Sunday, November 29, 2020

ചൊക്ളി 53

28/11/2020
എന്തിറ്റാണ് കാര്യം..പപ്പിനി തുള്ള്യാ കളിക്കാൻ..
രവ്യേട്ടനെ അടിച്ച്കൊന്ന മുക്കിയ മന്ത് രീനെ ചെട്ടിച്ചിത്തള്ളേരേ നാട്ട്ലിണ്ടായ ആ
പർദാനമന്ത് രി പൊറത്താക്കീന്ന്..
തുമ്പാന്നാ തുമ്പീന്നാ ഒര് സ്തലം ണ്ട്. കൊറേ വഴി അകലേണ് മറിയപ്പാറേമ്മന്ന്.
അബ്ടെ വാണം വെയ്ക്കലാണ് ചെല കൂട്യ പടിത്തക്കാര് മൻഷേരടെ പണി. ആകാശ്ത്തും ചന്തിരൻലും സൂരിയനിലും ഒക്കെ പോണ വാണാത് രെ. അതിൻറെ എന്താണ്ട് സൂത്രം ആരാണ്ടും രണ്ട് പെണ്ണങ്ങള് കട്ടോണ്ട് പോയീന്ന്.. അദണ് മുക്കിയ മന്ത് രീനെ പൊറത്താക്കീത്…
ആ മുക്കിയ മന്ത് രീനോടാണ് പപ്പിനീരേ കലി മുഴ്ക്കേനും.. അതിനണ് അവള് തുള്ളിക്കളിക്കണത്.
ബരിക്കണ നാട്ട്ലെ എല്ലാം ശരീണ്ന്ന് വെച്ച്ട്ടാവോ അയ്യാള് ചന്ത് രൻറോടേക്കും ആകാശ്ത്തിലിക്കും ഒക്കേ വാണം വെച്ച് കളിക്കണ്…
കോടിക്കണക്കിന് ഉറുപ്യ വേണംന്ന് വാണം വിടാനായിറ്റ്… അങ്ങ്നെ തോനേക്ക് ഉറുപ്യ ഇണ്ടെങേ നാട്ട്ലെ മനിഷേര്ക്ക് ഒടനൊടനേ വേണ്ട കാര് യങ്ങള് അല്ലേ ചിയ്യണ്ട്ത്.
വാണം ചന്തിരനിൽക്കാ സൂരിയനിൽക്കാ ആകാശത്തിൽക്കാ ഒക്കെ പിന്നേം വിടാലോ. അവറ്റ്യൊക്കെ അവട്യന്നെ നില്ക്കൂല്യേ..മനിഷേമ്മാര്ടെ അന്തി പഷ്ണി കെട്ന്ന് മരിക്കേ, സീകീൽസ കിട്ടാണ്ട് മരിക്കേ ഒന്ന്ണ്ടാവില്ല്യ ല്ലോ.
അങ്ങ്നെ പറേര്ത് ന്നാണ് രാഗവേട്ടൻറെ ഒരിത്. ഇമ്മ്ടെ രാജ്യം മുമ്പില്ക്ക് മുമ്പില്ക്ക് വരണ്ടടാന്ന്…
പപ്പിനി മുക്കിയമന്ത് രീനെ പൊറ്ത്താക്ക്യേ സന്തോഷ്ത്ത്ന് നല്ല മദിരം ഇട്ട കട്ടഞ്ചായേം പപ്പടവടേം ഉമ്മറത്ത് കൊടന്ന് വെച്ച്..
രാത്രിക്കാച്ചാലും കടഞ്ചായേം പപ്പടവടേം എല്ലരും കയിച്ചു..
ആ പെണ്ണങ്ങള് ക്ക് എന്ത്റ്റ്നാണ് വാണത്തിൻറെ സൂത് രന്ന് ആലോയിക്കാര്ന്ന് ചൊക്ളി.. എത്തറ ആലോയിച്ച്ട്ടും അത് തിരിഞ്ഞ്ല്ല.
പപ്പിനി സാദാരണ പോലെ നട് മുറീലന്നെ പായകള് വിരിച്ച്. അവള് കെടന്നപ്പ പിന്നെ ചൊക്ളീം കെടന്ന്….
പകലത്തേ മേളത്ത്നെപ്പറ്റി രാഗവേട്ടനും പ്രാഞ്ചീസും ഒന്നും പറഞ്ഞ്ല്ലല്ലോന്ന് ചൊക്ളി വിജാരിച്ച്. ഇനി പാറ്ട്ടിക്കാര്ക്ക് അങ്ങ്നെള്ള വെഷമൊന്നും ഇല്ലേരിക്കോ. പ്രാഞ്ചീസ് പറഞ്ഞ്ണ്ട് പാറ്ട്ടിക്കാര് പണ്ട് കാൽത്ത് ഒളിച്ച് കഴീമ്പളൊക്കെ ചെലപ്പോ പെണ്ണങ്ങളായിറ്റ് ബന്തങ്ങള് ണ്ടായിണ്ട്. അതോണ്ട് മനിഷേര്ക്ക് തമ്മാമ്മില് ബന്തണ്ടായാല് പാറ്ട്ടി അതിൻറെ പിന്നാലേക്കോന്നും മാന്താനും തൊരക്കാനും പൂവ്വില്ലാന്നാണ്.
എന്നാലും ആ രണ്ട് പെണ്ണ്ങ്ങള്ക്ക് എന്ത് നാണ് മ്മ്‌ടെ രാജ്യത്തെ വാണം?മുക്കിയമന്ത് രി മാത് രല്ലല്ലോ ആ വാണണ്ടാക്കിയോരേം അത്ട്ത്ത് കടലാസ് ല് പൊയിഞ്ഞ് ആ പെണ്ണങ്ങള് ക്ക് കൊട്ത്തോരേം ഒക്കേ പൊറത്താക്കീണ്ടാവ് ല്ലേ ചെട്ടിച്ചിത്തള്ളേരെ നാട്ട്ലെ പർദാന മന്ത് രി?
രാഗവേട്ടൻ പറഞ്ഞ്ത് രാജ്യം മുമ്പാക്കം വരണേനാണ് വാണം വിടണേന്ന്. അത് ചൊക്ളി ക്ക് തിരീണില്ല. മനിഷേര്ക്ക് മൂന്നേരം ഉണ്ണാൻ ചോറും കൂട്ടാനും, രണ്ടേരം കയിച്ചാൻ ചായേം പലാരോം, ആണങ്ങളുക്കും പെണ്ണങ്ങളുക്കും എന്നും ചിയ്യാൻ പണി, എല്ലാ കുട്ട്യോളക്കും ഷ്ക്കൂള്, അവടീം മൂന്നേരം നല്ല ബശ്ശനം, തണല്ള്ള നല്ല റോഡോള്, നല്ല ബസ്സോള്, കുടിക്കാൻ നല്ല വെള്ളം അട്ത്തന്നെ ഇണ്ടാവല്, കേറികെട്ക്കാൻ എല്ലര്ക്കും വീട്ണ്ടാവല്, വീട്ട്ല് ന്നെ എൽട്രീക്ക് വെളക്ക്, വെള്ളം ഒക്കെണ്ടാവല്, സീൽസക്ക് അട്ത്തന്നെ നല്ല നല്ല ആസ്പത്രിയോള്, എല്ലാം കിട്ടണ റേഷൻകടോള്..
ഇങ്ങ്നെ എന്തോരം കാര്യങ്ങള്ണ്ട് കാശ്ണ്ടെങെ ചെയ്യാൻ.. അപ്പളല്ലേ രാജ്യം മുമ്പാക്കം വരാ..
നാട്ട്ല് അപ്പ്ടി പഷ്ണി, സൂക്കേട്, ആള്കാര് മരിക്കാ… വാണം വിട്ടാ മതിയാ അപ്പോ…
അങ്ങ്നെ കെടന്ന് ചൊക്ളി ഒറങ്ങി.
പിറ്റന്ന് പഴേത് പുതീത് പെറ്ക്കലായിട്ട് നട്ക്കുമ്പോ ചെട്ടിച്ചിത്തള്ള ഒര് ഇര്മ്പ് വണ്ടീം തള്ളി ഏന്തി ഏന്തി വരണ്. കെതച്ച്ട്ട് പത വര്ണ്ട് അയിൻറെ വായേന്ന്.
ബാലേന്ദരനും സുകുമാഷും കൊറെ പിള്ളേരും കൂടി ഇന്നലെ ചെട്ടിച്ചിത്തള്ളേനെ അമ്മപ്പൂജ ചെയ്ത് കൊട്ത്തതാണ് ആ വണ്ടി.. ഇന്നലെ സന്ദിക്കാര്ന്ന് പൂജ.. സന്യാസിയോളും ഒക്കെ വന്ന് ചെട്ടിമാര്ടെ ഒപ്പം പാട്ടൊക്കെ പാടീന്ന്…
ചപ്പും ചവറും പെറ്ക്കീറ്റ് ആ വണ്ടി ഉന്തുമ്പോ ചൊക്ളിക്ക് ആകനെ ഒര് വെഷമം വന്നു.
ഒര് സങ്കടം..
നട്ട്ണ്ടാക്കിയ മരങ്ങള് മരപ്പൂജ ചെയ്ത് നാട്ടാരേക്കൊണ്ട് ആടും പശൂം കടിക്കാണ്ട് നോക്കിപ്പിച്ച്.. ചൊക്ളീണ് വെട്ടോഴീലെ മരങ്ങള് നട്ടേന്ന്ന്നെ ആര്ക്കും അറീല്ല.. അത് സാരല്ല..
ഈ പൂജോള് കാണുമ്പോ പേട്യാവാണ്. ജാനൂനേ കിട്ടീതും ഇങ്ങ്നെ പൂജോള് കയിഞ്ഞിറ്റാണ്…
അത് എന്തിറ്റ് വല്യ കള്ളത്തരാര്ന്ന്….
പൂജോളില് കള്ളത്ത് ര്ങ്ങ്ള്ണ്ട്..ചൊക്ളിക്ക് അതൊറപ്പാണ്..എന്തിറ്റ് പറ്ഞ്ഞാലും ഒര് പറ്റിപ്പ് കാണണ്ടി വരും....
ചൊക്ളിക്ക് വല്ലാണ്ട് ഈറ വന്ന്..