Thursday, September 10, 2020

ചൊക്ളി 33


10/09/2020 

ചൊക്ളി ആ രാത്രിക്കാണ് പെണ്ണെന്തിറ്റാന്നറിഞ്ഞത്. ജാനു സൊന്താന്ന് വിചാരിക്കുമ്പളൊക്കെ ചൊക്ളിക്ക് ശരീരം പെര്ത്തു പെര്ത്ത് വന്ന്.

ജാനൂൻറമ്മ അവരുടെ മുറീലും ചൊക്കേട്ടനും ജാനും ചൊക്ളീൻറ മുറീലുമാ കെടന്നദ്.


ജാനു ചൊക്കേട്ടനെ മിൻസങ്ങള്ടെ ഒരെളംചൂടിൻറെ സൊർഗത്തിലേക്ക്ണ് കൊണ്ടു പോയ്ത്. വേറൊരു ലോഗാ കാട്ടിക്കൊടുത്തു. ചൊക്കേട്ടാന്ന് വിള്ക്കുമ്പോ കാതില്ന്നേ രോമം പെര്ത്തെ കേറാണ്.

ചണ്ണക്കാലും കൈയും അവളടെ മേത്തിട്ടപ്പോ അവള് പൂച്ചേടെ പോലെ കുറ്കി. ചൊക്ളിക്ക് സൊർഗന്ന് പറ്ഞ്ഞാ ജാന്വാന്ന് മൻസ്സിലായി.. ചൊക്ളീടെ എല്ലാ കെട്ടും പിടുത്തോം അവളടെ തലമുടീലും ചുണ്ടിലും മാറത്തും ഒക്കെയായി ഉരുകി അലിഞ്ഞ് ഒഴുകിപ്പരന്നു.

ആദ്യായിറ്റ് 'ൻറെ പെണ്ണേ… ൻറെ ജാന്വോ ...ൻറെ സൊന്തം 'ന്ന് പറയാൻ അവനൊരാളായില്ലേ ഈ ലോഗത്ത്. അവള് ചെവീമ്മേ കടിച്ചിട്ട് 'ൻറെ ചണ്ണച്ചെക്കാ'ന്ന് വിളിച്ചപ്പോ അവന് കുളർന്നു. അവള് എന്ത് വിള്ച്ചാലും എന്ത് ര് മദിരാ...എന്ത് ര് സുഗാ..

ചണ്ണക്കാലും കൈയും അവളടെ മേലേക്കിട്ട് ആ തടിച്ച മുലക്കണ്ണും തിരുപ്പിടിച്ച്ക്കിടന്ന് ചൊക്ളി ഒറങ്ങി. അങ്ങനെ എല്ലാം മറന്ന് ഒരൊറക്കം അവൻറെ ജീവിതത്തിൽ ആദ്യേര്ന്ന്...

ആ രാത്രി പുലർന്നപ്പളയ്ക്കും ചൊക്ളി ഒത്ത ഒരാണായിണ്ടാര്ന്നു. അവനൊരിക്കലും തോന്നീട്ട്ല്ല ചണ്ണക്കാല് നല്ലതന്നെന്ന്.. ഇപ്പോ അവന് അതും തോന്നി.. അവൻറേല് ഇള്ളതൊക്കേ നല്ലതന്നേ.. ജാനു ഒറ്റ രാത്ത് രി കൊണ്ട് അവനെ അങ്ങനേ തോന്ന്പ്പിച്ചു.

അവള് ഏൺട്ട് പോയി കുൾച്ച് കുറിയിട്ട് മുടീരെ തുമ്പും കെട്ടി നല്ല ചൂട് കാപ്പീം കൊണ്ട് വന്നപ്പോ ചൊക്ളിക്ക് ജീവിതം നന്നായീന്ന് തോന്നി..

അത് ശരിയേര്ന്ന്.

പിന്നങ്ങട് നല്ലതന്നേ വന്നൊള്ളോ.. ജാനു ഒക്കേം കണ്ടറിഞ്ഞന്നെ ചെയ്തു…. ഇട്ളീം ചട്ണീം കാപ്പിടെ വെള്ളോം മുറീല് കൊണ്ടന്നു.

പണീണ്ട് പറ്മ്പില്.. ജാനൂന് വെപ്പുപണി ണ്ട്. പിന്നെ ചൊക്ളി വെറ്തെ ഇര്ന്നട്ട് എന്ത്നാ..

അപ്പളാണ് ലള്തമ്മ്യാര് വിളിപ്പിച്ചെ.. ചെന്നപ്പോ കുട്ടനാശാരീം കൊച്ചപ്പൻ മേശ് രീം ണ്ട്. അമ്മ്യാര് പറേൺത് ജാനൂൻറെ അമ്മേരെ മുറി ചൊക്ളീരെ മുറീരടുത്തിക്ക് ആക്കാം. തൊട്ടപ്പറത്ത് ഒര് വാതല് വെച്ചാമതി. ഒര് ചാച്ചെറക്കിണ്ടാക്കി, ഒര് അട്പ്പ് വെച്ചാ എടക്കൊക്കെ ഒര് കട്ടങ്കാപ്പി തെള്പ്പിക്കാലോ ജാനൂന്..

ലള്തമ്മ്യാര്ക്ക് പറഞ്ഞാ പിന്നെ അപ്പ നട്ക്കണം പണി.

ചൊക്ളീരെ മുറീരെ ജനലും വാതലും ഇല്ലാത്ത ചൊമര് ഭാഗം തൊറന്ന് മാവ്മ്പലക അടിച്ച് വെച്ച് ഒരു വാതലാക്കി. ചാച്ചെറക്കി അമ്മേരേ മുറീരെ ചൊമരിൻറട്ത്താക്കി.അങ്ങനെ ചൊക്കേട്ടനും ഭാര്യയ്ക്കും ഒര് ശല്യോംല്ലാത്ത മുറിയായി. എല്ലാ പണീം കൂടി മൂന്നീസം എടുത്തു..

ജാനൂൻറെ അമ്മ ഇപ്പോ പഴേ പോലേ 'ടാ, ചൊക്ളീ'ന്ന് വിളിക്ക്ല് നിർത്തി. 'മോനേ'ന്നാ വിളി.. കണ്ടകടിച്ചാദി കാര്യങ്ങളും ഒന്നും പറേല്യാ. ഒര് ബഗുമാനം പോല്യാ..വെപ്പും വെളമ്പും കയിഞ്ഞ് വീട്ടി വന്നാ 'രാമ രാമ രാമ' ന്ന് പൊറുപൊറുക്കലാ.

അപ്പളാണ് ചൊക്ളി അറിഞ്ഞത്.. വൈന്നാരം പണി കയിഞ്ഞപ്പോ കുളിക്കാൻ പുവ്വേ. അപ്പോ കിളി രാഗവേട്ടന്ണ് പറഞ്ഞ്ത്. 'ചൊക്ളി യേ, ഓമോം മന്ത്രോം ജപ്പോം കൊണ്ടന്നും കാര്യല്ലടാ. കാര്യങ്ങള് സത്യാവണം.. വെടിപ്പാവ്ണം. നീയ്യ് കേട്ടാ.. ആ അമ്പ് ലം തൊറന്നൊടത്ത രാജീവ കാന്തി ല്ലേ.. ഇന്ദ്രാകാന്തീരേ മോൻ.. അയ്യാളെ കൊളമ്പ് നാട്ടീല് വെച്ച് തോക്കോണ്ട് ഇടിച്ച് കൊല്ലാന്നോക്കി. നിൻറെ കല്യാണ്ണത്തിൻറെ അന്നന്നെ.. കൊഴപ്പണ്ട് മോനേ.. കൊളമ്പ് കാര് ഇനി ഇങ്ങടാ വരും...കൊല്ലാൻ.. നീയ്യോക്കിക്കോ'

ചൊക്ളിക്ക് ഒന്നും തിരിഞ്ഞില്ല.

അവൻറെ കല്യാണോം ഓമോം ഒക്കെ എന്തിന്ന്ണ് രാഗവേട്ടൻ പറേണ്ണ്…

എന്തിറ്റ് സത്യം… ആവോ.. സുകുമാഷ് പറഞ്ഞേരും ഒക്കേ.

അല്ല പിന്നെ..

Wednesday, September 9, 2020

ബാബേൽ ഗോപുരവും ഒരു കഷണം ചേനയും




ഞാൻ ഈ പ്രപഞ്ചത്തിലാരും തുണയില്ലാതെ പരമദാരിദ്ര്യത്തിലും തികഞ്ഞ ഗതികേടിലും കഴിഞ്ഞു കൂടുന്ന ആ അതിഭയങ്കര ദുരിതകാലമാണ്.

വയസ്സ് കഷ്ടിച്ച് ഇരുപത്തിനാല്, തൂക്കം നാല്പത് കിലോ, ബോയ് കട്ട് അടിച്ച തലമുടി. ഇരുണ്ട നിറം. എപ്പോൾ വേണമെങ്കിലും നിറയുന്ന കണ്ണുകൾ, സദാ ഗദ്ഗദം കൂടൂ കൂട്ടിയ നനവുള്ള ശബ്ദം..

ദില്ലിയിലെ ആർ കെ പുരത്ത് സെക്ടർ നാലിലെ ഒരു ഗവൺമെന്റ് ഫ്ളാറ്റിലാണ് പാർപ്പ്. അയ്യോ.. ആരും തെറ്റിദ്ധരിക്കല്ലേ...ആ ഫ്ളാറ്റിൽ മുഴുവനും പാർക്കുന്നത് ഞാനല്ല..

അതിൻറെ ഒരു കുഞ്ഞിക്കുടുക്കാസ് മുറിയിൽ മാത്രം ആണ് ഞാൻ.

കുളിമുറി കക്കൂസ് എന്നിവ വീട്ടുകാരുമായി ഷെയർ ചെയ്യണം. വീട്ടുകാർ അഞ്ച് പേരുണ്ട്.

എനിക്ക് കുടുക്കാസ് മുറി മതി..

എൻറേല് ഒത്തിരി വിലപ്പിടിപ്പുള്ള ഇത്രേം സ്വത്തുക്കൾ ഉണ്ട്. അത് വലിയ വിസ്താരമുള്ള മുറിയിലെന്ന പോലെ കുടുക്കാസ് മുറിയിലും അടുക്കി വെക്കാൻ പറ്റും.

മണ്ണെണ്ണ സ്റ്റൗവ്,
മണ്ണെണ്ണ കുപ്പി,
ഫണല് അല്ലെങ്കിൽ ചോർപ്പ്,
തീപ്പെട്ടി,
ഭാരതച്ചട്ടി,
2 ഡവറകൾ
വാല്പാത്രം അഥവാ സോസ്പാൻ.
രണ്ടു ഗ്ളാസ്,
ഒരു പ്ളേറ്റ്,
ഒരു മൺകലം,
4 മൺ അടപ്പു മൂടികൾ
കടുകെണ്ണ കുപ്പി
പച്ചക്കറി വെക്കുന്ന പ്ളാസ്റ്റിക് ട്രേ
ആക്സോ ബ്ളേഡ് കത്തി
പ്ളാസ്റ്റിക് ചോററുപാത്രം,
പുല്പായ,
തലയണ,
പുതപ്പ്.
ഒരു ബക്കറ്റ്,
ഒരു മഗ്,
നിർമ സോപ്പ്

കഴിഞ്ഞിട്ടില്ല ഇനീം ഉണ്ട് വിലമതിക്കാനാവാത്ത സ്വത്തുക്കൾ.

ചായപ്പൊടി,
പഞ്ചസാര,
മസൂർദാൽ,
ഉപ്പ്,
മഞ്ഞൾപ്പൊടി,
സാമ്പാർപൊടി,
പുളി

ഇതെല്ലാം വെക്കുന്ന കാൽ കിലോ വീതം കൊള്ളുന്ന പ്ളാസ്റ്റിക് ജാറുകൾ

അരിയും ഗോതമ്പ് പൊടിയും ഇട്ടു വെക്കുന്ന രണ്ട് അലൂമിനിയം ഡബ്ബകൾ.

ശ്രീമതി ബനശ്രീ മിത്ര തന്ന നാലുടുപ്പുകൾ, രണ്ടു ടർക്കി ടവ്വലുകൾ, കണ്ണൻ വാങ്ങിത്തന്ന രണ്ടു ഉടുപ്പുകൾ, ദിലീപ് വാങ്ങിത്തന്ന രണ്ടു ജോഡി ചെരിപ്പുകൾ.

അങ്ങനെ വല്യ അംബാനിയാണെന്ന് വിചാരിച്ചു പൊട്ടിപ്പൊളിഞ്ഞു പാളീസായ ഞാൻ കുടുക്കാസ് മുറിയിൽ പരമാവധി ഗമയിൽ ജീവിക്കാൻ പരിശ്രമിക്കുന്നു.

ഡെവലപ്‌മെന്റ് ആൾട്ടർനേററീവ്സിൻറെ ടൈം എക്സിബിഷൻ സൈറ്റിൽ മണ്ണിഷ്ടിക എണ്ണലാണ് എൻറെ ജോലി. രാജ്പഥിലെ ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ആർട്സിലാണ് സൈറ്റ്.

ആശകളോ നിരാശകളോ പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാത്ത ശൂന്യമായ കാലം. ആകാശം പോലെയുള്ള, കടല് പോലേയുള്ള അപാരമായ ഏകാന്തത, മഹാനഗരത്തിൽ നമുക്ക് എന്തു പറ്റിയാലും ആരുമില്ല എന്ന ബോധം...ഒരു തടിക്കഷണം പോലെ ജീവിക്കുക.. ചത്തു പോകാത്തതുകൊണ്ടു മാത്രം അല്ലെങ്കിൽ അതിനു പോലും ധൈര്യമില്ലാത്തതുകൊണ്ടു മാത്രം ജീവിച്ചിരിക്കുക എന്ന കെങ്കേമമായ സ്ഥിതി..

എൻറെ പൊന്നു മോളെ മറന്നുകൊണ്ട് ഓർക്കുക. ഓർത്തുകൊണ്ട് മറക്കുക.. അങ്ങനെ ഒരു വിചിത്ര കാലത്തിലൂടെ ചാകാതെ നടക്കുമ്പോൾ പെട്ടെന്ന് ഒരു നാൾ എനിക്കൊരു മോഹമുദിച്ചു.

ഒരിത്തിരി ചേന മെഴുക്കുപുരട്ടി കഴിക്കണം. അമ്മീമ്മ ഉണ്ടാക്കിത്തരുന്ന
ആ രുചിയുടെ ഓർമ്മയിൽ എൻറെ കണ്ണിൽ നനവൂറി. കുരുമുളകും കറിവേപ്പിലയും വിതറിയ ചേന മെഴുക്കുപുരട്ടിയുടെ സ്വാദ് നാവിൽ നിറഞ്ഞു.

അപ്പോഴാണ് ബാബേൽ ഗോപുരം ചിതറിച്ച് കളഞ്ഞ് മനുഷ്യരെ പലഭാഷകൾ പറയുന്നവരാക്കി അകറ്റിമാറ്റിയ ദൈവത്തിന്റെ ചെയ്ത്ത് എത്ര ഭയങ്കര മായിരുന്നുവെന്ന് എനിക്ക് മനസ്സിലായത്…

ചേനേടേ ഹിന്ദി എന്താണ്?

ചേമ്പിൻറെ ഹിന്ദി അർബി.. ചേമ്പ് അല്ലല്ലോ ചേന..

എലിഫന്റ് ഫുട്ട് യാം ആണ് ഇംഗ്ലീഷിൽ ചേന.

ഹാഥി പൈർ അർബി (ആനക്കാലൻ ചേമ്പ്) ആയിരിക്കുമോ ഹിന്ദിയിൽ ഈ ചേന?

ദൈവത്തിന്റെ ഒരു ചതിയേ…

ഈ ലോകം മുഴുവൻ നമ്മുടെ ചേനയെ ചേനേന്ന് വിളിച്ചാൽ എന്താണൊരു കുഴപ്പം? ചേന ഹീബ്രുവിലോ അർമയിക്കിലോ പേർഷ്യനിലോ സംസ്കൃതത്തിലോ വല്ല ചീത്തയും വിളിച്ചു പറയുമോ?

അങ്ങനെ ശനിയാഴ്ച വൈകിട്ട് ഞാൻ മാർക്കറ്റിൽ പോയി. ചേനയെ കണ്ടു പിടിച്ചു. അത്ര തിരക്കൊന്നുമില്ലാത്ത ഒരിടത്ത് പൊത്തോന്ന് അങ്ങനെ ഇരിക്കാണ് എൻറെ പ്രിയപ്പെട്ട ചേന.

ഒരു അമ്മച്ചിയാണ് കടയിൽ. വട്ടക്കുട്ട കമിഴ്ത്തിയ പോലെയുള്ള മൂക്കുത്തിയും കാലിൽ വെള്ളിവളയങ്ങളും രണ്ടു കൈ നിറച്ചും കുപ്പിവളകളും ആയി, തല വഴി പുള്ളിസ്സാരിയും പുതച്ച ഒരു സീരിയസ് അമ്മച്ചി..

ചേനയെ തൊട്ടു കാണിച്ച് ഥോഡാ ഥോഡാ (കുറച്ച് കുറച്ച്) എന്ന് പറഞ്ഞു ഞാൻ.

അമ്മച്ചിക്ക് കണ്ടപാടെ എൻറെ ഒരു സാമ്പത്തിക, കുടുംബ സ്ഥിതി പിടി കിട്ടി. അവർ ഒരു ഥോഡാ കഷണം ചേന തന്നു.

കുഞ്ഞിക്കുടുക്കാസ് മുറീൽ വന്നു ഞാൻ വേഗം ചോറു വെച്ചു. കൈയിൽ കടുകെണ്ണ പുരട്ടി ചേന മുറിച്ചു.. എന്നാലും ലേശം ചൊറിച്ചിൽ ഉണ്ടായിരുന്നു. സാരമില്ല..

മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ് ഒക്കെയിട്ട് വേവിച്ച് കടുകെണ്ണ ഒഴിച്ച് കടുകും ചുവന്നമുളകും കറിവേപ്പിലയും വറുത്തിട്ട് കുരുമുളകുപൊടി ഫ്ളാറ്റ് ഉടമസ്ഥയോട് ചോദിച്ചു മേടിച്ചു ചേന മെഴുക്കുപുരട്ടി യിൽ തൂവി.. ഒരു മണ്ണടപ്പ് മൂടി കൊണ്ട് പാത്രപാകം ആകും വരെ അടച്ചു വെച്ചു.

എന്നിട്ട് കുളിച്ച് വന്ന് ചോറും ചേന മെഴുക്കുപുരട്ടിയും സവാള ചീകിയതുമായി ഉണ്ടു തുടങ്ങി.

രണ്ട് മൂന്ന് ഉരുള കഴിച്ചതേ ഓർമ്മയുള്ളൂ.. പിന്നെ ചൊറിച്ചിലാണ്.. വായിൽ.. തൊണ്ടയിൽ.. ഇറങ്ങിപ്പോയ വഴി മുഴുവൻ..

എക്സ്റേയൊന്നും ആവശ്യമില്ല ആന്തരിക അവയവങ്ങൾ കണ്ടു പിടിക്കാൻ എന്നെനിക്ക് മനസ്സിലായി.. ചൊറിച്ചിൽ.. തൊലിപ്പുറത്ത് തന്നെ അതി ഭീകരമായ ചൊറിച്ചിൽ… അതങ്ങ് സൂക്ഷിച്ചു നോക്കിയാൽ മതി

ചൂടുവെള്ളം, പുളിവെള്ളം, ഉപ്പുവെള്ളം, ഇവ കുടിക്കൽ...പച്ചച്ചോറ് വാരിവാരി മിഴുങ്ങൽ…

ഒരു രക്ഷയുമില്ല..

രാത്രി രണ്ട് മണിയൊക്കെ ആയപ്പോൾ ചൊറിച്ചിൽ ഒതുങ്ങി. അതിനകം മെഴുക്കുപുരട്ടിക്കൊതി പോയിട്ട് ജീവിതക്കൊതി തന്നേയും എനിക്ക് തീർന്നു കിട്ടീരുന്നു.

പിറ്റേന്ന് ഞാൻ അമ്മച്ചിയുടെ കടയിൽ പോയി, വിവരം പറയുവാൻ തീരുമാനിച്ചു.

ങാഹാ..അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

അമ്മച്ചിയുടെ മുന്നിൽ എത്തിയപ്പോഴാണ് ബാബേൽ ഗോപുരം പിന്നേം വിശ്വരൂപം കാണിച്ചത്..

ചൊറിച്ചിൽ ...അതിൻറെ ഹിന്ദി എന്താണ്?

വലഞ്ഞില്ലേ ഞാൻ?

ഒടുവിൽ ചേന തൊട്ട് ഇടത്ത് കൈത്തണ്ടയിൽ ഞാൻ ചൊറിഞ്ഞു കാണിച്ചു. ചൊറിച്ചിലിൻറെ ശക്തി പ്രകടിപ്പിക്കാൻ വലത്തെ കൈവിരലുകൾ നല്ലോണം വളച്ചു പിടിച്ചു ചൊറിഞ്ഞു.

അമ്മച്ചിക്ക് ഒരു ഭാവഭേദവുമില്ല.

അറ്റകൈയിനാണ് ഞാൻ എൻറെ അവസാന അടവ് എടുത്തത്.

വായ തുറന്ന് നാക്ക് പുറത്തേക്ക് നീട്ടിയിട്ട് രണ്ടു കൈയിൻറെ വിരലുകളും മടക്കി ചൊറിഞ്ഞു കാണിച്ചു…

കുജ്ലി എന്ന ആ രത്‌ന വിലയുള്ള വാക്ക് ഞാൻ അങ്ങനാണ് പഠിക്കാൻ തുടങ്ങിയ ത്..…

പിന്നെ നമ്മുടെ ചേന.. ജീമികന്ദ്.

വെള്ളകൊക്കുകൾ എന്നെ ഉമ്മ വെക്കണ




ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ എല്ലാ കവിതകളും മിക്കവാറും ഗദ്യവും ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടം ബാലൻ എന്നോട് പറഞ്ഞ ഈ വരികളാണ്.. അതോർക്കുമ്പോഴെല്ലാം എൻറെ കണ്ണിൽ വെള്ളം പൊട്ടും.

ഞാൻ ഇല്ലാത്ത കാലത്ത് എൻറെ കുഞ്ഞിനെ ഉറക്കാനായി മടിയിൽ കിടത്തിയിട്ട് ഒരു ബുക്ക് വായിക്കുകയായിരുന്നു ബാലൻ.. അല്പം കഴിഞ്ഞപ്പോൾ മോളുറങ്ങി.

അവളെ കോരിയെടുത്ത് തോളത്തിട്ട് കിടക്കയിൽ കിടത്തുമ്പോൾ വാവ കണ്ണു തുറന്നു. ബാലനെ നോക്കി ചിരിച്ചു.

'എന്തേ.. മോളെന്താ ചിരിക്കണേ' എന്ന് ബാലൻ ചോദിച്ചപ്പോൾ വാവ പറഞ്ഞു.

'ഞാൻ നമ്മുടെ വെള്ളകൊക്കുകൾ എന്നെ ഉമ്മ വെക്കണ സ്വപ്നം കണ്ടൂ അപ്പൂൻറച്ഛാ..'

എന്നിട്ട് അവൾ പിന്നേയും ഉറങ്ങി.

ബാലൻ കരഞ്ഞുകൊണ്ട് തിരിച്ചു വന്ന് പുസ്തകത്തിലേക്ക് തുറിച്ചു നോക്കിയിരുന്നു.

കേരളവർമ്മയിലെ ഒരു സഹപാഠി




ഇത് നിന്നെക്കുറിച്ചാണ്..

നിൻറെ പേര് ആദ്യമായി കേൾക്കുന്നത് പ്രീഡിഗ്രിയുടെ ട്യൂഷൻ ക്ളാസ്സിൽ എം.കെ മേനോൻ മാഷ് പുകഴ്ത്തിയിട്ടാണ്. ദാ, ഉയർന്നു വരുന്നു ഒരു എൻജിനീയർ.. ഫിസിക്സ് ബൈഹാർട്ട്, കെമിസ്ട്രി കംപ്ളീറ്റ് ബൈഹാർട്ട്, മാത് സ് മുഴുവൻ പ്രോബ്ളംസും ടിപ്സിലാണ്..

നിൻറെ മുഴുവൻ പേര് മാഷ് പറയില്ല.. ഇനിഷ്യൽസ് ഉപേക്ഷിക്കും..

മാഷ് പറയുന്നത് കേട്ടാൽ തോന്നുക നീയൊരു എൻജിനീയറായി, ഏതോ വലിയ ഫേമിൻറെ ചീഫ് ആയി എന്നൊക്കെയാണ്. സകല വിവരവും ടിപ്സിലുള്ള കഴിവുറ്റ ഒരു എൻജിനീയർ.. മാഷുടെ സ്വന്തം മോനെപ്പോലും അദ്ദേഹം ഇങ്ങനെ പുകഴ്ത്താറില്ല.

നീ മോണിംഗ് ബാച്ചിലും ഞാൻ ഈവനിംഗ് ബാച്ചിലുമായിരുന്നു.

രണ്ടു വർഷത്തെ ട്യൂഷൻ കഴിഞ്ഞ് നടന്ന ഫെയർവെല്ലിൻറെ അന്നാണ് നമ്മൾ തമ്മിൽ ആദ്യം കാണുന്നത് തന്നെ

അന്ന് നീയൊരു കഥ വായിച്ചു. അർഥമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ക്ളാസ്സിനെ ചിരിപ്പിക്കുന്ന പനിപിടിച്ച മുഖമുള്ള ഒരു പെൺകുട്ടിയെക്കുറിച്ചായിരുന്നു കഥ. മേനോൻ മാഷിൻറെ ക്ളാസ്സ് തന്നെയായിരുന്നു കഥയിലെ അന്തരീക്ഷവും..

പിന്നീട് നമ്മൾ കാണുന്നത് കേരളവർമ്മ കോളേജിലാണ്. നിന്നെ അവിടെ കണ്ടപ്പോൾ ഞാൻ അൽഭുതപ്പെട്ടു. തൃശൂർ ഗവണ്മെൻറ് എൻജിനീയറിങ് കോളേജിൻറെ പച്ചബസ്സിൽ വലിയ ഗമയിൽ കയറിപ്പോവേണ്ടിയിരുന്ന നീ.. ദേ, കേരളവർമ്മയുടെ മുറ്റത്ത് മരച്ചുവട്ടിൽ ചുമ്മാ നില്ക്കുന്നു ..

ഞാൻ മലയാളം പഠിക്കുമ്പോൾ നീ ഫിസിക്സ് പഠിച്ചു. ഗോവിന്ദൻ കുട്ടി മാഷുടെ ഗ്യാലറി ക്ളാസ്സിൽ നീ ഇരിക്കുന്നതും, ഫിസിക്സ് ലാബിൽ നിന്ന് നീ ഇറങ്ങി വരുന്നതും ഞാൻ കണ്ടിട്ടുണ്ട്.

അക്കാലത്തൊന്നും നമ്മൾ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല.

ആ വർഷത്തെ വൈഖരി ക്യാമ്പിൽ ഒരു ക്വിസ് പ്രോഗ്രാം ഉണ്ടായിരുന്നു. നീ അത് ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

ഞാൻ ആണ് ഒന്നാമതായത്. ഗ്രേപ്സ് ഓഫ് റാത്ത് എന്നതായിരുന്നു എന്നെ ഒന്നാമതാക്കിയ ചോദ്യത്തിൻറെ ഉത്തരം. അന്നാണ് 'നല്ലപോലേ വായിക്കുമല്ലേ' എന്ന ചോദ്യം നീ എന്നോട് ചോദിച്ചത്.

നമ്മൾ അല്പാല്പം സംസാരിച്ചു തുടങ്ങിയത് അതിനു ശേഷമാണ്.

അതിനു ശേഷം പുറത്തിറങ്ങിയ കേരളവർമ്മക്കവിതകളിൽ എൻറെ ഒരു കവിതയും ചേർക്കപ്പെട്ടിരുന്നു. ഞാൻ കവിത നിൻറെ പക്കൽ ഏല്പിക്കുകയാണ് ചെയ്തത്. ഇഷ്ടം പോലെ ചെയ്യൂ എന്ന മട്ടിൽ…

ആ കവിതകളും കഥകളും പുസ്തകങ്ങളാകുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ നമ്മൾ പങ്കെടുത്തിരുന്നു. അധ്യക്ഷത വഹിച്ചത് ഇന്നത്തെ പ്രശസ്ത കവി രാവുണ്ണി ആയിരുന്നു. കോളേജ് യൂണിയൻ ചെയർമാൻ കൂടി ആയിരുന്നുവല്ലോ അന്ന് രാവുണ്ണി. മൈഗ്രേൻ മൂത്ത് തലവേദനയിൽ തുടിച്ച എന്നെ മീറ്റിങിൽ നിന്ന് പറഞ്ഞുവിടാൻ നീ ഒരു ഓട്ടോറിക്ഷയുമായി വന്നെത്തി. പിന്നീട് ഒരിക്കൽ പോലും ആ പുസ്തകങ്ങളെപ്പറ്റി നമ്മൾ സംസാരിച്ചതുമില്ലായിരുന്നു.

വൈഖരി ക്യാമ്പിനും ആ മീറ്റിങിനും ശേഷം വന്ന ന്യൂ ഇയറിന് രാവുണ്ണിയും നീയും എനിക്ക് ഓരോ ന്യൂ ഇയർ കാർഡുകളയച്ചിരുന്നു. എനിക്ക് വന്ന മറ്റു പല കാർഡുകളും അച്ഛൻ കണ്ടിരുന്നു. എന്നാൽ സ്ത്രീ നാമമല്ലാതിരുന്നതുകൊണ്ട് നിങ്ങളുടെ കാർഡുകൾ അച്ഛനെ അനാവശ്യമായി ക്ഷുഭിതനാക്കി.

ഇനി മേലിൽ കാർഡയക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞു. ഏറെ സീനിയറായ രാവുണ്ണിയെ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് ഞാൻ അന്വേഷിക്കുകയോ കാർഡയക്കരുതെന്ന് പറയുവാൻ ശ്രമിക്കുകയോ ചെയ്തില്ല. പ്രിൻസിപ്പലിൻറെ മുറിക്കു മുന്നിലായി ഒരു മരമുണ്ടായിരുന്നു. അവിടെ നീളത്തിൽ കല്ലുകെട്ടിയിരുന്നു. ആൺകുട്ടികൾ ഇഷ്ടം പോലെ വാചകമടിച്ചുകൊണ്ട് അവിടെ മണിക്കൂറുകളോളം ഇരിക്കാറുണ്ടായിരുന്നു അക്കാലത്ത്.

നീ അല്പം വിഷണ്ണനായി. എന്നിട്ട് ചോദിച്ചു.

'നിത്യജീവിതം വല്ലാതെ ദുരിതപൂർണമാണ് അല്ലേ'

ചമ്മൽ ഒളിപ്പിക്കാനായി ഞാൻ ഗൗരവത്തോടെ നടന്നകന്നു.

പിന്നെ ഏറെക്കാലം നമ്മൾ ഒരക്ഷരം പോലും സംസാരിച്ചതേയില്ല.

എൻറെ വീട്ടിലെ എല്ലാ സ്ത്രീകളുടേയും ജീവിതത്തെ തകർത്തുകളഞ്ഞ ആ തീരുമാനമെടുത്ത ദിവസം നമ്മൾ ലൈബ്രറിയിൽ വെച്ച് കണ്ടിരുന്നു. ഞാൻ ഒന്നും നിന്നോട് പറഞ്ഞില്ല. നീയെല്ലാം അറിഞ്ഞിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അരിമ്പൂരിലെ കൊച്ചു വാടകവീട്ടിൽ നീ വന്ന ദിവസം..

