Monday, December 14, 2020

ചൊക്ളി 57

12/12/2020
പപ്പിനി മുഴോൻ നേരോം പ്രാഞ്ചീസിനേം രാഗവേട്ടനേം ഉണ്ണ്യേം മോഗനനേം പാറ്ട്ടീല്ള്ള എല്ലാരേം വല്ലിയ നേദാക്കമ്മാരേം ഇപ്പളത്തെ മുക്കിയമന്ത്‌രീനേം ചീത്ത പറേണ്ണ്. 'അച്ചുവാനന്തൻ വരണാര്ന്ന് അയ്യാള് പറഞ്ഞേനേം. അപ്പോ വല്യ നേതാവ്
പർദാനമന്ത്‌രി ആയേനേം' എന്നൊക്കെ നെലോളിക്കണ്.. പ്‌രാക്ണ്.
അയിൻറെടേല് ഒറക്കുപ്പായം തയിക്കണ്, ചോറും മീങ്കറീം ഇണ്ടാക്കണ്.. ചമ്മന്തി അരക്കണ്.
'മിണ്ടാണ്ടിരിക്ക് പപ്പിന്യേ, അച്ചുവാനന്തൻ തോറ്റ്ല്ലേ, പിന്നെങ്ങ്നാ വരാ, പറയ്യാ'ന്ന് രാഗവേട്ടൻ ആയം പറഞ്ഞോക്കി.
'അപ്പ പെണ്ണങ്ങളെ മുക്കിയമന്ത്‌രീ ആക്കീലാ'ന്നായി പപ്പിനീരെ തൊള്ളേടല്.
'പാറ്ട്ടിക്കും പെണ്ണങ്ങളെ വേണ്ട. അദ്ണ് സത്തിയം.'
'പാറ്ട്ടീരെ ആ വല്യ നേതാവ് പർദാനമന്ത്‌രി ആവണ്ടതാര്ന്ന് ' എന്നാണ് പപ്പിനീരെ നെലോളി. അല്ലാണ്ട് പൊറത്ത് നിന്ന് സകായിക്കല്ല വേണ്ടത്..
'അദ് മ്മടെ നാട്ട്ല് വല്യ മാറ്റായേനേന്ന്.. അങ്ങ്നെ എള്തരം കാട്ടി നാട് തൊലക്കാനാ നിന്നേന്ന് പാറ്ട്ടി… '
'നിങ്ങള് ഒക്കെ ഞോക്കിക്കോ.. കൊർച്ച് കഴീമ്പോ പൂജേം ചപോം പാർത്തിക്കലും ആയിറ്റ് ഇന്തുത്തം വരും. അയിന് വയി വെട്ടാ പാറ്ട്ടി ഇങ്ങ്നെ ഒയിഞ്ഞീട്ട്..'
രാഗവേട്ടനും ബാക്കിള്ളോരും ആയം പറഞ്ഞ്ട്ട് അവള് കേക്ക്ണില്ല. പിന്നവര് പോയി. ചൊക്ളീം അങ്ങാടീൽക്ക് എറങ്ങി.
ഇപ്പോ അങ്ങ്നെ ചായേം കുടിച്ച് വെർതെ ഇരിക്കാമ്പറ്റണ കടോള് ഇല്ല്യാന്നന്നെ പറയാം. പൊഴമ്പള്ളത്തൂല്ല. പാവക്കാട്ട്ല് ഇത്തിരി
ഉള്ളിൽ‌ക്ക് പോയ്യാ ചെല ചെറ്യ കടോള്ണ്ട്.
പപ്പിനീരെ കാര്യം വല്യ കഷ്ടാണ്. പാറ്ട്ടീന്ന്ച്ചാ ചാവും. എന്നാ പാറ്ട്ടീരെ പല കാരിയങ്ങളും ഇഷ്ടല്ല… അവളക്ക് എല്ലരോടും സിനേകാണ്. അത് ആര്ക്കും തിരിയില്ല. എല്ലരും അവളരെ തൊള്ള തൊറന്നാ ഒരടി കൊട്ക്കണന്ന് വിചാരിക്കും. പാറ്ട്ടീരെ ആള്ക്കാരെനേ വെർപ്പിച്ചാ പിന്നാരാണ്ടാവാ ഒര് തൊണയ്ക്ക്.
ചൊക്ളിക്ക് പപ്പിനീനെ പേട്പ്പിച്ച് നിർത്താമ്പറ്റില്ല. അവളോട് സിനേകാണ്.. എന്തിറ്റ് സിനേകാ അത് ന്ന് പലേ വട്ടം പ്രാഞ്ചീസ് ചോയിച്ച്..
അവള്‌രെ അട്ത്താവ്മ്പോ തണലത്ത് കാറ്റും കൊണ്ട് ഇരിക്കണ പോല്യാന്ന് പറ്ഞ്ഞു. വേറൊന്നുല്ല പറയാനായിറ്റ്..
പപ്പിനീനെ നാട്ടാര് പിടിച്ച് തല്ലോന്ന്ള്ള ആധീലാണ് ചൊക്ളീരേ കൊറേ ദൂസങ്ങള് കയിഞ്ഞു പോയേ..അദിന് ചേഴം.
പിന്നെ പത്ക്കനെ ചൊക്ളി അതാ മറന്നു.
ഈയടെ കൊറച്ചീസായിട്ട് വെള്ത്ത മുസ്‌ലിം പള്ളീല് എന്താവോ വെല്യോര് ആഗോഷ്ണ്ണ്. പെര്ന്നാളാ എന്തിറ്റാവോ ? രാത്ത്‌രീല് കുറാൻന്ന്ള്ള അവരെ പുസ്സ്തത്തിനെപ്പറ്റി പറേണുണ്ടാവും.. ചൊക്ളി ഇടയ്ക്കൊക്കേ അവ്ടെ ചെന്നിരിക്കും. ഒന്നുങ്ങട് തിരിയില്ല..ഒര് ജാതി ബാഷേണ്. പിന്നെ വല്ല പലകാരോം വാങ്ങീറ്റ് പോരും.
അങ്ങന്നീണ് ഒരീസം മമ്മോട്ടിന്ന് പറേണ സിലിമക്കാരൻ വരണ്ട്ന്ന് കേട്ട്ത്. അയ്യാള്‌ടെ സിലിമോള് ചൊക്ളി കണ്ട്ട്. നല്ല ഭംഗീണ് അയ്യാള്ക്ക്. അട്ത്ത് കാണാച്ചാ നല്ലതന്നേന്ന് ചൊക്ളീം വിജാരിച്ച്.
പപ്പിനീനോട് 'നല്ല ചേല കെട്ടിക്കോ മ്മക്ക് പൂവ്വാടീ'ന്ന് പറഞ്ഞപ്പോ, അവളക്ക് അയ്യാളേനേ കാണണ്ട. 'അയ്യാള് സകല പെണ്ണങ്ങളേം മോശാക്കണ വർത്താനം പറഞ്ഞ്ട്ടും
പെണ്ണങ്ങള്‌രെ ചെവിട്ടത്തടിച്ച്ട്ടും സിലിമേല് നിക്കാന്ന്.' അവളരെ കണ്ട് പിട്ത്തേണ്.
പ്രാഞ്ചീസ് സമ്മേയ്ച്ചില്ല.
'അയ്യാള് സൊന്തം ഭാര്യേ തല്ലണില്ലാന്നേയ്. ഇതൊക്കെ കതയല്ലേ.. കതേല് അങ്ങനൊക്കിണ്ടാവും. പിന്നേയ്, അയ്യാള് മ്മ്ടെ പാറ്ട്ടിക്കാരനാ. അത് മറ്ക്കണ്ട. '
പപ്പിനി അവളരെ തൊള്ള പൊളിച്ചു.
