Wednesday, August 14, 2019

അമ്മച്ചിന്തുകൾ 21

                                                                       
അച്ഛൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് പോയപ്പോൾ ഡാറി ആൻറീടെ വീട്ടിൽ ചെന്നു. കുഞ്ഞു റാണി അച്ഛൻറെ ശബ്ദം കേട്ടപ്പോൾ തത്താപൊത്താന്ന് നടന്ന്‌ വന്ന് അച്ഛനെ ഒരു നോട്ടം നോക്കിയെന്നും അത് ആയുസ്സിൽ മറക്കില്ലെന്നും എന്നാൽ അമ്മയ്ക്ക് റാണിയെ ഡാറി ആൻറി നോക്കുന്നതാണിഷ്ടമെന്ന് അറിയുന്നതുകൊണ്ട് അദ്ദേഹം സങ്കടത്തോടെ തിരികെ പോന്നെന്നും അച്ഛൻ വളരെക്കാലം പറഞ്ഞിരുന്നു.

എന്തായാലും മൂന്നു മാസം കഴിഞ്ഞ് വീട്ടിൽ ജോലിക്ക് സഹായത്തിനായി ഒരു ചേച്ചി വന്നു നിന്നു.

അപ്പോൾ ഡാറി ആൻറി റാണിയെ മടക്കി ഏൽപ്പിച്ചു. ആ സമയത്ത് അമ്മീമ്മയും വന്ന് സഹായിച്ചു.

ചേച്ചിക്ക് മൂന്നു കുട്ടികളെ പരിപാലിക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞപ്പോൾ അമ്മീമ്മ തൃക്കൂരിൽ തന്നെ ഒരു പെൺകുട്ടിയെ ഏർപ്പാടാക്കി റാണിയെ തൃക്കൂർക്ക് കൊണ്ടുപോയി. അമ്മയുടെ കഴിവുകേടുകൊണ്ട് അച്ഛന് അത് അനുവദിക്കേണ്ടി വന്നുവെന്ന് അച്ഛൻ രോഷത്തോടെ ഡയറീൽ കുറിച്ചിട്ടുണ്ട്.

ഞാനും കുഞ്ഞു ഭാഗ്യയുമാണ് അങ്ങനെ പകൽ നേരം വിയ്യൂരെ വീട്ടിൽ ഉണ്ടാവുക.

മൂന്നു വയസ്സാണ് പ്രായം. ഫ്രില്ലു പിടിപ്പിച്ച ഉടുപ്പും ഷഡ്ഡിയുമിട്ട് മുടിയില്‍ നിറമുള്ള ബോയും സ്ലൈഡും വെച്ച് ഓടിപ്പാഞ്ഞു കളിക്കുകയും വീഴുകയും കരയുകയും ഒക്കെ ചെയ്യുന്ന സാധാരണ കുട്ടിയാണ് ഞാൻ. അച്ഛന്‍ അമ്മയെ അടിക്കുമെന്നതുകൊണ്ട് രാത്രിയാവുമ്പോഴും , ഞായറാഴ്ച പകലാവുമ്പോഴും വല്ലാതെ പേടിയാകുന്ന, പേടിച്ചു പനി വരുന്ന ഒരു കുട്ടി.

അന്നെന്‍റെ ചുണ്ടില്‍ ഒരു കാക്കപ്പുള്ളിയുണ്ടായിരുന്നു. ജന്മനാ കിട്ടിയത്. എന്‍റെ എസ് എസ് എല്‍ സി ബുക്കില്‍ തിരിച്ചറിയല്‍ അടയാളമായത്. പിന്നീട് അതിസുന്ദരം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ തീര്‍ത്തും മാഞ്ഞു പോയത്.

അതു കടിച്ചെടുക്കാമെന്ന്, അതുകൊണ്ടുള്ള അഭംഗി മാറുമെന്ന് പറഞ്ഞ് ഒരു മിഠായി തന്ന അച്ഛന്‍റെ സുഹൃത്ത് എന്നെ വേദനിപ്പിക്കുകയായിരുന്നു. അയാളുടെ കൈകള്‍ എന്‍റെ ഫ്രില്ലുള്ള ഷഡ്ഡിക്കുള്ളില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അയാളുടെ വൃത്തികെട്ട,ഓക്കാനിപ്പിക്കുന്ന വായ് നാറ്റവും വിരലുകളുടെ ബലവും പരുപരുപ്പും ഞാനിന്നും മറന്നിട്ടില്ല.

എനിക്ക് പേടിയായി.. അസ്വസ്ഥതയും വേദനയും തോന്നി. ഞാന്‍ ഉറക്കെ കരഞ്ഞു. വീട്ടു ജോലിക്ക് സഹായത്തിനു വന്ന ചേച്ചിയുമായി അയാള്‍ക്ക് ചില ബന്ധങ്ങളുണ്ടായിരുന്നു. അതിനാണ് അയാള്‍ വീട്ടില്‍ വന്നിരുന്നത്. ഉച്ചയൂണു കഴിഞ്ഞ് ഞാനും കുഞ്ഞു ഭാഗ്യയും ഉറങ്ങിയാല്‍ വീട്ടില്‍ പിന്നെ ആരുമുണ്ടാവില്ലല്ലോ.

അന്ന് പക്ഷെ, എൻറെ കഷ്ടകാലത്തിന് ആ ചേച്ചി കുളിക്കുകയായിരുന്നു. ഞാൻ കിളിപ്പാവകളേയും പൂമ്പാറ്റപ്പാവകളേയും വെച്ച് കളിക്കുകയും.. അപ്പോഴാണ് ഈ അനുഭവമുണ്ടായത്.

എന്‍റെ കരച്ചില്‍ അയാളെ സ്തബ്ധനാക്കി. അയാള്‍ എന്നെ മടിയില്‍ നിന്നിറക്കി.

കുളിച്ചു വന്ന ചേച്ചിയോട് അയാള്‍ പറഞ്ഞു. 'ഇബളു തെറീ പറയും, ഞാനൊരടി വെച്ചു കൊടുത്തു. '

ജോലി കഴിഞ്ഞ് അമ്മ വന്നപ്പോഴും അച്ഛന്‍ ജയിൽ ഹോസ്പിറ്റലില്‍ നിന്ന് മടങ്ങിയത്തിയപ്പോഴും ഞാന്‍ തെറി പറഞ്ഞ വിഷയം വലിയ കാര്യമായി അവതരിപ്പിക്കപ്പെട്ടു. തെറി പറയുന്നത് ചീത്തശീലമാണെന്ന് ഇരുവരും എന്നോട് കര്‍ശനമായി പറഞ്ഞു.

എനിക്ക് ഒറ്റയക്ഷരം ശബ്ദിക്കാന്‍ കഴിഞ്ഞില്ല.

രാത്രിയായപ്പോഴേക്കും എനിക്ക് പനി വന്നു. പനി മാറി എണീറ്റ എനിക്ക് വര്‍ത്തമാനത്തില്‍ വിക്ക് ഉണ്ടായിരുന്നു. അച്ഛനുമമ്മയും എന്നെ ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെ കാണിച്ചു. പിന്നെ തിരുവുള്ളക്കാവ് അമ്പലത്തില്‍ കൊണ്ടുപോയി തൊഴീച്ചു. സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ മിടുക്കുകൊണ്ട് വിക്ക് മാറിയെന്ന് അച്ഛനും അതു മാത്രമല്ല തൊഴുതതുകൊണ്ടും കൂടിയാണ് വിക്ക് മാറിയതെന്ന് അമ്മയും കരുതി.

പക്ഷെ, രാത്രി കണ്ണും മിഴിച്ച് കിടക്കുന്ന എനിക്ക് എന്തോ കാര്യമായ മന:പ്രയാസമുണ്ടെന്ന് അമ്മ മനസ്സിലാക്കിയിരുന്നു. അതെന്തെന്ന് എനിക്ക് അമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ അപ്പോഴൊന്നും കഴിഞ്ഞില്ല. അങ്ങനെയാണ് ഉറങ്ങുകയും ഉണ്ണുകയും ഒന്നും ചെയ്യാത്ത ശരിക്കും പക്ഷിപീഢ പിടിച്ച പോലെയുള്ള കുട്ടിയായതു ഞാന്‍ .

ആ സമയത്താണ് വിയ്യൂരെ വീട്ടിൽ ഒരു കള്ളൻ കയറിയത്. അടുക്കളയിലെ ഓട് പൊളിച്ചിറങ്ങിയ കള്ളൻ പാത്രങ്ങളെല്ലാം തൂത്തുവാരി
കൊണ്ടു പോയി. ആ ഓട് പൊളിച്ചിറങ്ങിയതിൻറെ ചതുരവെളിച്ചം ഇന്നും ഞാൻ മറന്നിട്ടില്ല.

അതോടെ എൻറെ പേടി ഇരട്ടിയായി. ഞാൻ അങ്ങനെ തീരെ ഉറങ്ങാതായി. വീട്ടുസഹായി ചേച്ചിക്ക് എന്നെക്കൊണ്ട് വലിയ ബുദ്ധിമുട്ടാവുകയും അവർ പണി ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു. പിന്നെ വന്നതൊരു അമ്മൂമ്മയായിരുന്നു. അവർ എനിക്കും ഭാഗ്യക്കും വീട്ടിൽ ആരുമില്ലാത്തപ്പോൾ പുകയില ചേർത്ത പാൽ കുടിക്കാൻ തരുമായിരുന്നു. അപ്പോൾ ബഹളം ഉണ്ടാക്കാതെ ഞങ്ങൾ ഉറങ്ങും. വൈകീട്ട് അമ്മ കരിപ്പാൽ ബസ്സിൽ നിന്നിറങ്ങി വരാറാവുമ്പോഴേക്കും അമ്മൂമ്മ ഞങ്ങളെ കുളിപ്പിച്ച്, എനിക്ക് മാമുവും, ചോറരച്ച് വെള്ളത്തിൽ കലക്കിയത് ഭാഗ്യക്കും കൊടുത്ത് ഭസ്മമൊക്കെ തൊടുവിച്ച് ഇരുത്തും.

അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ കൂടി വരികയായിരുന്നു. അമ്മയെ കരണത്തടിക്കുക, വാതിലിൻറെ ഇടക്ക് വെച്ച് ഞെക്കുക, ആഹാരം കഴിക്കുമ്പോൾ കഴുത്ത് പിടിച്ചമർത്തുക, ചവിട്ടുക, മുടിക്ക് പിടിച്ചു വലിച്ച് ഉപദ്രവിക്കുക... ഇതൊക്കെ എൻറെ നിത്യക്കാഴ്ചകളായി. ഇന്നും മറക്കാനാവാത്ത എന്നിലെ ഒടുങ്ങാത്ത ഭീതികൾ.എൻറെ പകലുകളിലും രാത്രികളിലും ചോരച്ചാലുകൾ കീറിയ ദൃശ്യങ്ങൾ.

ഭാഗ്യക്ക് കുറുക്ക് കൊടുക്കുന്ന അമ്മയെ ചെവിക്ക് പിടിച്ചു ആ കൂറ്റൻ ലിവിംങ് മുറി മുഴുവൻ വലിച്ചിഴച്ചത് ഞാൻ സോഫയിലിരുന്നു കാണുകയായിരുന്നു. ഭാഗ്യ തറയിൽ വീണ് അലറിക്കരയുകയാണ്...

ഇതെഴുതുമ്പോഴും ആ ദിവസത്തിൻറെ വിറയൽ എന്നിലുണ്ട്.

അമ്മയുടെ നിസ്സഹായമായ ദയനീയമായ കരച്ചിൽ എൻറെ ചെവിയിലുണ്ട്. അതൊന്നും മറക്കാൻ ആവശ്യമായ കാര്യങ്ങൾ എൻെറ ജീവിതത്തിൽ കടന്നു വന്നതേയില്ല ...ഒരിക്കലും ഒരുകാലത്തും.

കൊച്ചു കുട്ടികള്‍ എല്ലാം പെട്ടെന്ന് മറക്കുമെന്ന വാദം വളരെ വിചിത്രമാണ്. അവര്‍ ഭയന്നു പോവുകയാണ്. ഉള്‍വലിയുകയാണ്. അവരുടെ വേദനകള്‍ ആരുമറിയാതെ പോകുന്നു.കുട്ടിയല്ലേ എന്നൊരു ന്യായം കാണിച്ച് അവരെ വളരെ എളുപ്പത്തില്‍ നമുക്ക് നിസ്സാരമാക്കാം. നിശ്ശബ്ദരാക്കാം. കുട്ടികളുടെ തലയില്‍ കയറിയിരുന്നു മുതിര്‍ന്നവര്‍ക്ക് ചിന്തിക്കാം . കാരണം കുട്ടികള്‍ക്ക് വേണ്ടിയല്ല സ്ത്രീകള്‍ക്ക് വേണ്ടിയല്ല ദുര്‍ബലര്‍ക്ക് വേണ്ടിയല്ല ദരിദ്രർക്ക് വേണ്ടിയല്ല നമ്മുടെ നിയമ വ്യവസ്ഥ നടപ്പിലാക്കിയിട്ടുള്ളത്. അതു നടപ്പാക്കുന്നവരില്‍ അധിക പങ്കും കുട്ടികളല്ല, സ്ത്രീകളല്ല, ദുര്‍ബലരല്ല, ദരിദ്രരല്ല.

No comments: