12/11/2020
വൈന്നാരം വെയില് ചായണവരെ ത് ര്ശ്ശൂര് കെട്ടിത്തിരിഞ്ഞ്. സപ്പേറ് ഓട്ടലീന്ന് മൂന്ന് ബിരിയാണി ചൊക്ളി വേട്ച്ച്. പ്രാഞ്ചീസ് മടക്കം പോയിപ്പളും വല്യ കാര്യായിറ്റ് ഒന്നും മിണ്ടീല്ല..
ചൊക്ളി മറിയപ്പാറേരവടെന്ന് നടന്ന് ചെന്ന് അയ്യപ്പൻ കുന്നിൻറോടത്തെ ചെറ്റക്കുടിലീക്കേറി ചെട്ടിച്ചത്തള്ളേരെ കൈയില് ബിരിയാണി വെച്ച് കൊട്ത്ത്. തള്ളേരെ കണ്ണില് വെള്ളം പൊട്ടണ കണ്ടപ്പോ ചൊക്ളി ഇങ്ങട്ട് നടന്നാ പോന്നു. ആരായ്ലും കരയണ കാണണത് വെഷ്മാണ്.
പ്രാഞ്ചീസ് കുളീം കഴിഞ്ഞ് ഇത്തിരി അന്തീം കൊണ്ടാണ് ബിരിയാണി ത് ന്നാൻ വന്നത്.
പാട്ടവെളക്ക് കൊള്ത്തി. മൺകലത്ത്ല് വെള്ളോം അടുത്ത് വെച്ച്. കള്ളു കുടിച്ചാലും ബിരിയാണി തിന്നുമ്പോ വെള്ളദാഹം വരും.
ജാതീം മതോം നോക്കി പണിക്ക് പോണകാലായ്യോന്നാര്ന്ന് ചൊക്ളീൻറെ പേടി. അവന് ഈപറഞ്ഞ രണ്ട മാരണവും ഇല്ല്യാല്ലോ.
മേത്തമ്മാര് എന്തിന്ണ് ഇന്തുക്കള്ടെ നാട്ട്ല് വന്ന് കൂടീത് എന്ന് ചൊക്ളിക്ക് വെഷമായി. അവര്ക്ക് അവരടെ നാട്ട്ല് ഇര്ന്നാ പോരേ..
പ്രാഞ്ചീസ് കത പറഞ്ഞു.
ഇതൊക്കേ ഇന്നലെ പള്ളിപൊളിച്ചപ്പൊ ണ്ടായ കതയല്ല ചൊക്ള്യേ. മേത്തമ്മാര് ഇബടെ വന്നട്ട് ആയിരോ അയിലദികൊ കൊല്ലായിണ്ടാവും. ക്രിസ്ത്യാനിയോള് വരണേൽക്ക് മുപ്പാട് ന്നെ മേത്തമ്മാരാ വന്നത്. അന്ന് ഇങ്ങനെ ഓട്ടിട്ട് നാട് ബരിക്കലല്ല. രാജാവ് ബരിക്കണ കാലാ.. വടക്കെങ്ങാണ്ട് ദൽഹീരെ അപ്പറത്തെ ഒര് രാജാവിൻറെ സുന്നരി മോള് ഒരു രാജാവിനെ പ്രേമിച്ച്. ഇന്തുവന്നേണ് ആ രാജാവ്.. ആദിക്ക് തന്ത രാജാവിന് ഇഷ്ടേര്ന്ന്. പിന്നെ തന്തക്ക് മോള് പ്രേമിച്ചോനോട് വഴക്കായി. അപ്പോ അവളെ വേറെ കല്യാണം കഴിപ്പിക്കാന്നായി. മോള് ജീവസ്സ് പോയ്യാ സമ്മതിക്കോ… ഇല്യ..
അവള് അവളക്ക് ഇഷ്ടള്ള രാജാവിന്റെ കൂടെ അങ്ങട് പോയി. തന്ത രാജാവിന് അത് വല്യേ മാനക്കേടായി… അയ്യാള് മരുമോനോടാ ജുദ്ദം ചീതു. അയില് പൊട്ടിപ്പാളീസായി.
അപ്പളും ഈയ്യ് ഭൂമിങ്ങനെ നീണ്ടു പരന്ന് കെടക്കല്ലേ.. അന്ന് വിസ്യൊന്നും വേണ്ട എങ്ങ്ട്ടേലും പൂവ്വാനും വരാനും. ഒരു മേത്തൻ രാജാവ് ഇന്നാട്ടിൽക്ക് വരാൻ ആയിറ്റ് പത്ത് പതിനാറ് വട്ടം നോക്കീറ്റും വഴിയെറ്റി മേത്തമ്മാര്രെന്നെ നാട്ടിൽക്ക് തിരിച്ച് പോയേര്ന്ന കാലാ അത്. ഈയ്യ ഇന്തു രാജാവ് മോളടെ കെട്ട്യോൻ രാജാവിനെ കൊല്ലാനായിറ്റ് ആ മേത്തൻ രാജാവിനെ കാട്ട് വഴീല് കാത്ത്ന്ന് സദ്യൊക്കെ കൊട്ത്ത് പാട്ട്ലാക്കി, മോളടെ കെട്ട്യോനെ കൊല്ലാമ്പറഞ്ഞു.
മേത്തൻ രാജാവും തന്തരാജാവും കൂടി മോളരെ കെട്ട്യോൻറട്ത്ത് ജുദ്ദത്തിന് പോയി. പിന്നീം പൊട്ടിപ്പാളീസായി…
ചൊക്ളി വയറ് നിറക്കെനെ ചിരിച്ച് ….നന്നായിപ്പോയി. മോളരെ കെട്ട്യോനെ കൊല്ലാൻ നട്ക്കണ തന്ത്യാ.. അതെന്തിറ്റ് തന്ത്യാണ്. മക്കളേ ഊദ്രവിക്കണ തന്താരെം തള്ളാരേം നല്ല കവളമടലോണ്ട് തല്ലിക്കൊല്ലണം.
പ്രാഞ്ചീസ് മൺകലത്ത്ല് ന്ന് വെള്ളം കുട്ച്ച്. ചിറി തൊട്ച്ച്. എന്ന്ട്ട് പറ്ഞ്ഞു.
ചിറിക്കണ്ടടാ ചൊക്ള്യേ… ആ ഇന്തുത്തന്ത ഒര് സാത്താനേര്ന്ന്. അയ്യാള് മരുമോൻറെ ഒര് വല്യ മന്ത്രീനേ ചാക്കിലാക്കി. ആയിരം കൊല്ലം മുപ്പാടും ചാക്കിലാക്കൊലെണ്ട് ടാ. അത് ഇപ്പള് തൊടങ്ങീതും ല്ല..ഇന്തും മാപ്ളേം മേത്തനും ന്നല്ല എല്ലാരും കാശ്, പേര്, പെണ്ണ്, സൊത്ത്, അതികാരന്നൊക്കെ പറഞ്ഞാ അപ്പ കേറും ചാക്ക്ല്. ഇന്നട്ട് മോളരേ കെട്ട്യോൻ രാജാവിന്റെ വാളിൻറേം കുന്തത്തിൻറേം രകസിയങ്ങള് അറ്ഞ്ഞ്ട്ട് ആ തന്ത മേത്തൻ രാജാവിന് പറ്ഞ്ഞ് കൊട്ത്ത് .
പിന്നേം ജുദ്ദം ചെയ്തപ്പോ മേത്തൻ രാജാവ് ആ സാത്താൻ ഇന്തുത്തന്തേടെ മരുമോനെ കൊന്ന്.
ചൊക്ളി ഞെട്ടിപ്പോയി. ഇങ്ങനീണ്ടോ ഒര് തന്ത…
ന്ന്ട്ടാണ് ചൊക്ളിയേ കത കാര്യായ്ത്. മോള് തീയിട്ട് അത് ല് ചാടി മര്ച്ചു. മേത്തൻ രാജാവ് ആ സാത്താൻ ഇന്തുത്തന്തേടെ തല്യാ വെട്ടി. കീട്ടിതൊക്കെ എട്ത്ത്. മേത്തൻരാജാവിൻറെ ആക്കി ആ നാടോളപ്പടി. ആ നാടോള് ബരിക്കാൻ വേറെ ഒര് മേത്തനേം വെച്ച്.
അങ്ങനീന് ആയിരം കൊല്ലം മുപ്പാടന്നെ മേത്തമ്മാര് ഈ ഇന്തുനാട്ട്ല് ബരിക്കല് തൊടങ്ങീത്.
അപ്പ അവര് പള്ളി പണ്ത്ണ്ടാവും. അള്ളാനെ വെച്ച്ണ്ടാവും. ഇപ്പൊ അതൊക്കെ പൊളിച്ച് അമ്പലം പണ്ത്ട്ട് എന്ത്നാ..
നമ്മള് ഇപ്പ ഇരിക്കണ പപ്പിനീരെ വീട് ആയിരം കൊല്ലം മുപ്പാട് പള്ള്യാരുന്നൂന്ന് പറ്ഞ്ഞ് ഞാനാ മൊയ്തീൻക്ക്യാ വന്നാ എങ്ങനീണ്ടാവുടാ…
ചൊക്ളിക്ക് തോന്നി… എല്ലര്ക്കും കോണം ഉട്ക്കാത്ത പ്രാന്തന്നേണ്.
ഈ മേത്തൻ രാജാവ് വരണേല്ക്ക് മുപ്പാടും മൂന്നാല് മേത്തമ്മാര് കള്ളമ്മാര് വന്ന് ണ്ട് ഇന്തുക്കള്ടെ നാട് കൊള്ളേടാൻ..കട്ട് മുടിച്ച് അവറ്റ പോയി.
ഇന്തുക്കള്ടെ നാട് ബരിക്കാൻ മേത്തമ്മാരെ വിളിച്ച് ഏപ്പിച്ചത് ഇന്തുക്കളന്യാണ്ടാ ചൊക്ളിയേ. അതും സൊന്തം മോളടെ കെട്ട്യോനെ കൊല്ലാൻ അമ്പ് പെര്ന്നാള് പോലെ എഴുന്നള്ളിച്ച് കൊണ്ടന്നതാ. ഇന്നട്ട് പിന്നെ പാക്കിസ്ഥാന്ല്ക്ക് പൊക്കോ, പള്ളി പൊളിച്ച് അമ്പലം പണീണ്, പന്നീൻറന്തി പെറ്റ് കൂട്ടേണ്..ഇങ്ങനെ ഓരോ ന്ന് പറഞ്ഞ് വഴക്കായിട്ടെന്താ…?
പ്രാഞ്ചീസ് ഏൻറ്റു. …
ചോറ്, പെര, ഉട്ക്കാൻ തുണി, പണി, ഉസ്ക്കൂള്, റോഡ്, ആശ്പത്രി, ആവശ്യത്തിന് വണ്ട്യോള്….ഇത് ലും ഒക്കേം വല്തായി മതോം ജാതീം സർക്കാര് പറഞ്ഞൊടങ്ങിയാ, പള്ളിയോളും അമ്പലങ്ങളും പൊളിപ്പിച്ചൊടങ്ങിയാ… ചൊക്ളി യേ ആ നാട് തൊലഞ്ഞൊടങ്ങീന്നാ അർഥം…
ഇമ്മടെ നാട് നശിക്കേണ് ചൊക്ളി...
1 comment:
വായിക്കുന്നു ...
Post a Comment