Thursday, January 28, 2010

കുരുടിപ്പാട്ടി

തന്റെ അച്ഛന്റെ ഏക മകളായാണ് കുരുടിപ്പാട്ടി ജനിച്ചത്.

ജനിച്ചപ്പോൾ കുരുടിയായിരുന്നില്ല.

വയസ്സായി വിധവയായപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്.

അവർക്ക് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട്, പാട്ടിയുടെ ഭർത്റു സഹോദരന്റെ ഒരു മകനെ അവർ ദത്തെടുത്ത്, ഓമനിച്ച് വളർത്തി.

പാട്ടിയ്ക്ക് ആ മകനെന്ന് വെച്ചാൽ പ്രാണനായിരുന്നു, അവനെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ വായിൽ തേനും പഞ്ചസാരയും ഒഴുകിയിരുന്നു.

മകനും നല്ല മിടുക്കൻ തന്നെ. മുതിർന്നപ്പോഴേയ്ക്കും ധനം സമ്പാദിക്കാനാവശ്യമായ എല്ലാ വിദ്യകളും അവൻ പഠിച്ചു, അവന്റെ പ്രയത്നം കൊണ്ട് സമ്പത്തും ഐശ്വര്യവും നാൾക്ക് നാൾ വർദ്ധിച്ചു വന്നു.

പക്ഷെ, വയസ്സാകും തോറും കുരുടിപ്പാട്ടി അവരുടെ മകന് അധികപ്പറ്റായി മാറി. ‘അമ്മേ‘ എന്നു കൊഞ്ചി വിളിച്ചവൻ പിന്നീട് ഒന്നും വിളിക്കാതെയായി, കുറച്ച് കഴിഞ്ഞപ്പോൾ ‘കുരുടി‘ എന്ന് വിളിക്കാൻ അവന്റെ നാവുയരുകയും ചെയ്തു.

മകനെ സ്നേഹിക്കാൻ അവന്റെ ഭാര്യയും മക്കളും സദാ തയാറായിരിക്കേ, വളർത്തമ്മയെ അവന് വേണ്ടാതായതാകാം. സ്വന്തം എന്ന വികാരത്തിന്റെ വ്യാപ്തി അത്ര മേൽ വലുതായതു കൊണ്ടായിരിക്കാം.

പാട്ടിയുടെ അന്ധമായ മിഴികളിലൂടെ സദാ കണ്ണീരൊഴുകിക്കൊണ്ടിരുന്നു. എങ്കിലും പാട്ടിയ്ക്ക് മകനെ വെറുക്കാൻ കഴിഞ്ഞില്ല, അവനെ തേടി അവർ പൂമുഖത്തേക്കും ഊൺ തളത്തിലേക്കുമായി ദിവസം മുഴുവൻ പ്രാഞ്ചി നടന്നു, അവന്റെ ശബ്ദം ചെവിയിൽ വീഴുമ്പോൾ അവരുടെ അന്ധനേത്രങ്ങൾ വികസിച്ചു. അവന്റെ പരിസരത്തു തന്നെ കഴിയാൻ അവർ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, ആ മകനാകട്ടെ അവരെ ഒരു കരടു പോലെ എടുത്തു കളയുകയുമായിരുന്നു.

ദോഷം പറയരുതല്ലോ, മരുമകൾ ദയയുള്ളവളായിരുന്നു, പലപ്പോഴും അവൾ സ്വന്തം ഭർത്താവിനെ തിരുത്താൻ ശ്രമിച്ചു. പക്ഷെ, പെൺ ചൊല്ലു കേട്ട് പെരുവഴിയിലാകാൻ പാടില്ലല്ലോ മിടുക്കന്മാരായ പുരുഷന്മാർ. അതുകൊണ്ട് മരുമകളുടെ ഒരു ശ്രമവും വിജയിച്ചില്ല.

പാട്ടി മകന്റെ ഭാര്യയേയും മക്കളേയും ഒരു കുറവുമില്ലാതെ സ്നേഹിച്ചു, അവർക്കതു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. എങ്കിലും മകന്റെ മക്കൾ തരം കിട്ടുമ്പോഴെല്ലാം അവരെ ‘കുരുടിപ്പാട്ടി‘ എന്നു തന്നെ വിളിച്ചു പോന്നു.

പാട്ടി തീർത്തും അവശയും രോഗിണിയുമായിക്കഴിഞ്ഞപ്പോൾ, മകന്റെ അസഹ്യത പർവതത്തെപ്പോലെ വലുതായി, അവർക്കു വേണ്ടി ചെലവാക്കേണ്ടി വരുന്ന ഓരോ തുട്ടിന്റെ പുറത്തും അവൻ ഭൂതാവേശിതനെപ്പോലെ തുള്ളിക്കൊണ്ടിരുന്നു.

ഒടുവിൽ ഒരു രാത്രിയിൽ, ‘ഞാൻ സമ്പാദിച്ച പണമെല്ലാം തുലയ്ക്കാതെ ഒന്നു വേഗം ചത്തു കൂടെ കുരുടിക്ക്‘ എന്ന് ക്രുദ്ധനായ പാമ്പിനെപ്പോലെ ആ മകൻ ചീറി.

കുരുടിപ്പാട്ടി പിറ്റേന്ന് ഉച്ചയായപ്പോൾ മരിച്ചു, അവസാനമായി അവരുച്ചരിച്ചത് ആ മകന്റെ പേരായിരുന്നു.

13 comments:

അഭി said...

Touching :)

Narration is good

പട്ടേപ്പാടം റാംജി said...

കുരുടിപ്പട്ടിയിലൂടെ കഥ പറഞ്ഞപ്പോള്‍ എന്തോ ഒരു കുറവ്‌ അനുഭവപ്പെട്ടതുപോലെ തോന്നി.
കൊള്ളാം.
ആശംസകള്‍.

Anil cheleri kumaran said...

കഷ്ടം.. പാവം പാട്ടി. നന്നായിട്ടുണ്ട് കഥ. ഈ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂ‍ടേ?

Unknown said...

എല്ലാ പ്രായമായവരും എന്നും അവഗണിക്കപ്പെടുന്നവര്‍ തെന്നെയാണ്‌.
www.tomskonumadam.blogspot.com
വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂ‍ടേ...?

ചേച്ചിപ്പെണ്ണ്‍ said...

ശാപം വരുന്ന വഴികള്‍ ...
അതോ വരുത്തുന്നതോ ...?

Echmukutty said...

അഭിയ്ക്ക് നന്ദി, വീണ്ടും വരുമല്ലോ.

രാംജിയ്ക്കും നന്ദി. കൂടുതൽ തെളിവാർന്ന്
എഴുതുവാൻ എനിക്ക് കഴിയട്ടെ എന്നാഗ്രഹിക്കുന്നു. തരുന്ന പ്രോത്സാഹനത്തിന് നമസ്ക്കാരം.

കുമാരൻ, റ്റോംസ് രണ്ട് പേർക്കും നന്ദി.കുമാരനെ ഈയിടെ കാണാറില്ല. വേഡ് വെരിഫിക്കേഷൻ ഒരു സുരക്ഷിതത്വ സഹായി മാത്രമാണ്. തുടർന്നും വന്ന് പ്രോത്സാഹിപ്പിക്കുമല്ലോ.

ചേച്ചിപ്പെണ്ണ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. തിമിരമായും ആന്ധ്യമായും സ്വത്തിലും ധനത്തിലുമുള്ള ഒടുങ്ങാത്ത ആർത്തിയായും ആ കണ്ണീർ ഇപ്പോഴും ഒഴുകുന്നു.
നന്ദി.തരുന്ന് പ്രോത്സാഹനത്തിന് നമസ്കാരം.
ഇനിയും വരുമല്ലോ.

സായം സന്ധ്യ said...

അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യവും,വൈകല്യവും വേദനയാവുന്നു.

സിനു said...

പാട്ടിയുടെ കഥ വായിച്ചപ്പോള്‍ വേദന തോന്നി.
നാളെ എനിക്കും പ്രായമാകുമെന്നു ആ മകന്‍ ഓര്‍ത്തിരുന്നുവെങ്കില്‍...

ശ്രീ said...

വൃദ്ധരായ മാതാപിതാക്കളെ വെറുക്കുന്ന മക്കള്‍ ഓര്‍ക്കുന്നില്ല... ഭാവിയില്‍ അവര്‍ക്കും അതേ അവസ്ഥ വരുമെന്ന്.

നല്ല പോസ്റ്റ് ചേച്ചീ.

'കേരളാ കഫെ'യിലെ "ബ്രിഡ്ജ്" ഓര്‍മ്മിപ്പിച്ചു. (കണ്ടിട്ടില്ലെങ്കില്‍ കണ്ടു നോക്കൂ)

Echmukutty said...

സായം സന്ധ്യയ്ക്ക് നന്ദി. വീണ്ടും വരുമല്ലോ.
സിനുവിന് സ്വാഗതവും നന്ദിയും.
ശ്രീ വരാൻ വൈകിയല്ലോ.

നിങ്ങളെല്ലാം തരുന്ന പ്രോത്സാഹനത്തിന് ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്....

ente lokam said...

കുരുടിപ്പാട്ടി ..സ്നേഹത്തിന്റെ മൂര്‍ത്തീ
ഭാവം ....അതങ്ങനെ ആണ് .സ്നേഹം
നദി പോലെ താഴേക്കു ഒഴുകും .അതാണ്‌
ലോക നീതി ..അല്പം എങ്കിലും തിരികെ കിട്ട്ടുന്നവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളും ....
ലളിതമായി പറഞ്ഞ കഥ ഹൃദയ സ്പര്‍ശി
ആയി വായിച്ചു ...തലമുറകള്‍ കടന്നു
പോകുമ്പോഴും മാറ്റമില്ലാതെ എന്നും
പ്രസക്തമായ വിഷമിപ്പിക്കുന്ന വിഷയം ...

ajith said...

“അവന്റെ ശബ്ദം ചെവിയിൽ വീഴുമ്പോൾ അവരുടെ അന്ധനേത്രങ്ങൾ വികസിച്ചു.”
ഈ വാക്കുകള്‍ വായിച്ചപ്പോഴെന്റെ ഹൃദയം പിടച്ചു.

Mohiyudheen MP said...

kollam