Monday, August 12, 2019

അമ്മച്ചിന്തുകൾ 15

                                                                   
വീടില്ലാതാകുന്നത് പരിതാപകരമാണ്. ദയനീയമാണ്. കഠിനമാണ്. സ്വന്തം ശരീരത്തെ സുരക്ഷിതമായി ഒന്നു മടക്കിവെക്കാനുള്ള ഒരിടമാണ് വീട്. ബാക്കി അലങ്കാരങ്ങളും തൊങ്ങലുകളുമെല്ലാം ചുമ്മാതാണെന്ന് പറയാം. പക്ഷേ, ശരീരത്തിന്റെ നിത്യനിദാനമായ ചില മിനിമം ആവശ്യങ്ങൾക്ക് വീട് കൂടിയേ കഴിയൂ.

അതാണ് ഒരു രാവിലെ അമ്മീമ്മയ്ക്കില്ലാതായത്.

സ്കൂളിൽ ഒപ്പം പഠിപ്പിക്കുന്ന തമിഴ് ബ്രാഹ്മണ പെൺകുട്ടി യുടെ വീട്ടിൽ അമ്മീമ്മ ചെന്നു കയറി. അവരുടെ പാട്ടി ദീനദീനം വിലപിച്ചുകൊണ്ട് അമ്മീമ്മക്ക് വെച്ചു കഴിക്കാൻ അവരുടെ വിറകുപുരയും കിടന്നുറങ്ങാൻ ഒരു കൊച്ചുമുറിയും കൊടുത്തു.

അമ്മീമ്മ രണ്ട് മൂന്ന് അലുമിനിയപ്പാത്രങ്ങളുമായി ജീവിതം പിന്നേയും തുടങ്ങി. ആ പാട്ടിയുടെ പതിനെട്ടു മുഴം ചേല കീറി രണ്ടു സാരി കൂടി ഉണ്ടാക്കി. സഹപ്രവർത്തക രണ്ടു പഴയ ബ്ലൗസ് കൊടുത്തു.

അക്കാലത്ത് അമ്മീമ്മ വാങ്ങിയ ആദിചീനച്ചട്ടി ഇന്നും ഭാഗ്യയുടെ പക്കലുണ്ട്. ഇതാണ് അതിൻറെ രൂപം. അമ്മീമ്മയുടെ ജീവിതം പോലെ തേഞ്ഞുരഞ്ഞു തകർന്നു പോയ ഒരു ചീനച്ചട്ടി...

അമ്മ വിയ്യൂർ വീട്ടിൽ മെല്ലെ മെല്ലെ വീട്ടുപകരണങ്ങളും ഫർണിച്ചറും ഒക്കെ വാങ്ങി വീട് സൗകര്യപ്പെടുത്തുകയായിരുന്നു അപ്പോൾ. അച്ഛൻ അമ്മയും ഞാനും ഇല്ലാത്ത സ്ഥിതിയിൽ അച്ഛൻറെ വീട്ടിൽ പൂർണ്ണമായും സ്വീകാര്യനായി മാറിയതും അക്കാലത്തായിരുന്നു. അമ്മയുടെയും അച്ഛൻ റേയും കല്യാണം കൊണ്ട് ബന്ധങ്ങളും സോഷ്യൽ സ്ററാററസും നഷ്ടപ്പെട്ട തും അപമാനം പേറേണ്ടി വന്നതും അമ്മ മാത്രമായിരുന്നു. ആ വിഷമം അനുഭവിക്കാഞ്ഞതുകൊണ്ടാവണം അച്ഛനത് ഒരിക്കലും മനസ്സിലായതേയില്ല. തമിഴ് ബ്രാഹ്മണപ്പെണ്ണിനെ പ്രേമിച്ച്, ചുണയായി മഠത്തിൽ നിന്നിറക്കിക്കൊണ്ട് വന്ന് കല്യാണം കഴിച്ച് കൂടെ പാർപ്പിച്ച ധീരനായ അവർണനായിരുന്നു എന്നും അച്ഛൻ. അമ്മയോ അടക്കവും ഒതുക്കവുമില്ലാതെ ആശാരിക്കൊപ്പം ചാടിപ്പോയ പട്ടത്തിയും.... സവർണരും അവർണരും അമ്മയെ അങ്ങനെയാണ് പരിഹസിച്ചത്. ജാതിയ്ക്കും മതത്തിനുമെതിരായ സമരത്തിൽ എന്നും അധികം വില കൊടുക്കേണ്ടി വരിക സ്ത്രീകൾക്കാണ്. പക്ഷേ, പുരുഷൻ നടത്തിയ സമരമേ ചരിത്രരേഖ യാകൂ. സ്ത്രീകളുടേത് എന്നും ഒറ്റപ്പെട്ടതും സാമൂഹികമായി പ്രയോജനരഹിതമായതുമായ വീട്ടുകലഹങ്ങൾ മാത്രമായി വലിയ വലിയ സൈദ്ധാന്തികരാൽ അടയാളപ്പെടുത്തപ്പെടും.

അമ്മ വീട് സൗകര്യപ്പെടുത്തുന്നത് അച്ഛൻറെ വീട്ടിൽ ആർക്കും ഇഷ്ടമായില്ല. അതിനു അച്ഛൻ പണം മുടക്കരുതെന്ന് അവർ തീർത്തു പറഞ്ഞു. അമ്മ ധനം ഉപേക്ഷിച്ച് അച്ഛനൊപ്പം വന്നതാണ്. ധനമില്ലാതെ, സൗകര്യമില്ലാതെ ജീവിക്കാൻ ശീലിക്കണം. അത് ന്യായമായി അച്ഛനും തോന്നി. അങ്ങനെ മുഖം വീർപ്പുകൾ ആരംഭിച്ചു... അമ്മയുടെ ആഡംബര ഭ്രമത്തെപ്പറ്റി അച്ഛൻ ഡയറിയിൽ കുറിച്ചു തുടങ്ങി.

അമ്മയുടെ വീട്ടിൽ അമ്മ വെള്ളിത്തട്ടിലാണ് ഊണുകഴിച്ചിരുന്നത്. ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോൾ അമ്മ വസ്തിപ്പിഞ്ഞാണത്തിൽ ഭക്ഷണം കഴിച്ചു തുടങ്ങി. ആ പിഞ്ഞാണങ്ങളോ കോപ്പകളോ അമ്മ ഒരിക്കലും കളഞ്ഞില്ല. അവ വീട്ടിൽ എന്നുമുണ്ടായിരുന്നു. ഒടുവിൽ അമ്മയു അച്ഛനും താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുക്കുന്ന സമയത്താണ് ഞങ്ങൾ, മക്കൾ ആ പാത്രങ്ങളെ വേണ്ട എന്ന് വെച്ചത്. അമ്മ വളരെ സ്വകാര്യ മായി എന്നോട് പറഞ്ഞിരുന്നു ...അമ്മയ്ക്ക് ഒരു വെള്ളിപ്ളേറ്റ് ഞാൻ വാങ്ങിക്കൊടുക്കണമെന്ന്...ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് അമ്മ അത് പറഞ്ഞത്. അമ്മയുടെ ആ ആശ സാധിപ്പിക്കാനുള്ള വളർച്ച എനിക്കൊരിക്കലും ഉണ്ടായില്ല.

സഹപ്രവർത്തകയുടെ വീട്ടിൽ പാർക്കുന്ന കാലത്ത് അമ്മീമ്മയുടെ തറവാട്ടു വക കടവ് എല്ലാവർക്കും ചെന്ന് കുളിക്കാവുന്ന രീതിയിൽ തുറന്നു കിടന്നിരുന്നു. നിറഞ്ഞ മണലിപ്പുഴയിലേക്ക് ഭംഗിയായി കരിങ്കൽപ്പടവുകൾ കെട്ടിയുണ്ടാക്കിയ കടവാണത്. അമ്മീമ്മയും സഹപ്രവർത്തകയ്ക്കൊപ്പം അവിടെ കുളിക്കാൻ പോയി. തൊട്ടപ്പുറത്താണ് അമ്മീമ്മയുടെ അച്ഛൻറെ ചേട്ടൻറെ മഠം. തലമുടിയിൽ തേക്കുന്ന ചീവയ്ക്കാപ്പൊടി പോരാ എന്ന് തോന്നിയത്രേ അമ്മീമ്മയ്ക്ക്. ആ മഠത്തിൽ ചെന്ന് വല്യമ്മയോട് അല്പം ചീവക്കാപ്പൊടി ചോദിച്ചു പോലും അമ്മീമ്മ. വല്യച്ഛന് അത് സഹിക്കാൻ കഴിഞ്ഞില്ല. അമ്മീമ്മയെ കരണത്തടിക്കുകയും ഉന്തിത്തള്ളി താഴേയിടുകയും 'ഇറങ്ങടീ കുലടേ 'എന്ന് ആക്ഷേപിക്കുകയും ചവിട്ടാൻ കാലുയർത്തുകയും ചെയ്തു ആ മഹാബ്രാഹ്മണൻ.

അയൽപ്പക്കത്തെ വർഗീസു മാപ്പിളയാണ് അമ്മീമ്മയെ രക്ഷിച്ചത്. 'പട്ടിപ്പട്ടരേ, പെണ്ണുങ്ങളെ തല്ലിയാലുണ്ടല്ലോ, ഒറ്റ വീശിന് ഞാൻ തന്നെ പീസു പീസാക്കിക്കളയും ' എന്ന് വർഗീസുമാപ്പിള ഗർജ്ജിച്ചപ്പോൾ അമ്മീമ്മയുടെ വല്യച്ഛൻ ഒതുങ്ങി.

അമ്മീമ്മയുടെ തറവാട്ടു മഠത്തിലെ കടവിന് അന്നു തന്നെ പൂട്ടു വീണു.

അന്ന് മുതൽ അമ്മീമ്മയ്ക്ക് കുളിക്കാൻ വർഗീസുമാപ്പിളയുടെ കടവ് തുറന്ന് കിട്ടി. കൂടെ കുളിക്കാനും കാവലിനുമായി അദ്ദേഹത്തിന്റെ നാലു മക്കളും കൂടിച്ചേർന്നു. അമ്മീമ്മ അവരുടെ ടീച്ചറായിരുന്നുവല്ലോ. അവിടെ ഞങ്ങൾ മൂന്നു പേരും ഞാനും റാണിയും അമ്മീമ്മയും കൂടി കുളിച്ചിട്ടുണ്ട്. മണലിപ്പുഴയിൽ അക്കര പിടിച്ച് നീന്തുന്ന അമ്മീമ്മയുടെ ദേഹത്തിൻറെ സ്വർണവർണം എനിക്കിന്നും ഓർമ്മയുണ്ട്. ഞങ്ങളുടെ കൂട്ടുകാരായി വരുന്ന വർഗീസ് മാപ്പിളയുടെ നാലു മക്കളേയും ഞാൻ തെല്ലും മറന്നിട്ടില്ല...

ഒടുവിലെ മകളെ, കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച ബാങ്ക് ജോലിക്കാരിയായ മകളെ ഞാൻ ഒരിക്കലുമൊരിക്കലും മറക്കുകയില്ല... അതിനു കാരണം എൻറെ മകളുടെ ചില നല്ല ഓർമ്മകളിൽ അവരുണ്ടെന്നതാണ്.

ചെറുപ്പത്തിൽ നമ്മൾ വിധിവഴികളെ ഒട്ടും അറിയുകയില്ലല്ലോ.

No comments: