Sunday, August 11, 2019

അമ്മച്ചിന്തുകൾ 10

                                                               

മനസ് വിഷമിച്ചും പേടിച്ചുമാണ് ഒരു വർഷത്തെ ലീവ് കഴിഞ്ഞ് അമ്മ ജോലിക്ക് പ്രവേശിച്ചത്. ഒാഫീസിലെ സവർണരും സവർണരാവാൻ കൊതിക്കുന്ന അവർണരും അമ്മക്ക് എതിരായിരുന്നു. അങ്ങനെ കൊതികൾ ഒന്നും ഇല്ലാത്ത തികഞ്ഞ അവർണർ അമ്മയെ പരിഗണിച്ചതേ ഇല്ല. വളരെ ഉയർന്ന നിലയിൽ നിന്നും അഗാധമായ ഒരു കുഴിയിലേക്ക് പതിച്ചതിന്റെ അവഹേളനം അമ്മയെ ജീവിതകാലം മുഴുവൻ വേട്ടയാടി. അച്ഛനോ ഞങ്ങൾ മൂന്നു മക്കൾക്കോ അമ്മയെ അവഹേളനങ്ങളിൽ നിന്നൊന്നും രക്ഷിക്കാൻ കഴിഞ്ഞില്ല. പകരം ഞങ്ങൾ കാരണവും അമ്മ കൂടുതൽ അപമാനിതയും പീഡിതയും ആയി. മേശപ്പുറത്ത് ഇരിക്കുന്ന അമ്മയുടെ ഫോട്ടോ കാണുമ്പോൾ അമ്മയില്ലാ കുട്ടികളുടെ ഏങ്ങൽ മാത്രമല്ല അമ്മയുടെ ആഗ്രഹങ്ങൾ ഒന്നും വേണ്ട വിധം സാധിപ്പിച്ചില്ലല്ലോ എന്ന സങ്കടവും ഞങ്ങളുടെ കണ്ണുകളെ നനക്കാറുണ്ട്.

അമ്മക്ക് എഴുത്ത് എഴുതുവാൻ അമീമ്മ കൂടുതൽ ധൈര്യപ്പെട്ടു. അച്ഛൻ സുബ്ബരാമയ്യരുടെ നിശബ്ദ പിന്തുണ ഉണ്ടെന്നു അമീമ്മ കൃതൃമായി മനസ്സിലാക്കി കഴിഞ്ഞിരുന്നു.വൃദ്ധനും രോഗിയും ആയിരുന്നിട്ടും അദ്ദേഹത്തിനോട് നേരിട്ട് എതിർക്കാൻ അദ്ദേഹത്തിന്റെ ആൺ മക്കൾക്കോ അമീമ്മ ഒഴിച്ചുള്ള മറ്റു രണ്ടു പെൺ മക്കൾക്കോ അക്കാലത്ത് യാതൊരു ധൈര്യവും ഉണ്ടായിരുന്നില്ല.

ഞാൻ ഇച്ചിച്ചി എന്നു വിളിച്ചു പോന്ന സുശീലക്കൊപ്പം അമ്മ മുണ്ടൂര് വീട്ടിലെ ഗൃഹഭരണവും ഒാഫീസിലെ ജോലിയും നടത്തിക്കൊണ്ടു പോയി. ഇച്ചിച്ചി വെറുമൊരു വീട്ടു സഹായി ആയിരുന്നില്ല. അമ്മയുടെ അനുജത്തി ആയിരുന്നു. ഇച്ചിച്ചി ഉണ്ടായിരുന്ന കാലത്തോളം അച്ഛൻ ഇറച്ചിക്കും മീനിനും ഒന്നും ബുദ്ധിമുട്ടിയിട്ടില്ല.

അക്കാലങ്ങളിൽ അമ്മയും അച്ഛനും തമ്മിൽ ധാരാളം സൌന്ദര്യപിണക്കങ്ങൾ ഉണ്ടായിരുന്നു. ആ പിണക്കങ്ങളെ കുറിച്ചു വായിക്കുമ്പോൾ എനിക്കു പലപ്പോഴും ചിരി വന്നിട്ടുണ്ട്. ഉറങ്ങി കിടന്നിരുന്ന അമ്മ അച്ഛൻ അടുത്തു വന്നു കിടന്നപ്പോൾ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു. അത് അച്ഛൻ വിശ്വകർമ്മൻ ആയതു കൊണ്ടല്ല? അമ്മ ഊണു കഴിച്ചു എഴുന്നേറ്റപ്പോൾ എന്റെ കരച്ചിൽ മാറ്റാനെന്ന വ്യാജേന അച്ഛന്റെ എച്ചിൽ പ്ലേറ്റ് എടുക്കാതെ തിരക്കിട്ടു പോയത് അച്ഛൻ വിശ്വകർമ്മൻ ആയതു കൊണ്ടല്ലേ? സിനിമക്ക് പോകാൻ തുടങ്ങുമ്പോൾ കേരള ഗവണമെന്റ് ഗസറ്റഡ് ഒാഫീസറായ അച്ഛനെക്കൊണ്ട് പോസ്റ്റ് ഒാഫീസിലെ ഒരു ക്ലാർക്ക് മാത്രമായ അമ്മ സാരിയുടെ ഞൊറിവുകൾ പിടിപ്പിച്ചതു അച്ഛനു വിലയില്ലാത്തതു കൊണ്ടല്ലേ?

അച്ഛന്റെ വില എന്നതു അച്ഛൻ മരിക്കുവോളം ഞങ്ങൾക്ക് ഒരിക്കലും നിർണയിക്കാനോ പരിഹരിക്കാനോ സാധിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ആ വിചിത്രമായ മൂല്യം ഉയർത്തി കാണിക്കാൻ ഞങ്ങൾ മൂന്നു പെണകുട്ടികളുടെയും അമ്മയുടെയും അമീമ്മയുടെയും എന്റെ മകളുടെയും ജീവിതം പാതാളത്തോളം അച്ഛൻ ചവിട്ടി താഴ്ത്തി. ഭാഗ്യയുടെ മകൾ കൈക്കുഞ്ഞായിരുന്നതു കൊണ്ടും റാണിക്ക് മകൻ ജനിച്ചിട്ടില്ലാത്തതു കൊണ്ടും ആ കുട്ടികളുടെ ജീവിതം നേരിട്ട് ചവിട്ടി താഴ്ത്താൻ അച്ഛനു പറ്റിയില്ല. അതിനു മുൻപ് അദ്ദേഹത്തിനു ഭൂമി വിടേണ്ടി വന്നുവല്ലോ.

അമ്മയും അച്ഛനും മൂണ്ടൂരെ വീട്ടിൽ താമസിക്കുമ്പോൾ ഡൽഹിയിലുണ്ടായിരുന്ന അമ്മയുടെ ചേച്ചി ഗുരുവായൂരമ്പലത്തിൽ തൊഴാൻ പോകുന്ന വ്യാജേനെ അവിടെ ഇറങ്ങി എന്നെ എടുക്കുകയൊക്കെ ചെയ്തിട്ടുണ്ടത്രെ. പകലൊക്കെ ആ വീട്ടിൽ ഇച്ചിച്ചിയും ഞാനും മാത്രമല്ലെ ഉണ്ടാകൂ. തിരിച്ചു വന്ന് അവർ അമീമ്മയോടു എനിക്കു പക്ഷിപീഡയാണെന്നു. സങ്കടപ്പെട്ടുവത്രെ. അതായത് ഞാൻ അത്രയും മെലിഞ്ഞു രോഗാതുരയായി കാണപ്പെടുന്നു എന്നു. എന്നാലും മുഖശ്രീ ഉള്ള കുട്ടിയാണെന്നും അവർ സന്തോഷം പങ്കുവെച്ചു.

അമ്മയുടെ അച്ഛൻ സുബരാമയ്യർക്ക് അസുഖം കലശലായപ്പോൾ അദ്ദേഹം അമീമ്മയോട് ആവശ്യപ്പെട്ടു. എനിക്ക് രാജത്തിനെ കാണണം. വിവരം അറിയിക്കണം എന്ന്. അമീമ്മ അറിയിച്ചതനുസരിച്ച് അമ്മയും അച്ഛനും ഞാനും ഇച്ചിച്ചിയും ഒരു ടാക്സിയിൽ തൃക്കൂർ മഠത്തിൽ ചെല്ലുമ്പോൾ സുബ്ബരാമയ്യരുടെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നു. അച്ഛനെ കണ്ടു ദുഖാർത്തയായ രുക്മിണിയമ്മാൾ ഒരിക്കലും ഇല്ലാത്ത വിധം രുഷ്ടയായി. എന്റെ മകളെ നീ കട്ടു കൊണ്ടു പോയി അവളുടെ അച്ഛൻ ആധി പിടിച്ച് ഇതാ മരിക്കാൻ കിടക്കുന്നു. എന്റെ മകനെപ്പോലെ ഞാൻ നിന്നെ ഊട്ടിയിട്ടുണ്ട്. എന്നിട്ടും നീ എന്നോട് എന്താണ് ഇങ്ങനെ ചെയ്തത്. നീ ഒരു കള്ളനാണ്. അത്രയും പറഞ്ഞ് അവർ മോഹാലസ്യപ്പെട്ടു നിലത്ത് വീണു.

അച്ഛനിലെ ഡോക്ടർ ഒരു സെക്കന്റ് കളയാതെ ഉണർന്നു പ്രവർത്തിച്ചു. അതിന്റെ ഫലമായി രുക്മിണിയമ്മാൾ അതിവേഗം ബോധത്തിലേക്ക് തിരിച്ചു വരികയും ചെയ്തു. പക്ഷെ അവരുടെ ആ വാക്കുകൾക്ക് അച്ഛൻ ജീവിതത്തിലൊരിക്കലും അവർക്ക് മാപ്പു കൊടുത്തില്ല. അത്യധികം ദയനീയമായ അവരുടെ അന്ത്യം അറിഞ്ഞിട്ടു പോലും അച്ഛനിൽ ഒരു ചലനവും ഉണ്ടായില്ല.
പിറ്റേ ദിവസം സുബ്ബരാമയ്യർ മരിച്ചു. ആൺ മക്കൾ കുതിച്ചെത്തി. തഞ്ചാവൂരിൽ നിന്നും ഡൽഹിയിൽ നിന്നും പെൺമക്കളും എത്തിച്ചേർന്നു.

സുബ്ബരാമയ്യരുടെ ശവദാഹത്തിനു ശേഷമാണ് തൃക്കൂർ മഠത്തിന്റെ പുരത്തറയിലെ അവസാനക്കല്ലും ഇളക്കി മാറ്റുന്ന അഹങ്കാര ധ്വജങ്ങൾ മിന്നുന്ന വാൾത്തലപ്പുകൾ വീശി തുടങ്ങിയത്. അവയുടെ ലക്ഷ്യം അമ്മീമ്മയുടെയും അമ്മയുടെയും കഴുത്തുകൾ ആയിരുന്നു.

No comments: