Saturday, December 19, 2009

തിരുപ്പിറവി

അഞ്ച് തിരുപ്പിറവികൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഞങ്ങളോ അഞ്ച് തിരുപ്പിറവികളിലും ഒന്നിച്ചതുമില്ല.

“ഹേരോദാ രാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബത് ലഹേമിൽ ഒരു പുൽക്കൂടിൽ ജനിച്ച ശേഷം, കിഴക്ക് നിന്ന് വിദ്വാന്മാർ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്ക്കരിക്കാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.”

രാവിലെ ഞാനവനായി ഒരുക്കിയ ഭക്ഷണത്തിനു ശേഷം അവൻ നഗരത്തിൽ പോയി പുൽക്കൂട്ടിൽ വെയ്ക്കുവാനുള്ള ഉണ്ണീശോയേയും മറിയമിനേയും യോസേഫിനേയും ആട്ടിടയന്മാരെയും  കൊണ്ടു വന്നു.

നക്ഷത്രമാകട്ടെ തീക്ഷ്ണ പ്രകാശത്തെ അകത്തു വഹിച്ച് വീട്ടിനു മുൻപിൽ വെട്ടിത്തിളങ്ങി.

ഞാൻ അയല്പക്കത്തു നിന്ന് വാങ്ങിയ വൈക്കോലും പറമ്പിൽ നിന്നു ശേഖരിച്ച ചുള്ളിക്കമ്പുകളും കൊണ്ട് പുൽക്കൂടുണ്ടാക്കി, ഞങ്ങളുടെ വീട്ടു വാതിൽക്കൽ ഒരു പീഠത്തിന്മേൽ  പ്രതിഷ്ഠിച്ചു.

എന്നാലോ ആ പുൽക്കൂടിന്റെ സൌകുമാര്യമില്ലായ്മ അവനെ വേദനിപ്പിക്കുകയും  ഒരു വ്രണത്തെപ്പോലെ അലട്ടുകയും ചെയ്തു.

അവന്റെ വായിൽ പരിഹാസം തുളുമ്പി. ജാതികളും മതങ്ങളും തമ്മിൽ കലഹിക്കുന്നത് ഞാൻ കണ്ടു. വംശങ്ങൾ വ്യർഥമായതു നിനയ്ക്കുന്നതും വഴികൾ തെറ്റുന്നതും അവൻ കാണിച്ചു തന്നു. അവന്റെ കോപം അഗ്നിയായി ആളിയപ്പോൾ ഞാൻ വെള്ളം പോലെ ആവിയായിപ്പോയി.

തിരുപ്പിറവിക്കു തലേന്നു പുലർച്ചെ അവൻ സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാർന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാൽ ഞാൻ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരുന്നു.

അക്കാലം അവന്റെ ബീജം എന്റെ ഉദരത്തിൽ തുടിച്ചു കൊണ്ടിരുന്നു.

പകലുകളിൽ പൂമുഖത്തും രാത്രികളിൽ കിടക്കയിലും ഞാൻ അവനെ കാത്തിരുന്നു. ഞങ്ങളുടെ ഭവനത്തിലെ വിളക്കുകളിൽ എണ്ണയൊഴിച്ച്, എന്റെ മനസ്സിലെ പ്രേമം അവനു പ്രസാദമായി കരുതി ഞാൻ കാത്തിരുന്നു.

പകലുകളുടെ ഓരോ ചലനത്തിലും ഞാൻ അവന്റെ പാദപതനങ്ങളിൽ പ്രത്യാശ വെച്ചു. അവനോ എന്നെ കാണാൻ വന്നില്ല. രാത്രികളിൽ ഞാൻ കണ്ണീരു കൊണ്ട് ഞങ്ങളുടെ ശയ്യയെ കഴുകി. അവനോ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടില്ല.

അവന്റെ മന്ദിരത്തിനു മുന്നിലെ പാതയോരത്ത് ഒരു ഭിക്ഷുണിയെപ്പോലെ ഞാൻ മറഞ്ഞു നിന്നു. വ്യസനം കൊണ്ട് എന്റെ കണ്ണും ഉദരവും പ്രാണനും ക്ഷയിച്ചപ്പോഴും എനിക്കവൻ പ്രത്യക്ഷപ്പെട്ടില്ല.

അവിടെ ഉത്സവമായിരുന്നു. വലിയ തീൻ മേശയിൽ വീഞ്ഞും അപ്പവും മത്സ്യങ്ങളും പക്ഷികളും ആടുകളും കാളകളും പന്നികളും നിരന്നു. ആർത്തിയോടെയും ആഹ്ലാദത്തോടെയും അവനും ബന്ധുക്കളും ഭക്ഷണം കഴിച്ചു. വീഞ്ഞു കുടിക്കുകയും ന് റുത്തം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും കിന്നരങ്ങൾ മീട്ടുകയും ചെയ്തു.

അവന്റെ അപ്പനമ്മമാരും ബന്ധുക്കളും അവനു മാപ്പു നൽകി വരവേറ്റപ്പോൾ അവൻ പഴയതു പോലെ ബന്ധുബലവും ധന സമ്പത്തുമുള്ളവനായിത്തീർന്നു. പുരോഹിതന്മാർ അവന്റെ തലയിൽ ജലം തളിക്കുകയും ദിവ്യമായ അപ്പം നൽകുകയും ചെയ്തു. അനന്തരം അവൻ കൈകൾ മേലോട്ടുയർത്തി ദൈവത്തെ സ്തുതിച്ചു.

ഇത് ഒന്നാം തിരുപ്പിറവി ദിനം.

രണ്ടാം തിരുപ്പിറവിയിലും എന്നെയും, എന്റെ ഉദരത്തിന്റെ ഫലവും എന്റെ മാംസത്തിന്റെ മാംസവും എന്റെ അസ്ഥിയുടെ അസ്ഥിയുമായ കുരുന്നു ജീവനെയും, അവന്റെ മന്ദിരം സ്വാഗതം ചെയ്തില്ല.

അക്കാലം എന്റെ വലം കൈ അവനു മേൽ  ഭാരമായിത്തീരുക നിമിത്തം  ഒരിരുമ്പു കോൽ കൊണ്ട് അവനാ ഭാരം തകർത്തു കളഞ്ഞു.  അവൻ എന്റെ പ്രാണന് അനാഥത്വം വരുത്തിയത്, എന്ത് എന്നു ഞാൻ അന്വേഷിച്ചു.

മൂന്നാം തിരുപ്പിറവിയിൽ എന്റെ ഇടം കൈ അവനു മേൽ  ഭാരമായിത്തീർന്നു. അതു കൊണ്ട് അവൻ എന്റെ നേരെ അസ്ത്രങ്ങൾ വർഷിച്ചു.

അപ്പോഴും മഹത്വമാർന്ന അവന്റെ മന്ദിരം എന്നെയും എന്റെ ഉദരത്തിന്റെ ഫലത്തേയും സ്വാഗതം ചെയ്തില്ല. അവന്റെ ദയ എന്റെ കണ്മുൻപിൽ പൊതിഞ്ഞു വയ്ക്കപ്പെട്ടിരുന്നു. അതിൽ നിന്നും പ്രകാശ വീചികൾ പരന്നില്ല.

ഞാനവന്റെ കൂട്ടുകാരിയെന്നും അവനെന്നിൽ പ്രീതനായിരിക്കുന്നുവെന്നും പറയാതെ അവൻ മൌനം പൂണ്ടിരുന്നു. ആ മൌനമാകട്ടെ എന്നെ കുശവന്റെ മൺപാത്രമാക്കി ഉടച്ചു കളഞ്ഞു.

നാലാം തിരുപ്പിറവിയിൽ അവന്റെ വായിൽ ശാപവും അതിക്രമവും നിറഞ്ഞു നിന്നു. എന്റെ സൌന്ദര്യമാകട്ടെ വേനലിലെ പുഴ പോലെ വറ്റിപ്പോയി.

അവൻ തന്റെ കുതികാൽ എന്റെ നേരേ ഉയർത്തി. അങ്ങനെ എന്റെ അരക്കെട്ടിൽ വരൾച്ച ബാധിച്ചു.
എന്റെ സ്നേഹം അവനു ഭാരമായതെങ്ങനെ എന്നു ഞാൻ ചോദിച്ചു.

എന്നാലോ അഞ്ചാം തിരുപ്പിറവിക്കു മുൻപ് അവന്റെ അമ്മയപ്പന്മാരുടെ മന്ദിരത്തിൽ നിന്ന് ദൂതൻ വരികയും എന്നെയും എന്റെ ഉദരഫലത്തേയും തിരുപ്പിറവി ദിനത്തിലെ വലിയ വിരുന്നിന് ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ ഉത്സവം ആഘോഷിക്കുന്ന അവന്റെ മന്ദിരത്തിലേക്ക് ഒരു ദേവാലയത്തിലേക്കെന്ന പോലെ ഞാൻ കടന്നു ചെന്നു. അവിടെ പട്ടു തിരശ്ശീലകൾ തൂക്കപ്പെട്ടിരുന്നു. സുഗന്ധ വാഹിയായ കാറ്റ് മന്ദിരമാകെ പരിമളം പരത്തിക്കൊണ്ടിരുന്നു. വിശിഷ്ട ഭോജ്യങ്ങളുടെ നറുമണം വായുവിൽ ഉയർന്നു. ദീപപ്രഭയിൽ കുളിച്ച് നിന്ന ആ മന്ദിരത്തിൽ പുത്ര സമ്പത്തും ധന സമ്പത്തും ആരേയും അസൂയപ്പെടുത്തുമാറ് വിളയാടിയിരുന്നു.

ആ മന്ദിരത്തിലുണ്ടായിരുന്നവർ എന്നെ ഉറ്റു നോക്കി.

ആ ദ്റുഷ്ടികളിൽ നില തെറ്റിക്കുന്ന അഗാധ പ്രവാഹങ്ങളും പാതാള പാശങ്ങളുമുണ്ടായിരുന്നു.

അവരുടെ പല്ലുകൾ കുന്തങ്ങളും നാവ് മൂർച്ചയുള്ള വാളുമായിരുന്നു.

നല്ലവളായ ഭാര്യയുടെ വില മുത്തുകളിലും ഏറും. സാമർഥ്യമുള്ള അവൾ ഭർത്താവിനു ഒരു കിരീടം. ബുദ്ധിയുള്ള അവൾ ദൈവത്തിന്റെ ദാനം. ജ്ഞാനമുള്ള അവൾ ഒരു കച്ചവടക്കപ്പൽ പോലെ.

എന്നാൽ നാണം കെട്ടവളേ, നീ ഇവന്റെ അസ്ഥികൾക്ക് ദ്രവത്വം വരുത്തുന്നവൾ. ഭോഷത്വമുള്ളവളേ, നീ ഇവന്റെ മന്ദിരം പൊളിച്ചു കളയുന്നവൾ. നീ ആഴമേറിയ കുഴിയും ഇടുക്കമുള്ള കിണറുമത്രെ. നിനക്കും ഇവനും തമ്മിലെന്ത്?

തീയും ഗന്ധകവും അവരെന്റെ പാനപാത്രത്തിൽ പകർന്നു.

ഉഷ്ണക്കാറ്റും പൊടിമണ്ണും അവരെന്റെ ഭോജനപാത്രത്തിൽ വിളമ്പി.

എന്റെ ദൈവമായ അവനോട് ഞാൻ നിലവിളിച്ചു.

എന്റെ അപേക്ഷ അവൻ കേട്ടില്ല.  ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തിയില്ല.

ഞാൻ എന്റെ കുഞ്ഞിനെ അന്വേഷിച്ചു, എന്നാൽ അവൻ എന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിക്കുകയും ആഴമേറിയ കിടങ്ങുകൾ തീർക്കുകയും ചെയ്തു.

അവന്റെ നാവ് വ്യാജം പറഞ്ഞു.

ഇത് അഞ്ചാം തിരുപ്പിറവി ദിനം.

അനന്തരം …….

Saturday, December 12, 2009

ന്തായാലും …..തന്ത്യല്ലേ………

മകന് അമേരിക്കയിൽ പോകണം.

ഒരുപാട് കാലത്തേക്കൊന്നുമല്ല, കുറച്ച് കാലത്തേക്ക്.

മകന്റെ യാത്രയ്ക്ക് മുൻപ് മുത്തശ്ശിയുടെ വീട്ടിൽ രണ്ട് ദിവസം താമസിച്ച്, അമ്പലത്തിൽ തൊഴുത് ചില വഴിപാടുകൾ കഴിക്കണമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ മകൻ എതിർത്തില്ല. തമാശ കലർന്ന  പുഞ്ചിരിയോടെ എന്നെ നോക്കുക മാത്രം ചെയ്തു.

അങ്ങനെയാണ് എന്റെ കുട്ടിക്കാലം ചെലവഴിച്ച ആ ഗ്രാമത്തിലേക്ക് ഞങ്ങൾ എത്തിയത്.

മുത്തശ്ശിയുടെ വീട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. ഞാനും മകനും വല്ലപ്പോഴും വരുമ്പോൾ മാത്രമാണ് അവിടെ ആളനക്കമുണ്ടാകുന്നത്.

രാവിലെ എണീക്കുവാൻ മടിയുള്ള കൂട്ടത്തിലാണ് മകൻ. എങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ എണീറ്റു വന്നു.
ഞങ്ങൾ സമയത്തിനു തന്നെ അമ്പലത്തിൽ തൊഴുത് വഴിപാടുകൾ കഴിപ്പിച്ചു.

രാവിലത്തെ ഇളം കാറ്റേറ്റ് ഗ്രാമത്തിലെ ഇടവഴിയിലൂടെ മകന്റെ കൂടെ നടക്കുമ്പോൾ കാരണമില്ലാത്ത  സമാധാനത്തിന്റെ ഒരു തഴുകൽ എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.

അപ്പോഴാണ് ‘മോളുക്കുട്ടി, എന്നെ മറന്നോ? എന്നെ ഓർമ്മേണ്ടോ‘ എന്ന്, ചിലമ്പിച്ച സ്വരത്തിൽ ആരോ എന്നെ ഭൂതകാലത്തിലേക്ക് പിടിച്ചു വലിച്ചത്.

അതു ലക്ഷ്മിയായിരുന്നു, മുൻ വരിയിലെ പല്ലുകളെല്ലാം നഷ്ടപ്പെട്ട് മത്തങ്ങാ മുറി പോലെ തോന്നുന്ന വായ മുഴുക്കെ തുറന്നു ചിരിച്ചു കൊണ്ട് ഒരു പടുകിഴവിയുടെ ശോഷിച്ച രൂപത്തിൽ ലക്ഷ്മി എന്റെ മുൻപിൽ വന്നു നിന്നു.

എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഞാൻ ലക്ഷ്മിയെ എത്രയോ പണ്ട്  മറന്നു കഴിഞ്ഞിരുന്നുവല്ലോ. എന്റെ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, മുത്തശ്ശിയുടെ വല്ലപ്പോഴും വരുന്ന കത്തുകളിലെ ഒന്നോ രണ്ടോ വരികൾ മാത്രമായിരുന്നു, ലക്ഷ്മി.

ഞാൻ യാതൊരു ആത്മവിശ്വാസവും തോന്നിപ്പിക്കാത്ത പുഞ്ചിരി എടുത്തണിഞ്ഞു.

‘മോളു മറന്നു ല്ലേ, സാരല്യാ, എങ്ങനെ ഓർക്കാനാ കുട്ടി, മുത്തശ്ശ്യേമ്മ പോയിട്ടന്നെ എത്ര കാലായീ. പിന്നെവിടുന്നാ കുട്ടിക്ക് ഓർമ്മേണ്ടാവണേ?‘

ലക്ഷ്മി ചിരിച്ചു.

ഞാൻ ആ കൈയിൽ പിടിച്ചു കൊണ്ട് അന്വേഷിച്ചു, ‘സുഖാണോ? എല്ലാർക്കും വിശേഷൊന്നൂല്യല്ലോ.’

‘എനിക്കെന്നാ സുഖക്കൊറവുണ്ടായേ എന്റെ മോളെ, എന്നും സുഖായിരിക്കാൻള്ള തലേലെഴുത്തായിട്ടല്ലേ ഞാൻ വന്നത്, അതു പോട്ടെ മോളുക്കുട്ടിയ്ക്ക് എന്താ വിശേഷം? ഇത് മോനാ ല്ലേ, ……

ഞാൻ ചുരുക്കിയാണു പറഞ്ഞത്, മകൻ യാത്ര പോവാൻ തുടങ്ങുന്ന കാര്യം, അവനു നല്ല ജോലിയാണ് എന്ന കാര്യം, അങ്ങനെ നല്ല കാര്യങ്ങൾ മാത്രമേ ഞാൻ വെളിപ്പെടുത്തിയുള്ളൂ.

‘അനീത്തിമാർക്കൊക്കെ സുഖല്ലേ‘ എന്ന് ഞാൻ ചോദിച്ചപ്പോൾ ലക്ഷ്മി ശൂന്യമായ നോട്ടത്തോടെ പുലമ്പി.

‘ഇപ്പോ, രണ്ടാളേ ഉള്ളൂ. ന്റെ മോളക്ക് തൊണ്ണൂറാം കൊര വന്നു, പണ്ടേയ്, ന്ന്ട്ടും അതു ചത്തില്ല, അതിനേം കൊണ്ട് ആസ്പത്രീല് നിക്ക്ണ്ടി വന്നു. അനീത്തിമാരെ നോക്കാനൊന്നും അപ്പോ പറ്റ്ണ്ടായിര്ന്നില്ല, വെട്ടോഴീല് കറന്റിന്റെ കമ്പി ആ സമേത്താ പൊട്ടിവീണ്, അതുമ്മേ തൊട്ടു, താഴെള്ള രണ്ടെണ്ണം, അങ്ങനെ അവറ്റ പോയി, പിന്നാലെ അമ്മേം അങ്ങട് പോയി. ഞാൻ പിന്നെം, കൊറെ വീടോളില് പണിതു, കല്ല് ചോക്കാൻ പോയി, മണ്ണ് പണിക്ക് പോയി, താഴേള്ളത്ങ്ങളേം ഞാൻ പെറ്റ്ട്ടത് നേം ഞെക്കി കൊല്ലാൻ പറ്റോ? വല്ലതും അണ്ണാക്കിൽക്ക് വെക്കാൻ കൊട്ക്കണ്ടേ?

മൂത്തോള് ഇപ്പൊ വോമ്പേലാ, മ്മ്ടെ നാരാണൻ നായരെടെ മോളില്ലേ പട്ടാളക്കാരത്തി നേയ്സ്, അവരടൊപ്പം പണ്ട് പോയീതാ, അടിച്ചെളിക്കാൻ,  പിന്നെ ഈ നാട്ട്ല് വന്ന് ല്ല്യ.

‘അത് നും താഴേള്ളോള് മ്മ്ടെ മീൻ കാരൻ അയിദ്രോസിന്റെ കൂടെയങ്ങ്ട് പോയി ഒരൂസം.  പിന്നെ ഈ വഴിക്ക് കടന്നില്ല്യ. 

ലക്ഷ്മി കിതപ്പോടെ നിറുത്തി, ആഞ്ഞു ചുമച്ചു. പരിസരം മറന്ന് കാർക്കിച്ച് തുപ്പി. ഞാൻ മകനെ ശ്രദ്ധിക്കുകയായിരുന്നു, അവന് ബോറടിക്കുന്നുണ്ടാവുമോ ആവോ?

ഭാഗ്യം, അവൻ കുറച്ച് ദൂരെ മാറി നിൽക്കുകയാണ്. എന്റെ അടുത്ത് നിന്നിരുന്നുവെങ്കിൽ ലക്ഷ്മി ഇങ്ങനെയൊന്നും പറയുകയില്ലായിരുന്നു.

‘ലക്ഷ്മിക്ക് സുഖല്ല്യേ, ന്താ ങ്ങനെ ചൊമക്കണത്?‘ നിറുത്താതെയുള്ള ആ ചുമ എന്നെ പരിഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. 

കാർക്കിച്ച് തുപ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു  ‘എന്താവോ ഇങ്ങനെയാ ഇപ്പോ, വൈയ്ന്നേരായാ കുളിരും പനീം വരും. പകലൊക്കെ ചൊമയ്ക്ക്ന്നേ. ന്തായാന്താ ചാവട്ടെന്ന് ച്ചാലും അത്ണ്ടാവ്ണില്ല ന്റെ മോളെ.’

‘ലക്ഷ്മീടെ മോളെവിടെയാ?‘ സങ്കോചത്തോടെ മാത്രമേ എനിക്ക് ആ ചോദ്യം ചോദിയ്ക്കാൻ കഴിഞ്ഞുള്ളൂ. ഞാനിന്ന് മുതിർന്ന മകന്റെ അമ്മയാണ്. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയവളാണ്. എന്നിട്ടും ആ ചോദ്യം ചോദിക്കുമ്പോൾ എനിക്ക് തളർച്ചയോളമെത്തുന്ന വല്ലായ്മ തോന്നുന്നുണ്ടായിരുന്നു.

‘അവളിപ്പോ പാൽ സൊസൈറ്റീല് പാത്രം കഴ്കാൻ പോണ്ട്.  ഒന്ന് രണ്ട് വീടോളില് അടിച്ച് തെളിക്ക്ണ്ട്.  പിന്നെ മ്മ്ടെ മുരളീല്ല്യേ, ആ കുന്നത്തെ പാറോമ്മടെ മോൻ, അവൻ ഇത്തിരീശ്ശേ വല്ലതും ഒക്കെ കൊടുക്കും. അവന് ഭാര്യേം മക്കളും ഒക്കെണ്ട്.  അവൻ  അവളെ വെച്ചോണ്ടിരിക്ക്ണൂന്ന് നാട്ടാരു പറേം. അതോണ്ട് വേറെ ആരും വന്ന് തൊയിരം കെട്ത്ത്ണില്ല.  ആണൊരുത്തൻ മാനം മര്യാദയ്ക്ക് അവളെ കൊണ്ടോണംന്ന് ഇനിക്ക്ണ്ടേര്ന്ന്. കാശ് ഇല്യാ, തന്ത്യാരാന്ന് ചോയിച്ചാ മിണ്ടാൻ നിമർത്തില്ല്യാ. അതോണ്ട് ഇനിക്ക് ഒന്നും പറയാൻല്യാണ്ടായി.

ഇപ്പോൾ ലക്ഷ്മിയുടെ തൊണ്ട ഇടറി.

മുത്തശ്ശിയുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ലക്ഷ്മിയുടെ പൊട്ടിച്ചിരിയ്ക്കുന്ന  ആ രൂപം എന്റെ മനസ്സിൽ എവിടെയോ ഒരു നിഴലായി തെളിഞ്ഞു.

‘ലക്ഷ്മി ഇപ്പോ എവിട്യാ താമസിക്കണേ?‘ എന്റെ വിഡ്ഡിച്ചോദ്യത്തിനു ഉത്തരമായി ലക്ഷ്മി കണ്ണുകൾ തുടച്ച് ശക്തിയായി ചുമച്ചു. ചുമ നിന്നപ്പോൾ  കുണ്ടിലാണ്ട കണ്ണുകളിൽ നിന്ന് രക്തത്തുള്ളികളെ പോലെ കണ്ണീർ തെറിച്ചു.

‘ആ നശിച്ച വീട്ട്ല് തന്ന്യാ മോളുക്കുട്ടി. ഇനിക്ക് പൂവാൻ എവിടെയാ സ്തലം? ഒക്കേം കഴിഞ്ഞ് മിണ്ടാട്ടോം മുട്ടി തളർന്ന് വീണ്ല്ല്യേ, എന്ത് ഉശിരുണ്ടായാലും തളർന്നാ ആരാപ്പോ താങ്ങാൻ? എട്ട് കൊല്ലാ കെടന്നേ ന്റെ മോളെ, നമ്മ്ടെ നമ്പീശന്റെ സികിത്സ്യാർന്നു. ഒക്കെ കെടന്നോട്ത്തന്നെ, കഞ്ഞീം കഷായോം കോരിക്കൊടുക്കും, തീട്ടോം മൂത്രോം കോരിക്കളയും. അതാർന്നു അപ്പളൊക്കെ ഇന്റെ പണി.  ഇടിഞ്ഞൊളിഞ്ഞ് വീഴണ വരെ എല്ലാ ദൂസോം കൊല്ലണം കൊല്ലണംന്ന് കര്തീരുന്നതും  ഈ ഞാൻ തന്ന്യാ, ന്ന്ട്ടും ഞാനും മോളും നോക്കന്നേയിരുന്നു, ഇടുത്ത് വെട്ടോഴീൽക്ക് ഇടാൻ പറ്റോ? ന്തായാലും തന്ത്യല്ലേ ങ്ങടെ?‘

ലക്ഷ്മിയുടെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് വീണ്ടും ചുമ വന്നു.

Tuesday, November 3, 2009

ഘനമുള്ള പുസ്തകം


ഏഴു വയസ്സുള്ളപ്പോഴാണ് ഞാൻ ഗ്രാമീണ വായനശാലയിൽ പോയിത്തുടങ്ങിയത്.

അമ്മീമ്മയുടെ സഹപ്രവർത്തകനായ അധ്യാപകനായിരുന്നു വായനശാലയുടെ നടത്തിപ്പിൽ പ്രധാനി. രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപും വൈകുന്നേരം സ്കൂൾ കഴിഞ്ഞതിനു ശേഷവും, അദ്ദേഹം വായനശാലയ്ക്ക് വേണ്ടി പ്രയത്നിച്ചുപോന്നു.

പുസ്തകങ്ങൾ ഗ്രാമീണ വായനക്കാർക്ക് തെരഞ്ഞെടുത്ത് കൊടുക്കുന്നതിലും അവയെ ക്റുത്യമായി രജിസ്റ്ററിലും വായനക്കാരുടെ പക്കലുണ്ടാകാറുള്ള  പച്ച നിറമുള്ള കാർഡിലും ശുഷ്ക്കാന്തിയോടെ രേഖപ്പെടുത്തുന്നതിലും മാഷ് തല്പരനായിരുന്നു. പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിലും വായനശാലയ്ക്കായി സംഭാവന പിരിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വിദൂരമായ പട്ടണങ്ങളിലും ഗൾഫിലും മറ്റും ജോലി ചെയ്തിരുന്നവരും മാഷ്ക്ക് പരിചയമുള്ളവരുമായ എല്ലാവരോടും  വായനശാലയുടെ പുരോഗതിയ്ക്ക് വേണ്ടി ഒരു മടിയും കൂടാതെ അദ്ദേഹം സഹായമഭ്യർഥിച്ചു. അതിനായി എല്ലാവർക്കും നിരന്തരം കത്തുകളെഴുതുന്നതിലും മാഷ് സാമർഥ്യം കാണിച്ചിരുന്നു.

ആ ഗ്രാമീണ വായനശാല അദ്ദേഹത്തിന്റെ മാനസ പുത്രനായിരുന്നു. ഗംഭീരമായൊരു സ്ഥാപനമായി അതിനെ വളർത്തിയെടുക്കുക എന്നതായിരുന്നു മാഷ്ടെ സ്വപ്നം.

എല്ലായിടത്തും കാണുമല്ലോ ചില അസൂയക്കാർ, അവരിവിടെയും ഉണ്ടായിരുന്നു. മാഷ്ക്ക് വായനശാലയിൽ നിന്ന് ധാരാളം ധനം ലഭ്യമാകുന്നുണ്ടെന്ന് അവർ ഒളിഞ്ഞും തെളിഞ്ഞും പറയാതിരുന്നില്ല. പക്ഷെ, ഇൻഡ്യാ മഹാരാജ്യത്തെ ഏറ്റവും വലിയ വായനശാലയായി ആ സ്ഥാപനത്തെ വളർത്തിയെടുക്കാൻ മോഹിച്ച മാഷ് ഒരു ആരോപണവും കേട്ടതായിപ്പോലും നടിച്ചില്ല.

അമ്മീമ്മ വായനശാലയുടെ ലൈഫ് മെംബറായിരുന്നു. എപ്പോൾ വേണമെങ്കിലും പുസ്തകങ്ങൾ എടുക്കുവാൻ ഒരു ലൈഫ് മെംബർക്ക് അവകാശമുണ്ടായിരുന്നു. പുസ്തകം വായിക്കുവാൻ ഞാൻ ശാഠ്യം പിടിച്ചപ്പോൾ എന്നെയും കൂട്ടി അവർ   ഒരു ദിവസം വായനശാലയിലെത്തിച്ചേർന്നു.

നാലു വയസ്സുള്ളപ്പോൾ തന്നെ മലയാളം, ഇംഗ്ലീഷ് അക്ഷരമാലകൾ തെറ്റു കൂടാതെ എഴുതുവാൻ ഞാൻ പഠിച്ച് കഴിഞ്ഞിരുന്നു. ഒന്നാം ക്ലാസ്സിലെത്തിയ എനിക്ക് രണ്ടാം ക്ലാസ്സിലെ പുസ്തകങ്ങൾ  കൂടി വായിക്കാനും നൂറ് വരെ എണ്ണാനും എഴുതാനുമൊന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മലയാളത്തിലെപ്പോലെ ഇംഗ്ലീഷിലെയും തമിഴിലേയും ഒട്ടനവധി കുട്ടിക്കവിതകളും ഞാൻ മന:പാഠമാക്കിയിരുന്നു.

മാത്റുഭൂമി പത്രത്തിൽ വലിയ അക്ഷരങ്ങളിൽ കാണുന്ന വാർത്തകൾ ഞാൻ അഞ്ചു വയസ്സുള്ളപ്പോൾ തന്നെ വായിക്കുവാൻ തുടങ്ങി. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മൌനവായനയും എന്നെ ആഹ്ലാദിപ്പിച്ചിരുന്നു.

അമ്മീമ്മ വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്ന പഴകി മഞ്ഞച്ച ആനുകാലികങ്ങൾ  പോലും ഞാൻ തപ്പിയെടുത്ത് വായിക്കാൻ ശ്രമിച്ചതോടെ എന്നെ ഒരു വായനശാലയുമായി പരിചയപ്പെടുത്തുവാൻ കാലമായെന്ന് അമ്മീമ്മയ്ക്ക് മനസ്സിലായി. സാധാരണ കുട്ടികളെപ്പോലെ അയല്പക്കങ്ങളിൽ പോയി മതി വരുവോളം കളിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കില്ലായിരുന്നു.  അച്ഛന്റെ കുറഞ്ഞ ജാതി നിമിത്തം ഭ്രഷ്ടരായി കല്പിക്കപ്പെട്ട  ഞങ്ങൾക്ക്  ഏറെക്കുറെ ഏകാന്തമായ ബാല്യമാണുണ്ടായിരുന്നത്.

വായനയിലേക്ക് എന്നെ അടുപ്പിച്ചത് അറുത്തെടുക്കാവുന്ന ഈ ഏകാന്തതയാണ്. മറ്റ് യാതൊരു അസാധാരണത്വവും എനിക്കില്ലായിരുന്നു.  പുസ്തകങ്ങൾ എന്നെ ആകർഷിച്ചു.  എഴുതാൻ കഴിയുന്നവർക്ക് ശ്രീക്റുഷ്ണന്റേയും ശിവന്റേയും ദേവിയുടെയും ഒക്കെ മുഖച്ഛായയുണ്ടാകുമെന്ന് ഞാൻ കുട്ടിക്കാലത്ത് സങ്കല്പിച്ചുപോന്നു. പാഠപുസ്തകങ്ങളും മറ്റ് ഗ്രന്ഥങ്ങളും രചിക്കുന്നവർ നമ്മെ പോലെ  വെറും സാധാരണ മനുഷ്യരായിരിക്കുമെന്ന് കരുതാൻ എന്റെ കുഞ്ഞു മനസ്സിനു കഴിഞ്ഞില്ല. പിന്നീട്  വർഷങ്ങൾക്കു ശേഷം മദ്യപാനികളും അൽപ്പം പോലും  മര്യാദയില്ലാത്തവരുമായ എഴുത്തുകാരെ പരിചയപ്പെടേണ്ടി വന്നപ്പോഴാകട്ടെ എന്റെ ഹ്റുദയം ആയിരം നുറുങ്ങുകളായി ചിതറിത്തെറിച്ചു.

വായനശാലയിൽ മാഷ് വളരെ ഹ്റുദ്യമായ സ്വീകരണമാണു തന്നത്.

ധാരാളം പുസ്തകങ്ങൾ വായിക്കണമെന്നും അവയിൽ നിന്ന് ലഭിക്കുന്ന അറിവാണ് എന്നേക്കും നിലനിൽക്കുന്ന സമ്പത്തെന്നും മറ്റും അദ്ദേഹം പറഞ്ഞു. അമ്മീമ്മയും അദ്ദേഹവും സംസാരിച്ചതു മുഴുവൻ കേട്ടുവെങ്കിലും എല്ലാമൊന്നും എനിക്ക് മനസ്സിലായില്ല. എനിക്ക് നല്ല പുസ്തകങ്ങൾ മാഷ് എടുത്ത് തരുമെന്ന് അമ്മീമ്മ അറിയിച്ചു.

ഞാൻ വായനശാലയെ കൌതുകത്തോടെ കണ്ടു രസിക്കുകയായിരുന്നു. പുസ്തകങ്ങൾ അടുക്കിവെച്ച വലിയ അലമാരികൾ ആ മുറിയിൽ നിരന്നിരുന്നു, സാധാരണയിലധികം നീളവും വീതിയുമുള്ള മേശപ്പുറങ്ങളിലും ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഒരു വശത്തായി വർത്തമാനക്കടലാസ്സുകളും  മാസികകളുമുണ്ടായിരുന്നു. പരിചയം തോന്നിപ്പിക്കുന്ന വശ്യ സുഗന്ധം ആ മുറിയിലാകെ വ്യാപിച്ചിരുന്നു. പിന്നീട് എനിക്കേറ്റവും പ്രിയപ്പെട്ട ഗന്ധങ്ങളിൽ ഒന്നായി അതു മാറി. പഴയതും പുതിയതുമായ പുസ്തകങ്ങളുടെ മണമായിരുന്നു അത്. ഏതു പുസ്തകം കൈയിലെടുത്താലും പേജുകൾക്കുള്ളിൽ മുഖം പൂഴ്ത്തി ഈ മണമനുഭവിക്കാൻ  ഞാൻ ഇപ്പോഴും കൊതിക്കുന്നു. 

പിറ്റേന്ന് വൈകുന്നേരം വായനശാലയിൽ ചെന്ന എനിക്കും ഒരു പച്ച കാർഡും രണ്ട് പുസ്തകങ്ങളും കിട്ടി. മാഷ് നേരിട്ട് എടുത്ത് തന്ന പുസ്തകങ്ങളും പിടിച്ച് വലിയ ഗമയിൽ വീട്ടിലെത്തിയ എനിക്ക് അഞ്ചു വയസ്സുള്ള അനിയത്തിയിൽ നിന്ന് പ്രതീക്ഷിച്ചത്ര ബഹുമാനമൊന്നും കിട്ടിയില്ല. തന്നെയുമല്ല ആ പുസ്തകങ്ങൾ കൈയിലെടുത്ത് അവയുടെ പേജു നമ്പറുകൾ നോക്കിക്കൊണ്ട്, അവൾ പരമപുച്ഛത്തോടെ പറഞ്ഞു.

‘അയ്യേ, ആകെ പത്ത് പേജേ ഉള്ളൂ ഇതില്, ഇത് ഇപ്പൊ വായിച്ച് തീരും. പിന്നെ നീ എന്താ ചെയ്യാ? ഇത്ര കുഞ്ഞിപ്പുസ്തകം വേണ്ടാന്ന് പറയായിര്ന്ന്ല്ലേ മാഷോട്? ഇത് എനിക്കും കൂടി വായിക്കാൻ തെകയില്ല, പിന്നെന്താ കാര്യം? ചോറ് വെക്കണ പാത്രം പോലെ നല്ല കനള്ള ഒരു പുസ്തകം വേണ്ടേ കൊണ്ടരാൻ?

അവളുടെ കണക്ക് അങ്ങനെയാണ്, പാല് വലിയ ഗ്ലാസിലെടുക്കുമ്പോൾ അവൾക്കും കൂടി കുടിക്കാൻ തികയുമല്ലോ. അങ്ങനെ കൂടുതൽ പേജുള്ള പുസ്തകം എടുത്താലല്ലേ അവൾക്കും കൂടി വായിക്കാൻ തികയൂ. പാലും ആഹാരവും പോലെയല്ല പുസ്തകമെന്ന്  അവളെ ബോധ്യപ്പെടുത്താനുള്ള കഴിവൊന്നും എനിക്കുണ്ടായിരുന്നുമില്ല. അതു കൊണ്ട് ഞാൻ വിഷണ്ണയായി നിന്നു.

തവള രാജകുമാരി, നമ്മുടെ  ഹ്റുദയം എന്നീ രണ്ടു പുസ്തകങ്ങളും ഞാൻ  അതിവേഗം വായിച്ചു തീർത്തു. പിറ്റേന്ന് വൈകുന്നേരം സ്ക്കൂൾ വിട്ട് വന്നതിനു ശേഷം ഞാൻ വായനശാലയിൽ പോയി ഈ പുസ്തകങ്ങൾ മാഷെ ഏല്പിച്ചപ്പോൾ സിൻഡർല, ഭീമനും ബകനും എന്നീ രണ്ട് ചെറിയ പുസ്തകങ്ങൾ മാഷ് എനിക്കായി തെരഞ്ഞെടുത്ത് തരികയുണ്ടായി.

ഇത് ഒരു നിത്യപ്പതിവായി മാറുകയായിരുന്നു. മാഷ് പേജുകൾ കുറഞ്ഞ ബാല സാഹിത്യ പുസ്തകങ്ങളാണ് എനിക്ക് തന്നിരുന്നത്. എനിക്ക് കൂടുതൽ പേജുകളുള്ള ഘനം കൂടിയ പുസ്തകങ്ങൾ വായിക്കുവാൻ കലശലായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് മാഷോട് തുറന്നു പറയുവാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അയല്പക്കങ്ങളിലെ മുതിർന്ന ചേട്ടന്മാരും പത്താം ക്ലാസ്സിൽ പഠിക്കുന്നവരുമായ  മുരളിയും രമേശനുമൊക്കെ അലമാര തുറന്ന് ഘനമുള്ള പുസ്തകം എടുക്കുന്ന മാതിരി എനിക്ക് എടുക്കുവാനും സാധിക്കുന്നുണ്ടായിരുന്നില്ല. എന്നെ കാണുമ്പോഴേക്കും മാഷ് ഏതെങ്കിലും പേജു കുറഞ്ഞ പുസ്തകങ്ങൾ തരും. പിന്നെങ്ങനെയാണ് എന്റെ ആഗ്രഹം നിറവേറുക?

ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഇന്ന് ഘനമുള്ള ഒരു പുസ്തകം വേണമെന്ന് വായ തുറന്ന് പറയണമെന്ന് തീരുമാനിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുകയെങ്കിലും മാഷെ കാണുമ്പോൾ എന്റെ നാവ് പശ വെച്ചതു പോലെ അനങ്ങാതിരിക്കുകയേയുള്ളൂ.

അങ്ങനെ ഒരു ദിവസമാണ് ആ അൽഭുതം സംഭവിച്ചത്. അന്നും ഞാൻ വൈകീട്ട് ഒരു അഞ്ചുമണിയോടെ വായനശാലയിലെത്തി. പുസ്തകം മാഷ്ടെ മുമ്പിൽ മേശപ്പുറത്ത് വെച്ചപ്പോൾ, എന്തോ തിരക്കായി എഴുതുകയായിരുന്ന അദ്ദേഹം  പുസ്തകം  സ്വയം തെരഞ്ഞെടുത്തോളാൻ  എന്നോട് പറഞ്ഞു. എനിക്ക് അതിശയം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മാഷ് വലതു വശത്തെ അലമാരിയുടെ നേരെ കൈ വീശിക്കാണിക്കുക കൂടി ചെയ്തപ്പോൾ ഞാൻ സ്വയം മറന്നു പോയി. ഒറ്റ ഓട്ടത്തിനു  അലമാരിയുടെ മുമ്പിൽ ചെന്നു നിന്നു ഞാൻ പുസ്തകങ്ങൾ തെരഞ്ഞു. മാഷ് ‘പതുക്കെ പതുക്കെ‘ എന്നു പറഞ്ഞുവെങ്കിലും അതൊന്നും എന്റെ ശ്രദ്ധയിൽ പതിഞ്ഞതേയില്ല.

ഏറ്റവും ഘനമുള്ള  പുസ്തകം എടുക്കാനായിരുന്നു എന്റെ തീരുമാനം. എന്നാൽ ആ പുസ്തകം ഒന്നനക്കി നോക്കാൻ പോലും എനിക്ക് സാധിച്ചില്ല. കുറച്ച് നേരം പണിപ്പെട്ടപ്പോൾ എനിക്ക് പൊക്കിയെടുക്കാൻ പറ്റുന്ന ഒരു പുസ്തകം എന്റെ കൈയിൽ കിട്ടി. അതും പിടിച്ച്  ഭൂലോകം കീഴടക്കിയ ഗമയിൽ ഞാൻ മാഷ്ടെ സമീപം ചെന്നു. മാഷ് പുസ്തകം വാങ്ങി ഒന്നും പറയാതെ കാർഡിൽ രേഖപ്പെടുത്തി തന്നപ്പോൾ എനിക്കുണ്ടായ ആഹ്ലാദത്തിനതിരുകളില്ലായിരുന്നു.

ഞാൻ വീട്ടിലേക്ക് ഓടി, ആ വലിയ പുസ്തകം കാണിച്ച് അനിയത്തിയുടെ മുമ്പിൽ ഒരു ആളാകണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ  എന്റെ കഷ്ടകാലത്തിന് അവൾക്കപ്പോൾ ഇലക്ട്രീഷ്യൻ ട്യൂബ് ലൈറ്റ് ഘടിപ്പിക്കുന്നതും നോക്കി നിൽക്കാനായിരുന്നു താല്പര്യം. പോരാത്തതിന് അയാളുടെ ടൂൾ ബോക്സും അവളുടെ കൈയെത്തുന്ന അകലത്തിലുണ്ടായിരുന്നു. ഞാൻ പുസ്തകം കാണിച്ച് വിളിച്ചിട്ടും അവൾ വന്നില്ല. എന്തായാലും കഥയെന്താണെന്നറിയാൻ വരുമല്ലോ കുറച്ച് കഴിഞ്ഞാൽ, അപ്പോൾ ഘനമുള്ള പുസ്തകവും വായിച്ചുകൊണ്ട് കുറച്ച് നേരമെങ്കിലും അവളെ ശ്രദ്ധിക്കാത്ത മട്ടിലിരിക്കണമെന്നു ഞാൻ തീരുമാനിച്ചു.

ഞാൻ പുസ്തകം ബാലൻസു ചെയ്ത് പിടിച്ചു കൊണ്ട് വായിക്കാനാരംഭിച്ചു.

എനിക്ക് യാതൊന്നും മനസ്സിലായില്ല.

അതിൽ ഞാനുദ്ദേശിച്ചതു പോലെ ഒരു കഥയുണ്ടായിരുന്നില്ല. കുട്ടിക്കവിതകളോ പാട്ടുകളോ ഉണ്ടായിരുന്നില്ല. അതിന് ഒരു ക്രമമോ തുടർച്ചയോ ഇല്ലായിരുന്നു. ചെറിയ അക്ഷരങ്ങളിൽ എന്താണ് ഇത്രയധികം എഴുതി വെച്ചിരിക്കുന്നതെന്ന് എനിക്ക് തീരെ മനസ്സിലായില്ല. പുസ്തകം മലയാള അക്ഷരങ്ങളിലാണ് എഴുതപ്പെട്ടിരുന്നത്. അതീവ ശ്രദ്ധയോടെ ഓരോ അക്ഷരമായി വായിച്ച് നോക്കിയിട്ടും ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല.

എന്തിനാണ് ഘനമുള്ള പുസ്തകം ആളുകൾ വായിക്കുന്നത്? 

ഞാൻ തളർന്നു, എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഘനമുള്ള പുസ്തകം ഇത്രയധികം ദ്രോഹിക്കുമെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഞാനീ ഏർപ്പാടിനു പോവില്ലായിരുന്നു.

എനിക്ക് മാഷോടും പിണക്കമുണ്ടായി. മാഷ്ക്ക് എന്നോട് പറയാമായിരുന്നില്ലേ ഈ പുസ്തകം കൊണ്ടുപോകേണ്ടെന്ന്, വായിച്ചാലൊന്നും മനസ്സിലാകുകയില്ലെന്ന്………

പുസ്തകത്തെപ്പോലെ മാഷും എന്നെ പറ്റിച്ചു.

ഞാൻ അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അച്ഛനും അമ്മയും വന്നത്. എന്റെ കൈയിലിരുന്ന പുസ്തകമെന്താണെന്ന് അച്ഛൻ അന്വേഷിച്ചു,

‘ഒന്നും മനസ്സിലാവാത്തൊരു പുസ്തകാ ഇന്നു വായനശാലേന്ന് ഞാനെടുത്തത്‘   നിറഞ്ഞ കണ്ണുകളോടെയുള്ള എന്റെ ഉത്തരം കേട്ടപ്പോൾ അച്ഛൻ ആ തടിയൻ പുസ്തകം വാങ്ങി പേജുകൾ മറിച്ചു.

പിന്നെ കേട്ടത് വീടാകെ കുലുങ്ങുന്ന മാതിരി ഒരു പൊട്ടിച്ചിരിയാണ്.

ആ പുസ്തകം ഒരു നിഘണ്ടുവായിരുന്നു.

Wednesday, October 21, 2009

മൂന്നു സ്ത്രീകൾ

പ്രായം ചെന്ന മൂന്നു സ്ത്രീകൾ കിടക്കുന്ന ഈ മുറിക്കു മുൻപിൽ കുറെ നേരമായി  കാത്തിരിക്കുന്നു.

നാശം, വല്ലാത്ത തിരക്കാണുള്ളിൽ.

ഒന്ന് കയറി നോക്കാൻ പോലും സാധിക്കുന്നില്ല.

തിക്കും തിരക്കുമായി ആരേയും കാണുവാൻ ഒരു താല്പര്യവുമില്ല. ഒരൽപ്പം സാവകാശത്തോടെ കാണുന്നതാണ് നല്ലതെന്ന് കരുതി വാതിലിനടുത്തിട്ടിരിക്കുന്ന വെളുത്ത ബെഞ്ചിൽ അയാൾ താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു.

മൂന്നു പേരെയും പരിശോധിക്കാൻ ഡോക്ടർമാരും നേഴ്സുമാരും വളരെ ധിറുതിയിൽ മുറിയിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ആരും അയാളുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല. ഇത്തിരി മുൻപ് വന്ന പ്രധാന ഡോക്ടർ മാത്രം വാതിലിനരികിൽ നിന്ന് ആരേയൊ തിരയുന്ന മാതിരി ചുറ്റും നോക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളെ കണ്ണിൽ പെട്ടതായി അദ്ദേഹവും ഭാവിച്ചില്ല.

ക്ഷമയോടെ അയാൾ കാത്തിരുന്നു.

അല്ലെങ്കിലും ധിറുതിയൊന്നും  ഒരിക്കലും കാണിക്കാറില്ല. പിന്നെ  ചിലരെയൊക്കെ ഓർക്കാപ്പുറത്ത് ചെന്നു കാണേണ്ടി വരാറുണ്ട്. അതത്ര ഇഷ്ടമായിട്ടല്ല. എങ്കിലും അത്തരം ബുദ്ധിമുട്ടുകൾ സാധാരണയായി സഹിക്കുകയാണ് പതിവ്.

ആദ്യത്തെ സ്ത്രീ ഒരു സന്യാസിനിയായിരുന്നു. അവരെ അയാൾക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. ആ സ്ത്രീ പാർത്തിരുന്ന ആശ്രമത്തിൽ പലരെയും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇവരെ ഒരിക്കലും കാണുകയുണ്ടായിട്ടില്ല. സാധാരണയായി ആരുമായും ബന്ധം പുലർത്താത്ത  വിചിത്രമായ ചില ആചാര രീതികളാണ് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാവാം ജനലിനപ്പുറത്തു നിൽക്കുമ്പോഴോ വാതിൽ കടന്നു പോകുമ്പോഴോ ഇതു പോലെ വരാന്തയിൽ കാത്തിരിക്കുമ്പോഴോ ഒന്നും ഒരിക്കലും കാണുവാൻ ഇടവന്നിട്ടില്ല. പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ സ്വയം പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘

പെട്ടെന്നാണ് അരികിലിരുന്ന വയസ്സൻ ചോദിച്ചത്, ‘എന്താ, എന്തെങ്കിലും പറഞ്ഞോ‘? അയാൾ ‘ഇല്ല‘എന്ന അർഥത്തിൽ തല കുലുക്കി.

വയസ്സൻ പറഞ്ഞു, ‘നടുവിലെ ബെഡ്ഡിൽ കിടക്കുന്നത് എന്റെ ഭാര്യയാണ്. ഒരു രക്ഷയുമില്ല എന്നാണ് ഡോക്ടർ പറയുന്നത്‘.

അയാൾ മൌനം പാലിച്ചതേയുള്ളൂ.

വരാന്തയുടെ അരികെയുള്ള ചവിട്ട് പടികളിൽ  ഒരു കാലിറക്കി വെച്ച് നിന്നിരുന്ന ചെറുപ്പക്കാരൻ വയസ്സന്റെ അടുത്തേക്ക് വന്ന്, ബെഞ്ചിൽ ഇരുന്നു.

ആ മുഖത്ത് പ്രകടമായ ക്ഷീണമുണ്ടായിരുന്നു. ഉറക്കം തളം കെട്ടിയ കണ്ണുകളും ഷേവു ചെയ്യാത്ത മുഖവും  പ്രായക്കൂടുതൽ തോന്നിപ്പിച്ചു.

വയസ്സൻ  പിറുപിറുത്തു, ‘എത്ര നാളായി ഇങ്ങനെ കിടക്കുന്നു, ഇതൊന്നവസാനിക്കുന്നതാണ് എല്ലാവർക്കും നല്ലത്. നിനക്കും ലീവ് കിട്ടുവാൻ വിഷമമുള്ളപ്പോൾ…..‘

‘അച്ഛൻ ഒന്നു മിണ്ടാതിരിക്കു, ഓഫീസിനെ പറ്റി ഓർമ്മിക്കുമ്പോൾ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നുന്നു. അമ്മ രണ്ട് മാസം കഴിഞ്ഞ് കിടപ്പിലായിരുന്നെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കുമായിരുന്നു.‘

ചെറുപ്പക്കാരൻ മടുപ്പോടെ കൈകൾ കൂട്ടിത്തിരുമ്മി, പിന്നെ കോട്ടുവായിട്ടു.

‘ഇവിടെ നിന്ന് എന്തു ചെയ്യാനാണ്? നിന്റെ അമ്മ എന്നും ഇങ്ങനെയായിരുന്നു, എപ്പോഴും പ്രശ്നങ്ങൾ, അതുകൊണ്ടല്ലേ ഞാൻ പ്രൊമോഷനൊക്കെ വേണ്ടാ എന്നു വെച്ച് ഈ നശിച്ച നാട്ടിൽ തന്നെ നിന്നത്? ജീവിതത്തിൽ ഒരു സുഖവും എനിക്കുണ്ടായില്ല, എപ്പോഴും ചികിത്സയും പഥ്യങ്ങളും തന്നെ….‘

വയസ്സന്റെ ശബ്ദത്തിൽ കയ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ വയസ്സിയെ മുൻപ് ഒന്നു രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.

ആദ്യം കണ്ടപ്പോൾ അവർക്ക് ക്ഷയ രോഗം മൂർച്ഛിച്ചിരിക്കുകയായിരുന്നു. അവർ വലിയ ശബ്ദത്തിൽ ശ്വസിച്ച് കൊണ്ടിരുന്നു. ഓക്സിജൻ റ്റ്യൂബ് അകറ്റിക്കളയുമ്പോഴൊക്കെയും  വയസ്സൻ വഴക്ക് പറഞ്ഞിരുന്നു.അന്ന് കുറെ നേരം അവരെ നോക്കി നിന്നുവെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല.

രണ്ടാമത് കണ്ടപ്പോൾ അവർക്ക് ഒരു അബോർഷൻ സംഭവിച്ചിരിക്കുകയായിരുന്നു. അപ്പോഴും അവരെ ആരും സമാധാനിപ്പിക്കുവാൻ ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർമ്മിച്ചു. ‘ഇത്രയും കാലം കഴിഞ്ഞിട്ട് നാശം ഇങ്ങനെ വേണമായിരുന്നോ‘ എന്ന് ശപിച്ച്   വയസ്സൻ അന്നും  മുറിയിൽ ഉലാത്തിയിരുന്നു.

ചെറുപ്പക്കാരൻ  പതിനഞ്ചിന്റെ കൌമാരവുമായി മുറിയിലിട്ടിരുന്ന സോഫ മേൽ കലങ്ങിയ കണ്ണുകളോടെ കിടന്നിരുന്നു.

സ്ത്രീയാകട്ടെ വിളർത്ത് ക്ഷീണിച്ച് ഇമകൾ പോലും അനക്കാനാകാതെ കുറെ റ്റ്യൂബുകളിൽ പിണഞ്ഞു വളരെ നേരിയതായി ശ്വസിച്ചുകൊണ്ടിരുന്നു.

അന്നും കുറെ കഴിഞ്ഞ് മടങ്ങിപ്പോവേണ്ടതായി വന്നു.

പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘

ചെറുപ്പക്കാരൻ സ്വരം താഴ്ത്തി വയസ്സനോട് അന്വേഷിക്കുന്നത് അയാളുടെ ചെവിയിൽ വീഴാതിരുന്നില്ല, ‘അച്ഛൻ ശ്രദ്ധിക്കാതിരുന്നതാണോ, അതോ…..‘

‘എന്താണ് നീ പറയുന്നത്?‘

‘അമ്മയുടെ അപ്പുറത്ത് കിടക്കുന്ന ആ സ്ത്രീ……. അതിനെ അറിയുമോ.‘

‘അവളെ അറിയാത്ത ആണുങ്ങളുണ്ടോ ഈ നാട്ടിൽ?‘ വയസ്സന്റെ മുഖത്തെ അശ്ലീലച്ചിരി മകനിലേക്കും മെല്ലെ പടർന്നെങ്കിലും  അത് അവിടെ തന്നെ ഉറഞ്ഞു.

‘എന്നിട്ട്  അമ്മയെ അവിടെ കിടക്കാൻ അനുവദിച്ചത്…..‘

‘ഈ മൂന്നു സ്ത്രീകൾക്കും ഒരേ രോഗമാണ്, ഒരേ സ്റ്റേജാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതു കേട്ടപ്പോൾ എനിക്ക് അസഹ്യത തോന്നി.‘

‘മറ്റേത് ആ ആശ്രമത്തിലെ സന്യാസിനിയമ്മയല്ലേ? അവരെ ഇതിനു മുൻപ് അമ്പലങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ട്……തൊട്ടപ്പുറത്ത് ഈ സ്ത്രീ… അതിനു പണമുണ്ടായിരിക്കും ധാരാളം. അതല്ലേ ജനറൽ വാർഡിലൊന്നും പോകാതെ……‘

ആ സ്ത്രീയേയും അയാൾ  വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടായിരുന്നു.

ഒരു കൂട്ട ബലാത്സംഗത്തിനു ശേഷം റോഡരികിൽ മലർന്നു കിടക്കുകയായിരുന്നു ആ നഗ്ന ശരീരം.

വാർന്നൊഴുകിയ രക്തവും ആഴത്തിലേറ്റ മുറിവുകളുമായി ബോധം കെട്ടു കിടന്ന ആ ശരീരത്തെ പോലീസുകാർ ആംബുലൻസുമായി വന്ന് അതിനുള്ളിലേക്ക് കയറ്റി വെക്കുന്നതും നോക്കി, അന്നു കുറെ സമയം  ചെലവാക്കി.

പിന്നീട് ആശുപത്രിയിലും പോയി വന്നു. എങ്കിലും അവരെ  അപ്പോൾ കാണാൻ കഴിഞ്ഞില്ല.

അവിടത്തെ ഡോക്ടറെ മാത്രമേ കാണാൻ സാധിച്ചുള്ളൂ , അതാകട്ടെ വളരെ ധിറുതിയിലും.

പക്ഷെ, ഇന്ന്  കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ മന്ത്രിച്ചു, ‘അതെ, കണ്ടേ തീരു.‘

മുറിയിൽ നിന്ന് പുറത്തേക്ക് വന്ന നേഴ്സിന്റെ മുഖത്തിന് തീരെ തെളിച്ചമില്ലായിരുന്നു. ചെറുപ്പക്കാരൻ ഉൽക്കണ്ഠയോടെ ‘എന്താണ് സ്ഥിതി‘ എന്നന്വേഷിച്ചു.

‘ചെയ്യാനുള്ളതൊക്കെ പരമാവധി ചെയ്യുന്നുണ്ട്, എന്നാലും എല്ലാവരേയും വിവരമറിയിക്കുന്നതാണു നല്ലത്‘.

ചെറുപ്പക്കാരൻ വാച്ച് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ, വയസ്സനും  പിന്തുടർന്നു.

അയാൾക്കപ്പോഴാണു മുറിയിൽ കയറാൻ സാവകാശം കിട്ടിയത്.

നടുവിലെ ബെഡ്ഡിൽ കിടക്കുന്ന സ്ത്രീക്കരികിലുള്ള മേശപ്പുറത്തു മാത്രമേ, ഫ്ലാസ്ക്കും മറ്റ് ചില വീട്ടുസ്സാധനങ്ങളും കണ്ടുള്ളൂ. മറ്റു രണ്ട് രോഗിണികളുടേയും മേശപ്പുറങ്ങൾ അവരെപ്പോലെ തനിച്ചും ശൂന്യവുമായി കാണപ്പെട്ടു.

പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്ന നേഴ്സ് അയാളോട് ചോദിച്ചു, ‘നിങ്ങൾ ഈ സ്ത്രീയുടെ ആരെങ്കിലുമാണോ?‘

വിളറി വെളുത്ത്, പ്രയാസപ്പെട്ട് ശ്വാസം കഴിയ്ക്കുന്ന സ്ത്രീയുടെ കട്ടിലിലേക്ക് വിരൽ ചൂണ്ടിയാണ് നേഴ്സ് സംസാരിച്ചത്.

അയാൾ മൌനമായി നിന്നതേയുള്ളൂ.

‘അല്ലാ, സന്യാസിനി മരിച്ചാൽ ആശ്രമത്തിലറിയിക്കാൻ പറഞ്ഞിട്ടുണ്ട്, ആ കൊച്ച് സ്വാമി. ഇവരെ ഇവിടെയാക്കി പണവും കെട്ടി പോയവർ പിന്നെ വന്നതേയില്ല. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, പല ആണുങ്ങൾക്കൊപ്പം ജീവിച്ചാൽ ………‘.

അയാളുടെ നിശ്ശബ്ദത കണ്ടിട്ടാവണം നേഴ്സ് ചില ട്യൂബുകളെല്ലാം നിവർത്തി ശരിയാക്കീട്ട് പുറത്തേക്ക് ഇറങ്ങി.

വ്രതാനുഷ്ഠാനങ്ങളും  അസുഖവും, ഭർത്താവും മകനും വിവിധങ്ങളായ രോഗങ്ങളും, പല പുരുഷന്മാരും ദീനവും എല്ലാം ഏറിയും കുറഞ്ഞുമുള്ള കാലയളവുകളിൽ അതിഥികളായി ഉപയോഗിച്ച് ശീലിച്ച ആ സ്ത്രീ ശരീരങ്ങളെ, അയാൾ പതിയെ, വളരെ പതിയെ നിശ്ബ്ദമായി സ്പർശിച്ചു. കാറ്റായി മുക്തിയും മഴയായി ദയയും മഞ്ഞായി സൌഹ്റുദവും അയാളുടെ സ്പർശനത്തിൽ വാർന്നൊഴുകി.

സന്യാസിനി കണ്ണുകൾ തുറന്നടച്ചു .

ഭർത്താവും മകനുമുള്ള സ്ത്രീയുടെ വിരൽ  അയാളുടെ വിരലുകളിൽ മുറുകി.

ശ്വാസം വിലങ്ങുന്ന സ്ത്രീ പുഞ്ചിരിക്കാൻ ശ്രമിച്ചു.

അതിനു ശേഷം അയാൾക്ക് അവിടെ ആരേയും കാത്തിരിക്കുവാനുണ്ടായിരുന്നില്ല.

Sunday, October 11, 2009

പാമ്പമ്യാര്


                               
അതി രാവിലെയാണ് നാട്ടിലാകെ വാർത്ത പരന്നത്.

‘തങ്കമ്യാരെ കാണാനില്ലാത്രെ‘

സത്യം പറഞ്ഞാൽ ആരുമത് വിശ്വസിച്ചില്ല.

കാരണമുണ്ട്.

സാധാരണ മനുഷ്യരെ കാണാതാകുന്ന പോലെ തങ്കമ്യാരെ കാണാതാകുമെന്ന് നാട്ടിലാർക്കും തോന്നിയിട്ടില്ല.

നാട്ടുവഴികളിൽ ആകാശത്തു നിന്ന് വീണതു പോലെയോ ഭൂമിയിൽ നിന്ന് മുളച്ചത് പോലെയോ ആണ് ആ സ്ത്രീ പ്രത്യക്ഷപ്പെടാറ്.

നരച്ച ഗോതമ്പ് നിറമുള്ള പുടവ സ്ഥിരമായി ധരിച്ചിരുന്ന അമ്യാർ ഒരിക്കലും ജാക്കറ്റിട്ടിരുന്നില്ല. വെഞ്ചാമരം പോലെ നരച്ച തലമുടിയും, സോഡാക്കുപ്പിയുടെ അടിഭാഗം വെട്ടിവെച്ചതു പോലെയുള്ള ഒരു കണ്ണടയും അവർക്കുണ്ടായിരുന്നു.

മുറുക്കും ചീടയും തേങ്കുഴലും മറ്റും നിറച്ച ഒരു കുട്ടയും ചുമന്ന് നാട്ടിലാകെ  അവർ തന്റെ സാന്നിധ്യമറിയിച്ചു.

കാണുന്നവരോടെല്ലാം കുശലം ചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ പോകാൻ ആരേയും  അനുവദിച്ചില്ല.

താഴ്ന്ന ജാതിക്കാരെ കാണുമ്പോൾ അമ്യാർക്ക് ചില ശീലങ്ങളൊക്കെയുണ്ടായിരുന്നു. കാലം മാറിയത് അറിയാത്തതു പോലെ,  അത് അംഗീകരിക്കാൻ മനസ്സില്ലാത്തതു പോലെ.

അവരെ കാണുമ്പോൾ ഭയന്ന മുഖഭാവത്തോടെ ഒതുങ്ങി വേലിയോട് ചേർന്ന് നടക്കുക, അവരിൽ നിന്ന് മുറുക്കിന്റെ പണം വാങ്ങുമ്പോൾ, നാണ്യങ്ങളാണെങ്കിൽ അവയിൽ വെള്ളം തളിക്കുക, (നോട്ടുകളിൽ വെള്ളം തളിക്കാറില്ലായിരുന്നു) അവരിൽ നിന്ന് ഒന്നും കൈയിൽ വാങ്ങുകയോ അവർക്ക് ഒന്നും കൈയിൽ കൊടുക്കാതിരിക്കയോ ചെയ്യുക, ഇങ്ങനെ ചില ശീലങ്ങൾ.

കുറഞ്ഞ ജാതിക്കാരോട്, അവരുടെ വീട്ടു വിശേഷങ്ങൾ അമ്യാർ അന്വേഷിച്ചിരുന്നില്ലെന്ന് കരുതരുത്.  വിവിധ ജാതിക്കാരും തരക്കാരുമായ  സ്ത്രീകളോട്  മനസ്സു തുറന്ന് സംസാരിച്ച് രസിക്കുന്നതിലായിരുന്നു അവർക്ക് വിശ്രമവും ആനന്ദവും കിട്ടിയിരുന്നത്. അതു കൊണ്ട് ഇന്ന ആൾ, ഇന്ന വീട്ടിലെ കുട്ടി, ഇന്നത് ചെയ്യുന്നു എന്നൊക്കെ നല്ല നിശ്ചയവുമായിരുന്നു.

ജാതിയിൽ താഴ്ന്നവരിലെ മുതിർന്നവർ ഒരിക്കലും തങ്കമ്യാരോട് ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല.

അതുപോലെയാണോ പുതിയ തലമുറയിലെ കുട്ടികൾ?

ജാതിയുടെ പേരിൽ കോപ്രായം കാണിക്കുന്നവരെ അവർ വെറുതെ വിടുമോ?

കുട്ടികൾക്ക് വയസ്സിയുടെ ജാത്യഹങ്കാരവും ധാർഷ്ട്യവും തീരെ സഹിക്കാൻ പറ്റിയില്ല.

അവർ അമ്യാരുടെ സമീപത്തു കൂടി മന:പൂർവം നടന്നു, വഴി നിറഞ്ഞ് നിന്നു.

അപ്പോഴെല്ലാം ആ സ്ത്രീ ഒതുങ്ങി വേലിയോട് പറ്റിച്ചേരാൻ ശ്രമിച്ചു, അതുകൊണ്ട്, നിന്ന നിലയിൽ നിന്ന് അനങ്ങാനാകാതെ നാട്ടു വഴികളിൽ സ്തംഭിച്ച് നിൽക്കേണ്ടിയും വന്നു.

കുറഞ്ഞ ജാതിക്കാരിലെ മുതിർന്നവർ ‘അമ്യാരെ‘ എന്നോ ‘തമ്പുരാട്ടി‘ എന്നോ മാത്രം  വിളിച്ചപ്പോൾ അവരുടെ കുട്ടികൾ അങ്ങനെ ആദരിക്കാനൊന്നും തയാറായില്ല.

അമ്പല നടയിലുള്ള കുട്ടന്റെ കടയിലെ റൊട്ടിക്കും ബണ്ണിനുമാണു കുട്ടികൾ വയസ്സിയുടെ മുറുക്കിനേക്കാൾ  പ്രാധാന്യം കൊടുത്തത്.

വല്ലപ്പോഴും മുറുക്കോ മറ്റു പലഹാരങ്ങളോ വാങ്ങിയാൽ കുട്ടികൾ ഓരോരുത്തരായി ഓരോ തവണയായി അമ്യാർക്ക് ഒറ്റ രൂപയുടേയും രണ്ട് രൂപയുടേയും നോട്ടുകൾ  തറയിലേക്കെറിഞ്ഞു കൊടുത്തു പോന്നു.  ഓരോ തവണയും വയസ്സിക്ക് നോട്ട് പെറുക്കുവാനായി അവരുടെ മുൻപിൽ കുനിഞ്ഞ് നിവരേണ്ടിയിരുന്നു.

അപ്പോഴൊന്നും വയസ്സി കുട്ടികളോട് വഴക്കിനു പോയിരുന്നില്ല. എന്നാൽ പഴയ മുറുക്കാണെന്ന് കുട്ടികൾ കുറ്റപ്പെടുത്തുമ്പോൾ മാത്രം കൈയോങ്ങിക്കൊണ്ട് ‘നീ പോടാ രാക്ഷസാ‘ എന്ന് അലറുമായിരുന്നു. കുട്ടികളാകട്ടെ, ആ സമയം കൂക്കിയാർത്തുകൊണ്ട് ഓടിക്കളയും.

പതിനഞ്ചു വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീക്ക്, ഭർത്താവിന്റെ അമ്മയും കൂടി മരിച്ചപ്പോൾ ഏകാന്തത മാത്രമായി കൂട്ടിന്.

എനിക്ക് ഓർമ്മയുള്ളപ്പോൾ തന്നെ  ഒരെഴുപത് വയസ്സുകാരിയായിരുന്ന അവർ, ഏകദേശം നാല്പത് വർഷമെങ്കിലുമായി  ഒറ്റക്ക് പലഹാരങ്ങൾ ഉണ്ടാക്കി വിറ്റും ചുരുക്കം ചില ബ്രാഹ്മണഭവനങ്ങളിൽ ഭക്ഷണം പാചകം ചെയ്തു കൊടുത്തും ജീവിതം നയിക്കുകയാണ്.

നാട്ടിലെ ബ്രാഹ്മണരെല്ലാം ബോംബെക്കും മദ്രാസിലേക്കുമായി ജീവിതം പറിച്ച് നട്ടിരുന്ന കാലമായിരുന്നു അത്. ബ്രാഹ്മണരുടെ വീടുകൾ മറ്റ് ജാതിക്കാർ വാങ്ങിക്കൊണ്ടിരുന്നു.

തികഞ്ഞ ജാതി വിശ്വാസിയും കേറിക്കിടക്കാൻ സ്വന്തമായി ഒരു മുറി പോലുമില്ലാത്തവളുമായ അമ്യാർക്ക് പിന്നെ വാടക മുറികൾ മാറാതിരിക്കാൻ പറ്റുന്നതെങ്ങനെ?

ആറു മാസത്തിൽ അഞ്ച് വാടകമുറികൾ മാറേണ്ടി വന്നപ്പോൾ അവർ ശിവൻ കോവിലിന്റെ നടയിൽ നിന്ന് നെഞ്ചത്തടിച്ചുകൊണ്ട് ചോദിച്ചു. ‘ഉനക്ക് മതി വരലയാ? എന്നെ ഇപ്പടി അലയ വിടറയേ?‘

ശിവൻ ഒന്നും പറഞ്ഞില്ല.

അഞ്ചാമത്തെ വാടക മുറി കോവിലിനു പരിസരത്തിലുള്ള വാര്യത്തെയായിരുന്നു, കൊച്ചു വാരസ്യാരുടെ വാര്യം. അതൊരു ഒറ്റപ്പെട്ട കെട്ടിടമായിരുന്നു.

താമസം തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കൊച്ച് വാരസ്യാർ എറണാകുളത്ത് താമസിക്കുന്ന മകൾക്കൊപ്പം കഴിയാൻ തന്റെ ഭർത്താവിനെയും കൂട്ടിപ്പോയി. അമ്യാർ വാടകക്ക് പാർക്കുന്നത് കൊണ്ട് വീട് കാവലും കൂടി അങ്ങോട്ട് ഏല്പിച്ച്, സമാധാനത്തോടെയാണ് വാരസ്യാർ പോയത്.

വൈകുന്നേരം കുളിച്ച്, ശിവൻ കോവിലിൽ പോയി വന്ന് അത്താഴമായ നേന്ത്രപ്പഴവും ചുക്കുവെള്ളവും കഴിച്ച്, നാളത്തെ വില്പനയ്ക്ക് വേണ്ട പലഹാരങ്ങൾ കുട്ടയിലടുക്കി  വാടകമുറിയുടെ വാതിലുമടച്ചപ്പോഴാണ് അമ്യാർ മുറിയിലെ അതിഥിയെ കണ്ടത്.

മറ്റാരുമല്ല, നല്ല ഒന്നാന്തരം ഒരു മൂർഖൻ പാമ്പ്!!!

പാമ്പ്  പത്തി വിതുർത്ത് അമ്യാരുടെ ഉറക്കപ്പായിൽ ചുറ്റിയിരിക്കുകയാണ്!!!

ശ്വാസം  മരവിച്ചുപോയ വയസ്സി കൈയിൽത്തടഞ്ഞ പഴയ പുടവ എങ്ങനെയോ പാമ്പിനു നേരെ ആഞ്ഞെറിഞ്ഞു. പതിനെട്ട് മുഴം പുടവയിൽ ഒതുങ്ങിയ പാമ്പിനാകട്ടെ, പെട്ടെന്ന് തന്റെ ഉശിരൊന്നും കാണിക്കാൻ പറ്റിയില്ല.

ആ സമയം നോക്കി വാതിൽ തുറക്കാൻ അവർ ശ്രമിച്ചെങ്കിലും പുടവയിലകപ്പെട്ട പാമ്പ് പത്തി ഉയർത്തി ഉഗ്രമായി ചീറി.  വാതിലിനു പുറകിലിരുന്ന മുണ്ടൻ വടിയെടുത്ത്, പാമ്പിനെ തലങ്ങും വിലങ്ങും പ്രഹരിക്കുമ്പോൾ അമ്യാർക്ക് ശരിക്കും ബോധമില്ലായിരുന്നു.

ഭയമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്.

പാമ്പ്, പുടവയ്ക്കുള്ളിൽ തന്നെയിരുന്ന് സിദ്ധി കൂടി.

അതിനെ വലിച്ച് പുറത്തിടാനുള്ള മന:സാന്നിധ്യമൊന്നും വയസ്സിക്ക് ബാക്കിയുണ്ടായിരുന്നില്ല.

പാമ്പിനെ സംസ്ക്കരിക്കാതെയും കുളിച്ച് ദേഹശുദ്ധി വരുത്താതെയും പച്ചവെള്ളം പോലും കഴിക്കാൻ പാടില്ലാ എന്നു കരുതിയത് കൊണ്ട്  ദാഹിച്ച് വലഞ്ഞ് ശവത്തിനു കാവലിരിക്കേണ്ടിയും വന്നു.

ഇന്നലെ വരെ കണ്ട തങ്കമ്യാരെ അല്ല പിറ്റേന്ന് മുതൽ നാട്ടുകാർ കണ്ടത്.

പാമ്പിന്റെ ശവം ദഹിപ്പിക്കണമെന്ന് അവർ വാശി പിടിച്ചു. അതും ബ്രാഹ്മണരുടെ ചുടലയിൽ തന്നെ വേണം. പ്രായശ്ചിത്തമായി എന്തും ചെയ്യാനൊരുക്കമാണ്. വാധ്യാർ പറഞ്ഞാൽ മതി. ആചാരപ്രകാരമുള്ള എല്ലാ കർമ്മങ്ങളും കഴിച്ച് പന്ത്രണ്ടാം ദിവസം അടിയന്തിരവും  ചെയ്യണം.

വാധ്യാർക്ക്  സത്യത്തിൽ യാതൊന്നും പിടി കിട്ടിയില്ല.

പിന്നെ അസാധാരണമായ ആ വാശി കണ്ടപ്പോൾ അദ്ദേഹം എല്ലാം സമ്മതിച്ചുവെന്നു മാത്രം.

ചുടലയിലേക്ക് സ്ത്രീകൾ മുള മഞ്ചത്തിലേറി മാത്രമേ പോകാറുള്ളൂ എന്ന ആചാരം ഓർമ്മിപ്പിച്ച് പാമ്പിന്റെ ശവഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് വാധ്യാർ തങ്കമ്യാരെ കർശനമായി വിലക്കി. താനെല്ലാം ഭംഗിയായി ചെയ്തുകൊള്ളാമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു.

ഒരു സന്താനമില്ലാത്ത ബ്രാഹ്മണന്റെ അടിയന്തിരം നടത്തുമ്പോലെയാണു പാമ്പിന്റെ അടിയന്തിരം നടത്തിയത്. അതിനു പുറമേ തങ്കമ്യാരുടെ സുരക്ഷയ്ക്കായി പാമ്പിന്റെ രൂപമുണ്ടാക്കി പൂജിച്ച ഏലസ്സും  വാധ്യാർ തയാറാക്കി നൽകി.

വയസ്സിയെ സമാധാനിപ്പിക്കാൻ വാധ്യാർക്ക് കുറേ നാടകം കളിക്കേണ്ടി വന്നു.

അദ്ദേഹത്തെ പൂർണമായും വിശ്വസിച്ച അവരാകട്ടെ ഒരു കുറവും വരുത്താതെ പണം ചെലവാക്കി, വാധ്യാർക്ക് നല്ല ദക്ഷിണയും സമ്മാനിച്ചു.

എങ്കിലും അമ്യാരിൽ വന്ന മാറ്റം കഠിനവും ദയനീയവുമായിരുന്നു.

‘പാമ്പെ കൊന്ന അമ്യാരാക്കും, നാൻ‘ എന്നു പിറുപിറുത്തുകൊണ്ട്   ആ തളർന്ന രൂപം  നാട്ടിടവഴികളിൽ ചുറ്റിത്തിരിഞ്ഞു തുടങ്ങി. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം വല്ല മുറുക്കോ ചീടയോ അവരുടെ കുട്ടയിൽ സ്ഥാനം പിടിച്ചിരുന്നു.

ആ അനാഥയെച്ചൊല്ലി  ആരും വ്യാകുലപ്പെടുവാനുണ്ടായിരുന്നില്ല.

കുട്ടികൾ അമ്യാരുടെ പുറകെ പാട്ടയും കൊട്ടി നടന്നു, അവർക്ക്  തമാശക്കളി. അവർ നീട്ടിപ്പാടി,

‘പാമ്പമ്യാരേ മൊട്ടച്ചി

മുറുക്കെടുക്കടീ മൊട്ടച്ചീ

ജാക്കറ്റിടെടീ മൊട്ടച്ചീ

പാമ്പു കടിക്കൂടി മൊട്ടച്ചീ‘

ഒന്നും ശ്രദ്ധിക്കാതെ അമ്യാർ എല്ലായ്പോഴും ആ മൂർഖൻ പാമ്പിനൊപ്പം ഇഴഞ്ഞു കൊണ്ടിരുന്നു.

വീട്ടുടമസ്ഥയായ കൊച്ചു വാരസ്യാർക്കാവട്ടെ ഭയവും വേവലാതിയുമാവുകയായിരുന്നു.

ആലോചിച്ചാൽ കൊച്ചു വാരസ്യാരെയും കുറ്റം പറയാൻ പറ്റില്ല.

തലയ്ക്ക് അല്പം നൊസ്സു പോലെയുള്ള ഒരു അനാഥ തള്ളയെ വീട്ടിൽ താമസിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുക?  എന്തെങ്കിലും പുലിവാലുണ്ടായാൽ ആരാണു സമാധാനം പറയുക?

മൂന്നാലു ദിവസത്തിനുള്ളിൽ വാടക മുറിയൊഴിയണമെന്ന് അവർ തങ്കമ്യാരോട് പറഞ്ഞു. വളരെ സമാധാനത്തിലാണ് കൊച്ചു വാരസ്യാർ സംസാരിച്ചത്. അവരെന്നും ഒരു തികഞ്ഞ മര്യാദക്കാരിയായിരുന്നു.

അമ്യാർ കൊച്ചു വാരസ്യാരെ മിഴിച്ച് നോക്കി, ഒന്നും മനസ്സിലാകാത്തതു പോലെ, എന്നിട്ട് പുലമ്പി. ‘പാമ്പെ കൊന്ന അമ്യാരാക്കും, നാൻ.’

അതും പറഞ്ഞ് പുറത്തേക്കിറങ്ങിയ അവരെ കൊച്ചു വാരസ്യാർ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.

അമ്യാർ ശരവേഗത്തിൽ നടന്നത് ശിവൻ കോവിലിലേക്കായിരുന്നു. നേരെ നടയ്ക്കൽ ചെന്നു നിന്ന് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്ന ശിവനോട് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു, ‘എതുക്ക് ഇപ്പടി ശെയ്തായ്? ചൊല്ലിയിരുക്കലാമേ, നീ അനുപ്പിനതാക്കുമെന്റ്. പേശാമേ വന്തിരുപ്പേനെ.‘

ശിവൻ എന്നത്തേയും പോലെ നിശ്ശബ്ദനായിരുന്നതേയുള്ളൂ.

പിന്നീട് അമ്യാരെ ആരും കാണുകയുണ്ടായില്ല.

അവരെ കാണാതായപ്പോൾ കൊച്ചു വാരസ്യാർ ആ  മുറി പരിശോധിച്ചു.

പഴയ പുടവകളും പാത്രങ്ങളും പലഹാരം അടുക്കി വെക്കുന്ന കുട്ടയും  മുണ്ടൻ വടിയും തറയിൽ കിടന്നിരുന്നു. 

ജനൽപ്പടിയിൽ മൂന്നാലു ഒറ്റ രൂപാനോട്ടുകളും കുറച്ച് ചില്ലറയുമുണ്ടായിരുന്നു.

ഏകാന്തമായ ആ ജീവിതത്തിന്റെ ബാക്കിപത്രം പോലെ.

Friday, September 25, 2009

ന്റെ അനീത്തി…… അല്ലാ,… ന്റെ മോള്…… ന്റെ…ന്റെ…

കുട്ടിയെ മുത്തശ്ശിക്കൊപ്പം നിർത്തി അമ്മയും അച്ഛനും ജോലിസ്ഥലമായ എറണാകുളത്തേക്ക് പോയത് ആ നഗരത്തിൽ പണിക്കാരികളെ കിട്ടാൻ വിഷമമായത് കൊണ്ട് മാത്രമായിരുന്നില്ല; വളരെ ഉത്തരവാദപ്പെട്ട ജോലികളാണ് അവർക്ക് ചെയ്യാനുണ്ടായിരുന്നത് എന്നതു കൊണ്ടും കൂടിയായിരുന്നു.

നേരത്തിനും കാലത്തിനും വീട്ടിൽ മടങ്ങിയെത്താനൊക്കെ ബുദ്ധിമുട്ടാണ്. ജോലിയുടെ തരം പോലെ വൈകുവാൻ മതി. അങ്ങനെ ഉറപ്പിച്ച് ഒരു നേരം പാലിക്കാനൊന്നും പറ്റില്ല. ക്ഷീണിച്ച് തളർന്ന് വീട്ടിൽ വരുമ്പോൾ കുട്ടിയുടെ കാര്യങ്ങൾ ഒന്നും വേണ്ടപോലെ നോക്കാൻ മനസ്സും ക്ഷമയും ഉണ്ടാവില്ല. എല്ലാവർക്കും പ്രയാസമാകും, കുട്ടിക്ക് ഏറ്റവും ബുദ്ധിമുട്ടാവും. പിന്നെ മുത്തശ്ശിയാണെങ്കിൽ ഗ്രാമത്തിൽ തനിച്ച് ജീവിക്കുകയുമാണ്. കുട്ടി കൂട്ടുണ്ടാവുന്നത് അവർക്കും സന്തോഷം തന്നെയായിരിക്കുമല്ലോ.

അങ്ങനെയാണ് നാലു വയസ്സുള്ള കുട്ടി ഗ്രാമീണാന്തരീക്ഷത്തിൽ സാമാന്യം വലിയൊരു വീട്ടിൽ മുത്തശ്ശിക്കൊപ്പം താമസമായത്.

കുട്ടി കാലത്തെഴുന്നേറ്റ് വരുമ്പോഴേക്കും മുത്തശ്ശി കുളിയും ജപവുമൊക്കെ കഴിച്ച്  കറിക്ക് നുറുക്കുന്ന ലക്ഷ്മിയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാവും. അല്ലെങ്കിൽ നാമം ചൊല്ലിക്കൊണ്ട് തൈരു കലക്കുകയാവും. കുട്ടിയെ കാണുമ്പോഴേക്കും പൊന്നൂ, ചക്കരേ, മുത്തേ എന്നൊക്കെ വിളിച്ച് കൊണ്ട് ചെയ്യുന്ന പണി നിറുത്തി എണീറ്റ് വരും.

ലക്ഷ്മിക്ക് അതു കാണുമ്പോൾ ഒരു കള്ളച്ചിരിയുണ്ട്; ആ ചിരിക്ക് നല്ല ഭംഗിയുണ്ടെന്ന് കുട്ടി കണ്ടുപിടിച്ചു.

കുട്ടിയെ കുളിപ്പിക്കുന്നതും മുത്തശ്ശിയാണ്. എണ്ണയൊക്കെ തേപ്പിച്ച് തിരുമ്മി വളരെ സാവധാനത്തിൽ വിസ്തരിച്ചാണ് കുളിപ്പിക്കുക. ലക്ഷ്മി അടുത്തിരുന്ന് ഒരു മൊന്ത കൊണ്ട് കുറേശ്ശയായി വെള്ളം ഒഴിച്ച് കൊടുക്കും. അധികം വെള്ളമൊഴിച്ചാൽ മുത്തശ്ശി ‘പതുക്കെ പതുക്കെ എന്താദ് തെരക്ക്‘ എന്നു പറയും. കുളിപ്പിച്ച് രാസ്നാദിപ്പൊടി തലയിൽ തിരുമ്മിയിട്ട്  മുത്തശ്ശി ആ വിരൽ കുട്ടിക്ക് മണപ്പിക്കാൻ കൊടുക്കുമ്പോൾ കുട്ടി ഛി, ഛി എന്നു തുമ്മും. അപ്പോഴൊക്കെ മുത്തശ്ശിക്കും മുമ്പേ ലക്ഷ്മി ‘ഹരി ക്റുഷ്ണാ‘ എന്നു വിളിക്കും.

ആഹാരം കഴിക്കാൻ കുട്ടിക്ക് മടിയായിരുന്നു. മുത്തശ്ശി കുട്ടിക്ക് ചോറ് കൊടുക്കുമ്പോൾ ലക്ഷ്മി പാട്ട് പാടിക്കൊടുക്കും, പാവാട എടുത്ത് കുത്തി ഡാൻസു കളിക്കും, പിന്നെ കണ്ണുരുട്ടി നാക്ക് പുറത്തേക്ക് നീട്ടി പേടിപ്പിക്കുന്ന പൂതമായി വരും. ‘ലക്ഷ്മിയില്ലെങ്കിൽ ഞാൻ തോറ്റത് തന്നെ‘ എന്നു പലവട്ടം പറഞ്ഞുകൊണ്ടാണ് മുത്തശ്ശി കുട്ടിക്ക് ആഹാരം കൊടുക്കുക. കുട്ടി മുഴുവൻ കഴിക്കുന്നത് വരെ ലക്ഷ്മിയുടെ കലാപരിപാടികൾ തുടരും, അത് കാണുമ്പോൾ കുട്ടി അറിയാതെ തന്നെ വായ് ഇടക്കിടെ തുറന്നു പോകും, മതീ മതീ എന്ന് എത്ര വിചാരിച്ചാലും.

ഉച്ചയ്ക്ക് മുത്തശ്ശി നടുവിലെ മുറിയിൽ പുൽപ്പായ വിരിച്ച് കുട്ടിയെ അടുത്ത് കിടത്തി ഉറക്കാൻ നോക്കും. എപ്പോഴും ആദ്യം ഉറങ്ങുക മുത്തശ്ശിയാണ്. കുട്ടിക്ക് ഉറക്കം വരാറില്ല. മുത്തശ്ശി ഉറങ്ങിയാൽ കുട്ടി പതുക്കെ എണീറ്റ് അടുക്കള മുറ്റത്തേക്ക് ചെല്ലും. ലക്ഷ്മി അവിടെ ഓരോരോ പണികൾ ചെയ്യുന്നത് നോക്കിയിരിക്കും.

അപ്പോഴൊക്കെ ലക്ഷ്മി കുട്ടിയോട്  ഒരു ചോദ്യം ചോദിക്കും

‘അമ്മേം അച്ഛനും പണീട്ക്കണ നാട്ടില് വല്ല ആപ്പീസും അടിച്ച് വാരണ പണിയാക്കിത്തരാൻ പറ്യോ മോളെ?‘

കുട്ടി തല കുലുക്കും, പക്ഷേ ഒന്നും പറയില്ല. കുട്ടിയെ തന്നെ ഇവിടെയാക്കി പോയ അമ്മേം അച്ഛനും കുട്ടി പറഞ്ഞാൽ ലക്ഷ്മിക്ക് പണി കൊടുക്കാൻ പോണുണ്ടോ.

കൂടെപ്പോണമെന്ന് വാശി പിടിച്ച് കരഞ്ഞപ്പോൾ ‘നിന്നെ നോക്കാൻ അവിടെ ആരാണിരിക്കുന്നത്?‘ എന്നാണ് അമ്മ ചോദിച്ചത്.

അച്ഛൻ സ്വന്തം ചെവിയിൽ വിരൽ കൊണ്ട് നിറുത്താതെ ചൊറിയുകയായിരുന്നു, കുട്ടി കരയുമ്പോഴൊക്കെ. അങ്ങനെയാണ് കുട്ടി കരച്ചിൽ നിർത്തിയത്. ആരും നോക്കാനായി വീട്ടിലില്ലെങ്കിൽ അമ്മേം അച്ഛനും ഓഫീസിൽ പോകുമ്പോൾ കുട്ടിക്ക് പേടിയാവില്ലേ. അതുകൊണ്ടല്ലേ കുട്ടിയെ മുത്തശ്ശീടടുത്ത് നിറുത്തിയിരിക്കുന്നത്.

 ഈ കാര്യങ്ങളൊക്കെ ലക്ഷ്മിക്കും അറിയാം. എന്നാലും വെറുതെ ഒരു ചോദ്യം………..

കുട്ടി അടുക്കള മുറ്റത്തിറങ്ങിയാൽ ലക്ഷ്മി ആധി പിടിക്കും,

 ‘ഇങ്ങട് പോര്വോ. വല്ല കല്ലോ മുള്ളോ കൊള്ളും. മുത്തശ്ശ്യമ്മ വന്നാ ലക്ഷ്മിയെ ചീത്തപറഞ്ഞ് ഓടിക്കും. പിന്നെ ഞാൻ എന്താ കാട്ടാ? ഓടി വരാൻ ഒരെടോം ഇല്ലാണ്ടായാലേ … ന്റെ മോളെ …‘

എന്നാലും കുട്ടി പെട്ടെന്നൊന്നും അകത്തേക്ക് വരില്ല. അപ്പോൾ ലക്ഷ്മി കഥ പറയാൻ തുടങ്ങും, മടിയിലിരുത്തി തലമുടിയിൽ പരതിക്കൊണ്ടാണ് കഥ പറയുക. അവിടെയാണ് കുട്ടിയും തോറ്റ് പോകുന്നത്. കാരണം അപ്പോൾ കുട്ടിയും അറിയാതെ ഉറങ്ങിപ്പോകും.

വൈകുന്നേരം  വലിയ ഒരു പാത്രത്തിൽ ചോറും കൊണ്ടാണ് ലക്ഷ്മി അവളുടെ വീട്ടിലേക്ക് പോകുന്നത്. അവൾ കുളിച്ചിട്ട് പോയാൽ മതിയെന്ന് മുത്തശ്ശി നിർബന്ധിക്കും. അതുകൊണ്ട് കുളിച്ച് വസ്ത്രം മാറി  നുള്ള് ഭസ്മം കൊണ്ട് നെറ്റിയിൽ ഒരു കുറിയും വരച്ചിട്ടാണ് പോവുക.

 ‘ലക്ഷ്മി സൂക്ഷിക്കണം. നോക്കീം കണ്ടും നിക്കണം.വാതലു കുറ്റീടാണ്ട് ഒറ്ങ്ങരുത്‘ എന്നാണ് മുത്തശ്ശി അവളെ യാത്രയാക്കുന്നത്.

വിളക്ക് വെക്കുന്നതിനു മുമ്പേ തന്നെ രാത്രി എന്നും മുത്തശ്ശിക്ക് കൂട്ട് കിടക്കാൻ വരുന്ന നാണിത്തള്ള എത്തും.  അവർ വന്നാലുടനെ മുത്തശ്ശി വിളക്ക് കൊളുത്തിക്കാണിക്കാറുണ്ട്. തുളസിത്തറയിലും മുത്തശ്ശൻ ഉറങ്ങുന്നേടത്തും ഇരുട്ട് പിടിച്ച പാമ്പിൻ കാവിലും എല്ലാം. മുത്തശ്ശിക്ക് ഇരുട്ടിനെയൊന്നും പേടിയില്ല. കുട്ടിയും നാണിത്തള്ളയും മുത്തശ്ശിയും കൂടിയാണ് നാമം ചൊല്ലാനിരിക്കുന്നത്. കുട്ടിയും മുത്തശ്ശിയും അകത്ത് വിളക്കിനടുത്ത് ഇരിക്കും, നാണിത്തള്ള പുറത്ത് വരാന്തയിലാണിരിക്കുക. നാമം ചൊല്ലൽ കഴിഞ്ഞ് നമസ്ക്കരിക്കുന്നതിനു മുമ്പേ ‘ലക്ഷ്മിയെ കാക്കണേ എന്റെ തേവരെ‘ എന്നൊരു പ്രാർഥനയുമുണ്ട് മുത്തശ്ശിക്ക്. ലക്ഷ്മി വഴിയിലൊന്നും തട്ടിത്തടഞ്ഞ് വീഴാതെ ചോറ് കളയാതെ വീട്ടിലെത്താനാണത്രെ. അതു കേട്ട് കേട്ട് കുട്ടിയും അങ്ങനെ പ്രാർഥിക്കാൻ തുടങ്ങി, കുറച്ച് കഴിഞ്ഞപ്പോൾ.

രാത്രിയിൽ കഞ്ഞി കുടിക്കുന്നത് നാണിത്തള്ളയുടെ വർത്തമാനങ്ങൾ കേട്ടുകൊണ്ടാണ്. നാണിത്തള്ളയ്ക്ക് അറിഞ്ഞു കൂടാത്ത ഒരു കാര്യവുമില്ല.  അയൽ പക്കത്തുള്ള എല്ലാ വീട്ടുകാരെയും പറ്റി ഓരോരോ കാര്യങ്ങൾ മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും. ഇടക്കിടക്ക് ഒരു കുഞ്ഞിക്കിളിയുടെ ചിലയ്ക്കൽ പോലെ ചിരിക്കുകയും ചെയ്യും.  കുട്ടിക്ക് കഞ്ഞി കൊടുത്ത് ഉറക്കാൻ കിടത്തിയിട്ടാണ് മുത്തശ്ശി കഞ്ഞി കുടിക്കുക. കുട്ടിയെ മെല്ലെ മെല്ലെ തട്ടിക്കൊണ്ട് കേട്ടാൽ ഉറക്കം വരുന്ന പോലെയുള്ള  ഒരു ഒച്ചയിൽ നാണിത്തള്ള മുത്തശ്ശിയോട് സംസാരിച്ച് കൊണ്ടിരിക്കും. അത് കേട്ടുകൊണ്ടാണ് കുട്ടി എന്നും ഉറങ്ങിപ്പോവുക.

ലക്ഷ്മിക്ക് എണീക്കാനേ പറ്റാത്ത ഒരമ്മയും നാലു അനിയത്തിമാരും ഒരു പണിയും ചെയ്യാത്ത ഒരച്ഛനുമുണ്ടെന്ന് നാണിത്തള്ളയാണ് കുട്ടിയോട് പറഞ്ഞത്. ‘അവളക്ക് കഷ്ടപ്പാടാ എപ്പളും‘ എന്നും തള്ള പറഞ്ഞു. അമ്പലത്തിലെ പറയെടുപ്പിന് ആനയും വെളിച്ചപ്പാടും പരിവാരങ്ങളും  വന്ന ദിവസമായിരുന്നു അത്. അന്ന് ലക്ഷ്മിയുടെ കൂടെ നാലു കുട്ടികളും വന്നിരുന്നു. പറയെടുപ്പ് കഴിഞ്ഞാൽ സദ്യ ഉണ്ണാൻ കിട്ടുമെന്ന് വെച്ചാണ് പട്ടിണിക്കുന്തങ്ങൾ വന്നതെന്നാണ് നാണിത്തള്ള പറഞ്ഞത്. മുത്തശ്ശിയുടെ തിരക്ക് കഴിഞ്ഞിട്ട് വേണം പട്ടിണിക്കുന്തങ്ങളെന്ന് വെച്ചാൽ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാനെന്ന് കുട്ടി വിചാരിച്ചു.

ആ കുട്ടികൾ ചോറുണ്ണുന്നത് കണ്ടപ്പോൾ കുട്ടിക്ക് പേടിയായി. എത്ര വേഗത്തിലാണ് ഉണ്ടു തീർക്കുന്നതെന്നോ. അവർക്ക് കഥയും പാട്ടും പൂതത്തിന്റെ കളിയുമൊന്നും വേണ്ട ഊണു കഴിക്കാൻ. പായസം ഇലയിൽ തന്നെ വിളമ്പിയാണ് കഴിച്ചത്. ഒരു തുള്ളി പോലും പുറത്ത് പോയില്ല. കുട്ടി അവരെ നോക്കി അതിശയത്തോടെയും സ്നേഹത്തോടെയും ചിരിച്ചു, പക്ഷെ അവർ ചിരിച്ചില്ല, കുറച്ച് കഴിഞ്ഞപ്പോൾ കൂട്ടത്തിൽ വലുതെന്ന് തോന്നിപ്പിച്ച കുട്ടിയുടെ  തലയിൽ ഒരു പാത്രം ചോറും വെച്ച് കൊടുത്ത് ലക്ഷ്മി അവരെ യാത്രയാക്കി.

അന്ന് ഊണു കഴിക്കുമ്പോൾ കുട്ടി മിടുക്കത്തിയായി ആഹാരം കഴിച്ചു. ആ നാലു കുട്ടികളിൽ ഏറ്റവും ചെറിയ കുട്ടിക്ക് പോലും തന്നെക്കാൾ വേഗത്തിൽ ഉണ്ണാൻ പറ്റുമെന്ന് കുട്ടി കണ്ടു. താനും അതു പോലെ പെട്ടെന്ന് കഴിക്കാൻ പഠിക്കണമെന്ന് കുട്ടി നിശ്ചയിച്ചു. പതുക്കെപ്പതുക്കെ ഊണു കഴിക്കുന്നത് ഒരു മോശം പരിപാടിയാണെന്ന് കുട്ടിക്ക് മനസ്സിലായി. മുത്തശ്ശി ചോറുരുട്ടിത്തരുന്നതും ശരിയല്ല. സ്വയം കഴിക്കുകയാണ് വേണ്ടത്. ഒരു ദിവസം  വിളമ്പിത്തരുന്ന ആഹാരം മുഴുവനും വേഗത്തിൽ കഴിച്ച് എല്ലാവരെയും അതിശയിപ്പിക്കണമെന്ന് കുട്ടി തീരുമാനിച്ചു. അത് നാളെയാവട്ടെ എന്നു നിശ്ചയിച്ചാണ് കുട്ടി അന്ന് രാത്രി ഉറങ്ങിയത്.

പിറ്റേന്ന് രാവിലെ കുട്ടി എണീറ്റ് വരുമ്പോഴും നാണിത്തള്ള പോയിരുന്നില്ല. അടുക്കള വരാന്തയിൽ താടിക്ക് കൈയും കൊടുത്തിരിക്കുന്നുണ്ടായിരുന്നു. അത് തീരെ പതിവില്ലാത്ത കാര്യമായതു കൊണ്ട് കുട്ടിക്ക് അതിശയം തോന്നി.സാധാരണയായി രാവിലത്തെ മുറ്റമടിയും കഴിഞ്ഞ് , ഒരു വെറും ചായയും കുടിച്ച് നാണിത്തള്ള പോയിരിക്കും. മുറ്റമടിച്ചതിനു പല കുറവുകളും ലക്ഷ്മി എന്നും കണ്ട് പിടിക്കാറുണ്ട്. ‘നാണിത്തള്ള ഒരു സൂത്രാലിയാ‘ എന്ന് കണ്ണിറുക്കിക്കൊണ്ട് പറയും. അങ്ങനെയാണ് നാണിത്തള്ളയാണ് മുറ്റമടിക്കുന്നതെന്നും മറ്റും കുട്ടിക്ക് മനസ്സിലായത്.

 അപ്പോഴേക്കും  അടുക്കളയിലെ ഇരുട്ടിൽ നിന്ന് ലക്ഷ്മിയുടെ പൊട്ടിക്കരച്ചിൽ ഉയർന്നു. പരിഭ്രമത്തോടെ കുട്ടി ഓടിച്ചെന്ന് ലക്ഷ്മിയോട് ‘ന്താണെന്താണ് ‘എന്ന് ചോദിച്ചു. ലക്ഷ്മി കൂടുതൽ ഉച്ചത്തിൽ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. അടുത്ത നിമിഷം കുട്ടിയും ഉറക്കെ കരയാൻ തുടങ്ങി. കുട്ടിക്ക് ലക്ഷ്മി കരയുന്നതു കണ്ടിട്ട് അത്രയധികം സങ്കടം വരുന്നുണ്ടായിരുന്നു. അടുക്കളയിലെ ഇരുട്ടിൽ മുത്തശ്ശിയുമുണ്ടായിരുന്നുവെന്ന് അവർ കുട്ടിയെ വാരിയെടുത്തപ്പോഴാണ് കുട്ടിയറിഞ്ഞത്. മുത്തശ്ശി കുട്ടിയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അവർ ഒന്നും തന്നെ സംസാരിച്ചില്ല.

അതും കണ്ട് വരാന്തയിലെ ഇരുപ്പ് മതിയാക്കി, നാണിത്തള്ള കുട്ടിയെ എടുക്കുവാൻ വന്നപ്പോൾ കുട്ടി കൈകാലുകൾ കുടഞ്ഞ് പ്രതിഷേധിച്ചു. അപ്പോൾ മുത്തശ്ശി ഒരു തരം അടഞ്ഞ ഒച്ചയിൽ ‘മോളു കരേണ്ട, ലക്ഷ്മിക്ക് സുഖല്ല്യ , നാണിത്തള്ള പാട്ട് പാടി തരും, പൊക്കോളൂ ‘ എന്നു പറഞ്ഞു. വയസ്സായെങ്കിലും നാണിത്തള്ളയ്ക്ക് നല്ല ബലമുണ്ടെന്ന് കുട്ടിക്ക് വേഗം മനസ്സിലായി. കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റുന്നതിനു മുൻപ് അല്ലെങ്കിൽ മുത്തശ്ശിയുടെ കൈയിൽ നിന്ന് കുട്ടിയെ എടുക്കാൻ സാധിക്കുമോ? 

പിറ്റേന്നും അതിന്റെ പിറ്റേന്നുമൊന്നും ലക്ഷ്മി വന്നില്ല. മുത്തശ്ശിയും ലക്ഷ്മിയെ അന്വേഷിക്കാതെ സാധാരണപോലെ ജോലികൾ ചെയ്തു കൊണ്ടിരുന്നു. കുട്ടി ചോദിച്ചപ്പോഴൊക്കെ ‘ലക്ഷ്മിക്ക് സുഖമില്ല‘ എന്നു മാത്രമേ മുത്തശ്ശി പറഞ്ഞുള്ളൂ. നാണിത്തള്ള സന്ധ്യക്കു മാത്രമല്ല പകലുകളിലും ജോലി ചെയ്യാൻ വന്നെത്തിയത് കുട്ടിക്ക് അത്ര ഇഷ്ടമായില്ല. ലക്ഷ്മി വരാതായപ്പോൾ പാട്ടും ഡാൻസും പൂതത്തിന്റെ കളിയുമെല്ലാം നിന്നു. നാണിത്തള്ളയുടെ ‘തള്ളേ തള്ളേ‘ പാട്ട് കേട്ട് കുട്ടിക്ക് വല്ലാതെ മടുത്തു. എത്ര നാൾ കഴിഞ്ഞിട്ടും ലക്ഷ്മി വന്നില്ല. മുത്തശ്ശിയും നാണിത്തള്ളയുമാണെങ്കിൽ ലക്ഷ്മിയെ മറന്ന മാതിരിയാണ്. ഇത്രയധികം കാലം സൂക്കേടായിക്കിടക്കാൻ മാത്രം എന്തു പനിയാണാവോ ലക്ഷ്മിക്ക് വന്നത്?

കുട്ടി ഇംഗ്ലീഷ് അക്ഷരമാല  മുഴുവനും ഒരു തെറ്റും കൂടാതെ എഴുതാൻ പഠിച്ചതിന്റെ പിറ്റേദിവസമാണ് കുറേ നാളു കൂടി ലക്ഷ്മി വന്നത്. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ നേരത്ത് അടുക്കള വരാന്തയിൽ പരിചയമില്ലാത്ത ഒരു കരച്ചിൽ ഉയർന്നു. കുട്ടിക്കിപ്പോൾ പണ്ടത്തെ മാതിരി അടുക്കള വരാന്തയിലിരിക്കാനൊന്നും ഇഷ്ടം തോന്നുന്നില്ല. കുട്ടി വലുതായി, സ്കൂളിൽ പോകാറായി, അവിടേം ഇവിടേം ഇരുന്ന് സമയം കളയാതെ പഠിക്കണമെന്ന് അമ്മയും അച്ഛനും കുട്ടിയോട് പറഞ്ഞിട്ടുണ്ട്. എന്നാലും കരച്ചിൽ കേട്ടപ്പോൾ  നോക്കിക്കൊണ്ടിരുന്ന പടപ്പുസ്തകം അടച്ച് വെച്ച് കുട്ടി അങ്ങോട്ട് പോയി.

അതിശയമായിരിക്കുന്നല്ലോ, വന്നിരിക്കുന്നത് ലക്ഷ്മിയാണ്. കുട്ടിക്ക് വലിയ സന്തോഷം തോന്നിയെങ്കിലും അത്രക്കങ്ങോട്ട് കൂട്ടാവണ്ട എന്നാണ് കുട്ടി കരുതിയത്. ഒരക്ഷരം പറയാതെ പോയില്ലേ, ലക്ഷ്മി. പിന്നെ എത്ര നാൾ കഴിഞ്ഞു, ഇതു വരെ ഒന്നു വന്നു നോക്കിയോ, ഒരു പാട്ട് പാടിത്തന്നോ? കുട്ടി ഇപ്പോൾ വലുതായി, പാട്ടും കളിയുമൊന്നും ഇല്ലാതെ തന്നെ ഊണു കഴിക്കാറൊക്കെയായി. വളരെ പതുക്കെ ഒന്നു ചിരിക്കാമെന്നു കരുതി കുട്ടി നോക്കുമ്പോഴുണ്ട് വരാന്തയിൽ ശീതനടിക്കാതെ കുറച്ച് മാറി ഒരു തുണി വിരിച്ച് അതിലൊരു കുഞ്ഞിനെ കിടത്തിയിരിക്കുന്നു. നന്നെ ചെറിയ ഒരു ചുവന്ന കുഞ്ഞ്, അതിനെ വേണമെങ്കിൽ എടുത്ത് മുത്തശ്ശിയുടെ പൂത്തട്ടത്തിൽ ഇടാമെന്ന് കുട്ടിക്ക് തോന്നി. മുത്തശ്ശി അതിന്റെ വായിൽ എന്തോ ഇറ്റിക്കുന്നുണ്ട്. അതും നോക്കി ഏങ്ങലടിച്ച് കരയുകയാണ് ലക്ഷ്മി. 

കുട്ടിയെ കണ്ടപ്പോൾ ലക്ഷ്മി ചിരിച്ചു. എന്നിട്ട് കണ്ണീരു തുടച്ചു.

ലക്ഷ്മിയുടെ ചിരിക്ക് പഴയ ഭംഗിയൊന്നുമില്ലെന്ന് കുട്ടിക്ക് തോന്നി. വാടിയ മുല്ലമാല പോലെ ഒരു ഉണങ്ങിയ ചിരി.

ലക്ഷ്മി കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ‘എന്നെ മറന്നോ മോളുക്കുട്ടീ?‘

കുട്ടി ചിരിച്ചു കൊണ്ട് ഇല്ല എന്ന അർഥത്തിൽ തലയാട്ടി.

എന്നിട്ട് ചുവന്ന കുഞ്ഞിനെച്ചൂണ്ടി കുട്ടി ചോദിച്ചു, ‘ഇതേതാ ഈ കുട്ടി, ഇതിനെ എവിട്ന്നാ കിട്ടീത്? മുത്തശ്ശീടെ പൂത്തട്ടിലിടാലോ അതിനെ’.

ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘ന്റെ അനീത്തി……അല്ലാ,… ന്റെ മോള്……ന്റെ…ന്റെ…ഞാൻ എന്താ പറ്യേണ്ട് ….ഹെന്റീശ്വരാ‘.

ലക്ഷ്മിയുടെ കരച്ചിൽ കണ്ട് കുട്ടി പേടിച്ച് പോയി. പരിഭ്രമം കൊണ്ട് കുട്ടി വിക്കുന്നുണ്ടായിരുന്നു. ‘അയ്യോ നിക്ക് വേണ്ടാ ആ കുട്ടീനെ. ലക്ഷ്മിയന്നെ എട്ത്തോളൊ.‘

കുട്ടി നോക്കുമ്പോൾ മുത്തശ്ശിയും കരയുകയായിരുന്നു. അപ്പോൾ കുട്ടിക്കും കരച്ചിൽ വന്നു.

Wednesday, September 23, 2009

ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ (മൗനത്തിനപ്പുറത്തേക്ക്)


അഭിരാമം, Street Light, അഭിരാമവാരഫലം


                                             

അത്ര നല്ലതൊന്നുമല്ലാത്ത ഒരു ഗിറ്റാർ എന്റെ പക്കലുണ്ട്.

ഓൾഡ് ഡൽഹിയിലെ ഒരു ഷോപ്പിൽ നിന്നും കരസ്ഥമാക്കിയത്.

അതിൽ വല്ലപ്പോഴും ചില ശബ്ദങ്ങളൊക്കെ ഞാനുണ്ടാക്കിപ്പോന്നു. അത് താങ്ങാവുന്നതിനപ്പുറമാകുമ്പോൾ എന്റെ മകൻ ഒരു ഗാനം മീട്ടി എന്നെ നിശ്ശബ്ദയാക്കാറുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം അവൻ മീട്ടിയ ഗാനം പൊടുന്നനെ ‘ക്ടിം‘ എന്ന് മുറിഞ്ഞു. ഗിറ്റാറിന്റെ ഒരു കമ്പി പൊട്ടിപ്പോയതാണ്.

അതിനു ശേഷം ആ ഗിറ്റാർ അനാഥമായി തറയിൽ വിരിച്ച മെത്തമേൽ കുറെക്കാലം വിശ്രമിച്ചു.

ഒരു നാൾ ഗിറ്റാറിന്റെ പൊട്ടിപ്പോയ കമ്പി വാങ്ങുമ്പോൾ,  ഷോപ്പുടമയോട് ഞാൻ വെറുതെ ചോദിച്ചു. ‘വീട്ടിൽ വന്ന് ഗിറ്റാർ പഠിപ്പിച്ച് തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ?‘

അവർ എന്റെ മേൽ വിലാസവും ഫോൺ നമ്പറും കുറിച്ചെടുത്തു. ഒരു അധ്യാപകനുണ്ടെന്നും അദ്ദേഹം ഫോൺ ചെയ്ത് സമയം ചോദിച്ചിട്ട് വീട്ടിൽ വന്നു കാണുമെന്നും അവർ പറഞ്ഞു.

ഞാൻ അത് അപ്പോൾ തന്നെ മറന്നുവെന്നതാണ് സത്യം.

പിറ്റേന്ന് വൈകുന്നേരം ഞാൻ ഗിറ്റാർ പഠിപ്പിക്കുന്ന സാറാണെന്നും സൌകര്യമുണ്ടെങ്കിൽ ഇപ്പോൾ വന്നു കാണാമെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ സ്വരത്തിനോട് എനിക്ക് യാതൊരു താൽപ്പര്യവും തോന്നിയില്ല.

മോശമായ ഹിന്ദി.

അതിലും മോശമായ ഇംഗ്ലീഷ്.

‘ശരി, വരൂ‘ എന്ന് വളരെ ഹ്രസ്വമായി പറഞ്ഞ് ഫോൺ ‘ക്ടിം‘ ശബ്ദത്തോടെ ഞാൻ താഴെ വെച്ചു.

സന്ധ്യയോടടുപ്പിച്ച് മൂന്നാം നിലയിലെ ഫ്ലാറ്റിൽ കിതച്ച് കൊണ്ട് എത്തിയ അധ്യാപകനെ ആദ്യം തണുത്ത വെള്ളവും പിന്നെ ചായയും ബിസ്ക്കറ്റും കൊടുത്ത് ഞാൻ സ്വീകരിച്ചു.

എനിക്കയാൾ ഒരു കോമാളിയാണെന്നു തോന്നി.

കറുത്ത് തടിച്ച് കുറുതായ ഒരു മനുഷ്യൻ.

എലിവാലു പോലെയിരിക്കുന്ന തലമുടി നീട്ടി വളർത്തി റബർ ബാൻഡിട്ടിരിക്കുന്നു.

നന്നെ നീളം കുറഞ്ഞ് കണ്ടാൽ കൂർക്ക പോലെ, ഉരുണ്ടു കറുത്ത തടിച്ച വിരലുകൾ, അവയുടെ പിൻപുറത്ത് നിറയെ കറുത്ത രോമങ്ങളും.

ഹിന്ദിയും ഇംഗ്ലീഷും ഇട കലർത്തി ഒരു വ്യാകരണവുമില്ലാത്ത അവിയലോ എരിശ്ശേരിയോ ആയ ഭാഷ.

സാമാന്യം രൂക്ഷമായ വിയർപ്പു ഗന്ധം.

അയ്യേ! ഈ നാശം പിടിച്ചവൻ എന്തു പഠിപ്പിക്കാനാണ്? പൊയ്ക്കോളാൻ പറഞ്ഞേക്കാം.

എന്റെ പ്രസന്നതയില്ലാത്ത മുഖം എന്റെ വികാരങ്ങളെ വെളിപ്പെടുത്തിയോ ?

എന്തായാലും ആ പഴയ ഗിറ്റാർ കൈയിലെടുത്ത് തന്റെ  കറുത്ത ഉരുണ്ട വിരലുകൾ അയാൾ അതിന്മേൽ പായിച്ചു.

പൊടുന്നനെ എന്റെ വരണ്ടുണങ്ങിയ ഫ്ലാറ്റിൽ ആയിരമായിരം നീർമലരുകൾ പൊട്ടി വിടർന്നു. പുതു പുഷ്പങ്ങളുടെ സൌരഭ്യം അവിടെയാകെ പടർന്നൊഴുകി. ആ പഴഞ്ചൻ ഫ്ലാറ്റ് ഇളം കാറ്റിൽ ആടുന്ന ഇലകളും, പാടുന്ന പഞ്ചവർണ്ണക്കിളികളും നിറഞ്ഞ ഒരു പൂങ്കാവനമായി മാറി.

നാദപ്രപഞ്ചം എന്റെ മുൻപിൽ മോഹിപ്പിക്കുന്ന ഇന്ദ്രജാലമായി ഇതൾ നിവർന്നു.

എന്റെ ഉള്ളിൽ കുയിലുകൾ പാടി, മയിലുകൾ പീലി വിടർത്തിയാടി.

ഞാൻ ചിരിച്ചു.

ഞാൻ കരഞ്ഞു.

ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നത് ഞാൻ കാണുകയായിരുന്നു.

വിരൂപനായ ആ ഗുരുവിനെ ഞാൻ നമസ്ക്കരിച്ചു.

അങ്ങനെയാണ് ഞാൻ ഗിറ്റാർ പഠിച്ചു തുടങ്ങിയത്. ഗിറ്റാർ എനിക്ക് വഴങ്ങിയില്ല. എങ്കിലും ഞാൻ അതു വായിച്ചുപോന്നു. ചില സ്വരങ്ങൾ മെല്ലെ മെല്ലെ ശരിയായി. കൂടുതൽ സ്വരങ്ങളും എന്നെ പരിഹസിച്ചുകൊണ്ട് അകലെ മാറി നിന്നു.

താഴത്തെയും മുകളിലെയും വശങ്ങളിലെയും ഫ്ലാറ്റുകളിലെ അയൽക്കാർ പരിഭവം പ്രകടിപ്പിച്ചു. ‘ഈ വയസ്സു കാലത്ത് ഇതിന്റെ ആവശ്യമുണ്ടോ?‘

ഞാൻ ചിരിച്ചു, ‘നേരം പോകേണ്ടേ?’

‘ശരി, ആന്റി അങ്ങനെയാകട്ടെ, ഞങ്ങൾ പഞ്ഞി വെച്ചുകൊള്ളാം‘ അവർ ഒരേ സ്വരത്തിൽ പാടി.

എന്റെ ഗുരുനാഥൻ ക്ഷമാപൂർവം എന്നെ പഠിപ്പിച്ചു. ഒരിക്കലും അസഹ്യത പ്രകടിപ്പിച്ചില്ല. പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല.

അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിയവേ ഞാൻ വെറുതേ അന്വേഷിച്ചു. ‘സാറിന്റെ ഫാമിലി, കുട്ടികൾ…..’ 

‘ഞാൻ അവിവാഹിതനാണ്.‘

അവിടെ നിറുത്തേണ്ടതായിരുന്നില്ലേ ഞാൻ? ബുദ്ധിയില്ലാത്തതുകൊണ്ട്  എനിക്ക്  അത് തോന്നിയില്ല.

‘എന്താണ് സാർ, കല്യാണം കഴിക്കാതിരിക്കുന്നത്?’

അദ്ദേഹം ഒരു നിമിഷം മൌനമായിരുന്നു.പിന്നെ വളരെ മെല്ലെ പറഞ്ഞു. ‘ഞാൻ ആഗ്രഹിച്ചവളെ സ്വന്തമാക്കാനുള്ള കഴിവ് എനിക്കുണ്ടായില്ല‘.

അധികം നീളമുള്ള  കഥയൊന്നുമല്ല. ചെറിയ ഒരു കഥ.

ഇരുപത്തഞ്ചു വർഷം മുൻപ് യൌവനത്തിൽ അദ്ദേഹം ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അവളും അദ്ദേഹത്തെ സ്നേഹിച്ചു. അവരൊരുമിച്ച് സ്വപ്നങ്ങൾ നെയ്തു, എല്ലാവരേയും പോലെ. ഒടുവിലാണ് അദ്ദേഹത്തിന്റെ വരുമാനം തീരെ കുറവാണെന്ന് ആ പെൺകുട്ടിയുടെ വീട്ടുകാർ കണ്ടെത്തിയത്.

ഗിറ്റാറിൽ പാട്ടു വായിച്ചാൽ വയറ് നിറയുമോ?

വെള്ളിപ്പാത്രങ്ങളും രത്നം പതിച്ച ആഭരണങ്ങളും പട്ടു സാരികളും വാങ്ങാൻ കഴിയുമോ?

അതുകൊണ്ട് അവർ അവളെ ധനാഢ്യനായ ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു.

മണ്ടശ്ശിരോമണിയായ ഞാൻ തുടർന്നും സംസാരിച്ചു.

‘ശരി, അവർ സാറിനെ വിട്ടു പോയി. സാർ ഇങ്ങനെ ഏകാകിയാകുന്നതെന്തിന്? അവരെ മറന്നിട്ട് മറ്റൊരാളെ ഇഷ്ടപ്പെടുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തു കൂടേ?‘

മറുപടി വളരെ ചെറുതായിരുന്നു.

‘മറ്റൊരു സ്ത്രീയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആഗ്രഹിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല, സാധിക്കുമ്പോൾ ഒന്നിച്ച് ജീവിക്കാനായേക്കും.‘

പറഞ്ഞു തീർന്നപ്പോൾ ആ കണ്ണുകളിൽ നനവുണ്ടായി.

ഞാൻ സ്തംഭിച്ചിരുന്നു.

എന്നെ മറന്നുവെന്ന് എനിക്ക് തോന്നിയ ആരേയും ഞാൻ ഓർമ്മിച്ചിരുന്നില്ല. എനിക്ക് ഫോൺ ചെയ്ത് ക്ഷേമമന്വേഷിക്കാത്തവരെ ഞാനും അന്വേഷിച്ചിരുന്നില്ല. എനിക്ക് കത്തയയ്ക്കാത്തവർക്ക് ഞാനും കത്തയച്ചിരുന്നില്ല. എന്നെ കാണാൻ വരാത്തവരുടെ വീട്ടിൽ പോകാൻ ഞാൻ വിസമ്മതിച്ചു. വല്ലപ്പോഴുമൊരിക്കൽ ഇതിലേതെങ്കിലും വേണ്ടി വന്നാൽ ഞാൻ വലിയ ഒരു ത്യാഗം ചെയ്യുന്നതു മാതിരി, രക്തസാക്ഷിയുടെ റോൾ അഭിനയിക്കുമായിരുന്നു.

ഇതാ, എന്റെ മുൻപിലിരിക്കുന്ന ഈ മനുഷ്യൻ തന്നെ എന്നേക്കുമായി വിട്ടു പോയ ആ സ്ത്രീയെ കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി സ്നേഹിക്കുകയാണ്!!

ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.

‘സാർ.. അവരെക്കുറിച്ച് …… അവരുടെ ജീവിതം നന്നായിരിക്കുന്നോ?....’

ഞാൻ പകുതിയിൽ നിറുത്തി. മറ്റൊരു പെണ്ണിനെ എന്തു ബന്ധത്തിന്റെ പേരിലായാലും, ഒരു പുരുഷൻ അല്പമെങ്കിലും പരിഗണിക്കുന്നതു കാണുമ്പോൾ തന്നെ, അസഹിഷ്ണുത നിമിത്തം പുകഞ്ഞു പോകുന്ന ഒരു പെണ്ണിനെപ്പോലെ എന്റെ ഉള്ളിലെ അസൂയക്കാരിയും ഫണം നിവർത്തുകയായിരുന്നു. എങ്കിലും ഞാനത് കൌശലത്തോടെ ഒതുക്കിവെച്ചു.  ഒരു തരം അതീവ നിഷ്കളങ്കത്വം അഭിനയിക്കുന്ന ഈശ്വര ഭക്തയുടെ മുഖം മൂടി മനസ്സിനെ ധരിപ്പിച്ചുകൊണ്ട് ഞാനാശിച്ചു. 

അവൾക്ക് ദൈവം ശിക്ഷ കൊടുത്തിരിക്കും….. ഇങ്ങനെയൊരാളെ തള്ളിക്കളഞ്ഞവൾക്ക് ….

പക്ഷെ, ഞാനാഗ്രഹിച്ച ഉത്തരമേയല്ല എനിക്ക് കിട്ടിയത്.

‘നല്ലൊരു ജീവിതമാണ് അവൾക്കുള്ളത്. എനിക്കതാണ് ഏറ്റവും വലിയ ആഹ്ലാദം. അവൾ വേദനിക്കുന്നുവെന്നറിയുകയും എനിക്കൊന്നും ചെയ്യാൻ പറ്റാതാവുകയുമാണെങ്കിൽ…… സ്നേഹിക്കുന്നവർ ദു:ഖിക്കുന്നുവെന്നറിയുക കഠിനമാണ്.‘

എനിക്ക് സഹിക്കുവാൻ സാധിച്ചില്ല.

എന്റെ നിറഞ്ഞ കണ്ണുകൾ അദ്ദേഹത്തിൽ നിന്ന് ഒളിപ്പിക്കുവാൻ വേണ്ടി ഞാൻ തിടുക്കത്തിൽ അടുക്കളയിലേക്കു നടന്നു.

ചായയുണ്ടാക്കുമ്പോൾ ഗിറ്റാറിന്റെ ശബ്ദം കേട്ടു തുടങ്ങി.

അതെ, ദൈവം തന്റെ വിരലുകൾ കൊണ്ട് ഗിറ്റാർ വായിക്കുകയാണ്.

Thursday, September 17, 2009

അയ്യോ, ഭർത്താവിനെ ഇപ്പോ കൊണ്ടു വരണ്ട!!!

കുറച്ച് ദിവസമായി ഡ്രൈവിംഗ് പഠിക്കാനുള്ള കഠിന പരിശ്രമത്തിലാണ്, ഞാൻ.

സ്ത്രീ ജന്മം പുണ്യജന്മമെന്ന് സീരിയലിൽ പറഞ്ഞാലും ശരിക്കും അതൊരു ആജീവനാന്ത വികലാംഗ ജന്മമാണെന്ന മട്ടിലായിരുന്നു എന്നെ സദാ അരുതുകളുടെ മതിൽക്കെട്ടുകളിൽ അടക്കമൊതുക്കത്തോടെ വളർത്തിയിരുന്നത്. അതുകൊണ്ട് കുഞ്ഞുന്നാളിൽ പോലും എന്റെ ചേട്ടൻ സൈക്കിൾ ഓടിക്കുമ്പോൾ എനിക്ക് അതു നോക്കി നിൽക്കുക മാത്രമേ സാധിച്ചിരുന്നുള്ളൂ.

ആ ഞാനാണ് ഇപ്പോൾ ഈ സാഹസം കാണിക്കുന്നത്.

ഈ വയസ്സ് കാലത്ത് കാറോടിച്ച് എങ്ങോട്ട് പോകാനാണ് സ്വർഗ്ഗത്തിലേക്കല്ലാതെ എന്നൊക്കെ എല്ലാവരും പറഞ്ഞുവെങ്കിലും നല്ല കരളുറപ്പോടെ, പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനെ നമിച്ച് ഞാൻ ഡ്രൈവിംഗ് പഠിച്ചു വരികയാണ്.

എന്നും രാവിലെ ഒന്നു രണ്ട് വിദ്യാർഥിനികൾക്കൊപ്പം പഠിപ്പിക്കുന്ന അധ്യാപകൻ കാറുമായി വരും. ഞാൻ ഓടിക്കുമ്പോൾ മുപ്പത്തഞ്ചിലും  നാൽപ്പതിലുമൊക്കെ നിൽക്കുന്ന സഹപാഠിനികൾ പൂർണ നിശ്ശബ്ദരായി  അവരുടെ ഉൽക്കണ്ഠകൾ രേഖപ്പെടുത്തിയിരുന്നു. വല്ലപ്പോഴുമൊക്കെ,‘അയ്യോ സ്റ്റിയറിംഗ് സ്റ്റെഡി‘ എന്ന് അവർ പറഞ്ഞു. ‘ഹേയ് ഞാനെത്ര കാറുകൾ ഓടിച്ചിരിക്കുന്നു‘വെന്ന് നിസ്സാരമായി ഭാവിക്കാനുള്ള ആത്മവിശ്വാസമാണെങ്കിലോ എത്ര മേക്കപ്പിട്ടിട്ടും കവിളുകൾ അമർത്തിത്തിരുമ്മി ചുവപ്പിച്ചിട്ടും എന്റെ ചുളിവുകളുള്ള മുഖത്ത് വരുത്തുവാൻ സാധിക്കുന്നുമില്ല.

ക്ലച്ച്, ബ്രേക്ക്, ആക്സില്, ഗിയറ്, ന്യൂട്ടറ്,  സിഗ്നല്, ഇൻഡിക്കേറ്ററ്, എഞ്ചിൻ ഓഫാക്കല്, സ്വിച്ച് കീ തിരിക്കല്…….അങ്ങനെ എന്റെ പദസമ്പത്തും പ്രായോഗികമായ അറിവുകളും കഷ്ടിപിഷ്ടിയായ ആത്മവിശ്വാസവും  പോഷകാഹാരക്കുറവുള്ള കുട്ടിയെപ്പോലെ മെല്ലെ മെല്ലെ വളരുകയാണ്. ഒരു നാൾ ഞാനുമൊരു ഡ്രൈവറാകും എന്ന് ഞാനിപ്പോൾ വിക്കലോടെയാണെങ്കിലും എല്ലാവരോടും പറയുന്നുണ്ട്.

ഇന്ന്, കാർ ക്ലാസ്സിൽ വെച്ച് നാൽപ്പതുകാരി പറഞ്ഞു, ‘സാർ, എന്റെ ഭർത്താവ് നാളെ കാറിലിരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്, ഞാൻ എങ്ങനെയാണ് വണ്ടി ഓടിക്കുന്നതെന്ന് മനസ്സിലാക്കാൻ,‘

‘അയ്യോ! ഭർത്താവിനെ ഇപ്പോ കൊണ്ടു വരണ്ട മാഡം, അതിനു നേരമാകുമ്പോ ഞാൻ പറയാം.‘

ഞാൻ സാറിനെ അത്ഭുതത്തോടെ നോക്കി, അങ്ങനേയും ഒരു പ്രത്യേക നേരമുണ്ടോ?

‘അത് ശരിയാവില്ല, മാഡം. ഞാൻ ഇത് ഇന്നലേം മിനിഞ്ഞാന്നും തൊടങ്ങിയതല്ല, കാലം ഒരുപാടായി, ഒട്ടനവധി പേര് പഠിച്ചും കഴിഞ്ഞു. മാഡങ്ങളുടെ സാറുമ്മാരു വരും, വണ്ടി ഓടിക്കണതു കണ്ട് പറയും എടീ നീ ഇത്ര നാളു കൊണ്ട് ഇത്രേം കാശും തൊലച്ചിട്ട് ഇതാണോ പഠിച്ചത്? ഇങ്ങനെയാണോ തിരിക്കണത്?, ഇതാണോ സിഗ്നല്? ഇങ്ങനെ അബദ്ധങ്ങള് കാണിക്കാനാണോ നീ വെളുപ്പിനു പോരണത്?....അങ്ങനെ ഒരു അഞ്ചാറ് ചോദ്യം ചോദിക്കും, കാര്യം അവരു നോക്കുമ്പോ എന്താണിതില് ഇത്ര പണി? അവരു എന്നും ചുമ്മാ പുല്ലു പോലെ വണ്ടി ഓടിക്കണതല്ലേ? അതോടെ മാഡങ്ങളുടെ പരിപാടി തീർന്നു. ഇന്നതും പറഞ്ഞ് സാറുമ്മാരു പോകും. നാളെ കാലത്ത് മാഡങ്ങള് കീ തിരിച്ച് വണ്ടി സ്റ്റാർട്ടാക്കാനും കൂടി പേടിച്ച് അങ്ങനെ ഇരിക്കും, ഈ കാറില്.  മാഡങ്ങള് ഡോക്ടറായാലും വക്കീലായാലും എഞ്ചിനീയറായാലും ഒക്കെ ഈ കണക്ക് തന്നെ. സാറുമ്മാരു പതിനെട്ട് വയസ്സ് മൊതല് വണ്ടി ഓടിക്കണതാണ്. അവർക്ക് നിസ്സാരം. മാഡങ്ങള് നാപ്പത് വയസ്സിലാണ് പഠിക്കാൻ വരണത് തന്നെ. ഇക്കാര്യം നിങ്ങള് മാഡങ്ങളുക്കും നിങ്ങടെ സാറുമ്മാർക്കും ഓരോന്ന് കേക്കുമ്പോളും പറേമ്പോളും ഓർമ്മ വരില്ല. ഞാൻ ഇതു വരെ പഠിപ്പിച്ചതൊക്കെ പിന്നേം പിന്നേം പഠിപ്പിക്കണ്ടതായിട്ട് വരും. മാഡങ്ങള് നന്നായി പഠിച്ചിട്ട് നമ്മ്ക്ക് സാറുമ്മാരെ വിളിക്കാം.‘

എന്റെയും സഹപാഠിനികളുടേയും എല്ലാ സംശയങ്ങളും മാറ്റിക്കൊണ്ട് സാറ് വളരെ നിസ്സാരമായി പറഞ്ഞു നിറുത്തി.

ഭർത്താവിനെ ഇരുത്തിക്കൊണ്ട്  പുല്ലു പോലെ കാറ് ഓടിക്കാൻ പറ്റുന്ന ആ സുന്ദര ദിനവും കാത്ത് ഞങ്ങൾ പഠനം തുടരാൻ തീരുമാനിച്ചു.

Friday, September 11, 2009

ഒരു ജീവചരിത്രം




                                                                             പെണ്ണിടം
ഇന്ന് ചിങ്ങത്തിലെ പൂരാടമാണ്.

ഗോവിന്നൻ മരിച്ച ദിവസം.

വീട്ടു മുറ്റത്തെ പതിനെട്ടാം പട്ട തെങ്ങ് വെച്ച ദിവസം.

ആ തെങ്ങ് ഗോവിന്നൻ വെച്ചതാണ്.

ഇത് ഗോവിന്നന്റെ ജീവചരിത്രമാണ്. എന്റെ ഓർമ്മകളിൽ നിന്ന് ഞാനെഴുതുന്നത്.

ഗോവിന്നൻ അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനായിരുന്നു. അറിഞ്ഞു കൂടാത്ത പണികളില്ല. മൂത്ത മുളകളും മുള്ളുകളും വെട്ടിക്കൊണ്ട് വന്ന് അരയേക്കർ പറമ്പിന് വേലി കെട്ടുന്നത് സ്വന്തം അവകാശമായി ഗോവിന്നൻ കരുതിയിരുന്നു. അതു കൊണ്ട് അയൽ പക്കത്തെ പറമ്പുകളിൽ പതിവായി വേലി കെട്ടുന്ന  മൂപ്പന്മാരും രാമൻ നായരുമെല്ലാം വേലി കെട്ടേണ്ടേ എന്നു ചോദിച്ച് വരുമ്പോഴെല്ലാം അമ്മീമ്മ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുപോന്നു.

കാലം എത്ര വൈകിയാലും ഗോവിന്നൻ വേലി കെട്ടുമ്പോൾ മതി, ഗോവിന്നൻ പയറ് നടുമ്പോൾ മതി, ഗോവിന്നൻ വാഴ വെയ്ക്കുമ്പോൾ മതി, ഗോവിന്നൻ വേനപ്പഞ്ച കുത്തുമ്പോൾ മതി എന്നായിരുന്നു അമ്മീമ്മയുടെ നിലപാട്. ഈ നേരം വൈകലിനെക്കുറിച്ച് അവർ തമ്മിൽ അവസാനിക്കാത്ത ഉശിരൻ തർക്കങ്ങളും പതിവായിരുന്നു. കുറെ തർക്കിച്ച ശേഷം, എന്നും ഗോവിന്നൻ കൈക്കോട്ടുമായി പറമ്പിലേക്കും അമ്മീമ്മ അടുക്കളയിലേക്കും പിൻ വാങ്ങി.

ഗ്രാമസേവകന്റെ കാർഷിക പരിഷ്ക്കാരങ്ങളെയെല്ലാം തികഞ്ഞ പരിഹാസത്തോടെ മാത്രമേ ഗോവിന്നൻ കണ്ടിരുന്നുള്ളൂ. ഉദാഹരണത്തിനു ആപ്പിൾ മരം വെച്ച് പിടിപ്പിക്കാൻ ഗ്രാമസേവകൻ വലിയ ഉത്സാഹം കാണിച്ചപ്പോൾ അമ്മീമ്മയും അതു സമ്മതിച്ച് നാലു ആപ്പിൾത്തൈകൾ വാങ്ങി.

തുടങ്ങിയല്ലോ ഗോവിന്നന്റെ വക പരിഹാസം. ‘ങ്ങള് എവിടത്തെ ടീച്ച് റാ? ഇയ് നാട്ട്ല് ഇതേ വരെ ഏതെങ്കിലും ഒരു പറ്മ്പ് ല് ഈ ആപ്പ് ൾന്ന് പറേണ സാദനം ഇണ്ടായിട്ട്ണ്ടാ? അതീ ജമ്മത്ത് ഇവിടെ ഇണ്ടാവാൻ പോണില്ല. അയിന്റെ നാട് വേറ് എവിട്യാണ്ടാ. പാവം, വായ തൊറക്കാൻ പറ്റാത്തോണ്ട് അത് വന്ന് നിൽക്കണതാ. അത് പൂക്കും ല്യാ കായ്ക്കും ല്യാ. നെലോളിച്ചോണ്ട് അങ്ങനെ നിക്കും, ചെലപ്പോ ദുക്കം കാരണം മരിച്ചൂന്നും വരും.’

അമ്മീമ്മ വിട്ടു കൊടുക്കാതെ ആപ്പിൾ മരങ്ങളെ ശുശ്രൂഷിച്ചു. പക്ഷെ അവ ഒരിക്കലും വലുതായില്ല. ഗോവിന്നൻ പറഞ്ഞതു പോലെ സങ്കടപ്പെട്ടു കൊണ്ട് അവിടെ നിന്നു. ഒരിക്കലും പൂക്കുകയൊ കായ്ക്കുകയൊ ചെയ്തില്ല. അതു കൊണ്ട് ഗ്രാമസേവകൻ വീട്ടിൽ വരുമ്പോഴൊക്കെ ആപ്പിൾ മരത്തിന്റെ മുരടിപ്പിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നതും ഗോവിന്നൻ തന്റെ ഒരു അവകാശമാക്കി മാറ്റി.

അക്ഷരം എഴുതാനറിയില്ലെങ്കിലും ഗോവിന്നൻ വലിയ കണക്കുകാരനായിരുന്നു. എത്ര മണിക്കൂർ പണിതു അതിനു എത്ര കൂലി വേണം എന്ന് തെറ്റാതെ പറയുവാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ഒരു വയസ്സായ മുത്താച്ചിയല്ലാതെ ആരുമില്ലാത്ത ഗോവിന്നൻ ഇത്ര കണക്കു പറഞ്ഞ് കാശ് വാങ്ങുന്നതെന്തിനാണെന്ന് പണിക്കാരികളിലാരെങ്കിലും ചോദിച്ചാൽ, ഉടനെ ഗോവിന്നനു കലിയിളകും, അവരെ ചീത്ത പറയാതെ പിന്നെ വേറൊന്നിലും അയാൾക്ക് ശ്രദ്ധിക്കുവാൻ തന്നെ പറ്റിയിരുന്നില്ല.

 ‘കൂലി ന്റെ അവകാശാ, അത് ഞാൻ വിട്ട് തരില്ല്യ‘ എന്ന് കമ്യൂണിസ്റ്റ് ഗോവിന്നൻ ഉറക്കെ പ്രഖ്യാപിച്ചു പോന്നു.

അതു മാത്രമല്ല, എത്ര ചാക്ക് വളം വേണം, എത്ര ചാണകം വേണം, എത്ര തരം പച്ചക്കറി വിത്തുകൾ വേണം, നട്ട വിത്തുകൾ എന്നേക്ക് മുളക്കും, മഴ എപ്പോൾ പെയ്യും  അങ്ങനെ എല്ലാറ്റിന്റേയും കണക്കുകൾ ഗോവിന്നന് മനഃപാഠമായിരുന്നു.

ഈ കഴിവുകളെല്ലാമുള്ള ഗോവിന്നൻ ജീവിച്ചിരുന്നതോ തന്റെ മുത്താച്ചിക്കു വേണ്ടി മാത്രവും. ഗോവിന്നന് അമ്മയും അച്ഛനും ഉണ്ടായിരുന്നതായി നാട്ടുകാർക്ക് പോലും ഓർമ്മയില്ല.  ചൊറി പിടിച്ചളിഞ്ഞ ശരീരവും കുട്ടിത്തേവാങ്കിന്റെ മുഖച്ഛായയുമുള്ള ഒരു കൊച്ചിന്റെ കൈയും പിടിച്ച് യാചിച്ചു നടന്നിരുന്ന മുത്താച്ചിയെ മാത്രമേ നാട്ടുകാർ ഓർക്കുന്നുള്ളൂ. ആ മുത്താച്ചിക്ക് അന്നു തന്നെ ഇത്രയും വയസ്സുണ്ടായിരുന്നുവത്രെ.

മുത്താച്ചി ഗോവിന്നനെ കാര്യമായി വളർത്തിയെങ്കിലും നാട്ടുകാർക്കൊന്നും ആ തള്ളയെ തീരെ ഇഷ്ടമില്ലായിരുന്നു. തള്ള അതീവ സാമർഥ്യക്കാരിയാണെന്ന് പണിക്കാരികൾ എപ്പോഴും അമ്മീമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. തള്ള പോരെടുത്തിട്ടാണത്രെ ഗോവിന്നന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച പോയത്. തള്ളയ്ക്ക് ഗോവിന്നൻ സമ്പാദിക്കുന്നതെല്ലാം തനിക്ക് മാത്രമായികിട്ടണമെന്നായിരുന്നു ആഗ്രഹം.

 ‘ആ പണ്ടാരം ചത്ത് തൊലഞ്ഞാ ഓയിന്നൻ കമ്മള് ലച്ചപ്പെടു‘മെന്ന് മുറ്റമടിക്കാൻ വന്നിരുന്ന പാറുക്കുട്ടി എപ്പോഴും പറയുമായിരുന്നു.

ആൾക്കാരെന്തും പറഞ്ഞോട്ടെ, ഗോവിന്നൻ ഒരിക്കലും മുത്താച്ചിയെ കുറ്റപ്പെടുത്തിയില്ല. തന്നെയുമല്ല, ജോലി ചെയ്തിരുന്ന പറമ്പുകളിൽ നിന്ന് പഴുത്ത മാമ്പഴവും ചാമ്പക്കയും പറങ്കിമാങ്ങയുമെല്ലാം പാളപ്പൊതികളിൽ നിറച്ച് അവർക്ക് കൊണ്ടു പോയിക്കൊടുത്തു.അയാൾ ഇടക്ക് ആ തള്ളയുടെ മുടി ചീകി പേൻ കൊല്ലാറുമുണ്ടെന്ന് പാറുക്കുട്ടി ഒരു തരം അറപ്പോടെ അമ്മീമ്മയോട് പറഞ്ഞിരുന്നു.

എന്റെ ബാല്യകാലത്ത് ഞാൻ അവരെ കാണുമ്പോൾത്തന്നെ ആ മുത്താച്ചി ഒരു പടു കിഴവിയും ഏറെക്കുറെ അന്ധയുമായിക്കഴിഞ്ഞിരുന്നു. ടൌണിൽ നടന്ന അന്ധതാ പരിശോധന ക്യാമ്പിലേക്ക് ഗോവിന്നൻ മുത്താച്ചിയേയും കൊണ്ട് പോയത് എന്റെ അച്ഛൻ എഴുതിക്കൊടുത്ത ഒരു സ്പെഷ്യൽ പാസ്സുമായാണ്. പക്ഷെ, കാര്യമുണ്ടായില്ല. മുത്താച്ചിയുടെ കണ്ണുകളിൽ കനമുള്ള ഒരു വെളുത്ത പാട മൂടിക്കഴിഞ്ഞിരുന്നു.

ആ ക്യാമ്പിൽ പോകാൻ വേണ്ടിയാണ് ഗോവിന്നൻ ജീവിതത്തിൽ ആദ്യമായി ഒരു ഷർട്ട് ധരിച്ചത്.

മുത്താച്ചിയുടെ അന്ധത നിമിത്തം സ്വന്തം വീട്ടിലെ വെപ്പും അലക്കും മറ്റ് പണികളുമെല്ലാം തീർത്ത് ഒരു പത്ത് മണിയോടെ മാത്രമെ ഗോവിന്നൻ മറ്റ് വീടുകളിലെ പറമ്പുകളിൽ ജോലിക്ക് വന്നിരുന്നുള്ളൂ. നേരം വൈകിയെന്ന് ആരെങ്കിലും പ്രതിഷേധിച്ചാൽ ശാന്തനായ ഗോവിന്നന്റെ മട്ട് മാറും,

 ‘ആ കണ്ണ് കാണാത്ത തള്ളേടെ കഴുത്ത് പിരിക്കാൻ പറ്റോ നിങ്ങടോടെ പണിക്ക് വരണംന്ന്ച്ചട്ട്. പറ്റ്ല്യാലോ, അപ്പോത്തിരി വൈകീന്ന് വരും.’

പിന്നെ ആരും ഒന്നും പറയില്ല.

എല്ലാ വീടുകളിലെയും അമ്മമാർക്ക് ഗോവിന്നനോട് ഇത്തിരി അധികം താൽ‌പ്പര്യമുണ്ടായിരുന്നുവെന്നത് ഒരു സത്യമാണ്. മുത്താച്ചിയുടെ ഭാഗ്യത്തിൽ ചില്ലറ അസൂയയും. എത്ര സ്നേഹത്തോടെയാണ്, കരുതലോടെയാണ് ഗോവിന്നൻ തള്ളയെ നോക്കുന്നത്. ശരിക്കും ആ തള്ള ഗോവിന്നന്റെ സ്വന്തം മുത്താച്ചിയൊന്നുമല്ല എന്നും അവരെടുത്ത് വളർത്തിയെന്നെ ഉള്ളൂ എന്നുമൊക്കെ അമ്മീമ്മയോട് പല സ്ത്രീകളും പറയുമായിരുന്നു.

‘തള്ളേടെ ഭാഗ്യം’ പെണ്ണുങ്ങൾ കൂട്ടമായും ഒറ്റക്കും നെടുവീർപ്പിടും.

ഗോവിന്നന്റെ ഒരാഴ്ച മാത്രം നീണ്ട ദാമ്പത്യത്തിന്റെ കഥ കേട്ടിട്ടുള്ളവരായിരുന്നു എല്ലാ പെണ്ണുങ്ങളും. ചിലരാകട്ടെ മരുമകളുടെ ദയാദാക്ഷിണ്യത്തിൽ കഴിയുന്നവരുമായിരുന്നു.

ആ സംഭവം ഇങ്ങനെ.

തൊട്ടടുത്ത ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു ഗോവിന്നന്റെ വധുവായി വന്നത്. കല്യാണ ദിവസം രാത്രിയിൽ തന്നെ ഗോവിന്നന്റെ കുടിലിൽ നിന്ന് ചില ബഹളങ്ങളൊക്കെ കേട്ടുവത്രെ. എന്തോ ഒരു പന്തിയില്ലായ്മയുണ്ടെന്ന് പാറുക്കുട്ടിയാണ് ആദ്യം കണ്ടു പിടിച്ചത്. എന്തായാലും കല്യാണം കഴിഞ്ഞ് നാലാം ദിവസം രാവിലെ ഗോവിന്നന്റെ മുത്താച്ചി ‘ഒന്ന് വരണം, അവളെ ഒന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കണ‘മെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്മീമ്മയെ കാണാൻ പ്രാഞ്ചി പ്രാഞ്ചി വന്നെത്തി.

അമ്മീമ്മ ആ പുരയിലെത്തുമ്പോൾ കാര്യങ്ങൾ വല്ലാതെ കുഴഞ്ഞിരുന്നു.

ധാരാളം പെണ്ണുങ്ങളും ചുരുക്കം ആണുങ്ങളും കാഴ്ച കാണാനെത്തിയിട്ടുണ്ട്.

പുതുപ്പെണ്ണാണെങ്കിൽ അലറിക്കരയുകയും നെഞ്ചത്തിടിക്കുകയുമാണ്.

ഗോവിന്നൻ ഒരു മന്ദബുദ്ധിയെപ്പോലെ പല്ലിളിച്ച് തല കാൽമുട്ടുകൾക്കിടയിൽ പ്രതിഷ്ഠിച്ച് കുത്തിയിരിക്കുന്നു, പരിപൂർണമായും തോറ്റവന്റെ നൈരാശ്യത്തോടെ.

മുത്താച്ചിയെ കണ്ടതും പെണ്ണിന്റെ ഭാവം മാറി.  പിന്നെ സങ്കടമല്ല, പുറത്തേക്ക് വരുന്നത്, പകയും വൈരാഗ്യവുമാണ്.

‘മുത്താച്ചീനെ മതീന്നുള്ളോരെന്തിനാ എന്നെ കെട്ടീട്ത്തത്? രാത്രിയായ തൊട്ങ്ങും തള്ളക്ക് ഒരോരോ കുരിപ്പ് ദീനം. അത് കേട്ട് തള്ളെ സുസ്രൂശിക്കാൻ ഓട് ല്ലേ ആണൊരുത്ത്ൻ.‘

‘അയിന് ഇയാള് ആണാ? എന്റെ ജമ്മം തൊലഞ്ഞൂലൊ ദയ്‌വേ, ഈ പണ്ടാറ തള്ള ചാവാണ്ട് നിക്ക് ഒരു ഗതീം ഇണ്ടാവില്യലോ.’

പെണ്ണ് പിന്നെയും നെഞ്ചത്തിടിക്കുകയാണ്.

അമ്മീമ്മ വളരെ സമാധാനമായി പറഞ്ഞു.’ മോളെ, നീ സമാധാനിക്ക്, ഒക്കെ ശര്യാവും. ജീവിതം തൊടങ്ങിയല്ലേള്ളൂ. ഇനി എത്ര നാളുണ്ട്, എല്ലാ കാര്യങ്ങളും ശരിയാകും. മുത്താച്ചിയേം ഗോവിന്നനേം ഒക്കെ പറ്ഞ്ഞ് മനസ്സിലാക്കാം. നീ ബഹളം വെക്കല്ലേ’

പെണ്ണിനു കലി കയറുക തന്നെയാണ്.

