മൂന്നര വയസ്സിലാണ് പോത്തോട്ടപ്പറമ്പിനെ പരിചയപ്പെടുന്നത്. ആദ്യമാദ്യം എത്ര നടന്നാലും തീരാത്ത ഒരു മൈതാനമായിരുന്നു അത്. അന്ന് എനിക്ക് കുഞ്ഞുപാദങ്ങളായിരുന്നുവല്ലോ. ആ പറമ്പിൽ ഏകദേശം മധ്യത്തിലായി ഒരു നീണ്ട കല്ല് നാട്ടിയിരുന്നു.
ആ കല്ലിനെപ്പറ്റി എത്ര അതിശയകഥകൾ ഉണ്ടായിരുന്നെന്നോ.. കഥകളെല്ലാം തുടങ്ങുന്നത് 'എന്റെ അമ്മൂമ്മ പറഞ്ഞതാ.. അല്ലെങ്കിൽ മുത്തശ്ശനോട് ഒരു സന്യാസി പറഞ്ഞതാ'... എന്ന മട്ടിലായിരുന്നു.
ആർക്കും ഉറപ്പില്ലാത്ത കാര്യങ്ങളാണ് കഥകളായി പ്രചരിച്ചിരുന്നതെന്നർഥം. കഥയുടെ കർതൃത്വം ആരുടെ തോളത്തും നമുക്ക് വെക്കാൻ പറ്റില്ല.. അതുമാതിരിയുള്ള കഥകൾ..
എല്ലാം പേടിക്കഥകൾ.. താഴ്ത്തപ്പെട്ട ജാതിക്കാരുടെ പ്രേതങ്ങൾ, ഒടിയന്മാർ.
തുള്ളിക്കൊരു കുടം പെയ്യുന്ന കർക്കടക മാസക്കാലത്തും തുയിലുണർത്താൻ വരുന്ന പാണന്മാർ അങ്ങനെ എല്ലാവരേപ്പറ്റിയും ഇഷ്ടം പോലേ കഥകളുണ്ട്
താഴ്ത്തപ്പെട്ട ജാതിക്കാരിൽ ആരു മരിച്ചാലും അവർ പോത്തോട്ടപ്പറമ്പിലെ കല്ലിൽ വന്ന് കുത്തിയിരിക്കുമെന്നാണ് കഥ.
എന്തിനാണ് അങ്ങനെ ഇരിക്കുന്നതെന്ന് അറിയില്ല. ഈ കഥകൾ കേൾപ്പിച്ചു തന്നവർക്കും അതറിയില്ല. ആ കല്ലിൽ തൊടാൻ പാടില്ലെന്ന് , അത് മരിച്ചവരുടെ ഇരിപ്പിടമാണെന്ന് കേട്ടിട്ടുണ്ട് ഞാൻ..
ആ പറമ്പിൻറെ കിഴക്കുഭാഗത്തായി കുറച്ചു ചെറിയ പാറക്കെട്ടുകളുണ്ടായിരുന്നു. ഞാൻ കുട്ടിയായിരുന്നപ്പോൾ മരിച്ചവരുടെ പായും മറ്റും അവിടെ ഉപേക്ഷിച്ചിരുന്നത് കണ്ട് ഭയന്നിട്ടുണ്ട്. നിലവിളിച്ചു കരഞ്ഞിട്ടുണ്ട്.
പോത്തോട്ടപ്പറമ്പിൽ തൃക്കൂരിൻറെ പരിസരങ്ങളിലെ ആൺകുട്ടികൾ ഫുട്ബോൾ കളിച്ചു പോന്നു. ആൺകുട്ടികളുടെ മാത്രമായിരുന്നു പോത്തോട്ടപ്പറമ്പ്. ഒരു പെൺകുട്ടി പോലും അവിടെ കളിച്ചിട്ടില്ല. പെൺകുട്ടികൾ ധിറുതിയിൽ പാദങ്ങൾ പെറുക്കി വെച്ച് പോത്തോട്ടപ്പറമ്പ് പെട്ടെന്ന് നടന്നു തീർക്കുക മാത്രം ചെയ്തു.
വല്ലപ്പോഴും അവിടെ സന്ധ്യാ സമയത്ത് സിനിമാപ്രദർശനം ഉണ്ടാകും.. അന്നേരമാണ് പെൺകുട്ടികളും സ്ത്രീകളും തോർത്തുമുണ്ടും വർത്തമാനക്കടലാസ്സും വിരിച്ച് , അതിന്മേൽ ഇരുന്ന് ഭയലേശമെന്യേ പോത്തോട്ടപ്പറമ്പിനെക്കൂടി അനുഭവിക്കുന്നത്. ആ സിനിമകൾക്ക് പോത്തോട്ടപ്പറമ്പിലും മികച്ച ഒരു തീയേറ്റർ ഉണ്ടാകുക വയ്യായിരുന്നു.
സിനിമയുടെ ഇടക്ക് റീലു പൊട്ടുമെങ്കിലും അതു സാരമില്ലായിരുന്നു. കുമാരസംഭവം, ജീസ്സസ്സ്, ഏഴാം കടലിനക്കരെ, വിടപറയും മുമ്പേ, ഡയാന - ചാൾസ് വിവാഹം, ഇൻഡ്യൻ റെയർ എർത്ത്സ് ഉണ്ടാക്കുന്ന പരിസ്ഥിതി മാലിന്യം....ഇങ്ങനെ പല ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പോത്തോട്ടപ്പറമ്പ് ഓപ്പൺ എയർ തീയേറ്ററിൽ ഞാനും അനിയത്തിമാരും മാതുവിനൊപ്പം ഇരുന്ന് കണ്ടിട്ടുണ്ട്.
പോത്തോട്ടപ്പറമ്പിലെ കല്ലിന്മേൽ കഥകളിലേപ്പോലെ ആരും കുത്തിയിരിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാലും വെറുതേ പേടിയാവും..
ഡോക്ടർ ആയിരുന്ന അച്ഛനാണ് മരണം എന്ന ശാരീരിക പ്രതിഭാസത്തെ ഭയന്ന് മനുഷ്യർ കഥകൾ ഉണ്ടാക്കുന്നതാണെന്നും ആ കല്ലിൽ തൊട്ടാൽ ഒന്നും വരില്ലെന്നും ധൈര്യം പഠിപ്പിച്ചത്. എവിടെ തൊടാനും അച്ഛൻ സമ്മതം തന്നിരുന്നു. തൊട്ടു നോക്കിയ ശേഷം കൈ സോപ്പിട്ട് കഴുകണമെന്നത് മാത്രമായിരുന്നു അച്ഛന്റെ നിർബന്ധം.
അങ്ങനെ പോത്തോട്ടപ്പറമ്പിലെ കല്ല് ഞങ്ങൾക്ക് അൽഭുതമല്ലാതായി. അതിൽ ആരും ഇരിക്കുന്നില്ലെന്നും ഉറപ്പായി. അവിടെ ഇരിക്കുന്ന താഴ്ത്തപ്പെട്ട ജാതിക്കാരുടെ ആത്മാവുകളെ ഓടിക്കാൻ ബ്രഹ്മരക്ഷസ്സ് എന്ന ഉയർത്തപ്പെട്ട ജാതിക്കാരുടെ ആത്മാവുകൾക്ക് വന്ന് ഉച്ചാടനമന്ത്രങ്ങൾ ചൊല്ലേണ്ട കാര്യമില്ലാതായി.
പതുക്കെപ്പതുക്കെ അത്തരം കഥകളിൽ ഞങ്ങൾക്ക് ചിരി വന്നു തുടങ്ങി..
പിന്നെ പോത്തോട്ടം.. തുലാമാസം ഒന്നാം തിയതി ആണ് പോത്തോട്ടം ഉണ്ടാവുക. തലേന്ന് തന്നെ പോത്തോട്ടപ്പറമ്പിലെ കല്ലിനു ചുറ്റും തൂത്തുവാരി വൃത്തിയാക്കി പിറ്റേന്നു രാവിലെ കല്ലിന്മേൽ ഒരു മാലയിട്ട് അലങ്കരിച്ച് വെക്കും.
പത്തുമണിയോടെ ആരംഭിക്കും.. കല്ലിനു ചുറ്റുമുള്ള പോത്തുകളുടെ ഓട്ടം. പോത്ത് ഉഷാറായി ഓടുന്നുണ്ടെങ്കിൽ പള്ള നിറച്ചും കള്ളു കുടിച്ചിട്ടുണ്ടെന്ന് കാണികൾ പരസ്പരം കൈയിലടിച്ചു വാദിക്കും. പോത്തിനെ ഓടിക്കുന്ന കറുത്തു മെലിഞ്ഞൊട്ടിയ പാവപ്പെട്ട മനുഷ്യൻ ഒരു കള്ളുചാറയാണെന്ന് കാണികൾക്ക് ഡബിൾ ഉറപ്പാണ്. അവരാണ് ആ മനുഷ്യന് കള്ളൊഴിച്ചു കൊടുത്തതെന്ന് തോന്നും ആ ഉറപ്പോടെയുള്ള പറച്ചിൽ കേട്ടാൽ...
അച്ഛൻ പാതിരായ്ക്കും പുലർച്ചയ്ക്കുമൊക്കെ തൃശ്ശൂരിൽ നിന്ന് തൃക്കൂരേക്ക് വരാറുണ്ട്. അന്നേരത്തെല്ലാം കാറ് പോത്തോട്ടപ്പറമ്പിൽ നിറുത്തിയിടും. തൃക്കൂര് വീട്ടിൻറെ കൊച്ചു ഗേറ്റിലൂടെ കാറ് മുറ്റത്തേക്ക് വരുമായിരുന്നില്ല.
പോത്തോട്ടപ്പറമ്പിൻറെ ഒരതിര് നാഗമ്മാമിയുടെ മഠമായിരുന്നു. ഒത്തിരി മുളങ്കൂട്ടങ്ങൾ ഉണ്ടായിരുന്നു ആ അതിർത്തിയിൽ.. മുള പൂക്കുമ്പോൾ പല സ്ത്രീകളും വന്ന് മുളയരി ശേഖരിച്ചിരുന്നതും പോത്തോട്ടപ്പറമ്പിലായിരുന്നു.
പെൺകുട്ടികളെന്ന നിലയിൽ ഒരിക്കലും പോത്തോട്ടപ്പറമ്പിൽ കളിക്കാൻ പറ്റിയിട്ടില്ല. ആഗ്രഹം ഉണ്ടായിരുന്നു. അതൊരു നഷ്ടമോഹമാണ്.. ഈ ജന്മത്ത് സഫലീകൃതമാകാത്ത മോഹം..
ഇന്ന് പോത്തോട്ടപ്പറമ്പ് നടന്നെത്താൻ പറ്റുന്ന കൊച്ചു മൈതാനമാണ് എനിക്ക്.. എൻറെ പാദങ്ങൾ ജീവിതത്തിൻറെ അവസാനമില്ലാത്ത മരുഭൂമികളിലൂടെ ഒരുപാട് നടന്നു കഴിഞ്ഞുവല്ലോ...
സ്നേഹം... പോത്തോട്ടപ്പറമ്പേ.
ഈ ഫോട്ടോ രണ്ടും ഞാൻ
Biju Pavithra ബിജുവിനോട് ചോദിച്ചു മേടിച്ചതാണ്.