Sunday, January 26, 2020

ചൊക്ളി 8

       

 
(എട്ട് )

ഏക്കോം തേക്കോം നിർത്തി ചൊക്ളി ചെകിടോർത്ത് പായേല് എണീട്ടിരുന്നു. ആരോ വേദനെടുത്ത് നെലോളിക്കണ പോല്യാണ് അവന് തോന്നീത്. ന്ലാവ് പോലെ മങ്ങിയ വെളിച്ചം മാത്രേ പാറേല് വീഴലുള്ളൂ. അവൻ പത്ക്കേപ്പത്ക്കേ പാറേന്നെറങ്ങി. വെതം കൊറഞ്ഞ കാലും നീട്ടി വെച്ച് ചെറിയ വെളിച്ചത്തില് കണ്ണു സൂക്ഷാക്കി ചൊക്ളി കരച്ചിൽൻറെ ദിക്ക് തപ്പി..

കരേണ ആളേ കണ്ടപ്പോ ചൊക്ളി വെറച്ചു. ശൂലപാണി വാര്യര്, പോലീസ് പിടിച്ചോണ്ട് പോയ രവീടെ അച്ഛനാ, നല്ലോരു വാര്യത്ത് കെടക്കേമ്മെ കെടന്ന് സുഗായി ഒറങ്ങണ്ട മനിഷേൻ, പച്ചപ്പാതിരക്ക്, റോട്ടില് കെടന്നുരുണ്ട് 'അയ്യോ' നെലോളിക്കണു.

ചൊക്ളി അട്ത്ത് ചെന്ന് 'വാരര് മാഷേ'ന്ന് വിളിച്ച്.

ശൂലപാണി വാരര് ആലൂര് സ്ക്കൂളിലെ മാഷേര്ന്ന്. ഇപ്പോ പെൻഷ്യനായി. രവീന്ന് ഒരു മോനും രമാന്ന് ഒരു മോളും. രവിയെ പോലീസ് പിടിച്ചോണ്ട് പോയപ്പോ ഭർത്താവ് മോളേ വാര്ത്ത്‌ കൊണ്ടന്ന് ആക്കി.. പിന്നെ വന്ന്ട്ടില്ല..അയ്യാക്ക് രവീടെ പേരും പറഞ്ഞ് പോലീസ് അയ്യാടെ വീട്ടീ വരണത് ഇഷ്ടല്ലാന്ന് ദേവുഅമ്മ്യാ ചൊക്ളിയോട് പറഞ്ഞതേയ്..

ചൊക്ളി പിന്നീം പിന്നീം വിളിച്ചു..

വിളിയേക്കണില്ല.. ഉരുളാണ് വഴീല് കെടന്നിട്ട്.. വല്ലാണ്ട് പരോശാന്ന് ആ ഉരുളല് കണ്ടപ്പോ ചൊക്ളിക്ക് തിരിഞ്ഞു. മൊയ്തീൻറെ വീടാണട്ത്ത്. ചൊക്ളി അങ്ങട്ടേക്ക് ഓടി..

'മൊയ്തീൻക്കാ'... 'മൊയ്തീൻക്കാ' ന്ന് രണ്ടു തൊള്ളയിട്ടപ്പൊ മൊയ്തീൻ വാതല് തൊറന്നു എറങ്ങി വന്നു.

വിവരറിഞ്ഞ് മൊയ്തീൻക്കയും നസീറീക്കേടെ എളേത് നവാസിക്കേം ചൊക്ളീടൊപ്പം പാഞ്ഞ്. പാഞ്ഞോണം പാഞ്ഞ് ശൂലപാണി വാര്യര്ടേ അട്ത്തെത്തി. വാര്യര് നെലോളി നിർത്തീട്ട് പട്ടീടന്തി കെതക്കാര്ന്ന്. ഒരന്തല്ലാത്ത കെതപ്പ്.. മൊയ്തീൻക്കാ വാര്യരെ എണീപ്പിക്കാൻ നോക്കി.. പറ്റ്ണില്ല. കൊഴഞ്ഞ് കൊഴഞ്ഞ് പോവ്വാണ്..

പെട്ടെന്ന് വാര്യര് ഒന്ന് പെടഞ്ഞ്..വായ ഒരു ലേശം തൊറന്ന്.. മൊയ്തീൻക്കേടെ കൈയീ കെടന്ന് ന്നെ അനങ്ങാണ്ടായി...

മൊയ്തീൻക്കേം നവാസിക്കേം 'എൻറള്ളോ'ന്ന് ഒറക്കെ നെലോളിച്ചപ്പോ ചൊക്ളീം വിളിച്ച് 'എൻറള്ളോ'ന്ന്.. വേറൊന്നും അന്നേരം കിട്ടീല്ല. ദേവുഅമ്മ വിളിക്കണ പോലെ 'ആലൂരപ്പാ'ന്നും ചൊക്ളി വിളിക്കാറ്ണ്ട്. അവരടെ അടുത്താവുമ്പോ...

മൊയ്തീൻക്കാ നവാസിക്കേടെ കൈയും പിടിച്ച് വാര്യംകെണറിൻറവിടേക്ക് പാഞ്ഞു. ചൊക്ളിക്ക് പേടി വന്നു. അവൻ വെയർത്തു. തന്നേള്ളൂ.. വാരര് മാഷ്ടെ
കൈ ഒന്നൂടി പിടിച്ചോക്കി. 'മാഷേ...വാരര് മാഷേ'ന്ന് വിളിച്ചോക്കി...അനക്കല്യ... പിന്നെ നിന്ന് ല്യ. അവൻ അവടന്ന് ഓടി..അന്തോണി മാപ്ളേടെ കടേടെ മുന്നില് കുത്തീരുന്ന് കെതച്ചു.

മൊയ്തീന് ആ പാതിരാനേ
രത്ത് പടച്ചോനോടന്നെ പെണക്കം വന്നു. ഊദ്രവിക്കണേന് കണക്കൊന്നൂല്ലേ.. വാര്യത്തെ ഉമ്മറത്ത് ലൈറ്റ് കത്തികെട്ക്ക്ണ്ട്. വാതല് തൊറക്കണില്ല. ആരും വിളിയേക്കണില്ല. കൊറച്ച് നേരം ഒച്ചേം വിളീം എട്ത്തിട്ട് മൊയ്തീൻ നവാസിൻറെ കൈയും പിടിച്ച് മറിയപ്പാറേല് തന്നെ തിരിച്ചെത്തി.

ചൊക്ളി അന്തോണി മാപ്ളേടെ കടേടെ മുന്നീത്തന്നെ ഇരിക്കാര്ന്നു. പാറേപ്പോയി കെടക്കാൻ അവന് പേടിയായി. മൊയ്തീൻക്കേം നവാസിക്കേം ആ കടവരാന്തേല് ഇരുന്നപ്പളാണ് അവൻറെ ശാസം നേരെയായത്.

നവാസിക്ക ഒറക്കം തൂങ്ങി വീണോണ്ടിര്ന്നു. ചൊക്ളിക്ക് ഒറക്കം വന്നേയില്ല. മൊയ്തീൻക്ക മിണ്ടണേയില്ലാന്ന് അവൻ കണ്ടു. അതും അവന് വല്യ വെഷമായി.

രാത്രി മൂന്നുമണിയായപ്പോ നേമവെടി പൊട്ടണ ഒച്ച കേട്ടു. ത് രപ്പേര്ത്തേവര്ടെ അമ്പലത്തീ പൊട്ടണ വെട്യാണ്. ദേവുഅമ്മ പറഞ്ഞ് തന്നെയാണ്. ആലൂര് പൊഴ ആ തേവരവടീം പോണ് ണ്ട്. അതാ ങ്ങനെ പൊഴേക്കൂടി നേമവെടിയൊച്ച കേക്കണത്...

മൊയ്തീൻക്ക എണീറ്റ് വല്യോരു കോട്ടുവായേം ഇട്ട് നവാസിക്കേം തട്ടിയെണീപ്പിച്ച് ട്ട് പറഞ്ഞു. 'നേമബെടിയൊച്ച കേട്ട്.. അന്തോണ്യാപ്ളേം ഗോവാലന്നായരേം ബിളിച്ച് ബരാടാ.. ചൊക്ളീം ബേണം. കോടംകരേലെ പോലീറ്റേഷനീ പറേണം. നീയല്ലേ ആദ്യം കണ്ട്..ഇബടെ ഇരി.. എല്ലാരായിട്ട് ബരാം'

മൊയ്തീൻക്ക പോയപ്പോ ചൊക്ളി തുള്ളിവെറച്ചു പോയി. പോലീസാരേ പേട്യാണ്.. രവീനേം അന്നേഴിച്ച് പോലീസാര് വന്ന് അങ്ങാടീല്ണ്ടാക്കിയ തൊയിരക്കേട് ചൊക്ളി മറന്നിട്ടില്യ. ആ രവീടെ അച്ഛനേണ് വാരര് മാഷ്...

ചൊക്ളിക്ക് കരച്ചല് വന്നു... ആരേ വിളിച്ചാ കരയാ.. അത് നും കൂടി ആരൂല്ലല്ലോ ചൊക്ളിക്ക്....

വല്ലാത്ത ഒരു ഗെഡുവന്നെ..

Sunday, January 19, 2020

ചൊക്ളി 7

( ഏഴ് )

മറിയപ്പാറേ മത്തങ്ങ പോലെ രണ്ടായി കഷണിച്ചിട്ടാണ് ആലൂര് സെൻററീന്ന് തൃശൂര്ക്ക് പോവണ വഴി വന്നത്. ചൊക്ളി ആ അങ്ങാടീല് വരണതിന് നൂറുകൊല്ലം മുമ്പേ അതൊരു കുണ്ടനെടവഴി ആരുന്നു. പിന്നെ അത് പത്ക്കേപ്പത്ക്കേ ഒര് കാളവണ്ടി വഴീം വില്ലുവണ്ടി വഴീം മണ്ണിട്ട് കുഴികള് നെകത്തിയെടുത്ത ജൻതാ ബസ്സ് വഴീം ഒക്കെയായി. ജൻതാ ബസ്സിന് മൂക്കും കല്ക്കരി ഇടണ ഒരു പെട്ടീം ഉണ്ടാരുന്നു. ആ ബസ്സ് ഓടണത് നിന്നപ്പോ വേറോരു മൂക്കൻ ബസ്സ് വന്നു. അതും കൊറേ നാള് ഓടികഴിഞ്ഞിട്ടാണ് ലളിത ബസ്സ് വന്നത്. ലളിത ബസ്സ് വന്ന കാലത്ത് ഉഷാറാരുന്നു. ഇപ്പളാണ് ഒരു വെതല്ല്യാണ്ട് ആയത്.

ആലൂര് മഠത്തിലെ വിശ്ശൊനാദസ്സാമി പറേണ നാട്ടുപുരാണകഥയാണ് ഇങ്ങനെ. സാമീടെ ആണ്ല്ലോ ലളിതാ ബസ്സ്. ആലൂര് മുഴുവനും അങ്ങനെ രണ്ടു മൂന്ന് കുടുമ്മങ്ങള്ടെ ആരുന്നു. ഇല്ലത്തുള്ളോര്ടെ, സാമീടെ, ആലൂരമ്പലത്ത് ലെ ശിവൻറെ. മഠത്തിലേം ഇല്ലത്തീലേം ആലൂര് ഭൂമി ബ്രമ്മസ്വം ആണ്.. അത് കേറി എടുത്താ ബ്രമ്മശാപം വരും. ആ ഭൂമി മഠക്കാരായിട്ടോ ഇല്ലക്കാരായിട്ടോ വില്ക്കാണെങ്കില് മേടിക്കാം.. അതന്നെ.

പിന്നെ ആലൂരമ്പലത്ത് ലെ ശിവൻറെ ഭൂമി ദേവസ്വാണ്. അത് എടുത്താ കുടുമ്മം മാത്രല്ല തറവാടും കൂടി മുടിയും.. അതു കാരണം കല്ലും കട്ടേം പാറേം പാമ്പും ഒക്കെള്ള പറമ്പൊന്നും ആരും വളച്ച് കെട്ടി സ്വന്താക്കീല്ല.

മഠത്തിലും ഇല്ലത്തും പണീട്ക്കണോര്ക്ക് കുറേശ്ശയായി ഭൂമി കിട്ടീട്ടാണ് ആലൂര് ഓരോരുത്തര് താമസാക്കി തുടങ്ങിയത്. പണീട്ത്തേര്ന്ന പെണ്ണ്ങ്ങള് സാമിമാരേം നമ്പൂരിമാരേം മുണ്ടിൻറെ തലയ്ക്കേ കെട്ടി ഭൂമി അടിച്ചെടുത്തൂന്നാ പറേണത്. പിന്നെച്ചെലര് ആ ഭൂമി കാശ് കൊടുത്ത് മേടിച്ചൊടങ്ങി. അത് അവര് തന്നെ വേറെ ആള്ക്കാര് ക്ക് വിറ്റു. അങ്ങനേണ് പല ജാതി മതക്കാര് ആലൂര് വന്ന് കുരുത്തക്കേടായത് ന്നാണ് സാമി പറേണത്.

മറിയപ്പാറേടെ രണ്ടു ഭാഗത്തും പാറകളും മുള്ള് നെറഞ്ഞ ചെടികളും ഇഷ്ടം പോലെ ണ്ട്. അതില് വരാമ്പോണ ഹൈവേ റോഡില്ക്ക് വായേം തൊറന്നിരിക്കണ തവള പോലണ്ട് ഒരു പാറ. ചെട്ടിച്ചികള് പാർക്കണേൻറെ മൊകളിലായിട്ട്.. എറണാകുളത്തേക്ക് പോണ ഭാഗായിട്ട് വരും. ആ തവളപ്പാറേല് പറ്റ്മ്പോ ഒക്കേ ചൊക്ളി കേറി ഇരിക്കും. ചെലപ്പോ കെടക്കും. തവളേടെ മേല് വായ പോലെ പാറ പെളർന്ന് നിക്കണോണ്ട് മഴ വന്നാലും നനയില്ല. ചൊക്ളിക്ക് ഇഷ്ടാണ് അവിടെ ഇരുന്നു ഓരോ മനോരാജ്യം വിചാരിക്കാൻ.. മൊയ്തീൻ നോക്കിയാ കാണൂമില്ല. അതാണ് ചൊക്ളി താമസിക്കാൻ ആ തവളപ്പാറ മതീന്ന് തീരുമാനിച്ചത്. വാടകേല്യാ... ഹൈവേടെ വശത്തായതോണ്ട് സർക്കാരിൻറ ഭൂമിയേണ്. ശാപോം തേങ്ങേം ഒന്നും വരില്ല..

സർക്കാര് ശപിക്കില്ല..പക്ഷേ, സർക്കാരിന് വേണ്ടപ്പോൾ ഉഴിഞ്ഞ് വെക്കുംന്നും എറക്കി വിടുംന്നും അപ്പോ ചൊക്ളിക്ക് അറിഞ്ഞൂടായിരുന്നു.

മൊയ്തീൻ ഒന്നും അന്വേഷിച്ചില്ല്യ. തുപ്പീത് തുപ്പീതന്ന്യാ. ദേവുഅമ്മക്ക് ചൊക്ളിയെ ജോലീന്ന് പറഞ്ഞുവിടാൻ തീരേ ഇഷ്ടണ്ടായിരുന്നില്ല. അതോണ്ട് അവരൊരു പഴേ പായേം കനച്ച് കാറച്ച ഒരു തലോണേം കീറിത്തുന്നിയ ഒരു പൊതപ്പും കൊട്ത്തു. പൊട്ടി ഇരുമ്പ് കണ്ട് തൊടങ്ങിയ ഒരു കവടിക്കപ്പും കൊടുത്തു.

ചൊക്ളി എല്ലാം എടുത്ത് പാറേല് കേറിനിന്ന് ചുറ്റുപാടും വിശദായി നോക്കി. ഒരയ കെട്ടണന്ന് വിചാരിച്ചു. അപ്പോഴാണ് ഗോപാലേട്ടനെ ചൊക്ളി ഓർത്തത്. മാസം ഒരുറുപ്പിക തരാന്നു പറഞ്ഞതല്ലാണ്ട് പത്തുപൈസ പോലും ഗോപാലേട്ടൻ ഇത് വരെ തന്ന്ല്ലല്ലോന്ന്. രൂപ ചോദിക്കണം ന്ന് ചൊക്ളി തീർച്ചയാക്കി. അയ,മെഴുതിരി
ടോർച്ച്.. ചൊക്ളി മനസ്സില് ഓരോന്നായി ഒക്കെ കണക്ക് കൂട്ടി.

പാറേന്നെറങ്ങി ചൊക്ളി ഗോപാലേട്ടൻ റെ കടേ ചെന്ന് പൈസ ചോദിച്ചപ്പോ ആകെ പൊടിപൂരായി. ഗോപാലേട്ടൻ ഉപ്പ് പെട്ടീലെ ഉപ്പുമരവകൊണ്ട് ചൊക്ളിയെ എറിഞ്ഞു. അവൻ ഒഴിഞ്ഞു മാറീതോണ്ട് ഏറ് കിട്ടീല്ല.

'ഏത് കാശ്? എന്ത് കാശ്? ' ഗോപാലേട്ടന് ഓർമ്മ ന്നെ വരണില്ല. ചൊക്ളി എന്ത് പറഞ്ഞിട്ടും ഒന്നും തിരിയാത്ത മാതിരി.

ഗോപാലേട്ടന് ചൊക്ളിക്ക് കൊട്ത്ത ചാക്കും വിരീം പൊതപ്പും വടേം പഴോം ചായേം കാപ്പിടെ വെള്ളോം ഒക്കെ ഓർമ്മ വരണുണ്ട്. കാശ് കൊടുക്കാൻണ്ട്ന്ന് ഓർമ്മ വരണില്ല. ചൊക്ളി ആരുല്യാത്തോനല്ലേ, വല്ലോണം നന്നായിപ്പൊക്കോട്ടേന്ന് വെച്ച് ഗോപാലേട്ടൻ ഒക്കെ വെറ്തേ കൊട്ത്തു. അല്ലാണ്ട് ചൊക്ളി ഗോപാലേട്ടന് എന്ത് മല മറിച്ച് തന്ന്ട്ടാ? തരാൻ ചൊക്ളി എന്താ കൊച്ചിരാജാവിൻറെ കൊച്ചുമോനാ? വെറ്തേ ഓരോന്ന് പറഞ്ഞാ ആരാ സമ്മതിക്കാന്ന്? മറിയപ്പാറ അങ്ങാടീലുള്ളോര്ടെ ഓശാരത്തില് വളന്ന് തടിയായപ്പോ തെണ്ടിത്തിരിഞ്ഞു വന്നോൻ കാശിൻറെ കണക്ക് പറയ്യേ..

ഗോപാലേട്ടൻ വെറച്ച് തുള്ളി.

കേട്ടോരൊക്കെ ചൊക്ളിയോട് പറഞ്ഞു. 'നന്നി വേണടാ നന്നി'

ചൊക്ളിക്ക് സഹിക്കാൻ പറ്റാണ്ട് എന്തോ വന്നു. ഗോപാലേട്ടൻ പറ്റിക്ക്യാണ്.. അവനെത്ര ഓട്ടം ഓടീട്ട്ണ്ട്. കോടംകരേന്ന് ആലൂര് സെൻററ് വരേ.. ഗോപാലേട്ടൻ പറഞ്ഞോടത്ത്ക്കൊക്കെ പാഞ്ഞ്ണ്ട്. പച്ചക്കറീം അച്ചാറ് സാധനങ്ങളും ചൊമന്ന് നടന്ന് നടു ഒടിഞ്ഞണ്ട്. ചൊക്ളി പണിട്ത്ത് തന്ന്യാണ് തിന്നത്.

എന്ന്ട്ടിപ്പോ..ഗോപാലേട്ടൻറെ കട തല്ലിപ്പൊളിക്കാൻ തോന്നി ചൊക്ളിക്ക്.

അതിന് ആരേലും കൂടെണ്ടാവണ്ടേ?. ആരൂല്യാ.. ചൊക്ളി അന്നും ഇന്നും ആരുല്യാത്തോൻ തന്ന്യാ.. ഒറ്റയ്ക്ക് തല്ലിപ്പൊളിക്കാൻ പറ്റ്ല്യാല്ലോ.

അവൻ ദേവുഅമ്മേടെ ചായക്കടേല് കേറി.. പണീണ്ടായിരുന്നു അവ് ടെ. അതങ്ങട് ചെയ്ത് വെച്ചു.

രാത്രീല് ആ പാറേല് പായ വിരിച്ച് കെടക്ക്മ്പോ ചൊക്ളിക്ക് വല്ലാണ്ട് കരച്ചില് വന്നു. ദേഷ്യം വന്നു.. അരിശം വന്നു.. തേങ്ങല് വന്നു..

അന്നേരത്താണ് താഴെ പൊട്ടിപ്പൊളിഞ്ഞ റോട്ടില് ആരോ നെലോളിക്കണ ഒച്ച കേട്ടത്.

Tuesday, January 14, 2020

ചൊക്ളി 6




           


(ആറ് )

ഈ ഭൂമീല് ഓരോരുത്തര്ക്കും ഓരോ കുരിശ് ണ്ട് ചുമക്കാൻ..ഓരോ മര്ഭൂമിണ്ട് നടക്കാൻ.. ഓരോ തോട്ടണ്ട് തേവാൻ... ഓരോ വിളക്ക് ണ്ട് കത്തിക്കാൻ...ചൊക്ലീടെ കാര്യത്തില് മാത്രായിട്ട് അത് തെറ്റ് ല്യല്ലോ.

നസീറ് പോയേപ്പിന്നെ മൊയ്തീന് ഈ ലോകത്തിലെല്ലാരോടും ദേഷ്യാരുന്നു. അത് ആരോടും തീർക്കാനും പറ്റീരുന്നില്ല. മഴയോടും വെയിലിനോടും കാറ്റിനോടും തല്ലുകൂടാൻ പറ്റ്ല്യാല്ലോ. മറിയംബി ചാവാൻ തയാറായിട്ട് ഇരിക്കണു. മക്കളോട് മിണ്ടാൻ തന്നെ മൊയ്തീൻ പേടിച്ചു. കാണാണ്ട് പോയാ എന്താക്കും? അങ്ങനെ അടക്കിപ്പൂട്ടിയ സൊന്തം വെഷമം മുഴുവനും മൊയ്തീൻ ചൊക്ലീടെ തലേലിക്ക് ഇട്ടു. ഇന്നേവരെ ജീവിതത്തിലിണ്ടായ സകല കഷ്ടപ്പാടും ചൊക്ളി കാരണാണ് വന്നേന്ന മാതിരി. മനുഷ്യേരങ്ങനെയാ അധികോം.

ചൊക്ളി എങ്ങട്ടാ പോവാ.. ഏടുന്നാ വന്നേന്ന് തന്നെ അറിയാത്തോനാണോ എങ്ങട്ടാ പോണ്ടേന്നറിയാമ്പോണേ..

ചൊക്ലിക്കും പ്രായം തെകഞ്ഞില്ലേ, മൂക്കിൻറെ താഴേ നീല നെറത്തില് കുനുകുനെ രോമങ്ങള് വന്നു. കക്ഷത്തിലും കാലിൻറെടേലും വന്നു. ചെല നേരത്ത് അവനന്നെ തിരിയാത്ത ഒരു പെരുപെരുപ്പ് ദേഹത്ത് കയറ്ണ്ട് ന്ന് തോന്നിത്തുടങ്ങി.

ചൊക്ളി എറങ്ങി. ഗോപാലേട്ടൻ ആദ്യം തന്ന ചാക്ക് എന്നേ പിഞ്ഞിപ്പോയി.പൊതപ്പും കീറി. മറിയംബി കൊട്ത്ത പഴേ തഴപ്പായേലാരുന്നു പിന്നെ കിടത്തം. മൊയ്തീൻ പോവാൻ പറഞ്ഞാ ചൊക്ളി പോണം. ചൊക്ളിക്ക് അവകാശള്ള എടല്ല അത്. അങ്ങനെ ഒരെടം അവനില്ല്യല്ലോ.

നിലാവത്ത് മറിയപ്പാറ അങ്ങാടീല് വന്ന് തനിച്ച് നിക്കുമ്പോ ചൊക്ളിക്ക് പെട്ടെന്ന് എന്തൊക്കെയോ ഓർമ്മേല് തേട്ടി വന്നു. ഒരു ഏക്കം തോന്നി. ആരുല്യാത്തോൻറെ ഏക്കം. അതാണോന്ന് ഒരു തീർച്ചല്യ . മകരമാസത്തില് കാലത്ത് നേർത്തേ എണീക്കുമ്പോ കാണണ ഒരു പൊക പോലെ, ഒരു തീർച്ചല്യാത്ത ഏക്കം. അത്രന്നേ.

എപ്പളേങ്കിലും ഉമ്മയോ അമ്മയോ വാപ്പയോ അപ്പനോ..ആവോ .അങ്ങനെ ആരേം ചൊക്ലിക്ക് ഓർമ്മ ല്യ. പട്ടികളെ ഓർമ്മേണ്ട്. പട്ടിയോളായിരിക്കും ചൊക്ളീൻറെ ഉമ്മേം വാപ്പേം അമ്മേം അപ്പനും മാമീം മാമനും ഒക്കെ. എവട്യാവോ, ഏതു നാട്ടിലാണാവോ കൊറേ ചവറു മാന്തീതും തിന്നതുംന്ന് അറിയണില്ല. ചെയ്തണ്ട് . അതൊറപ്പാണ്. ആരോ ഒരു നിക്കറ് തരണവരെ ഒന്നുടുത്തിരുന്നില്ല. തൂറുമ്പോ പുഴുക്കള് വര്വായിരുന്നു വയറ്റീന്ന്. ആദ്യം കരയും. പിന്നാരാ കരച്ചില് കാണാനും കേക്കാനുള്ളത്.. പുഴുക്കളെ വലിച്ചു പറിച്ച് കളഞ്ഞിട്ട് നിക്കറും ഇട്ട് ഏണീറ്റ് പോരും.

എപ്പളൊ ട്രെയിനിലും വയറ്റത്തടിച്ച് പാടീട്ടും ണ്ട്. പാട്ടൊന്നുവല്ല. ത് ന്നണം.. ത് ന്നണം ന്ന് ആണ് പാടീത്. കൈയിൽ കിട്ടീതൊക്കെ തിന്നു. വളിച്ചതോ പുളിച്ചതോ നല്ലതോ ചീത്ത്യോ ഒന്നും നോക്കീട്ടില്ല.

എവട്യൊക്കെ ഉരുണ്ടു വീണു. ഏതാണ്ടൊക്കേയോ വണ്ടീല് കേറി. ആരാണ്ടൊക്കെയോ തുരുതുരേന്ന് അടിച്ചു. പടപടേന്ന് ചവിട്ടി. അതൊക്കെ ഓർമ്മേണ്ട്. ആള്ക്കാരേ ഓർമ്മല്യ. അവരൊന്നും അടീം ചവിട്ടുവല്ലാണ്ട് വേറെ ഒന്നും തന്ന്ട്ട് ല്ലല്ലോ. കണ്ണില് കാണണവരോടൊക്കെ വല്ലോം തരോന്ന് , വെശക്കണൂന്ന് എരന്ന്ണ്ട്.

പോലീസും ചെല മനുഷ്യേരും കൊറെ ഊദ്രവിച്ച്ട്ട് ണ്ട്. അവറ്റേടെ സൗസറഴിച്ചും അതിൻറെ ഇടക്കേക്കൂടിയും അണ്ടി വായേല് കുത്തിക്കേറ്റ്യന് കണക്കില്ല. ചൊക്ളിക്ക് അന്നേരത്തന്നെ കാർക്കിച്ചു തുപ്പാൻ മുട്ടീട്ട്ണ്ട്. അറപ്പ് വരാണ് ഇപ്പൊ ആലോചിക്കുമ്പോ.. മൂത്രത്തിന്റെ മണാണ് എപ്പളും വായേല്ന്ന് തോന്നീട്ട്ണ്ട്. അങ്ങനെ തോറ്റ്ട്ടാണ് ഒരൂസം ഒരു ബസ്സില് കേറീത്. അതീന്ന് അടിച്ച് എറക്കീപ്പോ കൊറെ നടന്നു. നിർത്തീട്ടിരുന്ന ഒരു ട്രെയിനില് കേറിക്കെടന്ന് ഒറങ്ങി. എണീച്ചപ്പോ എവട്യോ എത്തീര്ന്നു. അതീന്ന് എറങ്ങി കൊറെ പച്ചൊള്ളം കുടിച്ച് പിന്നെ ഒരു കാളവണ്ടീലാ കേറിരുന്നത്. അതില് കെടന്നും ബോധല്യാണ്ട് ഒറങ്ങി. കാളവണ്ടിക്കാര് തലേല് നാല് മേട്ടോം തന്ന് എവട്യോ എറക്കി വിട്ടു. അന്ന് രാത്രി നടന്നെത്തീതാണ് മറിയപ്പാറേല്.

പട്ടിയോളാണ് ഏറ്റം നല്ലത് ന്ന്ള്ള വിചാരം മാറീത് ഈ മറിയപ്പാറേ വന്നേപ്പിന്നെയാണ്. ആരും അടിച്ചില്ല്യ. അണ്ടീംകൊണ്ടു വന്ന് ദ്രോഹിച്ചില്യ.
കെടക്കാനെടം കിട്ടി. ജോലി ണ്ടായി ചെയ്യാൻ... കഴിഞ്ഞ നാലഞ്ചു കൊല്ലായിട്ട് ചൊക്ളിക്ക് സുഖാരുന്നു. ഈ പോലീസാര് വരാണ്ടിരുന്നെങ്കി ആ തൊഴുത്തിൻറെ വരാന്തേ തന്നെ കെടക്കാരുന്നു.

ചൊക്ളി അന്തോണി മാപ്ളേടെ കടയു മ്മറത്തെ തറേല് മലർന്ന് കെടന്നു. മഞ്ഞ്ള്ള കാലാണ്. തണ്പ്പ്ണ്ട്. ഒന്നൂല്യാ മേല് വലിച്ചിടാൻ.. ഇത്തേം എണീറ്റ് വന്ന് പറഞ്ഞ്ല്ലല്ലോ 'ചൊക്ളിയേ, യ്യ് പോണ്ടാ'ന്ന്.

സാരല്ല, നസീറിക്ക പോയത് കാരണം അവര്ക്ക് ഒരു സുഖല്യാത്ത മാതിരിയാ. ഇത്തേടെ സൊന്തം മോനല്ലേ നസീറ്ക്ക. നസീറിക്കേനെപ്പോല്യാവില്ല്യല്ലോ ചൊക്ളി. എന്തേലും ഒരു വഴി വരും.

അങ്ങനെ ഓരോ മനോവിചാരായി കെടന്ന് ചൊക്ളി ഒട്ക്കം ഒറങ്ങി.

നേരം വെളിച്ചാവുമ്പോളേക്കും ചൊക്ളി യെ പീടികത്തിണ്ണേല് കണ്ടപ്പോത്തന്നെ അന്തോണി മാപ്ളക്ക് കാര്യം തിരിഞ്ഞു. ചൊക്ലി ഒന്നും അങ്ങട്ടു പറഞ്ഞില്ല..

ദേവുഅമ്മ വിവരറിഞ്ഞ് സങ്കടം കാട്ടി. എന്നാലും 'നീയ്, എൻറോടെ വന്ന് കെടന്നോടാ' ന്ന് അവരും പറഞ്ഞ്ല്യ. അവര് ക്കും വീട്ടില് അനുവാദം കിട്ട്ല്യാ. പ്രവാഗരന്നായര് കണ്ടാ അശുവാണെന്നെ ഉള്ളൂ. പക്ഷേ, സത്യായിട്ടും ഒരു സിംഹാ.. അനുവാദം ഇല്ലാണ്ട് ഒന്നും പറ്റ് ല്യാന്ന് അവര് പത്ക്കനെ പറഞ്ഞൊടങ്ങീപ്പൊ ചൊക്ളിക്ക് ചിരി വന്നു.

'ഞാ ..ആ പാറേമ്മേ കെടന്നോണ്ട് ' എന്ന് ചൊക്ളി തീർപ്പു പറഞ്ഞപ്പോ ഞെട്ടീത് മറിയപ്പാറ അങ്ങാടിയിലെ ഓരോരുത്തരുമാരുന്നു. തെണ്ടിത്തിരിഞ്ഞു വന്ന ചൊക്ളിക്ക് തൻറേടായിട്ട്ണ്ട് ന്നല്ലേ അർഥം? അല്ലെങ്കില് അവനത് പറയ്വോ.. കെടക്കാൻ ഒരെടം ചോദിക്കില്ലേ.. എല്ലാരോടും ചോദിക്കില്ലേ...പാറേമ്മേ കെടന്നോളാന്ന്...

'പാറേമ്മലോ. എന്ത് പ്രാന്താ നീ പറേണ്?അന്തോണി മാപ്ളക്കാണ് ആദ്യം ഒച്ച പൊന്തീത്.

ചൊക്ലി ഒറച്ച് തന്നെ നിന്നു. കൊറച്ച് പ്രായായി. പണിണ്ടല്ലോ ചെയ്യാൻ.. പിന്നെ ആരുല്യാത്തോനാണ്. ആ പാറ മതി കെടക്കാൻ..

തെണ്ടിത്തിരിഞ്ഞു വന്ന ചൊക്ളി വല് തായീന്ന് എല്ലാവരുക്കും അന്ന് മനസ്സിലായി.

Monday, January 13, 2020

ചൊക്ളി 5

               

   


(അഞ്ച് )

മൊയ്തീൻ നട്ടപ്രാന്തെടുത്ത പോലെ കോടംകരേന്ന് ആലൂര് സെൻററ് വരെ ഓടി. ആ ഓട്ടോം കെതപ്പും കണ്ടുനിന്ന എല്ലാരോടും മാറി മാറി ചോദിച്ചു. 'നസീറിനെ കണ്ട്വോ, ഇങ്ങട്ട് ബന്നോ, എങ്ങട്ടു പോയീ.. '

ആരക്കും ഒന്നും അറീല്ല..

ചോദിച്ച് ചോദിച്ച് മൊയ്തീൻറെ തൊണ്ടയടഞ്ഞു. വായിലെ വെള്ളം വറ്റി.

നസീറ് നല്ലൊരു മേത്തച്ചെക്കനാരുന്നു. പത്താം ക്ളാസ്സ് ജയിച്ചേരുന്നു. ടൈപ്പ് പഠിച്ചേരുന്നു ആലൂര് സെൻററില്. കാശുണ്ടാരുന്നെങ്കില് വേറെ വല്ലതും പഠിക്കാൻ പോയേനേം. നസീറിൻറെ താഴേം മക്കളുണ്ടല്ലോ അഞ്ചാറെണ്ണം. എല്ലാറ്റിനേം നോക്കണ്ടേ.. അതോണ്ട് മൊയ്തീൻ മേലാക്കം പഠിപ്പിച്ചില്ല.

എന്നാലും ചെക്കൻ എങ്ങട്ടു പോയതാവും?

ചൊക്ളിക്ക് മറിയംബീടെ കരച്ചില് സഹിക്കാൻ പറ്റീല്ല. ബാക്കിയൊന്നും സാരല്ലാന്ന് വെക്കാരുന്നു. ഇങ്ങനെ നെഞ്ചിലിടിച്ച് ...പതം പറഞ്ഞ്.. മൂക്ക് ചീറ്റി.. നിർത്താണ്ട് നെലോളിച്ച്..

നസീറിനോ മറ്റു പിള്ളേര്ക്കോ ചൊക്ളിയോട് വല്യ കൂട്ടൊന്നും ഉണ്ടാരുന്നില്ല. അവനൊരു പണിക്കാരൻ ചെക്കനല്ലേ..എവിടുന്നോ തെണ്ടിത്തിരിഞ്ഞു വന്നോൻ. അവര്ടെ വാപ്പേടെ ദയേല് ജീവിക്കണോൻ...ഉപദ്രവിച്ചീരുന്നില്ല പിള്ളേര്. അതിന് മൊയ്തീനും മറിയംബീം സമ്മതിക്കില്ല. അത്രേള്ളൂ.

അവൻ മൊയ്തീൻറെ വീട്ടിലിക്ക് പോയില്ല.. അന്തോണി മാപ്ളേടെ കടേടെ മുന്നില് വെറുതേ കുത്തീരുന്നു. മറിയംബീടെ സങ്കടാണ് അവൻറെ വയറ്റിലെ കാളല്.

ദിവസങ്ങള് കടന്നു പോയി. നസീറിൻറെ ഒരു വിവരോം ഇല്ല. കോടംകരേലെ പോലീസ് സ്റ്റേഷനില് ചെന്ന് മൊയ്തീൻ ഒരു പരാതി എഴുതിക്കൊടുത്തു..പോലീസുകാര് അത് മേടിച്ചു വെക്കൂം ചെയ്തു.

കഴിഞ്ഞു കാര്യം. എന്തോരം മനുഷ്യര്ണ്ട് ഈ നാട്ടില്. അതില് പത്തുപതിനേഴ് വയസ്സ് ള്ള ഒര് മേത്തച്ചെക്കനെ കാണാണ്ട് പോണത് ഇതാദ്യല്ലല്ലോ.

അടിയന്തരാവസ്ഥ വന്നപ്പോ ആകനെ ഒരു മാറ്റായി. തോന്നുമ്പോ ഓടീര്ന്ന ലളിതേം ദിനേശും ബസ്സുകള് നേരത്തിന് ഓടിത്തുടങ്ങി. എസ് ആർ വീ മോട്ടോഴ്‌സ് അക്കാലായപ്പോഴേക്കും കടം കേറി മുടിഞ്ഞ് ഓട്ടം നിർത്തീരുന്നു. പകരം വേറെ രണ്ടു ബസ്സ് പെർമിറ്റ് ആയി. താമരേം ലൂയിസും. അങ്ങനെ ബസ്സ്ൻറെ എണ്ണം കൂടീതും നേരത്തിന് ഓടണതും വല്യൊരു സമാധാനായിര്ന്നു എല്ലാരുക്കും. കറണ്ടാപ്പീസിലും പോസ്റ്റ്‌ ആപ്പീസിലും ഒക്കെ നേരത്ത് ന് ജോലിക്കാര് എല്ലാരും വന്ന് കസേരേല് നെരന്നിരിക്കും. ലൈൻമാൻ അച്ചുവേട്ടനെ എപ്പളും അങ്ങാടീലും ആലൂര് സെൻററിലും ഒക്കെ കാണാം. പോസ്റ്റ്‌ ആപ്പീസിലെ ഫോൺ വിളിച്ചാ അപ്പോ കിട്ടും.. അങ്ങനെ മാറ്റങ്ങള് കാണാമ്പറ്റി.

ശൂലപാണി വാര്യര്ടെ മോൻ രവിയെ പോലീസ് പിടിച്ചോണ്ട് പോയതാണ് അടിയന്തരാവസ്ഥ വിചാരിച്ച പോലെ അത്ര നല്ല ഏർപ്പാടല്ലാന്ന് എല്ലാര്ക്കും തോന്നാൻ കാരണം. രവീടെ കല്യാണം കഴിഞ്ഞിട്ട് ആറുമാസം ആയിട്ട്ണ്ടാരുന്നില്ല. രവിക്ക് അങ്കമാലീലാരുന്നു ജോലി. അവിടെ എന്തോ കുഴപ്പണ്ടായി. നസ്കലേറ്റാന്ന് കേട്ടു. എന്തോ ഭയങ്കര കുഴപ്പണ്ടാക്കണ പുസ്തകങ്ങള് രവീടെ കൈയീന്ന് കിട്ടി എന്നൊക്കെയാ വർത്തമാനം. എന്തായാലും അങ്കമാലീന്നാണ് രവിയെ പിടിച്ചോണ്ട് പോയത്.

ശൂലപാണി വാര്യര്ക്ക് വയസ്സു കാലത്ത് നല്ല ശിക്ഷയായി. പാവം, ലോകത്തിനോട് മുഴുവൻ സഹായം ചോദിച്ചു അലഞ്ഞു നടന്നു ആ മനുഷ്യൻ. രവിയെ ഒന്നു കാണാൻ കൂടി പറ്റീല്ല.

പോലീസുകാര് മറിയപ്പാറ അങ്ങാടീലും ഇരച്ച് കേറി വന്നു. രവിയോട് ബന്ധള്ളോര്, രവിയോട് മിണ്ടിയോര്, രവിയെ നോക്കി ചിരിച്ചോര്... അങ്ങനെയാണ് ആൾക്കാരെ അന്വേഷിച്ചത്. രവി ദേവുഅമ്മേടെ കടേല് വന്ന് വടേം ചായേം കഴിച്ച്ണ്ട് ന്ന് പറയാൻ ഗോപാലേട്ടൻ നാക്കു വളച്ചതാണ്. പിന്നെ അത് വേണ്ടാന്ന് വെച്ചു. പോലീസാണ്.. 'അത് നീയെങ്ങന്യാ കണ്ടേന്ന് 'ചോദിച്ച് നമ്മ്ടെ നെഞ്ചത്തേക്ക് പാഞ്ഞാലോ?

ആരും ഒന്നും പറഞ്ഞില്ല. 'ശൂലപാണി വാര്യരെ തന്നെ അറീല, പിന്ന്യാണ് രവിയെ' എന്ന മട്ടിൽ എല്ലാവരും പേടിച്ച് മിണ്ടാതിരുന്നു.

ചൊക്ളിയോടും പോലീസ് ചോദിക്കാണ്ടിരുന്നില്ല. അവൻ അവരെ മിനുമിനാന്ന് നോക്കിനിന്നതല്ലാതെ ഒരക്ഷരം ശബ്ദിച്ചില്ല.

അന്തോണി മാപ്ള ധൈര്യം കാട്ടി. 'അവനൊരു പൊട്ടനാ സാറെ. തെണ്ടിത്തിന്ന് കഴീണ ഒരു ജമ്മം.'

എസ് ഐ വിട്ടില്ല. 'ഈ ആരൂല്യാന്ന് പറഞ്ഞു നടക്കണ തെണ്ടികളാണ് ഏറ്റോം വല്യ കള്ളമ്മാര്. എന്തക്രമോം കാണിക്കാം. കള്ളത്തരം കാട്ടീട്ട് എങ്ങടേലും ഓടിപ്പോയാ മതീലോ... '

അന്തോണി മാപ്ള പിന്നെ വായ തുറന്നില്ല.

ചൊക്ലീടെ വയറ്റിൽ ലാത്തികൊണ്ട് ഒന്നു കുത്തീട്ട് എസ് ഐ മുരണ്ടു. 'മര്യാദക്കായാൽ നിനക്കന്നേ നല്ലത്. അല്ലെങ്കി അടിച്ചു പാഠം പഠിപ്പിക്കും കേട്ടോടാ, പന്നീടെ മോനേ. '

ചൊക്ലി അപ്പോഴും മിനുമിനേന്ന് നോക്കി നിന്നേള്ളൂ.

രവിയെ അറിയണ ആരേം പോലീസുകാര്ക്ക് മറിയപ്പാറ അങ്ങാടീന്ന് കിട്ടീല്ലെങ്കിലും അവിടെ ആകെ ഒരു കറുപ്പ് പടർന്നു. അതുവരെ തോന്നാത്ത ഒരു പേടി.. ഒരു വെഷമം. ഒരു മുട്ടല്.. അടി കിട്ടുന്ന് ഒരു വിചാരം.

ചൊക്ലീടെ ഉള്ളില് വല്ല കള്ളത്തരോം ഉണ്ടാവോന്നാലോചിച്ച് മൊയ്തീന് ചോറെറങ്ങാതായി. നസീറിനേം പോലീസാണാവോ പിടിച്ചോണ്ട് പോയത്? അവൻ കുറ്റോന്നും ചെയ്യില്ല. എന്നാലും..

മൊയ്തീൻ പായേക്കെടന്ന് ഉരുണ്ടു. ഒറക്കല്യാണ്ടായിട്ട് മാസങ്ങളായി. എന്തുണ്ടായാലും മറിയംബി തൊള്ള തുറക്കില്ല. ഇപ്പയിപ്പൊ അങ്ങന്യാണ്.

വാതില് തൊറന്ന് പുറത്ത് വന്ന് ചൊക്ളിയെ കാലോണ്ട് തോണ്ടി എണീപ്പിച്ചു മൊയ്തീൻ. എന്നിട്ട് നല്ല കടുപ്പത്തിൽ ചോദിച്ചു.

നിനക്കറിയോ, നസീറ് എബട്യാ പോയേന്ന്.. പോലീസാര് നീ കള്ളനാന്ന് പറഞ്ഞേന്താ? നീ എബട്ത്തേയാ? ആരാ നിൻറെ ഉമ്മീം ബാപ്പേം?

ചൊക്ളി പിടഞ്ഞെണീറ്റിരുന്നു. അവനറിയാത്ത കാര്യങ്ങള് മാത്രം ചോദിക്കണ മൊയ്തീൻക്കയോട് എന്ത്ര്ത്താ ചൊക്ളി പറയാ?

അധികം കാത്തു നില്ക്കാതെ മൊയ്തീൻ ചൊക്ലീടെ വിധി പറഞ്ഞത് ആ രാത്രി തന്നെയാണ്.

'നീയിനി ഇബടെ ഒറങ്ങണ്ട. പൊക്കോ.. എബടേങ്കിലും പൊക്കോ'

Saturday, January 11, 2020

ചൊക്ളി 4

                 
  


(നാല് )

ആ ബങ്കാളനാട്ടീന്ന് ഓടി വന്നോരേ, വന്ന പോലേ , പെട്ടെന്ന് ഒരൂസം അങ്ങട് കാണാതെയായി. അവര് വന്നതും ഇവടെ മറിയപ്പാറേടെ അടുത്ത് കൂടീതും ഒട്ടും ശര്യായില്ല..അവരെ അടിച്ചോടിപ്പിക്കണായിരുന്നൂന്ന് ബാലേന്ദ്രൻ പറഞ്ഞത് ആര്ക്കും ബോധ്യായില്ല. എന്തിനാ മനുഷേരെ ഓടിക്കണതെന്ന് ദേവുഅമ്മ വായ തൊറന്നങ്ങട് ചോദിച്ചു.

അപ്പോളാണ് പോളിടെക്‌നിക്കില് പഠിക്കണ ബാലേന്ദ്രൻ വിവരായിട്ട് കാര്യങ്ങള് പറഞ്ഞത്. ആലൂരമ്പലത്തിൻറടുത്താണ് ബാലേന്ദ്രൻറെ വീട്. ആ വീട്ടില് ജനിക്കണരൊക്കേ പോളീല് പഠിക്കേണ്ടി വരുംന്നാ..അവിടത്തെ അമ്മേം അച്ഛനും മൂന്നാൺമക്കളും രണ്ടു പെണ്മക്കളും പോളീല് പഠിച്ചവരാ.. മൂത്തോൻ രാമേന്ദ്രൻ ബോംബെലാരുന്നു. ബാലേന്ദ്രൻ ആലൂര് തന്നെ നിന്ന് തൃശൂര് ജോലിക്ക് പോയി വന്നു. ആ കുടുംബായിട്ടേ നല്ല വിവരള്ളോരാണ്. അവര് മണ്ടത്തരോന്നും പറേല്യാ...

'ബോംബേല് ഈ ജാതി വേറേ ദേശത്ത് ള്ള മനുഷേര് ചെന്ന് കൂടി വണ്ടികളില് ഇളന്നീരും കാമ്പും വിറ്റ് തൊടങ്ങീ, പിന്നേം പല കള്ളത്തരങ്ങളും കാട്ടീ. വേറേ നാട്ട്ന്ന് വന്നോര്ക്ക് നമ്മ്ടെ നാടിനോട് സ്ഥായിണ്ടാവ് ല്യാ.. അപ്പോ ബോംബേലുള്ള നമ്മ്ടെ നാട്ട്കാര് ഒരുമിച്ച് കൂടി പൊറം നാട്ടീന്ന് വന്ന ഈ ജാതി കള്ളമ്മാരെ അടിച്ചോടിച്ചു. നമ്മ്ടെ നാട്ടുകാര് അതിന് ഒരു സേന ണ്ടാക്കി. ശിവസേനാന്നാ പേര്. അങ്ങനെയാ വേണ്ടത്. നമ്മ്ടെ നാട്ടില് നമ്മള് പോരേ.. വരണോര് എന്തിനാ'

ആരും ഒന്നും പറഞ്ഞില്ല.. ശിവൻറെ ഗോത്രാരുന്നൂലോ മനുഷേര് ഒക്കേം ആദ്യം. പിന്നെ നാനാവിധായി ജീവിച്ചപ്പോഴാണ് കുഴപ്പം വന്നേന്നല്ലേ വാരസ്യാര് പറയാറ്.

'അതിന് ഇബടെ ശിവസേന ഇല്ല്യാല്ലോ' ഗോപാലേട്ടൻ സങ്കടം കൊണ്ടു.

'ഉണ്ടാക്കണം, പിന്നെ ആരേം പേടിക്കണ്ട'.. ബാലേന്ദ്രന് നല്ല ഉറപ്പുണ്ട് അക്കാര്യത്തില്..

'പച്ചനൊണയാണ്..മൊയ്തീൻ തിമിട്ടി. അയാൾക്ക് കലി വരായിരുന്നു.

'ബേറെ നാട്ടാരേയൊന്നല്ല ഓടിച്ചത്. കോയിക്കോട്ടും കണ്ണൂരും ഒക്കെള്ള മുസ്ലിംമുകളേയാ. ബോംബേല് അബരാ നാരിയല് ബാലോള്. പടച്ചോന് നെരക്കാത്തത് ബേണ്ട, നായരുട്ടീ.'

മൊയ്തീൻ വിട്ടില്ല

ഇപ്പോ ബാലേന്ദ്രൻ എണീറ്റു. ദേവുഅമ്മേടെ ചായ ഗ്ളാസ്സ് നല്ല ബലത്തിൽ ഡസ്ക്കിലമർത്തി വെച്ചു. എന്നിട്ട് മൊയ്തീനേ തുറിച്ചു നോക്കിച്ചോദിച്ചു.

'അത് മൊയ്തീനെങ്ങന്യാ അറിഞ്ഞത്?ബോംബേ പോയിണ്ടോ? നിങ്ങക്ക് അറബ് രക്താന്നല്ലേ പറേണ്.. അപ്പോ നിങ്ങള് അറബിയല്ലേ, ആ നാട്ട് ലല്ലേ കഴിയേണ്ട്.. ഇവ്ട്യല്ലല്ലോ. ആ നാടിനോടല്ലേ അധികം സ്ഥായിണ്ടാവാ..അങ്ങനല്ലേ വേറെ നാട് വേണന്ന് തെരക്ക് കൂട്ടീട്ടല്ലേ പാക്കിസ്ഥാൻ ണ്ടാക്കി മേടിച്ചേ?'

അന്തിച്ചു നിന്ന മൊയ്തീൻറെ മുന്നിൽക്കൂടി ബാലേന്ദ്രൻ ഒരു കൂസലുമില്ലാതെ ഇറങ്ങിനടന്നു.

മൊയ്തീൻ തരിപ്പണായി. അറബ് രക്താന്ന് പറഞ്ഞ് കേട്ടതാണ്. നല്ല നീളോം വണ്ണോം തുടുത്ത നെറോം ആണ്. ആകെ അതാണ് നാട്ടുകാരിലധികം പേരീന്നും മൊയ്തീനുള്ള വ്യത്യാസം. മറിയപ്പാറ ഭാഗത്ത് വേറെ മേത്തമ്മാരൊന്നുല്ല. മൊയ്തീൻറെ ബന്ധുക്കള് കുറച്ചാളുകള് തൃശൂര്ണ്ട്. അധികം ആള്ക്കാരൊന്നും സ്വന്തത്തില് അങ്ങനെ ഇല്ലേനും.

ദേവുഅമ്മ അടി കിട്ടിയ പോലെയിരിക്കണ മൊയ്തീന് ഒരു പാൽച്ചായ കൊടുത്തു. പക്ഷേ, അതിന് ഒരു കയ്പ് തോന്നി അയാൾക്ക്.

ഗോപാലേട്ടൻ മൊയ്തീനോട് വെഷമിക്കാണ്ട് വീട്ടിപ്പോയി കുത്തിരിക്കാൻ പറഞ്ഞു. മൊയ്തീൻ എണീറ്റു പോയപ്പഴാണ് ഗോപാലേട്ടൻ മനസ്സു തുറന്നത്.

'ശിവസേന ഉണ്ടാക്കാരുന്നു. മൊയ്തീന്യൊന്നും തല്ലാനല്ല. വേറെ ഒരു കൂട്ടരണ്ട്‌ ല്ലോ. ഇപ്പ അധികം അങ്ങനെ കേക്കാല്യ.. എന്നാലും അവിടവിടെ ണ്ടല്ലോ. നസ്കലേറ്റുകള്. അടിച്ചോടിക്കണം. കാര്യം, അവറ്റ കാശുകാരേണ് അടിക്കണതും കൊല്ലലും ന്ന്ച്ചാലും പോലീസിനേം കൊല്ലൂലോ പിശാശ് ക്കള്. കടലാസ് വായിച്ചാ പിന്നെ ഒരന്തോം ഇല്യാണ്ടാവും. '

ദേവുഅമ്മ എതിരായിട്ട് ഒന്നും പറഞ്ഞില്ല. കോടംകര നാട്ടിലും ണ്ടാരുന്നു ഒരു നസ്കലേറ്റ്. രാമൻ മാഷ്. മൂന്നാലുകൊല്ലം മുമ്പേ പോലീസ് പിടിച്ചോണ്ടു പോയി. പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല. എല്ലാവരും നന്നായിക്കാണണം ന്ന് പറേണ രാമൻ മാഷേ എങ്ങന്യാവോ അടിച്ചോടിക്കണ്ടത്?എന്തിനാവോ അടിച്ചോടിക്കണ്ടത്? ഗോപാലേട്ടനെ മുഴോനും വിശ്വസിച്ചൂടാ.. എപ്പളാ അങ്ങട്ട് ചാടാന്നറീല്ല.

ചൊക്ളി ഒക്കെ കേക്കണുണ്ടാരുന്നു. അവൻറെ മനസ്സില് എന്താരുന്നെന്ന് ആരും അറിഞ്ഞില്ല.

ആളുകള് പറയണ പൊട്ടും നുറുങ്ങും ഒക്കെ അവൻ കേക്കും. അതൊന്നും ആരോടും പറയേ നീട്ടി നീട്ടി സംസാരിക്കേ ഒന്നും ചെയ്യില്ല അവൻ. വാക്ക് ഇല്ലാല്ലോ അവൻറടുത്ത്.. പിന്നെ എന്തര്ത്താ അവൻ മിണ്ടണ്? അവൻ മിണ്ടിയാത്തന്നെ ആരെങ്കിലും കേക്കാനുണ്ടോ..

ചൊക്ളി എല്ലു മുറിയേ പണിതു പണിത് അങ്ങാടീല് തന്നെയങ്ങട്ടു ജീവിച്ചു പോന്നു. ശരിക്കും ഭക്ഷണം കഴിച്ചപ്പോ അവൻ നന്നായി. ദേഹത്തൊക്കെ മാംസം വന്നു.

മറിയപ്പാറേടെ പരിസരത്തൂടെ വരണ ഹൈവേ റോഡിൻറെ സ്ഥലം അടയാളപ്പെടുത്തി
മാറ്റിയിട്ടുണ്ടാരുന്നു. സർക്കാര് ഭൂമി, കേറാൻ പാടില്ലാ ന്ന് പരസ്യോം ഉണ്ടാരുന്നു. എന്നാലും നായാടികളും കുടുകുടുപ്പാണ്ടികളും വഴീലിങ്ങനെ വീടും കൂടും ഒന്നൂല്യാതെ ചുറ്റിത്തിരിയണോരും വല്യ സൂക്കേടുകാരും ഒക്കെ എടക്ക് വരും. അവിടവിടെ കുടില് കുത്തും. കൊറച്ചു നാള് താമസിക്കും. പിന്നെ വല്ല വഴിക്കും പോകും.

അന്തോണി മാപ്ളക്കും ദേവു അമ്മക്കും ആൾക്കാര് വരണത് വലിയ ഇഷ്ടമാണ്. കല്ലുപ്പെങ്കിലും വാങ്ങാണ്ട് പറ്റില്ലല്ലോ വരണോര്ക്ക്. ഇത്തിരി ചായടെ വെള്ളം എറക്കാണ്ടും പറ്റില്ല. നാലാളു കൂടുതൽ വന്നാ അത്രേം കച്ചവടം നന്നാവും. പീടികേല് ആളു കയറണംന്നല്ലേ പീടിക ഇട്ടോര്ക്ക് തോന്നാ എപ്പളും. ചൊക്ളിക്കും പുത്യേ പുത്യേ ആൾക്കാര് വരണതും ചായേം പലഹാരോം തിന്നണതും ഇഷ്ടം തന്നെയാണ്. അവരടെ കഥകള് കേക്കാം. പുത്യേ പുത്യേ കഥകള്. ചൊക്ലീടെ പഠിപ്പും വിവരോം ജീവിതോം ഒക്കെ മറിയപ്പാറ അങ്ങാടിയായിരുന്നു.

ദിവസങ്ങള് അങ്ങനെ പോയി. ചൊക്ളി അങ്ങാടീല് വന്ന് മൂന്നാലുകൊല്ലം കൃത്യായിട്ട് മറിയപ്പാറ ദേശവിളക്കിൻെറ അന്ന് അയ്യപ്പൻ കുന്നായി മാറി. എല്ലാവരും അയ്യപ്പൻ കുന്നിലെ വാഴപ്പിണ്ടി അമ്പലത്തിലിരിക്കണ അയ്യപ്പന് ശരണം വിളിച്ചു. കുരുത്തോല അലങ്കാരം കണ്ട് 'എന്താ ഭംഗി.. എന്താ ഭംഗി' എന്ന് ആനന്ദിച്ചു. മീൻകാരൻ ചെറ്മൻ ചെക്കൂം അന്ന് വെളുത്ത മുണ്ട് ചുറ്റി ഗമേല് തന്നെയാ വരാ. സുഖാണോ ചെക്കൂന്നാരേലും ചോദിച്ചാ വെള്ള മുണ്ട് ചുറ്റി യ സന്തോഷം കാട്ടി വെളുക്കേ ചിരിക്കും ചെക്കു.

പൂജ നടക്കുമ്പോ പിന്നെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഒക്കെ നല്ല ഉറക്കേ ശരണം വിളിക്കും. കൊട്ടും മേളോം തകർക്കും . മാലയിട്ടോര് കെട്ടും നെറച്ച് ശബരിമല ചവിട്ടാൻ യാത്രയാവും.

എല്ലാകൊല്ലോം ദേശവിളക്കിൻറെ അന്നാണ് കോടംകരേലെ പള്ളിപ്പെരുന്നാള്. പള്ളീടവിടേം ദേവുഅമ്മ മൂന്നാലു ദിവസത്തേക്ക് ഒരു ബ്രാഞ്ച് കട തൊറക്കും. പത്തുപതിനാലു വയസ്സായ ചൊക്ളി കാലും ഏന്തി നടന്ന് രണ്ടു കടേലും കൂടി പണികള് ചെയ്യും. ആ കാശോണ്ടാണ് ദേവുഅമ്മ ഒരു കമ്മല് പണിയിക്കാ.. പൊട്ടിയ മാല മാറ്റി വാങ്ങാ..ചൊക്ളിക്കും അപ്പോ ഒരു ഷർട്ട് തയ്പിക്കാണ്ടിരിക്കില്ല ദേവു അമ്മ.

അടിയന്തരാവസ്ഥ വന്നൂന്ന് ഗോപാലേട്ടൻ കടലാസ്സില് വായിച്ച രണ്ടാം ദിവസം വൈകുന്നേരാണ് മൊയ്തീൻറെ മൂത്ത മോനെ കാണാണ്ടായത്.

Thursday, January 9, 2020

ചൊക്ളി 3

                                                 
        


( മൂന്ന് )

ആരുമില്ലാത്ത ഏവരേയും പോലെ ചൊക്ലീടെ ജീവിതവും മറ്റുള്ളവരുടെ ഔദാര്യമാരുന്നു..എപ്പോഴും. ഏറ്റെടുത്തു , ജീവിതം കൊടുത്തു , ചോറും ചായേം എണ്ണേം സോപ്പും കൈയില് വെച്ചുകൊടുത്തു... ഈ കണക്ക് എല്ലാരും പറയും. ചൊക്ളി എന്തൊക്കെ ആര്ക്കൊക്കെ ചെയ്തു കൊടുത്തൂന്ന് ആർക്കും ഒരുകാലത്തും തീരേ ഓർമ്മ വരേമില്ല..

പത്തുവയസ്സിൽ കൂടില്ല ചൊക്ളിക്ക്. എന്നാലും പിടിപ്പതു പണീണ്ടായിരുന്നു എന്നും.

അറബ് രക്തള്ള മൊയ്തീൻറെ വീട്ടില് തൊഴുത്ത് കഴുകാൻ സഹായിക്കലല്ല, കഴുകല് തന്നെയാണ് പണി. മറിയം ബിയല്ല, മൊയ്തീനാണ് പണി ചെയ്യിക്കണത്. പിന്നെ മുറ്റടിക്കണം. വീടിന്റെ നാലു വശോം ശൊങ്കനായിട്ട് അടിക്കണം. പക്ഷേ, മറിയംബി നല്ല ഒന്നാം ക്ളാസ്സ് ചായ കൊടുക്കും. വെട്ടിയാ മുറിയാത്ത ഉശിരൻ ചായ. നല്ലോണം പാലും ഒരച്ച് ശർക്കരയും ചേർത്ത് ഒരു കുടുവൻ കോപ്പ നികക്കെ. പിന്നെ വലിയ കുറ്റി പുട്ടും കൊടുക്കും. അല്ലെങ്കിൽ പിഞ്ഞാണം നിറയേ കപ്പ പുഴുങ്ങീത്. മറിയംബി ഒരു കള്ളത്തരോം ആഹാരത്തില് കാണിച്ചില്ല. സ്വന്തം മക്കൾക്ക് കൊടുക്കണ പോലെ ചൊക്ളിക്കും കൊടുത്തു.

ദേവുഅമ്മേടെ ചായക്കടേല് ചൊക്ളിക്ക് ഏതു നേരോം പണിണ്ടാരുന്നു. കടപ്പണ്ടം കൊണ്ടുവരല് മാത്രല്ല, അത് മുക്കാലും ഉണ്ടാക്കണതും ചൊക്ലീടെ പണി തന്നെയാ. ദോശക്കും ഇഡ്ഡലിക്കും വടക്കും അരക്കല്, ഇഞ്ചീം പച്ചമുളകും കറിവേപ്പിലയും ഉള്ളീം കുരുമുളകും ഒരുക്കല്, ചമ്മന്തിക്ക് തേങ്ങ ചിരകല്, കപ്പേടെ തൊലികളയല്, മൺകൊടത്തില് വെള്ളം കൊണ്ടരല്... ചൊക്ളിക്ക് പണി തന്നെ പണി.

ചൊക്ലീടെ വെശപ്പ് മാറണവരെ പലഹാരോം കഞ്ഞീം കപ്പേം കറീമൊക്കെ ദേവുഅമ്മ കൊടുക്കും. 'എന്നാലും എന്ത് തീറ്റയാടാ നിൻറെ... വയറ്റില് വല്ല കൊക്കപ്പുഴൂം ഉണ്ടോടാ' എന്ന് എപ്പോഴും പറയും ചെയ്യും.

ചൊക്ളി മിണ്ടില്ല. അവന് അധികം വാക്കൊന്നും അറിയില്ല.. ആരും എന്തേലും പറഞ്ഞു പഠിപ്പിച്ച തായിട്ട് ഓർമ്മല്യ. ത് ന്നണം, തൂറണം, മുള്ളണം, ഒറങ്ങണം, വാണം, വാണ്ട ഇതിലും കൂടുതലായിട്ട് തല ആട്ടും, കൈ ആട്ടും, ഉം..ഉംഉം..എന്ന് മൂളും.. കഴിഞ്ഞു .. ചൊക്ലീടെ മിണ്ടല്.. ങാ പിന്നെ, വയറ് നെറഞ്ഞാ അപ്പോ ഹ്ഹി...ഹ്ഹീ ന്ന് ചിരിക്കും.

അടുപ്പീന്ന് കരിക്കട്ട എടുത്ത് പല്ല് തേച്ച് വായ കഴുകാൻ പഠിപ്പിച്ചത് മറിയംബിയാണ്. പറ്റണ ദിവസൊക്കെ ചൊക്ളി അങ്ങനെ ചെയ്യാറ് ണ്ട്. മുള്ളിയാലും തൂറിയാലും കഴുകണന്ന് മൊയ്തീൻ കർശനായിട്ട് പഠിപ്പിച്ചു. അതൊക്കെ എന്ത് നാന്ന് ചൊക്ളിക്ക് അറീല്ല. എന്നാലും ചെയ്യും. എന്നും രാത്രി ചൊക്ളി കുളിച്ചാലേ മൊയ്തീന് ഒറക്കം വരൂ. അവൻ അതും ചെയ്യും.. കിണറ്റീന്ന് നാലു പാള വെള്ളം കോരി തലേല് കമത്തും.നല്ലോണം ഉര്ണ്ട ഒരു മിൻസ കരിങ്കല്ലോണ്ട് മേല് തേക്കും.

ഗോപാലേട്ടൻ ഇടക്കിടക്ക് വിളിക്കും..'ഈ കൈതച്ചക്ക വാരിയത്ത് കൊടക്ക്, ഈ കൊണ്ടാട്ടം മൊളക് ആലൂര് മഠത്തിലെത്തിക്ക്..' അപ്പോ ചൊക്ളി ദേവു അമ്മേടെവിടത്തെ പണി നിറുത്തി പോകും. ദേവു അമ്മക്ക് പിന്നെപ്പിന്നെ വെറഞ്ഞ് കേറലായി...ദേഷ്യായി..തുള്ളലായി.

അങ്ങാടീല് വല്യ വഴക്കായി അന്ന്. 'ചൊക്ളി ചെക്കൻ എൻറോട് ന്നാ അധികം തിന്നണ്.. ൻറെ പണി കഴിയാണ്ട് ഗോപാലേട്ടൻ വിളിക്കര് ത് ന്ന് 'ദേവു അമ്മ വെളിച്ചപ്പാട് തുള്ളി.

ഗോപാലേട്ടൻ വിടുമോ? 'ഞാനാണ് കെടക്കാനുള്ള വക കൊടുത്തേ, ഒരു മാസത്തേക്ക് ഞാനാണ് ഒരുറുപ്പിയ കൊടുക്കണേ.. എന്നെ കഴിഞ്ഞിട്ടേ ഉള്ളൂ അവകാശം. ദേവുഅമ്മ വളിച്ചതും പുളിച്ചതും കൊടുക്കണ പോല്യല്ല..ഒറ്റ ഉറുപ്പികയാ അത് '

ഗോപാലേട്ടൻ പൈസ കൊട്ത്തിട്ടില്ല ഇതുവരെ.. തരാന്ന് ചൊക്ലീടടുത്ത് പറയണേ ഉള്ളൂ. ഗോപാലേട്ടന് ഇത്തിരി ഈറ ണ്ട്. വേറെ ഒരു കൊഴപ്പോം ല്യാ.കാശൊക്കെ കിറു കിറുത്യായിട്ട് തരുന്ന് മൊയ്തീൻ ചൊക്ളിയെ സമാധാനിപ്പിച്ച്ണ്ട്.

അങ്ങാടീല് ബഹളം മൂത്തു.

ഒടുവിൽ ഗോപാലേട്ടൻ അലറി.. 'അധികം തുള്ള്യാല് ണ്ടല്ലോ ചൊക്ളി തെണ്ടിത്തിരിഞ്ഞു വന്ന പറേനോ ഉള്ളാടനോ ഒക്ക്യാന്ന് ഞാൻ എല്ലാരോടും പറേം. പിന്നാരും നിങ്ങടെ ചായക്കടേന്ന് ഒരു തുള്ളി വെള്ളം എറക്ക് ല്യ.. '

പടഭദ്രകാളിയായ ദേവുഅമ്മ ഒന്നു നീലിച്ചു പോയി. ചൊക്ലീടെ കാല് കുരുത്തം നന്നായതാണോ, ദൈവം കണ്ണ് തൊറന്നതാണോ ആവോ ഇപ്പോ കടേല് ഇത്തിരീശ്ശെ ആള് കേറണുണ്ട്. ഈ ജാതി പറഞ്ഞുള്ള പോരായാല് കഞ്ഞി മുട്ടീത് തന്നെ.

അന്തോണി മാപ്ള അന്നേരം കൊക്കികൊക്കി ചിരിച്ചു. ന്നട്ടാണ് ഇങ്ങനെ പറഞ്ഞേ.. 'സാരല്ല.. ഗോപാലേട്ടാ.. ഇപ്പോള് ജാതീം മതോം ഒന്നും പഴേ പോലെ ല്ല്യാ. ഇഞ്ഞീപ്പ ഐ
ത്തായാ ഞങ്ങള് മാപ്ളാര് ഒന്നു തൊട്ടാ മതി.. ഒക്കെ ചുത്താവുന്നേ.. മാപ്ളക്ക്
ഐത്തല്യാ..'

ഗോപാലേട്ടന് ഈറ പിടിച്ചു.. പന്നീനേം പശൂനേം വെട്ടിവിഴുങ്ങണ മാപ്ളക്കാണ്
ഐത്തല്യാത്തത്.

'ഐത്തോന്നും മാറ്റാമ്പറ്റ് ല്യാൻറേ മാപ്ളേ.. ഇന്തുക്കൾടെ പുസ്തത്തില് ഒക്കെ ശ്ശെരിക്ക് എഴുതീണ്ട്.. ഐത്തം മാറ്റണു.. ചൊക്ളി മേത്തൻറൊപ്പല്ലേ കഴീണ്.. ഒരു മേത്തനാച്ചാ മാപ്ള തൊട്ടാ ഐത്തം പോവ്വോ.. പോവ്വോന്ന്..'

അന്തോണി മാപ്ള ഒരാട്ടു കൊടുത്തേനേ.. അപ്പോളേക്കും ഒണക്ക മീനും കല്ലുപ്പും വാങ്ങാനൊരു കുശത്തി വന്നു.. പിന്നേം ഒന്നു രണ്ടാളു വന്നു.

ഗോപാലേട്ടൻ ആരോടും ഒന്നും പറഞ്ഞില്ല. വെറ് തേ ഒന്ന് പേടിപ്പിച്ചതാണ് എല്ലാരേം... താക്കോല് കൈയ്യിലാന്ന് ഓർമ്മ വെച്ചോട്ടെ.. ചൊക്ലീനെക്കൊണ്ട് പണിയെടുപ്പിക്കണത് വേണെങ്കി ഗോപാലേട്ടന് നിർത്തിക്കാൻ പറ്റുന്ന് ഓർമ്മേണ്ടാവണത് നല്ലതാന്ന്... ല്ലേ..

ചൊക്ലീടെ മനസ്സില് എന്താണ്ടേയേന്ന് ആര്ക്കും അറീല്ല.. അറിയൊട്ടു വേണ്ടേനീം.. അവൻ പണീട്ത്താ മതി. കാര്യന്വേഷണോന്നും വേണ്ട.

ദേവുഅമ്മ ഗോപാലേട്ടനോട് തൊള്ളയിടല് അന്നത്തോടെ നിർത്തി. അയ്യാള് ശരിയല്ലാന്ന് പറ്റണോരോട് ഒക്കെ പറഞ്ഞു. പെണ്ണൊര്ത്തി ഗോപാലേട്ടൻ ശരിയല്ലാന്ന് പറഞ്ഞാ കേക്കണോര് എന്താ വിചാരിക്കാന്നറീല്ലേ.. അങ്ങനെ ഒരു ചീത്തപ്പേരിൻറെ മണം ഗോപാലേട്ടനെ ചുറ്റിനടന്നു.

ആ സമയത്താണ് ഒരു ജാതി ഗോസായി പറച്ചിലും ആയിട്ട് അഞ്ചാറു കുടുമ്മങ്ങള് മറിയപ്പാറ കേറി വന്നത്. എന്ത് തേങ്ങ്യാ പറേന്നത് ന്ന് ഒറ്റ ഒരാള്ക്കും തിരിഞ്ഞില്ല. വല്ല ലോറീലും കേറി വന്നോ നടന്ന് വന്നോ ആരക്കും നിശ്ചയല്യാ..

നല്ല മഴേത്ത് ഒരു കീറക്കൊടേം പിടിച്ച് കുശത്തി കൊടുത്ത മൺകലത്തിൽ, കത്താത്ത ചുള്ളിക്കൊമ്പൂതി അരി വെക്കണ പെണ്ണൊരുത്തീനെ കണ്ട് തൃസ്സ്യക്കുട്ടിക്കാ പാവം തോന്നീത്. ഒരു പിടി അരി വെച്ച് കൊറേ വെള്ളോം കൂട്ടിക്കലക്കി അഞ്ചാറു മക്കളും ആ പെണ്ണൊരുത്തീം അവളടെ ആമ്പെറോനും കൂടിയങ്ങട്ട് കുടിക്കുന്ന്..
എന്താ ആവാ അതോണ്ട്..

അന്തോണി മാപ്ളക്ക് തൃസ്സ്യക്കുട്ടി പറഞ്ഞാ തട്ടിക്കളയാൻ പറ്റ്ല്യാ. അതോണ്ട് ഇച്ചിരി മൊഖം കേറ്റിപ്പിടിച്ചിട്ടായാലും കൊറച്ച് അരീം കൊറച്ച് കല്ലുപ്പും അവളക്ക് കൊടത്തു. ഏതാ വർഗന്നാരക്കും തിരിഞ്ഞില്ല. ഇന്തുവാ, മാപ്ളയാ, മേത്തനാ എന്ത് പണ്ടാരാണാവോ.. അവറ്റ പറേണ വാക്കൊന്നും ആരും കേട്ടിട്ടൂടീല്യാ.

ആ മഴക്കാലത്ത് തന്ന്യാണ് മറിയപ്പാറേടെ മുകളിലെ പരപ്പിൽ സന്യാസിയോൾടെ കാവി നിറത്തിൽ ഒരു കൊടീം വെച്ച് ചെലര് വന്ന് ചർച്ചയൊക്കെ ചെയ്തത്. എല്ലാരും ഇന്തുക്കളാരുന്നൂത്രേ.

ഗോപാലേട്ടൻ പോയില്ല. വാര്യത്തൂന്നും മഠത്തീന്നും ഇല്ലത്തീന്നും ആരാണ്ടൊക്കേയോ പോയിരുന്നു. അങ്ങനാണ് മറിയപ്പാറ അങ്ങാടീല് എല്ലാര്ക്കും വിവരം മനസ്സിലായത്.

ആ ദാരിദ്രവാസി മനുഷേര്, തിരിയാത്ത ഭാഷ പറേണ മനുഷേര് ബങ്കാളനാട്ടീന്ന് വന്നതാന്നും ഇന്ദ്രാഗാന്ധി റേഡിക്കോയില് കേക്കണ പോലേം കടലാസില് കാണണ പോലേം ഒന്ന്വല്ലാന്നും.

ഭയ്ങ്കരിയാന്ന്...ഇന്തുക്കളേലും ഇഷ്ടാത്രേ മേത്തമ്മാരേ.. മേത്തമ്മാര്ക്ക് ഒക്കെ അധികം കൊടുക്കുള്ളൂന്ന്..അതിനാന്ന് ഇപ്പോ യുദ്ധോക്കെ ഉണ്ടാക്കീത്..

'ജുദ്ധണ്ടാക്കണ പെണ്ണ് ഒരു ഭയ്ങ്കരി തന്ന്യാ.. സംശല്യ.. ' ദേവുഅമ്മ
ഉറപ്പിച്ചു..

Tuesday, January 7, 2020

അല്ലി സജിത


24/12/19
                                                         

പൗരത്വ ബില്ലിനെതിരെ കടുത്ത പോരാട്ടങ്ങൾ രാജ്യമെമ്പാടും നടക്കുമ്പോഴും അതിലൊന്നും അധികം ശ്രദ്ധിക്കാൻ പറ്റാതെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള കടും പോരാട്ടങ്ങളിലൂടെ, അസഹനീയമായ വേദനയിലൂടെ കടന്നു പോകുകയാണ് നമ്മുടെ അല്ലി സജിത.

സർക്കാരിന്റെ കണക്കനുസരിച്ചു 100000 ൽ 135.5 പേർ ആണ് നമ്മുടെ കൊച്ചു കേരളത്തിലെ കാൻസർ രോഗികൾ. മറ്റുപലകാര്യങ്ങളിലെയും പോലെ ഇക്കാര്യത്തിലും നമ്മൾ മലയാളികൾ മുൻനിരയിൽ തന്നെയാണ്. കാൻസർ രോഗികളെ സഹായിക്കാൻ സംസ്ഥാന / കേന്ദ്ര സർക്കാർ തലങ്ങളിൽ വിവിധ പദ്ധതികൾ ഉണ്ട്. രോഗികളുടെ എണ്ണക്കൂടുതൽ കൊണ്ടാണോ അതോ മരുന്നുകളുടെ ലഭ്യതക്കുറവ് /വില കൂടുതൽ കൊണ്ടാണോ എന്നറിയില്ല സാധാരണക്കാരായ നമ്മുടെ അല്ലിയെപ്പോലുള്ള ധാരാളം രോഗികൾ ചികിത്സ നേടാനാവാതെ വിഷമിക്കുന്നു. Post - Pre Chemotherapy മരുന്നുകൾ പലതും വളരെ വില കൂടിയവയാണ്.
മരുന്നുകൾ മേടിക്കാൻ സാധിക്കാതെ ഡോക്ടർ നിർദ്ദേശിക്കുന്ന സമയത്തു ചികിത്സ നേടാനാവാതെ വിഷമിക്കുന്നുണ്ട് ഇപ്പോൾ അല്ലി. രാജ്യത്തെ ബാധിക്കുന്ന പ്രതിഷേധങ്ങളും, ഓണവും, ഈദും ക്രിസ്തുമസ്സും , പുതുവത്സരവും ഒന്നും തന്നെ അല്ലി അറിയുന്നില്ല. എങ്ങനെയെങ്കിലും കുറച്ചു കാലം കൂടെ ജീവിക്കാനുള്ള അനിയന്ത്രിതമായ ഇച്ഛയുണ്ട് അവർക്ക്.

അല്ലി ചികിത്സ നേടാനാവാതെ മരണത്തിനു കീഴടങ്ങാൻ പാടില്ല. എങ്ങനെയെങ്കിലും അല്ലിയെ രക്ഷപ്പെടുത്താൻ നമ്മൾ പ്രയത്നിക്കണം. ചികിത്സ പൂർത്തിയാക്കണം. 18 കീമോയാണ് അവർക്കു ഡോക്ടർ നിർദേശിച്ചിരുന്നത്. പതിനാലെണ്ണം ആയി.. പന്ത്രണ്ടെണ്ണം ആയപ്പോഴേക്കും അവരുടെ കൈയ്യിലെ പൈസ തീർന്നു. 13 & 14 അഞ്ചാറുപേരുടെ സഹായത്തോടെ കഴിഞ്ഞു. ഇനിയും നാലു കീമോയും അനുബന്ധിത ഇൻജെക്ഷൻസും എടുക്കേണ്ടതായുണ്ട്. ഇതു വായിക്കുന്ന നല്ലവരായ എഫ് ബി സൗഹൃദങ്ങൾ കരുണ കാട്ടണം. അവരവരാൽ കഴിയുന്ന തുക , അതു 100 രൂപ അയാൽ പോലും കൊടുത്തു സഹായിക്കണം. ഇതു ഒരു അപേക്ഷയായി കരുതി ആവുന്നത്ര സഹായങ്ങൾ ചെയ്യണം .

അല്ലിക്കായി പണം ഈ എക്കൗണ്ടിൽ നിക്ഷേപിക്കുമല്ലോ.

AYISHA THANOOJA K Y
A/c : 99980104540740
IFSC CODE: FDRL0001033
Federal Bank.
Mattanchery. Ernakulam.

അല്ലിയെ ഞങ്ങൾ കുറച്ചു പേർ പോയി കണ്ടിരുന്നു.

സഹായിക്കുമെന്ന വിശ്വാസത്തിൽ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ..

ഗിരിജ നായർ. https://www.facebook.com/girijayan

കുഞ്ഞു മൊഹമ്മദ്
https://www.facebook.com/ponnanthra

മഹബൂബ് അരമന
https://www.facebook.com/mahaboob.aramana

ശാന്തിനി ടോം
https://www.facebook.com/shantinit

ഗിരീഷ് കുമാർ https://www.facebook.com/gkurup1

ഗോപകുമാർ https://www.facebook.com/gopakumar.gnair.1

ഒത്തിരി സ്നേഹത്തോടെ... പ്രതീക്ഷകളോടെ

എച്മുക്കുട്ടി

എം ഇ എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീനാരായണപുരം

      
ഇന്ന് കുഞ്ഞുങ്ങളുമായി കുറച്ചു നേരം ചെലവാക്കുന്നു.

വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ എന്ന എൻറെ നോവലിനെ മുൻനിർത്തി സമദർശനം എന്ന കാഴ്ച പ്പാടിനെപ്പറ്റി കുഞ്ഞുങ്ങളുമായി ഒരു സംഭാഷണം...
                                                                   
24/12/19
ഇന്നലെ സമദർശനം പരിപാടിയിൽ കുട്ടികൾ ക്കൊപ്പം എം ഇ എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീനാരായണപുരം എൻ എസ് എസ് യൂണിറ്റിൻറെ സപ്തദിന സഹവാസ ക്യാമ്പിലായിരുന്നു കുറച്ചു മണിക്കൂറുകൾ ചെലവഴിച്ചത്.

വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ എന്ന എൻറെ നോവലിനെ അടിസ്ഥാനമാക്കി ലിംഗസമത്വത്തെപ്പറ്റി കുട്ടികളുമായി സംവദിച്ചു.

കുട്ടികൾ എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ട്.

വളർന്നു വരുന്ന പുതിയ തലമുറയിൽ എനിക്ക് ഒത്തിരി പ്രതീക്ഷയുണ്ട്.
                                                             


അവൾ ജീവിച്ചു തുടങ്ങിയ ദിവസം.

                                     
ഇന്നത്തെ ദിവസം എനിക്ക് വളരെ പ്രത്യേകമാണ്..

എൻറെ മോളെ സ്നേഹിക്കുന്നുവെന്നും അവളുടെ കൂടെ സന്തോഷമായി ജീവിക്കാൻ ആശിക്കുന്നുവെന്നും അറിയിച്ച ചെറുപ്പക്കാരനൊപ്പം അവൾ ജീവിച്ചു തുടങ്ങിയ ദിവസം.

ജാതിമതഭേദവും ആഡംബരവും ഒട്ടുമില്ലാതെ നമ്മുടെ ഭരണഘടനയും നിയമവുമനുസരിച്ചുള്ള നടപടിക്രമങ്ങൾ മാത്രം പാലിച്ച് കുട്ടികളുടെ സന്തോഷം ആ ജീവിതത്തിൻറെ ഏറ്റവും പ്രധാന അലങ്കാരമായ ദിവസം..

കണ്ണനെന്ന മോളുടെ പാപ്പാ ചിരിച്ചുകൊണ്ട് കരഞ്ഞ ദിവസം...

ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജാതിയും മതവും ആഡംബരവും ഇല്ലാത്തതുമായ നടപടിക്രമങ്ങൾ എത്രമേൽ പ്രധാനമാണെന്നും , നമ്മുടെ ഭരണഘടനയും അതിലൂന്നിയ വിവാഹനിയമവും അതിലും എത്രയോ ആയിരം ഇരട്ടി പ്രധാനമാണെന്നും ഞങ്ങൾ തിരിച്ചറിയുന്ന ദിവസം..

Sneha Sathyan, Raji Menon, Bindu Krishnan,


                                                         
19/12/19
                                                                       Sneha Sathyan


31/12/19
Raji Menon



29/12/19
Bindu Krishnan


ഇന്ത്യ മതരാജ്യമാവരുത്

                          
എല്ലാ മതരാജ്യങ്ങളും ന്യൂനപക്ഷമതക്കാരെ ഏതെങ്കിലും തരത്തിലൊക്കെ പീഡിപ്പിച്ച ചരിത്രമാണ് ലോകത്തിലുള്ളത്. ഈ ഇന്ത്യയും മതരാജ്യമാവാൻ പോകുന്നുവെന്നാണ് ഇപ്പോൾ പലരും ആഗ്രഹിക്കുകയും സമാധാനിക്കുകയും ചെയ്യുന്നത്. ഇന്ത്യക്ക് ചുറ്റും മതരാജ്യങ്ങളുള്ളപ്പോഴും കുറെയൊക്കെ ജനാധിപത്യം ഇവിടെ പുലർന്നത് സത്യമായും ഭരണഘടനയിലെ മതേതരത്വത്തിൻറെ ബലം കൊണ്ടാണ്. അല്ലാതെ ഹിന്ദുമതം സ്നേഹത്തിൻറെ മാത്രം മതമായതുകൊണ്ടല്ല.

ഇന്ത്യക്ക് ഹിന്ദു മതരാജ്യമാവാം.. പിന്നീട് ജനാധിപത്യ രാജ്യമാവാൻ കഴിയുമോ , കഴിയുമെങ്കിൽ തന്നെ അത് എന്ന് ഇതൊക്കെ ആലോചിക്കേണ്ടതാണ്...

ഇന്ത്യ ഹിന്ദു മതരാജ്യമായാൽ എല്ലാ മതന്യൂനപക്ഷങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും സ്ത്രീകളും കുഞ്ഞുങ്ങളും താഴ്ത്തപ്പെട്ട ജാതിക്കാരും കൃത്യമായ അജണ്ടകളോടെ ഇനിയും കൂടുതൽ പീഡിപ്പിക്കപ്പെടും.

ഇന്ത്യ ഹിന്ദു മതരാജ്യമാവുന്നതുകൊണ്ടുള്ള ലാഭം അനുഭവിക്കാൻ കഴിയുക ധനികരായ ഉയർന്ന ജാതിക്കാർ ക്ക് മാത്രമാണ്. അതിലും സ്ത്രീകളും കുഞ്ഞുങ്ങളും ഒരുപടി താഴെക്കിടയിൽ തന്നെയായിരിക്കും...

ഇന്ത്യ മതരാജ്യമാവരുത്... ജനാധിപത്യ രാജ്യമായിത്തുടരണം...

ആഗ്രഹമാണ്...

റാണി, അമ്മ, കണ്ണൻറെ കുടുംബാംഗങ്ങൾക്കൊപ്പം


28/12/19
അനിയത്തി റാണി
                                                                               
25/12/19
അമ്മയുടെ പഴയ ഒരു ഫോട്ടോ
                                                                           
                                                                 
16/12/19
കണ്ണൻറെ കുടുംബാംഗങ്ങൾക്കൊപ്പം

Monday, January 6, 2020

നമുക്ക് എന്തിനാണ് പൗരത്വ ബില്ല് ?

  

നമുക്ക് എന്തിനാണ് പൗരത്വ ബില്ല് ?

അത് പാർലിമെന്റിൽ വരുന്നത് തടയാൻ പറ്റിയില്ല.

ഇനി അത് പാസ്സാക്കുന്നതും തടയാൻ പറ്റില്ലേ..

നമ്മൾ എന്തുതരം ജനതയാണ്...

നമ്മൾ പല കടലാസ്സുകൾ നല്കി നമുക്ക് ഈ നാട്ടിൽ ജീവിക്കാൻ അർഹതയുണ്ടെന്ന് നമ്മൾ തെരഞ്ഞെടുത്തയച്ചവരിൽ ചിലർ ചേർന്ന് തീരുമാനിച്ച നിയമത്തെ ബോധ്യപ്പെടുത്തി ഈ നാട്ടിൽ ജീവിക്കണമോ..

അപ്പോൾ എന്താണ് നമ്മുടെ ജന്മഭൂമി.. ?

പൗരത്വബില്ല് പാസ്സായാൽ ... പിന്നെ ജനാധിപത്യം ഇല്ല..

അതു മാത്രമല്ല അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ ഇല്ലാതാകും..

നമ്മൾ മൗനമായിരിക്കുന്നതെന്ത്...
നമുക്ക് നാണം പോലും തോന്നുന്നില്ലേ...

നമുക്ക് ഈ ബില്ലിനെ തടയാൻ കഴിയില്ലേ... നമ്മൾ തടയേണ്ടേ...

KL Jocab 10/12/19
                                                           
                                       

Saturday, January 4, 2020

ചൊക്ളി 2


                                         


( രണ്ട് )

അന്തോണി മാപ്ള തട്ടീതും ആട്ടീതും പട്ടിയെ അല്ല, ഒരു ചെക്കനെ ആരുന്നു. ചെക്കൻ ഉരുണ്ട് പെരണ്ട് എണീറ്റ് ഒറക്കെ നെലോളിച്ചപ്പോ മാപ്ള പേടിച്ചു വെറച്ചു. ആകെ ആന്തിപ്പോയി. 'ൻറെ മാതാവേ ഇദേതാ ഈ കുരിശ് ' ന്ന് ഏങ്ങീത് ഇത്തിരി ഉറക്കെത്തന്നെ ആയി.

ചെക്കനോട് 'നെലോളി നിർത്തെടാ'ന്ന് കല്പിച്ചു മാപ്ള കട തുറന്ന് ഫോട്ടം തുടച്ചിട്ട് മെഴുകുതിരി കത്തിച്ചു മാതാവിനെ ഒന്നു നല്ലോണം സൂക്ഷിച്ചു നോക്കി... ഒന്നും അങ്ങട്ടു പറഞ്ഞില്ല. തിരീം കെടുത്തി മുട്ടേം അടുക്കീട്ട് തോർത്തോണ്ട് കാല്പെട്ടിപ്പുറം ഒന്നു തുടച്ചു അതിന്മേലിരുന്നു. എന്നിട്ട് ചെക്കനോട് വിശേഷം തിരക്കി.

ഏതാണ്ട് പത്തു വയസ്സ് ചെന്ന ചെക്കന് പേര് തന്നെ ഇല്ല... തന്തേം തള്ളേം ഇല്ല.. ഒരു കാല് പിള്ളവാതം വന്നണക്ക് ചൊക്ളിയാണ്. അബദ്ധത്തില് വിളിച്ചതാണെന്ന് വെച്ചാലും അവൻ ചൊക്ലി തന്നെയാന്ന് കണ്ട് മാപ്ള സമാധാനപ്പെട്ടു.

പിന്നെ ഒന്നും ചോദിച്ചില്ല. ദേവുഅമ്മ വന്നു ചായക്കട തുറന്നണക്കേ ചെക്കനും പുട്ടും കടലേം പഴം പുഴുങ്ങീതും പപ്പടോം ചായേം പള്ള നെറച്ചും മേടിച്ചു കൊടുത്തു. ചെക്കൻ ചിറീം തുടച്ച് വന്നപ്പോൾ അമ്പതു പൈസേം കൊടുത്തു.

'എവടക്കാച്ചാ പൊക്കോ.. ഇവടെ നിന്നിട്ട് ഒരു കാര്യോം ല്യ. ഓടിക്കോ നീയ്.. '

അന്തോണി മാപ്ള വേറെ എന്ത് ര്ത്താ ചെയ്യണ്? മാതാവ് എല്ലാ കൊല്ലോം തൃസ്സ്യക്കുട്ടിക്ക് ഓരോ മക്കളെ കൊടുക്കും. വീട് നെറച്ചും മക്കളാ. എട്ടുപത്തെണ്ണം ണ്ട്. ഒരു പണിക്കാരൻ ചെക്കനെ വെച്ചാ അതിൻറെ അണ്ണാക്കിൽക്കും വല്ലതും ഇടണ്ടേ.. അതും ചെലവല്ലേ. എല്ലാററിനും ഓടാൻ മാപ്ള തന്നെയ്ക്കല്ലേന്നും?

ചെക്കൻ കണ്ണ് ഉരുട്ടി മിഴിച്ചു നോക്കി നിക്കാണ്.. എങ്ങട്ടും പോണ കോളില്ല.. ആട്ടിയെറക്കണതെങ്ങനെയാ.. ഒന്നൂല്ലെങ്കിലും ഒരു മനുഷ്യക്കൊച്ചല്ലേ. ആരേ പേടിച്ചില്ലെങ്കിലും മാതാവിനെ, കർത്താവിന്റെ അമ്മേ പേടിക്കണം.

അന്തോണി മാപ്ള വലഞ്ഞു. ഒക്കെ മാതാവിന്റെ കളിയാണ്. തൃസ്സ്യക്കുട്ടിയോട് പറഞ്ഞാ വല്ല കഞ്ഞോള്ളം ഓട്ടക്കിണ്ണത്തീ പാർന്നിട്ടായാലും ചെക്കനെ ഒരു പണിക്കാക്കാന്ന് കേക്കണ്ടി വരും. .. പെണ്ണങ്ങൾക്ക് അങ്ങന്യാ..പെറ്റിട്ടാ മതി പറഞ്ഞാ മതി. ആരാ ചെലവിന് അന്നേഴിക്കണത്?

പത്തു മണി നേരായപ്പോഴേക്കും ചൊക്ലീടെ കാര്യം എല്ലാരും അറിഞ്ഞു. അവൻറെ മൂട് കീറിയ ട്രൗസറ് കണ്ട് ഗോപാലേട്ടൻ ഒരു പഴേ തോർത്തു കൊടുത്തു. ചൊക്ളി അപ്പോത്തന്നെ തോർത്തു വാങ്ങി ട്രൗസറിൻറെ മീതെ ചുറ്റി. മിടുക്കൻ. ജീവിക്കാൻ വശണ്ട് .

അനാഥാലയത്തിലാക്കാം, കോടംകരേലെ പള്ളീല് കൊണ്ടു പോയി അച്ചനെ ഏല്പിക്കാം.. ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞതല്ലാണ്ട് നേരുച്ച്യായിട്ടും ഒരു തീരുമാനായില്ല.. ആരോരുല്യാത്ത ചൊക്ലി പണിക്ക് നിന്നോട്ടേന്ന് എല്ലാരുക്കും മനസ്സില് ണ്ട്. ആരെങ്കിലും അന്നേഴിച്ച് വന്നാലോ പിന്നക്ക് ന്ന്ള്ള പേടീണ്ട്. പണിക്ക് നിർത്തി വല്ല കാശും കൊടുത്ത് സ്ഥിരായി തീറ്റിപ്പോറ്റാൻ പറ്റ് ല്യാന്നും വിചാരണ്ട്.

കാര്യം പഴുത്ത കൂഴച്ചക്കടന്തിയായി. ചൊക്ലി ആകെ എടങ്ങേറിലാക്കി മനുഷ്യരേന്ന് പറഞ്ഞാ മതീലോ. ഇതിനിടക്ക് ദേവുഅമ്മ കപ്പ പുഴുങ്ങീതും കാന്താരി ഉടച്ചതും പാലും പഞ്ചാരേം ഇല്ലാത്ത ചായ വെള്ളോം കൊടുത്തു ചൊക്ളിക്ക്. തിന്നണ ആർത്തി കണ്ടപ്പോ ഗോപാലേട്ടന് കഷ്ടം തോന്നി.. വെശപ്പ് ഒരു വല്ലാത്ത ചെകുത്താനാണ്. അത് പിടിച്ചാ പിന്നെ നാണോം മാനോം വെളിവും ഒന്നുല്യാണ്ടാവും. അല്ലെങ്കി ഊരും പേരും ആളും ഒന്നുല്ലാത്തോര് ക്ക് എന്ത് നാണം.. എന്ത് മാനം.. എന്ത് വെളിവ്..?

അന്നേരത്ത് അന്തോണി മാപ്ള നെരപ്പലകീട്ട് കട പൂട്ടി. തോർത്തും തലേലിട്ട് വീട്ടിലിക്ക് നടന്നു. ഉച്ചി പൊളിയണ വെയിലാണ്. തോർത്തിട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല. എന്നാലും വെറുതേ ഒരു സമാധാനത്തിന്..

വീട്ടില് മാപ്ള ആരോടും ഒന്നും പറഞ്ഞില്ല. തൃസ്സ്യക്കുട്ടി കവടികിണ്ണം നെകക്കേ ചൂടു കഞ്ഞീം നല്ലോണം തേങ്ങാക്കൊത്തിട്ട് മൂപ്പിച്ച അച്ചിങ്ങേം ഒണക്കമുള്ളൻ വറുത്തതും വെളമ്പി. എങ്ങും നോക്കാണ്ട് കഞ്ഞി കുടിച്ചു. കുടിച്ചു കഴിഞ്ഞിട്ടാ പിള്ളേര് കുടിച്ചോന്ന് ചോദിച്ചത് തന്നെ.


മൂന്നു മണിക്ക് ഇച്ചിരി കട്ടനും മോന്തി അങ്ങാടീല് വന്നപ്പോ ചൊക്ലീടെ കാര്യം മൊയ്തീൻ ഏറ്റേക്കണു. ആ പ്രാന്തനൂണ്ട് ആറേഴു മക്കള്. പിന്നെ ചൊക്ളീനേം വളർത്തോ? ഒക്കെ അന്നേഴിച്ച് കേട്ട് പറഞ്ഞ് വന്നപ്പോ കഥ ഇങ്ങനേണ്..

ദേവുഅമ്മക്ക് വെള്ളം കോരാനും ഇടക്കെടക്ക് കടപ്പണ്ടം എടുത്തുകൊണ്ടരാനും ആള് വേണം. ഗോപാലേട്ടന് നമ്പൂരാര്ക്കും പട്ടമ്മാര്ക്കും വാര്യമ്മാര്ക്കും നായമ്മാര്ക്കും അത്യാവശ്യത്തിന് വല്ല പച്ചക്കറീം എത്തിക്കാൻ ആളു വേണം. ചൊക്ലീടെ ജാതി ഏതാന്ന് ഗോപാലേട്ടൻ പറഞ്ഞാമതി.
തെണ്ടിത്തിരിഞ്ഞു വന്ന ചെക്കനായതോണ്ട് കിളിച്ചതും മുളച്ചതുമൊന്നും ആരോടും പറേണ്ടല്ലോ. ഗോപാലേട്ടൻറെ പോലേ കിരീയം വെള്ളായ്മയാന്ന് തന്നെ കാച്ചാം. കിരീയം നായരിലും മുന്തിയ ഒരു ജാതി ഈ ഭൂലോകത്തില്ലാന്ന് ഗോപാലേട്ടനറിയാം. അതിന് ആരുടേം ശിപാർശ വേണ്ട. ഇപ്പ ഇത്തിരി കാശു കുറഞ്ഞൂന്ന് മാത്രം. ആന മെലിഞ്ഞാലും തൊഴുത്തില് നിക്കില്ല..ചൊക്ളിയാണെങ്കി തോർത്തുടുത്തത് എടത്തോട്ടല്ല, അവൻ മേത്തനല്ലാന്ന് അതു കണ്ടപ്പോഴേ ഉറപ്പായി.

അതൊന്നും കേട്ടിട്ട് മൊയ്തീൻ ഒരക്ഷരം പറയണില്ല. അയാള് എന്തോ തീരുമാനിച്ച പോലേയാണ്.

തീരുമാനം ഇത്രേള്ളൂ..

ചൊക്ളി അങ്ങാടീല് ഗോപാലേട്ടനും ദേവുഅമ്മക്കും വേണ്ട സഹായങ്ങള് ചെയ്യും. ഗോപാലേട്ടൻ ചൊക്ളിക്ക് ഇപ്പോ കെടക്കാനുള്ള രണ്ടു ചാക്കും ഒരു പഴേ പുതപ്പും പിന്നെ എല്ലാ മാസോം ഒരുറുപ്പികേം കൊടുക്കും. ദേവുഅമ്മ ഭക്ഷണം ഉള്ളപ്പോ വയറു നിറയെ കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇല്ലാത്തപ്പോ ഗോപാലേട്ടൻ എന്തെങ്കിലും വീട്ടിലുണ്ടാക്കിയത് കൊടുത്താൽ മതി. മൊയ്തീൻ ചൊക്ളിക്ക് ഉറങ്ങാൻ തൊഴുത്തിൻറെ മുമ്പിലുള്ള വരാന്ത റെഡിയാക്കീട്ടുണ്ട്. കാലത്തെണീറ്റ് ആ തൊഴുത്ത് ഒന്നു ചൊവ്വാക്കാനും മുറ്റടിക്കാനും സഹായിച്ചാ ചെക്കന് കടുംകാപ്പി മറിയംബി കൊടുക്കും.

ചൊക്ളി ചിരിച്ചു നില്ക്കണ കണ്ട് അന്തോണി മാപ്ള മാതാവിനു സ്തുതി പറഞ്ഞു.

മറിയപ്പാറ അങ്ങാടീല് എല്ലാവരുടേം ആയി എന്നാ ആരുടേം ആരുമല്ലാതെ ചൊക്ലീടെ ജീവിതം അന്നു മുതൽ ആരംഭിച്ചു.

അന്നത്തെ ദിവസത്തിന് വേറൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം അവസാനിച്ചതിൻറെ പിറ്റേന്നായിരുന്നു ആ ദിവസം.. അങ്ങാടീലും ബസ്സുകളിലും വഴികളിലും 'ആ യുദ്ധം തീർന്ന് ..' 'ആ പണ്ടാരം ഒടുങ്ങി..' 'നശൂലം അവസാനിച്ചു 'എന്നു മറ്റും മനുഷ്യർ സമാധാനപ്പെട്ടിരുന്ന ദിവസമായിരുന്നു അത്.

Friday, January 3, 2020

ചൊക്ലി 1

  


പുതിയ നോവൽ ആരംഭിക്കുന്നു.
                            


( ഒന്ന് )

ദേശവിളക്ക് എരിയുന്ന ധനു മാസം ഒന്നാം ദിവസം കൃത്യമായിട്ടും മറിയപ്പാറേടെ പേര് അയ്യപ്പൻ കുന്ന് എന്നാവും..

അതല്ലേന്നും ശരി..പാറ ഒരു സത്യപ്രസ്താവനയാണ്.. അയ്യപ്പൻ കുന്ന് ഒരു കാവ്യാത്മകതയും.

പാറേപ്പിടിച്ച് കുന്നാക്കണത് ഒരു കഴിവാണ്.. കുന്നാവുമ്പോ പച്ചപ്പ്, കുറേ തരം പൂക്കൾ, താഴ് വര, നീർച്ചാല് ഒക്കെ സങ്കല്പിക്കാം. പാറേല് അതിനുള്ള ഒരു വഴീം ഇല്ല.

ആദികാലത്ത് മറിയപ്പാറ ആരുന്നില്ല. അത് അറബ് രക്തള്ള മൊയ്തീൻ പേരിട്ട് വിളിച്ചതാണ്. മൊയ്തീൻറെ ഭാര്യ ഒരു സുന്ദരിക്കോതയായിരുന്നു. 'മേത്തച്ചിയായാലും എന്താ ശ്രീത്തം..വല്ല നമ്പൂരീടേം മോളാവും' എന്ന് ആ ശിവൻറമ്പലത്തിലെ കഴകക്കാരി വാരസ്യാര് പറയാറുണ്ട്. ശിവൻറമ്പലത്തില് നിന്ന് മേത്തൻ, മേത്തച്ചീന്നൊക്കെ എന്തിനാണ് പറേന്നതാവോ? ആ കാലത്തും അവിടെ ഹിന്ദുക്കളെ മാത്രല്ലേ കേറ്റൂ. ഇപ്പോഴും അതേ.. ആ കാലത്ത് തന്നെ വലിയ ഒരു ബോർഡും വെച്ചിട്ടുണ്ടാരുന്നു. ബോർഡ് ഇപ്പോഴും നല്ല പളപളാ തെളങ്ങണ ചായടിച്ച് മിനുക്കി വെച്ചിട്ട്ണ്ട്.

അയ്യപ്പക്ഷേത്രത്തിലാണെങ്കീ പറയാം.. മേത്തൻന്നോ മാപ്ളാന്നോ ഒക്കെ പറയാം. അങ്ങനെ ചോദിച്ചാൽ വാരസ്യാര് ചിരിക്കും. വായ തുറന്ന് ചിരിക്കും..അപ്പോൾ കാവള പൂത്ത മണം പരക്കും...

എന്നിട്ട് തിരിച്ച് ഒറ്റ ചോദ്യാണ്..

ഈ അയ്യപ്പൻറെ അച്ഛൻ ആരാന്നറീല്യേ.. ശിവനാണ്.. മ്മ്ടെ ഈ ശിവൻ.. ഈ ലോകത്തെ മനുഷ്യരൊക്കെ ശിവഗോത്രക്കാരാണ്..

അപ്പോ കേമായി. ഈ ലോകം മുഴുവനും ശിവൻറെ ആൾക്കാരാണ്. അതീന്ന് സൗകര്യം പോലെ എത്തിപ്പെട്ട ദേശം പോലെ കാലാവസ്ഥ പോലെ ഒക്കെ മാറിയപ്പോഴാണത്രേ മാപ്ളാരും മേത്തന്മാരും ഒക്കെ ഉണ്ടായത്.എന്നിട്ട് പിന്നെ അവര് അവര് ക്ക് തോന്നിയ പോലങ്ങട്ട് ജീവിച്ച് നാനാവിധായീന്ന്..

ഇങ്ങനൊക്കെ ന്യായം പറയണ വാരസ്യാരോട് ആരാ തർക്കിക്കാൻ പോകുന്നത്. പോരാത്തതിന് വായ തുറന്നാൽ കാവള പൂത്ത മണോം.

എന്തു ഗോത്രമായാലും ഇടക്കിടെ പല്ലു തേക്കണതാണ് വാരസ്യാർക്കും ബാക്കിയുള്ളവർക്കും നല്ലത്.

ആ പോട്ടേ...

സുന്നരി മേത്തച്ചീടെ കാര്യാണല്ലോ പറഞ്ഞു വന്നത്..

ഇങ്ങനേണ്ടോ ഒരു സൗന്ദര്യം.. പത്തമ്പത് കൊല്ലം മുമ്പത്തെ കഥയാണ്. ബ്യൂട്ടി പാർലറും കുന്തോം കൊടച്ചക്രോം ഒന്നുമില്ല. വല്ല റോൾഡ് ഗോൾഡ് കച്ചറ മാലയോ രണ്ടു വളയോ കിട്ടും ഭംഗി കൂട്ടാനായിട്ട്.. അതിനന്നേ ബസ്സ് കേറി പോണം... അല്ലെങ്കിൽ വല്ലോരും ഒരു ചില്ലിട്ട പെട്ടീം കൊണ്ടു വന്ന് വരവ് മാലേ...വരവ് വളേന്നൊക്കെ കൂക്കി വിളിക്കണം. അപ്പോ അത് വാങ്ങാൻ കൈയില് കാശും വേണം.

മറിയംബീടെ സൗന്ദര്യം അങ്ങനെ ഒരു വെച്ചുകെട്ടും ഇല്ലാത്ത സത്യായിരുന്നു. ഷീല, ശാരദ ഒക്കെ മറിയംബീടെ അഞ്ചയലോക്കത്ത് വരില്ല..

മൊയ്തീനും അങ്ങനാരുന്നു. പ്രേംനസീർ തോല്ക്കും. എന്ത് ഐശ്വര്യാ..
നല്ല നെഞ്ചൊറപ്പും. മനയ്ക്കൽ ന്ന് ആ പാറപ്പറമ്പ് മേടിച്ചു.. ഒരു കുളം കുത്തി.. പിന്നെ തമര് വെച്ച് കുറെ പാറയൊക്കെ നീക്കി.. ആ പാറ വെച്ച് പെര പണിതു. ഒരു തരി മണ്ണ് കണ്ടാല് മൊയ്തീൻ അപ്പോ അവടൊരു വിത്ത് പാവും. ഒടുക്കം പാറപ്പറമ്പ് അങ്ങട്ട് പച്ചച്ചു.

ലളിത, ദിനേശ്, ആർ.വി. നായർ മോട്ടോഴ്‌സ് ഈ മൂന്ന് ബസ്സും പാറേടെ മുന്നില് കൂടിയാ പോവാ.. ഈ ബസ്സുകൾ തന്നേ ഉള്ളൂ ആലൂര്ന്ന് തൃശൂർക്ക് പോവാൻ...

സാധാരണ നാടുകളിലെപ്പോലെ മനയ്ക്കപ്പടി, ഇല്ലപ്പടി, വാര്യംകെണറ്, അത്താണി, അമ്പല നട, മഠത്തീക്കേറ്റം, പുഴപ്പാലം, കല്ലെട്ടിപ്പാടം, ആലൂര് സെൻററ് ഇങ്ങനൊക്കെ തന്നെ ആയിരുന്നു ആലൂരും ബസ്സ് നിറുത്തണ സ്ഥലങ്ങള്. ഓരോരോ പേരുകള്.... അല്ലാണ്ട് എന്താ..

വാറോട്ടു മനേടെ ഗേറ്റുപടീല് ബസ്സ് നിറുത്തും. നിറുത്താണ്ട് പറ്റില്ല. ആലൂര് ശിവൻറെ അമ്പലം അവരുടെ ആണ്. അപ്പോ മനയ്ക്കപ്പടീ മനയ്ക്കപ്പടീ ന്ന് വിളിക്കും ബസ്സിലെ കിളി. കീഴ്പ്പാടി ഇല്ലത്തിൻറെ മുന്നിലും ഇല്ലപ്പടീ, ആളെറങ്ങാനുണ്ടോന്ന് ബസ്സ് നിറുത്തും. കീഴ്പ്പാടിക്കാരുടെയായിരുന്നു ആലൂര് ദേശം. ശൂലപാണി വാര്യരുടെ വാര്യത്തിൻറവിടെ ഒരു പഞ്ചായത്ത് കിണറുണ്ട്. കിണറ് കുത്തീത് പഞ്ചായത്തേരിക്കും. ഭൂമി വാര്യത്തേയല്ലേ.. അതേ. അപ്പോ വെള്ളം ആരടെ ഭൂമിലാരുന്നു? വാര്യത്തീന്ന് കൊടുത്തോണ്ടല്ലേ പഞ്ചായത്തിന് കെണറ് കുത്താൻ പറ്റിയത്. പഞ്ചായത്ത് കെണറായാലും പറയുമ്പോൾ വാര്യം കെണറ്ന്നെ പറയൂ. മഠത്തീക്കേറ്റത്തെ ആലൂര് മഠത്തിലെയാ ലളിതേം ദിനേശും ബസ്സുകള്. അവിടെ നിറുത്താണ്ട് പറ്റോ.. വിശ്വസ്സാമിക്കും ലളിതമ്മ്യാരുക്കും ബസ്സില് കേറണ്ടേ?

മൊയ്തീനും മറിയുംബീക്കും കൂടി ആറേഴ് മക്കളായി. പാറേടവിടെ എല്ലാവരും കൂടി ബസ്സ് കാത്ത് നില്ക്കണ കണ്ടാൽ അതിശയം തോന്നും. വെളുത്തു ചൊകന്ന്.. അന്ന് മറിയുംബി പർദ്ദയൊന്നും ഇടില്ല. കാച്ചീം കൈക്കുപ്പായവും തട്ടനും.. ബസ്സീന്ന് എറങ്ങണതും നല്ല രസാ.. എടങ്ങഴീം നാഴീം ചിരട്ടേം തവീം കുഞ്ഞിക്കോരീം പോലെ ഓരോന്ന് മൊട്ടത്തലേം തടവി ഇങ്ങനെ ഇറങ്ങും വരിവരിയായിട്ട്..

ഒരു ദിവസം ബസ്സീന്ന് എറങ്ങാൻ നേരത്ത് മൊയ്തീൻ വിളിച്ച് പറഞ്ഞതാണ്... 'ബസ്സ് നിർത്തേയ്..മറിയപ്പാറേടെ അവിടെ നിർത്തേയ്..'

എല്ലാവരും ഞെട്ടി.. ബസ്സീന്നിറങ്ങി പാറേടെ അപ്പുറത്ത് ചെട്ടിക്കേറ്റത്തേക്ക് കെതച്ച് കെതച്ച് നടക്കണ ചെട്ടിച്ചികളും 'കൊശത്തി നാക്കേ അറ്ത്താലും കൊടം രണ്ടു കാശ് 'ന്ന് എപ്പോഴും എല്ലാരുടേം ചീത്ത കേക്കണ കുശത്തികളും പച്ചക്കറികൾ കച്ചോടം ചെയ്യണ ഗോപാലേട്ടനും എല്ലാവരും ഞെട്ടി..

ബസ്സ് തന്നെ ഞെട്ടി..

മൊയ്തീൻ അങ്ങനെ പറയാൻ പാട്വോ? മനയ്ക്കലെ പറമ്പിൻറെ പാറയല്ലേ? അതിനെ മറിയപ്പാറാന്ന് വിളിക്കാൻ പാട്വോ? കാശ് കൊടുത്തു പറമ്പ് വാങ്ങിയാലും മനയ്ക്കലേ പറമ്പിൻറെ ഐശ്വര്യം പോവോ? അതവിടെണ്ടാവും ല്ലേ..

ആ ഐശ്വര്യം കാരണല്ലേ മൊയ്തീൻ നന്നായത്..

ബസ്സീന്നിറങ്ങിയപ്പോൾ മൊയ്തീന് തോന്നി.. നല്ല ശൊങ്കൻ പേരായി ബസ്സ് സ്റ്റോപ്പിന്...

ബസ്സോടണ വഴീലേക്ക് തള്ളി ഉന്തി നില്ക്കണ പറമ്പിലെ പാറപ്പുറത്ത് മൊയ്തീൻ അന്നു തന്നെ എഴുതി വെച്ചു. 'മറിയപ്പാറ'. ചെങ്കല്ലും കരിക്കട്ടേം എടുത്ത് രണ്ട് നിരയായി എഴുതി. പാറ മൊയ്തീൻറെ പറമ്പിലല്ലേ.. പാടില്ലാന്ന് പറഞ്ഞിട്ട് എന്താ കാര്യന്നാണ് വാറോട്ടു മനയിലെ നമ്പൂതിരിപ്പാട് ചോദിച്ചത്.

ആദ്യം ഞെട്ടീന്ന് വെച്ചാലും ബസ്സുകാര് പതുക്കെപ്പതുക്കെ ആ ബസ്സ്സ്റ്റോപ്പിന് മറിയപ്പാറാന്ന് പേര് സ്ഥിരാക്കി. ചെട്ടിച്ചികളും കുശത്തികളും കൂടിയുള്ള കള്ളവാറ്റിൻറെ രുചി പിടിച്ചു അവിടന്ന് ബസ്സില് കേറണവരുടെ എണ്ണം കൂടിക്കൂടി വന്നപ്പോ പിന്നെ ആ പേര് അങ്ങനെയായി..

മറിയപ്പാറേടവിടെ പതുക്കെ ഒരു അങ്ങാടി വന്നു. അതിനു കാരണം ഒരു വലിയ ഹൈവേ റോഡ് പാലക്കാട്ടേക്കും എറണാകുളത്തേക്കും പോവാൻ പാകത്തിന് അതിലേക്കൂടി വരണുണ്ട് എന്ന വാർത്തയായിരുന്നു. അങ്ങാടീന്ന് പറഞ്ഞാ അത്ര കേമം ഒന്നുല്ല.. ഒരു സ്ലേറ്റില് വില എഴുതിക്കൂട്ടി കാശ് പറയണ അന്തോണി മാപ്ളയുടെ പലചരക്ക് കട,
ഗോപാലേട്ടൻറെ പച്ചക്കറിക്കട, വൈകുന്നേരം മാത്രം കുശവത്തി കൊണ്ടുവരണ മൺകലങ്ങളും ചട്ടികളും, ചെട്ടിച്ചികളുടെ അവിലും മലരും മുട്ടപ്പൊരിയും, ചെറ്മൻ ചെക്കൂൻറെ മീൻ കോർമ്പല്, ദേവുഅമ്മേടെ ഇടയ്ക്കിടെ തുറക്കണ ചായക്കട..

എന്നാലും അത് മറിയപ്പാറ അങ്ങാടിയായി.

അന്തോണി മാപ്ള എന്നും അതിരാവിലെ വന്ന് നിരപ്പലക മാററി കട തുറക്കും. മാതാവിന്റെ ചില്ലിട്ട ഫോട്ടം തോളില് തൂങ്ങണ തോർത്തോണ്ട് ഒന്നു തുടച്ച് ഇത്തിരി നേരത്തേക്ക് ഒരു മെഴുകുതിരി കത്തിച്ചു 'എൻറെ മാതാവേ.. എൻറെ മാതാവേ'ന്ന് വിളിക്കും. അതുകഴിഞ്ഞാ ഉടനെ മെഴുകുതിരി കെടുത്തും. പിന്നെ
കോഴിമുട്ടേം താറാമുട്ടേം വട്ടത്തിലുള്ള കമ്പിക്കൂടില് അടുക്കിതൂക്കിയിടും. മുട്ട വാങ്ങാൻ ചെട്ടിച്ചികള് നേരം പുലരുമ്പോ തന്നെ വരാറുണ്ട്. അവര് വരാൻ വൈകിയാൽ അന്തോണി മാപ്ളക്ക് ആധി കയറും. ഈ മുട്ടയൊക്കെ വെറുതെ കളയേണ്ടി വരോൻറെ മാതാവേന്ന് മാപ്ള ഒച്ചേല്യാണ്ട് ദണ്ഡപ്പെടും..

അന്നും പതിവു പോലെ മാപ്ള വന്ന് നിരപ്പലക എടുക്കാൻ നോക്കുമ്പോഴാണ് കാലിൽ എന്തോ തടഞ്ഞത്. പുലരണല്ലേ ഉള്ളൂ.. ഒരു കറപ്പു രാശീണ്ട്.. എന്ത് മാരണാണാവോന്ന് വിചാരിച്ചു കാലോണ്ട് ഒരു തട്ടു കൊടുത്തു.. കൊടിച്ചിപ്പട്ടിയാന്നാണ് അന്തോണി മാപ്ള വിചാരിച്ചത്. കാലോണ്ട് തട്ടീതുമല്ല ഒച്ചേടുക്കേം ചെയ്തു...

'എണീറ്റു പോടീ ചൊക്ളീ'