‘ഞാനേയ് ആരുല്യാത്തോളൊന്ന്ല്ലാ.  ഈ മുത്ക്കീന്റെ ഓശാരത്തില് കെട്യോന്റെ കൂടെ കെട്ക്കണ്ട ഗതികേട് നിക്ക് ല്യ്. ബന്ധൊഴിഞ്ഞാ മതി. ന്റെ ചേട്ടമ്മാര് ന്നെ നോക്കിക്കോളും. നല്ല ഉശിരുള്ള ആണിന് ന്നെ കൊട്ക്കാൻ അവർക്ക് പറ്റും.‘

അവൾ കാർക്കിച്ച് തുപ്പി. 

അമ്മീമ്മ വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൾ സർപ്പത്തെപ്പോലെ ചീറി. പിന്നെ വന്നത് ഭയങ്കരമായ വാക്കുകളായിരുന്നു.

‘നിങ്ങള് ഒന്നും പറേണ്ട. ആണൊരുത്തന്റൊപ്പം ഒരൂസം കഴിയാത്ത ങ്ങക്ക് എന്റെ ദണ്ണങ്ങനെയാ അറ്യാ. എന്നെ വീട്ട് ലാക്കിയാ മതി. എനിക്ക് വയ്യാ ഈ മുത്താച്ചി ദാസന്റൂടെ കഴിയാൻ.‘

‘അടിക്കെടാ ഗോവിന്നാ അവളെ, അവളെന്താ ആ ടീച്ച്റോട് തോന്ന്യാസം പറേണ്, അവൾടെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടക്കടാ, നീയൊരു ആണാ‍ണെങ്കില്.‘ മുത്താച്ചി ദൈന്യത കൈവെടിഞ്ഞ് ഉറക്കെ അലറി.

കെട്ടിയ പെണ്ണിന്റെ മുൻപിൽ മാത്രമല്ല, വളർത്തിയ മുത്താച്ചിയുടെ മുൻപിലും ആണാകാൻ ഗോവിന്നന് കഴിഞ്ഞില്ല.

ഒരു കഥയുമില്ലാത്ത ആചാരങ്ങളിൽ തട്ടി തകർന്നു പോയ തന്റെ ജീവിതത്തെ, ഒരു കിളുന്ന് പെണ്ണ് ഇത്ര പരസ്യമായി നിസ്സാരമാക്കിയിട്ടും അമ്മീമ്മ തെല്ലും പതറിയില്ല. അയ്യോ, ആൺ കാവലില്ലാത്തതു കൊണ്ട് എന്നെ എല്ലാവരും അപമാനിക്കുന്നുവല്ലോ, ഞാൻ ഒരു അനാഥയാണല്ലോ, എന്റെ ജീവിതം ഇതാ ഇങ്ങനെ ചിതറിപ്പോകുന്നുവല്ലോ എന്ന് മുഖം പൊത്തിക്കരയുന്ന ദുർബലയായിരുന്നില്ല അവർ. ബാധ കയറിയതു പോലെ ക്ഷോഭിക്കുന്ന ആ പെണ്ണിനോട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ശര്യാടീ മോളെ, ആണൊരുത്തന്റൊപ്പം കഴിയാൻള്ള യോഗം ദൈവം എനിക്ക് തന്നില്ല, നിനക്ക് യോഗം വന്നിട്ടും കഴിയാൻ പറ്റ്ണില്ല. നീയായിട്ട് കിട്ടിയ യോഗം ഇല്ലാണ്ടാക്കണ്ട. നമ്ക്ക് ഒക്കെ പറ്ഞ്ഞ് ശര്യാക്കാം. നീയ് ഒന്ന് ക്ഷമിക്ക്, കുളിച്ച് ഇത്തിരി കഞ്ഞി കുടിക്ക്, ന്ന്ട്ട് എന്റെ കൂടെ മഠത്തിലേക്ക് വാ, ഇത്തിരി കഴീമ്പോ ഗോവിന്നനും മുത്താച്ചീം അങ്ങ്ട് വരട്ടെ. നമ്ക്ക് ഒക്കെ ശര്യാക്കാം.‘

പെണ്ണ് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ, അഴിഞ്ഞു വീണ തലമുടിയോടെ,ജാക്കറ്റിനുള്ളിൽ അമർത്തി വെച്ച  വലുപ്പമുള്ള മുലകളെ മുന്നോട്ടുന്തി, രണ്ട് കൈകളും എളിയിൽ വെച്ച് അലറി,

‘ഒന്നു പോണ് ണ്ടോ ങ്ങള്? ഞായെന്ത്നാ ഈ ആണും പെണ്ണും കെട്ടോന്റെ കൂടെ ങ്ങ്ടോടെക്ക് വരണ്? ങ്ങള് വേണങ്കി അയിനെ കൊണ്ടോയി ങ്ങ്ടെ പറ്മ്പില് പണീട്പ്പിച്ചോളൊ.’

ആ നേരത്ത് ഒരു ആവശ്യവുമില്ലാതെ അവിടെ കൂടിയിരുന്ന ചില പുരുഷന്മാർ ഒതുക്കി ചിരിച്ചു.

അപ്പോഴാണ് ഗോവിന്നൻ ഇരുന്നേടത്ത് നിന്ന് എണീറ്റ് പെണ്ണിനോട് പറഞ്ഞത്.

‘മുണ്ടും തുണീം എട്ത്തോ, ഞാൻ നിന്നെ നിന്റോടെയാക്കിത്തരാം, ഒക്കെ മതി. ഇനി ഒന്നും പറേണ്ട, ഇബടേ ആരും.’

ഗോവിന്നന്റെ മുഖത്തു നോക്കാൻ  അപ്പോൾ എല്ലാവർക്കും ഭയം തോന്നിയെന്നാണ് അന്നവിടെ കൂടിയ പെണ്ണുങ്ങൾ പിന്നീട് പറഞ്ഞത്.

എന്തായാലും ഗോവിന്നന്റെ ദാമ്പത്യം അന്നു തീർന്നു. ഭാര്യയെ വേറെ കല്യാണം കഴിപ്പിക്കാൻ അവളുടെ സഹോദരന്മാരോട് പറഞ്ഞിട്ടാണ് ഗോവിന്നൻ എന്നേക്കുമായി ഭാര്യ വീടിന്റെ പടിയിറങ്ങിപ്പോന്നത്. ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ച് സുഖമായി കഴിയുന്നത് തന്റെ ആണത്തത്തിനു  സംഭവിക്കുന്ന അതിഭയങ്കരമായ കുറവായി ഗോവിന്നന് തോന്നിയതേയില്ല.

‘നീയ് ഇത്ര തെരക്ക് കൂട്ടേണ്ട കാര്യം ന്തായിരുന്നു, ഗോവിന്നാ‘ എന്ന് വാരര് മാഷ് ചോദിച്ചപ്പോൾ ഗോവിന്നൻ പറഞ്ഞു, ‘അത് ശര്യാവില്ല, മാഷെ. എനിക്ക് ഒരു കാര്യോം നന്നായി ചിയ്യാൻ പറ്റാണ്ടെയാവും.അതിലും ഭേദം കൊറ്ച്ച് കാര്യങ്ങള് നന്നാക്കി ചിയ്യാലോ.’

യാതൊന്നും വിശേഷിച്ച് സംഭവിക്കാത്തതു പോലെ ഗോവിന്നൻ നാട്ടിലെ മിക്കവാറും പറമ്പുകളിൽ ജോലി ചെയ്തും മുത്താച്ചിയെ ശുശ്രൂഷിച്ചും മാത്രം കഴിഞ്ഞു കൂടി.

ആ മുത്താച്ചി കുറച്ച് കാലം കൂടി കഴിഞ്ഞപ്പോൾ  അവരുടെ ഗോവിന്നനെ ശരിക്കും തനിച്ചാക്കിയിട്ട് മരിച്ച് പോയി.

അന്നു മുതൽ ഗോവിന്നൻ ആരോടും തർക്കുത്തരം പറയാതെയായി, കണക്ക് പറഞ്ഞ് കൂലി വാങ്ങാതെയായി. എന്തു  കൊടുത്താലും ഒന്നുമുരിയാടാതെ വാങ്ങും.

ഭയാനകമായ ഏകാന്തത ഗോവിന്നനെ കാർന്നു തിന്നുകയായിരുന്നു.

മുത്താച്ചിയില്ലാത്ത ലോകം ഗോവിന്നനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു.  ആ ലോകമാകട്ടെ അങ്ങേയറ്റം അപരിചിതമായി തോന്നി, പാവത്തിന്.

ആരോഗ്യവാനായിരുന്ന ഗോവിന്നന്റെ ഇരു പാദങ്ങളിലും കടുത്ത നീര് പ്രത്യക്ഷപ്പെട്ടപ്പോൾ വൈദ്യശാലയിലെ ഗോപാലൻ തികച്ചും സൌജന്യമായി മരുന്ന് കൊടുത്ത് ചികിത്സിക്കാൻ തുടങ്ങി. എന്നാൽ ഗോവിന്നൻ  സമയത്തിനു മരുന്ന് കഴിക്കുന്നില്ലെന്നും പഥ്യം നോക്കുന്നില്ലെന്നും ഗോപാലൻ കാണുന്നവരോടെല്ലാം പരാതിപ്പെട്ടു.

 ‘എന്താ ഗോവിന്നാ അസുഖം മാറ്ണ്ടേ‘ എന്ന് ചോദിച്ചവരോടൊക്കെ ഒരു വിഷാദച്ചിരി മാത്രം ഉത്തരമായിക്കൊടുത്ത് ഗോവിന്നൻ നടന്നു.

പൂരാടത്തിന്റെ അന്ന് രാവിലെ ഞാനും അനിയത്തിയും കൂടി വലിയ പൂക്കളമൊക്കെയിട്ട് ‘ഞാനിട്ടതിനാ ഭംഗി‘ എന്ന് തമ്മിൽത്തമ്മിൽ വീറോടെ വാദിക്കുമ്പോഴാണ് നീരു വെച്ച കാലുകളുമായി ഗോവിന്നൻ പടി കടന്നു വന്നത്. വന്ന പാടെ അമ്മീമ്മയെ വിളിച്ച് മുറ്റത്ത് എടുത്തിട്ടിരിക്കുന്ന കുഴിയിൽ അടിയന്തിരമായി തെങ്ങു വെയ്ക്കേണ്ടതിനെക്കുറിച്ച് വളരെ ഗൌരവമായി സംസാരിച്ചു.

‘അതിനു നിനക്ക് വയ്യല്ലോ ഗോവിന്നാ,  നിന്റെ സൂക്കേടൊക്കെ മാറട്ടെ‘ എന്ന് അമ്മീമ്മ പറഞ്ഞപ്പോൾ, പഴയ ഉശിരോടേ അയാൾ പ്രതിഷേധിച്ചു.

‘നിക്ക് ഒരു കുന്തോല്യ, ആ ഗോപാലന്റെ വിചാരം ഞാനൊരു അരപ്രാണനാന്നാ. ങ്ങ്ള് കാശ് കാട്ട്വോ, ഞാൻ പോയി തെങ്ങും തൈ കൊണ്ടരട്ടെ.‘

കാശും മേടിച്ച് പോകാനൊരുമ്പെട്ട ഗോവിന്നൻ പെട്ടെന്ന് അമ്മീമ്മയോട് ഒരാവശ്യമുന്നയിച്ചു. ‘നിക്ക്ന്ന് ഇബടെ ചോറ് തരണം, ഉച്ചയ്ക്ക്.

അമ്മീമ്മ ചിരിച്ചു, ‘അത് ല് എന്താപ്പോ ഒരു പുതുമ? ഇബടെ നീയെത്ര നാള് ഊണു കഴിച്ച്ട്ട് ണ്ട്?

‘അതേയ്, ങ്ങ്ടെ അരച്ചിലക്കീം, മെഴ്ക്ക്പെരട്ടീം മോരും കടുമാങ്ങേം ആയ്ട്ട് ള്ള പറ്റിക്കല് വേണ്ട, നിക്ക് ഒരു ഓണസദ്യ മതി, പായസോം വേണം. ങാ‘

അമ്മീമ്മ പിന്നെയും ചിരിച്ചു.

ഗോവിന്നൻ നല്ല ഉഷാറിലാണെന്നു കണ്ടപ്പോൾ മുറ്റം അടിച്ചു തീർത്ത് നിവർന്ന പാറുക്കുട്ടിയും ചിരിച്ചു.

ഞാനും അനിയത്തിയും കൂടി ചിരിച്ചു പോയി.

ഗോവിന്നൻ താമസിക്കാതെ തെങ്ങും തൈ കൊണ്ടു വന്നു, കൈക്കോട്ടെടുത്ത് കുഴി വിശദമായി വിസ്താരപ്പെടുത്തി, ഉപ്പും മണലും ചാരവും വിതറി, തെങ്ങും തൈ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ച് പ്രാർഥിച്ച ശേഷം വളരെ മെല്ലെ കുഴിയിലേക്ക് വെച്ചു. തൈ വെച്ച നിവർന്ന ഗോവിന്നന്റെ കണ്ണ് നിറഞ്ഞിരുന്നു, അനിയത്തി അതു കണ്ട് ‘ന്ത്നാ കരയണേ‘ എന്നു ചോദിച്ചതും ‘ഹേയ്, ഞാൻ കരഞ്ഞില്ല മോളെ, അതു ഒരു കരടാ‘ എന്ന് ഗോവിന്നൻ പറഞ്ഞതും ഞാനിപ്പോഴും ഓർമ്മിക്കുന്നു.

അടുക്കളയുടെ പുറം തിണ്ണയിൽ വലിയൊരു നാക്കില വെച്ച് അമ്മീമ്മയും പാറുക്കുട്ടിയും കൂടി ഗോവിന്നനു സദ്യ വിളമ്പി. പാലില്ലാത്തത് കൊണ്ട് ശർക്കരപ്പായസമാണുണ്ടാക്കിയതെന്ന് അമ്മീമ്മ പറഞ്ഞു. തിരുവോണത്തിനു പാലടയുണ്ടാക്കുമെന്നും അന്ന് ഗോവിന്നൻ സദ്യയുണ്ണാൻ വരണമെന്നും കൂടി ക്ഷണിച്ചിട്ടാണ് അമ്മീമ്മ ഗോവിന്നനെ യാത്രയാക്കിയത്. കൂലിയും മാരാരുടെ തുണിപ്പീടികയിൽ നിന്ന് ഒരു മുണ്ടിനും തോർത്തിനുമുള്ള പണവും അവർ ഗോവിന്നനെ ഏല്പിച്ചു.

ഗോവിന്നൻ ഒരു നിമിഷം എന്തോ ഓർത്തു നിന്നു, എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

‘പതിനെട്ട് പട്ട വന്നാ അപ്പൊ കായ്ക്കും, കുട്ട്യോൾക്ക് എളന്നീരു ഇട്ട് കൊടുക്കാൻ എളുപ്പണ്ട്. അതാ പതിനെട്ടാം പട്ട തന്നെയാവട്ടെന്ന്ച്ച്ത്.’

അതും പറഞ്ഞ് ഗോവിന്നൻ പടി കടന്ന് പോയി.

ഉത്രാടത്തിന്റെ അന്നു രാവിലെ വാരരു മാഷ്  വലിയ കിതപ്പോടെ കയറി വന്നു. ഒരു വാചകമെ പറഞ്ഞുള്ളൂ.

‘നമ്മ്ടെ ഗോവിന്നൻ പോയി, എന്റെ ടീച്ച് റെ, അവൻ ഒരു കഷണം കയറ് ചെലവാക്കി’

ഒരു പുതിയ മുണ്ടും തോർത്തും ഗോവിന്നൻ പുരയിൽ വെച്ചിരുന്നു. അതുടുപ്പിച്ചാണ് ഗോവിന്നനെ ചിതയിൽ വെച്ചത്.

ഇപ്പോഴും ആ പതിനെട്ടാം പട്ട തെങ്ങ് ഓലകളിളക്കി മുറ്റത്ത് നിൽക്കുന്നു. ഇളന്നീർ ധാരാളമുണ്ട്.

Saturday, August 29, 2009

മംഗളം ഭവന്തു

ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്റെ മഠമുണ്ടായിരുന്നു. അവിടെ അയാളും ഭാര്യയും ഒരു മകളും നാലഞ്ച് ആണ്മക്കളും കൂടി താമസിച്ച് വന്നിരുന്നു. നല്ല ഭൂസ്വത്തുണ്ടായിരുന്ന സമ്പന്ന കുടുംബമായിരുന്നു അവരുടേത്. അല്ലലും അലട്ടുമൊന്നും ഇല്ലാത്ത ഒരു സുഖ ജീവിതമാണ് അവർ നയിച്ചത്.

മകളുടെ പേരായിരുന്നു, മംഗളം. പതിന്നാലു വയസ്സ് കഴിഞ്ഞ അവൾക്ക് കല്യാണം ഒന്നും ആയിരുന്നില്ല. അതായിരുന്നു അവരുടെ ഏറ്റവും വലിയ മനഃപ്രയാസം. ജാതകങ്ങൾ ധാരാളം ഒത്ത് നോക്കിയെങ്കിലും പൊരുത്തമായി ഒന്നും വന്നു ചേർന്നില്ല. അവളുടെ കല്യാണത്തിനു വേണ്ടി ചെയ്യാത്ത പൂജകളും നേരാത്ത വഴിപാടുകളും ഇല്ലായിരുന്നു.

മംഗളത്തിന് അത്ര കാര്യഗൌരവം വന്നിരുന്നില്ല. നല്ല പട്ട് പുടവയും ആഭരണങ്ങളും മുല്ലപ്പൂമാലയും ഒക്കെ ധരിക്കാം, നല്ല ആഘോഷമായിരിക്കും, കുറേ പലഹാരങ്ങളും തിന്നാം അതിൽക്കവിഞ്ഞ് എന്താണ് ഒരു കല്യാണമെന്ന് അവൾക്കറിയില്ലായിരുന്നു. അതു പറഞ്ഞുകൊടുക്കേണ്ട ഒരു കാര്യമായി ആരും വിചാരിച്ചതുമില്ല. അവൾക്ക് അക്ഷരാഭ്യാസമുണ്ടായിരുന്നില്ല. അക്കാലം സ്ത്രീകൾ അക്ഷരം പഠിച്ചാൽ ദൈവങ്ങൾ കോപിക്കുമായിരുന്നുവത്രെ.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കഥയാണു പറയുന്നത്.

പക്ഷെ, വളരെപ്പെട്ടെന്നാണ് കാര്യങ്ങളെല്ലാം തുലഞ്ഞ് പോയത്.

മഠത്തിലെ പുറം പറമ്പിൽ പണിക്ക് വന്ന ഒരു വേലച്ചെറുക്കനോട് മംഗളം ചിരിച്ച് രസിച്ച് സംസാരിക്കുന്നത് കണ്ടവരുണ്ട്. അങ്ങനെ ചെയ്യാമോ എന്നാണെങ്കിൽ, അങ്ങനൊരിക്കലും ചെയ്യുവാൻ പാടില്ല.

ഒരു തമിഴ് ബ്രാഹ്മണപ്പെണ്ണ് ഒരിക്കലും ആലോചിക്കാൻ പോലും പാടില്ലാത്ത ഘോരമായ തെറ്റാണ് മംഗളം ചെയ്തത്.

മഠത്തിൽ നിന്ന് അടിച്ചിറക്കി വിടുകയല്ലാതെ വേറെ ഒരു വഴിയുമില്ല. പടിയടച്ച് പിണ്ഡം വെയ്ക്കുക മാത്രമാണ് ബാക്കിയുള്ളവർക്ക് ചെയ്യാവുന്ന മോക്ഷമാർഗ്ഗം. പഞ്ചാപകേശയ്യരുടെ മഠത്തിന്റെ അന്തസ്സ് എന്തു വില കൊടുത്തും സംരക്ഷിക്കപ്പെടണം.

മംഗളം അത്യുച്ചത്തിൽ നിലവിളിച്ചു. ഇറങ്ങിപ്പോകുകയില്ലെന്നു പറഞ്ഞു. അപ്പാ എന്നും അമ്മാ എന്നും അത്യന്തം ദയനീയമായി വിളിച്ച് കരഞ്ഞു. ഭിത്തിയിൽ തലയിട്ടടിച്ചു.

ആരും ഒന്നും കേട്ടില്ല.

മംഗളം കരഞ്ഞുകൊണ്ട് ആ ഗ്രാമത്തിലൂടെ അലഞ്ഞു. അവൾക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും കിടപ്പാടവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി.
ഒരു പെണ്ണ് അനാഥയാകാൻ വേറെ എന്തു വേണം?

ആ അലച്ചിലിൽ പക്ഷെ, അവൾ ഏതോ ഒരുത്തനിൽ നിന്ന് ഗർഭം ധരിച്ചു.

അലഞ്ഞ് തിരിഞ്ഞും പിച്ചയെടുത്തും പട്ടിണി കിടന്നും പേക്കോലമായ അവൾ പ്രസവമടുത്തപ്പോൾ അവളുടെ അമ്മയെത്തേടി ആ മഠത്തിലേക്കു കയറിച്ചെന്നുവത്രെ.
ബ്രാഹ്മണ പ്രതാപത്തിനു സഹിക്കാവുന്നതിന് അപ്പുറമായിരുന്നു അത്.

തിളച്ച വെള്ളം നിറച്ച ഓട്ടുകിണ്ടി അവൾക്ക് നേരെ എറിഞ്ഞത് ആരാണെന്ന് ആർക്കും നിശ്ചയമില്ല.
പൊള്ളിപ്പിടഞ്ഞ്, രക്തമൊലിക്കുന്ന മുറിവുകളോടെ മംഗളം ആ മഠം വിട്ടു പോന്നു.

ആ മുറിവുകൾ പഴുത്തു, അവയിൽ ഈച്ചയും പുഴുവും വന്നു.

അങ്ങനെ ഒരു ദിവസം ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ, അവൾ ആ ഗ്രാമത്തിലെ ഒരിടവഴിയിൽ ഒരു ചത്ത കുഞ്ഞിനെ പെറ്റിട്ട്, വായും തുറന്ന് മരിച്ച് കിടന്നു.
അവൾക്ക് ഏറിയാൽ പതിനഞ്ചു വയസ്സായിരുന്നിരിക്കണം.

ജാതിയിൽക്കുറഞ്ഞവനോട് സംസാരിച്ചതിനായിരുന്നു മംഗളത്തിന് ഈ മഹാ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നത്.

ഈ പഴയ കഥയ്ക്ക് എന്റെ ജീവിതത്തിൽ എന്താണ് പ്രസക്തി ?

ജാതിയുമായി ഇടയേണ്ടി വന്ന് പീഡനങ്ങൾ ഏറ്റു വാങ്ങിയ ആ ഗ്രാമത്തിലെ ആദ്യത്തെ ബ്രാഹ്മണപ്പെണ്ണ് മംഗളമായിരുന്നുവെങ്കിൽ രണ്ടാമത്തെയാൾ എന്റെ അമ്മയായിരുന്നു.

ജാതിയിൽക്കുറഞ്ഞവനെ ജീവിതപങ്കാളിയാക്കിയ ഭയങ്കര കുറ്റത്തിന് സമ്പന്നരും പ്രതാപികളുമായ ബ്രാഹ്മണ സമൂഹം എന്റെ അമ്മയെ ഇരുപത്തഞ്ചു കൊല്ലം വിവിധ കോടതികളിൽ കയറ്റിയിറക്കി. അമ്മയ്ക്ക് സർവസ്വവും ആ സമരത്തിൽ നഷ്ടമായി. അമ്മയുടെ മഠം, ബന്ധുക്കൾ, സമൂഹത്തിലെ സ്ഥാനം എല്ലാമെല്ലാം.

അമ്മയുടെ ജീവൻ നഷ്ടപ്പെടുത്താനുള്ള ശക്തി ആ കാലമായപ്പോഴേക്കും ബ്രാഹ്മണസമൂഹത്തിനു കൈമോശം വന്നു കഴിഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണം നടപ്പിലാക്കി, അമ്മയുടെ തറവാട്ടിലെ പാട്ടക്കുടിയാന്മാർക്ക് ഭൂമിയത്രയും നൽകിക്കഴിഞ്ഞിരുന്നു.

പിന്നീട് ഗ്രാമത്തിലെ ബ്രാഹ്മണഭവനങ്ങളിൽ ബംഗാളി വധു വന്നു ചേർന്നു, ക്രിസ്ത്യാനിയായ അമേരിക്കക്കാരി വധുവായെത്തി, മുസ്ലിമായ മലയാളി വധുവും ബ്രാഹ്മണന്റെ ഭാര്യയായെത്തി. ഇതെല്ലാം പക്ഷെ, പുരുഷന്മാരുടെ തീരുമാനമായിരുന്നു. ജാതി മാറിയുള്ള കല്യാണങ്ങൾ പുരുഷൻ ചെയ്യുന്നതിൽ ഏതു സമൂഹത്തിനും ന്യായീകരണം കണ്ടെത്താനാകുമല്ലോ.

എങ്കിലും മംഗളം ഗ്രാമത്തിലൂടെ അത്റ്പ്തയായി അലഞ്ഞു നടന്നു. അവളുടെ ഏങ്ങലടികൾ മുളങ്കൂട്ടങ്ങൾ ഏറ്റ് പാടി. രാത്രികാലങ്ങളിൽ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു പെണ്ണിന്റെ ദീനരോദനം ഗ്രാമത്തിൽ അലയടിച്ചു.

ആ രോദനങ്ങൾ കേട്ടിട്ടാകണം ഗ്രാമത്തിലെ ഏറ്റവും സമ്പന്നമായ മഠത്തിലെ കൊച്ചുമകൾ ഒരു ക്രിസ്ത്യാനിയെ പരിണയിച്ചത്.

മംഗളം ഇപ്പോഴും ഗ്രാമം വിട്ട് പോയിട്ടുണ്ടാവില്ല.

എങ്ങനെ പോകാനാകും?

എത്ര അലഞ്ഞ് നടന്ന മണ്ണാണ്?

Thursday, August 27, 2009

കമ്പി കെട്ടിയ ഒരു ചൂരൽ

എന്റെ ഓർമ്മകളിൽ ആദ്യം തെളിയുന്ന കാഴ്ച ഒരു ചൂരലിന്റേതാണ്. അതിന്റെ നിറം, എന്തു നിറമാണതിന്? 

വെളുപ്പ്…….. അല്ല.

ക്രീം……… അല്ല.

പിന്നെ……. പിന്നെ……

ഇത്ര കഷ്ടപ്പെടേണ്ട, അതിനു ഒരു ചൂരലിന്റെ വർണ്ണമാണ്. ഒട്ടകത്തിനു ഒട്ടക വർണ്ണം പോലെ, ചൂരലിനു ചൂരൽ വർണ്ണം. 

അതിന്റെ ഒരറ്റത്ത് ഒരു വലിയ മനുഷ്യന്റെ കൈപ്പത്തി മുഴുവൻ കടത്തിപ്പിടിക്കാവുന്ന അണ്ഡാകൃതിയിലുള്ള പിടിയുണ്ട്. ആ പിടിയിൽ തീരെ വണ്ണമില്ലാത്ത തിളങ്ങുന്ന കമ്പികൾ ചുറ്റിക്കെട്ടിയിരുന്നു. അത്തരം എട്ട് കമ്പികൾ ആ ചൂരലിനുള്ളിലൂടെയും കടന്നു പോകുന്നുണ്ടായിരുന്നു.

ആ ചൂരൽ കൊണ്ടാണ് അച്ഛൻ അമ്മയെ തല്ലിയിരുന്നത്.

നമുക്ക് ഓർമ്മകൾ ഉണ്ടായിരിക്കണമോ?

മൂന്നു വയസ്സിൽ ഉറക്കം ഞെട്ടിയുണർന്ന ഒരു രാത്രിയാണെന്റെ ആദ്യത്തെ ഓർമ്മ.

ചുവന്ന് കലങ്ങിയ കണ്ണുകളോടെ, കണ്ണീരൊഴുകി വീണ കവിളുകളോടെ, കൂപ്പുകൈകളോടെ തറയിൽ മുട്ടു കുത്തി നിന്ന് യാചിക്കുന്ന അമ്മ. ചൂരലോങ്ങി ക്രൌര്യത്തോടേ ഗർജ്ജിക്കുന്ന അച്ഛൻ. 

പെട്ടെന്ന് ചൂരൽ വായുവിൽ ആഞ്ഞു പുളഞ്ഞു, അമ്മയുടെ ചങ്ക് തകരുന്ന നിലവിളിയിൽ എനിക്ക് ശബ്ദം വറ്റിപ്പോയിരുന്നു. പിടഞ്ഞുകൊണ്ട് തറയിൽ വീണ അമ്മയേയും എന്നെയും അച്ഛൻ വീടിന്റെ മുൻ വാതിൽ തുറന്ന് പുറത്തിറക്കി വിട്ടു. ഇടി മുഴങ്ങിക്കൊണ്ടിരുന്ന ആ രാത്രിയിൽ എന്റെ അനിയത്തി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കരയുന്ന അമ്മയോട് ശബ്ദിച്ചാൽ കാലു മടക്കി അടിക്കുമെന്ന് അപ്പോൾ അച്ഛൻ അമറി. 

വലിയ മഴ പെയ്യുകയായിരുന്നു. അടിപ്പാവാടയും ബ്ലൌസും മാത്രമണിഞ്ഞ അമ്മ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് അടക്കിയ ശബ്ദത്തിൽ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ആ ചവിട്ട് പടികളിലിരുന്നു, അച്ഛന്റെ ദേഷ്യം മാറി കതകു തുറക്കുന്നതും കാത്ത്. അമ്മയുടെ ഏങ്ങലടി കേട്ടു കരയാൻ പോലും ഭയന്ന് തുറിച്ച കണ്ണുകളുമായി ഞാനും. ആ ഏങ്ങലിന്റെ ആഴത്തിൽ അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞു വാവയും മരിച്ച് പോകുമെന്നു ഞാൻ നടുങ്ങി.

ഇത്തരം എത്രയോ രാത്രികളും ഇതിലും മോശമായ പകലുകളും എന്റെ ഓർമ്മകളിൽ ചോരച്ചാലുകൾ കീറി.

ഞങ്ങൾ നാലു പെണ്ണുങ്ങൾ, എന്റെ അമ്മയും ഞാനും രണ്ടനുജത്തിമാരും ആരുമില്ലാത്തവരായിരുന്നു.

എനിക്കൊരിക്കലും അച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞില്ല.

അമ്മയെ സ്നേഹിക്കാതിരിക്കാനും.

അന്ന് തൊണ്ടക്കുഴിയിൽ ഭയം കൊണ്ടമർന്നു പോയ ആ നിലവിളിയായി മാറി, പിന്നീടുള്ള എന്റെ ജീവിതമത്രയും. ഭയങ്ങൾ…ഇനിയുമിനിയും ഭയങ്ങൾ….പിന്നെയും പിന്നെയും ഭയങ്ങൾ, വെളുത്തഭയങ്ങൾ, കറുത്തഭയങ്ങൾ, ചുവന്നഭയങ്ങൾ, നീലിച്ച ഭയങ്ങൾ…അവ മാറിയില്ല. 

ഭയപ്പെടുത്തുന്നവർ മാത്രം മാറി. 

ചൂരലുകളുടെ പുളച്ചിൽ എനിക്ക് മുകളിൽ എന്നുമുയർന്നു, ചൂരൽ പിടിക്കുന്ന കൈകൾ മാത്രം മാറി. ഗർജ്ജിക്കുന്ന തൊണ്ടകളും അമറുന്ന ശബ്ദങ്ങളും മാറിയില്ല. അവയുടെ ഉടമസ്ഥന്മാർ മാത്രം മാറി.

ഞാൻ എന്നും ഉന്നത ഉദ്യോഗസ്ഥരുടേയും അഭ്യസ്തവിദ്യരുടേയും പുരോഗമനാശയക്കാരുടേയും ഒരുപാട് തറവാട്ടു മഹിമയുള്ളവരുടേയും സംസ്ക്കാരസമ്പന്നരുടേയും കലാകാരന്മാരുടേയും ഒപ്പം മാത്രമാണ് ജീവിച്ചിട്ടുള്ളത്.

എല്ലാവരും കമ്പികെട്ടിയ ചൂരലുകൾ ഉള്ളവരായിരുന്നു.

എല്ലാവർക്കും കാലു മടക്കി അടിക്കാൻ പറ്റുമായിരുന്നു.

എല്ലാവർക്കും ഗർജ്ജിക്കുവാനും അമറുവാനും സാധിക്കുമായിരുന്നു.

Tuesday, August 25, 2009

കൊടിച്ചികൾ (ഗ്രീഷ്മജ്വാലകൾ)



                 

നാലാമതും ഒരു പെണ്ണിനെ പെറ്റിട്ടിട്ട് വല്യ ഗമേല് എന്തോ ഒരു മഹാകാര്യം ചെയ്തേക്ക്ണ മട്ടിലുള്ള റോസിക്കുട്ടിയുടെ മോന്ത കണ്ടപ്പോൾ കൈ വീശി നാലെണ്ണം പൊട്ടിക്കാനാണ് സത്യമായിട്ടും പൊറിഞ്ചു മാഷ്ക്ക് തോന്നീത്. പെണ്ണ് ഒരാണിനെ പെറണതല്ലേ അതിശയം, അല്ലാണ്ട് പെണ്ണ് ഒരു പെണ്ണിനെ പെറണതില് എന്താപ്പോ ഒരാനക്കാര്യം? ഒരാണിനെ പെറ്റിടാൻ പറ്റാത്ത ഇവളെയാണല്ലോ കർത്താവ് തനിക്കായി തന്നത്. കഷ്ടകാലത്തിനു പെണ്ണ് കാണാൻ ചെന്നപ്പോ പണ്ടാരത്തിന്റെ മട്ടും മാതിരിയും ഒക്കെ അങ്ങട് ബോധിച്ചു. അങ്ങനെ കുരിശ് തലേൽ വന്നു കേറി. ഇപ്പോ നാലെണ്ണം മോന്തക്കങ്ങട് കൊടുത്താ, പെറ്റ് കെട്ക്ക്മ്പോ തല്ലി നടു ഒടിച്ചൂന്ന് നാട്ട്കാരൊക്കെ അങ്ങട് പറഞ്ഞൊടങ്ങും. ഈ നാലു കുട്ടിപ്പിശാശ്കളെ വളർത്തീട്ത്തി കെട്ടിച്ച് വിടണ്ട കാര്യം ഓർക്കുമ്പോ നട്ടപ്രാന്താവാ തലയ്ക്ക്. എന്തായാലും ഓപ്രേഷ്ൻ ചെയ്ത് പെറല് നിർത്തീത് നന്നായി. അല്ലെങ്കി കെട്ന്നേന് കെട്ന്നേന് ഇവള് പെണ്ണിനെ പെറാൻ തൊടങ്ങിയാ ശേലായേനെ.

ഓർക്കും തോറും മാഷ്ക്ക് അരിശം പിടിച്ചു.

ആദ്യത്തെ പെണ്ണിനെ പെറ്റിട്ട് റോസിക്കുട്ടി വന്നപ്പോ പൊറിഞ്ചു മാഷ്ക്ക് തീരെ വെഷമം തോന്നീല്ലാന്ന് പറഞ്ഞാൽ ഇപ്പൊ ആരും സമ്മതിക്കില്ല്യ. പക്ഷെ, അതാണ് സത്യം. ‘നമ്മക്ക് ഇഞ്ഞിയത്തെ തവണ ചെക്കനേ കിട്ടൂടീ‘ന്ന് അവളോട് ഒരു സ്വർണമോതിരത്തിന് പന്തയം കെട്ടീതും മാഷ് തന്ന്യാ. ഇന്ന്ട്ട് എന്തായി? റോസിക്കുട്ടി പിന്നേം പെറ്റു രണ്ട് പെണ്ണിനെ. ‘ഇഞ്ഞി പെണ്ണിനെ പെറ്റ്ട്ട് ഈപ്പടി കേറണ്ടാ‘ന്ന് മാഷ് തീർത്ത് പറഞ്ഞിട്ടാ അവളെ സ്വന്തം വീട്ട്ല്ക്ക് പേറിനയച്ചത്. അന്നവള് കൊറെ നെലോളിച്ച് ഉപ്പന്റെ പോലെ കണ്ണൊക്കെ ചോപ്പിച്ചു. ന്ന്ട്ട് ദേ ഇപ്പൊ ഒരു കൂസലും ഇല്ലാണ്ട് ഒരു പെങ്കുട്ടിപ്പിശാചിന് മൊലേം കൊട്ത്ത് കെടക്കുണു.

ഇഞ്ഞിപ്പോ ക്ടാവ്ണ്ടായീന്നറിഞ്ഞാ അപ്പത്തൊടങ്ങും സ്കൂളിലെ കൂട്ട്കാര് ടീ പാർട്ടി ടീ പാർട്ടീന്ന് ബഹളം വെക്കല്. മൂന്ന് കൊടിച്ചികളുണ്ടായേനും അതൊരു ചെലവായി. ഇപ്പോ ദ് പറയണ്ടാന്ന് വെച്ചാ ആരാനും പറ്ഞ്ഞ് അറീല്ല്യേ, അതും ഒരു വെടക്ക് തന്നെ. എന്തായാലും ഇഞ്ഞി ഈ ജമ്മത്ത് കാശ്ണ്ടാക്കി മിട്ക്കനാവാൻ പറ്റ്ല്യ. നാലു കൊടിച്ചികളെയാ തീറ്റിപ്പോറ്റി വല്ലതും നാലക്ഷരം വായിക്കാറാക്കി തോനെ കാശും കൊട്ത്ത് ഓരോരുത്തന്മാര്ടെ കൂടെ എറ്ക്കിവിട്ണ്ട്ത്. ചീത്തപ്പേരു കേപ്പിക്കാണ്ട് നോക്കേം വേണം.

ഈ ദണ്ണം മാറാൻ ഇനി കള്ളുഷാപ്പന്നെ ഒരു വഴി. കൊറെ കുടിച്ച് വന്നാ പിന്നെ വെളിവില്ലാണ്ട് അങ്ങട് ഒറ്ങ്ങാം. കൊടിച്ച്യോളെ പറ്റി ആലോയിച്ച് പ്രാന്ത് പിടിക്കണ്ട. ചെക്കൻ ണ്ടാവാത്തേല് ള്ള ചങ്ക് പൊട്ട്ണ സങ്കടം അങ്ങ്ട് മറ്ക്കേം ചെയ്യാം. നമ്മള് ഒരു ആണായില്ലാന്ന് തോന്നീട്ട് തന്ന്യാ ഈ കൊട്ച്യോളെ കാണുമ്പോ ഇത്ര ഈറ പിടിക്ക്ണ്. റോസീനെ തല്ലിക്കൊല്ലാൻ തോന്ന്ണതും മറ്ക്കാൻ കള്ള്ന്നെയാ നല്ലത്. ന്നാലും പൊറിഞ്ചു മാഷ്ടെ മോനാന്ന് പറ്യാൻ ഒരു ആൺ തരീനെ തരാണ്ട് ചതിച്ച്ല്ല്യേ കർത്താവ്? വെറ്തെയല്ല കുരിശ്മ്മെ തൂങ്ങീത്.

ദിവസങ്ങള് അങ്ങ്ട് കഴിഞ്ഞ്പ്പോ റോസിക്കുട്ടി ഒരു നാണോം ഇല്ല്യാണ്ട് നാലു കൊടിച്ച്യോളേം കൂട്ടി വീട്ട്ല് വന്ന സ്ഥിതിക്കിനി ടീ പാർട്ടി കൊട്ക്കാണ്ട് ദണ്ണെട്ക്കണ്ട, സ്കൂള്ളെ മാഷ്മ്മാരും ടീച്ചറ്മാരും ന്ന് വെച്ച് അതും അങ്ങ്ട് നടത്താൻ ചെന്ന്പ്പോ ദേ അട്ത്ത കുരിശ് വരണു. കല്യാണിക്കുട്ടിയമ്മ ടീച്ചറ്ടെ വേഷത്തില്. അവര് ഒരു ആണിന്റെ മാതിരി തന്റേടള്ള പെണ്ണാ. എന്നാലും ഒരു പെണ്ണ്ന്യല്ലേ. അവര്ക്ക് മുമ്പിൽ വെളമ്പിയ ലഡ്ഡൂം മിച്ചറും തിന്ന്ങ്ങ്ട് പോയാപ്പോരേ? പൊറിഞ്ചു മാഷക്ക് പെങ്കുട്ടിയായേലുള്ള സങ്കടം വിസ്തരിക്കണ തുന്നല് ടീച്ചറ്ടെ തൊള്ളേ നോക്കി കുത്തിരിക്കണാ? തുന്നൽ ടീച്ചറ്ടെ ചോനെ കള്ള് ഷാപ്പില് കണ്ട് പരിചയായതാ. കള്ള് കുടിച്ചാ പിന്നെ മനസ്സ് തൊറ്ന്ന് പോകും. ചെക്കനെ കിട്ടാഞ്ഞ ദണ്ണം അങ്ങ്ട് തൊറ്ന്നാ പറ്ഞ്ഞൂന്നള്ളത് നേരന്യാ.

അപ്പോ ടീച്ചറ് ചോദിച്ചു. ‘എന്താ മാഷെ പെങ്കുട്ടിക്ക് ഇത്ര ഒരു മോശം ? മാഷ് ഇത്ര ദണ്ണപ്പെട്ട് കഴിയാൻ..‘ കഴിയാൻ ന്ന് അവര് സൂത്രത്തില് മാറ്റിപ്പറ്ഞ്ഞ്താ. കള്ള് കുടിക്കാൻ ന്നാ അവര് പറ്യാൻ തൊട്ങ്ങ്യേ. അല്ലെങ്കി തന്നെ മനിഷേന് തീയ് പൊള്ളിയ സങ്കടാ, അപ്പളാണ് പെണ്ണ്ങ്ങൾടെ ചോദ്യം ചോദിക്കല്. വെച്ച് അലക്കി കൊട്ത്തു. ‘പെണ്ണിനെ എന്ത്നാ കൊള്ളാന്ന് ടീച്ചറ്ക്ക് അറ്യാണ്ടാ ഈ യാതി ചോദിക്ക്ണെ. ഒരു വസ്തൂന് ഒപകാരല്യ. ബുദ്ധീം വിവരോം ഇല്യ. ആണങ്ങള്ടെ മാതിരി ഉഷാറായി ഒരു പണീട്ക്കാൻ പറ്റ്ല്യ്. ആണങ്ങൾടെ സഹായല്ലാണ്ട് ഒരു കാര്യം അങ്ങ്ട് ചിയ്യാൻ പറ്റ്ല്യാ. പെറാനല്ലാണ്ട് വേറെ ഒരു കാര്യത്തിനും പെണ്ണങ്ങളെ കൊള്ളില്യ് ന്റെ ടീച്ചറ്മ്മേ. നാലു കൊടിച്ച്യോളും റോസീം കൂടിയാൽ പിന്നെ ഞാനെന്താക്കാനാ?കൊട്ച്യോളെ വൽതാക്കി കെട്ട്ച്ച് കഴിഞ്ഞാ അവറ്റ മാപ്ലേടെ പിന്നാലെ പൂവ്വും. എനിക്ക് വയസ്സ് കാലത്ത് നാഴി വെള്ളം അവറ്റ തര്വോ. ചെക്കനാണെങ്കില് അവന്റെ പെണ്ണ് പ്രാകീട്ടായാലും ലേശം കാടി തരില്യേ’

മറോടീം കേട്ട് വയറും നെറ്ഞ്ഞ് തലേം കുമ്പിട്ട് ഓട്ണേനു പകരം ടീച്ചറ് പിന്നേം നിന്ന് പറേണത് കൊനഷ്ട് കാര്യങ്ങളാ. ‘അത് ശരി, അപ്പോ കഴിവ് ല്യാത്തോണ്ടാ പെങ്കുട്ട്യോളെ മാഷ്ക്ക് വേണ്ടാത്ത് ല്ലേ. ഇങ്ങനെ കൊടിച്ചി കൊടിച്ചീന്ന് പ്രാകണ്ട. വേണ്ടാത്ത പെങ്കുട്ട്യോളെ വൈന്നേരം തന്നെ ന്റോടെ കൊണ്ടാക്കിക്കോളോ. ഞാനവരെ പഠിപ്പിച്ച് മിട്ക്കത്തിയോളാക്കി നല്ല നായമ്മാരു കുട്യോളാക്കിയങ്ങ്ട് വളർത്തും. കുട്യോള് മിട്ക്കത്തിയോളാവുമ്പോ അവകാശം പറ്ഞ്ഞ് ആ പടി കേറാൻ പാട് ല്യ്. കാര്യങ്ങള് നമ്മ്ക്ക് ദിപ്പൊ നിശ്ചയ്ക്കാം. റോസീടെ അപ്പനേം അമ്മേം വയസ്സ് കാലത്ത് നോക്കാനായിട്ട് റോസി സ്വന്തം വീട്ട്ല് നിൽക്കാച്ചാൽ പൊറിഞ്ചു മാഷ്ക്ക് ആകെ ബുദ്ദിമുട്ടായേനേലോ. താക്കോലോളം പോന്ന പിള്ളേര് കല്യാണം കഴിച്ച് മാപ്ലേടേ കൂടെ പോണതാലോചിക്കാ മാഷ് ഇപ്പത്തന്നെ. മാഷ് വെഷമിക്കണ്ട. ഏതാ അധികായ പെങ്കുട്ട്യോള്ച്ചാല് ഇങ്ങട് തന്നോളൊ.’

ആ ടീച്ചറ്ടെ മോത്ത് തീയ് കത്ത്ണ പോലെണ്ടായിരുന്ന് അപ്പൊ. കാര്യങ്ങള് വഷളാവാണ്ട് നോക്കീത് മ്മടെ ഡ്രോയിംഗ് മാഷാ. ആ മാരാര് മാഷ്. ഒരു തരത്തില് രക്ഷപ്പെട്ട് പോന്നു. പുണ്യാളന്മാര് കാത്തു. ചെല പെണ്ണ്ങ്ങളെ പേടിക്കണം. ടീച്ചറായാലും അവര് ഒരുമ്പെട്ടോളാ. ഒക്കെ ആ ഗോപാലന്നായരെ കൊള്ളാഞ്ഞ്ട്ട്. അല്ലാണ്ട്ന്താ? ആണങ്ങള് നോക്ക്മ്പോ വെറക്ക്ണ്ടേ പെണ്ണ്ങ്ങള്? ടീച്ചറായാലും മയിസ്രേട്ടായാലും.? അയിന് ഗോപാലന്നായരെപ്പോലെ പെണ്ണ്ങ്ങള്ടെ ചന്തീം താങ്ങി നട്ക്ക്ണ ചെല കോന്തമ്മാരുണ്ടാവൂലോ, ആണങ്ങള്ടെ മാനം കെട്ത്താൻ. അവറ്റ്ടെ ബലത്ത്ലല്ലേ ഈ യാതി പെണ്ണ്ങ്ങള് ചോദ്യം ചോയിക്കണേ.

ഇയ് സമയം സമയം ന്ന് പറേണ സാദനം അങ്ങ്ട് വേഗം പൂവ് ല്ലേ. ദാ ന്ന് പറേമ്പളക്കും കൊടിച്ച്യോള് വൽതാവായേ. പൊറിഞ്ചു മാഷ്ക്ക് ആധി കൂടീട്ട് എന്തോരം കള്ള് കുടിച്ചാലും ഇപ്പൊ ഒറങ്ങാൻ വേറെ കള്ള് കുടിക്കണ്ട ഗഡുവാ.ശമ്പളം കിട്ട്ണത് ഷാപ്പ്ല് കൊട്ക്കാൻ തന്നെ തെകയണീല്ല. റോസി ഒരു പഴേ തയ്ക്ക്ണ മെഷീനും പിടിച്ച് യേതു നേരോം തയിപ്പാ. പിന്നെ അവളെ ഇപ്പൊ ഒരൊസ്തൂനും കൊള്ള്ല്യ. നെഞ്ഞും പൊറോം ഒരേ പോലെ. അവള് തയിക്കേ കൊട്ക്കേ എന്തു പണ്ടാരെങ്കിലും എട്ത്തോട്ടെ. മെക്കിട്ട് കേറാണ്ടിര്ന്നാ മതി. എട്ക്ക് ഓരോ ഒച്ചീം വിളീം ഒക്കെണ്ടാക്കും മുമ്പൊക്കെ, നാലു കൊട്ച്ച്യോൾക്കും റോസിക്കും കൂടി അഞ്ചാറ്ങ്ങ്ട് പൊട്ട്ച്ചാ, കൊറെ നാളത്തേക്ക് നല്ല തൊയിരാ. അല്ല, പിന്നെ. കള്ള് കുടിക്കും മാപ്ലാന്ന് വെച്ച്ട്ട് ഉമ്മേം കൊട്ച്ച്യോളും കൂടി ചോദിക്കാൻ വന്നാ അതിന് ശേഷം ണ്ട്.

അങ്ങ്നെ പൊറിഞ്ചുമാഷ് നല്ലകാലം മുഴോൻ കൊടിച്ച്യോളെ പ്രാകി കള്ളും കുടിച്ചു നടന്നു.

റോസിക്കുട്ടി തയിച്ച് നടുവൊടിച്ചും കപ്പ വിറ്റും നാലു കൊടിച്ച്യോളേയും പോറ്റി.

ഒന്നാം കൊടിച്ചി കന്യാസ്ത്രീയോൾടെ കാരുണ്യത്തില് ടി ടി സി പഠിച്ചു. മഠം വക സ്കൂളില് പഠിപ്പിക്കാൻ തൊടങ്ങി. അവൾക്ക് ദൈവ വിളി വന്ന് പിന്നീട് അവൾ സിസ്റ്റർ. സെവറീനയായി. ഇപ്പോ മഠം വക പ്രൈമറി സ്കൂളിന്റെ പ്രധാനാധ്യാപികേണ്. സിസ്റ്ററെ കാണുമ്പോൾ എല്ലാരും എണീറ്റ് നിന്ന് ബഹുമാനിക്കുന്നു.

രണ്ടാം കൊടിച്ചി നഴ്സിംഗ് പഠിച്ച് കൊറ്ച്ച് ദിവസം മിഷ്യനാസ്പത്രീല് നിന്നു. പിന്നെ അവള് അമേരിക്കക്ക് പോയി. അവിടെ ചെന്ന് അവള് അയച്ച ഡോളർ ചെലവാക്കി പൊറിഞ്ചു മാഷ് നല്ലോണം കള്ളു കുടിച്ചു. കൊറച്ച് നാള് കഴിഞ്ഞപ്പോ അവള് ഒരു സായിപ്പിനെ അങ്ങട് കെട്ടി. സായിപ്പല്ലേ ക്രിസ്ത്യാനി തന്നെയല്ലെ എന്ന് പള്ളീലച്ചനും മാഷെ സമാധാനിപ്പിച്ചു. അവള് നാട്ട്ല് വരുമ്പൊ എന്താ പകിട്ട്, പഴയ ഞെരവാളിക്കൊട്ച്ചിയൊന്ന്ല്ലാ. മണീ മണി പോലത്തെ ഇംഗ്ലീഷാ. എല്ലാവർക്കും നല്ല സന്തോഷം. കാശാണെങ്കി ഇഷ്ടം പോലെ. ഒരു ഷാപ്പ് മുഴോൻ വീട്ട്ല് മേടിച്ച് വെക്കാം.

മൂന്നാം കൊടിച്ചി നാട്ട്ലന്നെ കോളേജില് പഠിപ്പിക്ക്യാ. അവളക്കും ദൈവവിളി വന്നതാ. അതു പക്ഷെ ദൈവം വേണ്ടാന്ന് പറ്ഞ്ഞളഞ്ഞു. മുക്കില് ഷോപ്പിംഗ് കോപ്ലക്സും ലോറീം ഒക്കെള്ള നമ്മ്ടെ പ്രാഞ്ചീസ് ല്ല്യേ അവൻ നേരെ വന്നങ്ങ്ട് പറ്ഞ്ഞ്. അവളെ കെട്ട്ണം, അവന്. കാശും പണോം ഒന്നും വേണ്ടാന്ന്. കളിയൊക്കെ മാഷ്ക്ക് തിരിഞ്ഞു. എന്ത്നാ ആദ്യം കാശും പണോം മേടിക്ക്ണേ? അവള് മാസാമാസം കിറ്കിറ്ത്യായിട്ട് സർക്കാര് ശമ്പളം കിട്ട്ണോളല്ലേ. ഇൻസ്റ്റാൾമെന്റില് സ്ത്രീധനം. എന്നാലും മാഷ് രക്ഷപ്പെട്ടു. ചെലവും ചീത്തപ്പേരും ഒന്നും വന്നില്ല. ഇപ്പോ അവളും പ്രാഞ്ചീസും കൂടിയന്ന്യാ മാഷ്ടെ എല്ലാ കാര്യോം നോക്കണേ. പ്രാഞ്ചീസ് മതീ മതീന്ന് പറ്ഞ്ഞോണ്ട്ന്നെ വയറ് നെറ്ച്ച് കള്ളും മേടിച്ച് കൊട്ക്കും.

നാലാം കൊടിച്ചിക്ക് നല്ല പഠിപ്പായി, അവള് ഡോക്ടറായി. ഒക്കെ മൂത്ത കൊട്ച്ച്യോള് കാശെറ്ക്കീട്ട്ന്നെ. പക്ഷെ അവള് ഒരു ഭയങ്കര നെറികേട് കാണിച്ചു. മൂത്ത കൊട്ച്ച്യോള് കരഞ്ഞ് കാല് പിടിച്ചോണ്ടാ, അല്ലെങ്കി മാഷ് അവളേം ആ പട്ടരു ഡോക്ടറേം അറ്ത്തേനെ. അവള് ടൌണില് വല്യ ആസ്പത്രി അല്ലാ നഴ്സിംഗ് ഹോമാ നട്ത്ത്ണേ. കൊട്ച്ച്യോളൊക്കെ പോയി കാണലുണ്ട്. അവളേം പിള്ളേരേം. മാഷെ അത് അറിയിക്കില്ലാന്ന് മാത്രം. മാഷ്ക്ക് ഒക്കെ അറിയാം. കൊട്ച്ച്യോള് മാഷ്ക്ക് ഒന്നും അറിയില്ലാന്ന് തന്നെയങ്ങ്ട് വിചാരിച്ചോട്ടെ. കുണ്ടി എത്ര കൊളം കണ്ടതാ.!!

റോസിക്കുട്ടിക്ക് തമ്പുരാൻ അധികം ആയിസ്സ് കൊട്ത്ത്ല്യ. അവളെ വേഗങ്ങട്ട് വിളിച്ചു, അതോണ്ട് വീട്ട്ല് ഒരു പട്ടര് നെരങ്ങിയ ദണ്ണം അവൾക്ക്ണ്ടായില്ല. അതിന് മുമ്പ് അവളങ്ങ്ട്ട് പോയി.

ന്നാലും അവളക്ക് ഒരു ആണിനെ പെറ്റിടാൻ എന്തായിര്ന്ന് ഒരു ചേതം?

കൊട്ച്ച്യോൾടെ അപ്പ്നാവാനാ കർത്താവ് വെച്ചത്.

പിന്നെന്താക്കാനാ?

Thursday, August 13, 2009

കർക്കടകം…രാമായണം…..വാവ്

ഒരുപാട് ചീത്തപ്പേരു കേട്ടിട്ടുള്ള ഒരു തല്ലിപ്പൊളി മാസമാണ് കർക്കടകം.
കള്ളക്കർക്കടകം, പഞ്ഞകർക്കടകം, പഷ്ണികർക്കടകം അങ്ങനെയങ്ങനെ പല പേരുകൾ.
പട്ടിണി കിടന്ന് പൊറുതി മുട്ടിയ പാവം ജനത്തിന് പ്രാകാനല്ലേ കഴിയുമായിരുന്നുള്ളൂ.
തിന്നാനൊന്നും കിട്ടാതെ ബോറടിച്ച് പ്രാന്തു പിടിച്ച വായ വെറും തോന്നലുകളിലാണ് അക്കാലം കഴിച്ച് കൂട്ടിയിരുന്നത്.
അതുകൊണ്ട് വായിൽത്തോന്നിയതെല്ലാം, അല്ലെങ്കിൽ വായയ്ക്ക് തോന്നിയതെല്ലാം വിളിച്ചു.
എത്രയെത്ര ശകാരങ്ങളും ചീത്തപ്പേരുകളുമാണ് ചുമ്മാ മാർജിൻ ഫ്രീ ആയി കിട്ടിയത്.
സംഗതി എന്തായാലും കർക്കടകത്തിന്റെ ചീത്തപ്പേരും ശകാരങ്ങളും ഇപ്പോൾ മാറിയിട്ടുണ്ട്.
നല്ല കാര്യം.
അതു മാത്രമോ? സ്റ്റാറ്റസും നല്ലോണം മെച്ചപ്പെട്ടില്ലേ ?
ഇപ്പൊ കർക്കടകം എന്നും മറ്റും വല്ല വെവരദോഷികളുമേ പറയൂ.
വിവരമുള്ളവർ രാമായണ മാസമെന്ന് ആദരവോടെയും ഭക്തിയോടെയും ഉരുവിടും.

ജനത്തിനെ രാമായണം വായിക്കാൻ പ്രേരിപ്പിക്കുന്നതിൽ നമ്മുടെ പത്രങ്ങളും ടി വി ചാനലുകളും തമ്മിൽ എന്തൊരു പത്തും തികഞ്ഞ പൊരുത്തമാണെന്നോ. കഥാസാരമായിട്ടും പ്രഗൽഭമതികളുടെ വിശദീകരണമായിട്ടും ക്വിസ് പരിപാടികളായിട്ടും കാര്യങ്ങൾ കസറുന്നുണ്ട്. രാമായണപുസ്തകത്തിന്റെ വില്പനയും ഉഷാറാകുന്നതുകൊണ്ട് പുസ്തകക്കച്ചവടക്കാർക്കും കള്ളക്കർക്കടകം എന്നു പറയേണ്ട കാര്യമില്ലാതായി.

തുണിപ്പീടികക്കാർക്കും നല്ലൊരു സുവർണ കാലത്തെയാണ് കർക്കടകം ഇപ്പോൾ സ്വന്തം ചുമലിൽ കയറ്റി കൊണ്ടുവരുന്നത്. ആടിപ്പെരുക്ക്, കിഴിവുകൾ, പലതരം സമ്മാന പദ്ധതികൾ… എല്ലാം കണ്ട് ജനം തുണിപ്പീടികയിൽ ഇരമ്പിക്കയറുന്നു. പഞ്ഞമോ എന്തു പഞ്ഞം? അതെ അതെ, രാമായണ മാസം പോലെ കർക്കടകമൊരു ജൌളി മാസം തന്നെ.

സ്വർണത്തിനു വിലയേറിയാൽ പോലും, സ്വർണപ്പീടികളിൽ കർക്കടകക്കിഴിവായി പണിക്കൂലി കുറച്ച് കിട്ടുമെന്ന ആകർഷണമുണ്ട്. കർക്കടകത്തിൽ സ്വർണം വാങ്ങുമ്പോൾ ഐശ്വര്യം സ്വർണപ്പീടികയിൽ നിന്ന് നമ്മുടെയൊക്കെ വീടുകളിലേക്ക് സ്ട്രെയിറ്റായി ഒരു വളവും തിരിവും കൂടാതെ കയറി വരുമെന്ന അറിയിപ്പും കൂടിയായാൽ പിന്നെ സ്വർണം വാങ്ങാതെ കഴിയുമോ ? അപ്പോൾ രാമായണമാസം പോലെ, ജൌളിമാസം പോലെ കർക്കടകമൊരു സ്വർണമാസം തന്നെ.
ഔഷധ കഞ്ഞിക്കും വിവിധ തരം മരുന്നു സേവയ്ക്കും ധാര, പിഴിച്ചിൽ, തിരുമ്മുകൾക്കും ഒക്കെ പറ്റിയ കാലമാണ് കർക്കടകം. എല്ലാ വൈദ്യവിശാരദന്മാരും പ്രത്യേകം പ്രത്യേകം മരുന്നുകളും കഞ്ഞിക്കിറ്റുകളും ഗംഭീരമായി തയാറാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തിൽ ബഹു കണിശക്കാരായ നമ്മൾ മരുന്നുകളും കഞ്ഞിയുമെല്ലാം ഓടി നടന്നു സംഘടിപ്പിച്ച് വീട്ടിൽ കൊണ്ടു പോയി കുടിയെടാ കുടി. സ്റ്റാറ്റസ് ഉയർന്നുയർന്ന് രാമായണമാസം പോലെ, ജൌളിമാസം പോലെ സ്വർണമാസം പോലെ കർക്കടകമൊരു ഔഷധമാസം കൂടിയായിരിക്കുന്നു.

ഇനി ഇതിലൊന്നും പെടാതെ പട്ടിണിക്കാരനോ പഞ്ഞക്കാരനോ ആയ വല്ല ദാരിദ്രവാസിയും ബാക്കിയുണ്ടെങ്കിൽ അവന് കർക്കടകത്തെ പഞ്ഞ മാസമെന്നോ കഞ്ഞി മാസമെന്നോ വായയ്ക്ക് രുചി തോന്നിയതു പോലെ വിളിക്കാവുന്നതാണ്.

അപ്പോൾ പിന്നെ ബാക്കിയാകുന്നത് കർക്കടക വാവാണ്. വർഷത്തിലൊരിക്കൽ സ്വന്തം അമ്മയമ്മൂമ്മമാർക്കും അച്ഛനപ്പൂപ്പന്മാർക്കും നമ്മൾ ശാപ്പാട് കൊടുത്ത് ദോഷങ്ങളെല്ലാമകറ്റി പുണ്യം സമ്പാദിക്കുന്ന ദിവസം. വർഷത്തിൽ ആ ഒരു ദിവസം അവർക്കുവേണ്ടിയും, ബാക്കി വർഷം മുഴുവൻ മക്കൾക്കും ചെറുമക്കൾക്കും വേണ്ടിയും ശാപ്പാട് കൊടുക്കുവാൻ പ്രയത്നിച്ച് കഴിയുന്ന മനുഷ്യന്റെ ജന്മം, വർഷത്തിലൊരിക്കൽ മാത്രം ശാപ്പാട് കിട്ടുന്ന ആ പ്രത്യേക സ്റ്റാറ്റസിലേക്ക് ഏതു നിമിഷത്തിലും മാറാവുന്നതേയുള്ളൂ.

അതിന് രാമായണം, തുണി, സ്വർണം, മരുന്ന് എന്നു തുടങ്ങിയ ആരുടേയും അനുമതി വേണ്ട.
കർക്കടകം തന്നെ ആവണമെന്നുമില്ല.

Wednesday, August 12, 2009

അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ്

ഈയിടെ വിവാഹിതനായ ഒരു സുഹ്റുത്തീന്റെ ഇ-മെയിൽ കിട്ടി. വിവാഹം കഴിഞ്ഞ് രണ്ട് നാൾക്കകം ഔദ്യോഗിക ആവശ്യത്തിനായി നവവധുവിനെ തനിച്ചാക്കി പോകേണ്ടി വന്നതും കഴിയുന്നത്ര വേഗത്തിൽ മടങ്ങി വരാൻ ശ്രമിച്ചതുമെല്ലാം സരസമായി വിവരിച്ച മെയിൽ. ഭർത്താവ് തിരിച്ച് വന്നപ്പോൾ ഭാര്യ ലേശം പോലും പരിഭവപ്പെട്ടില്ല, എന്നാലും ഉള്ളിൽ പരിഭവം കാണുമോ എന്നു കരുതി, വൈകീട്ട് നഗരത്തിലെ വലിയൊരു സാരിക്കടയിൽ കൊണ്ടു പോയി ‘ഇഷ്ടപ്പെട്ട സാരി വാങ്ങിക്കോളൂ‘ എന്നു പറഞ്ഞപ്പോൾ ഭാര്യ ‘വേണ്ട, എനിക്ക് ധാരാളം സാരികളുണ്ടല്ലോ‘ എന്നാണത്രെ മറുപടി പറഞ്ഞത്. എന്നാൽ ‘ചൂരിദാറോ മിഡിയോ വാങ്ങിക്കൊള്ളൂ‘ എന്നായി നവവരൻ. ‘വേണ്ട, എനിക്ക് വസ്ത്രങ്ങളിൽ കമ്പമില്ല, നമുക്ക് വല്ല ബുക് ഷോപ്പിലും പോകാം‘ എന്ന് അഭിപ്രായപ്പെട്ട വധു, ഒരു ഫെമിനിസ്റ്റാണെന്നാണ് തോന്നുന്നതെന്ന് ആ സുഹ്റുത്ത് വ്യാകുലപ്പെടുന്നുണ്ടായിരുന്നു.

പെണ്ണുങ്ങൾക്കായി പ്രത്യേകം ലേബൽ ചാർത്തിയ പെരുമാറ്റരീതികളിൽ ചെറുതായി ഒരു വ്യത്യാസം കാണിക്കുന്നവളെ കണ്ടാൽ ചില ആണുങ്ങളും ചില പെണ്ണുങ്ങളും അപ്പോൾ ‘ദേ ഒരു ഫെമിനിസ്റ്റ് ‘ എന്നു പറഞ്ഞ് ബഹളം കൂട്ടും. പിന്നെ ചുവപ്പ് കണ്ട കാളയുടെ പരാക്രമമാണ്.

ഒരു പുത്തൻ ഭർത്താവ് ഭാര്യയെ സുഹ്റ്ത്ത് സദസ്സിൽ ഇങ്ങനെ പരിചയപ്പെടുത്തി. ‘എന്റെ ഭാര്യ, നാട്ടുകാരൊക്കെ ഫെമിനിസ്റ്റ് എന്നു പറയുന്നു.’

ഭർത്താവിന്റെ തോഴനു സഹിച്ചില്ല. ‘ഫെമിനിസമൊന്നും നിന്റ്ടുക്കൽ സമ്മതിക്കരുത്, മര്യാദക്ക് നല്ല ഒതുക്കമുള്ള ഭാര്യയായാൽ മതി‘.

ഈ ഭാര്യ എങ്ങനെ ഒരു ഫെമിനിസ്റ്റായി എന്നല്ലേ? കോളേജിൽ പഠിക്കുമ്പോൾ സ്ത്രീധനത്തെ ഒരു പിശാചായി ചിത്രീകരിച്ചു കൊണ്ട് ഒരു സെറ്റ് പെയിന്റിംഗുകൾ ചെയ്തു!!!.

കോളേജു മാഗസിനിൽ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി കവിത എഴുതിയതും ഒന്നോ രണ്ടോ ജാഥകളിൽ മുദ്രാവാക്യം വിളിച്ചതും ചില്ലറ നാടകങ്ങളിൽ അഭിനയിച്ചതും ഒക്കെ കാരണമായി ഫെമിനിസ്റ്റുകളെന്ന അപഖ്യാതി കേൾക്കേണ്ടി വന്ന പെണ്ണുങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. ഫെമിനിസ്റ്റ് എന്നാൽ പുരുഷവിദ്വേഷി, പുരുഷ വിരോധി, കുടുംബം തകർക്കുന്നവൾ എന്നാണ് വ്യാവഹാരിക അർഥമെന്ന് എല്ലാവരും ഉറച്ച് വിശ്വസിക്കുകയും ചെയ്യുമ്പോൾ ആ അപഖ്യാതി കേൾക്കാതിരിക്കയല്ലേ വേണ്ടത്?
അതുകൊണ്ടാണ് ‘ഞാനൊരു കള്ളിയല്ല, ഞാനൊരു കൊലപാതകിയല്ല‘ എന്ന് പറയുന്ന ഗതികേടോടെ പെണ്ണുങ്ങൾ ‘ഞാനൊരു ഫെമിനിസ്റ്റല്ലാ, ഫെമിനിസ്റ്റല്ലാ‘ എന്നു വിളിച്ച് പറയാറ്. സത്യത്തിൽ ഇത്രമാത്രം ഭയപ്പാടോടെയും ദൈന്യത്തോടെയും കരഞ്ഞ് പറയാനുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ ഈ അവസ്ഥയ്ക്ക് ? ഞാൻ സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് രാഷ്ട്രീയത്തേയും വിപ്ലവങ്ങളേയും പരിസ്ഥിതിയേയും സമ്പദ് വ്യവസ്ഥയേയും ശാസ്ത്രത്തേയും മതത്തേയും ആചാരാനുഷ്ഠാനങ്ങളേയും ചരിത്രത്തേയും കലയേയും സാഹിത്യത്തേയും ഇതെല്ലാം ഉൾക്കൊള്ളുന്ന ഈ വിശാല പ്രപഞ്ചത്തേയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന നിലപാട് ഇത്ര വലിയ ഒരു അപരാധവും ദുഷ്പേരുമാകുന്നതെങ്ങനെയാണ്?

പണ്ട് സ്വാതന്ത്ര്യ സമരക്കാലത്ത് ഇംഗ്ലീഷുകാർ ഇൻഡ്യ വിട്ടു പോകണം എന്നു വാദിച്ചിരുന്ന, അതിനായി തല്ലു കൊണ്ടും നിരാഹാരം കിടന്നും സമരം ചെയ്തിരുന്ന, ഒരു കൂട്ടം മനുഷ്യരെ ‘കോൺഗ്രസ്സ്കാരാ‘ എന്നു വിളിച്ച് പരിഹസിച്ചിരുന്നുവത്രെ. നല്ല ചങ്കുറപ്പുള്ളവർ, സ്വന്തം ബോധ്യങ്ങളിൽ നല്ല ഉറപ്പുള്ളവർ, അവർ മാത്രമേ ‘അതെ, ഞാനൊരു കോൺഗ്രസ്സുകാരനാണ്‘ എന്ന് സമ്മതിക്കുമായിരുന്നുള്ളൂ. സ്വാതന്ത്ര്യം പടി വാതിലിൽ വരാൻ തുടങ്ങിയപ്പോൾ, അധികാരത്തിന്റെ രുചിയക്ക് ആർത്തി പെരുത്ത് ഒരു ഫാഷൻ എന്ന രീതിയിൽ എല്ലാവരും കോൺഗ്രസ്സാവുകയും ഗാന്ധിത്തൊപ്പി വെയ്ക്കുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്ത കാലത്തെപ്പറ്റിയല്ല പറയുന്നത്. കോൺഗ്രസ്സ് എന്ന് കേട്ടാൽ അധികാരി വർഗ്ഗം നിഷ്ഠൂര മർദ്ദനങ്ങളുമായി വിറളിയെടുത്തിരുന്ന ദുരിതകാലത്തെ പറ്റിയാണ് പറയുന്നത്.

എല്ലാ മനുഷ്യർക്കും ഒരുമിച്ച് വഴി നടക്കുവാനും ഒന്നിച്ചിരുന്നുണ്ണുവാനും ഒന്നിച്ച് വിദ്യയഭ്യസിക്കാനും എല്ലാവർക്കും മനുഷ്യരായി ജീവിക്കാനും വേണ്ടി കഠിനമായ സമരമുറകൾ സ്വീകരിക്കേണ്ടതായി വന്ന അയിത്തോച്ചാടന പ്രസ്ഥാനത്തിനും, ക്രൂരമർദ്ദനത്തിനൊപ്പം അപലപനീയമായ വട്ടപ്പേരുകൾ ഇഷ്ടം പോലെ ലഭിച്ചിരുന്നു. സമരപരമ്പര വിജയങ്ങൾ കൊയ്തപ്പോൾ വട്ടപ്പേരുകൾ ബഹുമതികളായിത്തീർന്നു.

സമത്വമെന്ന സ്വപ്നത്താൽ മാത്രം പ്രചോദിതരായി ഒന്നുമില്ലാത്തവന്റെ ജീവിതം മെച്ചപ്പെടുത്താൻ അനിവാര്യമായ സമരം ചെയ്ത ഒരു കൂട്ടം മനുഷ്യരെ വേട്ടയാടിപ്പിടിച്ച് ‘അവനൊരു കമ്യൂണിസ്റ്റാ‘ എന്നു പറഞ്ഞ് ക്രൂരമായ പീഡനങ്ങൾ ഏൽപ്പിച്ചിരുന്ന കാലത്തും നല്ല ധൈര്യമുള്ളവർ, സ്വന്തം ആശയങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നവർ, അവർ മാത്രമേ ‘ശരിയാണ്, ഞാനൊരു കമ്യൂണിസ്റ്റാണ് ‘എന്ന് ഏൽക്കുമായിരുന്നുള്ളൂ.

ഭൂരിഭാഗം മതവിശ്വാസികളും, മുതലാളിത്തം മാത്രമാണ് ലോകാവസാനം വരെയും നിലനില്പൂള്ള ഒരേ ഒരു വ്യവസ്ഥിതി എന്നു വിശ്വസിക്കുന്നവരും, ഇപ്പോഴും കമ്യൂണിസ്റ്റാകുന്നത് കൊടിയ പാപമാണെന്ന് തന്നെയല്ലേ കരുതുന്നത്?

അധികാരം പാർട്ടിയുടെ കൈയിൽ വന്നു കഴിയുമ്പോഴാണല്ലോ സർവ വ്യാപികളായ പൌഡറിട്ടു മിനുങ്ങിയ എല്ലാ പുരോഗമനക്കാരും ഒരു ഇടത് ലൈനാവുന്നത്. അധികാരമില്ലാത്ത പാർട്ടിയിൽ , വെറും പാർട്ടി വിശ്വാസികൾ മാത്രമെ കാണൂ. പാർട്ടി അധികാരത്തിലെത്തുന്ന നല്ല നാളെയിൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നു കരുതുന്ന അണ്ടനും അടകോടനും പാർട്ടിയുടെ തന്നെയും കണക്കിലൊന്നും പെടാത്ത അവരുടെ പെണ്ണുങ്ങളും മാത്രമായ വിശ്വാസികൾ.

ഇപ്പോഴും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഫെമിനിസവും ഫെമിനിസ്റ്റുകളും അവകാശബോധത്തിന്റെയും സമരങ്ങളുടേയും നിരന്തരവും അതീവ നീണ്ടതുമായ പാതയുടെ പ്രവേശനകവാടത്തിലെത്തിയിട്ടേയുള്ളൂ . അതുകൊണ്ട് പെണ്ണിന്റെ അവകാശങ്ങൾക്കായി പൊരുതുമ്പോൾ പോലും ഒരു പെണ്ണിന് എല്ലായ്പ്പോഴും നിലവിലുള്ള വ്യവസ്ഥിതിയുടെ നിയമങ്ങളെ അനുസരിക്കുന്നതായുള്ള ഒരു വിധേയ പ്രകടനപത്രിക പുറത്തിറക്കേണ്ടി വരാറുണ്ട്. ‘ഞാനൊരു നല്ല സ്ത്രീയാണ്, കുടുംബത്തിനകത്ത് ഒതുങ്ങിക്കഴിയുവാൻ ഇഷ്ടപ്പെടുന്നവൾ, പക്ഷെ, ഇതാ നോക്കു എന്റെ ഗതികേട് കൊണ്ട് എനിക്കിങ്ങനെ സമരം ചെയ്യേണ്ടി വരുന്നു.’ ക്ഷമാപണത്തോടെ തല കുമ്പിട്ടു കൊണ്ട് ഒരു ഘോരാപരാധം ചെയ്യുമ്പോലെ അവൾ സമരം ചെയ്യുന്നു. ഇൻഡ്യയിലെ മുസ്ലിമുകളോട് സദാ ഇൻഡ്യയോടുള്ള ലോയൽട്ടി തെളിയിക്കാൻ ആവശ്യപ്പെടാറുള്ളതു പോലെ, പെണ്ണും എല്ലായ്പ്പോഴും നിലവിലുള്ള വ്യവസ്ഥിതിയോട് തന്റെ ലോയൽട്ടി തെളിയിച്ച് കൊണ്ടിരിക്കണം. ‘ഞാൻ അവകാശം ചോദിക്കുകയല്ല, പ്ലീസ് ഗതികേട് കൊണ്ടാണ്, ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല. പുരുഷവിദ്വേഷിയോ പുരുഷവിരോധിയോ അല്ല. ഒരു പുരുഷന്റെ സംരക്ഷണത്തിൽ അടങ്ങിയൊതുങ്ങി കഴിയുവാൻ ആഗ്രഹിക്കുന്ന ഒരു പാവം; എന്നെ മനസ്സിലാക്കൂ പ്ലീസ്.‘

അവകാശബോധം അല്പം പോലും പ്രകടിപ്പിയ്ക്കാത്തവളും കഠിനമായി ചൂഷണം ചെയ്യപ്പെടുന്നവളുമായ പാവം പെണ്ണിനോട് ചില്ലറ പരിഗണനകളൊക്കെ ചുരുക്കം ചിലർ ഇപ്പോൾ കാണിക്കുന്നുണ്ട്. ‘നമ്മൾ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരാണ്, സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്‘ എന്നൊക്കെ ഒരു അനുതാപം പ്രകടിപ്പിക്കാറുണ്ട്. ‘ജാതിയിൽ താഴ്ന്നവർക്ക് ഞാൻ വെള്ളം കൊടുത്തു, ചെരിപ്പിട്ട് മുറ്റത്തേക്ക് കയറാൻ സമ്മതിച്ചു, ഭക്ഷണം കൊടുത്തപ്പോൾ അയാളുടെ വിരലിൽ തൊട്ടുവെങ്കിലും ഞാൻ കുളിക്കാനൊന്നും പോയില്ല,‘ എന്നും മറ്റും ചില സവർണ്ണർ തങ്ങളുടെ പുരോഗമനവും പരിഷ്ക്കാരവും വിശദീകരിക്കുന്നതു പോലെയാണ് ഈ ഉപാധികളോടെയുള്ള പരിഗണന. ജാതിയിൽ താഴ്ന്നവൻ വല്ല അവകാശവും പറഞ്ഞു വന്നാൽ പിന്നെ തീർന്നു, ഉടനെ അവന്റെ കുടിലുകൾക്ക് തീ കൊടുക്കലായി,അവന്റെ പെണ്ണിനെ ബലാത്സംഗം ചെയ്യലായി, ആസിഡ് ഒഴിക്കലായി, എന്തക്രമവും അരങ്ങേറലായി. ഈ താഴ്ന്ന ജാതിക്കാരനെ പോലെ തന്നെ, അവകാശബോധത്തോടെ ഒരു സ്ത്രീ സമരത്തിനു പുറപ്പെട്ടാൽ സംഗതികളാകെ മാറും. ആ സ്ത്രീ ഉടനെ നല്ല തല്ലു കിട്ടേണ്ടവളും,തന്റേടിയും,ഒരുമ്പെട്ടോളും, ഇവിടത്തെ നല്ലവരായ സ്ത്രീ സമൂഹം ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത ഒരു മോശക്കാരിയുമാവുന്നതു കാണാം.

സ്ത്രീകൾക്ക് തന്നെ ഫെമിനിസ്റ്റുകളെക്കുറിച്ച് തീരെ അഭിപ്രായമില്ല എന്നാണ് പൊതു സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട്. ആദ്യം പെണ്ണുങ്ങളൊക്കെ ഫെമിനിസ്റ്റ് കൊടിക്കീഴിൽ അണിനിരക്കട്ടെ, പിന്നീടാവാം പുരുഷന്മാർ ഈ പ്രശ്നങ്ങളെ മനസ്സിലാക്കുന്നത് എന്നാണ് കൂടുതൽ പുരുഷന്മാരും അഭിപ്രായപ്പെടുന്നത്. അവശരും ദുർബലരും ദളിതരും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരും ദരിദ്രരും ന്യൂനപക്ഷങ്ങളും എല്ലാം ഏകാഭിപ്രായത്തോടെ ഒറ്റക്കെട്ടായി അവരുടെ പ്രശ്നങ്ങളെ അവതരിപ്പിക്കട്ടെ, അപ്പോൾ നമുക്ക് പരിഹാരത്തെക്കുറിച്ച് ആലോചിക്കാം എന്ന ഭൂരിപക്ഷത്തിന്റെ അങ്ങേയറ്റം അന്ധവും ഉദാസീനവുമായ നിലപാട് പോലെ.

ലോകം മുഴുവനും ഈ ഏർപ്പാടിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. നിലവിലുള്ള അവസ്ഥയെ - അത് എന്തുമാകട്ടെ - അതിനെ ചോദ്യം ചെയ്യാനോ , അതിൽ പ്രതിഷേധിക്കാനോ, അതിന്റെ മാറ്റത്തിനാവശ്യമായ വല്ല ചില്ലറ നിർദ്ദേശങ്ങളും നൽകാനോ ആരെങ്കിലും തുനിഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും ആകാവുന്നത്ര അടിച്ചമർത്തുകയും ചെയ്യുക എന്നതൊരു പൊതു സ്വഭാവമാണ്. പൊതു സമൂഹം മാറ്റങ്ങളെ എന്നും ഭയപ്പെട്ടിട്ടേയുള്ളൂ. രാജാവിന്റെ അനുവാദം കിട്ടിയിട്ട് വിപ്ലവം ഉണ്ടാക്കാൻ ഏതായാലും സാധിക്കുകയില്ലല്ലോ.

സ്ത്രീ പ്രശ്നങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയുകയും സമരങ്ങൾക്ക് പിന്തുണ കൊടുക്കുകയും ചെയ്യുന്ന യഥാർഥ ഫെമിനിസ്റ്റുകളായ ചുരുക്കം സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈ പുരുഷന്മാരെ ‘പെൺകോന്തൻ‘ എന്നും ‘ശിഖണ്ഡി‘ എന്നും ഒക്കെ നല്ല ‘കറകളഞ്ഞ ആണുങ്ങളും ആണുങ്ങളേക്കാൾ ആണുങ്ങളായ പെണ്ണുങ്ങളും‘ പരിഹസിക്കും. കാര്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെങ്കിൽ പോലും ഇത്തരം ചീത്തപ്പേരുകൾ ഫെമിനിസ്റ്റ് പുരുഷന്മാർക്കും പഥ്യമാവില്ല. പെണ്ണിനെ ഫെമിനിസ്റ്റ് എന്നു വിളിച്ചാൽ പിന്നെ അവൾക്ക് സ്വന്തം ജീവിതവും എല്ലാത്തരം സമരങ്ങളും സാഹിത്യവും കലയും ഒക്കെത്തന്നെ വൻ പ്രശ്നങ്ങളായിത്തീരുന്നു. ഫെമിനിസ്റ്റ് എന്നു വിളിക്കപ്പെടുന്നതോടെ അവൾ വെറും വിഡ്ഡിത്തം മാത്രം വിളമ്പുന്നവളായി ചിത്രീകരിക്കപ്പെടുന്നു. അതുകൊണ്ട് ശരിക്കും ഫെമിനിസ്റ്റുകളായ സ്ത്രീക്കും പുരുഷനും നീണ്ടതും നിരന്തരവുമായ സമരമാർഗ്ഗത്തിലൂടെയല്ലാതെ ഒന്നും നേടുവാൻ കഴിയില്ല. അവരുടെ പാതകളിൽ മുള്ളു മുരട് മൂർഖപ്പാമ്പുകൾ പതിയിരിക്കുന്നു. എങ്കിലും നിലപാടുകളെക്കുറിച്ച് വ്യക്തമായ ബോധമുള്ള എല്ലാ ഫെമിനിസ്റ്റുകളും ഒത്തിരികാലമായി സ്വന്തം ജോലി മുടങ്ങാതെ ചെയ്തു പോകുന്നുണ്ട്. തടസ്സങ്ങൾ അവരെ പിന്തിരിപ്പിക്കുന്നില്ല.

പെണ്ണിനു പഠിക്കാൻ കഴിഞ്ഞതും വോട്ടവകാശം കിട്ടിയതും സ്വത്തവകാശമുണ്ടായതും വീട്ടിനു പുറത്തെ ലോകം കാണാൻ കഴിഞ്ഞതും ജീവിക്കുന്ന ലോകത്തെക്കുറിച്ച് ചെറിയ തോതിലെങ്കിലും ബോധ്യമുണ്ടായതുമെല്ലാം സ്ത്രീ പ്രശ്നങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന, താൽക്കാലികമായെങ്കിലും ഫെമിനിസ്റ്റുകളായി മാറിയ പലരുടേയും പ്രയത്നഫലത്താലാണ്.അവരിൽ സ്വാതന്ത്ര്യസമരസേനാനികളും കമ്യൂണിസ്റ്റുകളും പുരോഗമനവാദികളും വിപ്ലവകാരികളും വീട്ടമ്മമാരും ഉൾപ്പെടും.സ്ത്രീപ്രശ്നങ്ങളെ ഗൌരവമായി പരിഗണിക്കുന്ന എല്ലാവരും ആ സമയത്തെങ്കിലും ഫെമിനിസ്റ്റുകളാവുന്നുവെന്ന് ചുരുക്കം. സമത്വമെന്ന ആശയത്തെ ഇടക്കെങ്കിലും ഓർമ്മിക്കുന്നവൻ ആ സമയത്തെങ്കിലും ഒരു കമ്യൂണിസ്റ്റാകുന്നതു പോലെ. എന്നാൽ ആ നിലപാട് സ്വന്തം ജീവിതമായിത്തന്നെ പരിവർത്തിപ്പിക്കുന്നവർ മാത്രമേ സത്യത്തിൽ ഉത്തരവാദപ്പെട്ട, മനുഷ്യസ്നേഹത്താൽ വെണ്മ പടർത്തുന്ന, അത്തരം വിലപിടിപ്പുള്ള പേരുകൾക്ക് അർഹരാകുന്നുള്ളൂ. അതു ചുമ്മാ ആർക്കും തോന്നുമ്പോൾ എടുത്തണിയാവുന്ന ഒരു മേൽക്കുപ്പായമല്ല. സമത്വമെന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ശരിയായ കമ്യൂണിസ്റ്റിനും വിപ്ലവകാരിക്കും പുരോഗമനകാരിക്കും പരിസ്ഥിതിപ്രവർത്തകനുമെല്ലാം തങ്ങളുടെ സമരപാതകളിൽ ഒരു ഫെമിനിസ്റ്റാകാതെ നിർവാഹവുമില്ല.

സ്ത്രീയുടെ അവകാശ സമരങ്ങൾക്ക് മറ്റ് സമരങ്ങൾക്കൊന്നുമില്ലാത്ത പല ഗതികേടുകളുമുണ്ട്. അത് അടുക്കളയിലും കിടപ്പുമുറിയിലും പോലും മാറ്റമാവശ്യപ്പെടുന്നു.സമൂഹത്തിന്റെ അങ്ങേയറ്റം സ്വകാര്യമായ ശീലങ്ങളിൽ പോലും വിമർശനമുന്നയിക്കുന്നു. നിരന്തരമായ ഉത്തരവാദിത്തമാവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയെ നിർമ്മിക്കുന്നു. സ്ത്രീയോടും പുരുഷനോടും ഒരുപോലെ അവരുടെ സകല നിലപാടുകളെയും സദാ പുതുക്കിയെഴുതുവാൻ ആവശ്യമായ ജാഗ്രത കാണിക്കുവാൻ പറയുന്നു. സർവോപരി, പൊതു സമൂഹത്തോടും പരിസ്ഥിതിയോടും രാഷ്ട്രീയത്തോടും സമ്പദ് വ്യവസ്ഥയോടും കലയോടും സാഹിത്യത്തോടും മതവിശ്വാസങ്ങളോടും മനുഷ്യരിൽ സൂക്ഷ്മമായി സ്വാധീനം ചെലുത്തുന്ന പാരമ്പര്യത്തിലുറച്ചു പോയ ആചാരാനുഷ്ഠാനങ്ങളോടും അതിതീക്ഷ്ണമായ സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും പുലർത്താനാവശ്യപ്പെടുന്നു. ഭാഗികമായ പരിഷ്ക്കാരങ്ങളോ താൽക്കാലികമായ ഓട്ടയടക്കലുകളോ കൊണ്ട് ഈ അവകാശ സമരങ്ങൾ അവസാനിക്കുകയില്ല, അവസാനിക്കാൻ പാടില്ല. സമഗ്രമായ യാതൊരു കാഴ്ചപ്പാടുകളുമില്ലാത്ത, രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത, പൊതുസമൂഹത്തിൽ ഇത്രയും തീവ്രമായ ചുമതലകൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുടെ ചുമലുകൾക്കാണ് ബലം?

അതുകൊണ്ട് പെൺസമരങ്ങൾ ഏറ്റവും ഒടുവിൽ മാത്രം വിജയം കാണുന്ന ‘ഒച്ച് ‘ സമരങ്ങളായിരിക്കും. ഓരോ ഇഞ്ചിലും ആ സമരങ്ങൾ അപമാനിതമായിക്കൊണ്ടിരിക്കും, അതി കഠിനമായി നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കും, അവയുടെ സാന്നിധ്യം എല്ലാ വിധത്തിലും തമസ്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കും.

ഒരു ചുക്കും ചെയ്യാൻ കഴിയാത്ത ‘വെറും പെണ്ണു‘ങ്ങളെ പോലെ.