പച്ചക്കറികള്‍
നിറച്ച കുട്ട ഫ്ലാറ്റിന്റെ വരാന്തയില്‍ വിശ്രമിക്കുന്നു. ഞാന്‍ കൊടുത്ത
ചായയോ എലുമിച്ചം പഴം സാദമോ( നാരങ്ങാ ചോറ് ) ഒന്നും മാരിയമ്മ തൊട്ടു നോക്കിയിട്ടില്ല. അതില്‍
ഈച്ച വന്നിരിക്കുമെന്ന് ഞാന്‍ ഒന്നു രണ്ടു
തവണ ഈ.. ഈ എന്ന് എന്റെ പൊട്ടത്തമിഴു പേച്ച്
കേള്‍പ്പിച്ച് കൈയാട്ടി
ഈച്ചയെ വിരട്ടിക്കൊണ്ടിരുന്നു.
എന്റെ
അബദ്ധമാണ് ഈ കരച്ചിലിനു കാരണം. അതോര്‍ത്തിട്ട്
എനിക്ക് ശരിക്കും സങ്കടവുമുണ്ട്.
നന്നേ മുതിര്‍ന്ന
രണ്ട് റിട്ടയേര്‍ഡ് ഗവണ്മെന്റ്
ഉദ്യോഗസ്ഥരുടെ വീട്ടില്‍ മാരിയമ്മയെ ജോലിക്ക്
കൊണ്ടു പോയാക്കിയത് ഞാന്‍ തന്നെയാണ്.
അവര്‍ ഒത്തിരി നല്ല
മനുഷ്യരായിരുന്നു. സാധാരണ വലിയ ഉദ്യോഗപ്രൌഡിയില്
കഴിഞ്ഞവര്‍ സുലഭമായി പ്രദര്‍ശിപ്പിക്കുന്ന
അസഹ്യമായ മനുഷ്യ വിദ്വേഷമോ അതിനു കുടപിടിക്കുന്ന അല്പത്തമോ ഒന്നും അവരില്‍ ഒട്ടുമുണ്ടായിരുന്നില്ല. മാരിയമ്മയ്ക്ക് കട്ടില് ,കിടക്ക, പുതപ്പ്, പ്രത്യേകം
കുളിമുറിയും കക്കൂസും, സ്വന്തം മുറി ഒക്കെ കൊടുത്ത്
ടി വി കാണാനോ പാട്ടു കേള്‍ക്കാനോ
ഒന്നും ഒരു വിലക്കും പറയാതെ തികച്ചും
ആത്മാര്‍ഥമായി ഹൃദയംഗമമായി അവര്‍ സ്വീകരിച്ചു. അവര്‍ക്ക് വീട്ടിലൊരു ആള്
ഉണ്ടായേ പറ്റൂ. പാചകവും വീടുകാവലും മാത്രമായിരുന്നു
മാരിയമ്മയുടെ ജോലി.
പച്ചക്കറിക്കുട്ട
ചുമന്ന് ചുമന്ന് മാരിയമ്മയുടെ
കഴുത്തും നടുവും ഒടിഞ്ഞു
കഴിഞ്ഞിരുന്നു. മെലിഞ്ഞ്, കമ്പിനെപ്പോലെയുള്ള കൈകാലുകളും മുടി കൊഴിഞ്ഞ്
തലയോട്ടി തെളിഞ്ഞ് കുണ്ടില്പെട്ട കണ്ണുകളുമുള്ള ഒരു സ്ത്രീ രൂപമായിരുന്നു അവര്‍. അവരുടെ നെഞ്ചും
പുറവും ഒന്നു പോലെ ഒട്ടിയിരുന്നു. എവിടെയെങ്കിലും
ഒരു വീട്ടില്‍ നില്ക്കുന്ന പണി കിട്ടിയാല്‍ ഈ അധ്വാനം
മതിയാക്കുമെന്ന് പച്ചക്കറി തരുവാന്‍ വരുമ്പോഴൊക്കെയും മാരിയമ്മ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
സത്യത്തില്‍ മാരിയമ്മയെ കണ്ട് കഷ്ടം തോന്നിയിട്ടാണ് എനിക്ക് നല്ല പരിചയമുള്ള ആ വീട്ടില്‍
ഞാനവരെ കൊണ്ടുചെന്നു വിട്ടത്.
മാരിയമ്മ
പതിനാറു വയസ്സില്‍ മൂത്ത മകനെ പ്രസവിച്ചു.
പിന്നെ ഈ രണ്ട് കൊല്ലം കൂടുമ്പോഴെല്ലാം പ്രസവിച്ചുകൊണ്ടിരുന്നു. കുറെ
കുട്ടികള്‍ ജനിച്ചയുടനെ മരിച്ചു പോയി..കുറച്ച് പേര് ഗര്‍ഭത്തില്‍ വെച്ചേ അലസിപ്പോയി.. എത്ര എപ്പോള്‍
എവിടെ എന്നിങ്ങനെയുള്ള കണക്കുകള്‍
ഒക്കെ മാരിയമ്മ മറന്നു
കഴിഞ്ഞു. ബാക്കി ഇപ്പോള്‍ മുതിര്‍ന്ന
രണ്ട് ആണ് കുട്ടികളുണ്ട്.
വിവാഹിതയായ ഒരു മകളും.
മാരിയമ്മയുടെ ഭര്‍ത്താവ്
ജോലിയൊക്കെ ചെയ്തിരുന്നു. പക്ഷെ, വൈകുന്നേരമായാല്‍ കിട്ടിയ പണം തീരുന്ന
വരെ മദ്യപിക്കും,
മാരിയമ്മയെ കൊള്ളില്ലെന്ന് അയാള്‍ക്ക്
തോന്നുന്ന ദിവസം കലിയടങ്ങും വരെ മാരിയമ്മയെ തല്ലീട്ട് വേറെ
പെണ്ണിന്റെ അടുത്ത് ചെന്ന്
കിടക്കും .
അപ്പോള്‍ പോക്കറ്റും കൂടി പണയത്തിലാവും. ‘ അവള്
സുമ്മാ വിടുവളാ’ എന്ന് മാരിയമ്മ വിശദീകരിച്ചു...
അതെ, അയാള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെയും കിടന്നുകൊടുക്കുന്ന
പെണ്ണുങ്ങള്‍ക്ക് അവരുടെ ജോലിക്കുള്ള വേതനം നല്കാതെങ്ങനെയാണ് ?
അങ്ങനെ ഏതോ ഒരുത്തിയുടെ വീട്ടില്‍ വെച്ച് ആവശ്യത്തിലുമധികം കുടിച്ച പേത്തണ്ണി ഒരിക്കല്‍ ഭര്‍ത്താവിന്റെ ജീവനുമെടുത്തു... മദ്യപിച്ച് മടങ്ങുമ്പോള്‍ വണ്ടി തട്ടിയതാണ്... മരിച്ചില്ല. പക്ഷെ, മരിക്കുകയായിരുന്നു ഇതിലും ഭേദം. കഴുത്തിനു താഴോട്ട് തളര്‍ന്നു
പോയി. ആദ്യമൊക്കെ ഇംഗ്ലീഷ് വൈദ്യം ചെയ്തു... പിന്നെ
കേരളാവിലെ മലയാള വൈദ്യം ചെയ്തു...
ഒടുവിലൊടുവില്‍ മാരിയമ്മ കുളിപ്പിക്കുന്നതും ചൂടു പിടിപ്പിക്കുന്നതും ആഹാരം
വാരിക്കൊടുക്കുന്നതും മാത്രമായി
വൈദ്യം. കാരണം അതിനു മാത്രമാണല്ലോ കാശ് അത്ര അധികം ചെലവാകാത്തത്..
അയാള്‍
കിടന്ന് പോയപ്പോള്‍ മാരിയമ്മയെ മനസ്സിലാക്കിയോ, ആ സ്നേഹം തിരിച്ചറിഞ്ഞോ എന്ന് ഞാന്‍ ചോദിച്ചു...
എന്തൊക്കെ ക്രൂരമായ ജീവിതാനുഭവങ്ങളുണ്ടെന്ന് മേനി നടിച്ചാലും എന്റെ ഉള്ളില്‍ ഇപ്പോഴും ചില്ലറ പൈങ്കിളി പ്രതീക്ഷകളൊക്കെ കരിയാതെ ബാക്കി നില്‍ക്കുന്നുണ്ട്. അതാണ് ഈ വിഡ്ഡിച്ചോദ്യത്തിനു
കാരണം.
ഉത്തരമായി മാരിയമ്മ
ചിരിച്ചു. എന്നിട്ട് തമിഴിലെ കുറെ തെറിവാക്കുകള്‍
തലയും കുമ്പിട്ടിരുന്ന് എന്നെ പറഞ്ഞു കേള്‍പ്പിച്ചു.
അയാള്‍ക്ക് സ്വന്തം ജീവിതത്തിനോടുള്ള മടുപ്പും അമര്‍ഷവും
പ്രതിഷേധവുമെല്ലാം ഈ വാക്കുകളായിത്തീര്ന്ന്
മാരിയമ്മയുടെ മുഖത്തു തുപ്പലായി വീണുകൊണ്ടിരുന്നുവെന്നര്ഥം.
‘എന്‍ തല എഴുത്ത്...'
മാരിയമ്മയുടെ
സമാധാനം അതായിരുന്നു. തലേലെഴുത്ത്
മോശമാണ്. നല്ല നേരത്ത്
ജനിക്കണം. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത കാര്യമാണല്ലോ നമ്മുടെ ജനനസമയം. അതിനെ നമ്മള് എങ്ങനെ
നന്നാക്കിത്തീര്‍ക്കും ?
തലേലെഴുത്ത് മോശമാണെന്ന്
കരുതി ഭര്‍ത്താവിനെ
ഒരു ദിവസം പോലും പരിചരിക്കാതിരുന്നിട്ടില്ല. ‘ അവര്‍ നല്ലവര്‍ അതുകൊണ്ട് മാരിയമ്മ
ഭാഗ്യവതി’ എന്നു
തന്നെ എന്നോടും പറഞ്ഞു. ഒന്നും മനസ്സിലാകാത്ത
മാതിരി ഞാന്‍ മിഴിച്ചു നോക്കിയപ്പോള്‍ മാരിയമ്മ
വിശദീകരിച്ചു.
മറ്റു
സ്ത്രീകള്‍ക്കൊപ്പം
കിടക്കുമായിരുന്നുവെങ്കിലും തല്ലുമായിരുന്നുവെങ്കിലും തെറികള്‍ പറയുമായിരുന്നുവെങ്കിലും അദ്ദേഹം പെരുംനോയ്
പകര്‍ന്നു കൊടുത്തില്ലല്ലോ. അങ്ങനെ ചെയ്യുന്ന ഭര്ത്താക്കന്മാര് എത്ര പേരുണ്ടെന്ന് അറിയാമോ? പെരുംനോയ് ഇല്ലാത്ത പെണ്ണുങ്ങള്ക്കൊപ്പമല്ലേ അദ്ദേഹം ശയിച്ചിട്ടുള്ളൂ . അല്ലെങ്കില്‍ മാരിയമ്മയ്ക്കും അതു പകരുമായിരുന്നില്ലേ? അതുണ്ടായിരുന്നെങ്കില്‍ മക്കളെ എങ്ങനെ വളര്‍ത്തുമായിരുന്നു?
എല്ലാവരും എന്തിനു ഈ ഞാന്‍ തന്നെയും മാരിയമ്മയോട്
സംസാരിക്കുമായിരുന്നോ? കാണുമ്പോഴേക്കും
അടിച്ചോടിക്കുമായിരുന്നില്ലേ?
വായില്‍ നല്ല
പശയുള്ള ഒരു മുഴുത്ത കൊഴുക്കട്ട
ഇരിക്കുന്ന മാതിരി,
അതുകൊണ്ടു
തന്നെ ഒച്ച കൂടിയും പുറത്തു വരാത്ത മാതിരി എനിക്കു തോന്നി.
ഒടുവില്‍ ഒരു
ദിവസം മാരിയമ്മ വിധവയായി.
മൂന്നു ചെറിയ
കുട്ടികളും പുറമ്പോക്കിലൊരു കുടിലും
മാരിയമ്മയുമാണ് ഭര്‍ത്താവിന്റെ
ബാക്കിയായി ഉള്ളത്. പിന്നെ
കിട്ടുന്ന ജോലിയെല്ലാം ചെയ്തു.
എന്നെക്കൊണ്ട് സാധിക്കുമോ എന്റെ പ്രകടനം മോശമാവുമോ എന്റെ ആദര്‍ശത്തിനോടും അറിവിനോടും
പൊരുത്തപ്പെടുമോ എന്നൊക്കെ പഠിപ്പും
വിവരവുമുള്ളവര്‍ക്ക് ജോലിക്കാര്യങ്ങളില്‍
തോന്നുന്ന മടിയും പരിഭ്രമവും ഉല്‍ക്കണ്ഠയുമൊന്നും
മാരിയമ്മയ്ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തൂത്തുതുടപ്പു മുതല്‍
പാചകം വരെ, പശുക്കറവ മുതല്‍ ചുമടെടുപ്പുവരെ, പ്രസവമെടുപ്പു മുതല്‍ പച്ചക്കറി
വില്പന വരെ.... അങ്ങനെ വളരെ നീണ്ടൊരു എക്സ് പീരിയന്‍സ് സര്ട്ടിഫിക്കറ്റുണ്ടായി നാല്പതു
വയസ്സില്‍ മാരിയമ്മയ്ക്ക്.
മാരിയമ്മയുടെ
മക്കള്‍ എങ്ങനെയൊക്കെയോ വളര്‍ന്നു. പെണ്‍കുട്ടിയെ
ഒരു ഓട്ടോ ഡ്രൈവര്‍ കല്യാണം
കഴിച്ചു. അയാള്‍ക്ക് എന്നും പരാതിയാണ്.
ഒരു ഓട്ടോക്കാരന് മൂന്നാലു ലക്ഷം രൂപയൊക്കെ പുല്ലു പോലെ സ്ത്രീധനം കിട്ടും. സ്വര്‍ണവും വീട്ടുപകരണങ്ങളും മറ്റും
വേറെയും കിട്ടും. ഏഴകുടുംബത്തില് നിന്ന് പെണ്ണെടുത്തതുകൊണ്ട് അയാള്‍ക്ക് കിട്ടുമായിരുന്നത്ര ഒന്നും കിട്ടിയില്ല.
ആവശ്യപ്പെടുമ്പോഴെല്ലാം എന്തെങ്കിലും സമ്മാനമായി കൊടുത്ത്
സമാധാനപ്പെടുത്തിയില്ലെങ്കില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുമെന്ന്
അയാള്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്.
മകളും പരാതി പറയും ... സ്വന്തം അമ്മയോട് താലിപ്പിച്ച ചോദിക്കേണ്ട ഗതികേടാക്കുകയാണ് അമ്മ.... അദ്ദേഹം ആവശ്യപ്പെടുന്നതുവരെ കാത്തുനില്ക്കണോ... അതിനു മുന്‍പ്
അങ്ങുകൊടുത്തു കൂടേ ... അമ്മയുടെ
മകളായതുകൊണ്ട് ഭര്‍ത്താവിനോടൊപ്പം സുഖമായി
ജീവിക്കാന്‍ അവള്‍ക്ക് അവകാശമില്ലെന്നു
പറഞ്ഞാലെങ്ങനെയാണ്. അദ്ദേഹം അധികമൊന്നും ചോദിക്കുന്നില്ലല്ലോ ഒരു ടി
വിയല്ലേ ചോദിക്കുന്നുള്ളൂ... അല്ലെങ്കില്‍
പുതിയ ഒരു മൊബൈലല്ലേ... അതുമല്ലെങ്കില്‍
ഒരു ഫ്രിഡ്ജല്ലേ...
ആണ്‍കുട്ടികള്‍ മൊബൈല്‍ നന്നാക്കുന്ന കടയില്‍
പണിക്കു പോകുന്നുണ്ട്. ശമ്പളം
കിട്ടുന്നത് അവരുടെ ആവശ്യത്തിനു തന്നെ തികയുകയില്ല. നല്ല ഹോട്ടലില്‍ കയറി
ആഹാരം കഴിക്കാനോ നല്ല വസ്ത്രങ്ങള്‍ ധരിക്കാനോ സിനിമ കാണാനോ യാത്ര പോകാനോ ഒക്കെ അവര്‍ക്കും ആശയുണ്ടാവില്ലേ? സുഖമായി കഴിഞ്ഞു കൂടണമെന്ന് അവര്‍
ആഗ്രഹിക്കുന്നത് എങ്ങനെ ഒരു തെറ്റാകും?
മാരിയമ്മയ്ക്ക് പച്ചക്കറിക്കുട്ട ചുമലിലേറ്റാതെ വയ്യ. എല്ലാവരേയും സുഖമായി
ജീവിപ്പിക്കാന്‍ മാരിയമ്മയെക്കൊണ്ട്
ഇപ്പോള്‍ അത്രയുമല്ലേ പറ്റൂ. കഴുത്ത് വേദനയായാലും തല വേദനയായാലും...
അതുകൊണ്ടാണ് കൂടുതല്‍
ശമ്പളമുള്ള താരതമ്യേനെ എളുപ്പമായ ആ
വീട്ടുജോലിക്ക് മാരിയമ്മ പോയത്. അമ്മ അവിടെ പോയി നിന്നോട്ടെന്ന് മക്കള്‍
സമ്മതിച്ചു. മൂത്ത മകന്
പറഞ്ഞിതിങ്ങനെയായിരുന്നു. ‘ അല്ലെങ്കിലും അമ്മ വീട്ടിലിരുന്ന് ഒന്നും
ചെയ്യാറില്ലല്ലോ. രാവിലെ മുതല്‍ ചുമ്മാ
ഊരു ചുറ്റലല്ലേ.. ഞങ്ങള്‍
ഭക്ഷണമുണ്ടാക്കിയോ അത്യാവശ്യം ഹോട്ടലീന്നു കഴിച്ചോ ഒക്കെ ജീവിച്ചു കൊള്ളാം.. അമ്മ അവിടെ പോയി
നിന്നോട്ടെ.. ‘
ഒരു പഴയ പ്ലാസ്റ്റിക് സഞ്ചിയില്‍
പിഞ്ഞിപ്പോയ രണ്ട് സാരിയും മറ്റും
തിരുകി മാരിയമ്മ പുതിയ ജോലിയില്‍
പ്രവേശിക്കാന്‍ തയാറായി. ഞാനും എന്റെ ഒരു
കൂട്ടുകാരിയും മാരിയമ്മയുടെ മകളും അവളുടെ
ഭര്‍ത്താവും കൂടിയാണ് മാരിയമ്മയെ ആ വീട്ടില്‍
കൊണ്ടു വിട്ടത്. ചോദിക്കാനും പറയാനും മാരിയമ്മയ്ക്ക് ആരുമില്ലെന്ന് ആ വീട്ടുകാരും കരുതിക്കൂടല്ലോ.
ഇപ്പോള്‍
പത്ത് ദിവസം കഴിഞ്ഞേയുള്ളൂ.
വിയര്‍ത്തൊലിച്ച്
കിതച്ച് പരവശയായി ആ പിഞ്ഞിയ വട്ടിയും ചുമന്ന് കീറിയ സാരിയുമുടുത്ത മാരിയമ്മ ദേ, എന്റെ
മുമ്പിലിരിക്കുന്നു.
ഞാന്‍ കഴിഞ്ഞ
പത്തു ദിവസത്തില്‍ രണ്ട് പ്രാവശ്യം അവിടെ
ഫോണ്‍ ചെയ്ത് മാരിയമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വീട്ടുകാരിയും മാരിയമ്മയും സൌഖ്യമെന്നും സന്തോഷമെന്നും തൃപ്തിയെന്നും
മറ്റുമുള്ള നല്ല വാക്കുകള്‍
മാത്രമേ എനിക്ക് മറുപടിയായിത്തന്നുള്ളൂ. സദാ യാത്ര ചെയ്യേണ്ടുന്ന ഒരു ജോലിയുള്ള
എനിക്ക് അതില്‍ക്കൂടുതല്‍
മാരിയമ്മയെ അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ല.
കുറെ നിര്‍ബന്ധിച്ചപ്പോള്‍ മാരിയമ്മ
ചായ കുടിച്ചു.
ആഹാരം
കഴിച്ചില്ലെങ്കില്‍ ഇനി എനിക്ക്
പച്ചക്കറി തരാന്‍ ഫ്ലാറ്റില്‍ വരേണ്ടെന്ന്
ഞാന്‍ ക്ഷുഭിതയായപ്പോഴാണ് മാരിയമ്മ
എലുമിച്ചമ്പഴം സാദം കഴിക്കാന്‍ തയാറായത്.
ആണ്മക്കള് ഒരു തരത്തിലും സമ്മതിക്കുന്നില്ല അവിടെ ജോലി ചെയ്യാനെന്ന് മാരിയമ്മ ഒടുവില്‍ തുറന്നു പറഞ്ഞു. അവര്‍ക്ക് രാവിലെ ചായയും പലഹാരവും ഉച്ചയ്ക്ക്
ഊണുമൊന്നും തയാറാക്കിക്കഴിക്കാന്
പറ്റുന്നില്ല. ചോറു വേവിക്കുമ്പോള്‍ കുഴഞ്ഞു പോകുന്നു.. അല്ലെങ്കില്‍ വേവുന്നേയില്ല. ഒരു ദിവസം ചോറു വാര്‍ക്കുമ്പോള്‍
ഇളയവന്റെ കൈ പൊള്ളി. കഷണം മുറിച്ചപ്പോള്‍ മൂത്തവന്റെ കൈ
മുറിഞ്ഞു.... പിന്നെ തുണിയലക്കുന്നതും
വീട് വൃത്തിയാക്കുന്നതും ഒന്നും ജോലിക്കു
പോകുന്ന അവരെക്കൊണ്ട് സാധിക്കില്ല... പൊട്ടപ്പെണ്ണുങ്ങളുടെ ഈ പിണ്ണാക്കു പണികള്‍ ചെയ്ത് അവര്‍ മടുത്തു . ജോലി കഴിഞ്ഞ് വീട്ടില്‍
വന്ന് വിശ്രമിച്ച് സുഖമായി ജീവിക്കണമെന്ന്
അവര്‍ക്കും ആശയുണ്ട്.
‘സാരമില്ല, മാരിയമ്മ മക്കളുടെ
കാര്യങ്ങള്‍ നോക്കി നടത്തൂ. ഞാനോ ആ വീട്ടുകാരോ
എന്തു കരുതുമെന്ന് വിചാരിച്ച് കരയേണ്ട...
അവരോട് ഞാന്‍ പറഞ്ഞുകൊള്ളാം.... ‘ ഞാന്‍
മാരിയമ്മയെ സമാധാനിപ്പിക്കാനായി പറ്റാവുന്നത്ര ഉദാരമനസ്ഥിതി വെളിപ്പെടുത്തി. സത്യത്തില്‍ ആ വീട്ടുകാര്‍
എന്തുപറയുമെന്ന് എന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നുവെങ്കിലും..
മാരിയമ്മ ഊണു
കഴിക്കുന്നത് നിറുത്തിവെച്ച് എന്നെ ചുഴിഞ്ഞു നോക്കി. എന്നിട്ട് ചോദിച്ചു..
‘ ഞാന്‍ ആരാണ് അക്ക? എനിക്കുമില്ലേ ലേശം അഭിമാനം?
ജോലി
ചെയ്യാം എന്ന് പറഞ്ഞിടത്തു നിന്ന് ഇങ്ങനെ
ഇറങ്ങിപ്പോരുമ്പോള്‍ എന്റെ വാക്കിനു വിലയില്ലാതായില്ലേ... ജോലിയാണോ മക്കളാണോ വലുതെന്ന ചോദ്യം എന്നോട് ചോദിക്കുന്ന മക്കളോട് ജോലിയാണ് വലുതെന്ന് ഞാന്‍ ഈ നാല്പതു വയസ്സിലും പറയാന്‍ പാടില്ലേ അക്കാ....
ആ വീട്ടില്‍ പണിക്കു നില്ക്കുമ്പോള് ഒരു ദിവസം
വല്ലാതെ പുറം വേദനിച്ചു... എന്നുമുണ്ട് പുറം വേദനയും കഴുത്തു വേദനയും തല വേദനയും ഒക്കെ.. ആരു നോക്കുന്നു? തീരെ
സഹിക്കാന്‍ വയ്യെങ്കില്‍ ഒരു അനാസിന് വാങ്ങിക്കഴിക്കും..
അന്ന്, പക്ഷെ, അവിടത്തെ അമ്മ സ്വന്തം കൈ കൊണ്ട് ക്രീം പുരട്ടിത്തന്നു... അക്കാവിനറിയുമോ ഈ
ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍
എന്റെ മേലു തടവിത്തരുന്നത്... വേദനിക്കുന്നിടത്ത്
മിനുസമുള്ള കൈകൊണ്ട് കരുതലോടെ ആത്മാര്‍ഥതയോടെ
തടവുമ്പോഴുള്ള സുഖം ... ആ സുഖം
ഞാന്‍ ഈ
ജന്മത്ത് മറക്കില്ല... അങ്ങനെ ഒരു സുഖം ആണ്ടവന് പോലും തന്നിട്ടില്ല എനിക്കിന്നു വരെ...
'
മാരിയമ്മ
ഇപ്പോള്‍ തേങ്ങിക്കരയുകയാണ്... സുഖമെന്താണെന്ന്
വിശദീകരിച്ച് പറയുകയാണ്...ഭാഗ്യമെന്താണെന്ന് നേരത്തെ
പറഞ്ഞു കഴിഞ്ഞുവല്ലോ.
23 comments:
വേദനിക്കുന്നിടത്ത് മിനുസമുള്ള കൈകൊണ്ട് കരുതലോടെ ആത്മാര്‍ഥതയോടെ തടവുമ്പോഴുള്ള സുഖം .....HA...ECHMU...ATHANITHU VAYICHAPPOL ENIKKUM ...
എന്നെക്കൊണ്ട് സാധിക്കുമോ എന്റെ പ്രകടനം മോശമാവുമോ എന്റെ ആദര്‍ശത്തിനോടും അറിവിനോടും പൊരുത്തപ്പെടുമോ എന്നൊക്കെ പഠിപ്പും വിവരവുമുള്ളവര്‍ക്ക് ജോലിക്കാര്യങ്ങളില്‍ തോന്നുന്ന മടിയും പരിഭ്രമവും ഉല്‍ക്കണ്ഠയുമൊന്നും മാരിയമ്മയ്ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.
സാധാരണ നിസ്സാരമെന്ന് അധികംപേര്‍ക്കും തോന്നാവുന്നത് ഒരിക്കലെങ്കിലും അനുഭവിക്കാന്‍ കഴിയാതെ വരുന്നവര്‍ക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
അതാണല്ലൊ നമ്മുടെ വ്യവസ്തിതി... പാവപ്പെട്ടവൻ എത്രകാലം കഴിഞ്ഞാലും ആവപ്പെട്ടവൻ തന്നെ. എന്റടുത്തൊരു മീൻകാരനുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിലും അയാൾ തലയിൽ ചുമന്നുകൊണ്ടു നടന്നാണ് മീൻ വിറ്റിരുന്നത്. അയാളുടെ മരണം വരേയും അങ്ങനെ തന്നെയായിരുന്നു. ഒരു പുരോഗമനവും അയാളിൽ കണ്ടില്ല. അവരേപ്പോലുള്ളവർക്ക് ഒരു ചെറു സാന്ത്വനം, ദയ മതിയാകും വളരെ വലിയ സന്തോഷത്തിന്. മാരിയമ്മ അനുഭവിക്കുന്ന ആ സന്തോഷം എത്ര വലുതാണെന്ന് കാണാൻ കഴിയുന്നു.
ആശംസകൾ...
എച്മൂ, നീ എഴുതിവയ്ക്കുന്ന വാക്കുകളുടെ മുമ്പില്‍, പരിചയപ്പെടുത്തുന്ന മനുഷ്യരെക്കണ്ട് ഞാന്‍ അല്പം കൂടെ മനുഷ്യനാകുന്നു, സംസ്കരിയ്ക്കപ്പെടുന്നു.
അധികം എന്ത് പറയേണ്ടു!!
ഒന്നും പറയാന്‍ ആകുന്നില്ല എച്ച്മു...
കൂടുതൽ മനുഷ്യനാകുന്നു :)
ഭാഗൃവു൦ സുഖവു൦ തിരിച്ചറിയാൻ മാരിയമ്മയ്ക്കു കഴിഞതു നല്ലത്. എന്തു കിട്ടിയാലു൦ തൄപ്തിയാകാൻ കഴിയാത്തവരണല്ലോ അധികവു൦.
സ്നേഹം നിഷേധിക്കപ്പെട്ടവർക്കേ അതിന്റെ വില അറിയൂ - ആ നനുത്ത സ്നേഹസ്പർശം നന്ദിയോടെ സ്മരിക്കുന്ന മാരിയമ്മ മനസ്സിൽ പതിഞ്ഞു ....
നല്ല തെളിഞ്ഞ ഭാഷയിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജീവിതം എച്ചുമു ഇവിടെ അനാവരണം ചെയ്തു
മക്കളുടെ കഷ്ടസ്ഥിതി അറിഞ്ഞപ്പോള്‍, അറിഞ്ഞനുഭവിക്കാന്‍ സിദ്ധിച്ച ഭാഗ്യവും,സുഖവും മക്കള്‍ക്കുവേണ്ടി
ത്യജിക്കാന്‍ സന്നദ്ധമാകുന്ന അമ്മയുടെ മനസ്സ്!
ആശംസകള്‍
അജിത്തേട്ടന്റെ വരികൾ പറയും പോലെ...
ഇങ്ങനെ ജീവിച്ച് മരിക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും... സുഖവും സൌഭാഗ്യവും എന്തെന്നുപോലും അറിയാത്തവർ...
ajith said...
എച്മൂ, നീ എഴുതിവയ്ക്കുന്ന വാക്കുകളുടെ മുമ്പില്‍, പരിചയപ്പെടുത്തുന്ന മനുഷ്യരെക്കണ്ട് ഞാന്‍ അല്പം കൂടെ മനുഷ്യനാകുന്നു, സംസ്കരിയ്ക്കപ്പെടുന്നു.
അധികം എന്ത് പറയേണ്ടു!!"--
അജിത് ജിയുടെ ഈ വാക്കുകൾ കടമെടൂക്കുന്നു
എച്മു എച്മുവിന്റെ ഒക്കെ ആ മാനസിക നിലയെ പൂജിക്കുവാനല്ലാതെ - മറ്റൊന്നിനും എനിക്ക് ആവില്ല
എന്നെങ്കിലും ഇതൊക്കെ ശരിയാകുമായിരിക്കും എന്ന് പ്രാർത്ഥിക്കുവാനല്ലാതെ നമുക്കെന്ത് കഴിയും?
അഥവാ പ്രാർത്ഥിച്ചാൽ ശരിയാകും ആയിരുന്നു എങ്കിൽ എന്നെ ഇതൊക്കെ ശരിയായേനെ?
അപ്പൊ ആകെ കൺഫ്യൂഷൻ
അത് കൊണ്ട് ഒരു സല്യൂട്ടോടെ ഇത്ര മാത്രം
ഭോലയുടെ ഓണം എഴുതിയ എഴുത്തുകാരിയിൽ നിന്ന് മനുഷ്യസ്നേഹത്തിന്റെയും അനുതാപത്തിന്റെയും മറ്റൊരു കഥ കൂടി...
മറ്റൊരു ജീവിതം കൂടി...
നന്നായി ചേച്ചീ...
For sure, this is not fiction, alle maam.
Please tell that mother to forget about her *****g maochist sons, and get back to her work. She have done enough for her children. Now she should think for herself.
One of the bad aspects of our culture is always living for others. Of course there is a kind of pleausre in doing that. But there are times in life a person has to think about one self too.
ഇങ്ങനെ ജീവിച്ച് മരിക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും..
ീവിച്ച് മരിച്ചു എത മാരിയമ്മമ്മാർ ഈ ലോകത്തിൽ...ഇന്നും ഈ സ്ഥിതി തന്നെ...കോരനു എന്നും കുംമ്പിളിൽ തന്നെ കഞ്ഞി !
വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.. സ്നേഹം..
മാരിയമ്മമാരെ പോലെയുള്ളവർ
തന്നെയാണ് ലോകത്തിൽ ബഹുഭൂരിപക്ഷവും...
പക്ഷേ എന്നും ഭാഗ്യവും സുഖവുമനുഭവിക്കുന്നവരൊന്നും അവരെപ്പൊലുള്ളവരെയൊന്നും ഒട്ടും ഗൌനിക്കാറില്ലല്ലോ...!
എച്ച്മുവിന്റെ വാക്കുകള്‍ പലപ്പോഴും കുറേനേരം തരിപ്പിച്ചങ്ങനെ ഇരുത്തുന്നു ... ശ്രീ അജിത് പറഞ്ഞപോലെ കൂടുതല്‍ മനുഷ്യരാകാന്‍ പ്രേരിപ്പിക്കുന്ന അനുഭവം.. നന്ദി..
മറ്റുള്ളവര്‍ക്കുവേണ്ടി അധ്വാനിക്കുന്നത് അവര്‍ മനസിലാക്കുന്നില്ലെങ്കില്‍ പിന്നെ പോയി പണിനോക്കാന്‍ പറയണം..മക്കളായാലും...
എച്ചുമൂ,മാരിയമ്മയെപ്പോലെ ഒരു സ്ത്രീയെ എനിക്കറിയാം അറുപത്തഞ്ചാം വയസ്സിലും പേരക്കുട്ടികല്ക്കായി കഷ്ടപ്പെടുന്ന ഒരു പാവത്തെ. ഇത് വായിച്ചപ്പോള്‍ അവരെ ഓര്‍മ്മ വന്നു.വല്ലാത്തൊരു സങ്കടവും
After reading this , i was crying..no words ...when world will change..i have no hope...Vani
എച്മുടെ മാരിയമ്മയെ വായിച്ചപ്പോള്‍ മക്കള്ടെകാര്യം മാത്രമല്ല മകളുടെ മകനെയും കൂടെ സംരക്ഷിക്കുന്ന വീടിന്നടുത്തുള്ള സുബൈദ അക്കനെ ഓര്‍ത്തുപോയി ..:(
Post a Comment