Monday, December 14, 2020

ചൊക്ളി 56

10/12/2020
പപ്പിനീരെ ചെല വർത്താനങ്ങള് കേക്കുമ്പോ ഇബള് ആര്ടേങ്കിലും കൈയീന്ന് അടി വേടിക്കോന്ന് ചൊക്ളിക്ക് പേട്യാവും.. കാണ്ണണ പെണ്ണങ്ങളോടൊക്കെ നമ്മള് ഒര്മിച്ച് നിക്കണന്ന് പറേണതാണ് അവളടെ പണി. എന്ത് കാര്യായാലും പെണ്ണങ്ങള് ഒന്നിച്ചാ അതൊര് ബലാന്ന് അവള് പറേമ്പളൊക്കെ ആളക്കാര് അവളെങ്ങനെ തുറിച്ചോക്കും. ആ ഒറക്കുപ്പായം വേടിക്കാനും പെണ്ണങ്ങള് വരും. മേത്തച്ച്യോള് ഇമ്മിണി വരും. ആ കറത്ത കുപ്പായത്തിൻറടീല് ഈ ഒറക്കുപ്പായോം ഇട്ട് ദൂഭേല്ക്ക് വരെ വിമാനത്തീ കേറിപ്പോവ്വാന്നാണ്ണ് അവററിങ്ങള് പറേണത്. അവറ്റീങ്ങളോടും പപ്പിനി ഇങ്ങ്യനൊക്കെ പറേം.
ചൊക്ളി നന്നായി ഒറക്കുപ്പായം വെട്ടാൻ പടിച്ച്. പിന്നെ കാലൊറേം മേക്കുപ്പായോം വെട്ടാനും പടിച്ചു. എന്നും തുണിയോള് രാത്ത്‌രീല് വെട്ടിയാ വെക്കും. പകല് പപ്പിനി തൈച്ചോട്ടേ.
നല്ല കാശ് കിട്ട്ണ്ട് അവളക്ക്. പെണ്ണങ്ങള്ടെ പഞ്ചായത്ത് പറേല് കഴിഞ്ഞാലും. എരിഞ്ഞാലക്കൊടേല് മാത്രല്ല ത്ര്ശ്ശുരു്‌ ഫേഷന്സിലും എലേററിലും കൊടക്ക്ല്ണ്ട് ഇപ്പോ ഒറക്കുപ്പായം. നാക്ക് കാരീണേങ്കിലും ഇടുക്കണ പണി അവള് മെനക്കാ ചിയ്യും.
പയിനഞ്ചൂസം കയിഞ്ഞപ്പോ ഇന്തുക്കള്ടെ പർദാനമന്ത്‌രിയാ പോയി. പിന്നൊര് കശണ്ടിത്തലേൻ വന്ന്. അയ്യാള് മ്മ്ടെ നാട്ടിൻറട്ത്തേ ഒര് നാട്ട്ലെയാന്ന്.. നമ്മക്കെന്താ കാരിയം?
പണീട്ത്താ ജീവിക്കാൻ പറ്റോന്ന് നോക്കാം അതന്നെ..
ആ ഇന്തു പർദാനമന്ത്‌രി പോയത് മേത്തമ്മാര്‌ക്ക് സന്തോശായീന്നാണ് ചൊക്ളിക്ക് തോന്നീത്. നാട്ട്ല് മുഴോനും മേത്തമ്മാര് നെറഞ്ഞൂന്നാണ് ബാലേന്ദരനും സുകുമാഷും ഇപ്പോ പുതീതായി അവരൊപ്പള്ള പട്ടമ്മാരും നമ്പൂരാരും നായമ്മാരും ഒക്കേം ഏതേരോം പറഞ്ഞ് നട്ക്കണത്. നോക്കുമ്പോ ശരീണ്. മറിയപ്പാറേന്ന് മൂർക്കല്ലൂര് വരേ അദികോം മേത്തമ്മാര് ന്യാ. അവരേ കടോള്, അവ്ടീണ്ങ്ങി കിട്ടാത്തൊന്നൂല്ല, ദൂഭേക്കാര്ടെ വീടോളില് കിട്ട്ണ സാനങ്ങളൊക്കേണ്ട് അവടെ. ലൂട്ടി ഇല്ല്യാത്ത കടോളാണ്. എന്തിറ്റാവോ ഈ ലൂട്ടി? കറ്ത്ത കുപ്പായം ഇട്ട്ട്ടാച്ചാലും പത്ത് പയിനെട്ട് വയസ്സാവ്ണ വരെ പെങ്കുട്ട്യോളേം പടിക്കാൻ വിട്ണ്ട്. അവര്യന്നെ ഉസ്കൂള്. കാറ് കട, ഒക്കീണ്ട്. മേത്തമ്മാര് പെറ്റ് പെര്കാന്നാ പറേണ്. ഇത്രേം ഏടുന്നാണ്ടും വന്ന്താവ്വോ..
പപ്പിനീരെ തൊള്ളേന്ന് ഉത്തരാ ചാടി. പ്രാഞ്ചീസും ഒന്നും പറഞ്ഞ്ല്ല അപ്പോ.
