Friday, August 16, 2019

അമ്മച്ചിന്തുകൾ 31

                                                                    
മാസത്തിലൊരിക്കലേ ഞങ്ങളേ കാണാൻ തൃക്കൂർക്ക് വരാവൂ എന്ന് അമ്മയോട് കണിശമായി പറഞ്ഞിരുന്നു അച്ഛൻ. എങ്കിലും ഔദ്യോഗിക ആവശ്യമുള്ളപ്പോൾ അച്ഛൻ തനിച്ച് ഒന്നു രണ്ട് തവണ പ്രൈമറി സ്കൂളിൽ വന്ന് ഞങ്ങളെ കണ്ടിട്ടുണ്ട്. 'എൻറെ മക്കളെ ഒന്നു കണ്ടോട്ടേ 'എന്ന് അദ്ദേഹം ഏറ്റവും വിനയത്തോടെ സ്കൂളിൽ വന്ന് ചോദിക്കുമ്പോൾ അവിടെ എല്ലാവരും അൽഭുതപ്പെടുമായിരുന്നു. അച്ഛനെ ആദരവോടെ തൊഴുതു നില്ക്കുമായിരുന്നു. ഇത്ര സ്നേഹമുള്ള അച്ഛനേ പിരിഞ്ഞു നില്ക്കേണ്ടി വരുന്ന മക്കളാണല്ലോ ഞങ്ങളെന്ന് അവരെല്ലാം വ്യാകുലപ്പെടും.

അസുഖം എന്തെങ്കിലും വന്നാൽ അച്ഛൻ കാറോടിച്ച് വരികയും ഉടനെ ഞങ്ങളെ അയ്യന്തോളിലെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്യുമായിരുന്നു. പിന്നെ അസുഖം ഭേദമാകുമ്പോൾ അമ്മീമ്മ വന്ന് കൂട്ടിക്കൊണ്ട് വരും.

അച്ഛന് ഒത്തിരി ബന്ധുക്കൾ ഉണ്ടായിരുന്നു. അച്ഛനാണെങ്കിൽ മിശ്രവിവാഹം കഴിച്ചതുകൊണ്ട് അവർ അകന്നു പോകരുതെന്ന് കരുതി ആ ഇഷ്ടമെല്ലാം കിട്ടാൻ വല്ലാതെ താല്പര്യപ്പെടുന്നയാളും..

വീട്ടിലെ ജോലി സഹായി വെക്കുന്ന ഇറച്ചി മീൻ വിഭവങ്ങൾ ഒരിക്കലും അച്ഛനും അങ്ങനെ വരുന്ന അകന്ന ബന്ധുക്കൾക്കും പ്രിയമാവുന്നില്ലെന്നത് വലിയ തർക്കമായിരുന്നു. 'നിനക്കീ ഗതി വന്നല്ലോ 'എന്നവർ സങ്കടത്തിൽ കരയും. അച്ഛൻ സഹനത്തിൻറെ മൂർത്തിമദ്ഭാവമായി തല കുനിച്ച് നില്ക്കും.

ഞങ്ങൾക്ക് തന്നെ ഈ അഭിനയം ചെടിപ്പുണ്ടാക്കും ബന്ധുക്കളെ വേണ്ട വിധം സല്ക്കരിച്ചാദരിച്ചില്ലെന്ന കുറ്റത്തിന് അമ്മ ബെൽറ്റുകൊണ്ടും ഹാംഗർ കൊണ്ടും അടി കൊള്ളുന്നത് കണ്ട് അച്ഛൻറെ എല്ലാ ബന്ധുക്കളേയും ഞങ്ങൾ വെറുക്കാൻ തുടങ്ങി. അവർ അച്ഛനായി തയ്യാറാക്കിക്കൊണ്ട് വരുന്ന നോൺ വെജ് വിഭവങ്ങളേയും ഞങ്ങൾ ഭയങ്കരമായി വെറുത്തു.

