വെള്ളത്തിന് ക്ഷാമമാണിവിടെ .. ഈ വീട്ടില്‍. ഉത്തരേന്ത്യന്‍ വാസത്തിനു ശേഷം ഇവിടെ വന്നു കൂടുമ്പോള്‍ അങ്ങനെയായിരുന്നില്ല. ഇഷ്ടം പോലെ വെള്ളമുണ്ടായിരുന്നു. പൈപ്പു തുറക്കുമ്പോള്‍ ... ക്ലോറിന്‍ മണമുണ്ടായിരുന്നെങ്കിലും കുറച്ചു സമയം പിടിച്ചു വെച്ചാല്‍ നല്ല വെള്ളമാവുമായിരുന്നു ... മുറ്റത്തെ കൊച്ചു കിണറ്റിലും ധാരാളം വെള്ളമുണ്ടായിരുന്നു.
സോപ്പിനോടും അലിവു പിശുക്കുന്ന, ചെന്നൈ നഗരത്തിലെ കടുത്ത വെള്ളവുമായി
ഇടപെട്ട് ഞാന്‍ ശരിക്കും ബോറടിച്ചിരുന്നു . മൊട്ടത്തലയായിട്ടും കുളിച്ചു കഴിയുമ്പോള്‍ മുടിയുലര്‍ന്നു മുള്ളന്‍ പന്നിയെ കൂട്ട് എണീറ്റു നില്‍ക്കും.
വെള്ളം കഷ്ടിയായ ഒരുപാടു സ്ഥലങ്ങളില്‍ ഞാന്‍
ജീവിച്ചിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ ടാങ്കില്‍ സമൃദ്ധമായി വന്നു വീഴുന്ന വെള്ളം
അവര്‍ ചുമ്മാ ഒഴുക്കിക്കളയുന്നതു കണ്ട് രാത്രിയില്‍ അവരുടെ ടാങ്കിലെ വെള്ളം ഒരു
തുള്ളി പോലുമില്ലാതെ മോഷ്ടിച്ചെടുക്കാനുള്ള പല പദ്ധതികള്‍ ആവിഷ്ക്കരിച്ച്
ഇരുട്ടത്തു തനിയെ കിടന്നു
ചിരിച്ചിട്ടുണ്ട്. വെള്ളം മുഴുവന്‍ മോഷ്ടിച്ചിട്ട് ഞാനിങ്ങനെ ഒന്നുമറിയാത്ത പോലെ ഇരിക്കും. വിലയേറിയ ഓട്ടോമോട്ടീവ്
പെയിന്‍റില്‍ മുങ്ങിത്തിളങ്ങുന്ന ഗേറ്റ് കഴുകാനും മറ്റും അവര്‍, പിറ്റേന്നു
രാവിലെ ഹോസ് പൈപ്പ് ചീറ്റിക്കുമ്പോള്‍ ങേ.. ഹേ ഒന്നുമില്ല.. വെറും ശബ്ദം മാത്രം..
ഒരു ദിവസമെങ്കില്‍ ഒരു ദിവസം.. എന്തു രസമായിരിക്കും
അത്..
ഉല്‍ക്കടമായി ആഗ്രഹിച്ചിട്ടും പല പദ്ധതികളും ആലോചിച്ചിട്ടും
എനിക്ക്
അതിനൊന്നും കഴിഞ്ഞുമില്ല.
സൂര്യന്‍ അമ്പതു ഡിഗ്രിയില്‍ തിളയ്ക്കുന്ന ഒരു
ഉത്തരേന്ത്യന്‍ ചൂടുകാലത്ത് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടാതെ,
അഴുക്കു ചാലിലെ വെള്ളം കുഞ്ഞിക്കൈ
കൊണ്ട് കോരിക്കോരിക്കുടിക്കുന്ന മൂന്നു വയസ്സുകാരിയെ കണ്ട് എന്‍റെ കണ്ണുനീര്‍, ആവിയായിട്ടൂണ്ട്. ആ ചേരിയിലെ
കേടു വന്ന പൈപ്പ്
നേരെയാക്കിക്കൊടുക്കാന്‍ ജലവകുപ്പിനു അടുത്ത ശീതകാലത്തു മാത്രമെ മനസ്സു
വന്നുള്ളൂ. ജലവകുപ്പുദ്യോഗസ്ഥന്‍ തണുത്ത കോള കുടിച്ചുകൊണ്ട് ‘ നിങ്ങളെന്തിനു ഒരു
ഭ്രാന്തിയെപ്പോലെ ആ കേടു വന്ന പൈപ്പിനു പുറകേ
അലയുന്നുവെന്ന് ‘ ചോദിച്ചപ്പോള്‍ എനിക്ക് വരണ്ട ചുണ്ടു
നനയ്ക്കാനുള്ള ഉമിനീരു പോലും
വായില്‍ ബാക്കിയുണ്ടായിരുന്നില്ല.
അയാളുടെ അനുതാപമില്ലായ്മയും ധാര്‍ഷ്ട്യവും
എന്നെ കഠിനമായി വേദനിപ്പിച്ചു . അയാളോട്
നാലു വാക്കു പറയാന്‍ എന്‍റൊപ്പം കൂട്ടു വരാമോ
എന്ന് ഒരു ഇടതുപക്ഷ സാംസ്ക്കാരിക
പ്രവര്‍ത്തകനോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടിയും ഞാന്‍ മറന്നിട്ടില്ല.
‘ ഈ
പഠിപ്പും വിവരവുമില്ലാത്ത വടക്കന്മാര്‍ക്ക് വേണ്ടി ഇങ്ങനെ മേലുകീഴു നോക്കാതെ
പണിതിട്ടൊന്നും ഒരു കാര്യവുമില്ല. അവര്‍ക്ക് മാര്‍ക്സിസമൊന്നും മനസ്സിലാവില്ല. ജാതീം മതവും
മറ്റും പറയുന്ന വല്ല ബി ജെ പിയോ
ആര്‍ എസ് എസ്സൊ മതി അവര്‍ക്ക്.. ‘
അപ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വന്നു.
മാര്‍ക്സും എംഗല്‍സുമൊക്കെ ധനികരായ പഠിപ്പുകാരെ പറ്റി മാത്രമാണോ ഉല്‍ക്കണ്ഠപ്പെട്ടതെന്ന്
ഞാന്‍ ചോദിച്ചില്ല. വീട്ടിലിരിക്കുന്ന വെറും
സ്ത്രീയായ എനിക്ക് എന്തറിയാമെന്ന ന്യായം
കൂടി ഇനി അയാള്‍ എഴുന്നള്ളിച്ചു
കൂടായ്കയില്ലല്ലോ. പൊതുവേ പുറം ലോകം മുഴുവന്‍
സ്വന്തമാക്കിയ പുരുഷന്മാരാണല്ലോ ‘ മൂലധനവും ‘ മാര്‍ക്സിസവുമൊക്കെ അരച്ചു കലക്കിക്കുടിച്ചിട്ടുള്ളവര്‍.
ഭേദപ്പെട്ട ഒരു റസ്റ്റോറണ്ടില്‍ ഒരു നാടോടി പെണ്‍കുട്ടി കടന്നുവന്ന് മേശപ്പുറത്തിരിക്കുന്ന
ജഗിലെ കുടിവെള്ളം അവകാശത്തോടെ എടുത്തു കുടിക്കുന്ന അല്‍ഭുത കാഴ്ച ചെന്നൈ നഗരമാണ് എനിക്കു തന്നത് .
‘ പാപ്പാ, മെതുവേ
മെതുവേ’ എന്ന് അരുമയോടെ വാല്‍സല്യം
കാണിക്കുന്ന ഹോട്ടല്‍ വെയിറ്റര്‍ അവളെ
ആട്ടിയകറ്റുമെന്ന് ഭയന്ന എന്‍റെ നിത്യവിസ്മയമായി..
