Friday, January 3, 2020

ചൊക്ലി 1

  


പുതിയ നോവൽ ആരംഭിക്കുന്നു.
                            


( ഒന്ന് )

ദേശവിളക്ക് എരിയുന്ന ധനു മാസം ഒന്നാം ദിവസം കൃത്യമായിട്ടും മറിയപ്പാറേടെ പേര് അയ്യപ്പൻ കുന്ന് എന്നാവും..

അതല്ലേന്നും ശരി..പാറ ഒരു സത്യപ്രസ്താവനയാണ്.. അയ്യപ്പൻ കുന്ന് ഒരു കാവ്യാത്മകതയും.

പാറേപ്പിടിച്ച് കുന്നാക്കണത് ഒരു കഴിവാണ്.. കുന്നാവുമ്പോ പച്ചപ്പ്, കുറേ തരം പൂക്കൾ, താഴ് വര, നീർച്ചാല് ഒക്കെ സങ്കല്പിക്കാം. പാറേല് അതിനുള്ള ഒരു വഴീം ഇല്ല.

ആദികാലത്ത് മറിയപ്പാറ ആരുന്നില്ല. അത് അറബ് രക്തള്ള മൊയ്തീൻ പേരിട്ട് വിളിച്ചതാണ്. മൊയ്തീൻറെ ഭാര്യ ഒരു സുന്ദരിക്കോതയായിരുന്നു. 'മേത്തച്ചിയായാലും എന്താ ശ്രീത്തം..വല്ല നമ്പൂരീടേം മോളാവും' എന്ന് ആ ശിവൻറമ്പലത്തിലെ കഴകക്കാരി വാരസ്യാര് പറയാറുണ്ട്. ശിവൻറമ്പലത്തില് നിന്ന് മേത്തൻ, മേത്തച്ചീന്നൊക്കെ എന്തിനാണ് പറേന്നതാവോ? ആ കാലത്തും അവിടെ ഹിന്ദുക്കളെ മാത്രല്ലേ കേറ്റൂ. ഇപ്പോഴും അതേ.. ആ കാലത്ത് തന്നെ വലിയ ഒരു ബോർഡും വെച്ചിട്ടുണ്ടാരുന്നു. ബോർഡ് ഇപ്പോഴും നല്ല പളപളാ തെളങ്ങണ ചായടിച്ച് മിനുക്കി വെച്ചിട്ട്ണ്ട്.

അയ്യപ്പക്ഷേത്രത്തിലാണെങ്കീ പറയാം.. മേത്തൻന്നോ മാപ്ളാന്നോ ഒക്കെ പറയാം. അങ്ങനെ ചോദിച്ചാൽ വാരസ്യാര് ചിരിക്കും. വായ തുറന്ന് ചിരിക്കും..അപ്പോൾ കാവള പൂത്ത മണം പരക്കും...

എന്നിട്ട് തിരിച്ച് ഒറ്റ ചോദ്യാണ്..

ഈ അയ്യപ്പൻറെ അച്ഛൻ ആരാന്നറീല്യേ.. ശിവനാണ്.. മ്മ്ടെ ഈ ശിവൻ.. ഈ ലോകത്തെ മനുഷ്യരൊക്കെ ശിവഗോത്രക്കാരാണ്..

അപ്പോ കേമായി. ഈ ലോകം മുഴുവനും ശിവൻറെ ആൾക്കാരാണ്. അതീന്ന് സൗകര്യം പോലെ എത്തിപ്പെട്ട ദേശം പോലെ കാലാവസ്ഥ പോലെ ഒക്കെ മാറിയപ്പോഴാണത്രേ മാപ്ളാരും മേത്തന്മാരും ഒക്കെ ഉണ്ടായത്.എന്നിട്ട് പിന്നെ അവര് അവര് ക്ക് തോന്നിയ പോലങ്ങട്ട് ജീവിച്ച് നാനാവിധായീന്ന്..

ഇങ്ങനൊക്കെ ന്യായം പറയണ വാരസ്യാരോട് ആരാ തർക്കിക്കാൻ പോകുന്നത്. പോരാത്തതിന് വായ തുറന്നാൽ കാവള പൂത്ത മണോം.

എന്തു ഗോത്രമായാലും ഇടക്കിടെ പല്ലു തേക്കണതാണ് വാരസ്യാർക്കും ബാക്കിയുള്ളവർക്കും നല്ലത്.

ആ പോട്ടേ...

സുന്നരി മേത്തച്ചീടെ കാര്യാണല്ലോ പറഞ്ഞു വന്നത്..

ഇങ്ങനേണ്ടോ ഒരു സൗന്ദര്യം.. പത്തമ്പത് കൊല്ലം മുമ്പത്തെ കഥയാണ്. ബ്യൂട്ടി പാർലറും കുന്തോം കൊടച്ചക്രോം ഒന്നുമില്ല. വല്ല റോൾഡ് ഗോൾഡ് കച്ചറ മാലയോ രണ്ടു വളയോ കിട്ടും ഭംഗി കൂട്ടാനായിട്ട്.. അതിനന്നേ ബസ്സ് കേറി പോണം... അല്ലെങ്കിൽ വല്ലോരും ഒരു ചില്ലിട്ട പെട്ടീം കൊണ്ടു വന്ന് വരവ് മാലേ...വരവ് വളേന്നൊക്കെ കൂക്കി വിളിക്കണം. അപ്പോ അത് വാങ്ങാൻ കൈയില് കാശും വേണം.

മറിയംബീടെ സൗന്ദര്യം അങ്ങനെ ഒരു വെച്ചുകെട്ടും ഇല്ലാത്ത സത്യായിരുന്നു. ഷീല, ശാരദ ഒക്കെ മറിയംബീടെ അഞ്ചയലോക്കത്ത് വരില്ല..

മൊയ്തീനും അങ്ങനാരുന്നു. പ്രേംനസീർ തോല്ക്കും. എന്ത് ഐശ്വര്യാ..
നല്ല നെഞ്ചൊറപ്പും. മനയ്ക്കൽ ന്ന് ആ പാറപ്പറമ്പ് മേടിച്ചു.. ഒരു കുളം കുത്തി.. പിന്നെ തമര് വെച്ച് കുറെ പാറയൊക്കെ നീക്കി.. ആ പാറ വെച്ച് പെര പണിതു. ഒരു തരി മണ്ണ് കണ്ടാല് മൊയ്തീൻ അപ്പോ അവടൊരു വിത്ത് പാവും. ഒടുക്കം പാറപ്പറമ്പ് അങ്ങട്ട് പച്ചച്ചു.

ലളിത, ദിനേശ്, ആർ.വി. നായർ മോട്ടോഴ്‌സ് ഈ മൂന്ന് ബസ്സും പാറേടെ മുന്നില് കൂടിയാ പോവാ.. ഈ ബസ്സുകൾ തന്നേ ഉള്ളൂ ആലൂര്ന്ന് തൃശൂർക്ക് പോവാൻ...

സാധാരണ നാടുകളിലെപ്പോലെ മനയ്ക്കപ്പടി, ഇല്ലപ്പടി, വാര്യംകെണറ്, അത്താണി, അമ്പല നട, മഠത്തീക്കേറ്റം, പുഴപ്പാലം, കല്ലെട്ടിപ്പാടം, ആലൂര് സെൻററ് ഇങ്ങനൊക്കെ തന്നെ ആയിരുന്നു ആലൂരും ബസ്സ് നിറുത്തണ സ്ഥലങ്ങള്. ഓരോരോ പേരുകള്.... അല്ലാണ്ട് എന്താ..

വാറോട്ടു മനേടെ ഗേറ്റുപടീല് ബസ്സ് നിറുത്തും. നിറുത്താണ്ട് പറ്റില്ല. ആലൂര് ശിവൻറെ അമ്പലം അവരുടെ ആണ്. അപ്പോ മനയ്ക്കപ്പടീ മനയ്ക്കപ്പടീ ന്ന് വിളിക്കും ബസ്സിലെ കിളി. കീഴ്പ്പാടി ഇല്ലത്തിൻറെ മുന്നിലും ഇല്ലപ്പടീ, ആളെറങ്ങാനുണ്ടോന്ന് ബസ്സ് നിറുത്തും. കീഴ്പ്പാടിക്കാരുടെയായിരുന്നു ആലൂര് ദേശം. ശൂലപാണി വാര്യരുടെ വാര്യത്തിൻറവിടെ ഒരു പഞ്ചായത്ത് കിണറുണ്ട്. കിണറ് കുത്തീത് പഞ്ചായത്തേരിക്കും. ഭൂമി വാര്യത്തേയല്ലേ.. അതേ. അപ്പോ വെള്ളം ആരടെ ഭൂമിലാരുന്നു? വാര്യത്തീന്ന് കൊടുത്തോണ്ടല്ലേ പഞ്ചായത്തിന് കെണറ് കുത്താൻ പറ്റിയത്. പഞ്ചായത്ത് കെണറായാലും പറയുമ്പോൾ വാര്യം കെണറ്ന്നെ പറയൂ. മഠത്തീക്കേറ്റത്തെ ആലൂര് മഠത്തിലെയാ ലളിതേം ദിനേശും ബസ്സുകള്. അവിടെ നിറുത്താണ്ട് പറ്റോ.. വിശ്വസ്സാമിക്കും ലളിതമ്മ്യാരുക്കും ബസ്സില് കേറണ്ടേ?

മൊയ്തീനും മറിയുംബീക്കും കൂടി ആറേഴ് മക്കളായി. പാറേടവിടെ എല്ലാവരും കൂടി ബസ്സ് കാത്ത് നില്ക്കണ കണ്ടാൽ അതിശയം തോന്നും. വെളുത്തു ചൊകന്ന്.. അന്ന് മറിയുംബി പർദ്ദയൊന്നും ഇടില്ല. കാച്ചീം കൈക്കുപ്പായവും തട്ടനും.. ബസ്സീന്ന് എറങ്ങണതും നല്ല രസാ.. എടങ്ങഴീം നാഴീം ചിരട്ടേം തവീം കുഞ്ഞിക്കോരീം പോലെ ഓരോന്ന് മൊട്ടത്തലേം തടവി ഇങ്ങനെ ഇറങ്ങും വരിവരിയായിട്ട്..

ഒരു ദിവസം ബസ്സീന്ന് എറങ്ങാൻ നേരത്ത് മൊയ്തീൻ വിളിച്ച് പറഞ്ഞതാണ്... 'ബസ്സ് നിർത്തേയ്..മറിയപ്പാറേടെ അവിടെ നിർത്തേയ്..'

എല്ലാവരും ഞെട്ടി.. ബസ്സീന്നിറങ്ങി പാറേടെ അപ്പുറത്ത് ചെട്ടിക്കേറ്റത്തേക്ക് കെതച്ച് കെതച്ച് നടക്കണ ചെട്ടിച്ചികളും 'കൊശത്തി നാക്കേ അറ്ത്താലും കൊടം രണ്ടു കാശ് 'ന്ന് എപ്പോഴും എല്ലാരുടേം ചീത്ത കേക്കണ കുശത്തികളും പച്ചക്കറികൾ കച്ചോടം ചെയ്യണ ഗോപാലേട്ടനും എല്ലാവരും ഞെട്ടി..

ബസ്സ് തന്നെ ഞെട്ടി..

മൊയ്തീൻ അങ്ങനെ പറയാൻ പാട്വോ? മനയ്ക്കലെ പറമ്പിൻറെ പാറയല്ലേ? അതിനെ മറിയപ്പാറാന്ന് വിളിക്കാൻ പാട്വോ? കാശ് കൊടുത്തു പറമ്പ് വാങ്ങിയാലും മനയ്ക്കലേ പറമ്പിൻറെ ഐശ്വര്യം പോവോ? അതവിടെണ്ടാവും ല്ലേ..

ആ ഐശ്വര്യം കാരണല്ലേ മൊയ്തീൻ നന്നായത്..

ബസ്സീന്നിറങ്ങിയപ്പോൾ മൊയ്തീന് തോന്നി.. നല്ല ശൊങ്കൻ പേരായി ബസ്സ് സ്റ്റോപ്പിന്...

ബസ്സോടണ വഴീലേക്ക് തള്ളി ഉന്തി നില്ക്കണ പറമ്പിലെ പാറപ്പുറത്ത് മൊയ്തീൻ അന്നു തന്നെ എഴുതി വെച്ചു. 'മറിയപ്പാറ'. ചെങ്കല്ലും കരിക്കട്ടേം എടുത്ത് രണ്ട് നിരയായി എഴുതി. പാറ മൊയ്തീൻറെ പറമ്പിലല്ലേ.. പാടില്ലാന്ന് പറഞ്ഞിട്ട് എന്താ കാര്യന്നാണ് വാറോട്ടു മനയിലെ നമ്പൂതിരിപ്പാട് ചോദിച്ചത്.

ആദ്യം ഞെട്ടീന്ന് വെച്ചാലും ബസ്സുകാര് പതുക്കെപ്പതുക്കെ ആ ബസ്സ്സ്റ്റോപ്പിന് മറിയപ്പാറാന്ന് പേര് സ്ഥിരാക്കി. ചെട്ടിച്ചികളും കുശത്തികളും കൂടിയുള്ള കള്ളവാറ്റിൻറെ രുചി പിടിച്ചു അവിടന്ന് ബസ്സില് കേറണവരുടെ എണ്ണം കൂടിക്കൂടി വന്നപ്പോ പിന്നെ ആ പേര് അങ്ങനെയായി..

മറിയപ്പാറേടവിടെ പതുക്കെ ഒരു അങ്ങാടി വന്നു. അതിനു കാരണം ഒരു വലിയ ഹൈവേ റോഡ് പാലക്കാട്ടേക്കും എറണാകുളത്തേക്കും പോവാൻ പാകത്തിന് അതിലേക്കൂടി വരണുണ്ട് എന്ന വാർത്തയായിരുന്നു. അങ്ങാടീന്ന് പറഞ്ഞാ അത്ര കേമം ഒന്നുല്ല.. ഒരു സ്ലേറ്റില് വില എഴുതിക്കൂട്ടി കാശ് പറയണ അന്തോണി മാപ്ളയുടെ പലചരക്ക് കട,
ഗോപാലേട്ടൻറെ പച്ചക്കറിക്കട, വൈകുന്നേരം മാത്രം കുശവത്തി കൊണ്ടുവരണ മൺകലങ്ങളും ചട്ടികളും, ചെട്ടിച്ചികളുടെ അവിലും മലരും മുട്ടപ്പൊരിയും, ചെറ്മൻ ചെക്കൂൻറെ മീൻ കോർമ്പല്, ദേവുഅമ്മേടെ ഇടയ്ക്കിടെ തുറക്കണ ചായക്കട..

എന്നാലും അത് മറിയപ്പാറ അങ്ങാടിയായി.

അന്തോണി മാപ്ള എന്നും അതിരാവിലെ വന്ന് നിരപ്പലക മാററി കട തുറക്കും. മാതാവിന്റെ ചില്ലിട്ട ഫോട്ടം തോളില് തൂങ്ങണ തോർത്തോണ്ട് ഒന്നു തുടച്ച് ഇത്തിരി നേരത്തേക്ക് ഒരു മെഴുകുതിരി കത്തിച്ചു 'എൻറെ മാതാവേ.. എൻറെ മാതാവേ'ന്ന് വിളിക്കും. അതുകഴിഞ്ഞാ ഉടനെ മെഴുകുതിരി കെടുത്തും. പിന്നെ
കോഴിമുട്ടേം താറാമുട്ടേം വട്ടത്തിലുള്ള കമ്പിക്കൂടില് അടുക്കിതൂക്കിയിടും. മുട്ട വാങ്ങാൻ ചെട്ടിച്ചികള് നേരം പുലരുമ്പോ തന്നെ വരാറുണ്ട്. അവര് വരാൻ വൈകിയാൽ അന്തോണി മാപ്ളക്ക് ആധി കയറും. ഈ മുട്ടയൊക്കെ വെറുതെ കളയേണ്ടി വരോൻറെ മാതാവേന്ന് മാപ്ള ഒച്ചേല്യാണ്ട് ദണ്ഡപ്പെടും..

അന്നും പതിവു പോലെ മാപ്ള വന്ന് നിരപ്പലക എടുക്കാൻ നോക്കുമ്പോഴാണ് കാലിൽ എന്തോ തടഞ്ഞത്. പുലരണല്ലേ ഉള്ളൂ.. ഒരു കറപ്പു രാശീണ്ട്.. എന്ത് മാരണാണാവോന്ന് വിചാരിച്ചു കാലോണ്ട് ഒരു തട്ടു കൊടുത്തു.. കൊടിച്ചിപ്പട്ടിയാന്നാണ് അന്തോണി മാപ്ള വിചാരിച്ചത്. കാലോണ്ട് തട്ടീതുമല്ല ഒച്ചേടുക്കേം ചെയ്തു...

'എണീറ്റു പോടീ ചൊക്ളീ'


4 comments:

Cv Thankappan said...

ലൈൻബസ് റൂട്ടുകളിലെ സ്റ്റോപ്പുകൾക്ക് പേരിടാൻ ഒരു'കല'ത്തന്നെ വേണം!ഈയിടെ തുടങ്ങിയ മദ്യഷാപ്പിനടുത്തബസ്‌സ്റ്റോപ്പിന് മുന്പ്പേരുമാറ്റി'പാമ്പിൻകാവ്'എന്നപ്പേരിട്ട വിരുതരുമുണ്ട്!!
'ചൊക്ലി'ശൗര്യത്തോടെ പിടഞ്ഞെണീക്കട്ടേ!
ആശംസകൾ

ആനന്ദ് ശ്രീധരം said...

ആഹാ... ഇതുപോലെ ചില സ്ഥലങ്ങൾ പണ്ട് എവിടെയോ കേട്ടപോലെ... പഴയ ചിത്രം...

സുധി അറയ്ക്കൽ said...

കൂടെ കൂടിക്കഴിഞ്ഞു എച്മുച്ചേച്ചീ..

Muralee Mukundan , ബിലാത്തിപട്ടണം said...

തുടരൂ ...