അമ്മീമ്മ തമിഴ് പദങ്ങളാണ് പഠിപ്പിച്ചു തന്നിരുന്നത്. ഉദാഹരണം പറഞ്ഞാൽ അമ്മായി എന്നതിന് അത്ത എന്നാണ് തമിഴ് വാക്ക്. അവരെ അപ്പച്ചി എന്ന് വിളിക്കണമെന്ന് അവരും അച്ഛനും ഉറപ്പിച്ചു പറയും. ഞങ്ങൾ പലപ്പോഴും അത്തച്ചി, അപ്പത്ത എന്നൊക്കെ തെറ്റായി
വിളിച്ചുപോകും. അമ്മാവനെ മാമാ എന്ന് വിളിക്കുന്നത് വലിയ തെമ്മാടിത്തരമായിരുന്നു. എത്ര വലിയ വഴക്കാണ് അപ്പോൾ ഉണ്ടാവുക. പെങ്ങളുടെ മോളെ കല്യാണം കഴിക്കുന്ന തമിഴ് രീതി, മാമാപ്പണി എന്ന കൂട്ടിക്കൊടുപ്പു ജോലി... പിന്നെ അമ്മക്ക് അടിയും...

അങ്ങനെ അങ്ങനെ ഈ ബന്ധുപ്പദവികളുടെ അച്ചടി ഭാഷ, പുസ്തകങ്ങളിലും മറ്റും എഴുതി വരുന്നത്, അതിൻറെ ഇംഗ്ലീഷ് വാക്കുകൾ ഒക്കെ ഞങ്ങൾ വേഗം വേഗം പഠിച്ചു. എന്നാലും അവരെയൊക്കെ തൊട്ടു വിളിക്കാനായിരുന്നു അധികം പ്രേരണ. ആ വാക്കുകൾ വിളിക്കുമ്പോൾ ഒരു വല്ലാത്ത അകൽച്ചയാണ് ഞങ്ങൾക്ക് തോന്നിയിരുന്നത്. തൊണ്ടയിൽ ആരോ പിടിച്ചു ഞെക്കുന്നത് പോലെ... വിളിയില്ലെന്നതും ഒരു വലിയ കുറ്റമായാണ് കണ്ടിരുന്നത്.

അച്ഛനു മീനും ഇറച്ചിയും കൂട്ടി ചോറു വാരിക്കൊടുത്തിരുന്ന പല ബന്ധു വീട്ടമ്മമാരും തമിഴ് സംസാരിച്ചുകൂടെന്ന് ഞങ്ങളെ കർശനമായി വിലക്കീരുന്നു.

അമ്മയുടെ ഒരാനന്ദമായിരുന്നു ഞങ്ങൾ മൂന്നു പേരേയും എണ്ണയിട്ട് കുളിപ്പിച്ച് വെളുത്ത പെറ്റിക്കോട്ട് ഇടുവിച്ച് തറയിലിരുത്തി ചോറു കുഴച്ചു വായിൽ തരികയെന്നത്. എന്ത് തെറ്റാണ് അമ്മ ആ പ്രവൃത്തികൊണ്ട് ഈ ലോകത്തിനോട് ചെയ്തിരുന്നതെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. അതുകണ്ടാൽ അച്ഛൻ പിശാചിനെപ്പോലെ അലറും. അമ്മയെ അടിക്കും. ഊണുപാത്രം ഞങ്ങളെക്കൊണ്ട് തെങ്ങിൻകുഴിയിൽ കൊണ്ടിടുവിക്കും...

അങ്ങനെ പത്തു വയസ്സിൽ തന്നെ ജീവിതം മടുത്ത കുട്ടികളായിരുന്നു ഞങ്ങൾ മൂന്നു പേരും.

അമ്മ വഴക്ക് ഒരിക്കലും തുടങ്ങില്ല. അടിയേറ്റു വാങ്ങേണ്ടി വരുന്ന ഒരു ഏർപ്പാടിലേക്ക് ആരാണ് ആദ്യം നടന്നു തുടങ്ങുക? ഞങ്ങൾ അമ്മയുടെ ഭാഗത്താണ് ശരിയെന്ന് കരുതാനുള്ള കാരണങ്ങളിലൊന്ന് അതായിരുന്നു. അമ്മയെ അടിക്കുന്നത് എന്ത് കുറ്റത്തിൻറെ പേരിലായാലും ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മീമ്മയെ പന്ന, കല്യാണം, ആ സ്ത്രീ എന്നൊക്കെ അച്ഛൻ പറഞ്ഞു തരും. ഒരു തരം താണ മല്സരബുദ്ധി. അമ്മീമ്മ ഒരു മോശം വാക്കും അച്ഛനെപ്പറ്റി പറയില്ല. ഞങ്ങൾക്ക് വല്ലാത്ത അതിശയം തോന്നുമായിരുന്നു അപ്പോഴൊക്കെ...

വീട്ടിൽ ജോലിസഹായത്തിന് നില്ക്കുന്ന സ്ത്രീകളുടെ മുന്നിൽ വെച്ച് അമ്മയെ നിന്ദിക്കാൻ അച്ഛൻ എന്നും ഇഷ്ടപ്പെട്ടു. കുറച്ചു കഴിയുമ്പോൾ അവർ അമ്മയെ തീരെ വിലയില്ലാതെ പുച്ഛിച്ചു കാണും. അച്ഛൻറെ ബന്ധു ക്കളും അമ്മയിലധികം വില വെച്ചിരുന്നത് വീട്ടിലെ ജോലി സഹായികളെയാണ്.

അങ്ങനെയിരിക്കേ അനവധി കോടതി കയറിയിറങ്ങലുകൾക്ക് ശേഷം ഇരിങ്ങാലക്കുട സബ്കോടതിയിൽ നിന്ന് വിധി വന്നു. അമ്മീമ്മയുടെ വീടിനായി ധനിക ജമീന്ദാർ ആയ അച്ഛൻ സുബ്ബരാമയ്യർ വെറും അഞ്ഞൂറു രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂവെന്നും അത് അദ്ദേഹത്തിന്റെ ആകെ സ്വത്തിൻറെ നൂറിലൊരംശം പോലും ആകുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. അതുകൊണ്ട് ആ വീടിനെ പൂർണമായും കേസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു... അതിൻമേൽ അമ്മീമ്മക്ക് പൂർണാവകാശം കോടതി നല്കിയിരിക്കുന്നുമെന്നായിരുന്നു വിധി. ബാക്കി സ്വത്തുക്കൾ സഹോദരന്മാരോട് വീതിച്ച് എടുത്തോളാനും കോടതി നിർദ്ദേശിച്ചു.

ആ വിധി വന്നപ്പോൾ ഒരിക്കലും കരയാത്ത അമ്മീമ്മ ഞങ്ങളെ എന്നേം റാണിയേം കെട്ടിപ്പിടിച്ച് തേങ്ങിത്തേങ്ങി കരഞ്ഞു. തൃക്കൂരമ്പലത്തിൽ അപ്പവും മുപ്പറയുമൊക്കെ നടത്തി ആ പാവം.

എന്നാൽ ആർത്തിയും അഹങ്കാരവും ഒരു സബ്കോടതി വിധി കൊണ്ട് മാറുമോ?

ഇല്ല.

മാറിയില്ലെന്ന് മാത്രമല്ല... അതിന് കുറെക്കൂടി ക്രൗര്യം കൈവന്നു...

അതിൻറെ കൂർത്ത പല്ലുകളിൽ ഞങ്ങൾ ചോരയൊലിപ്പിച്ചു കൊണ്ട് പിടഞ്ഞു ഏറെക്കാലം...

ബ്രാഹ്മണർക്കും വിശ്വകർമജർക്കും ഒരുപോലെ വേദനിപ്പിക്കാൻ പറ്റുമെന്ന് ഞങ്ങൾ ആ പിടച്ചിലുകളിൽ നിലവിളിച്ചുകൊണ്ട് ഏങ്ങിക്കരഞ്ഞുകൊണ്ട് തിരിച്ചറിഞ്ഞു.

മനുഷ്യത്വമില്ലാത്ത സവർണതയും അവർണതയും ഒരുപോലെയാണെന്ന് ഞങ്ങൾക്ക് അങ്ങനെ തികച്ചും ബോധ്യമായി.


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


മനുഷ്യത്വമില്ലാത്ത സവർണതയും
അവർണതയും ഒരുപോലെയാണെന്ന്
ഞങ്ങൾക്ക് അങ്ങനെ തികച്ചും ബോധ്യമായി.