'അയ്യാള് ഭാര്യേ തല്ല്ണ്ടോന്ന് നമ്മ്ക്ക് അറീല്ല. അത് ല്ല. അയ്യാള് പാറ്ട്ടീരെ മൻഷനാച്ചാ പെണ്ണങ്ങളെ മോശാക്കി പറേര്ത്, അടിക്കര്ത് എന്ന് അറീല്ലേ.. പാറ്ട്ടി പറേണ്ടാ അങ്ങ്നെ ചിയ്യാൻ.. പെണ്ണങ്ങളെ അടിച്ചൊതുക്ക്ണ കാണ്‌മ്പൊ എല്ലാ ആണങ്ങള്ക്കും ഒര് കുളിരാ.. പെണ്ണങ്ങ്ളെ നെലക്ക് നിറ്ത്തലല്ലേ ആണ്ങ്ങള്ടെ ജീവ്തത്തില് ഒരേ ഒര് പണി. '
'അയ്യാള് പെണ്ണ്ങ്ങളെ സ്നേഹിക്കലും ഇല്ല്യേ സിന്മേല്.. അത് നീയ്യ് കണ്ട്ട്ട്‌ല്ലേ.. '
പ്രാഞ്ചീസ്ന് മമ്മോട്ടീനെ കുറ്റം പറ്ഞ്ഞാ സയിക്കില്ല. അയ്യാള്‌ടെ പടങ്ങള് എറങ്ങ്ണ ദൂസം കാണും. എവിട്യാണ്ട് പോയി അയ്യാളെ കണ്ട് പോട്ടം പിട്ച്ച്ണ്ട്. അയ്യാള്‌ടെ ഒപ്പ് വേടിച്ച്‌ണ്ട്. അതൊക്കെ പ്രാഞ്ചീസ് മുറീല് ചില്ലിട്ട് തൂക്കീണ്ട്. പിന്നെ അയ്യാള്ടെ പോലെ നെറള്ള ചില്ലിൻറെ കണ്ണാടേം പറ്റ്മ്പളൊക്കെ വെക്കും.
'ടാ പ്രാഞ്ചീസേ, ഒര് പാട്ട് പാടി വഞ്ചീല് പോണതാ, കൊറച്ച് പുല്ലുമ്മേ കെടന്ന് ഇളിച്ച് കാട്ടണതാ ഒന്നല്ല സിനേഹം. അയ്യാള് ഒര് വല്യ മൻഷനാണ്.
ഉമ്മിണിപ്പേര്ണ്ട് അയ്യാള് ചിയ്യണ പോല്യൊക്കെ ഓരോന്ന് ചിയ്യാൻ കൊതിയായിട്ട്. അപ്പോ പാറ്ട്ടീനെ അറീണ അയ്യാള് പെണ്ണ്ങ്ങളോട് മോശായിട്ട് മിണ്ടര്ത്, അടിക്കര്ത്. ആള്കാര് അങ്ങ്നെ ചിയ്യണത് ശര്യാന്ന് വിചാരിക്കും. അയ്യാള്ക്കൊക്കെ നാട്ടാരോട് വല്യ ചൊമതലേണ്ട്…'
പ്രാഞ്ചീസ്‌ന് ഏതാണ്ട് ഒക്കെ തിരിഞ്ഞ പോലേ തോന്നി.
എന്തായിറ്റും അവള് വന്ന്ല്യ..
ചൊക്ളീം പ്രാഞ്ചീസും പോയി കണ്ടു. മൊയ്തീൻക്കെരേ വീട്ട്ലാര്ന്നു അദിയ നേരം അയ്യാള് ഇര്ന്നത്. കൊറെ ആള്കാര് വന്നേര്ന്നു.
ചൊക്ളിക്ക് അങ്ങട്ട് കൊതിയായി. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച്
ഉമ്മ വെയ്ക്കാനാ തോന്നീത്… എന്താ നെറം.. എന്താ ഭംഗി.. ആണാച്ചാ ഇങ്ങ്നെ ഇര്ക്കണം. ചൊക്ളി ഇത്ര ഭംഗിള്ളോരാണിനെ ഇദ് വരേക്കും കണ്ട്‌ട്ട്ല്ല.
പ്രാഞ്ചീസും കണ്ട്ട്ട്‌ല്ല.
എന്തിറ്റ് പറയാനാ, മറിയപ്പാറേലന്നെ ആരും
കണ്ട്‌ട്ട്ല്ല.
'മേത്തനാച്ചാലും കന്തർവനാ'ന്ന് തൊണ്ണൂറു ചെന്ന വാരസ്യാര് പറയേം ചീതു.

No comments: