Sunday, January 26, 2020

ചൊക്ളി 8

       

 
(എട്ട് )

ഏക്കോം തേക്കോം നിർത്തി ചൊക്ളി ചെകിടോർത്ത് പായേല് എണീട്ടിരുന്നു. ആരോ വേദനെടുത്ത് നെലോളിക്കണ പോല്യാണ് അവന് തോന്നീത്. ന്ലാവ് പോലെ മങ്ങിയ വെളിച്ചം മാത്രേ പാറേല് വീഴലുള്ളൂ. അവൻ പത്ക്കേപ്പത്ക്കേ പാറേന്നെറങ്ങി. വെതം കൊറഞ്ഞ കാലും നീട്ടി വെച്ച് ചെറിയ വെളിച്ചത്തില് കണ്ണു സൂക്ഷാക്കി ചൊക്ളി കരച്ചിൽൻറെ ദിക്ക് തപ്പി..

കരേണ ആളേ കണ്ടപ്പോ ചൊക്ളി വെറച്ചു. ശൂലപാണി വാര്യര്, പോലീസ് പിടിച്ചോണ്ട് പോയ രവീടെ അച്ഛനാ, നല്ലോരു വാര്യത്ത് കെടക്കേമ്മെ കെടന്ന് സുഗായി ഒറങ്ങണ്ട മനിഷേൻ, പച്ചപ്പാതിരക്ക്, റോട്ടില് കെടന്നുരുണ്ട് 'അയ്യോ' നെലോളിക്കണു.

ചൊക്ളി അട്ത്ത് ചെന്ന് 'വാരര് മാഷേ'ന്ന് വിളിച്ച്.

ശൂലപാണി വാരര് ആലൂര് സ്ക്കൂളിലെ മാഷേര്ന്ന്. ഇപ്പോ പെൻഷ്യനായി. രവീന്ന് ഒരു മോനും രമാന്ന് ഒരു മോളും. രവിയെ പോലീസ് പിടിച്ചോണ്ട് പോയപ്പോ ഭർത്താവ് മോളേ വാര്ത്ത്‌ കൊണ്ടന്ന് ആക്കി.. പിന്നെ വന്ന്ട്ടില്ല..അയ്യാക്ക് രവീടെ പേരും പറഞ്ഞ് പോലീസ് അയ്യാടെ വീട്ടീ വരണത് ഇഷ്ടല്ലാന്ന് ദേവുഅമ്മ്യാ ചൊക്ളിയോട് പറഞ്ഞതേയ്..

ചൊക്ളി പിന്നീം പിന്നീം വിളിച്ചു..

വിളിയേക്കണില്ല.. ഉരുളാണ് വഴീല് കെടന്നിട്ട്.. വല്ലാണ്ട് പരോശാന്ന് ആ ഉരുളല് കണ്ടപ്പോ ചൊക്ളിക്ക് തിരിഞ്ഞു. മൊയ്തീൻറെ വീടാണട്ത്ത്. ചൊക്ളി അങ്ങട്ടേക്ക് ഓടി..

'മൊയ്തീൻക്കാ'... 'മൊയ്തീൻക്കാ' ന്ന് രണ്ടു തൊള്ളയിട്ടപ്പൊ മൊയ്തീൻ വാതല് തൊറന്നു എറങ്ങി വന്നു.

വിവരറിഞ്ഞ് മൊയ്തീൻക്കയും നസീറീക്കേടെ എളേത് നവാസിക്കേം ചൊക്ളീടൊപ്പം പാഞ്ഞ്. പാഞ്ഞോണം പാഞ്ഞ് ശൂലപാണി വാര്യര്ടേ അട്ത്തെത്തി. വാര്യര് നെലോളി നിർത്തീട്ട് പട്ടീടന്തി കെതക്കാര്ന്ന്. ഒരന്തല്ലാത്ത കെതപ്പ്.. മൊയ്തീൻക്കാ വാര്യരെ എണീപ്പിക്കാൻ നോക്കി.. പറ്റ്ണില്ല. കൊഴഞ്ഞ് കൊഴഞ്ഞ് പോവ്വാണ്..

പെട്ടെന്ന് വാര്യര് ഒന്ന് പെടഞ്ഞ്..വായ ഒരു ലേശം തൊറന്ന്.. മൊയ്തീൻക്കേടെ കൈയീ കെടന്ന് ന്നെ അനങ്ങാണ്ടായി...

മൊയ്തീൻക്കേം നവാസിക്കേം 'എൻറള്ളോ'ന്ന് ഒറക്കെ നെലോളിച്ചപ്പോ ചൊക്ളീം വിളിച്ച് 'എൻറള്ളോ'ന്ന്.. വേറൊന്നും അന്നേരം കിട്ടീല്ല. ദേവുഅമ്മ വിളിക്കണ പോലെ 'ആലൂരപ്പാ'ന്നും ചൊക്ളി വിളിക്കാറ്ണ്ട്. അവരടെ അടുത്താവുമ്പോ...

മൊയ്തീൻക്കാ നവാസിക്കേടെ കൈയും പിടിച്ച് വാര്യംകെണറിൻറവിടേക്ക് പാഞ്ഞു. ചൊക്ളിക്ക് പേടി വന്നു. അവൻ വെയർത്തു. തന്നേള്ളൂ.. വാരര് മാഷ്ടെ
കൈ ഒന്നൂടി പിടിച്ചോക്കി. 'മാഷേ...വാരര് മാഷേ'ന്ന് വിളിച്ചോക്കി...അനക്കല്യ... പിന്നെ നിന്ന് ല്യ. അവൻ അവടന്ന് ഓടി..അന്തോണി മാപ്ളേടെ കടേടെ മുന്നില് കുത്തീരുന്ന് കെതച്ചു.

മൊയ്തീന് ആ പാതിരാനേ
രത്ത് പടച്ചോനോടന്നെ പെണക്കം വന്നു. ഊദ്രവിക്കണേന് കണക്കൊന്നൂല്ലേ.. വാര്യത്തെ ഉമ്മറത്ത് ലൈറ്റ് കത്തികെട്ക്ക്ണ്ട്. വാതല് തൊറക്കണില്ല. ആരും വിളിയേക്കണില്ല. കൊറച്ച് നേരം ഒച്ചേം വിളീം എട്ത്തിട്ട് മൊയ്തീൻ നവാസിൻറെ കൈയും പിടിച്ച് മറിയപ്പാറേല് തന്നെ തിരിച്ചെത്തി.

ചൊക്ളി അന്തോണി മാപ്ളേടെ കടേടെ മുന്നീത്തന്നെ ഇരിക്കാര്ന്നു. പാറേപ്പോയി കെടക്കാൻ അവന് പേടിയായി. മൊയ്തീൻക്കേം നവാസിക്കേം ആ കടവരാന്തേല് ഇരുന്നപ്പളാണ് അവൻറെ ശാസം നേരെയായത്.

നവാസിക്ക ഒറക്കം തൂങ്ങി വീണോണ്ടിര്ന്നു. ചൊക്ളിക്ക് ഒറക്കം വന്നേയില്ല. മൊയ്തീൻക്ക മിണ്ടണേയില്ലാന്ന് അവൻ കണ്ടു. അതും അവന് വല്യ വെഷമായി.

രാത്രി മൂന്നുമണിയായപ്പോ നേമവെടി പൊട്ടണ ഒച്ച കേട്ടു. ത് രപ്പേര്ത്തേവര്ടെ അമ്പലത്തീ പൊട്ടണ വെട്യാണ്. ദേവുഅമ്മ പറഞ്ഞ് തന്നെയാണ്. ആലൂര് പൊഴ ആ തേവരവടീം പോണ് ണ്ട്. അതാ ങ്ങനെ പൊഴേക്കൂടി നേമവെടിയൊച്ച കേക്കണത്...

മൊയ്തീൻക്ക എണീറ്റ് വല്യോരു കോട്ടുവായേം ഇട്ട് നവാസിക്കേം തട്ടിയെണീപ്പിച്ച് ട്ട് പറഞ്ഞു. 'നേമബെടിയൊച്ച കേട്ട്.. അന്തോണ്യാപ്ളേം ഗോവാലന്നായരേം ബിളിച്ച് ബരാടാ.. ചൊക്ളീം ബേണം. കോടംകരേലെ പോലീറ്റേഷനീ പറേണം. നീയല്ലേ ആദ്യം കണ്ട്..ഇബടെ ഇരി.. എല്ലാരായിട്ട് ബരാം'

മൊയ്തീൻക്ക പോയപ്പോ ചൊക്ളി തുള്ളിവെറച്ചു പോയി. പോലീസാരേ പേട്യാണ്.. രവീനേം അന്നേഴിച്ച് പോലീസാര് വന്ന് അങ്ങാടീല്ണ്ടാക്കിയ തൊയിരക്കേട് ചൊക്ളി മറന്നിട്ടില്യ. ആ രവീടെ അച്ഛനേണ് വാരര് മാഷ്...

ചൊക്ളിക്ക് കരച്ചല് വന്നു... ആരേ വിളിച്ചാ കരയാ.. അത് നും കൂടി ആരൂല്ലല്ലോ ചൊക്ളിക്ക്....

വല്ലാത്ത ഒരു ഗെഡുവന്നെ..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ചൊക്ളിക്ക് കരച്ചല് വന്നു...
ആരേ വിളിച്ചാ കരയാ.. അത് നും കൂടി ആരൂല്ലല്ലോ ചൊക്ളിക്ക്....

വല്ലാത്ത ഒരു ഗെഡുവന്നെ...