ഈയ്യ മേത്തമ്മാര് ഒക്കെ അബടേം ഇബടേം ഒക്കേയായിറ്റ് ഇണ്ടാര്ന്നു. അന്ന് ദൂഭേൽന്ന് കാശൊന്നും വന്നേര്ന്നില്ല. കാശാര് മേത്തമ്മാര് കാറിലങ്ങ്ടാ പൂവ്വും. ആരും കാണ്ണും കൂടില്ല.. കാശ് കൊറഞ്ഞോര് വല്ലോടത്തും പണീട്ത്താ കഴീണ്ടാവും. അബരേം ആരും കാണ്ണ്ല്യാ. ഇപ്പേ എല്ലര്ടെ അട്ത്തും കാശ് വന്ന്.. പൊന്ന് വന്ന്.
'അപ്പടി കൊഴല് പണാന്നാ പപ്പിന്യേ പറേണ്ണത്' പ്രാഞ്ചീസ് എടേല് കേറി..
പപ്പിനി ചിറിച്ചു..
'അങ്ങനേരിക്കും. കൊഴല് പണം മേത്തമ്മാര് മാത്തറേ കൊണ്ട് രൊള്ളോ. എല്ലരും കൊണ്ടരും. സർക്കാറ്ക്ക് പുടിക്കലാമേ.. എന്നാ പുടിക്കലൈ.. സറ്ക്കാര് ആപ്പീശറും എട്ക്കും. ഇനി ഇട്ക്കാത്ത ആപ്പീശറ്ണ്ടെങ്കെ എല്ലരും ശേന്ത് കൊണ്ണു പോടും'
ചൊക്ളിക്ക് പേടിയായി. ഇബള് പിശാശ് തന്നേണ്.. ഇങ്ങ്നൊക്കെ പറയ്യേ..
'കാശ് വന്തപ്പൊ മേത്തമ്മാര് ടവുണ്ണിലും
അയ്‌വേൻറരീലും ഒക്കെ വീടും കുടീം കടേം വെച്ച്. കാറില്ങ്ങ്ട് പോയൊടങ്ങീ. അപ്പോ മേത്തമ്മാര് എല്ലര്ക്കും കണ്ണില് കാണ്ണണ്ണ പോലേ പാര്ക്കാൻ തൊടങ്ങീ.. അദ്ണ് പെറ്റൂന്നും പെര്കീന്നു
പറേണ്.. എത്തറ പെറ്റാലും പെര്കിയാലും ഇന്തുക്കള്ടെ ഒപ്പെത്ത്ല്ല അവര്. ഒര് പേറില് ഇരുവത് കുട്ടീണ്ടാവോ ഒര് മേത്തച്ചിക്ക്…'
പപ്പിനീരെ വായേന്ന് വീഴണ വർത്താനങ്ങളാണ്.
കാശില്ലാത്ത കാലത്ത് മേത്തമ്മാര്‌ക്ക് കൊറേ ശംങ്കഡന ഒന്ന്ണ്ടാര്ന്നില്ല. ഇപ്പോ മറിയപ്പാറേന്ന് മൂർക്കല്ലൂര് വരേക്കും പല്തരം ശംങ്കഡനോളാണ്. ഒരെണ്ണം കൂടിയ മേത്തത്തം ഇള്ളത്. പിന്നൊരെണ്ണം ഇത്തിരി കൊറഞ്ഞത്. പിന്നേ അയിലും കൊറഞ്ഞത്. അവര് തമ്മില് ഇന്നട്ട് വല്യ വഴക്കൂണ്ടാവും..
എന്തിറ്റാവോ വഴക്ക്..
ചൊക്ളിക്ക് ഒന്നും തിരിയില്ല. മേത്തത്തം കൂടിയോര് ഇന്തുത്തം പറേണ്ണവര്ടെ മാതിര്യൊര് കാട്ടായാ.. കാണ്ണോരൊക്കെ മേത്തമ്മാരാവണംന്നാ പറച്ചില്.
ചൊക്ളിക്ക് തൊയിരക്കേട് തോന്നും. ഇന്തുത്തോം മേത്തത്തോം കൊറേ കൂടിയോരേ കാണുമ്പോ..
ചൊക്ളീം പപ്പിനീം ഒക്കെ ആര്ണ്? മനിഷേമ്മാര് മാത്തറല്ലേ..
പ്രാഞ്ചീസ് പിന്നീം ഒര് ഓട്ടർഷ വേടിച്ചു. ഒര് പെട്ടി ഓട്ടർഷ. നാട്ട്‌ലാകെനെ കെട്ടിടം പണിണ്ല്ലോ. അപ്പോ സാനങ്ങളും കൊണ്ട് ഓട്ടം കിട്ടുന്ന് വെച്ച്ട്ട്…
അപ്പളാണ് അറിഞ്ഞേ പാറ്ട്ടീരെ വെല്ല്യോരു നേതാവ്നോട് പർദാനമന്ത്‌രി ആവാൻ പറേണ്ട്. പാറ്ട്ടി ദല്കീല് മന്ത്‌രിമാര്ടെ കൂട്ടത്ത്‌ല് ചേര്ണ്ട്ന്ന് ഒക്കെ..
പപ്പിനീരെ മോത്ത് എന്താ തെളിച്ചം…
പാറ്ട്ടി അങ്ങ്നെ ചെയ്താ ന്താ ഒര് പെഷല് കാര്യന്ന് ചൊക്ളിക്ക് തിരിഞ്ഞ്ല്ല.
ഇന്നാലും പപ്പിനി ഓടിവന്ന് മുറുക്കെ കെട്ടിപ്പിടിച്ചപ്പോ മനസ്സ്ല് തണത്തൊര് പൊഴേല് കുളിച്ച പോലത്തെ സുകം.

No comments: