Saturday, January 11, 2020

ചൊക്ളി 4

                 
  


(നാല് )

ആ ബങ്കാളനാട്ടീന്ന് ഓടി വന്നോരേ, വന്ന പോലേ , പെട്ടെന്ന് ഒരൂസം അങ്ങട് കാണാതെയായി. അവര് വന്നതും ഇവടെ മറിയപ്പാറേടെ അടുത്ത് കൂടീതും ഒട്ടും ശര്യായില്ല..അവരെ അടിച്ചോടിപ്പിക്കണായിരുന്നൂന്ന് ബാലേന്ദ്രൻ പറഞ്ഞത് ആര്ക്കും ബോധ്യായില്ല. എന്തിനാ മനുഷേരെ ഓടിക്കണതെന്ന് ദേവുഅമ്മ വായ തൊറന്നങ്ങട് ചോദിച്ചു.

അപ്പോളാണ് പോളിടെക്‌നിക്കില് പഠിക്കണ ബാലേന്ദ്രൻ വിവരായിട്ട് കാര്യങ്ങള് പറഞ്ഞത്. ആലൂരമ്പലത്തിൻറടുത്താണ് ബാലേന്ദ്രൻറെ വീട്. ആ വീട്ടില് ജനിക്കണരൊക്കേ പോളീല് പഠിക്കേണ്ടി വരുംന്നാ..അവിടത്തെ അമ്മേം അച്ഛനും മൂന്നാൺമക്കളും രണ്ടു പെണ്മക്കളും പോളീല് പഠിച്ചവരാ.. മൂത്തോൻ രാമേന്ദ്രൻ ബോംബെലാരുന്നു. ബാലേന്ദ്രൻ ആലൂര് തന്നെ നിന്ന് തൃശൂര് ജോലിക്ക് പോയി വന്നു. ആ കുടുംബായിട്ടേ നല്ല വിവരള്ളോരാണ്. അവര് മണ്ടത്തരോന്നും പറേല്യാ...

'ബോംബേല് ഈ ജാതി വേറേ ദേശത്ത് ള്ള മനുഷേര് ചെന്ന് കൂടി വണ്ടികളില് ഇളന്നീരും കാമ്പും വിറ്റ് തൊടങ്ങീ, പിന്നേം പല കള്ളത്തരങ്ങളും കാട്ടീ. വേറേ നാട്ട്ന്ന് വന്നോര്ക്ക് നമ്മ്ടെ നാടിനോട് സ്ഥായിണ്ടാവ് ല്യാ.. അപ്പോ ബോംബേലുള്ള നമ്മ്ടെ നാട്ട്കാര് ഒരുമിച്ച് കൂടി പൊറം നാട്ടീന്ന് വന്ന ഈ ജാതി കള്ളമ്മാരെ അടിച്ചോടിച്ചു. നമ്മ്ടെ നാട്ടുകാര് അതിന് ഒരു സേന ണ്ടാക്കി. ശിവസേനാന്നാ പേര്. അങ്ങനെയാ വേണ്ടത്. നമ്മ്ടെ നാട്ടില് നമ്മള് പോരേ.. വരണോര് എന്തിനാ'

ആരും ഒന്നും പറഞ്ഞില്ല.. ശിവൻറെ ഗോത്രാരുന്നൂലോ മനുഷേര് ഒക്കേം ആദ്യം. പിന്നെ നാനാവിധായി ജീവിച്ചപ്പോഴാണ് കുഴപ്പം വന്നേന്നല്ലേ വാരസ്യാര് പറയാറ്.

'അതിന് ഇബടെ ശിവസേന ഇല്ല്യാല്ലോ' ഗോപാലേട്ടൻ സങ്കടം കൊണ്ടു.

'ഉണ്ടാക്കണം, പിന്നെ ആരേം പേടിക്കണ്ട'.. ബാലേന്ദ്രന് നല്ല ഉറപ്പുണ്ട് അക്കാര്യത്തില്..

'പച്ചനൊണയാണ്..മൊയ്തീൻ തിമിട്ടി. അയാൾക്ക് കലി വരായിരുന്നു.

'ബേറെ നാട്ടാരേയൊന്നല്ല ഓടിച്ചത്. കോയിക്കോട്ടും കണ്ണൂരും ഒക്കെള്ള മുസ്ലിംമുകളേയാ. ബോംബേല് അബരാ നാരിയല് ബാലോള്. പടച്ചോന് നെരക്കാത്തത് ബേണ്ട, നായരുട്ടീ.'

മൊയ്തീൻ വിട്ടില്ല

ഇപ്പോ ബാലേന്ദ്രൻ എണീറ്റു. ദേവുഅമ്മേടെ ചായ ഗ്ളാസ്സ് നല്ല ബലത്തിൽ ഡസ്ക്കിലമർത്തി വെച്ചു. എന്നിട്ട് മൊയ്തീനേ തുറിച്ചു നോക്കിച്ചോദിച്ചു.

'അത് മൊയ്തീനെങ്ങന്യാ അറിഞ്ഞത്?ബോംബേ പോയിണ്ടോ? നിങ്ങക്ക് അറബ് രക്താന്നല്ലേ പറേണ്.. അപ്പോ നിങ്ങള് അറബിയല്ലേ, ആ നാട്ട് ലല്ലേ കഴിയേണ്ട്.. ഇവ്ട്യല്ലല്ലോ. ആ നാടിനോടല്ലേ അധികം സ്ഥായിണ്ടാവാ..അങ്ങനല്ലേ വേറെ നാട് വേണന്ന് തെരക്ക് കൂട്ടീട്ടല്ലേ പാക്കിസ്ഥാൻ ണ്ടാക്കി മേടിച്ചേ?'

അന്തിച്ചു നിന്ന മൊയ്തീൻറെ മുന്നിൽക്കൂടി ബാലേന്ദ്രൻ ഒരു കൂസലുമില്ലാതെ ഇറങ്ങിനടന്നു.

മൊയ്തീൻ തരിപ്പണായി. അറബ് രക്താന്ന് പറഞ്ഞ് കേട്ടതാണ്. നല്ല നീളോം വണ്ണോം തുടുത്ത നെറോം ആണ്. ആകെ അതാണ് നാട്ടുകാരിലധികം പേരീന്നും മൊയ്തീനുള്ള വ്യത്യാസം. മറിയപ്പാറ ഭാഗത്ത് വേറെ മേത്തമ്മാരൊന്നുല്ല. മൊയ്തീൻറെ ബന്ധുക്കള് കുറച്ചാളുകള് തൃശൂര്ണ്ട്. അധികം ആള്ക്കാരൊന്നും സ്വന്തത്തില് അങ്ങനെ ഇല്ലേനും.

ദേവുഅമ്മ അടി കിട്ടിയ പോലെയിരിക്കണ മൊയ്തീന് ഒരു പാൽച്ചായ കൊടുത്തു. പക്ഷേ, അതിന് ഒരു കയ്പ് തോന്നി അയാൾക്ക്.

ഗോപാലേട്ടൻ മൊയ്തീനോട് വെഷമിക്കാണ്ട് വീട്ടിപ്പോയി കുത്തിരിക്കാൻ പറഞ്ഞു. മൊയ്തീൻ എണീറ്റു പോയപ്പഴാണ് ഗോപാലേട്ടൻ മനസ്സു തുറന്നത്.

'ശിവസേന ഉണ്ടാക്കാരുന്നു. മൊയ്തീന്യൊന്നും തല്ലാനല്ല. വേറെ ഒരു കൂട്ടരണ്ട്‌ ല്ലോ. ഇപ്പ അധികം അങ്ങനെ കേക്കാല്യ.. എന്നാലും അവിടവിടെ ണ്ടല്ലോ. നസ്കലേറ്റുകള്. അടിച്ചോടിക്കണം. കാര്യം, അവറ്റ കാശുകാരേണ് അടിക്കണതും കൊല്ലലും ന്ന്ച്ചാലും പോലീസിനേം കൊല്ലൂലോ പിശാശ് ക്കള്. കടലാസ് വായിച്ചാ പിന്നെ ഒരന്തോം ഇല്യാണ്ടാവും. '

ദേവുഅമ്മ എതിരായിട്ട് ഒന്നും പറഞ്ഞില്ല. കോടംകര നാട്ടിലും ണ്ടാരുന്നു ഒരു നസ്കലേറ്റ്. രാമൻ മാഷ്. മൂന്നാലുകൊല്ലം മുമ്പേ പോലീസ് പിടിച്ചോണ്ടു പോയി. പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല. എല്ലാവരും നന്നായിക്കാണണം ന്ന് പറേണ രാമൻ മാഷേ എങ്ങന്യാവോ അടിച്ചോടിക്കണ്ടത്?എന്തിനാവോ അടിച്ചോടിക്കണ്ടത്? ഗോപാലേട്ടനെ മുഴോനും വിശ്വസിച്ചൂടാ.. എപ്പളാ അങ്ങട്ട് ചാടാന്നറീല്ല.

ചൊക്ളി ഒക്കെ കേക്കണുണ്ടാരുന്നു. അവൻറെ മനസ്സില് എന്താരുന്നെന്ന് ആരും അറിഞ്ഞില്ല.

ആളുകള് പറയണ പൊട്ടും നുറുങ്ങും ഒക്കെ അവൻ കേക്കും. അതൊന്നും ആരോടും പറയേ നീട്ടി നീട്ടി സംസാരിക്കേ ഒന്നും ചെയ്യില്ല അവൻ. വാക്ക് ഇല്ലാല്ലോ അവൻറടുത്ത്.. പിന്നെ എന്തര്ത്താ അവൻ മിണ്ടണ്? അവൻ മിണ്ടിയാത്തന്നെ ആരെങ്കിലും കേക്കാനുണ്ടോ..

ചൊക്ളി എല്ലു മുറിയേ പണിതു പണിത് അങ്ങാടീല് തന്നെയങ്ങട്ടു ജീവിച്ചു പോന്നു. ശരിക്കും ഭക്ഷണം കഴിച്ചപ്പോ അവൻ നന്നായി. ദേഹത്തൊക്കെ മാംസം വന്നു.

മറിയപ്പാറേടെ പരിസരത്തൂടെ വരണ ഹൈവേ റോഡിൻറെ സ്ഥലം അടയാളപ്പെടുത്തി
മാറ്റിയിട്ടുണ്ടാരുന്നു. സർക്കാര് ഭൂമി, കേറാൻ പാടില്ലാ ന്ന് പരസ്യോം ഉണ്ടാരുന്നു. എന്നാലും നായാടികളും കുടുകുടുപ്പാണ്ടികളും വഴീലിങ്ങനെ വീടും കൂടും ഒന്നൂല്യാതെ ചുറ്റിത്തിരിയണോരും വല്യ സൂക്കേടുകാരും ഒക്കെ എടക്ക് വരും. അവിടവിടെ കുടില് കുത്തും. കൊറച്ചു നാള് താമസിക്കും. പിന്നെ വല്ല വഴിക്കും പോകും.

അന്തോണി മാപ്ളക്കും ദേവു അമ്മക്കും ആൾക്കാര് വരണത് വലിയ ഇഷ്ടമാണ്. കല്ലുപ്പെങ്കിലും വാങ്ങാണ്ട് പറ്റില്ലല്ലോ വരണോര്ക്ക്. ഇത്തിരി ചായടെ വെള്ളം എറക്കാണ്ടും പറ്റില്ല. നാലാളു കൂടുതൽ വന്നാ അത്രേം കച്ചവടം നന്നാവും. പീടികേല് ആളു കയറണംന്നല്ലേ പീടിക ഇട്ടോര്ക്ക് തോന്നാ എപ്പളും. ചൊക്ളിക്കും പുത്യേ പുത്യേ ആൾക്കാര് വരണതും ചായേം പലഹാരോം തിന്നണതും ഇഷ്ടം തന്നെയാണ്. അവരടെ കഥകള് കേക്കാം. പുത്യേ പുത്യേ കഥകള്. ചൊക്ലീടെ പഠിപ്പും വിവരോം ജീവിതോം ഒക്കെ മറിയപ്പാറ അങ്ങാടിയായിരുന്നു.

ദിവസങ്ങള് അങ്ങനെ പോയി. ചൊക്ളി അങ്ങാടീല് വന്ന് മൂന്നാലുകൊല്ലം കൃത്യായിട്ട് മറിയപ്പാറ ദേശവിളക്കിൻെറ അന്ന് അയ്യപ്പൻ കുന്നായി മാറി. എല്ലാവരും അയ്യപ്പൻ കുന്നിലെ വാഴപ്പിണ്ടി അമ്പലത്തിലിരിക്കണ അയ്യപ്പന് ശരണം വിളിച്ചു. കുരുത്തോല അലങ്കാരം കണ്ട് 'എന്താ ഭംഗി.. എന്താ ഭംഗി' എന്ന് ആനന്ദിച്ചു. മീൻകാരൻ ചെറ്മൻ ചെക്കൂം അന്ന് വെളുത്ത മുണ്ട് ചുറ്റി ഗമേല് തന്നെയാ വരാ. സുഖാണോ ചെക്കൂന്നാരേലും ചോദിച്ചാ വെള്ള മുണ്ട് ചുറ്റി യ സന്തോഷം കാട്ടി വെളുക്കേ ചിരിക്കും ചെക്കു.

പൂജ നടക്കുമ്പോ പിന്നെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഒക്കെ നല്ല ഉറക്കേ ശരണം വിളിക്കും. കൊട്ടും മേളോം തകർക്കും . മാലയിട്ടോര് കെട്ടും നെറച്ച് ശബരിമല ചവിട്ടാൻ യാത്രയാവും.

എല്ലാകൊല്ലോം ദേശവിളക്കിൻറെ അന്നാണ് കോടംകരേലെ പള്ളിപ്പെരുന്നാള്. പള്ളീടവിടേം ദേവുഅമ്മ മൂന്നാലു ദിവസത്തേക്ക് ഒരു ബ്രാഞ്ച് കട തൊറക്കും. പത്തുപതിനാലു വയസ്സായ ചൊക്ളി കാലും ഏന്തി നടന്ന് രണ്ടു കടേലും കൂടി പണികള് ചെയ്യും. ആ കാശോണ്ടാണ് ദേവുഅമ്മ ഒരു കമ്മല് പണിയിക്കാ.. പൊട്ടിയ മാല മാറ്റി വാങ്ങാ..ചൊക്ളിക്കും അപ്പോ ഒരു ഷർട്ട് തയ്പിക്കാണ്ടിരിക്കില്ല ദേവു അമ്മ.

അടിയന്തരാവസ്ഥ വന്നൂന്ന് ഗോപാലേട്ടൻ കടലാസ്സില് വായിച്ച രണ്ടാം ദിവസം വൈകുന്നേരാണ് മൊയ്തീൻറെ മൂത്ത മോനെ കാണാണ്ടായത്.

2 comments:

ഉദയപ്രഭന്‍ said...

ചൊക്ളി ഇഷ്ടരായി. ആരാണ് ശത്രു എന്ന് തിരിച്ചറിയാൻ പറ്റാണ്ടായി. അഭയാ ത്ഥികളാണോ , നുഴഞ്ഞുകയറ്റക്കാരാണോ , മാവോയിസ്റ്റാണോ അതോ ബർക്കാരാണോ ?

Cv Thankappan said...

ചൊക്ലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്.ദേശത്തിനും മാറ്റംവരുന്നു.
ആശംസകൾ