Saturday, August 17, 2019

അമ്മച്ചിന്തുകൾ 34

                                                                   
അമ്മയുടെ പഴുത്തളിഞ്ഞുപോയ ഓപ്പറേഷൻ മുറിവ് അച്ഛൻ തൃശൂരിലെ ജില്ലാ ആശുപത്രിയിൽ നിന്ന് തൃക്കൂര് വന്നാണ് എന്നും ഡ്രസ്സ് ചെയ്യുക. സ്പിരിറ്റിലും ചില ആൻറിബയോട്ടിക്കുകളിലും ഒക്കെ മുക്കിയ പഞ്ഞിത്തിരികൾ ഫോഴ്സെപ്സ് വെച്ച് മാററി മാററി മുറിവിലൂടെ തുടച്ചു തുടച്ചു പഴുപ്പ് നീക്കും. ചോരയും ചലവും പുറത്ത് വരും. അത് കണ്ടു നില്ക്കുന്നത് ഒരു തേൾ ചങ്കിൽ കടിക്കുന്ന പോലേയായിരുന്നു. അമ്മയുടെ വലിയ കണ്ണുകൾ പുഴ പോലെ നിറഞ്ഞൊഴുകുമെങ്കിലും ശബ്ദം പുറത്ത് കേൾക്കില്ല. ആ ഡ്രസ്സിംഗ് കഴിഞ്ഞിട്ട് അച്ഛൻ അമ്മയുടെ കണ്ണീരു തുടക്കുകയോ 'രാജം, എല്ലാം ശരിയാവു'മെന്ന് പറയുകയോ അമ്മയുടെ കവിളിലൊന്നു തടവുകയോ ചെയ്തിരുന്നുവെങ്കിൽ... എന്ന് ഞങ്ങൾ കുട്ടികൾ പോലും ഉൽക്കടമായി കൊതിച്ചിട്ടുണ്ട്. അച്ഛൻ വെറും ഒരു ഡോക്ടർ ആയിരുന്നുവെങ്കിൽ അത് ചെയ്യുമായിരുന്നു. അങ്ങനെ രോഗികളോട് പറയുന്നതും ആശ്വസിപ്പിക്കുന്നതും ഞങ്ങൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. ഇവിടെ അങ്ങനല്ലല്ലോ. ഭാര്യയെ ഇഷ്ടമേയില്ലാത്ത ഭർത്താവല്ലേ അച്ഛൻ... അപ്പോൾ കൂടുതൽ പ്രതീക്ഷകൾ പുലർത്തിയിട്ട് കാര്യമില്ല.

ആയിടയിലായിരുന്നു ഹൈക്കോടതി കേസിൽ വിധി വന്നത്. അമ്മീമ്മയുടെ വീട് അവർക്ക് സ്വന്തമാണെന്ന് കോടതി പ്രഖ്യാപിച്ചു. യജ്ഞോപവീതം ധരിച്ചു നിത്യവും ഗായത്രി ചൊല്ലുന്ന വിദ്യാസമ്പന്നരും ഉന്നതോദ്യോഗസ്ഥരുമായ ബ്രാഹ്മണരുടെ എല്ലാ അധമത്വത്തേയും കോടതി അക്കമിട്ട് വിമർശിച്ചിരുന്നു. സ്വന്തം അച്ഛൻ സമ്പാദിച്ച സ്വത്ത് വേണമെന്ന് പറയുക. എന്നാൽ അതേസമയം അദ്ദേഹം പാപ്പരാണെന്ന് വാദിക്കുക, അച്ഛൻ സമ്പാദിച്ചതെല്ലാം തങ്ങൾ ആൺകുട്ടികളുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നവർക്ക് രണ്ടും മൂന്നും വയസ്സുമൊക്കെയാണ് അച്ഛൻ പണം സമ്പാദിക്കുന്ന ആ കാലത്തെ പ്രായമെന്നും കോടതി കണ്ടെത്തി.

ധനാർത്തി മൂലം എത്ര കളവും പറയാൻ കഴിയുന്ന ഏതു വഞ്ചനയും ചെയ്യാൻ പറ്റുന്ന ഈ ആൺമക്കളെ മനുഷ്യരെന്ന് വിശേഷിപ്പിക്കാൻ പോലും കോടതിക്ക് കഴിയില്ലെന്ന് ആ വിധിന്യായത്തിൽ ഹൈക്കോടതി തുറന്നടിച്ചു.

അപ്പാ സുബ്ബരാമയ്യരുടെ സ്വത്തുക്കൾ അമ്മീമ്മയുടെ വീടൊഴിച്ചുള്ള സ്വത്തുക്കൾ അമ്മ രുഗ്മിണി അമ്മാൾക്കും നാല് ആൺമക്കൾക്കും കേസിൽ പങ്ക് എടുക്കാത്ത ജായ്ക്കാൾക്കും മീനാൾക്കുമായി തുല്യമായി വിഭജിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കേസ് തീർന്നെന്ന ആശ്വാസം വന്നെങ്കിലും സ്വത്ത് വിഭജിക്കപ്പെടുമെന്നൊന്നും ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. പക്ഷേ, തൃക്കൂർ ഗ്രാമത്തിൽ അമ്മീമ്മയ്ക്ക് പല ബ്രാഹ്മണവീടുകളിലും കല്പിച്ചിരുന്ന ഭ്രഷ്ടിൽ നേരിയ കുറവ് വരാൻ ഹൈക്കോടതി വിധി ഒരു കാരണമായി.

തൃക്കൂരിൽ ഒരിക്കലും ഭ്രഷ്ട് പുലർത്താതിരുന്ന ബ്രാഹ്മണരും ഉണ്ടായിരുന്നു കേട്ടോ. ഹൈക്കോടതി വിധി അല്പം കൂടി
ആത്മവിശ്വാസം അവർക്കും നല്കി. അമ്മീമ്മയുടെ സഹോദരനെ അത്ര ഭയപ്പെടേണ്ടെന്ന് പറമ്പിൽ പണിയാൻ വരുന്നവരും മറ്റും തീരുമാനിച്ചു.

പത്ത് ദിവസം ഡ്രസ്സ് ചെയ്തിട്ടും അമ്മയുടെ കൈയിലെ വ്രണം ഉണങ്ങിയില്ല. വീണ്ടും ആ ഡോക്ടറെ കാണാൻ പോയി. അപ്പോൾ അദ്ദേഹം അമ്മയെ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

അസഹ്യമായ വേദനയോടെ ഏകാന്തത്തടവിന് വിധിക്കപ്പെട്ടവളായി അമ്മ. അച്ഛൻ ഇതിനിടയിൽ തൃശൂർ മെൻറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ആവുകയും വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തിരുന്നു.

അച്ഛൻ ആശുപത്രി മുറിയിൽ നിന്ന് ജോലിക്ക് പോകും. രാത്രി യിലേ വരൂ. നഴ്സുമാർ വന്ന് അച്ഛൻറെ ബുദ്ധിമുട്ടിനെപ്പറ്റി അമ്മയോട് പറയും. 'കുറച്ച് വേദനയൊക്കെ സഹിക്കണം. അല്ലാതെ ആയുർവേദചികിത്സ ക്ക് ഒന്നും പോകരുത്. സാറിന് വീട്ടിൽ പോവാൻ പറ്റാതായില്ലേ' എന്നൊക്കെ ചോദിക്കും.

അമ്മ ആശുപത്രിയിൽ കിടന്ന ആ ഒരു മാസവും അച്ഛൻറെ ബന്ധുക്കൾ ആരും തന്നെ അമ്മയെ വന്നു കണ്ടില്ല. അവർക്ക് ഞങ്ങളുടെ അമ്മ ഒരിക്കലും ആരുമായിരുന്നില്ല.

ഡോക്ടർ അതിനിടയിൽ അമ്മയ്ക്ക് ഡയബെറ്റിസാണെന്ന് മനസ്സിലാക്കി. അന്നു തീർന്നതാണ് അമ്മയുടെ ജീവിതത്തിലെ ആഹാരമാധുര്യം. മധുരം വലിയ ഇഷ്ടമായിരുന്നു അമ്മയ്ക്ക്. പക്ഷേ, ഒരു സന്യാസിനിയുടെ കരളുറപ്പോടെ അമ്മ മധുരവും കൊഴുപ്പുമെല്ലാം ജീവിതം മുഴുവൻ വർജ്ജിച്ചു. അതേസമയം ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കും കൂടി എല്ലാത്തരം മധുരവും ഉണ്ടാക്കിത്തരികയും ചെയ്തു.

അച്ഛൻറെ സുഹൃത്ത് ഡോ. വേണുഗോപാൽ ഉണ്ടായിരുന്നു. കണ്ണൂർ നഗരത്തിൽ ജോലി ചെയ്തിരുന്നയാൾ. അദ്ദേഹം അമ്മയെ കാണാൻ വന്നതാണ് ചികിത്സയിലെ പ്രധാന വഴിത്തിരിവായത്. എല്ലാ വിവരങ്ങളും കേട്ടറിഞ്ഞിട്ട് ഇപ്പോൾ ഈ നിമിഷം ടി ബിയുടെ ടെസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം വാശി പിടിച്ചു. ടെസ്റ്റ് റിസൽറ്റ് കിട്ടിയിട്ടേ താൻ പോകൂ എന്നദ്ദേഹം തീർത്തു പറഞ്ഞപ്പോൾ ആ ടെസ്റ്റ് ചെയ്യുകയായിരുന്നു.

അമ്മക്ക് ഗുരുതരമായ ബോൺ ടി ബി ആണെന്ന് റിപ്പോർട്ട് വന്നു.

ഡോ. ഈ . ജെ തോമസ് അമ്മയെ ഉടനടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടു പോവാൻ നിർദ്ദേശിക്കുകയായിരുന്നു ചെയ്തത് . അമ്മയുടെ വലതുകൈ രക്ഷപ്പെടുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായില്ല.

ഞങ്ങൾ കുട്ടികൾ തകർന്നു പോയി. അമ്മീമ്മക്കും അമ്മക്കും അങ്ങനെ തകരാൻ അവകാശമില്ലല്ലോ.

ഞാൻ അമ്മയുടെ ഒപ്പം അയ്യന്തോൾ വീട്ടിൽ പോയി നിന്നു. കൈയില്ലാത്ത ജോലിയില്ലാത്ത അമ്മയെ ഓർത്തോർത്ത് ഭയന്ന് ഭയന്ന് കരയാതെ പിടിച്ചു നിന്നെങ്കിലും അമ്മ തിരുവനന്തപുരത്തേക്ക് പോകുന്നതിൻറെ തലേ ദിവസം എനിക്ക് പനി പിടിച്ചു. ഞാൻ സ്വയം വിശ്വസിക്കാതെ എല്ലാം മാറും എന്ന് അമ്മയോട് സദാ പറഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയാവും എൻറെ വായിൽ നിറയേ പുണ്ണ് വന്നത്.

പിറ്റേന്ന് ഞാനും അമ്മയും അച്ഛനും ഡോ. അബ്ദുള്ളയുടെ ഡ്റൈവറുമൊത്ത് ഡോക്ടറുടെ കറുത്ത അംബാസഡർ കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര യായി. ആ യാത്ര ചുട്ടുപഴുത്ത ഒരു മണലാരണ്യത്തിലൂടെയായിരുന്നു എന്നാണ് എൻറെ ഓർമ്മ. ഞാൻ പച്ചപ്പോ കുളിർക്കാറ്റോ കടലോ കായലോ ഒന്നും അറിഞ്ഞില്ല.

ആദ്യം തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ പോയി ഡോക്ടറുടെ മകൾ ജാസ്മിന് വീട്ടിൽ നിന്നും കൊടുത്തയച്ച സാധനങ്ങൾ കൈമാറി. (കുറച്ച് വർഷങ്ങൾക്കു ശേഷം ജാസ്മിൻ ഗൾഫിലുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. )

പിന്നെ അച്ഛൻറെ സുഹൃത്തായ ഡോ. വി. ബാലകൃഷ്ണൻറെ വീട്ടിൽ എത്തി.അദ്ദേഹം
അച്ഛൻറെ ബാലനായിരുന്നു. അമ്മാവാ , അങ്കിള്‍ എന്നൊന്നും ഞങ്ങള്‍ കുട്ടികൾ ഒരിക്കലും അദ്ദേഹത്തെ വിളിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻററോളജി ഡിപ്പാർട്ട്മെൻറ് എച്ച് ഓ ഡി ആയിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജ് ക്യാമ്പസ്സിലായിരുന്നു നിറഞ്ഞ ഉദ്യാനഭംഗിയുണ്ടായിരുന്ന ആ വലിയ വീട്.

ഞാനും അമ്മയും അച്ഛനും കൂടി ലില്ലിപ്പൂക്കളും ബൊഗയിന്‍ വില്ലകളും നിറഞ്ഞ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ തികഞ്ഞ പ്രസാദാത്മകതയോടെ അച്ഛന്‍റെ ബാലന്‍ പാടി ...

'ചെല്ലപ്പാ .. ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാ..ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാപ്പാ..'

രോഗിണിയും അതീവ ക്ഷീണിതയുമായിരുന്നെങ്കിലും അമ്മ പോലും പൊട്ടിച്ചിരിച്ചു പോയി ആ സ്വാഗതവചനത്തില്‍.
സ്നേഹമധുരമായി സ്വീകരിച്ചു സരളയാന്‍റി.

പിറ്റേന്ന് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപെഡിക് ഡിപ്പാർട്ടുമെൻറിൻറെ എച്ച് ഓ ഡി ആയിരുന്ന ഡോ. വേണുഗോപാലിനെ കാണിച്ച് അമ്മയുടെ വലം കൈ പ്ലാസ്റ്ററിടുവോളം അച്ഛന്‍റെ ബാലന്‍ ഒപ്പമുണ്ടായിരുന്നു. അതുവരെ ബോണ്‍ ടി ബിയുടെ അസഹ്യ വേദനയില്‍ തുടിച്ചിരുന്ന അമ്മ പ്ലാസ്റ്ററിട്ടു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞതായി സ്വയം സമാധാനിച്ചു. കോര്‍ട്ടിസോണ്‍ എന്ന ഇന്‍ജെക്ഷന്‍ അനാവശ്യമായി നല്‍കിയതു കൊണ്ട് അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയില്‍ മാറ്റം വരികയും ഇന്‍സുലിന്‍ ഉല്‍പ്പാദനം തകരാറാവുകയും ചെയ്തിരുന്നു. അങ്ങനെയാണ് അമ്മ ഡയബെററിക് ആയത്. അമ്മയ്ക്ക് വേണ്ട സ്പെഷ്യല്‍ ഡയറ്റ് അച്ഛന്‍റെ ബാലന്‍ തന്നെ എഴുതിത്തയാറാക്കി. പനിയും വായ്പുണ്ണും കൊണ്ട് കരഞ്ഞിരുന്ന എനിക്കും അല്‍പം മരുന്നും ഡയറ്റും അദ്ദേഹം തീരുമാനിച്ചു.

അന്നു വൈകീട്ട് അമ്മയേം കൂട്ടി തണ്ണീര്‍ത്തണ്ണീര്‍ എന്ന മൂവി കാണാന്‍ പോകാമെന്ന് അച്ഛന്‍റെ ബാലന്‍ പരിപാടിയിട്ടു. അമ്മ സന്തോഷവതിയായിരിക്കേണ്ടത് ഈ രോഗം മാറുന്നതിന് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സരളയാന്‍റിയും വിജി എന്ന മോളും ബാലചന്ദ്രന്‍ എന്ന ബാല്‍സി മോനും ഞങ്ങള്‍ എല്ലാവരുമായി അന്ന് ആ മൂവി കണ്ടു. എന്തായാലും അമ്മ അന്നു രാത്രി സുഖമായി ഉറങ്ങി.

ആ വീട്ടില്‍ വെച്ച് അച്ഛന്‍റെ ബാലനാണ് പെട്ടീരിയര്‍ ഡെക്കൊറേഷന്‍ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിത്തന്നത്. ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്നതുകൊണ്ട് ഒത്തിരി പെട്ടികള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും അവയെ അടുക്കിവെച്ച് നല്ല വിരിപ്പും കുഷനും കൊണ്ടലങ്കരിച്ച് സോഫയായും കട്ടിലായും ഒക്കെ രൂപപ്പെടുത്താമെന്നും ഞാന്‍ അന്ന് മനസ്സിലാക്കി.

ബോംബിന്‍റെ ഒരു ലോഹകവചം അലങ്കാരമെന്ന മട്ടില്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. വിവിധ തരം ബോംബുകളെക്കുറിച്ചും അതിന്‍റെ നശീകരണ ശക്തിയെക്കുറിച്ചും ഒക്കെ അച്ഛനുമായി ദീര്‍ഘനേരം വാചകമടിച്ചിട്ട് ഒടുവില്‍ ബോംബിന്‍റെ ആ ലോഹകവചം ഊരുമ്പോള്‍ വലിയ ശബ്ദം ഉണ്ടാവുമെന്നും ഭയപ്പെടരുതെന്നും പ്രത്യേകം പറഞ്ഞിട്ടാണ് അച്ഛന്‍റെ ബാലന്‍ അത് ഊരിക്കാണിച്ചത്. എങ്കിലും ആ ശബ്ദത്തില്‍ വിരണ്ടു പോയ ഞാന്‍ സരളയാന്‍റി ഉണ്ടാക്കി വിളമ്പിത്തന്ന ഐസ്ക്രീം ബൌള്‍ സഹിതം താഴെയിട്ടു പൊട്ടിക്കുകയും ഉറക്കെ കരയുകയും ചെയ്തു.

അച്ഛന്‍റെ ബാലന് വിഷമമായി... അദ്ദേഹം എന്‍റെ കവിളില്‍ തട്ടി ആശ്വസിപ്പിച്ചു.

അമ്മയുടെ കൈ ഓപ്പറേറ്റ് ചെയ്തപ്പോൾ ടി ബി യാണെന്നറിഞ്ഞില്ലേ എന്ന് ഡോ വേണുഗോപാൽ അച്ഛനോട് ചോദിക്കാതിരുന്നില്ല. അച്ഛൻ ആ ചോദ്യം കേട്ടില്ലെന്ന് നടിച്ചു.

അമ്മയ്ക്ക് എല്ലാം ഭേദമാകുമെന്നും അമ്മ വീണ്ടും മിടുക്കിയായി ജോലിക്കു പോകുമെന്നും സരളയാൻറി എന്നെ സമാധാനിപ്പിച്ചിരുന്നു.

അമ്മയുടെ കൈ മൊത്തമായി പ്ളാസ്ററർ ഇട്ട് ഞങ്ങൾ തൃക്കൂർക്ക് മടങ്ങി വന്നു.

No comments: