Saturday, August 10, 2019

കനവുചെപ്പിൻറെ നാലാമത്തെ അറ. 2

15/07/2020

  https://www.facebook.com/echmu.kutty/posts/123941164957146016/07/19
മാമ്പൂക്കളുടെ സുഗന്ധം.

അമ്മീമ്മേടെ തൃക്കൂരുള്ള വീട്ടിൽ കുറെ മാവുകളുണ്ട്. സ്കൂൾ അടക്കുമ്പോ മാങ്ങാക്കാലമാണ് ല്ലോ. എപ്പളും മാവിൻറെ ചോട്ടിലിരിക്കാനാ ഇഷ്ടം.

ഈ സ്വപ്‌നം പല പഴങ്ങളേം ശാപ്പാടുകളേം ഒക്കെ വെച്ച് ഇടക്കിടെ ആവർത്തിച്ചു കാണമ്പറ്റാറ്ണ്ട്. പട്ടിണി കിടന്നാ മതി, അന്നൊറങ്ങുമ്പോ കഴുത്തിൻറെ മോളിലിരിക്കണ തലച്ചെപ്പീന്ന് ഇതങ്ങട് കേറി കണ്ണിൻറെ മുന്നില് പരക്കും. വല്യൊരു കർട്ടൻ പിടിച്ച പോലെ.

അപ്പോ മ്മടെ മാങ്ങക്കാലം.

മൂവാണ്ടൻ, നാടൻ, കടുമാങ്ങ, തൊലി കയ്പൻ എന്നീ തൃക്കൂര് നാട്ടില് പെറ്റു വളർന്ന മാവുകള്..

പിന്നെ നീലൻ, മൽഗോവ എന്നീ പുറം നാട്ടീന്ന് വന്ന ഗമക്കാര്.. ..
ഇവരാണ് ആ വീട്ടിലെ മാവാളുകള്.

ഞാനാദ്യം ഞാനാദ്യം എന്ന് ഗോംപറ്റീഷനീല് പൂത്തു കായ്ക്കും.. അപ്പൊ മാവാളുകള്ടെ അട്ത്ത് മാറി മാറി ഓടിച്ചെന്ന് മാമ്പഴം തിന്നാം ...

അങ്ങനെ മാമ്പഴം തിന്നാൻ ഞങ്ങള് ഇല്ലാണ്ട് അമ്മീമ്മ വിഷമായിട്ട് തൃക്കൂര് വീട്ടിലെ വരാന്തേല് ഇരിക്കാണ്.... സ്വപ്‌നം തൊടങ്ങണത് അങ്ങനെയാ..

നല്ല ഒര ലേഡീസ് സൈക്കിളില് കേറി അയ്യന്തോളിലെ അച്ഛനും അമ്മേം പാർക്കണ
വീട്ടീന്ന് ഇറങ്ങും. ചീരാച്ചി വളവ് വരെ ഒറ്റ ഒരു ഒഴുക്കാണ്.. ഒരു തടസ്സം ഇല്ല..
റോഡ് ഇങ്ങനെ കറുത്ത് മിനുത്ത്...
രണ്ടു വശത്തും നല്ല നല്ല പൂന്തോട്ടങ്ങളുള്ള വലിയ വലിയ വീടുകള്...

ങാ, പിന്നെ ആകാശം ആകെ മൊഖം കേറ്റിപ്പിടിച്ച് കറുത്തിര്ണ്ട്... ഇപ്പോ ഒറക്കെ ഒറക്കെ കരഞ്ഞ് മഴയായി ഇടിഞ്ഞു പൊളിഞ്ഞ് വീഴും ന്ന് തോന്നണ പോലെ...

ആ ചീരാച്ചി വളവിലെത്തിയാ മതി...

സൈക്കിള് നിക്കും... പിന്നെ

അതിന് വയസ്സാവും ... ആദ്യം നരച്ച് പെയിൻറൊക്കെ പോയി... തുരുമ്പായി...ചക്രം നിന്ന്... ബെല്ല് കൊഴിഞ്ഞു വീണ്.. ചക്രത്തിലിട്ടിരിക്കണ പൂവ് കോലം കെട്ട് പാറീപ്പറന്ന്...

അപ്പൊഴൊക്കെ ഞാനിങ്ങനെ വെയർത്ത് കുളിച്ച് സൈക്കിൾ ചവിട്ട്ണ്ടാവും.. എവടെ... അത് ഒരിഞ്ചു നീങ്ങില്ല...

എന്നിട്ട് സിനിമേലൊക്കെ കാണണ പോലെ അതിങ്ങനെ ചളുക്കോ പിളുക്കോന്ന് ഇടിഞ്ഞു വീഴും...

അപ്പൊ പിന്നെ ക്രിസ്ററഫർ നഗർ വരേയുള്ള കയറ്റം നടന്ന് കേറി പോവന്നേ..

ഈ വഴീലോന്നും മനുഷ്യര് ആരുണ്ടാവില്ല... മലയാളം, തമിഴ് ഒന്നും പറയണവര്....

അപ്പോഴാണ് കരച്ചില് വരാ... കറുത്ത് മിനുത്ത റോഡല്ലേ... നമ്മള് ഇങ്ങനെ ബുദ്ധിമുട്ടി കേറാ...

നല്ല സ്പീഡില്. താഴേക്ക് ഉരുണ്ട് വരാ...

പിന്നേം കേറാ...
പിന്നേം ഉരുണ്ട് വരാ...

പിന്നേം...
പിന്നേം....

അപ്പൊ മൂക്കില് ങ്ങ്നെ മാമ്പൂവിൻറെ സുഗന്ധം...

വായില് മാമ്പഴപ്പൂളിൻറെ നല്ല മധുരം....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മൂക്കില് ങ്ങ്നെ മാമ്പൂവിൻറെ സുഗന്ധം...

വായില് മാമ്പഴപ്പൂളിൻറെ നല്ല മധുരം....