Saturday, March 21, 2020

ദ് കോമൺ ഫാക്ടർ

                     
സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം മനുഷ്യരോട് സംസാരിക്കുന്നത് സന്തോഷകരമാണ്.. എപ്പോഴും.. എനിക്ക് മനുഷ്യർ സംസാരിച്ചു കേൾക്കാനാണ് ഞാൻ പറഞ്ഞ് അവരെ കേൾപ്പിക്കുന്നതിലധികം താത്പര്യം. എന്നാലും ചിലപ്പോൾ എനിക്കും ഒരു മണിക്കൂർ നേരം സംസാരിക്കേണ്ടി വരാറുണ്ട്.. വന്നിട്ടുണ്ട്..

മിക്കവാറും ഞാൻ ചുമയ്ക്കും. ചൂടു വെള്ളം കുടിക്കും.. എന്നാലും ഒരുമാതിരിയൊക്കെ സംസാരിച്ച് അവസാനിപ്പിക്കാറുണ്ട്.

സ്ത്രീകൾ ഷേക്ക് ഹാൻഡ് തരും.. കെട്ടിപ്പിടിക്കും.. ചിലർ ഉമ്മ തരും.. പുരുഷൻ മാർ ചിലപ്പോൾ തർക്കിക്കും. വാദിക്കും..എന്നാലും എൻറെ ഭാഗം ശ്രദ്ധിച്ചു കേൾക്കും. യാത്ര പറയുമ്പോൾ പൊതുവെ കൈകൂപ്പുകയും ചിലർ ഷേക്ക് ഹാൻഡ് തരുകയും ചെയ്യാറുണ്ട്.

ഈയിടെയാണ് വേദിയിൽ കളിയാക്കപ്പെട്ട രണ്ട് അനുഭവമുണ്ടായത്..

ഒന്ന് ഹാസ്യമെന്ന പേരിൽ നടത്തിയ ഒരു ഹാസ്യാഭാസമായിരുന്നു. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ കണ്ടാൽ പുരുഷന് ബലാത്സംഗം ചെയ്യാൻ തോന്നുമെന്ന് പറയുന്ന ആഭാസത്തരമായിരുന്നു ഹാസ്യമായി വിളമ്പപ്പെട്ടത്. 'മഴ പെയ്തപ്പോൾ അവളുടെ ഉടുപ്പിൽ ചെളി തെറിച്ചു..അത് നല്ല തമാശയായി ' എന്നൊക്കെ ഹാസ്യാവതരണം നടത്തുന്നവരിൽ നിന്ന് ബലാത്സംഗത്തമാശ കേൾക്കുക എന്നതാണല്ലോ നമ്മുടെ വിധിയും അവർക്ക് കഴിയുന്ന ഹാസ്യാവതരണത്തിൻറെ പരമകാഷ്ഠയും. കാറ്റടിച്ച് പെണ്ണിൻറെ കമ്മീസ് പൊങ്ങിയതാണ് ബലാത്സംഗ ഹാസ്യത്തിന്റെ കൊടിക്കൂറ..

കേട്ടിരുന്ന മനുഷ്യർ പൊട്ടിച്ചിരിച്ചു.. കാരണം ആ ഹാസ്യം വിളമ്പിയത് ടിവിയിലെ കുത്തകഹാസ്യ അവതാരകരാണ്..

അടുത്ത വേദിയിൽ സ്ത്രീയായിരുന്നു ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ കണ്ടാൽ ആണിന് ബലാത്സംഗം ചെയ്യാൻ തോന്നുമെന്ന് പ്രഖ്യാപിച്ചത്. അത് ഗൗരവതരമായ ഒരു സ്ത്രീ ശാക്തീകരണ ചർച്ചയായിരുന്നു.. കേരളത്തിൽ യാതൊരു സ്ത്രീ ശാക്തീകരണവും വേണ്ട എന്ന് ആ സ്ത്രീ പറഞ്ഞു. പെണ്ണുങ്ങൾ മറ്റു പുരുഷന്മാരെ സ്വന്തം ആങ്ങള, അച്ഛൻ, മകൻ എന്നീ നിലയിൽ കണ്ടാൽ മാത്രം മതി. പിന്നെ ലെഗ്ഗിൻസ് ഇടരുത്. സ്ലിറ്റ് ഏറിയ കമ്മീസ് ധരിക്കരുത്. അടിക്കുന്ന ഭർത്താവിനെ ഉപേക്ഷിക്കരുത്.. സ്നേഹിച്ച് സ്നേഹിച്ച് അദ്ദേഹത്തെക്കൊണ്ട് നമ്മളെ സ്നേഹിപ്പിക്കാറാക്കണം.

വരുമാനമില്ലാത്ത പെണ്ണുങ്ങൾക്ക് കുടംബത്തിരുന്ന് തന്നെ ആടു വളർത്തൽ ചെയ്ത് അംബാനി യുടെപോലെ കോടീശ്വരരാകാം. ആത്മാർഥത ഉണ്ടായാൽ മാത്രം മതി.

ഡോക്ടറേറ്റും സർക്കാർ ജോലിയും അനേകായിരം ശിഷ്യരും ഒക്കെ ഉള്ള പൂജനീയ സ്ത്രീ ഇങ്ങനെ പറയുമ്പോൾ എല്ലാ പുരുഷന്മാരും സ്ത്രീകളും കൈയടിച്ചു പിൻതുണ നല്കും.

രണ്ടു സദസ്സിലും ലെഗ്ഗിൻസ് ധരിച്ചിരുന്ന് അങ്ങനെ ബലാത്സംഗത്തിന് അർഹതപ്പെട്ട് പീഡനം അസഹ്യമാണെന്നും പീഡകരെ ഉപേക്ഷിക്കണമെന്നും പ്രഖ്യാപിച്ച്, ആടു വളർത്തി അംബാനിയാവാൻ നോക്കാതെ ഒരു മണിക്കൂറോളം പ്രസംഗിച്ച ഞാൻ ആയിരുന്നു 'ദ കോമൺ ഫാക്ടർ..'

ഞാൻ അത്തരം കാര്യങ്ങൾക്കൊന്നും മറുപടി പറയരുതെന്ന് എന്നെ ക്ഷണിച്ചവർ ദൈന്യരാവും..

ഓരോരോ മാതൃകകൾ...