Thursday, August 15, 2019

അമ്മച്ചിന്തുകൾ 28

                                                                          
അയ്യന്തോൾ വീട്ടിൽ മതിലു പണിയുമ്പോൾ, ഗേറ്റു വെക്കുമ്പോൾ, കട്ടിലിന് കൊതുകു വല പിടിപ്പിക്കുമ്പോൾ, കിണർ കുത്തുമ്പോൾ... അങ്ങനെ ഓരോ കാര്യത്തിനും വഴക്കാണ്. സന്തോഷമായി ഒന്നും അവിടെ സംഭവിക്കില്ല. അമ്മ എന്ത് ചെയ്താലും അച്ഛന് ഒരുതരത്തിലും ഇഷ്ട
പ്പെടാൻ പറ്റീരുന്നില്ല... ഒന്നും കിട്ടീല്ലെങ്കിൽ ഞങ്ങൾ മൂന്നു മക്കൾക്കും അമ്മയ്ക്കും യാതൊരു കലാബോധവുമില്ലെന്നും കല അടുത്തുകൂടി പോയിട്ടില്ലെന്നും അതുകൊണ്ട് ചെടി വെച്ചതോ കർട്ടനിട്ടതോ മുറികളിലെ കളർസ്കീമോ ഒന്നും നന്നായിട്ടില്ലെന്നും ഉള്ള ഭർല്സനമാകും.

അമ്മ ചെടികളെ അഗാധമായി പ്രണയിച്ച ഒരു വ്യക്തിയായിരുന്നു. ഭാഗ്യയുമതേ. 'നമ്ക്ക് ഇന്ത വീടെ ഒരു കാടാക്കണം അമ്മാ' എന്നാണ് അവൾ പറഞ്ഞിരുന്നത്. അങ്ങനെ അയൽപ്പക്കങ്ങളിലും അടുത്തുള്ള നിർമലാ കോൺവെൻറിലും ഒക്കെ കുഞ്ഞു കാലടികൾ പെറുക്കി വെച്ച് പോയി അവൾ ചെടികൾ
കൊണ്ടു വരും. അമ്മ ഓഫീസ് വിട്ടു വരുമ്പോൾ വഴിയിൽ കാണുന്ന ചാണകം എടുത്തുകൊണ്ട് വരും. കപ്പലണ്ടിപ്പിണ്ണാക്ക് കുതിർത്തു പുളിപ്പിച്ച് ചെടികൾക്ക് കൊടുക്കും. തെങ്ങുകൾക്ക് ഉപ്പും ഇടും.

അങ്ങനെ നിറമുള്ള ബൾബുകൾക്കിടക്കുള്ള ജലധാരായന്ത്രത്തിലെ ഒഴുകുന്ന വെള്ളം പോലെ വീണു കിടക്കുന്ന ഇലകളോടു കൂടിയ വിവിധ വർണച്ചെടികൾ, പലതരം തുളസികൾ, കൂറ്റൻ മുല്ലപ്പന്തൽ, പിച്ചകപ്പന്തൽ, അമ്പതു പൂക്കൾ ഒറ്റച്ചെടിയിൽ വിരിയുന്ന ചുവന്ന റോസ്, മനം മയക്കുന്ന സുഗന്ധമുള്ള വെളുത്ത പനിനീർപ്പൂക്കൾ, നന്ത്യാർവട്ടത്തിൻറെ വെള്ളക്കാട്, ചെറ്റിപ്പൂക്കളുടെ പല നിറമുള്ള വലിയ ഗോളങ്ങൾ ചെമ്പരത്തികളുടെ വിവിധ വർണ പുഞ്ചിരികൾ...എല്ലാം വീട്ടിലുണ്ടായി. അടുത്തുള്ള തിരുവാണത്തമ്പലത്തിലെ പൂജകൾക്ക് വീട്ടിലെ പൂക്കളായിരുന്നു വളരെക്കാലം ഉപയോഗിച്ചിരുന്നത്.

ചെലവ് ചുരുക്കൽ അമ്മയ്ക്കും വേണമായിരുന്നുവല്ലോ. അങ്ങനെ പച്ചക്കറികൾ എല്ലാം ആ വീട്ടിലും കൃഷി ചെയ്തിരുന്നു. നിർമലാ കോൺവെൻറിൽ പോയി ഗോമൂത്രം കൊണ്ടുവന്ന് അത് നേർപ്പിച്ചു ചെടികൾക്കൊഴിക്കുന്നത് കുഞ്ഞു ഭാഗ്യയായിരുന്നു.

അച്ഛൻ ഇതൊന്നും കാണുകയേ ഇല്ല. ആ വീട്ടിൽ വാടകയ്ക്ക് പാർക്കുന്നപോലെയായിരുന്നു അദ്ദേഹം. കടുത്ത നിന്ദയായിരുന്നു അമ്മയുടെ എല്ലാ പ്രയത്നത്തോടും. കുറേ കനപ്പെട്ട പുസ്തകങ്ങൾ വായിക്കും. വൈകുന്നേരം ഓഫീസേർസ് ക്ളബ്ബിൽ പോയി പാതിരാ വരെ ചീട്ടു കളിക്കും.

അങ്ങനെ... അത്തരം ഒരു കാലത്താണ് കേസ് ഉഷാറായി നടക്കുന്ന കാലത്താണ്
ഒരിയ്ക്കൽ………… ഒരു സ്കൂളവധി ദിനത്തിൽ………

വക്കീലുമായുള്ള നെടു നീളൻ ചർച്ചകൾക്കു ശേഷം ഞങ്ങൾ അമ്മീമ്മയും റാണിയും ഞാനും തിരിച്ച് വരികയായിരുന്നു. ആമ്പല്ലൂർ വരെ ബസ്സിൽ യാത്ര ചെയ്ത് ബാക്കി വലിയ ഒരു നെൽപ്പാടം നടന്നു കയറി തൃക്കൂർ വീട്ടിന്റെ പുറകു വശത്തെ നാട്ടിടവഴിയിൽ എത്താനായിരുന്നു അമ്മീമ്മ മുതിർന്നത്. അപ്പോൾ ബസ്സു കൂലി ലാഭമുണ്ടാകും. കുറച്ച് ദൂരവും കുറയും.

മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന ഞാനും രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന റാണിയും അമ്മീമ്മയ്ക്കൊപ്പം പാടത്തു കൂടി നടന്നു വരുമ്പോൾ അപ്രതീക്ഷിതമായി വലിയ ഒരിടി വെട്ടി, മാനം കറുത്തിരുണ്ടു, സെക്കന്റുകൾക്കകം ആരോടൊ വൈരാഗ്യം തീർക്കുന്ന മാതിരി മഴ ആർത്തിരമ്പി പെയ്യുവാൻ തുടങ്ങി.

കണ്ണു കാണാത്ത വിധത്തിൽ കോരിച്ചൊരിയുന്ന മഴ, ശക്തിയായ ഇടിയും മിന്നലും കാറ്റും, പേടിച്ചരണ്ട രണ്ട് കുഞ്ഞുങ്ങൾ, വിജനമായ വലിയ പാടം …….. നടക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലാതിരുന്നതു കൊണ്ട് അമ്മീമ്മ നടന്നു. തീരേ നിവർത്തിയില്ലാതെ വന്നപ്പോൾ പാടത്തിനടുത്തുള്ള അമ്മീമ്മയുടെ ചിത്തിമഠത്തിൻറെ പടിപ്പുരയിൽ കയറി നിന്നു. ഗതികെട്ടിട്ടാണ്. അല്ലാതെ അവിടെ
പോകാൻ അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

മുകളിലെ മുറിയിലിരുന്ന് മഴയെ ശ്രദ്ധിച്ചിരുന്ന ചിത്തിയുടെ മകൻ അമ്മീമ്മയേയും ഞങ്ങളേയും കണ്ടിരുന്നു. അദ്ദേഹം പടിപ്പുരയിൽ വന്ന് നിർബന്ധിച്ചു വിളിച്ചപ്പോൾ അമ്മീമ്മ അകത്ത് കയറി.

ചിത്തിക്ക് കൂനായിക്കഴിഞ്ഞിരുന്നു. എങ്കിലും അവർ വന്ന് അമ്മീമ്മയെ കെട്ടിപ്പിടിച്ചു. കേസ് കൊടുക്കുകയും ചിത്തിയുടെ ചേച്ചിയായ അമ്മീമ്മയുടമ്മയെ നാടുകടത്തുകയും ചെയ്ത ആൺമക്കളെ തീത്തുള്ളികൾ കണ്ണിലൂടൊലിപ്പിച്ച് നെഞ്ചിൽ ത്തല്ലി ശപിച്ചു.

മനസ്സ് ഒന്ന് ഒതുങ്ങിയപ്പോൾ 'രാജത്തോട് കുഴന്തകളോ' എന്ന് ഞങ്ങളോട് വാല്സല്യം കാണിച്ചു. അപ്പോൾ തന്നെ ചൂടു കാപ്പിയും മുറുക്കും തന്നു.

ചിത്തി തന്നെ ഞങ്ങളെ ചിത്തപ്പാവിൻറെ മുറിയിലേക്ക് കൊണ്ടു പോയി. മലമൂത്രത്തിൻറേയും കുഴമ്പിൻറേയും കഷായത്തിന്ററേയുമായി ഒരു വല്ലാത്ത ഗന്ധം അവിടെ തളം കെട്ടിയിരുന്നു.

അധികനേരം അവിടെ നിന്നില്ല. ചിത്തപ്പാ എന്തൊക്കേയോ പുലമ്പി. അമ്മീമ്മയോട് മാപ്പ് പറയുകയാണെന്ന് ചിത്തി വിശദീകരിച്ചു.

അപ്പോഴേക്കും മഴ കുറെ യൊക്കെ ശമിച്ചിരുന്നു. ഞങ്ങൾ ചിത്തിയോട് യാത്ര പറഞ്ഞ് തിടുക്കത്തിൽ ഇറങ്ങി. അമ്മീമ്മ പതിവില്ലാത്തവിധം വിഷാദമൂകയായിരുന്നു.

അന്നത്തെ ആ നടപ്പിലാണ്,
പെട്ടെന്ന് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാഴത്തോപ്പിലുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് ഒരു വലിയ നിലവിളിയോടെ അവർ താഴ്ന്നു പോയത്.

ആ നിലവിളിയും അപ്പോഴുണ്ടായ നടുക്കവും ഭീതിയും ഇന്നും എന്നിൽ അനാഥത്വത്തിന്റെ നെഞ്ചു പൊട്ടലായി ബാക്കി നിൽക്കുന്നു.

ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു.

ആ വിജനമായ പാടത്ത് ആരു കേൾക്കാനാണ്?

വാഴത്തോപ്പിൽ അപ്പോൾ പ്രത്യക്ഷപ്പെട്ട രൂപത്തിന്റെ പേരാണ് ദൈവം.

എന്നും സന്ധ്യ മയങ്ങിയാൽ ഒരു പാട്ട് കേൾക്കാം. ഈ ദൈവത്തിൻറെ.

കള്ളോളം നല്ലോരു……..

കണ്ണഞ്ചോവന്റെ പാട്ടാണ്. പാട്ടത്തിനെടുത്ത പറമ്പുകളിൽ വാഴക്കൃഷി ചെയ്തിരുന്ന കള്ളു കുടിയൻ. ഉടുത്ത മുണ്ടഴിച്ച് തലയിൽ കെട്ടി ഇടവഴിയുടെ വീതിയളന്നും പല വീടുകളുടേയും വേലിയിൽ ചെന്നു കയറിയും പലപ്പോഴും മുട്ടുകാലിൽ ഇഴഞ്ഞും ഒക്കെ പോകുന്നയാൾ.

‘എന്താ മക്കളേ ഇവ്ടെ?’ എന്നു ചോദിച്ച കണ്ണഞ്ചോവനോട് കരച്ചിലിനിടയിൽ പൊട്ടക്കിണർ ചൂണ്ടിക്കാണിയ്ക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

കിണറ്റിൽ എത്തി നോക്കിയ അയാൾ അമ്മീമ്മയെ കണ്ട് ഞെട്ടി, എങ്കിലും ഞങ്ങളെ ആശ്വസിപ്പിച്ചു.

‘ഹേയ്, മക്കള് കരേല്ലെ….. ദൊരു കുഴിയല്ലേന്നും പൊട്ടക്കുഴി….ദിപ്പോ പിടിച്ച് കേറ്റാം തമ്പ് രാട്ട്യെ……‘

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

കണ്ണൻ ഉച്ചത്തിലൊന്നു കൂക്കി.

മഴയും വിജനതയും തോറ്റു പാളീസടിച്ച ആ കൂക്കിന്റെ ശബ്ദത്തിനുത്തരമായി മൂന്നാലു പേർ വാഴത്തോപ്പിൽ നിന്നിറങ്ങി വന്നു. അതിലൊരാൾ അമ്മീമ്മയുടെ പൂർവ വിദ്യാർത്ഥിയായിരുന്നു.

അവരെല്ലാവരും ചേർന്ന് അമ്മീമ്മയെ ആ പൊട്ടക്കിണറ്റിൽ നിന്ന് ഉയർത്തിയെടുത്തു.

അമ്മീമ്മയെ കണ്ടപ്പോഴാണ് ഞങ്ങൾ പിന്നെയും ഉച്ചത്തിൽ കരഞ്ഞു പോയത്…….

അവരുടെ സാരി കീറിയിരുന്നു, മുഖത്തും കൈയിലും ഒക്കെ പരിക്കേറ്റിരുന്നു. ദേഹത്താകെ ചെളി പുരണ്ടിരുന്നു. എങ്കിലും അമ്മീമ്മ ചിരിച്ചു.

‘ഒരു വേരുമ്മേ പിട്ത്തം കിട്ടീ കണ്ണാ. ദൈവാധീനം, അതോണ്ട് താഴേയ്ക്ക് പോയില്ല. പാമ്പും പഴ്താരേം ഒന്നും വന്ന് കടിച്ചില്ല്യ. നിക്ക് നല്ല ഭാഗ്യണ്ട്. ശര്യല്ലേ ജോസെ?’

അമ്മീമ്മയുടെ പൂർവ വിദ്യാർത്ഥി തല കുലുക്കി.

വക്കീലിനെ കണ്ട് മടങ്ങുകയായിരുന്നു അമ്മീമ്മ എന്നറിഞ്ഞപ്പോൾ, കണ്ണൻ സമാധാനിപ്പിയ്ക്കാൻ മറന്നില്ല. ‘തമ്പ് രാട്ട്യന്നെ ജയിയ്ക്കും, സത്യം പുലരണ നേരം മാത്രേ കാക്കണ്ടു.‘

കാരുണ്യത്തോടെ ജോസ് ക്ഷണിച്ചു. ‘ടീച്ചറെ, ദാ വാഴോൾടപ്പറത്താ ന്റെ വീട്, അങ്ങട്ആ പോയിട്ട് മഴ മുഴോൻ തോർന്നേപ്പിന്നെ മഠത്തിൽക്ക് പോയാ മതി. ഞാൻ ക്ടാങ്ങളെ സൈക്കിളുമ്മേ കൊണ്ടാക്ക്യരാം. വൈന്നേരം സന്ധ്യാമ്പോ ടീച്ചറ് തന്നെക്ക് പോണ്ട.‘

അങ്ങനെ ഞങ്ങൾ ജോസിന്റെ വീട്ടിലെത്തി.

ചാണകം മെഴുകിയ തറയുള്ള ഒരു കൊച്ച് വീടായിരുന്നു അത്. വരാന്തയിൽ നനഞ്ഞ കോഴികളും ഒരു പട്ടിയും പിന്നെ ഒരു പൂച്ചയും വിശ്രമിച്ചിരുന്നു. തൊട്ടപ്പുറത്തെ തൊഴുത്തിൽ എരുമകളും.

ജോസിന്റെ അമ്മ കൊടുത്ത വെള്ളമുപയോഗിച്ച് അമ്മീമ്മ ചെളിയെല്ലാം കഴുകിക്കളഞ്ഞു. കീറിയ സാരി ഒരു മാതിരിയൊക്കെ വലിച്ച് കുത്തി. അപ്പോഴേയ്ക്കും ആ അമ്മ മടിച്ച് മടിച്ച് മൂന്നു ചില്ലു ഗ്ലാസ്സിൽ ചായ കൊണ്ടു വന്നു.

‘ഇത്തിരി ചായ, തൺപ്പല്ലേന്ന്ച്ചട്ടാ. ടീച്ചറ് കുടിയ്ക്കൊ ഞങ്ങടെ ചായ?‘

അമ്മീമ്മ ചിരിച്ചുകൊണ്ട് കൈ നീട്ടി.

ചായ ഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായിരുന്നു. ഞാൻ പതുക്കെ ചിണുങ്ങി നോക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അമ്മീമ്മയുടെ കണ്ണുകൾ ഒരു താക്കീതോടെ തീക്ഷ്ണമായി.

മഴ മാറിയപ്പോൾ ജോസ് ഞങ്ങൾക്കൊപ്പം വീടു വരെ വന്നു.

സന്ധ്യ കഴിഞ്ഞ് , കള്ളുകുടിയൻ കണ്ണന്റെ കള്ളോളം………….. എന്ന പാട്ട് നാട്ടിടവഴിയിൽ മുഴങ്ങി, പതിവു പോലെ.

എന്നാൽ ആ പാട്ടു കേട്ട് ഞങ്ങൾക്ക് ദേഷ്യമോ വെറുപ്പോ ഭയമോ തോന്നിയില്ല.

കണ്ണൻ ദൈവമായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ അമ്മീമ്മയെ രക്ഷ പ്പെടുത്തിയവനായിക്കഴിഞ്ഞിരുന്നു.

ഞങ്ങൾ പിന്നെ എപ്പോൾ കണ്ടാലും കണ്ണനെ നോക്കി ചിരിക്കും. കുശലം പറയും.

ദൈവത്തെ നോക്കി ചിരിക്കാനും കുശലം പറയാനും ഒക്കെ പറ്റണത് വലിയ ഭാഗ്യല്ലേ...

അല്ലേ...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ണൻ ദൈവമായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ അമ്മീമ്മയെ രക്ഷ പ്പെടുത്തിയവനായിക്കഴിഞ്ഞിരുന്നു.

ഞങ്ങൾ പിന്നെ എപ്പോൾ കണ്ടാലും കണ്ണനെ നോക്കി ചിരിക്കും. കുശലം പറയും.

ദൈവത്തെ നോക്കി ചിരിക്കാനും കുശലം പറയാനും ഒക്കെ പറ്റണത് വലിയ ഭാഗ്യല്ലേ...