Monday, November 9, 2020

ചൊക്ളി 47

08/11/2020

നസീറിക്ക രണ്ടാം വട്ടേണ് വരണത്. നവാസിക്ക ആദിക്കും.രണ്ട് കാറ് നെറച്ചും പെട്ട്യോള്. പിന്നൊര് കാറില് ഡൈവറും വെളുത്ത് തുടുത്ത് പൊക്കത്തില് ഒരറ്ബീം നസീറിക്കേം നവാസിക്കേം.അറ്ബീനെ അവര് പെട്ടെന്നാ പൊരേല്ക്ക് മാറ്റി. നാട്ടാര്ക്ക് അദികങ്ങട് കാണാമ്പറ്റീല്ല.
കാശാരാവുമ്പോ പേരുള്ളോരാവുമ്പോ ഒക്കെ അങ്ങനേണ്. രകസിയങ്ങള് തോനേ ഇണ്ടാവും...അതൊക്കെ നാട്ടാരെ കാണിക്കാൻ പറ്റോ..
പോലീസ് വണ്ടിയോള് അയ് വെ കൂടേ ഇങ്ങനെ പാഞ്ഞ് പോണ്ടാര്ന്ന്. ചൊക്ളി പപ്പീനീരെ വീട്ട്ല്ന്നെ ഇര്ന്നു. പ്രാഞ്ചീസ് പത്ത്മണീരേ തീവണ്ടി പോയേപ്പിന്നാണ് വന്ന്ത്. വന്നപ്പളാണ് ചൊക്ളിക്ക് വിവരങ്ങള് കിട്ടീത്.
ജാനൂൻറെ പോക്ക് കാരണം ചൊക്ളി ആരോടും അങ്ങ്നെ വർത്താനിക്കാൻ നിക്ക് ല്ല. കിളിച്ചേം മൊളച്ചേം തൊള്ളേത്തോന്നീതും ഒക്കേം ചോയിക്കും. അവള്ക്ക് കെറ്പ്പം ണ്ടായീറ്റ് നീയെന്ത്ണ് അറിയാണ്ട് ഇര്ന്നേ..
ചൊക്ളി ക്ക് പെണ്ണങ്ങള്ടെ കെർപ്പം കണ്ടൂടിക്കലാണാ പണി… ഓരോ തെണ്ട്യോളടെ ശോദ്യാണ്. ഗോപാലേട്ടൻറെ ഈറാന്ന് ദേവുവമ്മ പറഞ്ഞേര്ന്നത് വരും അപ്പോ ചൊക്ളിക്ക്..
രാമൻണ്ടായ നാട്ട്ലെ പള്ളി പൊൾച്ചൂന്ന്.. സകേല നാട്ട്ലൊക്കെം ണ്ടാര്ന്ന ഇന്തുക്കള് ഒക്കേം കൂടിറ്റ്ണ്ന്ന് പള്ളി പൊള്ച്ചത്. മേത്തമ്മാര് ക്ക് ഒര് തേങ്ങേം ചിയ്യാൻ പറ്റീല്ലാന്ന്… കടല് പോലേണ് ഇന്നാട്ട്ല് ഇന്തുക്കള്. അത് ല് കല്ലിട്ടോണം കൊർച്ച് മേത്തമ്മാര് അവടേം ഇവടേം നിന്നിറ്റ് എന്തിറ്റ് തേങ്ങ്യണ് ചെയ്യണ്ത്. ത് ര്ശ്ശൂരൊക്കെ ടി വി പെട്ട്യോളില് ഒക്കേം കാണിക്ക്ണ്ട് ന്ന്. ആള്കാര് കല്ലെട്ത്തെറീണതും പള്ളീരെ മോളിൽക്ക് കേറണതും ഒക്കെ കാണ്ണാന്ന് പ്രാഞ്ചീസ് പറഞ്ഞു.
ഈയ്യ് രാജകുമാരൻ രാമൻ എന്തിറ്റിനാ മേത്തമ്മാരെ പള്ളീപ്പോയി പെറ്ന്ന്?
പ്രാഞ്ചീസ് ഒരൊറ്റ ചിരി. വായേല്ണ്ടാര്ന്ന അയലക്കഷണങ്ങളും കൊള്ളീം ചോറും പൊറത്ത്ക്ക് തെറിച്ചാ വീണ്. ചൊക്ളീരെ കിണ്ണത്തില്ക്ക് വീണ് ല്ല.
ഇന്നട്ട്ണ് പ്രാഞ്ചീസ് കത പറേണ്. ഇന്തുക്കള് ടെ രാമനും കിഷ്ണ്നും ശിവനും ദേവീം ഒക്കെണ്ടായി
ഉമ്മിണി കാലം കയിഞ്ഞിട്ടാണ്ന്ന് ക്രിസ്ത്യാന്യോളടെ കർത്താവീശോമിശിഹ ണ്ടായേന്ന്. ഇന്തുക്കള്ടെ രാമനും കിഷ്ണനും ഇണ്ടാവണേല്ക്ക് മൂപ്പാട് മോശാന്ന് ഒര് ദൈവം ണ്ടായി. ആ ദൈവത്തിന്റെ കൊറേ ആള്കാര് കൊച്ചീല്ണ്ടന്ന്. അതാന്ന് പഴേ ദൈവം. ഇതൊക്കെ കയിഞ്ഞിട്ടാണ്ന്ന് മേത്തമ്മാര് ടെ അള്ളാ ദൈവം വന്നത്.
ചൊക്ളിക്ക് ചിറീ വന്ന് മുട്ടി.
അപ്പൊ ഒര് ദൈവേള്ളു… അത് മ്മടെ ശിവനാന്ന് പറഞ്ഞ്ട്ട്..
പ്രാഞ്ചീസ് ഒര് ബീഡി കത്ത്ച്ച് വല്ച്ച്..
ചൊക്ള്യേ ഇതൊക്കെ ഓരോ വീടോള് പോല്യാണ്ടാ.. എൻറെ മോൻണ് ഏറ്റോം കേമൻന്നല്ല്ടാ ഓരോ തന്തേം തള്ളേം പറേല്…
അത് പോലേ ണ് ഓരോ നാട്ട്ല് അവ്ടത്തെ സിതി പോലേ ഓരോ ദൈവം വരും. അത്ണ് കേമന്ന് അവ്ടെ അദികള്ളോര് പറേം. പൊറത്ത്ന്ന് ഞങ്ങ്ടെ ദൈവാ കേമന്ന് പറ്ഞ്ഞ് വേറെ കൊറ്ച്ചാള് വന്നാ പിന്നെ വഴക്കായില്ലേ.. പണ്ട് കാലത്തൊട്ട് ഈ ബൂമി ഇങ്ങ്നെ കെട്ക്കല്ലേ… നട്ന്ന് പൂവ്വാൻ.. നീന്തി പുവ്വാൻ.. ഓരോ നാട്ട്ല് ചെന്ന് കൂടിൻ..
ഇബടെ പ്പ അദല്ലേ കൊഴപ്പം. ഇന്തുക്കള്ടെ അമ്പലത്ത്ൻറെ മോള്ള് മേത്തമ്മാര് പള്ളി പണ്തു. ആയിരം കൊല്ലം മുപ്പാട്.. ഇപ്പോ അത് പൊളിച്ചളഞ്ഞ് ഇഞ്ഞി വേറേ അമ്പലം പണീണം.
'ദൈവംന്ന്ച്ചാല് വല്യ കഷ്ടപ്പാട്ണ് ല്ലേ '
ചൊക്ളിക്ക് രാമനോടും അള്ളാനോടും വല്ലാണ്ട് പാവം തോന്നി. ആയരം കൊല്ലം തിന്ന് ഒറ്ങ്ങി പനി പിടിച്ച് കെടന്നോട്ത്ത് ന്ന് അള്ളാ ഇന്ന് കാൽത്ത് പൊറ്ത്തായി. രാമനും പോന്ന്ണ്ടാവും അള്ളാൻറെ കൂടെ. എത്തറ കാലായി അവര് വർത്താനം പറഞ്ഞ് ഇര്ന്നേര്ന്ന പള്ള്യാർന്നു...
പ്രാഞ്ചീസ് പിന്നേം ചിരിച്ചു.
അങ്ങ്നല്ലടാ, ചൊക്ള്യേ… മനിഷേമ്മാര്ക്ക് കഷ്ടപ്പാട് വര്മ്പളാണ് ദൈവം പെറ്റ് വീഴാ.
മന്ഷേമ്മാര്ക്ക് കഷ്ടപ്പാട് വര്മ്പോ അവര് ദൈവേ ദൈവേന്ന് തൊള്ളേടും. അങ്ങ്നെ കൂട്ടത്തി കൊള്ളാന്നുള്ള ആരേലും പിട്ച്ച് ദൈവാക്കും. പാമ്പ്, ഇടിമിന്നക്കം, മരിച്ചടക്കിയോര്, പലജാതി പ്രതിമോള് മ്മടെ നാട്ട്ല് മനിഷേമ്മാരേലും അദികം ദൈവങ്ങളാണ്ടാ..
ഇത് ഇബടെ നിക്ക്ല്യാ.. ഇഞ്ഞി വൽതായി വൽതായി മനിഷേമ്മാരേ കൊല്ലണത് പുണ്ണിയായിറ്റ് വരും. ദൈവായിറ്റ്ള്ളേനേ ഒന്ന് സൂക്ഷ്മിച്ച് നോക്ക്യാ അപ്പോ പാപാവും. അടീം ചവിട്ടും കുത്തും കൊണ്ട് ചാവണ്ടി വരും..
ചൊക്ളി അന്തം വിട്ട് ഇര്ന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെ ദൈവങ്ങൾ ഉണ്ടായി ...അല്ലെ