കോളേജ് അധ്യാപകർക്ക് ഒരു കുടുംബം പോറ്റാനുള്ള ശമ്പളമൊന്നുമില്ലെന്നും ദാരിദ്ര്യത്തിനെ പേടിയാണെന്നും നീ അന്നേ കണ്ണട വെച്ച ആ മുഖത്തു നിന്നു കേട്ടു കഴിഞ്ഞിരുന്നുവത്രേ.

ചായ കുടിച്ച് ഇറങ്ങുമ്പോൾ പിടിയരിപ്പാത്രം എന്ന ചെലവ് ചുരുക്കൽ ടെക്നിക്കിനെപ്പറ്റി നീ എന്നോട് പറഞ്ഞു. പിന്നെ ആ ടെക്നിക്ക് ഒരുപാട് പേർ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. എൻറെ ഗുരുനാഥനായിരുന്ന ആർ ജി മാഷടക്കം.

നീ എൻട്രൻസ് എഴുതുന്നില്ലെന്നും ഷോപ്പ് ഇടുവാൻ പോവുകയാണെന്നും മറ്റും കേട്ടപ്പോൾ ഞാൻ അമ്പരന്നു. ബി എസ് സി കഴിഞ്ഞ് നീ കേമനായി
എൻജിനീയറിങ് പാസ്സാകും.. മേനോൻ മാഷ് പറഞ്ഞിരുന്ന പോലെ ഏതെങ്കിലും ഒരു വലിയ ഫേമിൻറെ തലപ്പത്ത് എത്തും. ഒപ്പം ഒരു നല്ല എഴുത്തുകാരനുമാകും എന്നൊക്കെയായിരുന്നു നിൻറെ ഭാവിയെക്കുറിച്ച് ഞാൻ കരുതീരുന്നത്.

അങ്ങനെയാണ് ഞങ്ങൾ ഇരുവരും ഒന്നിച്ച് നിൻറെ വീട്ടിൽ വന്നത്. അനിയത്തിമാരേയും അമ്മയേയും കണ്ടത്. അമ്മ തന്ന തേനൂറുന്ന വരിക്കച്ചക്കപ്പഴം വയറു നിറയെ കഴിച്ചത്.

പിന്നെ നിൻറെ ഷോപ്പിലേക്കും ഞങ്ങൾ വന്നു. ആ ഷോപ്പ് നടത്താൻ വേണ്ട വിദ്യാഭ്യാസയോഗ്യത നീ സമ്പാദിച്ചു കഴിഞ്ഞുവെന്നറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, മേനോൻ മാഷുടെ വാക്കുകളിലെ മിടുക്കനായ എൻജീനിയർ ഇതാ ഒരു ഷോപ്പുടമസ്ഥനായി അവതരിച്ചിരിക്കുന്നു.

പിന്നീട് നമ്മൾ തമ്മിൽ കണ്ടതേയില്ല.

ആ ജനുവരി മാസം ആദ്യം നീ കവിത പോലുള്ള ഇഷ്ടിക വീട്ടിലേക്ക് കയറി വന്നു. ഞാൻ തൃശൂർ വിട്ടു പോകുന്നതിന് കുറച്ചു നാൾ മുമ്പ്. ഞാനും മോളും എൻറെ വീട്ടുസഹായി ലിസിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കവിത വീട്ടിൽ..

കോസ്റ്റ്ഫോർഡിലെ പലരും എന്നെ ആണുങ്ങളെ വലവീശിപ്പിടിക്കുന്നവൾ എന്ന് വിശേഷിപ്പിക്കുന്നത് നീ അറിഞ്ഞിരുന്നു. എസ് എഫ് ഐ പ്രവർത്തകർ എൻറെ സദാചാരമില്ലായ്മ യെപ്പററി രോഷാകുലരാണെന്ന് നീയറിഞ്ഞിരുന്നു. മാഷ് എത്ര ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നതും അതിൽ അവരെല്ലാം എത്ര വേദനയാണ് അനുഭവിക്കുന്നതെന്നതും നീ അറിഞ്ഞിരുന്നു.

നിനക്കറിയാവുന്നതിൽ വെച്ച് ഏറ്റവും മൃദുലമായ വാക്കുകളോടേയാണ് നീ ഇതെല്ലാം എന്നോട് പറഞ്ഞത്.

എല്ലാം നിസ്സാരമാക്കി, മാഷ് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു നിന്നെ ഞാൻ മൗനിയാക്കി..

നിനക്ക് ചായ തന്നു.

എൻറെ മകളുടെ കുസൃതികളെക്കുറിച്ച് പറഞ്ഞു. കഴിയുന്നത്ര നിൻറെ നോട്ടങ്ങളെ ഞാൻ അവഗണിച്ചു.

യാത്ര പറഞ്ഞിറങ്ങിയ നീ അഞ്ചാറടി വെച്ച് തിരിഞ്ഞു നിന്നു..

'സൂക്ഷിക്കണം. .. ഒന്നും പ്രശ്നമല്ലെന്ന് എല്ലാം മനസ്സിലാക്കുന്നുവെന്ന് മാഷ് പറയുന്നതൊക്കെ സത്യമാവണമെന്ന് നിർബന്ധമില്ല..

കല സൂക്ഷിക്കണം'

ഞാൻ സ്തബ്ധയായി നിന്നു.

മുപ്പതു വർഷം കടന്നു പോയി.

ഇരുപത്തിനാല് തികയും മുമ്പേ നീ പ്രവചനമായി പറഞ്ഞ വാക്കുകളുടെ ഭാരമോർത്ത് എത്രയോ രാത്രികളിൽ ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്.

നിൻറെ മേൽവിലാസം ഞാൻ ഒരിക്കലും മറന്നിരുന്നില്ല.

എൻറെ മോൾ എന്തൊക്കെ അനുഭവിക്കും എന്ന ഭ്രാന്ത് പൂക്കുന്ന മരണോന്മാദം രക്തത്തിൽ പതയുന്ന നേരത്ത് ഒന്ന് എൻറെ മോളേ പോയി കണ്ടു വരാമോ എന്ന് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്.

പക്ഷേ, പേടിയായിരുന്നു.

എല്ലാവരും വിചാരിച്ച പോലെ ഞാൻ ഒരു ശരീരവില്പനക്കാരിയാണെന്ന് നീ കരുതീട്ടുണ്ടെങ്കിൽ എന്നോർത്ത് കിടുകിടെ വിറക്കുമായിരുന്നു ഞാൻ..

അതുകൊണ്ട് സൂര്യനോടും ചന്ദ്രനോടും മാത്രം എൻറെ നിലാവിൻറെ കഷണത്തെ പറ്റി ഞാൻ എന്നും ചോദിച്ചു...

അന്നൊന്നും വിശക്കില്ല.. ദാഹിക്കില്ല.. ഉറക്കവും വരില്ല..

എന്തൊരു കാലമായിരുന്നു അത്...

പിന്നീട്...

നിൻറെ ഷോപ്പിനടുത്തു കൂടെ കടന്നു പോവുമ്പോൾ ഞാൻ ഓർക്കും… ഒന്ന് അന്വേഷിച്ചാലോ.. അടുത്ത നിമിഷം ആലോചന മാറ്റും. നിനക്ക് എന്നോട് സൗഹൃദം ബാക്കിയുണ്ടാവുന്നതെങ്ങനേ?.. ഒരു വഴിയുമില്ലല്ലോ.. അങ്ങനെ ആ ആലോചന ഞാൻ കുടഞ്ഞു തെറിപ്പിക്കും.

മാഷെ സ്തുതിച്ച് എല്ലാവരും എഴുതിയ ആ പുസ്തകം ഞാൻ കണ്ടത് എൻറെ സുഹൃത്തായ ദേവപ്രിയൻ എന്ന ആർക്കിടെക്റ്റിൻറെ വീട്ടിൽ വെച്ചാണ്. അതിൽ നിൻറെ കുറിപ്പും ഉണ്ടായിരുന്നു.

തികഞ്ഞ നിസ്സംഗതയോടെ ഞാൻ ആ പുസ്തകം വായിച്ചു തീർത്തു.

എൻറെ ആത്മകഥാ പ്രകാശനത്തിന് നിന്നെ ക്ഷണിക്കാൻ ഞാൻ അധൈര്യപ്പെട്ടത് ആ സ്തുതി ബുക്കിലെ കുറിപ്പ് വായിച്ചതുകൊണ്ടാണ്. നീ സ്തുതിച്ചിരുന്നില്ല.. എന്നാലും എനിക്ക് മടി തോന്നി.

എൻറൊപ്പം പഠിച്ച ഒരാൾ സ്വന്തം ഔദ്യോഗിക വേഷത്തിലല്ലാതെ പുസ്തകപ്രകാശനത്തിന് എത്തിയിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയവരോടെല്ലാം ഞാൻ കള്ളമാണ് എഴുതിയതെന്ന് അയാൾ ആണയിട്ടു. എൻറെ അനിയത്തി ഭാഗ്യയെ കിട്ടിയ അവസരത്തിൽ പറ്റാവുന്ന പോലെ അപമാനിച്ചു. സി. ജെസ്മിയെ പരിഹസിച്ചു. അയാളുടെ ഫോൺനമ്പർ എനിക്ക് തന്നിട്ട് അയാളെ വിളിക്കാൻ പറഞ്ഞു.

ആത്മാർഥതയില്ലാത്ത ആ പ്രകടനം എന്നെ വല്ലാതെ വെറുപ്പിച്ചു.

ഭാഗ്യ ഡ്രൈവ് ചെയ്യുന്ന കാറിൽ എറണാകുളത്തേക്ക് മടങ്ങുമ്പോൾ ആ കാർഡ് ഞാൻ പറത്തിക്കളഞ്ഞു. എനിക്കയാളെ വിളിക്കേണ്ട.

എൻറൊപ്പം കേരളവർമ്മയിലെ ക്ളാസ്സിലിരുന്ന് പഠിച്ച ഒരാളും എന്നെ അന്വേഷിച്ചിട്ടില്ല ഇന്നുവരെ. ഇതെഴുതുന്ന ഈ നിമിഷം വരെ..

അപ്പോഴാണ് നീ ഒരല്ഭുതമായി എന്നെ അന്വേഷിച്ചത്.. അതും എല്ലാമറിഞ്ഞുകൊണ്ട്.. എല്ലാം ശരിയായി മനസ്സിലാക്കിക്കൊണ്ട്.. കൈക്കുടന്നയിലെ വെള്ളം പോലെ തിരിച്ചറിഞ്ഞുകൊണ്ട്…

എൻറെ ഒരേയൊരു സഹപാഠി, ഒരു ക്ളാസ്സിലും ഒന്നിച്ചു പഠിക്കാത്ത നമ്മൾ..

ആരും വേണ്ട, നീ മതി.. നീ മാത്രം മതി. കേരളവർമ്മയിലെ എൻറെ ഒരേയോരു സഹപാഠിയായി...

Tuesday, September 8, 2020

വറകുഴമ്പ്, തൊക്ക്




വറകുഴമ്പ്
                                                                    


ഇത് അമ്മീമ്മയുടെ ഒരു പാചകമാണ്. തക്കാളി, വഴുതനങ്ങ, മുരിങ്ങക്ക ഇവകൊണ്ടെല്ലാം അവർ വറകുഴമ്പ് ഉണ്ടാക്കിത്തരുമായിരുന്നു. തൃക്കൂര് വീട്ടിൽ അവർ നട്ടുവളർത്തീരുന്ന തെങ്ങുകൾ കായ്ക്കുന്നതു വരെ നാളികേരം അധികം ഉപയോഗിച്ചിരുന്നില്ല ഞങ്ങൾ. ധാരാളം നാളികേരം ഉണ്ടായിരുന്ന അടുത്തുള്ള സവർണ ഭവനങ്ങളിൽ ഞങ്ങൾക്ക് ഭ്രഷ്ട് ഉണ്ടായിരുന്നു.

വറകുഴമ്പിലാവുമ്പോൾ ശകലം നാളികേരമേ വേണ്ടൂ..

ഞാൻ ഇന്ന് തക്കാളിയും പാഷൻ ഫ്രൂട്ടിൻറെ തൊണ്ടുമാണ് വഴുതനങ്ങക്കും മുരിങ്ങക്കക്കും പകരം ഉപയോഗിച്ചത്.

അപ്പോൾ ശരി..

എച്മു സ്പെഷ്യൽ മസാലപ്പൊടി ആവശ്യത്തിന്, നാളികേരം വറുത്തത് ഇവയും ശകലം പുളിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വെച്ചിരിക്കുന്ന പാഷൻഫ്രൂട്ടിൽ ചേർക്കുക.

അത് അരുമയാ കൊതിക്കുമ്പോത് കടുകും ചുവന്ന മുളകും കറിവേപ്പില
യും വറുത്തിടുക.

ചുടെച്ചുടെ നല്ലാ ശാപ്പടലാം...

                        

തൊക്ക്

ഇതും ഒരു അമ്മീമ്മ വിഭവമാണ്.

നല്ല സ്വാദാണ്. ഇഡ്ഡലി, ദോശ, ചോറ്, ചപ്പാത്തി എല്ലാറ്റിനും സൈഡ് ഡിഷ് ആക്കാം.

ബീറ്റ്റൂട്ട്, ക്യാരറ്റ്, മത്തങ്ങ, തക്കാളി, സവാള, ചെനച്ച മാങ്ങ ഇവകൊണ്ടെല്ലാം തൊക്ക് ഉണ്ടാക്കാം. ചേരുവകളിൽ അല്പം മാത്രം മാറ്റം വരുത്തിയാൽ മതി.

എൻറെ പാചകം ഇങ്ങനെ ആയിരുന്നു.

ബീറ്റ്റൂട്ട്, തക്കാളി, സവാള, ചുവന്ന മുളക്, പുളി, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എല്ലാം മിക്സീലിട്ട് അരച്ച് എടുക്കുക. ഒരു ഇന്ത്യൻ ചട്ടിയിൽ അല്ലെങ്കിൽ ഭാരത ചട്ടിയിൽ ( എനിക്ക് നല്ല രാജ്യസ്നേഹം ഉണ്ട്. ഞാൻ ചീനച്ചട്ടി, ചീനവല, ചൈനാ വെയർ അതിനൊക്കെ ഇനി ഇന്ത്യൻ അല്ലെങ്കിൽ ഭാരത എന്നേ പറയൂ.) ഇട്ട് നല്ല തീയിൽ മൂടിവെച്ച് വരട്ടിയെടുക്കുക. കുറച്ചു നല്ലെണ്ണ ചേർത്ത് നന്നായി വഴറ്റി ഉലുവയും കായവും വറത്തു പൊടിച്ചതും ചേർത്ത് അല്പം ശർക്കര എല്ലാ രുചിയും ക്രമീകരിക്കാനായി ഇളക്കിച്ചേർക്കുക. വെള്ളമയം മുഴുവനും വറ്റിയാൽ തൊക്ക് തയാറായി.

ആറിയതിനു ശേഷം വെള്ളമയമില്ലാത്ത കുപ്പിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു മാസം കേടു കൂടാതിരിക്കും.

ചൊക്ളി 32




കൊര്ക് ഒന്ന് നല്ലോണം പോലെ എടറീച്ചാലും ചൊക്ളി പറയന്നെ ചീതു.

'ജാനൂന് സമ്മദണ്ടാന്നറീല്ല. അനാദൻണ്, ചണ്ണക്കാലൻണ്.. ജാനൂന് വേണ്ടാന്ന്ച്ചാ ആദിക്കന്നെ പറഞ്ഞാ മതീലോ..'

വിശ്ശൊനാദസ്സാമ്യാ ചിറിച്ചു. ചിറിച്ചപ്പോ മുറുക്കാനും തുപ്പലും കൂടി പുറത്തേക്ക് ചീററി വന്നു.

എന്നിട്ട് ഒറ്റ വിളി

ജാനൂ...ജാന്വോ…

ജാനൂം ജാനൂൻറമ്മേം കെതച്ച് പാഞ്ഞ് വന്നു.

സാമീരേ ചോദ്യം എടുമ്പിടീന്നായിരുന്നു.

ജാനു അമ്മേ നോക്കി, ഉഷമ്യാരെ കൊർച്ചേരം നോക്കി പിന്നെ രാമേന്ദരൻ ഡോക്കിട്ടറെ നോക്കി..ഒടുക്കം ചൊക്ളീൻറെ മോത്തേക്ക് ഒന്ന് നോക്കി.

എന്നിട്ട് തലേം താത്തി പറഞ്ഞു. 'ഇനിക്ക് ചൊക്കേട്ടനെ ഇഷ്ടാണ്. ഞാങ്കൊറവ് ഒന്നും കൺടിട്ട്ല്യാ..'

ചൊക്ളിക്ക് തല വട്ടപ്പാലം ചുറ്റി. ചൊക്കേട്ടൻന്ന്...ആദ്യായിറ്റ് ഒരു പെണ്ണൊര്ത്തി ബന്തണ്ടാക്കി വിളിക്ക്യാണ്. പിന്നവളക്ക് ഇഷ്ടാന്ന്… ആള്ക്കാര് ണ്ടായി അവടെ. അല്ലെങ്കി അപ്പോത്തന്നെ ചൊക്ളി അവളെ കെട്ടിപ്പിടിച്ചു മമം മമം ന്ന് മുത്ത്യേനേ..

വിശ്ശൊനാദസ്സാമി ചൊക്ള്യോട് പറഞ്ഞു ഇത്തിരി ഗൗരവത്തിലന്നെ.. അപ്പൊ ചൊക്ള്യേ പെണ്ണ് സമ്മതന്ന് പറ്ഞ്ഞാ പിന്നെ ആണായിപ്പെറന്നോൻ അവളെ ഏറ്റെട്ത്ത് നന്നായി നോക്കണ്ണന്നാ നമ്മള് ഇന്തുക്കള്ടെ ശാസ്ത്രം.

നീയ്യ് അവളെ കഷ്ടപ്പെട്ത്തര്ത്.

ചൊക്ളി അത്ര ആത് മാർത്തത്തില് ആരോടും അത് വരെ വാക്ക് പറഞ്ഞ്ട്ട്ല്ല.

ഇല്ല്യ.. ജീവൻണ്ടെങ്കീ ജാനൂനെ ഞാൻ പൊന്ന് പോലെ നോക്കും.

അപ്പോ ചൊക്ളീരേ കൊര്ക് നല്ലോണം എട്റി.

അങ്ങ്നെ അതാ തീര്മാനിച്ചു.

അന്ന് രാത്രീലന്നെ ചോറ് വെള്മ്പിയേൻറേം കൂട്ടാൻ വെള്മ്പിയേൻറേം അളവ് കൂട്തലാന്ന് ചൊക്ളിക്ക് തിരിഞ്ഞു. ബാക്കി പണിക്കാരൊക്കെ നല്ല കളീം ചിറീം.

കോളായീലോ ചൊക്കേട്ടാ...സാമീരേന്നെ വിത്താ ജാനൂന്ന് വരെ കേട്ട്ണ്ട് ഞങ്ങള്. നിൻറെ അമ്മായി അമ്മ്യേയ് പണ്ടൊര് ചരക്കാര്ന്ന്. ഇബടത്തെ അമ്മ്യാരാച്ചാ അപ്പളും ഇപ്പളും ഏങ്ങപ്പിശാശന്നെ..

അപ്പോ..

ചൊക്ളി ചോറ് ത് ന്നിട്ട് പോന്നോണം പോന്നു. ജാനൂനെ എല്ലാരും കുത്തിത്തൊളച്ച് നോക്കണതൊക്കെ കണ്ട്ണ്ട്. ഇപ്പൊ എല്ലാര്ക്കും ഒര് സൊയിരക്കേട് പോല്യായി..

രാമേട്ടൻ വയ്യാച്ചാലും പ്രാഞ്ചീസ് ൻറെ ഓട്ടർഷേക്കേറി വന്ന് കാലത്തന്നേ. വന്നോണം വന്നോണം വന്ന് ചൊക്ള്യേ കെട്ട്യാപിട്ച്ചു. കരച്ച്ല് വര്ണ്ട്ന്ന് തോന്നി ആ മോറ് കണ്ടപ്പോ..

നന്നായീരാ മോനേ.. അവള് നല്ലൊരു നായര് പെണ്ണാണ്. ആ തള്ള കഷ്ടപ്പെട്ടാ വളത്തീത്. ഒക്കെ നേര്യാവും…

പ്രാഞ്ചീസ് ഒറ്റച്ചിരി..

'ങേ, സഗാവ് രാമേട്ടനും യാതീം മതോംക്കേണ്ടാ.. പിന്നെങ്ങ്ന്യാ ഇന്തുക്കള് ഞങ്ങട്യാ ഇന്ത്യാന്ന് പറേമ്പോ എല്ലാരേട്യേം ആണ്ണ്ന്ന് അങ്ങ്ട് ഒറപ്പിച്ച് പറയ്യാ..പറഞില്ലേങ്കി കൊഴ്പ്പാവും സഗാവേ..

രാമേട്ടൻ പ്രാഞ്ചീസിൻറെ ചെവിമ്മെ പിടിച്ചു.

അപ്പളക്കും ജാനുണ്ട്, മൂന്നാളക്കും ചട്ണീം ഇട്ളീം കാപ്പിടെ വെള്ളോം ആയിറ്റ് വരണ്. ചൊക്ളീരെ മൻസ്സാ നെറഞ്ഞ്.. എന്തിര് നല്ല പെണ്ണാ അവള്…

പ്രാഞ്ചീസും ചിറിച്ചു. രാമേട്ടനും ചിറിച്ചു. ഒക്കെ നന്നാവും മോളേന്ന് രാമേട്ടൻ അവളോടും പറഞ്ഞു.. ഇത്തിരി നേരം തലേം കുമ്പിട്ട് നിന്ന്ട്ട് ജാനു പോയി.

ആ വ്യാഴാഴ്‌ചന്നേര്ന്ന് ചൊക്ളീരേം ജാനൂൻറേം കല്യാണം. രാമേട്ടൻ അച്ഛന്റെ സ്താനത്ത് നിന്ന്. ചൊക്ളീരേ മൻസ്സ് മുട്ടി.. ആര്ല്ലാത്ത അവന് ഒര് അച്ചൻ..

ആദ്യായിറ്റാണ്ണ് വെള്ള മുണ്ടും ഷറട്ടും ഇട്ണ്.

ഇന്തു സന്യാസോളും ബാലേന്ദരനും സുകുമാഷും മഡത്തിലെ എല്ലേരും ഇണ്ടാര്ന്ന്. മഡത്തിൻറെ മുമ്പിലന്നേണ് ചെറ്യ പന്തലും ഓമോം താലികെട്ടലും മാല ഇടലും ഒക്കെണ്ടായീത്.

ജാനൂൻറെ അമ്മ കരേണ കണ്ടു.

നല്ല സദ്യണ്ടാരുന്നു. പാല്പായസം ചൊക്ളിക്ക് എത്ര കുടിച്ചിട്ടും അങ്ങട് മതിയായില്ല.

പപ്പിനീനെ കാണാൻ പററീല്ലല്ലോ എന്നൊരു സങ്കടാണ് മനസ്സില് വന്നത്.

Sunday, September 6, 2020

ചൊക്ളി 31




പപ്പിനീരെ ലോഗവസാനിച്ചില്യാന്ന് ആ തളള ചത്ത് ഒര് മാസത്തിന് മുപ്പാട് ചൊക്ളിക്ക് മൻസ്സിലായി. അവള് ഒരീസം മണല് വഞ്ചിക്കാരടെ ഒപ്പം കടവില് വന്നു. ചോറും പൊതീം കൊണ്ടന്നു. കൊറേ ചോറും അയലക്കറീം പോത്തെറച്ചീം വെള്ത്തുള്ളീരേ അച്ചാറും..

ഒരു കറ്ത്ത ചരടില് കെട്ട്യ ഒറ്റത്താക്കോല് നീട്ടീട്ട് പറേണ് പെണ്ണ്.. ഇത് നീയാ വെച്ചോ.. ഞാൻ എരിഞ്ഞിലാക്കൊടാന്ന് ഒര് നാട്ട് ല് പണീട്ക്കാൻ പോണ്. കുടുമ്മത്തെ പണിയാ.. ജോനോമ്മാരാ.. അതോണ്ട് കൊശത്തി കൊഴപ്പല്യാ..അട്ക്കളേല് പണീണം. മ്മ്ടെ മൊയ്തീൻേക്കരെ സൊന്തക്കാര് താൻ. ഇങ്കെ പട്ത്ത് ഉറങ്ക പറ്റില്ല.. തൊന്തരവ് പണ്ണറാ..

പപ്പിനി വഞ്ചീല് പോയി.

ചൊക്ളിക്ക് വല്ലാണ്ട് വന്നു.. അവളരെ വീട് ൻറെ താക്കോല് അവൻറെ കൈയിമ്മേ ഇര്ന്ന് വെറച്ച് ..

അവന് ഒറക്കൊറക്കെ നെലോളിക്കാൻ തോന്നി. അവളും പോയ്യാപ്പിന്നെ ഇന്നാട്ടില് എന്തിറ്റാ ബാക്കീള്ളത്..

കടവിൻറെ പിന്നില് വെല്യോരു മുള്ളൻ കൈനീണ്ട് .. അവടെ പത്ങ്ങീറ്റ് ആ ചോറ് മുഴോൻ ത് ന്നു. ഇഞ്ഞി പപ്പിനീനെ കാണ്ണാമ്പറ്റ്ല്ലാന്നാ ചൊക്ളിക്ക് തോന്ന്യേ.. എന്നാലും ആ ഒറ്റത്താക്കോല് അവള് തന്നതെന്ത് നാവും...അവളടെ വീടല്ലേ..താക്കോല് കൈയ്യീപ്പിടിച്ച് ...ഇര്ന്ന് ചൊക്ളി മത്യാവോളം നൊലോളിച്ചു..

അദികം നേരൊന്നും അങ്ങനെ പറ്റ്ല്യാ..ഏങ്ങപ്പിശാശ് ലള്തമ്മ്യാര് വട്ടക്കണ്ണാടേം വെച്ച് വന്നോക്കും.

ചൊക്ളി ഏണ്ച്ച് പണി തൊടങ്ങി. ചോറും സ്രോന്ന്ള്ള സാമ്പാറും വേടിക്കാൻ പോയില്യ.. ഇഞ്ഞിപ്പൊ എന്ത്നാ അതിന് പോണ്. പപ്പിനീരെ താക്കോലുമ്മേ എണ്ണപെരട്ടി ഒരു വല്ല അടപ്പനിലും എണ്ണ ഒഴിച്ച് അതിലടണം. തുര്മ്പ് ഇടുക്കാണ്ട് വെക്കണം. അവള് വന്നാ കൊട്ക്കണ്ടേ…പൂട്ടൊറന്ന് കേറണ്ടേ.. ?

വിശ്ശൊനാദസ്സാമീരെ മഡത്തില് ചെല സന്യാസോളും സുകുമാഷും ബാലേന്ദരനും ഒക്കെ എടയ്ക്ക് വര്ലണ്ട്. ഇന്തുക്കള് നന്നാവ്ണ്ണ കാര്യേണ് പറേണത് എപ്പളും. തൃശ്ശൂര് നാട്ട്ലപ്പടി ജോനോമ്മാര് കൂടി വര്ണ്ണ്.. ഇന്തുക്കള് കൊറഞ്ഞ് വരണ്ണ്.. മറിയപ്പാറേരെവ്ടെ ഒക്കെ മേത്തമ്മാരായി. വാറോട്ട് മനക്കാര് മൊയ്തീൻ മേത്തന് സ്തലം കൊട്ത്തതാ കൊഴപ്പായീത്. മനയ്കേന്ന് വേറേം മേത്തമ്മാര് സ്തലം വേടിച്ചു..

ചൊക്ളിക്ക് ഈറ വന്നൊടങ്ങും. ഏതേലും പണ്ടാറം എവിട്യേലും സ്തലം വാങ്ങേ കൊട്ക്കേ ചിയ്യട്ടേ.. അയിന് ഇബര്ക്കെന്ത് തേങ്ങ്യാന്ന്..

പറഞ്ഞോണം പറഞ്ഞ നേരത്ത്ല് മറിയപ്പാറ അങ്ങാടീന്ന് ആലൂര് സെൻറര് വരെ ബസ്സോടണ വഴീരേ എതക്കേ അക്കലിഷ മരോം ഊക്കാലീം മരോം വന്നെറഞ്ഞു. എന്ത്റ്റായാലും തണല് വരട്ടെന്നാ വിജാരിച്ച് ചൊക്ളി.. ഉള്ളോട്ടെ നാട്ടെടവഴിയോളീല് പറ്റീതൊക്കെ നട്ടു. മാവ്, പിലാവ്, കൈനി, മൂക്കളപ്പഴച്ചെടി, പേര...അവന് കൈയീ കിട്ടീതൊക്കേ. നാളും പേരും ജാതീം ഒന്നും ചൊക്ളിക്ക് അറീല്യാ. രവ്യേട്ടനും പപ്പിനീമാണ് ചെടിയോളക്കേം. അങ്ങനെ എല്ലാറ്റിനും രവ്യേട്ടാന്നും പപ്പിനീന്നും പേരും വിളിച്ചു..

മ്മ്ടെ നാട്ട്ലെ തലേമ്മേ തല തെറിച്ച പിള്ളേരല്ലേ.. ചണ്ണേരെ പൂന്തോട്ടന്ന് കള്യാക്കലും ചെടി വലിച്ച് കളേലും ചണ്ണേ ചണ്ണേന്ന് വിളിച്ച് പിന്നാലെ ഓടലും ണ്
അവ്റ്റോളരെ പണി.

ചൊക്ളി കാലും വല്ച്ച് ചെല്ല്മ്പളക്കും ആ കുട്ടിപ്പിശാശ്കളാ ഓടും.

സുകുമാഷ് ണ് ഒര് വഴി തെളിച്ചത്. എല്ലാ വീട്ടാരോടും എല്ലാ കുട്ടിപ്പിശാശ്കളോടും ശരിക്കും അങ്ങട്ട് പറഞ്ഞാ കേപ്പിച്ച്.. 'മരംമുറീ ഉല്സവാണ്. മുറിക്കാൻ മരം വേണെങ്കി ആരേലും ആദിക്ക് അത് വെച്ച് പിടിപ്പിക്കണം. ങാ..

ഇതൊക്കെ മ്മള് ഇന്തുക്കള്ടെ മരങ്ങളാണ്. വേലി കെട്ടി എന്നും നാഴി വെള്ളം കമത്താ. അവറ്റ വെല്തായി വരും.'

ചൊക്ളി കണ്ടു, എല്ലാ വീട്ടാരും കോല് കുത്തി വേലിണ്ടാക്കീ അവരാരെ വീട്ട് പേര് എയ്തി വേച്ചേക്കണത്. നന്നാവട്ടെ എന്ന് വിചാരിച്ചു ചൊക്ളി . പപ്പിനീം രവ്യേട്ടനും എല്ലാരടേം വീട്ടാരായില്ലോ എന്നും സന്തോഷ്ച്ചു.

അന്ന് വൈന്നാരം വിശ്ശൊനാദസ്സാമ്യാ ചൊക്ളിയോട് ചോദിച്ചേ… ലള്തമ്മ്യാരും ഉഷമ്യാരു്‌ ഡോക്കട്ടറും രാമേന്ദരൻ ഡോക്കിട്ടറും ഒക്കെണ്ടാര്ന്നു. പൂമോത്ത്. വലിയ നെലവെളക്ക് അഞ്ചു തിരീറ്റ് കത്തിച്ചണ്ടാര്ന്ന്.

സാമി ചോയിച്ചു.. 'ചൊക്ള്യേ നിനക്ക് ആ ജാനൂനെ അങ്ങട് കല്ല്യാണം കയിച്ചൂടെടാ?.നീയിങ്ങനെ ഒറ്റാങ്കുറ്ക്കനായിറ്റ് കഴീണെന്തിനാ എൻ്റെ വിജാരം…'

ചൊക്ളി ആകനെ അങ്ങ്ട് കീട്ങിപ്പോയി ..