
നോവല്‍ 14
മകന്‍ അഞ്ചാം ക്ലാസ്സിലേക്ക് ചേരുന്നത് വീട്ടിലെ വലിയ ബുദ്ധിമുട്ടായി മാറി. അവനു ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ പഠിക്കണമായിരുന്നു. അവന്റെ കൂട്ടുകാരൊക്കെ അങ്ങോട്ട് മാറിയതായിരുന്നു കാരണം.
അവന്റെ അച്ഛനു അതിഷ്ടമായില്ല. ഫീസ് ജാസ്തിയാണല്ലോ. അവളുടെ വരുമാനത്തില്‍ നിന്ന് അത് ചെലവാക്കാമെങ്കിലും അവളും മകനും കൂടി തീരുമാനിക്കുന്നതിനെയെല്ലാം എതിര്‍ക്കേണ്ടത് അയാളുടെ ഒരു ആവശ്യമായിരുന്നു. അതില്‍ വല്ലപ്പോഴുമുള്ള പിറ്റ്‌സ കഴിയ്ക്കല്‍, ഉരുളക്കിഴങ്ങ് വറ്റല്‍ തിന്നല്‍, ഐസ് ക്രീം രുചിയ്ക്കല്‍ എല്ലാം പെട്ടിരുന്നു. ആദ്യമൊക്കെ അവന്‍ വാശി എടുത്ത് കരയുമായിരുന്നു. നമുക്ക് കാശില്ലെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണോ സ്ഥിരം വഴക്ക് കണ്ടിട്ടാണോ എന്തോ അവനും അതൊക്കെ നിറുത്തി. അമ്മ മാത്രമേ ജോലിയ്ക്ക് പോകുന്നുള്ളൂ എന്ന് അവനറിയാമായിരുന്നു. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് അച്ഛന് ഇപ്പോള്‍ കാശൊന്നും കിട്ടുന്നില്ലെന്ന് അവന്‍ മനസ്സിലാക്കി.
പുതിയ സ്‌ക്കൂളിന്റെ എന്‍ട്രന്‍സ് പരീക്ഷയില്‍ അവന്‍ പുല്ലു പോലെ ജയിച്ചു. അഡ്മിഷന്‍ സമയത്ത് അയാള്‍ സ്‌ക്കൂളിനു പുറത്ത് തന്നെ മുനിഞ്ഞ് നിന്ന് അയാളുടെ പ്രതിഷേധം രേഖപ്പെടുത്തി.
പത്ത് പതിനഞ്ചു ദിവസം അയാള്‍ മൌനവ്രതവും ഉണ്ണാവ്രതവും പാലിച്ചു. അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ എല്ലായ്‌പ്പോഴും അയാള്‍ ഇത്തരം വ്രതങ്ങള്‍ എടുത്തു പോന്നു. അയാളെ സംസാരിപ്പിക്കേണ്ടതും ഭക്ഷണം കഴിപ്പിക്കേണ്ടതും അങ്ങനെ അവളുടെ ജോലിയാക്കി അയാള്‍ മാറ്റിയിരുന്നു. എത്ര മാപ്പു പറഞ്ഞാലും തീരാത്തവയായിരുന്നു അവളുടെ കുറ്റങ്ങള്‍ . എപ്പോള്‍ വഴക്കുണ്ടായാലും അയാള്‍ അതെല്ലാം ആദ്യം മുതല്‍, അവളുടെ കാലു തടവേണ്ടി വന്നതു മുതല്‍ എപ്പോഴൊ ചായ നേരത്തിനു നല്‍കാതിരുന്നതു മുതല്‍ ഉള്ള കുറ്റങ്ങള്‍ എണ്ണി എണ്ണി ആവര്‍ത്തിച്ചു. അവളുടെ സംഭവിച്ചു പോയ വീഴ്ചകള്‍ക്ക് അയാളുടെ പക്കല്‍ ഒരിയ്ക്കലും മാപ്പില്ലായിരുന്നു.
അമ്മ അവനെ സ്‌കൂള്‍ ബസ്സ് കയറ്റി വിട്ട് യാത്രയാക്കാന്‍ വരണമെന്ന് മോന്‍ നിര്‍ബന്ധിച്ചിരുന്നു.അതിനവള്‍ എന്നും രാവിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതിനെച്ചൊല്ലി എന്നും അവര്‍ കലഹിച്ചു. അവനു സ്വയം പര്യാപ്തത വരില്ലെന്നായിരുന്നു അയാളുടെ ന്യായം. അവന്റെ കുഞ്ഞിക്കൈ കൊണ്ടുള്ള ടാറ്റാ അവളുടെ മനസ്സ് നിറച്ചിരുന്നു. അതുപേക്ഷീക്കാന്‍ അവള്‍ തയാറായില്ല. അവന്‍ നേരം വൈകി എണീറ്റിട്ട് ബസ് കിട്ടാതെ വന്നാല്‍ അവനെ സ്‌കൂളില്‍ കൊണ്ടു വിടുന്നതിനും അയാള്‍ മടിച്ചു. അവന്‍ എണീക്കാന്‍ വൈകുന്ന ദിവസങ്ങളിലും അവര്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ക്കിഷ്ടമില്ലാത്ത സ്‌കൂളില്‍ ചേര്‍ത്തതുകൊണ്ടുള്ള കോപമായിരുന്നു അതെല്ലാം. കുറെ വഴക്കിട്ടതിനുശേഷം ' 'കഴുതേ, ബുദ്ദൂ, നിന്നെ എന്തിനു കൊള്ളാമെടാ, മരങ്ങോടാ, അമ്മേടെ മടീലിരിക്കണ കഴുത മോനെ' എന്നെല്ലാം മുറുമുറുത്തുകൊണ്ട് അയാള്‍ അവനെ സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നു.
അപ്പോഴാണ് അവള്‍ക്ക് ഡ്രൈവറെ വെച്ചു കൊടുക്കാന്‍ കമ്പനി തീരുമാനിച്ചത്. അയാള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. അയാള്‍ അവളെ ജോലിക്ക് കൊണ്ടു വിടുകയും കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാമെന്നായിരുന്നു അയാളുടെ വാഗ്ദാനം. ദിവസങ്ങളോളം നീളുന്ന വഴക്ക് ഒഴിവാക്കാന്‍ അവള്‍ അതിനു സമ്മതിക്കുകയായിരുന്നു.
അങ്ങനെ കൂടുതല്‍ വലിയൊരു കാറു വാങ്ങാന്‍ അവര്‍ തീരുമാനിച്ചു.
അയാളുടെ ബാങ്കില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ പണം അയാളുടെ ബാങ്കിലേക്ക് മാറ്റിക്കൊടുത്ത് അയാളെ കടമെടുത്ത് കാറു വാങ്ങാന്‍ ബാങ്കിനു മുന്നില്‍ യോഗ്യനാക്കി.അങ്ങനെ വലിയ കാര്‍ അയാളുടെ മാത്രം പേരിലായി. അവള്‍ക്ക് കാറിനും ഡ്രൈവര്‍ക്കും പെട്രോളിനുമായി കമ്പനിയില്‍ നിന്നും കിട്ടുന്ന അലവന്‍സും അയാളുടെ പേരിലേക്ക് അവള്‍ മാറ്റിക്കൊടുത്തു. അങ്ങനെ മാസം നാല്‍പതിനായിരം രൂപ അവളുടെ കമ്പനി അയാള്‍ക്ക് നല്‍കിപ്പോന്നു. അതില്‍ നിന്നാണ് അയാള്‍ കാറിന്റെ കടം അടച്ചുകൊണ്ടിരുന്നത്.
ഓരോ കാര്യം അയാള്‍ക്കായി ചെയ്തുകൊടുക്കുമ്പോഴും അവള്‍ കരുതിയത് അയാള്‍ക്ക് അവളോട് സ്‌നേഹം ഉണ്ടാവുമെന്നായിരുന്നു. സ്വന്തം ബാങ്കില്‍ ഒട്ടും പണമില്ലാതായി എന്നൊരു അപകര്‍ഷതാബോധം അയാളില്‍ ജനിച്ച് അതില്‍ നിന്നു കൂടി അയാള്‍ വഴക്കിടാന്‍ കാരണം കണ്ടുപിടിയ്ക്കാതിരിയ്ക്കട്ടെ എന്ന് അവള്‍ കരുതി. എന്നാല്‍ അവളില്‍ നിന്ന് കിട്ടിയതൊന്നും കാര്യമില്ല... കിട്ടാത്ത മറ്റെന്തോ ആയിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. അതെന്താണെന്ന് ശരിയായി പരിചയപ്പെടുത്തിക്കൊടുക്കാനുള്ള കഴിവോ മനസ്സോ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. അത് മനസ്സിലാക്കാന്‍ അവള്‍ പരീക്ഷിച്ച മാര്‍ഗങ്ങളിലെല്ലാം അവളെ കാത്തിരുന്നത് തോല്‍ വികള്‍ മാത്രമായിരുന്നു.
വലിയ കാര്‍ വന്നതുകൊണ്ട് ജീവിതത്തില്‍ ഒരു മെച്ചവും ഉണ്ടായില്ല.
അനാഥപ്പെണ്ണിനോടുള്ള അയാളുടെ കോപം അടിയ്ക്കടി വര്‍ദ്ധിച്ചു വന്നു. അവള്‍ മകനെ ഹോം വര്‍ക്ക് ചെയ്യിക്കുന്നത് അതികഠിനമായ പഠിപ്പിക്കലാണെന്ന് അയാള്‍ ആരോപിച്ചു.മകന്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ അവനെയും കൂട്ടി ബെഡ് റൂമില്‍ക്കയറി ടി വി കണ്ടിരിക്കലായി അയാളുടെ പതിവ്. വേലക്കാരിക്ക് മകനും അച്ഛനും കൂടി സന്തോഷമായിരിക്കുമ്പോള്‍ വിളിക്കാന്‍ എന്തവകാശം എന്നായിരുന്നു അയാള്‍ ചോദിച്ചത്. മകന്റെ ഹോം വര്‍ക്കുകള്‍ അയാളെ അലട്ടിയതേയില്ല. അവനെ എങ്ങനെയെങ്കിലും അനാഥപ്പെണ്ണില്‍ നിന്ന് അകറ്റണമെന്ന് അയാള്‍ തീരുമാനിച്ചതു പോലെയായിരുന്നു.
ഹോം വര്‍ക് ചെയ്യുന്നതിലും പഠിക്കുന്നതിലും എളുപ്പം ടി വി കാണുന്നതാണല്ലോ എന്ന് മകനും അത് സന്തോഷപ്രദമായ ഒരു കാര്യമായിത്തീര്‍ന്നു.
( തുടരും )

നോവല്‍ 13
അവള്‍ കൊടുത്ത നാലു ലക്ഷം പോയെന്ന് മാത്രമേ അയാള്‍ അവളോട് പറഞ്ഞുള്ളൂ. അയാള്‍ സമ്പാദിച്ച പണം എത്ര നഷ്ടമായെന്ന് അയാള്‍ ഒരിക്കലും ഒരു കാലത്തും അവളോട് തുറന്ന് പറഞ്ഞില്ല.
അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
പ്രൊഫഷണല്‍ ലൈഫില്‍ അവള്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ഓരോ പടിയും കയറിയതെന്ന് അവള്‍ വിളിച്ചു പറഞ്ഞു.
വെറും ആയിരം രൂപ ശമ്പളത്തിനു ആദ്യം ട്രെയിനിംഗിനു നിന്ന ഓഫീസിനെപ്പറ്റിയും പെണ്ണായതുകൊണ്ട് സൈറ്റ് വര്‍ക്കിനു അനുയോജ്യയല്ല എന്ന് അവളെ ഒഴിവാക്കിയ, ഇന്ത്യ മുഴുവന്‍ പേരുകേട്ട കണ്‍സള്‍ട്ടന്‍സിയേയും പറ്റി പറയുമ്പോള്‍ അവള്‍ക്ക് വായ കയ്ച്ചു.
ഡ്രോയിംഗ് ട്രേസ് ചെയ്യുന്നതു മുതല്‍ ഫോട്ടൊകോപ്പി എടുക്കാനും ഡ്രോയിംഗ് മടക്കി വെയ്ക്കാനും വരെ പരിശീലിക്കേണ്ടി വന്ന വിവിധ ഓഫീസുകളിലെ അടിമ ജീവിതത്തെപ്പറ്റി അവള്‍ വിങ്ങിപ്പൊട്ടി.
സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ സൈറ്റില്‍ വര്‍ക് ചെയ്യാന്‍ ഒരു പെണ്ണിനൊരിക്കലും സാധിക്കില്ലെന്ന്, കോണ്‍ട്രാക്ടര്‍മാരെ നിലയ്ക്ക് നിറുത്താന്‍ കഴിയില്ലെന്ന് വമ്പ് പറഞ്ഞു അവളെ ചവുട്ടിത്താഴ്ത്തിയിരുന്നത് ഓര്‍മ്മിച്ച് അവള്‍ വേദനിച്ചു. അവള്‍ക്ക് ഡിസൈന്‍ ചെയ്യാന്‍ പറ്റില്ലെന്നും വന്‍ കിട ഉയരങ്ങളും ആഴം കൂടിയ താഴ്ചകളും കോടികളില്‍ മറിയുന്ന തുകകളും കാണുമ്പോള്‍ പെണ്ണായ അവള്‍ക്ക് തലചുറ്റുമെന്നും ബോധക്കേടു വരുമെന്നും പരിഹസിച്ചവരെ പറ്റി വിളിച്ച് കൂവുമ്പോള്‍ വികാരഭാരം കൊണ്ട് അവളുടെ തൊണ്ടയിടറി.
ഒരു പെണ്ണിനു ഒരിയ്ക്കലും എന്‍ ജിനീയറിംഗില്‍ ആണിനൊപ്പം തിളങ്ങാന്‍ കഴിയില്ലെന്ന് ബെറ്റ് വെച്ച അവളുടെ സഹപ്രവര്‍ത്തകരെ സ്വന്തം അറിവു കൊണ്ട് കീഴ്‌പ്പെടുത്താന്‍ എത്രമാത്രം പ്രയത്‌നിക്കേണ്ടി വന്നുവെന്ന് അവള്‍ ഏങ്ങലടിച്ചു.
അങ്ങനെ ഒരടി മുന്നിലേക്കും രണ്ടടി പിന്നിലേക്കും വെച്ച് അവള്‍ മെല്ലെ മെല്ലെ പണിതുയര്‍ത്തിയ ഔദ്യോഗിക ജീവിതത്തിന്റെ വിയര്‍പ്പൂറുന്ന പ്രതിഫലമായിരുന്നു ആ നാലുലക്ഷം രൂപ. അതു തുലച്ചു കളഞ്ഞത് അവള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല.
അയാള്‍ ടി വിയി ല്‍ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്യുന്ന 500 രൂപ വിലയുള്ള സല്‍വാര്‍ കമ്മീസുകള്‍ മാത്രമേ അവള്‍ വിവാഹശേഷം ധരിച്ചിട്ടുള്ളൂ. അവള്‍ ഒരു മദ്യ സല്‍ക്കാരവും ലഞ്ചും അത്താഴവിരുന്നും ഹൈ ടീയും സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി പണം ധൂര്‍ത്താക്കീട്ടില്ല. തനിഷ്‌ക്ക് പോലെയുള്ള ചില സ്വര്‍ണക്കടകളിലെ ഇന്‍സ്റ്റാള്‍ മെന്റുകളില്‍ ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. അതും അവളുടെ കല്യാണത്തിനു വീട്ടില്‍ നിന്ന് കിട്ടിയതും എല്ലാം ചേര്‍ത്ത് ലോക്കറില്‍ വെച്ചിരിക്കുകയാണെങ്കിലും ലോക്കറിന്റെ താക്കോല്‍ അയാളുടെ പക്കലാണ്. ലോക്കറില്‍ അയാളുടെ പേരും ഉള്ളതുകൊണ്ട് അത് അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തുറക്കാം. മുപ്പത്തഞ്ചോ നാല്‍പതോ രൂപയുടെ അടിവസ്ത്രങ്ങള്‍ മാത്രമേ അവള്‍ ഉപയോഗിച്ചിട്ടുള്ളൂ. അവളൂടെ പോലെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അവളിപ്പോള്‍ ജോലി ചെയ്യുന്ന വലിയ കമ്പനിയില്‍ ആരും വരുന്നില്ല.
' മാഡത്തിനെന്തിനാണ് ശമ്പളം ?' എന്ന് അവളുടെ സഹപ്രവര്‍ത്തകര്‍ തമാശയായും കാര്യമായും ചോദിക്കുമായിരുന്നു.
ഉറുമ്പ് ആഹാരം തേടുന്ന മാതിരി അവള്‍ സൂക്ഷിച്ചു സമ്പാദിച്ച ആ നാലു ലക്ഷം രൂപ ഇങ്ങനെ അപ്രത്യക്ഷമായതില്‍ അവള്‍ക്ക് വലിയ ക്ഷോഭം തോന്നി.
അവളുടെ കരച്ചിലും ഹിസ്റ്റീരിയയും ഒന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല. ആണുങ്ങളായാല്‍ ബിസിനസ് ചെയ്യുമ്പോള്‍ നഷ്ടം വന്നെന്നിരിക്കും. അപ്പോള്‍ ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്നതിനു പകരം അവളുടെ പൈസ നഷ്ടമാക്കി എന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയാണോ വേണ്ടത് ? അയാള്‍ കള്ളു കുടിയ്ക്കുകയോ പെണ്ണ് പിടിയ്ക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ.
അവള്‍ കോപം കൊണ്ട് വിറച്ചു.
ആയിരം രൂപ സേവ് ചെയ്തത്, അമ്മയ്ക്ക് പണം അയച്ചത് അതൊന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ലല്ലോ ...പിന്നെ അവളും കള്ളു കുടിക്കുന്നില്ലല്ലോ...
അവളെ വാക്കുകള്‍ മുഴുമിക്കാന്‍ വിടാതെ അയാള്‍ അലറി . ' ജോലി ചെയ്ത് പണം സമ്പാദിച്ചാല്‍ മതി. അധികം സംസാരിച്ചാല്‍ നിന്റെ സെക്കന്റ് ക്ലാസ് എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് ഞാന്‍ കത്തിച്ചു കളയും. അവളുടെ ഒരു ഒടുക്കത്തെ എന്‍ജിനീയര്‍ കളി. ആണുങ്ങള്‍ക്കൊപ്പം കൊഞ്ചുന്നതൊക്കെ ഞാനറിയുന്നുണ്ട് '
മകന്‍ ഭയന്ന് നിറുത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോള്‍ അവള്‍ക്ക് നിശ്ശബ്ദയാകേണ്ടി വന്നു. അവനെ എത്ര നേരം കരയിക്കും? കുഞ്ഞല്ലേ അവന്‍ ? അയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആധിയും അവളെ കാര്‍ന്നു തിന്നു.
അവനെ ഒക്കത്തെടുത്ത് അവള്‍ അടുക്കളയിലേക്ക് നടന്നു. അവളെ നോക്കിക്കൊണ്ടിരുന്ന അനാഥപ്പെണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
( തുടരും )

നോവല്‍ 12
അച്ഛന്റെ പൂര്‍ണ നിസ്സഹകരണത്തിലും അവന്‍ ചെസ്സില്‍ മിടുക്കനായി. അവനു സ്‌കൂളില്‍ ചെസ്സ് ചാമ്പ്യന്‍ എന്ന പേരുണ്ടായി .
എങ്കിലും ചെസ്സ് സാറിന്റെ പേരില്‍ നിത്യമുണ്ടായിക്കൊണ്ടിരുന്ന വഴക്കും ചീത്തവിളിയും അവളേയും മകനേയും സാറിനേയും ഒരുപോലെ മടുപ്പിച്ചു.
സാറിനും വാശിയായിരുന്നു, മകന്റെ അച്ഛനെ ബഹുമാനിക്കില്ലെന്ന്..
അങ്ങനെ അവന്റെ ചെസ്സ് പഠിത്തം സാറിന്റെ വരവ് നിലച്ചതോടെ അവസാനിച്ചു.
പിന്നെ അവള്‍ അവനെ കരാട്ടെ ക്ലാസ്സില്‍ ചേര്‍ത്തു. പണം ചെലവാക്കുന്നതില്‍ അയാള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ, അവള്‍ക്കായിട്ട് ഒന്നും വേണമെന്ന് പറയാത്ത അവളുടെ ആ സന്യാസമനസ്ഥിതി അയാളെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് മകനായി ഫീസ് കൊടുക്കുന്നതില്‍ അയാള്‍ കുറച്ചു കാലം മൌനിയായി.
കരാട്ടെ അവനിഷ്ടമായി. അവളും അതില്‍ പങ്കെടുത്തു. അവനെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി ആരംഭിച്ചതാണെങ്കിലും അവള്‍ക്ക് കരാട്ടെ ക്ലാസ് സന്തോഷം നല്‍കി.
കരാട്ടെയും കുങ്ഫൂവും കളരിപ്പയറ്റുമൊക്കെ അനാവശ്യമായ ഏര്‍പ്പാടുകളാണെന്ന് അയാള്‍ വാദിച്ചു തുടങ്ങി. ഇന്നത്തെ ജനാധിപത്യ ലോകത്ത് അതിന്റെ ആവശ്യമില്ല. അതൊക്കെ രാജഭരണകാലത്താണ് വേണ്ടിയിരുന്നത്.
പിന്നെ എന്തു പഠിയ്ക്കാന്‍ പോകുമ്പോഴും ഉണ്ടാവുമല്ലോ അതിന്റേതായ ബുദ്ധിമുട്ടുകള്‍ . അവന്‍ ഒരു ചെറിയ ബുദ്ധിമുട്ട് അവതരിപ്പിച്ചാല്‍ ' എന്റെ മക്കളു പഠിയ്‌ക്കേണ്ട, ഇത്ര കഷ്ടപ്പെടണ്ട, നിന്റെ അമ്മയ്ക്ക് വട്ടായിട്ടാണ് നിന്നെ ഇതിനൊക്കെ വിട്ട് കഷ്ടപ്പെടുത്തുന്നത് ' എന്ന് എപ്പോഴും ആവര്‍ത്തിക്കുന്നതായിരുന്നു അയാളുടെ ശീലം.
മകനു അച്ഛന്‍ പറയുന്നത് കേട്ട് അമ്മയ്ക്ക് ശകലം വട്ടുണ്ടോ എന്ന സംശയവും അതനുസരിച്ച് മടിയും കൂടി വന്നു. അവന്‍ കരാട്ടേ ക്ലാസ്സില്‍ പോകാതെയായി.
അവള്‍ യുവരാജ് ക്രിക്കറ്റ് അക്കാഡമിയില്‍ മകനെ ചേര്‍ത്തു. അവിടെയുള്ള ഇന്‍സ്ട്രക്ടര്‍ മാര്‍ വിഡ്ഡികളാണെന്ന് അവിടെ പഠിക്കാന്‍ വരുന്ന കുട്ടികള്‍ അഹങ്കാരികളാണെന്ന് അയാള്‍ എന്നും പ്രഖ്യാപിച്ചുപോന്നു.
കൂടുതല്‍ മിടുക്കരായ കുട്ടികള്‍ അവിടെ ഉണ്ടെന്നറിഞ്ഞ് മകനും വിഷമമായി. അവരെ നേരിടാന്‍ അവനു ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. തന്നെയുമല്ല ഞാനെന്തിനു അവര്‍ക്കൊപ്പം കളിച്ച് തോല്‍ക്കണം എന്നായി അവന്റെ ചോദ്യം. കുട്ടികള്‍ ആണെങ്കില്‍ കറുത്തവന്‍ എന്നതുകൊണ്ടും കൈകാലുകളിലെ രോമങ്ങള്‍ കൊണ്ടും അവനെ സാധിക്കുമ്പോഴെല്ലാം കരടി എന്ന് വിളിച്ചു.
അവന്റെ അച്ഛന്‍ കൃത്യമായി അവളുടെ കറുത്ത നിറത്തേയും അവളുടെ ദേഹത്തുള്ള രോമങ്ങളേയും കാരണമായി അവനു വിശദീകരിച്ചു കൊടുത്തു.
അമ്മ വെളുക്കണമെന്ന് അവന്‍ വാശി പിടിയ്ക്കാന്‍ തുടങ്ങി. അമ്മയുടെ കൈകാലുകളില്‍ രോമങ്ങള്‍ കാണുമ്പോള്‍ അവനു അറയ്ക്കുന്നു എന്നുമവന്‍ പറഞ്ഞു. അമ്മ കാരണം അവന്‍ അനാവശ്യമായി അപമാനിതനാകുന്നു എന്ന സങ്കടം അവനില്‍ ആദ്യമായി ജനിച്ചത് അങ്ങനെയാണ്. അമ്മ ദളിതാണെന്നും അവന്‍ വിശ്വസിച്ചു. ദളിതാവുന്നത് അറപ്പുണ്ടാവേണ്ട ഒരു കാര്യമാണെന്ന് അയാള്‍ അവനെ ബോധ്യമാക്കിയിരുന്നു.
വെളുത്ത അച്ഛന്‍ എന്തിനു കറുത്ത ദളിത് അമ്മയെ കല്യാണം കഴിച്ചു എന്ന് അവന്‍ ചോദിച്ചപ്പോള്‍ അയാള്‍ സങ്കടത്തോടെ, വിങ്ങുന്ന തൊണ്ടയോടെ ആ കഥയും അവനു പറഞ്ഞുകൊടുത്തു.
മുപ്പത്തിനാലു വയസ്സായിട്ടും കല്യാണം നടക്കാതെ തലമുടീം നരച്ചു പൂപ്പല്‍ പിടിച്ചിരിക്കുകയായിരുന്നു അവന്റെ അമ്മ. കറുപ്പ് നിറവും ദളിതരുടെ മുഖച്ഛായയും ആയതുകൊണ്ട് ആരും അമ്മയെ കല്യാണം കഴിച്ചില്ല. അപ്പോള്‍ അച്ഛന് പാവം തോന്നി. എന്നു വെച്ച് അമ്മയ്ക്ക് ഭംഗിയുണ്ടെന്ന് പറയാനൊന്നും അച്ഛനു പറ്റില്ല. അച്ഛന്‍ കള്ളം പറയില്ല ... എന്തു കാര്യത്തിനായാലും..പക്ഷെ, അമ്മയ്ക്ക് അച്ഛന്‍ ജീവിതം കൊടുത്തതിലുള്ള ആ നന്ദി ഇല്ല. കല്യാണത്തിനു ചൊല്ലുന്ന മന്ത്രങ്ങളില്‍ പെണ്ണിനു ജീവിതം കൊടുക്കുന്ന ആണിനോട് പെണ്ണ് എങ്ങനെയൊക്കെ കടപ്പെട്ടിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. അമ്മ അതൊന്നും ചെയ്യുന്നേയില്ല.
അവനു അച്ഛനോട് കഷ്ടം തോന്നി.. എന്തൊരു വലിയ നഷ്ടമാണ് അച്ഛനു പറ്റിയത്. അമ്മയ്ക്ക് കുറച്ചും കൂടി ഭംഗിയുണ്ടായിരുന്നെങ്കില്‍, നിറമുണ്ടായിരുന്നെങ്കില്‍ അവനേയും ആരും കരടി എന്ന് വിളിക്കില്ലായിരുന്നു. അവനും അവന്റെ അച്ഛനും ചുന്തരന്മാര്‍... ഉയര്‍ന്ന ജാതിക്കാര്‍... അമ്മ ചീത്ത ... ദളിത.
അവന്‍ പതുക്കെപ്പതുക്കെ ക്രിക്കറ്റ് പഠിത്തം ഉപേക്ഷിച്ചു.
പിന്നെ അവള്‍ അവനെ നീന്തലിനു വിട്ടു. വെറുതേ വീട്ടില്‍ കുത്തിയിരുന്ന് ടി വിയും കണ്ട് ജങ്ക് ഫുഡും കഴിച്ച് ഒരു തൊളസൂറാനായി അവന്‍ മാറരുതെന്നായിരുന്നു അവളുടെ മോഹം. ഒപ്പം തന്നെ സ്‌കേറ്റിംഗും പരിശീലിപ്പിച്ചു.
നീന്തലില്‍ അവനു ശരിയ്ക്കും താല്‍പര്യമുണ്ടായിരുന്നു.
സ്‌കേറ്റിംഗില്‍ സബ് ജൂനിയര്‍ ലെവലില്‍ അവന്‍ ഗോള്‍ഡ് മെഡല്‍ നേടി.
അപ്പോഴേക്കും അയാള്‍ ജോലി ഒന്നും ചെയ്യാതായിരുന്നു. ഫുള്‍ റ്റൈം ഷെയര്‍ മാര്‍ക്കറ്റ് തന്നെ ശരണം. രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവാക്കി.. ഫേസ് ബുക്കില്‍ മറ്റൊരാളായി മാറി അയാള്‍ ലോകത്തിനു പല ഉപദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു. ഫേസ് ബുക്കിനു അങ്ങനൊരു മെച്ചമുണ്ടല്ലോ. ഏതു കള്ളനും അതില്‍ സത്യസന്ധനായി പ്രത്യക്ഷപ്പെടാം. ഏതു കൊള്ളക്കാരനും ദാനധര്‍മിഷ്ഠനാകാം.
ഷെയര്‍ മാര്‍ക്കറ്റ് അതിസുന്ദരിയായ ഒരു പെണ്ണിന്റെ ആഴമേറിയ പൊക്കിള്‍ ചുഴി പോലെ അയാളെ ആസക്തിയില്‍ വലിച്ചു താഴ്ത്തിക്കൊണ്ടിരുന്നു. ആസക്തി ഏറും തോറും അതില്‍ ലാഭങ്ങള്‍ കുറഞ്ഞു വന്നു എന്ന് മാത്രമല്ല...
അയാള്‍ നിക്ഷേപിച്ച രൂപയും അവള്‍ കൊടുത്ത നാലു ലക്ഷം രൂപയും യാതൊരു ദയയുമില്ലാതെ ഷെയര്‍ മാര്‍ക്കറ്റ് അതിന്റെ അഗാധമായ പെരുംചുഴിയില്‍ മുക്കിക്കൊന്നു.
വിവരം അറിഞ്ഞപ്പോള്‍ അവള്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ഇടിവെട്ടേറ്റതു പോലെ സ്തബ്ധയായി നിന്നു പോയി.
( തുടരും )

നോവല്‍ 11
മകനെ സ്‌കൂളില്‍ വിടുന്നത് വലിയ പ്രയത്‌നമായിരുന്നു. അവന്‍ മോണ്ടിസ്സോറി സ്‌കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കളിച്ചു നടക്കുന്നതായിരുന്നു അവനിഷ്ടം. വീട്ടില്‍ പണിക്കാരി ചേച്ചിയുണ്ട്. പിന്നെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അച്ഛനുമുണ്ട്. അവനെന്തിനു ബുദ്ധിമുട്ടി സ്‌കൂളില്‍ പോകണം ? പഠിയ്ക്കണം? ഇത്ര വലിയ വലിയ കൊനഷ്ട് അക്ഷരങ്ങള്‍ ഇങ്ങനെ ഉരുട്ടി ഉരുട്ടി എഴുതണം ? അമ്മയ്ക്കു ഓഫീസിലുള്ള പോലെ ഏ സി മുറിയൊന്നുമല്ല അവന്റെ സ്‌ക്കൂളില്‍...അവിടേം ചൂട്.. വീട്ടില്‍ വന്നാലും ഒരു മുറിയിലേ ഏ സി യുള്ളൂ. അവിടേം ചൂട്... അവന്‍ ഇന്റര്‍ വെല്ലില്‍ ഭക്ഷണം കഴിച്ചു തീരുമ്പോഴേക്കും അടുത്ത ക്ലാസ് തുടങ്ങുകയായി. മര്യാദയ്ക്ക് ചവച്ചിറക്കാനോ വെള്ളം കുടിയ്ക്കാനോ പറ്റില്ല.
പോണ്ടാ... പോണ്ടാ എന്ന് അവന്‍ എല്ലാ ദിവസവും രാവിലെ കരഞ്ഞുകൊണ്ട് ഉറക്കെ അലറും.
അവള്‍ നിര്‍ബന്ധിച്ച് ബലം പിടിച്ച് അവനെ എഴുന്നേല്‍പ്പിച്ച് തയാറാക്കും. അവന്‍ പഠിയ്‌ക്കേണ്ടത് അവളുടെ മാത്രം ആവശ്യമായിരുന്നു. അവന്റെ പോലും ആയിരുന്നില്ല. അയാള്‍ക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസപദ്ധതിയോട് എതിര്‍പ്പായിരുന്നു. അതുകൊണ്ട് അവന്‍ സ്‌കൂളില്‍ പോകണമെന്നോ പഠിയ്ക്കണമെന്നോ അയാള്‍ ഒരിയ്ക്കലും പറഞ്ഞില്ല. അച്ഛന്‍ പോകാന്‍ പറയുന്നില്ലല്ലോ പിന്നെ അമ്മ മാത്രം എന്തിനു നിര്‍ബന്ധിക്കുന്നു എന്നായിരുന്നു മകന്റെ രോഷം.
അവള്‍ തോറ്റു. എന്നും തല്ലിയും വഴക്കു പിടിച്ചും ' സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി മകനെ സ്‌ക്കൂളില്‍ വിടാന്‍ അറിയാത്ത നീയൊക്കെ ഒരു അമ്മയാണോ' എന്ന് അയാള്‍ അവളെ ചീത്ത വിളിക്കുന്നത് കേട്ടും കുഞ്ഞിനെ സ്‌കൂളില്‍ വിടാന്‍ പറ്റുമോ?
ടീച്ചര്‍മാരുടെ സഹായം തേടുക മാത്രമായിരുന്നു പിന്നീടുള്ള വഴി.
കാര്യങ്ങള്‍ മനസ്സിലാക്കി ക്ലാസ്സില്‍ അവര്‍ കൂടുതല്‍ കൊഞ്ചിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പതുക്കെപ്പതുക്കെ പോവാന്‍ തയാറായി. എന്നാലും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയായിരുന്നു.
അവനെ പഠിപ്പിക്കാനുള്ള യുദ്ധം എന്നും അവള്‍ക്ക് മടുക്കാതെ നയിക്കേണ്ടി വന്നു. വൈകീട്ട് അവന്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അവന്റെ പണിക്കാരിചേച്ചി ഹോം വര്‍ക്കെല്ലാം ചെയ്യിച്ച് കളിക്കാന്‍ കൊണ്ട് പോകും.. അമ്മ ജോലികഴിഞ്ഞു വരുന്നത് അവന്‍ ഗ്രൌണ്ടില്‍ നിന്നേ കാണും. അപ്പോള്‍ അവന്‍ ചിരിക്കും. സ്വര്‍ഗ്ഗീയമായ ഒരു കാഴ്ചയായിരുന്നു അവള്‍ക്കത്.
അവന്‍ ആദ്യം കാണാതെ പഠിച്ച മൊബൈല്‍ നമ്പര്‍ അവന്റെ അമ്മയുടേതായിരുന്നു. ഏതുറക്കത്തിലും അതവനു തെറ്റാതെ പറയാന്‍ കഴിഞ്ഞിരുന്നു. എത്ര വയ്യെങ്കിലും അത് ഡയല്‍ ചെയ്യാനും കഴിഞ്ഞിരുന്നു. അമ്മ വരാന്‍ വൈകിയാല്‍ അവന്‍ ഉടനെ ഡയല്‍ ചെയ്യും ...' എന്താ വരാത്തത്? എപ്പോള്‍ വരും ? ' ഓരോ അയ്യഞ്ചു മിനിറ്റിലും വിളിക്കും...
എല്ലാ പ്രധാനപ്പെട്ട മീറ്റിംഗുകള്‍ക്കും കോണ്‍ഫ്രന്‍സുകള്‍ക്കും നടുവില്‍ അവന്റെ ഫോണ്‍ വിളി ഉയരും.
അമ്മ പറഞ്ഞ സമയത്ത് മടങ്ങിയെത്താത്തത് അവനോടുള്ള സ്‌നേഹക്കുറവാണെന്ന് അവന്‍ പതുക്കെപ്പതുക്കെ വ്യാഖ്യാനിച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്ക് സങ്കടം വരുമായിരുന്നു. അത് അവളുടെ ഓഫീസിലെ തിരക്കുകൊണ്ടാണെന്ന് അയാള്‍ ഒരിക്കലും അവനു പറഞ്ഞു തിരുത്തിക്കൊടുത്തതുമില്ല.അവള്‍ക്ക് ജീവിതത്തെ നേരിടാനുള്ള ഏറ്റവും വലിയ പ്രതീക്ഷയും പ്രചോദനവും അവന്‍ മാത്രമായിരുന്നുവെന്നത് അയാള്‍ക്ക് അസഹനീയമായ കണ്‍കുരുവായിരുന്നു അക്കാലങ്ങളില്‍.
അവളുടെ ജോലിത്തിരക്കോ ചുമതലകളോ ഒന്നും മനസ്സിലാക്കാന്‍ അവനു സാധിച്ചിരുന്നില്ല. അമ്മയെച്ചൊല്ലി അഭിമാനം കൊള്ളാന്‍ അച്ഛന്‍ ഒരു കാരണവും അവന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നില്ലല്ലോ. അവന്റെ കൂട്ടുകാരുടെ അമ്മമാരാണെങ്കില്‍ വീട്ടിലിരിക്കുന്നവരോ അല്ലെങ്കില്‍ ടീച്ചര്‍മാരോ ഓഫീസ് ജോലിക്കാരോ ആയിരുന്നു. അവരൊക്കെ നേരത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമായിരുന്നു. അതുകൊണ്ടു തന്നെ അമ്മ എന്നാല്‍ അവനു സേവനം ചെയ്യാനുള്ള ഒരു ജോലിക്കാരി മാത്രമാണെന്നും ജോലിക്കാരിക്ക് സ്വന്തമായി ഇഷ്ടങ്ങളൊന്നും പാടില്ലെന്നും പതുക്കെപ്പതുക്കെ പ്രഖ്യാപിക്കാന്‍ അവന്‍ ശീലിച്ചു.
'അമ്മയ്ക്ക് എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ...'എന്ന ഉപാധി വെയ്ക്കല്‍ അവനു കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരുന്നത് അങ്ങനെയായിരുന്നു.
അവന് പഠിയ്ക്കാന്‍ മാത്രമല്ല, കളിയ്ക്കാനും താല്‍പര്യമുണ്ടാവണമെന്ന് അവള്‍ക്ക് ആശയുണ്ടായിരുന്നു. ചെസ്സ് കളിയ്ക്കാന്‍ അവനു വലിയ മിടുക്കുണ്ടെന്ന് അവള്‍ കണ്ടെത്തി. അതിനവള്‍ ഒരു സാറിനേയും ഏര്‍പ്പെടുത്തി. മൂവുകള്‍ ശീലിപ്പിക്കാന്‍..ഗെയിമുകള്‍ ഹോം വര്‍ക്കായി പഠിപ്പിക്കാന്‍.. സാറിനെ അവനു ഇഷ്ടമായിരുന്നു. അവന്‍ സാറിന്റെ വരവ് കാത്തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് ആ ദുരിതമുണ്ടായത്.
അവന്റെ അച്ഛനും സാറുമായി വലിയ വഴക്കുണ്ടായി. സാറിനു ചെസ്സറിയില്ലെന്ന് അച്ഛനും തന്നെക്കാള്‍ കൂടുതല്‍ നന്നായി ചെസ്സ് കളിയ്ക്കാന്‍ വിശ്വനാഥന്‍ ആനന്ദിനു പോലും കഴിയില്ലെന്നും സാറും സിദ്ധാന്തിച്ചു. അതിനുശേഷം സാറിനെ കഴുത എന്ന് വിളിയ്ക്കാനാണ് അവന്റെ അച്ഛന്‍ മുതിര്‍ന്നത്. തന്നെയുമല്ല സാര്‍ വരുമ്പോള്‍ വാതില്‍ കൊട്ടിയടച്ച് അകത്തിരിക്കുന്നതായി അച്ഛന്റെ രീതി. അത് അവനു തീരെ ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് അമ്മ ഒപ്പമിരിക്കണമെന്ന് അവന്‍ വാശി പിടിച്ചു.
അവള്‍ക്ക് വഴങ്ങാതിരിക്കാന്‍ പറ്റുമോ?
ഭര്‍ത്താവിനു അവളോട് ദേഷ്യപ്പെടാന്‍ മറ്റൊരു കാരണം കൂടി അങ്ങനെ കിട്ടി .
( തുടരും )

നോവല്‍10
ജോലി ചെയ്ത് പണമുണ്ടാക്കുന്നതിലും ഒക്കെ വളരെ എളുപ്പം ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതാണെന്ന് അതിനോടകം അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ആയിരം വിഡ്ഡിച്ചോദ്യങ്ങള്‍ ചോദിക്കുന്ന ബുദ്ധിഹീനരായ കീഴുദ്യോഗസ്ഥരോട് സംസാരിക്കേണ്ട. അഹങ്കാരികളും മന്ദബുദ്ധികളും ആയ മേലുദ്യോഗസ്ഥരെ വണങ്ങേണ്ട. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നാല്‍ മതി ഡി മാറ്റ് എക്കൌണ്ടിലൂടെ പണം ഇഷ്ടം പോലെ ബാങ്കില്‍ വന്നു നിറയും .
ചാര്‍ട്ടേട് എക്കൌണ്ടന്റ് അയാളെ ഉപദേശിച്ചു.
' ഇത് അബദ്ധമാണ്. നിങ്ങള്‍ക്ക് എന്‍ജിനീയറിംഗേ അറിയൂ. ഇത് വേറൊരു മേഖലയാണ്.. കൈ പൊള്ളാന്‍ എളുപ്പമാണ്. ഇതില്‍ പോകരുത്.'
ചാര്‍ട്ടേണ്ട് എക്കൌണ്ടന്റ് എന്ന മണ്ടനെ, അയാളുടെ അറിവില്ലായ്മയെ, ഭയത്തെ എല്ലാം അയാള്‍ പുച്ഛിച്ച് നിസ്സാരമാക്കി.
മകന്‍ അല്‍ഭുതപ്പെട്ട് നിന്നു. കമ്പ്യൂട്ടറിലൂടെ പണം കൊയ്യുന്ന അച്ഛനെ കണ്ട് പഠിയ്ക്കാതെ അമ്മ എന്തിനാണ് ഈ നശിച്ച ഓഫീസില്‍ പോകുന്നത്?
അമ്മ ഫ്രണ്ട്‌സിനൊപ്പം ഫണ്ണിനാണ് ഓഫീസില്‍ പോകുന്നതെന്ന് അയാള്‍ പതുക്കെപ്പതുക്കെ മകനെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെയാണ് പോലീസുകാരെപ്പോലും അമ്മയ്ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ മെല്ലെ മെല്ലെ മകനെ ധരിപ്പിച്ചു.
എന്നാല്‍ ആ ഫണ്‍ എന്താണെന്ന് അവനു തിരിഞ്ഞില്ല.
അനാഥപ്പെണ്ണായ വീട്ടു വേലക്കാരിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സ്വയം മറന്ന് അയാളോട് പറഞ്ഞു. ' ദൈവം ചോദിക്കും സാര്‍. ഇതിന് ദൈവം ചോദിക്കും'
അനാഥരുടെയും ദരിദ്രരുടെയും ശാപങ്ങളെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഭയം?
ഷെയര്‍ മാര്‍ക്കറ്റ് ഒരു അത്യാകര്‍ഷകമായ ഒരു പെരും ചുഴിയാണല്ലോ. ആദ്യം അയാള്‍ക്ക് ചില്ലറ വിജയങ്ങളുണ്ടായി.
അയ്യായിരം...അമ്പതിനായിരം. ഒരു ലക്ഷത്തിന്റെ ലാഭമുണ്ടായ ദിവസം അയാള്‍ അവളോട് നിര്‍ബന്ധമായി നാലു ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടാന്‍ പറഞ്ഞു.
ഒട്ടും സമ്മതമില്ലെങ്കിലും അയാളെ അനുസരിച്ച് അവള്‍ വഴക്ക് ഒഴിവാക്കി.
അതു കഴിഞ്ഞാണ് അവള്‍ ആയിരം രൂപയുടെ മാസം തോറുമുള്ള ചില ചില്ലറ സേവിംഗുകള്‍ തുടങ്ങിയത്. പോസ്റ്റ് ഓഫീസിലെ ആര്‍ ഡിയില്‍ ചേര്‍ന്നത്. കമ്പനിയിലെ ഒരു സഹപ്രവര്‍ത്തകയുടെ അച്ഛനായിരുന്നു ഏജന്റ്. അദ്ദേഹത്തിനു കുറച്ച് കമ്മീഷന്‍ കിട്ടുമായിരിക്കും. അതൊരു നല്ല കാര്യമല്ലേ എന്നായിരുന്നു അവളുടെ ധാരണ.
അവളെ പെറ്റു വളര്‍ത്തി പഠിപ്പിച്ച അമ്മയ്ക്ക് മുപ്പത്തയ്യായിരം രൂപ അയച്ചത്. അമ്മയ്ക്ക് അവളങ്ങനെ ഒരിയ്ക്കലും കൃത്യമായി പണം അയച്ചിരുന്നില്ല. വല്ലപ്പോഴും ഇങ്ങനെ കുറച്ച് പണമയച്ചുകൊടുക്കും. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ....അതും എല്ലാ കൊല്ലവും അയയ്ക്കാറില്ല. അമ്മയ്ക്ക് അവള്‍ പണമയച്ചിട്ട് വേണ്ട ..കഴിഞ്ഞു കൂടാന്‍... അമ്മയ്ക്ക് നല്ല തുക പെന്‍ഷനുണ്ട്. മക്കളുടെ പണം ലഭിച്ചിട്ട് വേണം ജീവിയ്ക്കാനെങ്കില്‍ അവളുടെ അമ്മ ജീവിയ്ക്കുമായിരുന്നോ എന്നവള്‍ക്ക് നിശ്ചയമില്ല താനും.
അയാള്‍ക്ക് ഒരു തരത്തിലും പൊറുക്കാന്‍ കഴിഞ്ഞില്ല.
അവള്‍ ആരാണ് സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിയ്ക്കാന്‍ ... ?
എവിടെ നിക്ഷേപിയ്ക്കണം ആര്‍ക്ക് പണം കൊടുക്കണം എന്നൊക്കെ തീരുമാനിക്കാന്‍ അവള്‍ക്ക് എന്തവകാശം ?
സ്ത്രീകള്‍ ഒരിയ്ക്കലും പണം കൈകാര്യം ചെയ്യാനിടവരരുതെന്ന് അയാളുടെ അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്. വിവാഹിതയായ മകളില്‍ നിന്ന് പണം പറ്റുന്ന അവളുടെ അമ്മ ...എത്ര നാണം കെട്ടവള്‍....ആ അമ്മയ്ക്ക് പണം നല്‍കുന്ന ഇവളും അതു പോലെ നാണം കെട്ടവള്‍ തന്നെ.
ആ വഴക്ക് തീരാനാണ് , അയാളറിയാതെ സാമ്പത്തിക ഇടപാടുകളൊന്നും അവള്‍ ചെയ്യാതിരിക്കാനാണ് അവളുടെ എ ടിം എം കാര്‍ഡും ചെക്കു ബുക്കും അയാള്‍ പിടിച്ചു മേടിച്ചത്. എല്ലാ മാസവും അവളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അയാള്‍ക്ക് ഈ മെയില്‍ ചെയ്യണമെന്നും അയാള്‍ ഉത്തരവിട്ടത്.
അതിനുശേഷം എപ്പോഴും അയാള്‍ അവളുടെ സമ്പാദ്യത്തേയും ബാങ്കിനേയും ചെലവുകളേയും പറ്റി അതീവ ശ്രദ്ധാലുവായിരുന്നു. എന്തു വാങ്ങാം എന്തു വാങ്ങാന്‍ പാടില്ല എന്നൊക്കെ അയാള്‍ തന്നെയാണ് പിന്നീട് തീരുമാനിച്ചിരുന്നത്.
അവള്‍ ഉള്ളു നിറയെ അമര്‍ഷം തിങ്ങിയിട്ടും അതിനും വഴങ്ങി.
' അമ്മ അച്ഛന്‍ പറയുന്നതെല്ലാം കേട്ട് നല്ല അമ്മയായി ജീവിച്ചാല്‍ നമ്മുടെ വീട്ടില്‍ വഴക്കുണ്ടാവില്ലെ'ന്ന് മോന്‍ പറഞ്ഞപ്പോള്‍ മാത്രം അവള്‍ക്ക് വലിയ വായില്‍ കരച്ചില്‍ വന്നു. അവള്‍ ഏങ്ങലടിച്ചു കരഞ്ഞപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു. ' ഞാന്‍ അമ്മേടെ ചക്കരക്കുട്ടിയാണ്. ഞാന്‍ വലുതായിട്ട് ഷാരൂഖ് ഖാനെ പോലെ പണക്കാരനാകും. എന്നിട്ട് വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികള്‍ക്കെല്ലാം താമസിക്കാന്‍ വീടുണ്ടാക്കും. അമ്മ ആ കുട്ടികളെ ഒക്കെ സ്‌നേഹിച്ചു വളര്‍ത്തണം. ഞാന്‍ ഇടയ്ക്കിടെ വന്ന് അമ്മയെ കാണും. വരുമ്പോഴൊക്കെ അമ്മയ്ക്ക് കൈ നിറയെ പണം തരും. എപ്പോഴും ഫോണ്‍ വിളിക്കും. അങ്ങനെ നമ്മള്‍ രണ്ട് പേരും കൂടി കുറെ മക്കളെ നോക്കും..'
അഞ്ചാറു വയസ്സായ അവന്റെ സ്വപ്നങ്ങള്‍ ആകാശത്തേക്ക് ചിറക് വിരിക്കുന്നത് കണ്ട് അവള്‍ എല്ലാ വേദനകളും എല്ലാ അപമാനങ്ങളും മറന്നു.
( തുടരും )

നോവല്‍ 9
അനാഥപ്പെണ്ണിനു മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അയാള്‍ എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. കുഞ്ഞു മകന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു.
മകനെ അതിരറ്റ് സ്‌നേഹിക്കുന്ന അനാഥപ്പെണ്ണിനെ മകന്റെ അമ്മ സ്‌നേഹിക്കാതിരിക്കുന്നതെങ്ങനെ ?
അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും മകന്റെ അമ്മ സ്‌നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍ അനിയത്തിയാണോ എന്ന് ചോദിച്ചു. അനിയത്തി പോലെ ആവുകയായിരുന്നു അവള്‍ ശരിക്കും. അതിനെല്ലാം പുറമേ ആ അനാഥപ്പെണ്ണിനു ഭാര്യയോടാണ് അധികം കൂറെന്ന തോന്നലും വീട്ടിലെ പുരുഷനെ അരിശം കൊള്ളിച്ചു.
അപ്പൊഴേക്കും അയാള്‍ക്ക് സ്വന്തം ജോലിയില്‍ നല്ല വളര്‍ച്ച ഉണ്ടായിത്തുടങ്ങി. പണം നിറയെ കൈയില്‍ വരാന്‍ തുടങ്ങി.
ഫ്‌ലാറ്റിന്റെ കടം ബാക്കിയുണ്ടായിരുന്നത് അയാള്‍ ' ആണിനെപ്പോലെ' അന്തസ്സായി ഒറ്റയടിയ്ക്ക് അടച്ചു തീര്‍ത്തു. അയാള്‍ക്ക് ഉത്തരവാദിത്തം വരികയാണല്ലോ എന്നും അവളുടെ തലയിലുണ്ടായിരുന്ന കടഭാരം ദയാപൂര്‍വം ഇറക്കിക്കൊടുത്തുവല്ലോ എന്നും കരുതി അവള്‍ അതിരറ്റ് സന്തോഷിച്ചു.
സ്വന്തം വീട്ടുകാരോടെല്ലാം പൊങ്ങച്ചപ്പെട്ടു. അല്ലെങ്കിലും അയാളുടെ ഓരോ കഴിവിനേയും അത് ഏതു മേഖലയിലുമാകട്ടെ എടുത്ത് എടുത്ത് പറഞ്ഞ് അയാളെ പുകഴ്ത്തുന്നത് അവളുടെ ശീലമായിരുന്നു. വലിയ സന്തോഷമായിരുന്നു.
അച്ഛന്‍ കടം തീര്‍ത്ത് ഫ്‌ലാറ്റ് സ്വന്തമാക്കിയെന്ന മകന്റെ കിളിക്കൊഞ്ചലില്‍ അഭിമാനം കൊണ്ട് അവള്‍ അവനെ വാരിയെടുത്ത് ഉമ്മവെച്ചു.
ജോലിയില്‍ ഉയര്‍ന്നു വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട അച്ചടക്കം, ചുമതല, ഉത്തരവാദിത്തം എന്നതൊക്കെ നമ്മുടെ മേലുദ്യോഗസ്ഥരെ അനുസരിക്കുന്നതില്‍ മാത്രമല്ലല്ലോ. നമ്മുടെ കീഴുദ്യോഗസ്ഥരോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ കൂടിയല്ലേ...
അതയാള്‍ക്ക് സാധ്യമായിരുന്നില്ല.
കീഴെയുള്ള എന്തിനോടും അയാള്‍ക്ക് പരമ പുച്ഛമായിരുന്നു. തികഞ്ഞ അവജ്ഞയായിരുന്നു. എന്നാല്‍ മേലെയുള്ളതിനെ നേരിട്ട് പുച്ഛിക്കാനോ അവജ്ഞ കാണിക്കാനോ അയാള്‍ക്ക് ധൈര്യവുമുണ്ടായിരുന്നില്ല.
കീഴുദ്യോഗസ്ഥര്‍ ആരും തന്നെ വീട്ടു വേലക്കാരിയെപ്പോലെ അനാഥരായിരുന്നില്ലല്ലോ. അവര്‍ പോലീസില്‍ പരാതി കൊടുത്തു.
അയാള്‍ ഭയന്നു വിറച്ചു പോയി.എസ് എച്ച് ഓ ഒരു മുരട്ട് ശബ്ദത്തില്‍ ഫോണില്‍ വിളിച്ചപ്പോള്‍...
ഭാര്യയോട് ഒച്ചയെടുക്കാമെന്നല്ലാതെ പോലീസുദ്യോഗസ്ഥരോട് ഒച്ചയെടുക്കാന്‍ കഴിയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.
അവള്‍ക്ക് അയാളെ പോലീസ് അടിയ്ക്കട്ടെ എന്നോ ചീത്ത വിളിയ്ക്കട്ടെ എന്നോ കരുതാന്‍ കഴിയില്ലല്ലോ. അവള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു ക്ലയന്റിനെ വിളിച്ച് അയാള്‍ വഴി എസ് പി യോട് സംസാരിക്കാനുള്ള വഴി കണ്ടുപിടിച്ചു.
ഭര്‍ത്താവ് പാവമാണെന്നും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാവാതെ പോലീസിന്റെ ഉപദ്രവത്തില്‍ നിന്ന് വിട്ടു കിട്ടണമെന്നും അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.
എസ് പി യ്ക്ക് പാവം തോന്നിയിരിക്കാം. വലിയൊരു കമ്പനിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു സ്ത്രീ ഇങ്ങനെ ഭര്‍ത്താവിനുവേണ്ടി കിഴിഞ്ഞു കെഞ്ചുന്നത്..
എന്തായാലും അവളുടെ ഭര്‍ത്താവ് കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഭര്‍ത്താവിന്റെ കീഴുദ്യോഗസ്ഥര്‍ക്ക് അവളോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുണ്ടായെങ്കിലും...
കുടുംബജീവിതം നന്നാകാന്‍ ഭര്‍ത്താവിനെയല്ലേ ഭാര്യ സംരക്ഷിക്കേണ്ടത് , ഇനി അഥവാ അയാളുടെ പേരില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ കൂടി...
( തുടരും )

നോവല്‍ 8
കാറിന്റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാമെന്ന് അയാള്‍ക്കും അവള്‍ക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു.
കൂടിയ സാലറി സ്ലിപ് അവള്‍ക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്‌ലാറ്റിന്റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അയാളും മാറി.
സ്വന്തം വീട് എന്ന വിചാരം മകന്റെ കുഞ്ഞു മനസ്സിലും കയറിക്കൂടി. അവന്റെ വീട് അവന്റെ വീട് എന്ന് അവന്‍ സദാ പൊങ്ങച്ചപ്പെട്ടു.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍, അവരുടെ വീടുകളില്‍ നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറയുന്നതില്‍ അവന്‍ അനല്‍പമായ ആഹ്ലാദം കണ്ടെത്തി.
അവന്റെ ആ കുഞ്ഞു ആനന്ദവും കുഞ്ഞു പൊങ്ങച്ചവും അവളേയും അതിരറ്റ് സന്തോഷിപ്പിച്ചു.
അവളുടെ സന്തോഷം കാണുമ്പോഴെല്ലാം അവന്‍ പറഞ്ഞു. ' ഞാന്‍ അമ്മയുടെ മോനാണ്. അമ്മയുടെ മാത്രം മോനാണ്.' പറച്ചിലിനു ബലം കിട്ടാന്‍ അവന്റെ കുഞ്ഞിക്കാലുകള്‍ തറയില്‍ അമര്‍ത്തിച്ചവിട്ടും . എന്നിട്ടും ബലം പോരെന്ന് തോന്നിയാല്‍ അവനുറക്കെ കരയും.
കുഞ്ഞല്ലേ..
അതുകൊണ്ടു തന്നെ അവളും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുമ്പോള്‍ അയാള്‍ അവനെയും കൂട്ടി കാറില്‍ കയറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി. അവനെ കാണാതെ അവളുടെ ഹൃദയം തകരുമെന്നതായിരുന്നു അയാളുടെ പ്രതികാരം. കുറേ ഓടിക്കഴിയുമ്പോള്‍ അവന്‍ കാറിലിരുന്ന് ഉറങ്ങും. അപ്പോള്‍ എന്തോ ഒരു തരം പരാജയത്തിന്റെ രുചിയില്‍ അയാള്‍ അവനെ അടിയ്ക്കുമായിരുന്നു. ...
അവനെ അയാള്‍ തെറികള്‍ പറഞ്ഞ് ശകാരിച്ചു. കഴുതേ ... നിനക്കെന്തറിയാമെടാ , നിന്നെ എന്തിനു കൊള്ളാമെടാ അമ്മേടേ മോനേ? എന്നൊക്കെ ഉച്ചത്തില്‍ ദേഷ്യപ്പെട്ടു.
അവര്‍ തമ്മില്‍ ഒരു തരം അസുഖകരമായ അകല്‍ച്ച ഉണ്ടാകുന്നുണ്ടായിരുന്നു. അത് അവള്‍ വേദനയോടെ തിരിച്ചറിയുന്നുമുണ്ടായിരുന്നു. അകല്‍ച്ച വര്‍ദ്ധിക്കരുതെന്ന് കരുതി അച്ഛനെപ്പറ്റി ഒന്നും കുറവായി മകനോട് പറഞ്ഞുപോകരുതെന്ന് അവള്‍ നിഷ്‌ക്കര്‍ഷ പാലിച്ചു. അവര്‍ തമ്മില്‍ വഴക്കുണ്ടായാല്‍ അതിനിടയില്‍ പെട്ട് ഞെരിയുന്നത് അവള്‍ തന്നെയായിരിക്കുമല്ലോ.
അവളുടെ അത്തരം കുലീനത ഭാവിയില്‍ ഗഹ്വരം പോലെയുള്ള വായ് പിളര്‍ത്തി കൂര്‍ത്തു മൂര്‍ത്ത ദംഷ്ട്രങ്ങളുമായി കടിച്ചു കീറാന്‍ വരുമെന്ന് അവള്‍ക്ക് മനസ്സിലായിരുന്നില്ല.
അച്ഛന്‍ ദേഷ്യപ്പെട്ടാലും അടിച്ചാലും അവന്‍ ഒരു കുട്ടി തന്നെയല്ലേ?നല്ല ശീലത്തില്‍ അച്ഛന്‍ എടുക്കുമ്പോള്‍ ഉമ്മകൊടുക്കുമ്പോള്‍ എണ്ണ തേപ്പിക്കുമ്പോള്‍ കുളിപ്പിക്കുമ്പോള്‍ മാമു കൊടുക്കുമ്പോള്‍ കൊഞ്ചിക്കുമ്പോള്‍ അവന്‍ ആ അടിയും തെറി വിളിയും അകല്‍ച്ചയും എല്ലാം മറക്കും. തന്നെയുമല്ല, അച്ഛനു കോപം വരുന്നത് അമ്മ കാരണമാണെന്നും അവനു പതുക്കെപ്പതുക്കെ മനസ്സിലായി വന്നു.
രക്തബന്ധമെന്നത് അങ്ങനെയാണെന്നാണല്ലോ വെപ്പ്.
അപ്പോഴാണ് അനാഥയായ ആ പെണ്‍കുട്ടി അവനെ നോക്കാന്‍ വന്നത്. അവള്‍ അടിമുടി ഒരു കലാകാരി കൂടിയായിരുന്നു.
അവള്‍ അവനു പടം വരച്ചുകൊടുത്തു. അവന്റെ ഒപ്പം ഡാന്‍സ് കളിച്ചു, പാട്ട് പാടി, ക്രിക്കറ്റും ഫുട്‌ബോളും കളിച്ചു... മെല്ലെ മെല്ലെ അവള്‍ അവന്റെ ലോകം തന്നെയായി മാറി. അവന് അവളെന്ന് വെച്ചാല്‍ ജീവനായിരുന്നു. അവന്‍ മാത്രമല്ല അവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ എല്ലാ കുട്ടികളും അവളുടെ സുഹൃത്തുക്കളായി .
സ്വാഭാവികമായി അവള്‍ക്ക് വീഴ്ചകളും ഉണ്ടായിരുന്നു. ആ വീഴ്ചകള്‍ ഗൃഹാന്തരീക്ഷത്തെ യുദ്ധഭൂമിയാക്കി തീര്‍ത്തു.
കുഞ്ഞിനെ ആത്മാര്‍ഥമായി നോക്കുന്നതുകൊണ്ട് ആ അനാഥപ്പെണ്ണിന്റെ പാചകത്തിലെയും വീട്ടുജോലികളിലെയും എല്ലാ വീഴ്ചകളും അവളിലെ അമ്മ പൊറുത്തു. എന്നാല്‍ അയാളിലെ ഗൃഹനായകന് ഒന്നും പൊറുക്കുവാന്‍ കഴിഞ്ഞില്ല.
പരിപ്പില്ലാത്തത്,
നെയ്യ് കുറഞ്ഞു പോയത്,
പത്രം നേരെ ചൊവ്വേ മടക്കി വെയ്ക്കാത്തത്..
അങ്ങനെ എന്തിനും ഏതിനും വീട്ടീല്‍ വഴക്കായി.
ഉദ്യോഗം ഭരിയ്ക്കാന്‍ പോകുന്ന ഭാര്യയെ എന്തിനു കൊള്ളാമെന്ന് , നീ ഈ വീട്ടിനു വേണ്ടി എന്തു ചെയ്യുന്നുവെന്ന് അയാള്‍ ഭാര്യയെ നിശിതമായി ചോദ്യം ചെയ്തു. അയാള്‍ ചോദ്യം ചോദിക്കുന്നവനും അവള്‍ വിറച്ചുകൊണ്ട് ഉത്തരം പറയുന്നവളും ദുര്‍ലഭം മാത്രം ദേഷ്യപ്പെടുന്നവളും ആയിരുന്നു.
അവള്‍ ദേഷ്യപ്പെടുന്ന ദിവസം പാത്രങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞ് ഉടച്ചു. ജനലച്ചില്ലുകള്‍ തകര്‍ത്തു. പേപ്പറുകള്‍ വലിച്ചു കീറി. രാത്രി മുഴുവന്‍ വഴക്ക് കൂടി. പിറ്റേന്ന് ജോലിക്ക് പോകണമല്ലോ ഉത്തരവാദപ്പെട്ട ജോലിയാണല്ലോ അതില്‍ അബദ്ധം പറ്റരുതല്ലോ എന്ന ആധിയില്‍ അവള്‍ വഴക്കുകളും പേക്കൂത്തുകളും വലുതാക്കാതെ അയാളുടെ കാലു പിടിച്ച് ക്ഷമ പറഞ്ഞ് ജീവിയ്ക്കാന്‍ ശീലിച്ചു.
ദേഷ്യം വരാതിരിക്കാന്‍, വികാരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവാന്‍ എപ്പോഴും ദൈവത്തിനെ പ്രാര്‍ഥിച്ചു. പലതരം മന്ത്രങ്ങള്‍ ചൊല്ലി.
സദാ ദൈവത്തിനോട് ഓരോന്ന് യാചിച്ചുകൊണ്ടിരുന്നാല്‍ ദൈവം ഒന്നും തരില്ലെന്ന് അയാള്‍ അവളെ പരിഹസിച്ചു.
അത് കേട്ട് മകനും അവളെ കളിയാക്കി. ' അയ്യേ! കഷ്ടം. യാചകി അമ്മ '
അവള്‍ സമ്പാദിച്ചുകൊണ്ടു വരുന്നതിന്റെ കാല്‍ ഭാഗം പോലും അയാള്‍ക്ക് സമ്പാദിയ്ക്കാന്‍ അക്കാലത്ത് പറ്റിയിരുന്നില്ല.
അയാളുടെ അമ്മയ്ക്കും അച്ഛനും പണമയയ്ക്കുന്നതും അയാളുടെ സഹോദരിമാര്‍ക്ക് ഫ്രിഡ്ജും മിക്‌സിയും എയര്‍കണ്ടീഷണറും ഒക്കെ വാങ്ങിക്കൊടുക്കുന്നതും വേണ്ടപ്പോഴെല്ലാം അമ്പതിനായിരവും ലക്ഷവും ഒക്കെ നല്‍കുന്നതും അവളായിരുന്നു. അയാളുടെ കുടുംബക്കാരല്ലേ എന്തിനു കൊടുക്കണമെന്ന ചില സ്ത്രീകളുടെ സ്വഭാവത്തിലുള്ള പിച്ചത്തരം അവളുടെ അടുത്തു കൂടി പോലും പോയിരുന്നില്ല.
അവളുടെ ആ മനസ്ഥിതിയെ അഭിനന്ദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പകരം അതവളുടെ വലുപ്പവും അഹന്തയും പ്രദര്‍ശിപ്പിക്കാനാണെന്ന് അയാള്‍ ബഹളമുണ്ടാക്കി.
അവളുടെ മകന്‍ എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിക്കൊണ്ടിരുന്നു.
( തുടരും )