Saturday, August 10, 2019

കനവുചെപ്പിൻറെ നാലാമത്തെ അറ (1)

 https://www.facebook.com/echmu.kutty/posts/123803589304236914/07/19
ഇതപ്പടി സ്വപ്‌നങ്ങളെക്കുറിച്ചുള്ള എഴുത്താണ്. മ്മ്ടെ കൊടകര പുരാണക്കാരനാണ് കാരണം. അദ്ദേഹം Scrap സ്വപ്നങ്ങൾ എഴുതത്തുടങ്ങീപ്പൊ തന്നെ എനിക്ക് ശ്വാസം മുട്ടീതാണ്... ലേശം അസൂഷ... ഞാൻ പിന്നെ അതങ്ങട് പ്രചോദനാക്കി. ഞാൻ കണ്ട് scrap ആക്കാത്ത സ്വപ്‌നം കാണാൻ ഇനി സ്വപ്നം ഈ പ്രപഞ്ചത്തില് പുത്യതായി പൊട്ടിമുളക്കണം...

അപ്പോ ഒരു തലക്കെട്ട് കിട്ടണില്ല. ഇന്നലെ അതും വിശ്വപ്രഭ സ്നേഹായിട്ട് എട്ത്ത് തന്നു. എൻറെ പേറ്റൻറുള്ള സ്വപ്നം കൊടകരപുരാണക്കാരൻ കണ്ടത് ഞാൻ ചോദിച്ചപ്പഴാണ് ഇങ്ങനെ തലക്കെട്ട് കിട്ടീത്...
ങാ... അപ്പൊ വരായി ഞാൻ എൻറെ കനവുചെപ്പിൻറെ നാലാമത്തെ അറ എടുത്ത്ട്ട്...

ങാ.. പിന്നെ പ്രോൽസാഹിപ്പിക്കണം ഉഷാറായിട്ട് തന്നെ.. കേട്ടോ..കനവുചെപ്പിൻറെ നാലാമത്തെ അറ..(1)

ഡോയ്ഷ്ലാൻഡ് തൃശ്ശൂർ റൗണ്ടിൽ...

പ്രീഡിഗ്രിക്ക് പഠിക്കാണ്. അപ്പോളാണ് ജാക് ഹിഗ്ഗിൻസ് എന്ന നോവലിസ്റ്റിനോട് ഇഷ്ടാവണത്. അനീത്തി ഭാഗ്യയാ കാരണം. അവള് പഠിച്ചത് മലയാളാണ്. പക്ഷേ, ഇംഗ്ലീഷാണ് അവള്ടെ വീക്നെസ്സ്.

അങ്ങനെ സ്റ്റോം വാണിംഗ് മുഴുവനും വായിച്ചത്, ഞങ്ങള് രണ്ടാളും കൂടിയാണ്.

അപ്പൊ വീട്ടിലാണെങ്കി ഒരു തൊയിരല്ലാത്ത രാത്രികളാ. ഇപ്പൊ ഈ സീരിയലില് കാണണ വഴക്കും ഇടീം അടീം ഒക്കെ ഞങ്ങടെ വീട്ട്ല് അപ്പഴേണ്ട്.

ചോറുപാത്രം തെങ്ങിൻറെ ചോട്ടില് ഒളിച്ച് കളിക്ക്ണ്ടാവും. കൂട്ടാൻ പാത്രം മൂത്രൊഴിക്കാൻ പോയിട്ട്ണ്ടാവും. അങ്ങനെ പട്ടിണീം കരച്ചിലും..ഭയങ്കര ജഗപൊക്യാണ്... നല്ല ഈസ്റ്റ് മാൻ സ്ററണ്ട് പടാണ്..

ചെല ബുക്കുകളില് നല്ല നല്ല ശാപ്പാടൊക്കെ വിവരിച്ച്ണ്ടാവും.അപ്പൊ അതൊക്കെ ഇങ്ങനെ വായിച്ച് നോക്കും.

അങ്ങനെ ഭക്ഷണകാര്യം എഴുതണോരൊക്കെ ഞങ്ങടെ വല്യ ഇഷ്ടക്കാരാണ് ട്ടോ.

അതിലൊരു മാറ്റം വന്നതാണ് സ്റ്റോം വാണിംഗ്. ഡോയ് ഷ് ലാൻഡ് കപ്പല് വരച്ച് ഇങ്ങനെ പഠിച്ചു... കപ്പലോടിക്കാൻ പോണന്നാണ് അപ്പോ വിചാരം...

അങ്ങനെ പട്ടിണിയായി കരഞ്ഞ് പിഴിഞ്ഞ് ഒറങ്ങിയ ദിവസാണ് ഈ സംഭവം അല്ല, സ്വപ്നം വരണത്.

തൃശൂർ മോഡൽ ഗേൾസിൻറെ മുന്നിൽ ബസ്സിറങ്ങി സെൻറ് മേരീസിലേക്ക് പോവുമ്പോ ആരാ വരണ്...

ഡോയ്ഷ് ലാൻഡ്...

എനിക്കല്ലാണ്ട് അതാർക്കും ഓടിക്കാൻ പറ്റ്ല്യ. എന്നേലും ബുദ്ധീം വിവരോം ഉള്ള ആരും അപ്പൊ തൃശൂർ റൗണ്ടില് ഇല്ലാന്നേയ്...

പിന്നെ കപ്പലില് കേറി..

എത്ര ബലം പിടിച്ചു.. എന്നിട്ടും അച്ഛൻറെ കാറിലെ സ്ററിയറിംഗ് പോലെ ഒന്നില് ഇരിക്കണ ആ വളയം.. അത് തിരിയണില്ല..

സ്വപ്ന ലോകത്ത് പിന്നെ വിളിച്ചാ ആരും കേക്കില്ലല്ലോ.. കാണുവേം ഇല്ല..

സ്വപ്ന തിയേറ്ററീന്ന് ആരോ ഒക്കെ വന്ന് നോക്കിപ്പോയി..

ഡോയ്ഷ് ലാൻഡ് അവിടെ നിന്ന് ഓളം വെട്ടാണ്. നോക്കുമ്പഴല്ലേ അറിയണത്... തേക്കിൻ കാടും റൗണ്ടുമൊക്കെ കടലാണ്. ... അവിടെ വേറൊന്നും ഇല്ല..

പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ട് നോക്കുമ്പോ ത്രിവേണി ഹോട്ടലില് കടുക് പൊട്ടീത് തട്ടി ആ ത്രികോണസെൻററില് നില്ക്കണ തലപ്പാവുള്ള പ്രതിമ അവിടന്ന് എറങ്ങി വെള്ളത്തിക്കൂടെ വരണു. എത്ര ആലോചിച്ചീട്ടും എന്തിനാ വരണതെന്ന് തിരിഞ്ഞില്ല...

പക്ഷേ, കടല് വെള്ളത്തിൽ ശ്വാസം പിടിച്ചു നിന്ന ഡോയ്ഷ് ലാൻഡ് ആ നിമിഷം പാറമേക്കാവിൻറെ മുന്നിലത്തി. ഞാൻ തിരിച്ച പോലെ.. ഭംഗിയായിട്ട്, സെൻ്റ് മേരീസിൻറെ ഗേറ്റ് കടന്ന് നിന്നു.

കോളേജില് ഒരു തുള്ളി വെള്ളല്യാ....

ബെല്ലടിക്കണു. ക്ളാസ്സുണ്ട്. മിസ്സ്. സെലിൻ സുവോളജി പഠിപ്പിക്കാൻ പോവാണ്..

എന്നെ നോക്കണ്ട... പോട്ടെ, ഡോയ്ഷ്ലാൻഡിനെ നോക്കാണ്ട് പോവ്വേ....

എനിക്ക് ഇതെഴുതുമ്പോഴും ണ്ട് ആ വിഷമം...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിന്റെ കമന്റ് എഫ്ബിയിൽ എഴുതിയിരുന്നു