ചെറിയ ബുദ്ധി, ചെറിയ ജീവിതം, ചെറിയ ചെറിയ ആലോചനകള്‍, കുറച്ച് വാക്കുകള്‍ ഇതൊക്കെ വെച്ച് മാത്രമേ കുറച്ചൊക്കെ എഴുതിയിട്ടുള്ളൂ. നിരന്തരമായ അലച്ചിലും അലച്ചിലുകളിലെ ജീവിതവും ആ ജീവിതം എഴുതിപ്പഠിപ്പിച്ച അനുഭവങ്ങളും മാത്രമാണ് എന്നും അടിസ്ഥാനപരമായ കൈമുതല്‍.
എന്തുകൊണ്ട് എച്മുക്കുട്ടി എന്ന പേരെന്ന് അനേഷിക്കുന്നത്... ഒരുപക്ഷെ, ആ പേരിന്‍റെ കൌതുകം കൊണ്ടാവാം ..
എന്‍റെ അമ്മയുടെ മഠത്തില്‍ വളരെക്കാലം ജോലി ചെയ്തിരുന്ന ഒരു അമ്മൂമ്മയുണ്ട്. അവരുടെ പേര് എച്മു എന്നാണ്. അമ്മൂമ്മയുടെ മക്കളും കൊച്ചുമക്കളും എല്ലാം ഇപ്പോള്‍ ഗള്‍ഫിലും ജര്‍മ്മനിയിലും ഒക്കെയാണ്. മക്കള്‍ സമാധാനമായി മരിക്കാന്‍ വിടുന്നില്ലെന്നാണ് അമ്മൂമ്മയുടെ ഇപ്പോഴുള്ള പരാതി. ഇരുമ്പിന്‍റേം സ്റ്റീലിന്‍റേം ഒക്കെ ഗുളികകള്‍ കൊടുത്ത് ഒരു പ്രയോജനവുമില്ലാത്ത അമ്മൂമ്മയെ ഇങ്ങനെ ഉണക്കി വെയ്ക്കുകയാണത്രേ ...
ലക്ഷ്മിക്കുട്ടി എന്ന പേര് താഴ്ത്തപ്പെട്ട ജാതിക്കാര്‍ ഇട്ടാല്‍ സവര്‍ണര്‍ അവരെ എച്മുക്കുട്ടി, എച്ചിക്കുട്ടി, എച്ചുക്കുട്ടി എന്നൊക്കെ വിളിച്ച് വികൃതമാക്കുമായിരുന്നു പഴയ കാലങ്ങളില്‍. എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ദ്രാവിഡത്തനിമയുള്ള വാക്കുകള്‍ നമ്മള്‍ പലപ്പോഴും തെറി വാക്കുകളായും ഗ്രേഡ് കുറഞ്ഞ വാക്കുകളായും ഉപയോഗിക്കാറുമുണ്ട്.
കല എന്ന സ്വന്തം പേര് ഒരിക്കലും മറക്കാനാവാത്ത സങ്കടങ്ങള്‍ മാത്രമേ തന്നിട്ടുള്ളൂ. അതുകൊണ്ടാണ് എഴുതുമ്പോള്‍ മറ്റൊരു പേര് വേണമെന്ന് ഞാന്‍ മോഹിച്ചത്. സങ്കടങ്ങളെ മറികടക്കാനുള്ള ഒരു ഞുണുക്ക് വിദ്യ..
അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന അമ്മൂമ്മയോടുള്ള ആദരവാണ്, എന്‍റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധമാണ് .. എച്മുക്കുട്ടി.
‘എന്തിനാ പശുക്കുട്ടിയുടെ പടം... ഗോമാതാ പൂജ ചെയ്യുകയാണോ ... സവര്‍ണതയുടെ ചിഹ്നമാണോ ... ആര്യന്മാര്‍ പ്രാധാന്യം നല്‍കിയ ഈ ജീവിയെ എന്തിനു പടമായി സ്വീകരിച്ചിരിക്കുന്നു’ എന്നൊക്കെ ചോദിക്കുമ്പോള്‍..
എന്നെ വളരെ ഏറെ സ്നേഹിച്ച ഒരു അമ്മയുടെ പശുക്കുട്ടിയാണ് ആ പടത്തിലുള്ളത്. തേച്ചു മിനുക്കിയ ഓട്ടു ഗ്ലാസില്‍ ചൂടും മധുരവുമുള്ള ചായയും വാഴയിലച്ചീന്തില്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറുത്തിട്ട കപ്പപ്പുഴുക്കും ആ അമ്മ എന്‍റെ വയറു നിറയെ കഴിപ്പിച്ചിട്ടുണ്ട്. ആ ദിവസങ്ങളും ആ രുചിയുമൊന്നും ഒരിക്കലും മറക്കുവാന്‍ കഴിഞ്ഞിട്ടില്ല... ഇനി എത്ര വിശേഷപ്പെട്ട വിഭവങ്ങള്‍ കഴിക്കാനായാലും ആ രുചി മറക്കുവാന്‍ കഴിയുകയുമില്ല.
പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്‍റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..
25 comments:
2015 ജ്നുവരി 24 നു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരു അനുഭവക്കുറിപ്പ്.
"മൌനത്തിന്‍റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..." FB യില്‍ വായിച്ചിരുന്നു എച്മു :) :)
എന്ന് മുതൽ ഈ പശുകുട്ടിയെ അറിഞ്ഞുവോ അന്ന് മുതൽ വശ്യമായ ആ എഴുത്തിന്റെ ഒരു ലോകം കൂടി എന്നിലേക്ക് കുടിയേറി. എഴുത്തിന്റെ വഴിയിൽ എച്മു ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല. ആശംസകൾ
നന്നായി. ഫേസ്ബുക്കിലില്ലാത്ത എന്നേപ്പോലുള്ളവര്‍ക്കായി ഇതുപോലുള്ള കുറിപ്പുകള്‍ ബ്ലോഗില്‍ കൂടി ഇടുന്നത് നല്ലതാണ്.
ഇപ്പോഴാണ് ആശയം വിശദമായത് കേട്ടോ എച്ച്മു... സന്തോഷം...
ഫേസ്ബുക്കിൽ വായിച്ചിരുന്നു. ബ്ലോഗിലേയ്ക്ക് പകർത്തിയത് നന്നായി. എന്നും എളുപ്പത്തിൽ കണ്ടുപിടിക്കാനാവുമല്ലോ :) പേരും പടവും മുടിയും ജീവിതവും തന്നെ അടയാളങ്ങളും നമ്മുടെ സാമൂഹിക വ്യവസ്ഥയോടുള്ള പ്രതിഷേധങ്ങളാകട്ടെ
ഫേസ്ബുക്കിൽ വായിച്ചിരുന്നു. ബ്ലോഗിലേയ്ക്ക് പകർത്തിയത് നന്നായി. എന്നും എളുപ്പത്തിൽ കണ്ടുപിടിക്കാനാവുമല്ലോ :) പേരും പടവും മുടിയും ജീവിതവും തന്നെ അടയാളങ്ങളും നമ്മുടെ സാമൂഹിക വ്യവസ്ഥയോടുള്ള പ്രതിഷേധങ്ങളാകട്ടെ
ഫെയ്സ് ബുക്കിൽ വായിച്ചിരുന്നില്ല. ഫെയ്സ് ബുക്ക് എനിക്ക് എപ്പോഴും പോയിരിക്കാനുള്ള ഇടമല്ല. ജീവിതം വെറുക്കുമ്പോൾ ഇടക്കിടക്ക് പോയിരിക്കാനുള്ള ഇടമാണ്. എന്നെക്കാൾ ബോറമ്നാരും ഈ ലോകത്തുണ്ടല്ലോ എന്ന് തിരിച്ചറിഞ്ഞു സന്തോഷിക്കാൻ. അത് കൊണ്ട് ഇതിവിടെ ഇട്ടത് നന്നായി.
((അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന അമ്മൂമ്മയോടുള്ള ആദരവാണ്, എന്‍റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധമാണ് .. എച്മുക്കുട്ടി.))
ഇനിയിപ്പോൾ ഇതിൽ കൂടുതലെന്ത് പറയണം.. ഇതിലുണ്ട് എല്ലാം. ഒരു പുസ്തകത്തിന്റെ തുറന്നു വച്ച താൾ പോലെയാണിത്.
ആധുനികൻ എന്ന് നാം കരുതുന്ന ആളുകളുടെ ഭാഷയിൽ, അപരിഷ്ക്രുതെരെന്ന് അവർ വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഒരു സാദാരണ പദം എങ്ങിനെ മുഴുത്ത തെറിയാവുന്നു, അല്ലെങ്കിൽ സംസ്കാരമില്ലാത്തതായി മാറുന്നു എന്ന് അന്വേഷിച്ചാൽ അതിന്റെ ഉത്തരം മനസ്സിനെ പ്രയാസപ്പെദുത്തുന്നതാണു. പക്ഷെ അത്തരം വ്യ്വസ്ഥിതികളോടെ പുച്ഛത്തോടെ മുഖം തിരിച്ചവരുണ്ട്. താങ്കളും അങ്ങിനെ ഒരാളാണ് എന്നറിയുന്നതിൽ സന്തോഷമുണ്ട്.
നല്ല രചന തന്നെയാണു താങ്കളുടെ മുഖമുദ്ര. താങ്കളറിയപ്പെടുന്നതും , പിന്നെയും പിന്നെയും വായിക്കപ്പെടുന്നതും ആ എഴുത്തുകളുടെ സൗന്ദര്യം കൊണ്ട് മാത്രമാണു. ശരിക്കും അനുവാചകന്റെ ഹൃദയത്തിലേക്ക് അക്ഷര കൈകൾ നീട്ടി തൊടാനുള്ള താങ്കളുടെ കഴിവ്. ആരാധനയല്ല, അസൂയയാണ് ചിലപ്പോഴൊകെ തോന്നിച്ചിട്ടുള്ളത്.. :)
വജ്രം പോൽ കഠിനമായ ജീവിതങ്ങളെ വെള്ളം പോലെ ലളിതമായി പറയാനുള്ള കഴിവുണ്ടല്ലോ; ആ കഴിവിന് എന്റെ വക അസൂയയുടെ ഒരു കുതിരപ്പവൻ സമ്മാനം..
ഫേസ്ബുക്കിൽ വായിച്ചിരുന്നു പശുക്കുട്ടിയേ...
Yes. Some names are statements, not just words.
മുബി വായിച്ചിരുന്നുവെന്ന് ഓര്‍മ്മയുണ്ട് ... എന്നാലും വീണ്ടും വായിച്ചതില്‍ സന്തോഷം
വേണുമാഷിന്‍റെ അഭിപ്രായം ഒരു അവാര്‍ഡായി കരുതുന്നു.
നമ്മള്‍ കാണാറേ ഇല്ലല്ലോ ഇപ്പോള്‍... തീര്‍ച്ചയായും എല്ലാ എഫ് ബി പോസ്റ്റും ബ്ലോഗിലിടണം എന്ന് തന്നെയാണ് ആഗ്രഹം. വന്നു വായിച്ചതില്‍ ഒത്തിരി സന്തോഷം
ഒത്തിരി സന്തോഷം വിനുവേട്ടാ
അതെ,കുഞ്ഞുറുമ്പേ...
ഇത്ര വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി, കുതിരപ്പവന്‍ സന്തോഷത്തോടെ കൈപ്പറ്റുന്നു.
ഇതാണ് എച്ച്മു
വായിച്ചിരുന്നു....
നന്നായി
ആശംസകള്‍
അന്ന് വായിച്ചത് ഓര്‍ക്കുന്നു.
പുതുവത്സരാശംസകള്‍, ചേച്ചീ...
കല എന്ന പേരിനേക്കാള്‍ നിഷ്കളങ്കതയും നാടന്‍ചുവയും എച്മുക്കുട്ടിക്കു തന്നെ.!!
ചേച്ചി എത്രമാത്രം സിംപിള്‍ ആണെന്ന് ആ പേരിൽ നിന്നും മനസ്സിലാവും....
ഒത്തിരി സ്നേഹത്തോടെ...
പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്‍റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..
ഈ വരികളിലുണ്ട് ചേച്ചിയുടെ എഴുത്തിന്‍റെ കരുത്ത്.! ചിന്തകളുടെ ആഴം.! അനുഭവങ്ങളുടെ തീവ്രത.! എല്ലാം..!!
വായിച്ചിരുന്നു ചേച്ചീ...
ബ്ലോഗെഴുത്തിൽ സജീവമാകണേ.അല്ലെങ്കിൽ ഫേസ്ബുക്കിൽ ചെയ്യുന്നത് ബ്ലോഗിലും ചെയ്യണം.കാരണം എച്മുച്ചേച്ചിയ്ക്ക് തുല്യ എച്മുച്ചേച്ചി മാത്രം.
എഴുത്തിന് കൈമുതലായ നല്ല മൂലധനം...!
പ്രതിഷേധം V/S പ്രതിബിംബം സമം എച്മു V/S പശുകുട്ടി ...!
( പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത
പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന
സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്‍റെയുള്ളില്‍
തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..)
എച്ചുമ്മുവിന്റെ ഓരോ വാക്കിനും അത്ഭുതപ്പെടുത്തുന്ന ശക്തിയാണ്..
Post a Comment