Friday, August 16, 2019

അമ്മച്ചിന്തുകൾ 29

                                                                 
അമ്മീമ്മ വളർത്തിയതുകൊണ്ട് ഞങ്ങൾക്ക് അച്ഛനോട് തീരേ ഇഷ്ടമില്ല എന്നൊരു പൊതുഅഭിപ്രായം എന്നും നിലവിലുണ്ടായിരുന്നു. അച്ഛൻ ഭാര്യയുടേയും മക്കളുടേയും സ്നേഹം ഒരിക്കലും കിട്ടാത്ത രക്തസാക്ഷിയെന്ന് സ്വയം ചമയുവാൻ തുടങ്ങുന്ന കാലം മുതൽ അച്ഛൻറെ കദനം കണ്ട് മനസ്സലിയാത്ത സ്ത്രീകളോ പുരുഷന്മാരോ ഞങ്ങളുടെ പരിചയവലയത്തിൽ ഉണ്ടായിരുന്നില്ല. എന്നേയും റാണിയേയും പറ്റാവുന്നവരെല്ലാം അവരവരുടെ കഴിവു പോലെ ഉപദേശിച്ചിട്ടുണ്ട്. പലപ്പോഴും എന്താണിവരൊക്കെ പറഞ്ഞു കൂട്ടുന്നതെന്ന് പോലും ഞങ്ങൾക്ക് മനസ്സിലാവാറില്ല.

ജില്ലാ ആശുപത്രിയിൽ നിന്നും നൂറനാട് കുഷ്ഠരോഗാശുപത്രിയിലേക്കും പിന്നീട് മുളകുന്നത്ത് കാവ് ടി ബി സാനറ്റോറിയത്തിലേക്കും അച്ഛനു സ്ഥലം മാറ്റം കിട്ടി. നൂറനാട് പോയപ്പോൾ അമ്മ ലീവെടുത്ത് കൂടെത്താമസിച്ചത് പോരാ എന്ന് വഴക്കുണ്ടാകുമായിരുന്നു. എപ്പോഴും എന്തിനും വഴക്കും അടിയും ഉണ്ടാകുന്ന വീട്ടിൽ മക്കളായി പിറക്കുന്ന ദുര്യോഗം അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. സങ്കടം ഒരിക്കലും നമ്മേ വിട്ടു പോവില്ല. അത് മുറികളിലോ കർട്ടൻറെ ഉള്ളിലോ മുറ്റത്തെ പൂച്ചെടികളിലോ ഫാൻ കറങ്ങുന്ന ഒച്ചയിലോ അങ്ങനെ പതുങ്ങി നില്ക്കും.

സിനിമകളിൽ സ്ത്രീകൾ പുരുഷനെ സ്നേഹിക്കുന്നപോലെ, കാത്തിരിക്കുന്ന പോലെ, ആ പുരുഷൻറെ വീരസ്യങ്ങൾ പറയുന്ന പോലേ അമ്മയും മറ്റുള്ളവരുടെ മുന്നിൽ അച്ഛനെ കടുത്ത വർണങ്ങളിൽ ചാലിച്ച് പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം ആശിച്ചിരുന്നു. അച്ഛനും സുഹൃത്തുക്കളും മദ്യപിക്കുമ്പോൾ അമ്മ മദ്യം പകർന്നു കൊടുത്തും അച്ചാറും അനുസാരികളും നല്കി കൂടെയിരുന്നു കട്ടികൂടിയ കൃത്രിമശബ്ദത്തിൽ സംസാരിച്ചും ലൈംജൂസിൽ വോഡ്ക കലർത്തി കഴിച്ചും പിന്തുണക്കണമെന്ന് അച്ഛൻ കരുതി. ഇതൊന്നും അമ്മയ്ക്ക് തീരേ സാധിച്ചിരുന്നില്ല. മദ്യവും അത്തരം കമ്പനികളും അമ്മക്ക് സഹിക്കാൻ വളരെ സങ്കടമുള്ള ഒരു കാര്യമായിരുന്നു. അങ്ങനൊക്കെ ചെയ്യാൻ കഴിവുള്ള ചില പ്രശസ്ത ഡോക്ടർമാരുടെ ഭാര്യമാരുമായി അമ്മയെ താരതമ്യം ചെയ്തു മാർക്കിടുന്നത് അച്ഛനു വലിയ താല്പര്യമായിരുന്നു.

ആ പ്രശസ്ത ഡോക്ടർമാരുടെ ഭാര്യമാർ ജീവിച്ചിരുന്ന തലത്തിലേക്ക് അമ്മയെ എത്തിക്കാൻ അച്ഛന് സാധിക്കുമായിരുന്നില്ല. അതിനുള്ള സാമ്പത്തിക ശേഷി അച്ഛൻ ഒരു കാലത്തും സ്വന്തമായി കൈവരിച്ചില്ല. പക്ഷേ, അച്ഛൻറെ പക്കൽ ന്യായമുണ്ടായിരുന്നു. അവരുടെ ഭാര്യമാർ ലോറിക്കണക്കിനു പൊന്നും പണവുമായാണ് വന്നു കയറിയിട്ടുള്ളതെന്ന്....അമ്മയുടെ പോലെ കേസ് നടത്തേണ്ടല്ലോ അവർക്ക്... മനുഷ്യർക്ക് എത്ര സെലക്ടീവ് ഓർമ്മകളാണ് ഉണ്ടാവുക യെന്ന് ഞങ്ങൾ അൽഭുതം കൂറിയിട്ടുണ്ട്. ആ ഡോക്ടർ മാരോ ഭാര്യമാരോ മിശ്രവിവാഹമെന്ന ഏടാകൂടത്തിൽ തലവെച്ചിരുന്നില്ലല്ലോ.

അച്ഛൻറെ ഡയറിയിലെ ഒരു വല്ലാത്ത വാക്കാണ് ലൈംഗിക കേമദ്രുമം. കേമദ്രുമമെന്നാൽ ദാരിദ്ര്യയോഗമാണ്. ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്നതിൻറെ തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള സ്ഥാനങ്ങൾ ഒരു ഗ്രഹവുമില്ലാതെ ഒഴിഞ്ഞു കിടന്നാൽ കേമദ്രുമമായി. അച്ഛൻ അമ്മയെ എന്നും ലൈംഗിക തൃപ്തി തന്നില്ലെന്ന് അധിക്ഷേപിച്ചു. ഇതൊക്കെ വളർന്നു വരുന്ന ഞങ്ങളുടെ മുന്നിലാണെന്നും കൂടി
ഓർക്കണം. അച്ഛൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഉണ്ട്. പാലും തേനും ഇട്ട് കഴുകിയാലും ബ്രാഹ്മണപ്പെണ്ണിൻറെ യോനിക്ക് തീട്ടച്ചൂരാണ്... അച്ഛന് കറുത്ത സ്ത്രീകളേയാണ് ഇഷ്ടം, ലൈറ്റണച്ചാൽ എല്ലാ പെണ്ണും പെണ്ണിൻറെ ഭംഗിയും ഒരു പോലേയാണ്.

ഞങ്ങൾ ഞെട്ടാൻ പോലും ഭയന്ന് നില്ക്കും. അമ്മക്ക് തീട്ടച്ചൂരാണെന്ന് പറയുന്നത് ഞങ്ങൾക്ക് അസഹനീയമായിരുന്നു. ഞങ്ങളെ അത് ഭ്രാന്ത് പിടിപ്പിച്ചിരുന്നു. എന്നാലും ഞങ്ങൾ സ്വകാര്യഭാഗങ്ങൾ ഏറേ നേരം സോപ്പിട്ട് കഴുകി ശീലിച്ചു. .... ബ്രാഹ്മണവേരുകളിൽ നിന്നും തീട്ടച്ചൂര് ഞങ്ങൾക്കും കിട്ടാമല്ലോ. വല്ലവരുമല്ല, ഞങ്ങളുടെ അച്ഛനല്ലേ പറയുന്നത്? അതും ഡോക്ടർ ആയ അച്ഛൻ..

പല നഴ്സുമാരും പറഞ്ഞു തന്നിട്ടുണ്ട്. അച്ഛനു വേണ്ട തൊക്കെ കൊടുത്തില്ലെങ്കിൽ അച്ഛൻ കിട്ടുന്നേടത്ത് പോകുമെന്ന് അമ്മയോട് പറയണമെന്ന്...

ഞങ്ങൾക്ക് അത്ര വിവരമായിട്ടില്ലല്ലോ. അതും മടിയില്ലാതെ മറക്കാതെ അമ്മയോട് ഞങ്ങൾ എഴുന്നള്ളിക്കും.

അച്ഛൻറെ ചില ബന്ധുവീടുകളിൽ പോവുമ്പോൾ അവിടത്തെ വീട്ടമ്മമാർ ചായയും കാപ്പിയുമൊന്നുമല്ല ആദ്യം തരിക. അവർ വേഗം വലി യൊരു തളികയിൽ ചോറും ഇറച്ചിക്കറിയും മീൻ വറുത്തതും കൊണ്ടു വന്ന് അച്ഛനെ ഊട്ടും. ഇതുവരെ അന്നം കാണാത്തതു പോലെ അച്ഛൻ വാ പൊളിച്ചു വേഗം വേഗം കഴിക്കും. അപ്പോൾ ആ വീട്ടമ്മമ്മാരുടെ കണ്ണുകൾ നനയും. ഇഷ്ടമുള്ള ആഹാരം സ്വന്തം ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിക്കിട്ടാനും അതു കഴിക്കാനും യോഗമില്ലാത്ത ഒരു ഗതികെട്ടവനല്ലേ അച്ഛൻ...

അമ്മ ഒറ്റയക്ഷരം പറയില്ല. അപാരമായ, ശാന്ത സാഗരം പോലെയുള്ള മൗനമായിരുന്നു അമ്മയുടേത്.

അമ്മയുടെയും അമ്മീമ്മയുടേയും കുറ്റങ്ങൾ കണ്ടു പിടിക്കാൻ എല്ലാവരും ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു. അച്ഛൻറെ നന്മകൾ കാണാനും...

അങ്ങനെ അച്ഛൻറെ നന്മകൾ എഴുതിവെച്ച് ഓർമ്മിക്കാൻ ഞങ്ങൾ ശീലിച്ചു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അച്ഛൻറെ ഡയറിയിലെ ഒരു വല്ലാത്ത വാക്കാണ് ലൈംഗിക കേമദ്രുമം. കേമദ്രുമമെന്നാൽ ദാരിദ്ര്യയോഗമാണ്. ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്നതിൻറെ തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള സ്ഥാനങ്ങൾ ഒരു ഗ്രഹവുമില്ലാതെ ഒഴിഞ്ഞു കിടന്നാൽ കേമദ്രുമമായി.