപമാനങ്ങളും  ബക്കറ്റു കണക്കിനു  കണ്ണീരും  മാത്രമാണത്രെ  സ്ത്രീകളുടെ സ്വാഭാവികതകള്‍.  ചിരിയും തമാശയും  വേറെ സ്ത്രീകള്‍ വേറെ എന്നതാണ് ഒരു പൊതുബോധം. അതുകൊണ്ട്  ഹാസ്യസാഹിത്യത്തിനുള്ള അവാര്‍ഡു കൊടുക്കാന്‍   നമ്മുടെ സാഹിത്യ അക്കാദമി, എല്ലാ  വര്‍ഷവും  ചുറ്റും നോക്കുമ്പോള്‍ ഒരു സാഹിത്യകാരിയെ  പോലും കണ്ടു കിട്ടാറില്ല. അപ്പോള്‍  പിന്നെ ഹാസ്യസാഹിത്യത്തിനുള്ള  അവാര്‍ഡ്  സ്ഥിരമായി പുരുഷന്മാര്‍ക്ക് മാത്രം  ലഭിച്ചുകൊണ്ടിരിക്കുന്നു.

ആ പതിവാണ് ഇക്കൊല്ലം തെറ്റിപ്പോയത്.  

ഇത്തവണ  ശ്രീമതി  ജെ.ലളിതാംബികയ്ക്കാണ് ഹാസ്യസാഹിത്യകാരിക്കുള്ള  അക്കാദമി അവാര്‍ഡ് . അക്കാദമിയുടെ  ചരിത്രത്തില്‍  ആദ്യമായാണ്   ഒരു വനിതയ്ക്ക് ഹാസ്യസാഹിത്യത്തിനു  അവാര്‍ഡ്   നല്‍കുന്നത്. അവാര്‍ഡ്  ദാനച്ചടങ്ങില്‍ ഇക്കാര്യം  അക്കാദമി  തന്നെ  വെളിപ്പെടുത്തുകയുണ്ടായി.  കളിയും കാര്യവും എന്ന  പുസ്തകത്തിനാണ് അവാര്‍ഡ്. നര്‍മ്മ സല്ലാപം , മുള്ളും മലരും എന്നീ രണ്ടു പുസ്തകങ്ങള്‍ കൂടി അവരുടേതായുണ്ട്. സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തിന്‍റെ രസകരമായ  ചായം പുരട്ടി അവതരിപ്പിക്കുന്നതില്‍  അവര്‍  കൃതഹസ്തയാണ്. 

എന്‍റെ അമ്മ വല്ലപ്പോഴുമൊക്കെ  വായിച്ചിരുന്ന  വനിതയും ഗൃഹലക്ഷ്മിയും  വഴിയാണ് കുട്ടിയായിരിക്കുമ്പോള്‍  തന്നെ ഈ  എഴുത്തുകാരിയുടെ  മുഖം  എനിക്കു പരിചിതമായത്.  ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച് കിടക്കുമ്പോഴും അമ്മയുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുണ്ടാക്കുന്ന  വരികള്‍  എഴുതുന്ന    വിരലുകളുടെ  ഉടമയോട് അന്നേ എനിക്കൊരു താല്‍പര്യമുണ്ടായിരുന്നു. 

തിരുവനന്തപുരം സ്വദേശിയായ  ലളിതാംബിക പഴയ തിരുവിതാംകൂര്‍ സ്റ്റേറ്റ് സര്‍വീസില്‍ സെക്രട്ടറിയായിരുന്ന  ശ്രീ  ഐ എസ് നാരായണപിള്ളയുടെയും വീട്ടമ്മയായിരുന്ന ശ്രീമതി ജി ജാനമ്മയുടെയും അഞ്ചു കുട്ടികളില്‍  ഏറ്റവും  ഇളയ മകളാണ്.  അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച  ശ്രീ മോഹനചന്ദ്രന്‍  ഐ എ സിന്‍റെ പത്നിയാണ്. സോഫ്റ്റ്  വെയര്‍ എന്‍ജിനീയര്‍മാരായ രണ്ട് മക്കളാണ് മോഹനചന്ദ്രനും  ലളിതാംബികയ്ക്കുമുള്ളത്. മക്കളുടെ  ജീവിത പങ്കാളികളും  സോഫ്റ്റ് വെയര്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

ഇംഗ്ലീഷ്  സാഹിത്യത്തില്‍ ബിരുദാനന്തരബിരുദമെടുത്ത്  തിരുവനന്തപുരത്തെ  എന്‍  എസ് എസ്  വനിതാ കോളേജില്‍ ഇംഗ്ലീഷ്  അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച    ലളിതാംബിക 1966 ലാണ്  ഐ എ എസ്  കരസ്ഥമാക്കിയത്.  ഐ എ എസിനൊപ്പം ഐ എഫ് എസിനും  ഐ പി എസിനും ഒന്നിച്ച്  സെലക്ഷന്‍ ലഭിച്ച  അവരുടെ  സിവില്‍ സര്‍വീസ്    ഇന്‍റര്‍വ്യൂ  പരീക്ഷയുടെ  റെക്കാര്‍ഡ്  ഇപ്പോഴും  തിരുത്തപ്പെട്ടിട്ടില്ല. പിന്നീട്  ഇംഗ്ലണ്ടിലെ  ലീഡ്സ് യൂണിവേഴ്സിറ്റിയില്‍  നിന്നും അവര്‍ എം ബി എ യും നേടി. കേരളത്തിലെ വിവിധ ജില്ലകളിലും  കുറച്ചു കാലം മലേഷ്യയിലും ജോലി ചെയ്ത അവര്‍ കേരളത്തിന്‍റെ അഡീഷണല്‍  ചീഫ്  സെക്രട്ടറിയായാണ്  ജോലിയില്‍ നിന്ന് വിരമിച്ചത്. മാറിമാറി വരുന്ന ഇടതരും വലതരുമായ ഭരണാധികാരികള്‍ അവരെ കാര്യക്ഷമതയുള്ള ഒരു ഉദ്യോഗസ്ഥ  എന്ന് വിശേഷിപ്പിച്ചതിനു കാരണം സര്‍ക്കാര്‍ പദ്ധതികള്‍ ആത്മാര്‍ഥമായി  നടപ്പിലാക്കാനുള്ള  അവരുടെ  പ്രതിബദ്ധതയും തികഞ്ഞ സത്യസന്ധതയുമായിരുന്നു. 

സാഹിത്യതാല്‍പര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ,  സ്കൂള്‍ പഠനകാലത്തുണ്ടായിരുന്ന  കൈയെഴുത്ത് മാസികയെപ്പറ്റി അവര്‍ വാചാലയായി. ഒരുപക്ഷെ,  അതായിരുന്നിരിക്കാം അവരുടെ ആദ്യത്തെ എഴുത്തു കളരി.  പഠിക്കുന്ന കാലത്ത്  സ്കൂളില്‍ ലേബര്‍ വീക്ക് ഉണ്ടായിരുന്നുവെന്നും  അതിന്‍റെ  ഒരു ഭാഗമായിരുന്ന കൈയെഴുത്ത് മാസികയ്ക്കായി വളരെ താല്‍പര്യപൂര്‍വം  പ്രയത്നിക്കുമായിരുന്നുവെന്നും ഒരു സ്കൂള്‍  വിദ്യാര്‍ഥിനിയുടെ  കൌതുകത്തോടെ  ലളിതാംബിക  ഓര്‍മ്മിച്ചു.  വിമന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം തുടര്‍ച്ചയായി  ചെറുകഥയ്ക്കുള്ള  ഒന്നാം സമ്മാനം അവര്‍ക്കായിരുന്നു. കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം വാരികയില്‍   അവരുടെ കഥകള്‍ വന്നുകൊണ്ടിരുന്നു.  ഐ എ എസ്  ട്രെയിനിംഗിനായി  പിന്നീട് മുസ്സൂരിയിലേക്ക് പോയപ്പോഴാണ്  അതിനു ഭംഗം നേരിട്ടത്.

 കോട്ടയം കളക്ടറായി  ജോലി ചെയ്യുമ്പോള്‍ 1976ല്‍  പ്രസിദ്ധീകരണം തുടങ്ങിയ  വനിത   മാഗസിനു വേണ്ടിയാണ്  ഹാസ്യ രൂപത്തില്‍  ഒരു ലേഖനം  ആദ്യമായി അവര്‍ എഴുതിയത്. കളക്ടറെന്ന നിലയില്‍  പല  മീറ്റിംഗുകള്‍ക്കും പങ്കെടുക്കേണ്ടി വരുമ്പോള്‍ ഒത്തിരി സ്വാഗത പ്രസംഗങ്ങള്‍  കേള്‍ക്കാറുണ്ടായിരുന്നു. അവയിലെ രസകരമായ   വിഡ്ഡിത്തങ്ങളെ കോര്‍ത്തിണക്കിയതായിരുന്നു ആ  ലേഖനം . അതിനു  ലഭിച്ച അഭിനന്ദനങ്ങളാണ് ഹാസ്യമാണ്  സ്വന്തം  വഴിയെന്ന് അവരോട്  വിളിച്ചു പറഞ്ഞത് . സ്ത്രീകളുടെ പലതരം പൊങ്ങച്ചങ്ങള്‍,  അവരുടെ മണ്ടത്തരങ്ങള്‍ , പരപുരുഷനോടുള്ള ആകര്‍ഷണം,  വസ്ത്രങ്ങളോടും ആഭരണങ്ങളോടുമുള്ള ഭ്രമം എന്നതൊക്കെ ചിത്രീകരിക്കുന്ന, അതുവരെയുണ്ടായിരുന്ന ചട്ടപ്പടി നര്‍മ്മ വിഷയങ്ങളില്‍ നിന്ന് വേറിട്ട്  പുതിയ പുതിയ വിഷയങ്ങളില്‍ തന്‍റെ ഭാവനയെ തികച്ചും  സ്വതന്ത്രമായി  അലയാന്‍  അവര്‍ അനുവദിച്ചു. തന്നെയുമല്ല, ആവശ്യത്തിനും അനാവശ്യത്തിനും  അശ്ലീലവും  ദ്വയാര്‍ഥ പ്രയോഗങ്ങളും വിതറിക്കൊണ്ടുള്ള  നര്‍മ്മമല്ല  താനെഴുതേണ്ടതെന്ന്  അവര്‍ക്ക് ഉത്തമബോധ്യവുമുണ്ടായിരുന്നു. 

വിവിധ  സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ അവര്‍ക്ക്   വഹിക്കേണ്ടിയിരുന്ന ജോലികള്‍ ഒട്ടനവധി സാധാരണ മനുഷ്യരുമായി നിരന്തരമായി ഇടപെടുവാനുള്ള അവസരം കൊടുക്കുന്നവയായിരുന്നു. കടുത്ത  സാമൂഹിക പ്രശ്നങ്ങളെപ്പോലും തമാശയുടെ മേമ്പൊടി ചേര്‍ത്ത്  എഴുതാന്‍  അത്തരം ഔദ്യോഗിക  അനുഭവങ്ങള്‍ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന്    ലളിതാംബിക പറഞ്ഞു. വല്ലാത്ത  മാനസിക പിരിമുറുക്കങ്ങള്‍ ജോലിയിലുണ്ടാകുമ്പോഴെല്ലാം  എഴുത്തും വായനയും തന്നെയാണ്  ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തി നല്‍കി യതെന്നും  അവര്‍ കരുതുന്നു. 

മുള്ളും മലരും എന്ന പേരില്‍ 1977  മുതല്‍ വനിത  മാസികയില്‍  അവരുടെ ലേഖനങ്ങള്‍  പ്രസിദ്ധീകരിക്കപ്പെട്ടു.  1983 മുതല്‍  1996  വരെയുള്ള പതിമൂന്നു വര്‍ഷക്കാലം  ഗൃഹലക്ഷ്മിയിലും  അവര്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതിയിരുന്നു. 91  മുതല്‍ മനോരാജ്യം വാരിക നിലയ്ക്കും വരെ വനിതാരംഗത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന  പൊതുപ്രശ്നങ്ങളെക്കുറിച്ച് അവര്‍  എഴുതുകയുണ്ടായി. മാതൃഭൂമിയും മനോരമയും  മാധ്യമവും ഉള്‍പ്പടെയുള്ള  മാധ്യമ  പ്രസിദ്ധീകരണങ്ങളിലും അവര്‍  ധാരാളം നര്‍മ്മ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി സമകാലിക മലയാളം വാരികയില്‍  ഓര്‍മ്മത്താളുകള്‍ എന്ന പേരില്‍  വളരെ രസകരമായ, അതീവ വൈവിദ്ധ്യം   നിറഞ്ഞ ലേഖനങ്ങള്‍ അവര്‍ എഴുതുന്നുണ്ട്. ഇങ്ങനെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഈ  ലേഖനങ്ങള്‍ വേണ്ട രീതിയില്‍ ക്രോഡീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും  നര്‍മ്മം ചിതറുന്ന  പല പുസ്തകങ്ങളും അവരുടേതായി നമുക്ക് ലഭ്യമാകും. 

സ്കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന  തന്‍റെ അമ്മ നല്ലവണ്ണം തമാശ പറയുകയും ആസ്വദിക്കുകയും  ചെയ്യുമായിരുന്നുവെന്ന് അവര്‍ ഓര്‍മ്മിച്ചു. തനിക്ക്  നാലു പെണ്‍ കുഞ്ഞുങ്ങളായിപ്പോയി എന്ന് അമ്മ ഒരിക്കലും സങ്കടപ്പെട്ടിരുന്നില്ല.  അമ്മയാണ് അവരുടെ  ഏറ്റവും വലിയ പ്രചോദനവും പ്രോല്‍സാഹനവുമെന്ന്  അവര്‍ അഭിപ്രായപ്പെട്ടു. 

ചിരിക്കുവാനും സംസാരിക്കുവാനും  നന്നെ പിശുക്കനായിരുന്ന മുന്‍ മുഖ്യമന്ത്രി  അച്യുത മേനോന്‍  ലളിതാംബിക ഭംഗിയായി നര്‍മ്മമെഴുതുന്നുണ്ട്  എന്ന്  പ്രശംസിച്ചത് അവര്‍ തനിക്കു കിട്ടിയ വലിയൊരു അവാര്‍ഡായി കാണുന്നു. എന്‍ വി കൃഷ്ണവാരിയരും ഉറൂബും  ഞങ്ങള്‍ ലളിതാംബിക എഴുതുന്നത്  വായിച്ച് രസിക്കാറുണ്ടെന്ന്  അറിയിച്ചതും തന്നെ വളരെ സന്തോഷിപ്പിച്ചിട്ടുണ്ടെന്ന്  അവര്‍  പറഞ്ഞു. 

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം  ഏകദേശം മുഴുവന്‍ സമയവും സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കുകയാണ് ഈ ഹാസ്യസാഹിത്യകാരി. പ്രശസ്ത കവയിത്രിയായ   ശ്രീമതി  സുഗതകുമാരി  നേതൃത്വം നല്‍കുന്ന അഭയ യില്‍ സംഘടിപ്പിക്കപ്പെടുന്ന ലോക് അദാലത്തില്‍ അവര്‍ ഒരു സ്ഥിരാംഗമാണ്. ഒട്ടനവധി സാധാരണ മനുഷ്യരുടെ   നീറുന്ന കുടുംബപ്രശ്നങ്ങള്‍ക്ക്  പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഈ അദാലത്തിലൂടെ  അവര്‍ക്ക്  സാധിക്കുന്നുണ്ട്. ആര്‍ സി  സിയിലെ ആശ്രയ എന്ന സംഘടനയുടെ പേട്രണ്‍  ശ്രീമതി  ലളിതാംബികയാണ്. ആശ്രയയുടെ  ക്യാന്‍സര്‍  പേഷ്യന്‍റ്  റിഹാബിലിറ്റേഷന്‍ പ്രോഗ്രാമനുസരിച്ച് ഏകദേശം മുന്നൂറ്റമ്പതോളം കുട്ടികളെ വിവിധ ക്ലാസ്സുകളിലും കോഴ്സുകളിലും പഠിപ്പിക്കുന്നുണ്ട്.  ക്യാന്‍സര്‍  പാലിയേറ്റീവ് കെയറിന്‍റെ  ഭാഗമായി  ആര്‍ സി  സിയിലെ  കീമോതെറാപ്പി വാര്‍ഡിലും  അവര്‍ ഒട്ടനവധി  പേരുടെ ആശ്വാസമാകുന്നുണ്ട്. 

സാമൂഹ്യ സേവനത്തിലെ  കണ്ണീര്‍ ചിതറിക്കുന്ന  ഈ അനുഭവങ്ങള്‍,  വേദനയോടെ  ഉള്ളില്‍  പതിയുന്നതുകൊണ്ടായിരിക്കാം ചിരിയുടെയും തമാശയുടെയും  വലിയ സന്തോഷത്തെപ്പറ്റി, കഴിയുന്നത്ര അത്  ആസ്വദിക്കേണ്ടതിനെപ്പറ്റി  നമ്മള്‍ സ്ത്രീകളോട്  അവര്‍  തുടര്‍ച്ചയായി  പറഞ്ഞുകൊണ്ടിരിക്കുന്നത്. 

46 comments:

Joselet Joseph said...

ഒരു പക്ഷേ ഇത്രെയേറെ പ്രാഗത്ഭ്യവുമുള്ള വ്യക്തിത്വമായത് കൊണ്ടാവും ആരും അവരുടെ നേരെ വാളെടുക്കാന്‍ ചെല്ലാഞ്ഞത്.

പരിചയപ്പെടുത്തലിനു നന്ദി.

Rainy Dreamz ( said...

പരിചയപ്പെടുത്തലിന് നന്ദി..

Visala Manaskan said...

aal ezhuthiyathu onnum ithu vare vaayichilla. onnu googly nokkatte.

btw, haasyam malayalam bloggil thakarppan aayi ezhuthiyirunnavaraanu biriyani kuttyum pinne kochu thresia yum mattum.

ശ്രീ said...

വിശാലേട്ടന്‍ പറഞ്ഞതു പോലെ നമ്മുടെ ബൂലോകത്തും ഹാസ്യം കൈകാര്യം ചെയ്യുന്ന വനിതാ ബ്ലോഗ്ഗേഴ്സ് ഉണ്ടായിരുന്നു എന്ന് ആശ്വസിയ്ക്കാം :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ എങ്കിൽ അതൊന്നു വായിച്ചിട്ടു കാര്യം എവിടെ കിട്ടും?

എച്മു പറഞ്ഞതിൽ ഒരു തിരുത്ത് - നർമ്മബോധമുള്ള ഒരു ഭാര്യ ഉണ്ടെങ്കിൽ ജീവിതത്തിലെ പകുതി അല്ല 90 ശതമാനം പ്രശ്നങ്ങളും തീരും

Echmukutty said...

ആദ്യവായനയ്ക്കെത്തിയ ജോസലെറ്റിനു ഒത്തിരി നന്ദി.
റെയിനി ഡ്രീംസിനെ കണ്ടതിലും സന്തോഷം.

ദേ, വിശാലമനസ്ക്കന്‍ വന്നിരിക്കുന്നു ... എന്‍റെ ബ്ലോഗിലു കമന്‍റിട്ടിരിക്കുന്നു! അതിശയം കൊണ്ടെനിക്ക് ഒന്നും എഴുതാന്‍ പറ്റാതെയായി... സന്തോഷം വിശാലമനസ്ക്കാ...വളരെ സന്തോഷം..

Echmukutty said...

ശ്രീ വന്നല്ലോ..
ഇന്‍ഡ്യാ ഹെറിട്ടേജിനെ കണ്ടതിലും സന്തോഷം. നര്‍മ്മ ബോധമുള്ള സ്ത്രീ പുരുഷന്മാര്‍ ഉണ്ടാവട്ടെ... ധാരാളം.മനുഷ്യരുടെ ജീവിതം തൊണ്ണൂറു ശതമാനമെങ്കിലും വിജയിക്കട്ടെ...

Areekkodan | അരീക്കോടന്‍ said...

ഒരു പക്ഷേ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ നിഴലില്‍ ആയതിനാലായിരിക്കാം ഈ ലളിതാംബികയെ ശ്രദ്ധിച്ചില്ല.

പൈമ said...

good knowledge

ജന്മസുകൃതം said...

സാമൂഹ്യ സേവനത്തിലെ കണ്ണീര്‍ ചിതറിക്കുന്ന ഈ അനുഭവങ്ങള്‍, വേദനയോടെ ഉള്ളില്‍ പതിയുന്നതുകൊണ്ടായിരിക്കാം ചിരിയുടെയും തമാശയുടെയും വലിയ സന്തോഷത്തെപ്പറ്റി, കഴിയുന്നത്ര അത് ആസ്വദിക്കേണ്ടതിനെപ്പറ്റി നമ്മള്‍ സ്ത്രീകളോട് അവര്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

avasarochithamaaya parichayappeduthal.thank u echmu....

കുഞ്ഞൂസ്(Kunjuss) said...

വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ ധാരാളമായി വായിച്ചിട്ടുള്ള ജെ.ലളിതംബികക്ക് സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചതിൽ ഏറെ സന്തോഷം. ആ പ്രതിഭയെ ഇവിടെ പരിചയപ്പെടുത്തിയതിൽ നന്ദി എച്മൂ ...

Typist | എഴുത്തുകാരി said...

പത്രത്തിലൊക്കെ അവരുടെ പംക്തികള്‍ വരുന്നതു വായിച്ചിട്ടുണ്ട്. സന്തോഷകരമായ വാര്‍ത്ത തന്നെ.

റിനി ശബരി said...

വനിതയില്‍ ഈ പേര് കണ്ടിട്ടുണ്ട് എന്നാണ് ഓര്‍മ ..
പക്ഷെ ഉറപ്പില്ല താനും , ഹാസ്യം പെണ്ണിനേ മാറ്റി നിര്‍ത്തുന്നു
എന്നൊരു പക്ഷമില്ല , കാരണം അതില്‍ ചെന്നേ എല്ലാ
ഹാസ്യങ്ങളും നില്‍ക്കാറുള്ളു , ഒരു ആണിനോടും പറയുന്നതിനേക്കാള്‍
വേഗത്തില്‍ ഒരു പെണ്ണിനൊട് ഹാസ്യം പറയുമപൊള്‍ അവര്‍ ഉള്‍കൊള്ളും
അതു പൊട്ടിയായത് കൊണ്ടാവില്ല , ഹൃദയവിശാലതയെന്നും പറയാം
അങ്ങ്നെയുള്ളവരില്‍ അതു ജനിക്കുവാനും ഏറെ പ്രയാസമുണ്ടാകില്ല
നര്‍മ്മമെന്നത് , ജീവിതത്തിന്റെ കാഴ്ചകളില്‍ നിന്നും നേരിട്ട്
ചുരണ്ടി എടുത്തവതരിക്കുമ്പൊള്‍ അതിന് കൂടുതല്‍ ശോഭയുണ്ടാകും
അതില്‍ ഈ എഴുത്ത്കാരി വിജയിച്ചു എന്നത് സന്തൊഷം തന്നെ
ഈ കാലത്ത് ഒന്നു ചിരിക്കാന്‍ ആണ് വളരെ പാട് , ചിരിപ്പിക്കാനും .
ഈ പരിചയപ്പെടുത്തലിനും , ആ വ്യക്തിയിലേക്കുള്ള ഇറങ്ങി പൊക്കിനും
അഭിനന്ദനങ്ങള്‍ പ്രീയപെട്ട എച്ച്മു ചേച്ചീ .. സ്നേഹാദരങ്ങള്‍ ..

keraladasanunni said...

ശ്രിമതി.ജെ.ലളിതാംബിക ഐ.എ.എസ്. എഴുതിയ ഒട്ടനവധി ലേഖനങ്ങള്‍ വായിച്ച് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് ലഭിക്കുന്ന ഈ അവാര്‍ഡ് സന്തോഷം 
നല്‍കുന്നു.

Philip Verghese 'Ariel' said...
This comment has been removed by the author.
Philip Verghese 'Ariel' said...

മറ്റൊരു സ്ത്രീ ബഹുമുഖ പ്രതിഭയെ ഇവിടെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. പറഞ്ഞു കേട്ടിടത് ഈ കലാകാരിയുടെ സൃഷ്ടികൾ ക്രോഡീകരിച്ചെടുത്താൽ നല്ല ചില പുസ്തകങ്ങള മലയാള ഭാഷയ്ക്ക്‌ ലഭിക്കും എന്നതിൽ സംശയം ഇല്ല.
ഈ എഴുത്തുകാരിയുടെ ചില സൃഷ്ടികൾ വനിതയിലും ഗൃഹലക്ഷ്മിയിലുമായിച്ചതായി ഒരു നേരിയ ഓർമ്മ. എച്ചുമാ ശ്രമിച്ചാൽ അതിൽ കുറെ ഇവിടെ ബ്ലോഗിൽ വായനക്കാർക്കായി പങ്കു വെച്ചാൽ നന്നായിരുന്നു.
ഇത് പറയുമ്പോൾ തന്നെ നമ്മുടെ കണ്ണൂർക്കാരി മിനി ടീച്ചറെപ്പോലുള്ള നർമ്മ സാഹിത്യകാരികളെക്കൊണ്ടും നമ്മുടെ ബ്ലോഗുലകം നിറഞ്ഞു നില്ക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാനും വകയുണ്ടല്ലേ! അല്ലെ!
എല്ലാറ്റിലും ഉപരി ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രത്യേകം പ്രസ്താവ്യം തന്നെ.
ഈ ഹാസ്യ കലാകാരിയുടെ ഒരു ചിത്രം കൂടി ഇവിടെ ചേർക്കാഞ്ഞ ഒരു വലിയ കുറവ് ഞാനിവിടെ കാണുന്നു അതിവിടെ കുറിക്കുന്നു. ശ്രിമതി.ജെ.ലളിതാംബികയുടെ ഒരു ചിത്രം സംഘടിപ്പിച്ചു ഇവിടെ ചേർക്കുക
നന്ദി നമസ്കാരം, എഴുതുക അറിയിക്കുക
ഫിലിപ്പ് ഏരിയൽ

Rajesh said...

നർമ്മബോധമുള്ള ഒരു ഭാര്യ ഉണ്ടെങ്കിൽ ജീവിതത്തിലെ പകുതി അല്ല 90 ശതമാനം പ്രശ്നങ്ങളും തീരും -- all the marriage issues occurs because women dont have humour sense!!! This implies men are responsible for 10% of the problems? Or is that also because of women being not something/ ???/or whatever ??
Excellent!!!.

വീകെ said...

ഈ പരിചയപ്പെടുത്തൽ നന്നായി.
ആശംസകൾ...

ശ്രീനാഥന്‍ said...

ഹാസ്യസാഹിത്യകാരികൾ വിരളമെന്നു പറഞ്ഞപ്പോൾ തന്നെ ഞാനാദ്യമോർത്തത് ലളിതാംബികയെ ആണ്. പിന്നെയാണ് ഈ ലേഖനം അവരെക്കുറിച്ചാനെന്ന് മനസ്സിലായത്. അവരെ ആസ്വദിച്ചു വായിച്ചിട്ടുണ്ട് ഞാൻ. വളരെ നന്നായി അവരെക്കുറിച്ചിങ്ങനെ എഴുതിയത്. പല സ്ത്രീ എഴുത്തുകാരികളും അവരെക്കണ്ട് ചിരിക്കാൻ കൂടി പഠിച്ചിരുന്നെങ്കിൽ എന്ന് ഒരു ആഗ്രഹം തോന്നുന്നു.

വിനുവേട്ടന്‍ said...

ശ്രീമതി ലളിതാംബികയുമായുള്ള ഒരു അഭിമുഖം പണ്ടൊരിക്കൽ ടി.വി യിൽ കണ്ടിട്ടുണ്ട്... ഈ പരിചയപ്പെടുത്തൽ എന്തുകൊണ്ടും അവസരോചിതമായി... ആശംസകൾ എച്ച്മു...

Aarsha Abhilash said...

ശ്രീമതി ലളിതാംബികയുടെ ഹാസ്യം ഈ പറഞ്ഞ വനിതാ,ഗ്രിഹലക്ഷ്മി ഇവയിലൂടെ വായിച്ച ആസ്വദിച്ചിട്ടുണ്ട്... എങ്കിലും എച്ചുമുകുട്ടി പരിച്ചയ്പെടുതിയപോള്‍ കൂടുതല്‍ സന്തോഷം. ലളിതാംബിക ടീച്ചര്‍നു അഭിനന്ദനങ്ങള്‍.... എച്ചുമുക്കുട്ടിയോടു ഒരു പ്രത്യേക നന്ദി- ഒരുപാട് നാളുകള്‍ക്ക് ശേഷം ഇപോഴാണ് പിന്നെയും ബ്ലോഗ്‌ ലോകത്തിലേക്ക് എത്തി നോക്കുന്നത്- ചെറുതെങ്കിലും എന്റെ എല്ലാ കുറിപ്പുകളിലും ഒരു വരിയെങ്കിലും കമെന്റ് ഇടുന്നതിനു അതിനായി സമയം കണ്ടെത്തുന്നതിനു .....

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം. ശരിയാണ്ഒരിയ്ക്കലും സ്ത്രീകളുടെ കുത്തക ആയിട്ടില്ല ഹാസ്യം.

Pradeep Kumar said...

ഹാസ്യത്തിലും ലിംഗഭേദമുണ്ടെന്ന് ഞാനിതുവരെ ചിന്തിച്ചിരുന്നില്ല.......

Cv Thankappan said...

ഇന്ന് ബ്ലോഗെഴുത്ത് പോലെ പണ്ടുകാലത്ത് ഗ്രാമീണവായനശാലകളില്‍
സര്‍ഗ്ഗവാസനയുള്ളവര്‍ക്ക് പ്രോത്സാഹനം
നല്‍കുന്നതിനും പരിപോഷിപ്പിക്കാന്നതിനും വേണ്ടി ധാരാളം കൈയെഴുത്ത് മാസികകള്‍ ഇറക്കിയിരുന്നു.1960കാലഘട്ടത്തില്‍ ഞാനൊക്കെ കൈയെഴുത്തു മാസികയില്‍
എഴുതിയിരുന്നു.എന്തൊരു ആവേശമായിരുന്നോ!....
ശ്രീമതി ജെ.ലളിതാംബിക ഐ.എ.എസ്സിന്‍റെ പല രചനകളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അവാര്‍ഡ്
വിവരവും,മററുവിവരങ്ങളും അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം!
ആശംസകള്‍

Najeer Ali said...

Evide ellavarum kavitha sahithyam oronninodum thalparyam ullavarum arivullavarum okke anu avarokke e postinu kurichu adhikarikamayi parajitundu enikathinulla kazhivilla ennalum ishtayi enikku
abhinandhanangal hridhayam niraja ashamsakal.....

ajith said...

ആനുകാലികങ്ങളില്‍ ലളിതാംബികയുടെ പല രചനകളും വായിച്ചിട്ടുണ്ട്.
വിശാലമനസ്കന്‍ പറഞ്ഞതുപോലെ വളരെ തന്മയത്വമായി നര്‍മ്മമെഴുതുന്ന കുറെ വനിതാബ്ലോഗേര്‍സ് ഉണ്ടായിരുന്നു. കൊച്ചുത്രേസ്യയും വായാടിയും ഒക്കെ എത്ര രസമായി എഴുതുന്നുണ്ടായിരുന്നു. അങ്ങനെ പലരും ബ്ലോഗിംഗില്‍ നിന്ന് വിടപറഞ്ഞുപോയത് വളരെ വലിയ നഷ്ടം തന്നെയാണ്.

എച്മൂന് നര്‍മ്മം ഒന്ന് പരീക്ഷിച്ചാലെന്താ...??!!

Sidheek Thozhiyoor said...

ചിലത് വായിച്ചതായി ഓര്‍ക്കുന്നു ..ഈ പരിചയപ്പെടുത്തല്‍ നന്നായി.

mini//മിനി said...

ഹാസ്യത്തിന്റെ,, ചിരിയുടെ,, ഒരു പ്രധാനവിഷയം സ്ത്രീകളായതിനാൽ സ്ത്രീകൾക്ക് ഹാസ്യവും പൊട്ടിച്ചിരിയും പാടില്ലെന്ന് ഒരു ധാരണ പലർക്കും ഉണ്ടെന്ന് തോന്നുന്നു. ലളിതാംബികയുടെ രചനകൾ വായിച്ചിട്ടുണ്ട്. പരിചയപ്പെടുത്തൽ നന്നായി.

the man to walk with said...

Nice
Best wishes

Anonymous said...

നല്ല പരിചയപ്പെടുത്തൽ

മുകിൽ said...

nannaayi. ee parichayappeduthal.

റോസാപ്പൂക്കള്‍ said...

ലളിതാംബികയുടെ വനിതയില്‍ വരുന്ന ലേഖനങ്ങള്‍ കൌതുകത്തോടെ വായിക്കുമായിരുന്നു. ഐ.എ.സ്. ട്രെയിനിംഗിനിടെ കുതിര സവാരി പഠിക്കേണ്ടിവന്നത് അവര്‍ സരസമായി വിവരിച്ചത് ഇന്നും ഓര്‍മയുണ്ട്.
നന്നായി എച്ചുമു ഈ ലേഖനം

ഒരു കുഞ്ഞുമയിൽപീലി said...

ശ്രമിച്ചാൽ വഴങ്ങാത്തത് എന്തുണ്ട് ...വനിതാ എഴുത്തുക്കാർ അതിനു ശ്രമിക്കാതിരിക്കുന്നതാണ് എന്ന് തോന്നുന്നു . പരിചയപ്പെടുത്തലിന്റെ വിശകലനത്തിന് ആശംസകൾ

pravaahiny said...

