Tuesday, March 10, 2020

തൃക്കൂർ മഠത്തിൽ മാനസി മണികണ്ഠൻ

                                        

ഇന്നലെ കോയമ്പത്തൂർ അവിനാശി ബൈപ്പാസിൽ ഉണ്ടായ ബസ് അപകടം.. ഇവിടെ തിരുവനന്തപുരത്തിരിക്കുന്ന എന്നെ കരയിച്ചത് ഇങ്ങനേയും കൂടിയായിരുന്നു..

നന്നെ കുഞ്ഞായിരുന്നപ്പോഴേ ഞാൻ മാനസിയെ കണ്ടിട്ടുള്ളൂ. അവളുടെ വാൽസല്യനിധിയായ അച്ഛന്റെ കൈയിൽ.. എൻറൊപ്പം റാണിക്കൊപ്പം ഭാഗ്യക്കൊപ്പം കളിച്ചു വളർന്ന മണികണ്ഠൻ എന്ന മണിയുടെ കൈയിൽ..

എങ്ങനെയാണത് മറക്കുക?

പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദു:ഖം നമ്മൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ ഇല്ലാതാവുന്നത് കാണുകയാണത്രേ!!. മണി ഇപ്പോൾ ആ വേദന വിഴുങ്ങുകയാണ്. മാനസി അവൻറെ ഒരേയൊരു കുഞ്ഞാണ്. എം ബി എ ക്ക് അഡ്മിഷൻ കിട്ടിയ ആ കുഞ്ഞ് ആദ്യമായാണ് തനിച്ചൊരു യാത്ര ചെയ്യുന്നത്. അച്ഛനായ മണികണ്ഠനോ അമ്മയായ ബിജുവോ കൂടെയില്ലാതെ മാനസി എങ്ങും പോയിട്ടില്ല. പക്ഷേ, ഈ യാത്ര അവൾ ഒറ്റയ്ക്ക് തന്നെ നിർവഹിക്കണമായിരുന്നുവല്ലോ. അവൾക്ക് പോകേണ്ട സമയവും പോകേണ്ട രീതിയും ആ കുഞ്ഞിളം കൈകളിൽ നേരത്തേ കുറിക്കപ്പെട്ടിരുന്നുവല്ലോ.

ഏറെക്കാലം മണിയോടും പെങ്ങളുമാരായ ഉമയോടും ജ്യോതിയോടും ഒപ്പം കളിച്ചിട്ടുണ്ട്. മണിയുടെ അമ്മയാണ് എന്നേയും റാണിയേയും അഞ്ചു വർഷക്കാലം ശാസ്ത്രീയ സംഗീതം പഠിപ്പിച്ചത്. മണിയുടെ മൂത്ത പെങ്ങൾ രാജേശ്വരി യും ആങ്ങള മുരളിയും കുറച്ചുകൂടി മുതിർന്നവരായിരുന്നു. അതുകൊണ്ട് അവർക്കൊപ്പം അങ്ങനെ കളിച്ചിട്ടില്ല.

അമ്മയുടേയും അമ്മീമ്മയുടേയും ഒരു ബന്ധു അമ്മായിയുടെ മകനായിരുന്നു മണിയുടെ മുത്തച്ഛൻ. അമ്മീമ്മ അദ്ദേഹത്തെ കിട്ടച്ചാമി അത്താൻ എന്നു വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യയെ അത്താമന്നീ എന്നും.. അദ്ദേഹത്തിന്റെ മകൾ രാധ അമ്മയുടേയും അമ്മീമ്മയുടേയും മീനാപെരിയമ്മയുടേയും സുഹൃത്തായിരുന്നു. കിട്ടച്ചാമി അത്താനും അത്താമന്നിയും ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ ആ വീടുമായി വലിയ ബന്ധമൊന്നും പുലർത്തീരുന്നില്ല. അവർ കടന്നു പോയതിനു ശേഷമാണ്‌ അത്താൻറെ മകൻ വെങ്കിടാചലമെന്ന കോന്തമാമാവും അദ്ദേഹത്തിന്റെ മകൻ മണിയും ഒക്കെ ഞങ്ങളുടെ കൂടിയും ബന്ധുക്കളാകുന്നത്.

ആ വീട്ടിൽ ഞങ്ങൾ ഒരു വിവേചനവും ഒരുകാലത്തും സഹിക്കേണ്ടി വന്നിട്ടില്ല. കോന്തമാമ പങ്കെടുക്കുന്ന പൂണൂൽ കല്യാണങ്ങളിലും മറ്റു ആഘോഷങ്ങളിലുമെല്ലാം അദ്ദേഹം സ്വന്തം മക്കളായ ഉമക്കും മണിക്കും ജ്യോതിക്കുമൊപ്പം എന്നേയും റാണിയേയും കൊണ്ടു പോകുമായിരുന്നു. വേദങ്ങളിൽ പറഞ്ഞിട്ടുള്ളതെല്ലാമാണ് ശരിയെന്ന് വാദിച്ച് ഞങ്ങളുടെ എല്ലാവരുടേയും സയൻസ് പഠനത്തിലുള്ള അറിവിനെ കോന്തമാമാ എല്ലായ്പോഴും വെല്ലുവിളിക്കുമായിരുന്നു. അദ്ദേഹത്തോട് വാദിച്ച് ഞങ്ങളുടെ തൊണ്ട അടയും.. എന്നാലും വാദവും തർക്കവും ഉശിരോടെ തുടരും.

മണി ജോലിയുടെ തുടക്കക്കാലത്ത് ദില്ലിയിലെ രോഹിണിയിൽ പാർത്തിരുന്നു. ഞങ്ങളുടെ പാട്ടു ടീച്ചറായിരുന്ന മണിയുടെ അമ്മ അവിടെ താമസിച്ചിരുന്ന കാലത്ത് ഞാനും റാണിയും പോയി ടീച്ചറെ കണ്ടു വന്നിട്ടുണ്ട്. അന്നും ഒരു വിവേചനവും അവർ കാണിച്ചിട്ടില്ല. മണിയും ജാതി മാറി വിവാഹം കഴിച്ചിരുന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്.. ആദ്യം മുതലേ അവർ അങ്ങനെയായിരുന്നു.

ഇന്നലെ മാനസിയുടെ അത്തയായ(അമ്മായി) ജ്യോതിക്കും രാജേശ്വരിക്കും ഒപ്പം ഞാനും കരഞ്ഞു.. സങ്കടപ്പെട്ടു.... വേദനിച്ചു..

മാനസി അധികം വേദന അനുഭവിച്ചിട്ടുണ്ടാവില്ല എന്ന് വിചാരിക്കാൻ ശ്രമിക്കുകയാണ് ഞാൻ

ഇന്ന് ആ അരുമക്കുഞ്ഞിൻറെ ശരീരവും അപ്രത്യക്ഷമാകും...

മണിയും ഭാര്യ ബിജുവും എങ്ങനെയാണിത് സഹിക്കുക.. പ്രായം ചെന്ന പാട്ടിയായ ഞങ്ങളുടെ പാട്ടുടീച്ചർ എങ്ങനെ താങ്ങും ഈ വേദന..

മരണങ്ങൾ പലപ്പോഴും കൊടും ക്രൂരതകളുമാണ്..

No comments: