Saturday, January 4, 2020

ചൊക്ളി 2


                                         


( രണ്ട് )

അന്തോണി മാപ്ള തട്ടീതും ആട്ടീതും പട്ടിയെ അല്ല, ഒരു ചെക്കനെ ആരുന്നു. ചെക്കൻ ഉരുണ്ട് പെരണ്ട് എണീറ്റ് ഒറക്കെ നെലോളിച്ചപ്പോ മാപ്ള പേടിച്ചു വെറച്ചു. ആകെ ആന്തിപ്പോയി. 'ൻറെ മാതാവേ ഇദേതാ ഈ കുരിശ് ' ന്ന് ഏങ്ങീത് ഇത്തിരി ഉറക്കെത്തന്നെ ആയി.

ചെക്കനോട് 'നെലോളി നിർത്തെടാ'ന്ന് കല്പിച്ചു മാപ്ള കട തുറന്ന് ഫോട്ടം തുടച്ചിട്ട് മെഴുകുതിരി കത്തിച്ചു മാതാവിനെ ഒന്നു നല്ലോണം സൂക്ഷിച്ചു നോക്കി... ഒന്നും അങ്ങട്ടു പറഞ്ഞില്ല. തിരീം കെടുത്തി മുട്ടേം അടുക്കീട്ട് തോർത്തോണ്ട് കാല്പെട്ടിപ്പുറം ഒന്നു തുടച്ചു അതിന്മേലിരുന്നു. എന്നിട്ട് ചെക്കനോട് വിശേഷം തിരക്കി.

ഏതാണ്ട് പത്തു വയസ്സ് ചെന്ന ചെക്കന് പേര് തന്നെ ഇല്ല... തന്തേം തള്ളേം ഇല്ല.. ഒരു കാല് പിള്ളവാതം വന്നണക്ക് ചൊക്ളിയാണ്. അബദ്ധത്തില് വിളിച്ചതാണെന്ന് വെച്ചാലും അവൻ ചൊക്ലി തന്നെയാന്ന് കണ്ട് മാപ്ള സമാധാനപ്പെട്ടു.

പിന്നെ ഒന്നും ചോദിച്ചില്ല. ദേവുഅമ്മ വന്നു ചായക്കട തുറന്നണക്കേ ചെക്കനും പുട്ടും കടലേം പഴം പുഴുങ്ങീതും പപ്പടോം ചായേം പള്ള നെറച്ചും മേടിച്ചു കൊടുത്തു. ചെക്കൻ ചിറീം തുടച്ച് വന്നപ്പോൾ അമ്പതു പൈസേം കൊടുത്തു.

'എവടക്കാച്ചാ പൊക്കോ.. ഇവടെ നിന്നിട്ട് ഒരു കാര്യോം ല്യ. ഓടിക്കോ നീയ്.. '

അന്തോണി മാപ്ള വേറെ എന്ത് ര്ത്താ ചെയ്യണ്? മാതാവ് എല്ലാ കൊല്ലോം തൃസ്സ്യക്കുട്ടിക്ക് ഓരോ മക്കളെ കൊടുക്കും. വീട് നെറച്ചും മക്കളാ. എട്ടുപത്തെണ്ണം ണ്ട്. ഒരു പണിക്കാരൻ ചെക്കനെ വെച്ചാ അതിൻറെ അണ്ണാക്കിൽക്കും വല്ലതും ഇടണ്ടേ.. അതും ചെലവല്ലേ. എല്ലാററിനും ഓടാൻ മാപ്ള തന്നെയ്ക്കല്ലേന്നും?

ചെക്കൻ കണ്ണ് ഉരുട്ടി മിഴിച്ചു നോക്കി നിക്കാണ്.. എങ്ങട്ടും പോണ കോളില്ല.. ആട്ടിയെറക്കണതെങ്ങനെയാ.. ഒന്നൂല്ലെങ്കിലും ഒരു മനുഷ്യക്കൊച്ചല്ലേ. ആരേ പേടിച്ചില്ലെങ്കിലും മാതാവിനെ, കർത്താവിന്റെ അമ്മേ പേടിക്കണം.

അന്തോണി മാപ്ള വലഞ്ഞു. ഒക്കെ മാതാവിന്റെ കളിയാണ്. തൃസ്സ്യക്കുട്ടിയോട് പറഞ്ഞാ വല്ല കഞ്ഞോള്ളം ഓട്ടക്കിണ്ണത്തീ പാർന്നിട്ടായാലും ചെക്കനെ ഒരു പണിക്കാക്കാന്ന് കേക്കണ്ടി വരും. .. പെണ്ണങ്ങൾക്ക് അങ്ങന്യാ..പെറ്റിട്ടാ മതി പറഞ്ഞാ മതി. ആരാ ചെലവിന് അന്നേഴിക്കണത്?

പത്തു മണി നേരായപ്പോഴേക്കും ചൊക്ലീടെ കാര്യം എല്ലാരും അറിഞ്ഞു. അവൻറെ മൂട് കീറിയ ട്രൗസറ് കണ്ട് ഗോപാലേട്ടൻ ഒരു പഴേ തോർത്തു കൊടുത്തു. ചൊക്ളി അപ്പോത്തന്നെ തോർത്തു വാങ്ങി ട്രൗസറിൻറെ മീതെ ചുറ്റി. മിടുക്കൻ. ജീവിക്കാൻ വശണ്ട് .

അനാഥാലയത്തിലാക്കാം, കോടംകരേലെ പള്ളീല് കൊണ്ടു പോയി അച്ചനെ ഏല്പിക്കാം.. ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞതല്ലാണ്ട് നേരുച്ച്യായിട്ടും ഒരു തീരുമാനായില്ല.. ആരോരുല്യാത്ത ചൊക്ലി പണിക്ക് നിന്നോട്ടേന്ന് എല്ലാരുക്കും മനസ്സില് ണ്ട്. ആരെങ്കിലും അന്നേഴിച്ച് വന്നാലോ പിന്നക്ക് ന്ന്ള്ള പേടീണ്ട്. പണിക്ക് നിർത്തി വല്ല കാശും കൊടുത്ത് സ്ഥിരായി തീറ്റിപ്പോറ്റാൻ പറ്റ് ല്യാന്നും വിചാരണ്ട്.

കാര്യം പഴുത്ത കൂഴച്ചക്കടന്തിയായി. ചൊക്ലി ആകെ എടങ്ങേറിലാക്കി മനുഷ്യരേന്ന് പറഞ്ഞാ മതീലോ. ഇതിനിടക്ക് ദേവുഅമ്മ കപ്പ പുഴുങ്ങീതും കാന്താരി ഉടച്ചതും പാലും പഞ്ചാരേം ഇല്ലാത്ത ചായ വെള്ളോം കൊടുത്തു ചൊക്ളിക്ക്. തിന്നണ ആർത്തി കണ്ടപ്പോ ഗോപാലേട്ടന് കഷ്ടം തോന്നി.. വെശപ്പ് ഒരു വല്ലാത്ത ചെകുത്താനാണ്. അത് പിടിച്ചാ പിന്നെ നാണോം മാനോം വെളിവും ഒന്നുല്യാണ്ടാവും. അല്ലെങ്കി ഊരും പേരും ആളും ഒന്നുല്ലാത്തോര് ക്ക് എന്ത് നാണം.. എന്ത് മാനം.. എന്ത് വെളിവ്..?

അന്നേരത്ത് അന്തോണി മാപ്ള നെരപ്പലകീട്ട് കട പൂട്ടി. തോർത്തും തലേലിട്ട് വീട്ടിലിക്ക് നടന്നു. ഉച്ചി പൊളിയണ വെയിലാണ്. തോർത്തിട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല. എന്നാലും വെറുതേ ഒരു സമാധാനത്തിന്..

വീട്ടില് മാപ്ള ആരോടും ഒന്നും പറഞ്ഞില്ല. തൃസ്സ്യക്കുട്ടി കവടികിണ്ണം നെകക്കേ ചൂടു കഞ്ഞീം നല്ലോണം തേങ്ങാക്കൊത്തിട്ട് മൂപ്പിച്ച അച്ചിങ്ങേം ഒണക്കമുള്ളൻ വറുത്തതും വെളമ്പി. എങ്ങും നോക്കാണ്ട് കഞ്ഞി കുടിച്ചു. കുടിച്ചു കഴിഞ്ഞിട്ടാ പിള്ളേര് കുടിച്ചോന്ന് ചോദിച്ചത് തന്നെ.


മൂന്നു മണിക്ക് ഇച്ചിരി കട്ടനും മോന്തി അങ്ങാടീല് വന്നപ്പോ ചൊക്ലീടെ കാര്യം മൊയ്തീൻ ഏറ്റേക്കണു. ആ പ്രാന്തനൂണ്ട് ആറേഴു മക്കള്. പിന്നെ ചൊക്ളീനേം വളർത്തോ? ഒക്കെ അന്നേഴിച്ച് കേട്ട് പറഞ്ഞ് വന്നപ്പോ കഥ ഇങ്ങനേണ്..

ദേവുഅമ്മക്ക് വെള്ളം കോരാനും ഇടക്കെടക്ക് കടപ്പണ്ടം എടുത്തുകൊണ്ടരാനും ആള് വേണം. ഗോപാലേട്ടന് നമ്പൂരാര്ക്കും പട്ടമ്മാര്ക്കും വാര്യമ്മാര്ക്കും നായമ്മാര്ക്കും അത്യാവശ്യത്തിന് വല്ല പച്ചക്കറീം എത്തിക്കാൻ ആളു വേണം. ചൊക്ലീടെ ജാതി ഏതാന്ന് ഗോപാലേട്ടൻ പറഞ്ഞാമതി.
തെണ്ടിത്തിരിഞ്ഞു വന്ന ചെക്കനായതോണ്ട് കിളിച്ചതും മുളച്ചതുമൊന്നും ആരോടും പറേണ്ടല്ലോ. ഗോപാലേട്ടൻറെ പോലേ കിരീയം വെള്ളായ്മയാന്ന് തന്നെ കാച്ചാം. കിരീയം നായരിലും മുന്തിയ ഒരു ജാതി ഈ ഭൂലോകത്തില്ലാന്ന് ഗോപാലേട്ടനറിയാം. അതിന് ആരുടേം ശിപാർശ വേണ്ട. ഇപ്പ ഇത്തിരി കാശു കുറഞ്ഞൂന്ന് മാത്രം. ആന മെലിഞ്ഞാലും തൊഴുത്തില് നിക്കില്ല..ചൊക്ളിയാണെങ്കി തോർത്തുടുത്തത് എടത്തോട്ടല്ല, അവൻ മേത്തനല്ലാന്ന് അതു കണ്ടപ്പോഴേ ഉറപ്പായി.

അതൊന്നും കേട്ടിട്ട് മൊയ്തീൻ ഒരക്ഷരം പറയണില്ല. അയാള് എന്തോ തീരുമാനിച്ച പോലേയാണ്.

തീരുമാനം ഇത്രേള്ളൂ..

ചൊക്ളി അങ്ങാടീല് ഗോപാലേട്ടനും ദേവുഅമ്മക്കും വേണ്ട സഹായങ്ങള് ചെയ്യും. ഗോപാലേട്ടൻ ചൊക്ളിക്ക് ഇപ്പോ കെടക്കാനുള്ള രണ്ടു ചാക്കും ഒരു പഴേ പുതപ്പും പിന്നെ എല്ലാ മാസോം ഒരുറുപ്പികേം കൊടുക്കും. ദേവുഅമ്മ ഭക്ഷണം ഉള്ളപ്പോ വയറു നിറയെ കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇല്ലാത്തപ്പോ ഗോപാലേട്ടൻ എന്തെങ്കിലും വീട്ടിലുണ്ടാക്കിയത് കൊടുത്താൽ മതി. മൊയ്തീൻ ചൊക്ളിക്ക് ഉറങ്ങാൻ തൊഴുത്തിൻറെ മുമ്പിലുള്ള വരാന്ത റെഡിയാക്കീട്ടുണ്ട്. കാലത്തെണീറ്റ് ആ തൊഴുത്ത് ഒന്നു ചൊവ്വാക്കാനും മുറ്റടിക്കാനും സഹായിച്ചാ ചെക്കന് കടുംകാപ്പി മറിയംബി കൊടുക്കും.

ചൊക്ളി ചിരിച്ചു നില്ക്കണ കണ്ട് അന്തോണി മാപ്ള മാതാവിനു സ്തുതി പറഞ്ഞു.

മറിയപ്പാറ അങ്ങാടീല് എല്ലാവരുടേം ആയി എന്നാ ആരുടേം ആരുമല്ലാതെ ചൊക്ലീടെ ജീവിതം അന്നു മുതൽ ആരംഭിച്ചു.

അന്നത്തെ ദിവസത്തിന് വേറൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം അവസാനിച്ചതിൻറെ പിറ്റേന്നായിരുന്നു ആ ദിവസം.. അങ്ങാടീലും ബസ്സുകളിലും വഴികളിലും 'ആ യുദ്ധം തീർന്ന് ..' 'ആ പണ്ടാരം ഒടുങ്ങി..' 'നശൂലം അവസാനിച്ചു 'എന്നു മറ്റും മനുഷ്യർ സമാധാനപ്പെട്ടിരുന്ന ദിവസമായിരുന്നു അത്.

2 comments:

സുധി അറയ്ക്കൽ said...

ചൊക്ലിയെ ഇഷ്ടപ്പെടാൻതുടങ്ങി. ഇതുവരെ പ്രത്യേകിച്ച് ഒരു റോളും വന്നില്ലെങ്കിലും ഇവൻ തകർക്കും....

Cv Thankappan said...

ചൊക്ലിതുടരട്ടെ, അവന്റെ ജീവിതായോധനവും....
ആശംസകൾ