ഞാന്‍ ഒന്നും പറയുന്നില്ല @PRAVAAHINY

ബഷീർ said...

ആരെങ്കിലും പറഞ്ഞോ അങ്ങിനെ (തലക്കെട്ട്).. :) നർമ്മം എഴുതി ഫലിപ്പിക്കാൻ പ്രത്യേക കഴിവു തന്നെ വേണം. നന്നായി അത് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ബൂലോകത്തുണ്ട്.. എല്ലാവർക്കും ആശംസകൾ

ഫൈസല്‍ ബാബു said...


"ഹാസ്യം പുരുഷന്‍റെ മാത്രം ഡിപ്പാര്‍ട്ടുമെന്‍റല്ല ....."എന്ന തലക്കെട്ട്‌ ഓടി വന്നതായിരുന്നു.വായിച്ചു വന്നപ്പോള്‍ നല്ലൊരു പരിചയപ്പെടുത്തലില്‍ എത്തി, നന്നായി ട്ടോ. പിന്നെ ഹാസ്യം എഴുതുന്ന വനിതാബ്ലോഗുകളും ഉണ്ട് കേട്ടോ.

Biju Davis said...

നല്ല പരിചയപ്പെടുത്തല്‍,എച്ച്മൂ! കണ്ടുപിടിച്ച് വായിക്കണം..

ചന്തു നായർ said...

ജെ.ലളിതാംബികാ.ഐ.ഏ.എസ്സി മാ യും,അന്തരിച്ച അവരുടെ സഹോദരൻ നടരാജൻ ചേട്ടനുമായും നല്ല അടുപ്പമായിരുന്നൂ..ലളിതാംബികാ മാഡം...വളരെ മുൻപു തന്നെ എഴുതിയിരുന്നൂ..പക്ഷേ പലരും ശ്രദ്ധിച്ചത് ഇപ്പോഴാണു....അതാണു കേരളത്തിന്റെ ശാപവും..........എച്ചുമുക്കുട്ടീ...ആശംസകൾ

പഥികൻ said...

എച്മു പറഞ്ഞതു മൊത്തം ശരി അല്ല...അവരുടെ ക്രോഡീകരിച്ച ഒരു പുസ്തകസമാഹാരം ഉണ്ട് ...മുള്ളും മലരും...ചെറുപ്പത്തിൽ വായിച്ചാസ്വദിച്ചിട്ടുള്ള ഒരു പുസ്തകം....(പിന്നെ ഞങ്ങൾ തിരുവനന്തപുരത്തുകാർ പണ്ടേ അങ്ങനാ..വലിയ സംഭവമാണെങ്കിലും അതു പുറത്ത് കാണിക്കാറില്ല...:)) )

vettathan said...

ശ്രീമതി ലളിതാംബികയുടെ ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ വായിച്ചിട്ടുണ്ട്. ഈ പരിചയപ്പെടുത്തല്‍ നന്നായി.

പത്രക്കാരന്‍ said...

നല്ല പരിചയപ്പെടുത്തൽ . . .

M. Ashraf said...

നന്നായി തന്നെ പരിചയപ്പെടുത്തി. അഭിനന്ദനങ്ങള്‍...

അവതാരിക said...

ശുകരിയ ..അടുത്ത അവാർഡ്‌ എച്ചുമുവിനു കിട്ടാൻ ആഗ്രഹിക്കുന്നു ,ഒരു നല്ല എഴുത്തുകാരിക്കുള്ള. ജീവിക്കുന്ന കമല സുരയ്യയാണ് താങ്കൾ

Unknown said...

ഗൃഹലക്ഷിമിയിൽ അവരെ വായിച്ചിട്ടുണ്ട്. 
ഹാസ്യം ആർക്കെങ്കിലുമായി സംവരണം ചെയ്തു വെച്ചു എന്നൊക്കെപ്പറയുന്നത് ഇല്ലാത്ത ഒരാരോപണം മാത്രമാവും.
സ്ത്രീകൾ ഹാസ്യസാഹിത്യരംഗത്തേക്ക് വരാൻ ശ്രമിക്കുന്നതിനു പകരം പുരുഷന്മാരെ പഴി പറയുന്നതിൽ കാര്യമില്ല.

ബ്ലോഗുലകത്തിൽ തന്നെ പഴയ കൊച്ചു ത്രേസ്യ, ഇന്നും എഴുതുന്ന ചട്ടിക്കരി ഐസീബി എന്നിവരുടെ ഹാസ്യം പകരം വെക്കാനില്ലാത്തവയാണല്ലോ? 

Echmukutty said...

എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി... ഇനിയും വായിക്കുമല്ലോ.

വേണുഗോപാല്‍ said...

ശ്രീമതി ജെ ലളിതാംബികയെ കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു.

നര്‍മ്മം ആരുടെയെങ്കിലും കുത്തകയാണോ. കഴിവുള്ളവര്‍ ആണായാലും പെണ്ണായാലും എഴുതി ശോഭിക്കുക. അത്ര തന്നെ