അടുത്ത ലോകയുദ്ധം വെള്ളത്തിനു
വേണ്ടിയാകുമെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ജാതിമതാടിസ്ഥാനത്തില്‍ കുടിവെള്ളത്തിന്‍റെ
അവകാശം കൊണ്ടു നടക്കുന്ന നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വന്‍ ശക്തികള്‍ വെള്ളത്തിന്‍റെ കുത്തക
ഏറ്റെടുക്കുന്നതില്‍ ശരിക്കും വിഷമിക്കാന്‍ വല്ല അവകാശവുമുണ്ടോ? ഒന്നാലോചിച്ചു നോക്കൂ, യുഗങ്ങളായി ഇന്ത്യയില്‍
കുടിവെള്ളത്തിനു വേണ്ടി അവര്‍ണര്‍ ഒരുപാട്
ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അവരുടെ കണ്ണുകളില്‍ ആസിഡു വീഴാറുണ്ട്, കുടിലുകള്‍
അഗ്നിക്കിരയാകാറുണ്ട്, സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടാറുണ്ട്,
പുരുഷന്മാര്‍ കൊലപ്പെടാറുണ്ട്.. അവര്‍
ചെയ്ത കുറ്റം സവര്‍ണന്‍റെ
കിണറ്റില്‍ നിന്നും കുടിവെള്ളമെടുത്തു എന്നതായിരിക്കും. ഇരുപത്തൊന്നാം
നൂറ്റാണ്ടിലും ഇന്ത്യയില്‍ ഇതെല്ലാം നടക്കുന്നുണ്ട്. പതിമൂന്നു കിലോ മീറ്റര്‍ നടന്നു കുടുംബത്തിനാവശ്യമായ കുടിവെള്ളം കൊണ്ടു വരുന്ന
വീട്ടമ്മമാര്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്....
വെള്ളം
അനാവശ്യമായി ചെലവാക്കരുതെന്ന്
വെള്ളം കിട്ടാത്ത നാട്ടില്‍ പോയി
ജീവിയ്ക്കേണ്ടി വരുമെന്ന് ഒരു വലിയ ബക്കറ്റ്
വെള്ളത്തില്‍ രണ്ട് റിബണ്‍
സോപ്പിട്ട് കഴുകിയെടുത്ത എന്നിലെ
ആറു വയസ്സുകാരിയെ അമ്മീമ്മ താക്കീതു
ചെയ്തിരുന്നു. വെള്ളമെന്ന മഹാ അനുഗ്രഹത്തെപ്പറ്റി അവര്‍ വളരെ ബഹുമാനത്തോടെ മാത്രമേ എപ്പോഴും സംസാരിച്ചിരുന്നുള്ളൂ.
അച്ഛനുമമ്മയും പാര്‍ക്കുന്ന പട്ടണത്തിലെ തെളിനീരു നിറഞ്ഞ കിണറുകള്‍ മണ്ണിട്ട്
തൂര്‍ത്തുകളയുന്നതിലെ അബദ്ധത്തെപ്പറ്റിയും അവര്‍ പറയാറുണ്ടായിരുന്നു. അവര്‍ പറഞ്ഞതൊന്നും അന്ന് അത്ര കേമമായി
തോന്നിയില്ലെങ്കിലും ജീവിതാനുഭവങ്ങള്‍ അവയെല്ലാം ശരിയാണെന്ന് ഇന്ന് എന്നെ
പഠിപ്പിക്കുന്നുണ്ട്.
അമ്മീമ്മയുടെ വീട്ടിലെ വിസ്താരമേറിയ
കിണറ്റില്‍ എപ്പോഴും ധാരാളം
വെള്ളമുണ്ടായിരുന്നു. പാറോം എന്ന നാടന്‍
ഉരക്കടലാസ്സു ചെടിയും വിവിധ തരം പന്നല്‍ച്ചെടികളും ആ കിണറിന്‍റെ വങ്കുകളില്‍
വളര്‍ന്നു നിന്നിരുന്നു. ഈണത്തില്‍
കുറുകുന്ന പ്രാവുകള്‍ ചെടികള്‍ വളര്‍ന്നു മൂടിയ
ആ വങ്കുകളില്‍ സുരക്ഷിതമായി മുട്ടയിട്ടു. വെള്ളം കോരാന്‍ ബക്കറ്റ്
കിണറ്റിലേക്കിറക്കുമ്പോള്‍
പടപടയെന്ന് ചിറകടിച്ച് അവ കൂട്ടത്തോടെ മുകളിലേക്ക് പറന്നുയരുമായിരുന്നു. നീലപ്പട്ടു
സാരിയുടുത്ത പൊന്മകളും ചുവന്ന
തലേക്കെട്ടുമായി ഗൌരവത്തില്‍ വരുന്ന മരംകൊത്തിയും ഉരുക്കുമണി ഉരുക്കുമണി
എന്നു ചിലക്കുന്ന മഞ്ഞവാലനും
ചിലപ്പോഴൊക്കെ കിണറിനടുത്തു നിന്നിരുന്ന പറങ്കിമാവിന്‍കൊമ്പിലിരുന്നു വിശ്രമിച്ചു
പോന്നു. അന്നനട പഠിക്കാന്‍ പോയി നടത്തം മറന്നു
പോയതുകൊണ്ട്, ചാടിച്ചാടി നടക്കുന്ന പോത്താംകീരികള്‍ കിണറിന്‍റെ കല്‍ക്കെട്ടില്‍ ധൈര്യസമേതം
ഇരുന്നു ചിലച്ചു....
രണ്ട്
വര്‍ഷം കൂടുമ്പോള്‍ വിഷുവിനു മുന്‍പായി കിണറു തേകി വൃത്തിയാക്കും . കണ്ട്‍രു
എന്ന് പേരുള്ള ഒരു സ്പെഷ്യല്‍ ജോലിക്കാരനാണ് അതിനായി വരാറുള്ളത്. കോഴിമുട്ട പോലെ മിനുത്ത കഷണ്ടിയും തടവി പ്രത്യക്ഷനാകുന്ന ബലിഷ്ഠകായനായ
ഒരു ആറടിപ്പൊക്കക്കാരനായിരുന്നു കണ്ട്‍രു. ആഴവും പരപ്പുമുള്ള കിണറിന്‍റെ
അഗാധമായ ഇരുളിലേക്ക് കണ്ട്‍രു
അപ്രത്യക്ഷനാകുമ്പോള്‍ അമ്മീമ്മയുടെ മുഖത്ത് വലിയ
ഉല്‍ക്കണ്ഠയും ചുണ്ടുകളില്‍ വിഷ്ണു സഹസ്രനാമജപവുമുണ്ടാകും. ചെളിയും
വൃത്തികേടുകളും കോരിക്കളഞ്ഞ്
ചെടികളെയെല്ലാം വെട്ടി ഒതുക്കി കഴിഞ്ഞാല്‍
‘ മണല് മണലെവിടേന്നും’
എന്ന് കൂവിക്കൊണ്ട് കണ്ട്‍രു ബഹളം വെയ്ക്കുമായിരുന്നു. അരിച്ചു വൃത്തിയാക്കി വെച്ചിരിക്കുന്ന നല്ല മണല്‍ കിണറിന്‍റെ
അടിത്തട്ടില്‍ വിരിച്ചിട്ടാണ്
കണ്ട്‍രു തൂക്കിയിട്ടിരിക്കുന്ന വടത്തില്‍ പിടിച്ച് കയറി വരിക. വൈകുന്നേരമാവുമ്പോഴേക്കും കിണറ്റില്‍
കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം നിറയുമായിരുന്നു.
കണ്ട്‍രുവിനു
പണത്തിനു പുറമേ മുണ്ട്, എണ്ണ, സോപ്പ് , തോര്‍ത്ത്
ഇതൊക്കെ അമ്മീമ്മ കൊടുക്കും. ‘ എരൂം പുളീം മണോമൊന്നും’
ഇല്ലാതെ അമ്മീമ്മ തയാറാക്കുന്ന ഊണു കഴിക്കുമ്പോള്‍ കിണറ്റില്‍ മീനിനെ ഇടണമെന്ന് കണ്ട്‍രു നിര്‍ദ്ദേശിക്കുമെങ്കിലും അതെപ്പോഴും അമ്മിമ്മയുടെ
എതിര്‍പ്പില്‍ തട്ടി തകര്‍ന്നു പോകാറാണ്
പതിവ്. കിണറ്റില്‍ മീനിനെ ഇട്ടാല്‍ വെള്ളം വൃത്തിയായിരിക്കുമെന്ന് കണ്ട്‍രുവും
മീന്‍ കിടക്കുന്ന കിണറ്റു വെള്ളത്തിനു മീനിന്‍റെ
മണമുണ്ടാകുമെന്ന് അമ്മീമ്മയും ഉറച്ചു വിശ്വസിച്ചു.
കുംഭത്തിലും മീനത്തിലും ഇടവത്തിലുമായി അനവധി പേര്‍
ആ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ട് പോയിരുന്നു. അമ്മീമ്മയ്ക്ക് ജാതീയമായ കുടില ചിന്തകള്‍ ഇല്ലാതിരുന്നതുകൊണ്ട് കിണറു തൊട്ട് അയിത്തമാകുന്ന കുഴപ്പം അവിടെ ഉണ്ടായിരുന്നില്ല. ചില കൌമാരപ്രണയങ്ങള്‍ ആ കിണറ്റിന്‍ കരയില്‍ തളിരിടുന്നത്
എന്നില്‍ വലിയ കൌതുകമുണ്ടാക്കിയിട്ടുണ്ട്.
അവരറിയാതെ അവരെ ശ്രദ്ധിക്കുന്നത് ചിലപ്പോഴൊക്കെ
എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.
അമ്മയും അച്ഛനും താമസിച്ചിരുന്ന പട്ടണത്തിലെ വീട്ടിലും ഒരു കിണറുണ്ടാക്കിയിരുന്നു. അതില്‍ പക്ഷെ,
കുംഭമാസമായാല്‍ തന്നെ വെള്ളം
വറ്റിപ്പോകുമായിരുന്നു. കിണറിന്‍റെ
തുറപ്പ് മുള്ളുവേലിയും മറ്റും
വെച്ച് വളരെ ഘനത്തില്‍ മൂടി ഭയങ്കര ശബ്ദത്തില്‍ പാറപൊട്ടിച്ചെടുക്കുന്നത് ഞാന്‍
ആദ്യമായി കണ്ടത് ആ വീട്ടില്‍ വെച്ചാണ്. അടിയില്‍ നിന്നുയര്‍ന്നു വരുന്ന പാറക്കഷ്ണങ്ങള്‍
ഘനത്തില്‍ തീര്‍ത്ത മുള്ളുവേലി മറയില്‍
തട്ടി താഴേക്കു തന്നെ പതിച്ചിരുന്നു. പാറക്കഷണങ്ങളെ പിന്നീട് എടുത്തു
മാറ്റുകയായിരുന്നു ചെയ്തിരുന്നത്.
‘ഈ കിണറ്റില്‍ ഇനി വെള്ളം
വരില്ല... പാറപൊട്ടിച്ചിട്ട് ഒരു
കാര്യവുമില്ല,
എന്നാലും നാളേയും കൂടി ഒന്നു ശ്രമിച്ചു നോക്കാം’ എന്ന്
നിരാശപ്പെട്ട് പാറ
പൊട്ടിക്കുന്നവര്‍ കടന്നു പോയ
വൈകുന്നേരമായിരുന്നു. എത്ര രൂപയാണ് വെറുതേ
പോയതെന്നും ഇനി വെള്ളത്തിനു എന്തുചെയ്യുമെന്നും മറ്റും അമ്മ പതം പറഞ്ഞു സങ്കടപ്പെടുന്ന ആ നേരത്ത് കിണറിന്‍റെ
പരിസരത്തിലുണ്ടായിരുന്ന പൂമ്പാറ്റകളേയും ശ്രദ്ധിച്ച് ലേശം വിഷണ്ണരായി നില്‍ക്കുമ്പോഴാണ് ഞാനും
അനിയത്തിമാരും ആ ശബ്ദം കേട്ടത്..
ഒരു ഇരമ്പലിന്‍റെ ശബ്ദം..
തിങ്ങി ഞെരുങ്ങി അടഞ്ഞ എന്തോ ഒന്ന് ശക്തിയായി തെറിച്ചുതെറിച്ചു
പുറത്തേക്കു വരുന്നതു പോലെ..
കുട്ടികളായ ഞങ്ങള്‍ ഭയന്നു... നിലവിളിയ്ക്കാന്‍ വായ് തുറന്നു. പക്ഷെ, എന്തോ ഒന്ന് പൊടുന്നനെ ഞങ്ങളെ നിശ്ശബ്ദരാക്കി .
ഭയാനകമായ ആ ഇരമ്പം .. പെട്ടെന്നു തന്നെ കള കള
എന്ന ശബ്ദമായി മാറുകയായിരുന്നു. കുതിച്ചൊഴുകുന്ന വെള്ളത്തിന്‍റെയായിരുന്നു ആ ശബ്ദം..
നോക്കി നില്‍ക്കേ കിണറ്റില്‍
വെള്ളം ഉയര്‍ന്നു വന്നു..
നല്ല തെളിഞ്ഞ വെള്ളം.
പാറയുള്ള കിണറ്റില്‍ നല്ല തെളിനീരുണ്ടാവുമത്രേ!
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം രാജസ്ഥാനിലെ ജയ്‍സാല്‍മീറില്‍
വെച്ച് കേരളത്തിലെ മഴയെപ്പറ്റിയും കിണറുകളെപ്പറ്റിയും വെന്തു മലരുന്ന ചോറിനെപ്പറ്റിയുമൊക്കെ പറയുകയായിരുന്നു ഞാന്‍.. വെറുതേ.. മണല്‍പ്പാളികളുടെ കണ്ണെത്താത്ത അടരുകളില്‍ നിലാവിന്‍റെ
വെണ്മ ചിതറിത്തൂവിയ ഒരു ശീതകാല രാത്രിയായിരുന്നു
അത്. എന്‍റെ ഒപ്പം സുമനുണ്ടായിരുന്നു. അവളുടെ മൂക്കുത്തിയും നെറ്റിയിലെ ചൂഡയും മരുഭൂമിയിലെ മഞ്ഞുകണങ്ങളുടേയും നിലാവിന്‍റേയും കണ്ണുപൊത്തിക്കളിയില്‍ രത്നം പോലെ മിന്നിത്തിളങ്ങി. വായ് നിറയെ റൊട്ടിയുമായി എന്നെ കേട്ടുകൊണ്ടിരുന്ന
അവള്‍ക്ക് എന്‍റെ മഴമോഹമോ കിണറു വിചാരമോ ചോറിന്‍റെ സുഗന്ധമോ
ഒന്നും അത്ര പ്രധാനമായി തോന്നിയില്ല. അവള്‍ മഴയും വെള്ളവും
തീരെ കുറഞ്ഞ നാട്ടില്‍ ജനിച്ചു വളര്‍ന്നവളാണ്. പൊരിവെയിലത്ത് പണിയെടുക്കുന്ന
കെട്ടിടനിര്‍മ്മാണത്തൊഴിലാളിയാണ്. എല്ലാം കേട്ടിരുന്നിട്ട് ഒടുവില്‍ ചോറുണ്ണുന്നത് അത്ര നല്ല കാര്യമല്ലെന്ന് അവള്‍ മുഖം ചുളിച്ചു .
‘ തടി വെയ്ക്കുമെന്ന് പറയുകയാണോ, സുമന്‍’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതിതാണ്.
‘ അല്ല, ഗോതമ്പു വിളയിക്കാന്‍ ആവശ്യമുള്ളതിലും അഞ്ചോ ആറോ ഇരട്ടി വെള്ളം വേണം നെല്ലു വിളയിക്കാന്‍..
വെള്ളത്തിനു ഇത്ര ക്ഷാമമുള്ള നമ്മുടെ നാട്ടില്‍
ചോറ് കുറ്റകരമായ ഒരു ആഡംബരമാണ്. ‘
24 comments:
Vellam. ..athinu vendi thanneyakanam Ini loka mahayudham
നിങ്ങള്‍ ഒരു വികസന വിരോധി ആണ്..
അല്ലെങ്കി ഈ വെള്ളം മൂടാതെ , മരം വെട്ടാതെ , പാറമട ഇല്ലാതെ എങ്ങനെ വികസനം വരും ??
ഹല്ലാ പിന്നെ ..!
Somewhere between Jaisalmer and Bikaner, in a street shack in the desert road , I saw the man cleaning the vessels with just sand. For some reason I didnt hesitate at all to eat in that plate.
I also remember, during summer months, when a bus stops in a village stop, some villager would bring a jug of water to the bus without anyone asking for it. All a free service. Interestingly they didnt seem to worry about the caste in those moments.
They value water more than anything.
ഇന്നത്തെ തലമുറയ്ക്കു നഷ്ടപെടുന്ന മധുരമാണ് തെളിനീർ.
മഴുയുടെ വെള്ളത്തിന്റെയും ആഡംബരം നമ്മള്‍ക്ക് മനസ്സിലാകണമെങ്കില്‍ ഇന്ത്യയിലെ അറബിക്കടല്‍ തീരമില്ലാത്ത സംസ്ഥാനങ്ങളില്‍ പോയി താമസിക്കണം. ഒരു കൊച്ചു തോട് കാണുമ്പോള്‍ പോലും ഹായ് ഇത്തനീ പാനീ...എന്ന് ആര്‍ത്തു പറയുന്ന ന്ന രാജസ്ഥാന്‍കാരി അപേക്ഷയെ ഓര്‍ക്കുന്നു.
നല്ല ലേഖനം നന്നായിത്തന്നെ പറഞ്ഞു.
Water, water everywhere......
Good article.
അപ്പുറത്തെ വീട്ടിലെ ടാങ്കില്‍ സമൃദ്ധമായി വന്നു വീഴുന്ന വെള്ളം അവര്‍ ചുമ്മാ ഒഴുക്കിക്കളയുന്നതു കണ്ട് രാത്രിയില്‍ അവരുടെ ടാങ്കിലെ വെള്ളം ഒരു തുള്ളി പോലുമില്ലാതെ മോഷ്ടിച്ചെടുക്കാനുള്ള പല പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഇരുട്ടത്തു തനിയെ കിടന്നു ചിരിച്ചിട്ടുണ്ട്.
ഇത്തരം ഒരു കിണര്‍ എന്റെ വീട്ടിലും ഉണ്ടായിരുന്നു. പിന്നീടത് പൊട്ടക്കിണര്‍ ആയി. പകരം പുതിയ കിണറുകള്‍ നല്ല കുട്ടപ്പനാക്കി തേച്ചു മിനുക്കി ഉണ്ടാക്കി. നമ്മുടെ നാട്ടിലെ വൈപ്പിനിലെ വെള്ളത്തിന്റെ പ്രയാസങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പാതിരാത്രിയില്‍ കുടവുമായി പോകുന്നവര്‍ നേരം വെളുത്തെ വെള്ളവുമായി എത്തു.
മധുരമുള്ള വെള്ളം നാവിന്‍ തുമ്പത്ത്....!
ഇപ്പോക്ക് പോയാല്‍ കേരളീയര്‍ പലരും വെള്ളമില്ലാത്ത ദേശക്കാരെപ്പോലെ ജീവിതം നയിക്കാന്‍ തുടങ്ങുന്ന കാലം അതിവിദൂരത്തല്ല എന്ന് തോന്നുന്നു. അങ്ങനെയാണ് നാട്ടില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍
ഈ ലേഖനം വായിച്ചപ്പോള്‍ ആദ്യമായി ഓര്‍മ്മ വന്നത് സാക്ഷാല്‍ ശ്രീ. സി.വി.രാമന്‍ എഴുതിയ "Water- the precious of life" എന്ന ലേഖനം ആണ്. ഒരേ ആശയത്തെ ഒരു സാമ്യവും ഇല്ലാതെ രണ്ടുപേരും പറയുന്നു. ബീഭത്സമായ സത്യം!!! (ആശയത്തിനായ് ഒരു വായന, പിന്നെ വരികളുടെ ചന്തം ആസ്വദിച്ച് ഒരു മറുവായന).
ഉള്ളവന് ഇല്ലാതാകുമ്പോഴാണ് ഉണ്ടായിരുന്നതിന്‍റെ വിലയറിയൂ!
നന്നായി എഴുതി
ആശംസകള്‍
Heart touchimg article...
‘ അല്ല, ഗോതമ്പു വിളയിക്കാന്‍ ആവശ്യമുള്ളതിലും അഞ്ചോ ആറോ ഇരട്ടി വെള്ളം വേണം നെല്ലു വിളയിക്കാന്‍.. വെള്ളത്തിനു ഇത്ര ക്ഷാമമുള്ള നമ്മുടെ നാട്ടില്‍ ചോറ് കുറ്റകരമായ ഒരു ആഡംബരമാണ്. ‘
ഈ അറിവു പോലും നമ്മൾക്കില്ലാതെ പോയതാ നമ്മൾ ചെയ്ത തെറ്റ്....!
അജിത്‌ഭായ് പറഞ്ഞത് ശരിയാണ്... പല കിണറുകളും വറ്റിത്തുടങ്ങിയിരിക്കുന്നു... ഉള്ള വെള്ളം തന്നെ പാട കെട്ടിത്തുടങ്ങിയിരിക്കുന്നു... കുളങ്ങളും കിണറുകളും മൂടിയാലല്ലേ വികസനം വരൂ... ഓർക്കുമ്പോൾ ഭയമാകുന്നു...
നല്ല ലേഖനം...
കേരളത്തിലും കുടിവെള്ളം കിട്ടാത്ത അവസ്ഥ വിദൂരമല്ലാ......നല്ല ലേഖനം....
എച്മുവിന്‍റെ "പല വിചാരങ്ങള്‍ " നന്നായിട്ടുണ്ട്. ജാതി ഇപ്പൊഴും എത്ര ശക്തമാണ്. പ്രശസ്ഥമായ ഒരു IITയില്‍ അദ്ധ്യാപകര്‍ "താണ ജാതിക്കാരായ " കുട്ടികളോട് പെരുമാറുന്ന രീതിയെപ്പറ്റി സുഹൃത്തിന്‍റെ മകള്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടിപ്പോയി. വിദ്യാഭ്യാസം കൊണ്ടൊന്നും ഒരു ഗുണവുമില്ല.
സുഭിക്ഷമായി വെള്ളം കിട്ടുന്ന നമ്മൾ എന്തു ഭാഗ്യവാന്മാരാണല്ലേ.
നല്ല ലേഖനം
ഇവിടെ തെങ്ങ് ഉണ്ടായിരുന്നു ,തേങ്ങ ഉണ്ടായിരുന്നു ,നദികള്‍ ഉണ്ടായിരുന്നു ,മഴ ഉണ്ടായിരുന്നു ,കാടു ഉണ്ടായിരുന്നു ,വെള്ളം ഉണ്ടായിരുന്നു .എല്ലാം ഉണ്ടായിരുന്നുവെന്നു പറയുന്ന കാലമണിത്.ഉണ്ടെന്നു പറയാന്‍ പലതും എവിടേം ഇല്ല്യാ
‘ ഈ പഠിപ്പും വിവരവുമില്ലാത്ത വടക്കന്മാര്‍ക്ക് വേണ്ടി ഇങ്ങനെ മേലുകീഴു നോക്കാതെ പണിതിട്ടൊന്നും ഒരു കാര്യവുമില്ല. അവര്‍ക്ക് മാര്‍ക്സിസമൊന്നും മനസ്സിലാവില്ല. ജാതീം മതവും മറ്റും പറയുന്ന വല്ല ബി ജെ പിയോ ആര്‍ എസ് എസ്സൊ മതി അവര്‍ക്ക്.. ‘
ഇതാണിതിലെ സുലാൻ...
തീരാത്ത ആശങ്കകൾ തന്നെയാണ് ഇല്ലാത്തതും ഉള്ളതുമായ വെള്ളം തരുന്നത്. നമ്മുടേത് മറ്റു പലതിലുമുള്ളതു പോലെ അഹങ്കാരമാണ്. പശ്ചിമഘട്ടത്തെ മന:പൂർവ്വം മറന്ന് വികസനത്തിനു വാ പൊളിക്കുന്നവരുടെ നാടാണ് ഇത്. തെളിനീർ തിരുമധുരം പലതും ഓർമ്മിപ്പിക്കുന്നു
ഒരു അഞ്ചാറു വർഷം കഴിയട്ടെ. പശ്ചിമ ഘട്ടം വെട്ടി നിരപ്പാക്കുന്നതോടു കൂടി ജയ്സാൽമറിലെ സുമനെ പോലെ നമ്മളും ബുദ്ധിമാൻമാർ ആകും
തെളിനീർ തിരുമധുരം !
വെള്ളമില്ലാത്ത ഒരു കാലം വരും ...ദൈവമേ നമ്മുടെ കൊച്ചുമ ക്കളൊക്കെ ...പാവം....
Post a Comment