Thursday, January 9, 2020

ചൊക്ളി 3

                                                 
        


( മൂന്ന് )

ആരുമില്ലാത്ത ഏവരേയും പോലെ ചൊക്ലീടെ ജീവിതവും മറ്റുള്ളവരുടെ ഔദാര്യമാരുന്നു..എപ്പോഴും. ഏറ്റെടുത്തു , ജീവിതം കൊടുത്തു , ചോറും ചായേം എണ്ണേം സോപ്പും കൈയില് വെച്ചുകൊടുത്തു... ഈ കണക്ക് എല്ലാരും പറയും. ചൊക്ളി എന്തൊക്കെ ആര്ക്കൊക്കെ ചെയ്തു കൊടുത്തൂന്ന് ആർക്കും ഒരുകാലത്തും തീരേ ഓർമ്മ വരേമില്ല..

പത്തുവയസ്സിൽ കൂടില്ല ചൊക്ളിക്ക്. എന്നാലും പിടിപ്പതു പണീണ്ടായിരുന്നു എന്നും.

അറബ് രക്തള്ള മൊയ്തീൻറെ വീട്ടില് തൊഴുത്ത് കഴുകാൻ സഹായിക്കലല്ല, കഴുകല് തന്നെയാണ് പണി. മറിയം ബിയല്ല, മൊയ്തീനാണ് പണി ചെയ്യിക്കണത്. പിന്നെ മുറ്റടിക്കണം. വീടിന്റെ നാലു വശോം ശൊങ്കനായിട്ട് അടിക്കണം. പക്ഷേ, മറിയംബി നല്ല ഒന്നാം ക്ളാസ്സ് ചായ കൊടുക്കും. വെട്ടിയാ മുറിയാത്ത ഉശിരൻ ചായ. നല്ലോണം പാലും ഒരച്ച് ശർക്കരയും ചേർത്ത് ഒരു കുടുവൻ കോപ്പ നികക്കെ. പിന്നെ വലിയ കുറ്റി പുട്ടും കൊടുക്കും. അല്ലെങ്കിൽ പിഞ്ഞാണം നിറയേ കപ്പ പുഴുങ്ങീത്. മറിയംബി ഒരു കള്ളത്തരോം ആഹാരത്തില് കാണിച്ചില്ല. സ്വന്തം മക്കൾക്ക് കൊടുക്കണ പോലെ ചൊക്ളിക്കും കൊടുത്തു.

ദേവുഅമ്മേടെ ചായക്കടേല് ചൊക്ളിക്ക് ഏതു നേരോം പണിണ്ടാരുന്നു. കടപ്പണ്ടം കൊണ്ടുവരല് മാത്രല്ല, അത് മുക്കാലും ഉണ്ടാക്കണതും ചൊക്ലീടെ പണി തന്നെയാ. ദോശക്കും ഇഡ്ഡലിക്കും വടക്കും അരക്കല്, ഇഞ്ചീം പച്ചമുളകും കറിവേപ്പിലയും ഉള്ളീം കുരുമുളകും ഒരുക്കല്, ചമ്മന്തിക്ക് തേങ്ങ ചിരകല്, കപ്പേടെ തൊലികളയല്, മൺകൊടത്തില് വെള്ളം കൊണ്ടരല്... ചൊക്ളിക്ക് പണി തന്നെ പണി.

ചൊക്ലീടെ വെശപ്പ് മാറണവരെ പലഹാരോം കഞ്ഞീം കപ്പേം കറീമൊക്കെ ദേവുഅമ്മ കൊടുക്കും. 'എന്നാലും എന്ത് തീറ്റയാടാ നിൻറെ... വയറ്റില് വല്ല കൊക്കപ്പുഴൂം ഉണ്ടോടാ' എന്ന് എപ്പോഴും പറയും ചെയ്യും.

ചൊക്ളി മിണ്ടില്ല. അവന് അധികം വാക്കൊന്നും അറിയില്ല.. ആരും എന്തേലും പറഞ്ഞു പഠിപ്പിച്ച തായിട്ട് ഓർമ്മല്യ. ത് ന്നണം, തൂറണം, മുള്ളണം, ഒറങ്ങണം, വാണം, വാണ്ട ഇതിലും കൂടുതലായിട്ട് തല ആട്ടും, കൈ ആട്ടും, ഉം..ഉംഉം..എന്ന് മൂളും.. കഴിഞ്ഞു .. ചൊക്ലീടെ മിണ്ടല്.. ങാ പിന്നെ, വയറ് നെറഞ്ഞാ അപ്പോ ഹ്ഹി...ഹ്ഹീ ന്ന് ചിരിക്കും.

അടുപ്പീന്ന് കരിക്കട്ട എടുത്ത് പല്ല് തേച്ച് വായ കഴുകാൻ പഠിപ്പിച്ചത് മറിയംബിയാണ്. പറ്റണ ദിവസൊക്കെ ചൊക്ളി അങ്ങനെ ചെയ്യാറ് ണ്ട്. മുള്ളിയാലും തൂറിയാലും കഴുകണന്ന് മൊയ്തീൻ കർശനായിട്ട് പഠിപ്പിച്ചു. അതൊക്കെ എന്ത് നാന്ന് ചൊക്ളിക്ക് അറീല്ല. എന്നാലും ചെയ്യും. എന്നും രാത്രി ചൊക്ളി കുളിച്ചാലേ മൊയ്തീന് ഒറക്കം വരൂ. അവൻ അതും ചെയ്യും.. കിണറ്റീന്ന് നാലു പാള വെള്ളം കോരി തലേല് കമത്തും.നല്ലോണം ഉര്ണ്ട ഒരു മിൻസ കരിങ്കല്ലോണ്ട് മേല് തേക്കും.

ഗോപാലേട്ടൻ ഇടക്കിടക്ക് വിളിക്കും..'ഈ കൈതച്ചക്ക വാരിയത്ത് കൊടക്ക്, ഈ കൊണ്ടാട്ടം മൊളക് ആലൂര് മഠത്തിലെത്തിക്ക്..' അപ്പോ ചൊക്ളി ദേവു അമ്മേടെവിടത്തെ പണി നിറുത്തി പോകും. ദേവു അമ്മക്ക് പിന്നെപ്പിന്നെ വെറഞ്ഞ് കേറലായി...ദേഷ്യായി..തുള്ളലായി.

അങ്ങാടീല് വല്യ വഴക്കായി അന്ന്. 'ചൊക്ളി ചെക്കൻ എൻറോട് ന്നാ അധികം തിന്നണ്.. ൻറെ പണി കഴിയാണ്ട് ഗോപാലേട്ടൻ വിളിക്കര് ത് ന്ന് 'ദേവു അമ്മ വെളിച്ചപ്പാട് തുള്ളി.

ഗോപാലേട്ടൻ വിടുമോ? 'ഞാനാണ് കെടക്കാനുള്ള വക കൊടുത്തേ, ഒരു മാസത്തേക്ക് ഞാനാണ് ഒരുറുപ്പിയ കൊടുക്കണേ.. എന്നെ കഴിഞ്ഞിട്ടേ ഉള്ളൂ അവകാശം. ദേവുഅമ്മ വളിച്ചതും പുളിച്ചതും കൊടുക്കണ പോല്യല്ല..ഒറ്റ ഉറുപ്പികയാ അത് '

ഗോപാലേട്ടൻ പൈസ കൊട്ത്തിട്ടില്ല ഇതുവരെ.. തരാന്ന് ചൊക്ലീടടുത്ത് പറയണേ ഉള്ളൂ. ഗോപാലേട്ടന് ഇത്തിരി ഈറ ണ്ട്. വേറെ ഒരു കൊഴപ്പോം ല്യാ.കാശൊക്കെ കിറു കിറുത്യായിട്ട് തരുന്ന് മൊയ്തീൻ ചൊക്ളിയെ സമാധാനിപ്പിച്ച്ണ്ട്.

അങ്ങാടീല് ബഹളം മൂത്തു.

ഒടുവിൽ ഗോപാലേട്ടൻ അലറി.. 'അധികം തുള്ള്യാല് ണ്ടല്ലോ ചൊക്ളി തെണ്ടിത്തിരിഞ്ഞു വന്ന പറേനോ ഉള്ളാടനോ ഒക്ക്യാന്ന് ഞാൻ എല്ലാരോടും പറേം. പിന്നാരും നിങ്ങടെ ചായക്കടേന്ന് ഒരു തുള്ളി വെള്ളം എറക്ക് ല്യ.. '

പടഭദ്രകാളിയായ ദേവുഅമ്മ ഒന്നു നീലിച്ചു പോയി. ചൊക്ലീടെ കാല് കുരുത്തം നന്നായതാണോ, ദൈവം കണ്ണ് തൊറന്നതാണോ ആവോ ഇപ്പോ കടേല് ഇത്തിരീശ്ശെ ആള് കേറണുണ്ട്. ഈ ജാതി പറഞ്ഞുള്ള പോരായാല് കഞ്ഞി മുട്ടീത് തന്നെ.

അന്തോണി മാപ്ള അന്നേരം കൊക്കികൊക്കി ചിരിച്ചു. ന്നട്ടാണ് ഇങ്ങനെ പറഞ്ഞേ.. 'സാരല്ല.. ഗോപാലേട്ടാ.. ഇപ്പോള് ജാതീം മതോം ഒന്നും പഴേ പോലെ ല്ല്യാ. ഇഞ്ഞീപ്പ ഐ
ത്തായാ ഞങ്ങള് മാപ്ളാര് ഒന്നു തൊട്ടാ മതി.. ഒക്കെ ചുത്താവുന്നേ.. മാപ്ളക്ക്
ഐത്തല്യാ..'

ഗോപാലേട്ടന് ഈറ പിടിച്ചു.. പന്നീനേം പശൂനേം വെട്ടിവിഴുങ്ങണ മാപ്ളക്കാണ്
ഐത്തല്യാത്തത്.

'ഐത്തോന്നും മാറ്റാമ്പറ്റ് ല്യാൻറേ മാപ്ളേ.. ഇന്തുക്കൾടെ പുസ്തത്തില് ഒക്കെ ശ്ശെരിക്ക് എഴുതീണ്ട്.. ഐത്തം മാറ്റണു.. ചൊക്ളി മേത്തൻറൊപ്പല്ലേ കഴീണ്.. ഒരു മേത്തനാച്ചാ മാപ്ള തൊട്ടാ ഐത്തം പോവ്വോ.. പോവ്വോന്ന്..'

അന്തോണി മാപ്ള ഒരാട്ടു കൊടുത്തേനേ.. അപ്പോളേക്കും ഒണക്ക മീനും കല്ലുപ്പും വാങ്ങാനൊരു കുശത്തി വന്നു.. പിന്നേം ഒന്നു രണ്ടാളു വന്നു.

ഗോപാലേട്ടൻ ആരോടും ഒന്നും പറഞ്ഞില്ല. വെറ് തേ ഒന്ന് പേടിപ്പിച്ചതാണ് എല്ലാരേം... താക്കോല് കൈയ്യിലാന്ന് ഓർമ്മ വെച്ചോട്ടെ.. ചൊക്ലീനെക്കൊണ്ട് പണിയെടുപ്പിക്കണത് വേണെങ്കി ഗോപാലേട്ടന് നിർത്തിക്കാൻ പറ്റുന്ന് ഓർമ്മേണ്ടാവണത് നല്ലതാന്ന്... ല്ലേ..

ചൊക്ലീടെ മനസ്സില് എന്താണ്ടേയേന്ന് ആര്ക്കും അറീല്ല.. അറിയൊട്ടു വേണ്ടേനീം.. അവൻ പണീട്ത്താ മതി. കാര്യന്വേഷണോന്നും വേണ്ട.

ദേവുഅമ്മ ഗോപാലേട്ടനോട് തൊള്ളയിടല് അന്നത്തോടെ നിർത്തി. അയ്യാള് ശരിയല്ലാന്ന് പറ്റണോരോട് ഒക്കെ പറഞ്ഞു. പെണ്ണൊര്ത്തി ഗോപാലേട്ടൻ ശരിയല്ലാന്ന് പറഞ്ഞാ കേക്കണോര് എന്താ വിചാരിക്കാന്നറീല്ലേ.. അങ്ങനെ ഒരു ചീത്തപ്പേരിൻറെ മണം ഗോപാലേട്ടനെ ചുറ്റിനടന്നു.

ആ സമയത്താണ് ഒരു ജാതി ഗോസായി പറച്ചിലും ആയിട്ട് അഞ്ചാറു കുടുമ്മങ്ങള് മറിയപ്പാറ കേറി വന്നത്. എന്ത് തേങ്ങ്യാ പറേന്നത് ന്ന് ഒറ്റ ഒരാള്ക്കും തിരിഞ്ഞില്ല. വല്ല ലോറീലും കേറി വന്നോ നടന്ന് വന്നോ ആരക്കും നിശ്ചയല്യാ..

നല്ല മഴേത്ത് ഒരു കീറക്കൊടേം പിടിച്ച് കുശത്തി കൊടുത്ത മൺകലത്തിൽ, കത്താത്ത ചുള്ളിക്കൊമ്പൂതി അരി വെക്കണ പെണ്ണൊരുത്തീനെ കണ്ട് തൃസ്സ്യക്കുട്ടിക്കാ പാവം തോന്നീത്. ഒരു പിടി അരി വെച്ച് കൊറേ വെള്ളോം കൂട്ടിക്കലക്കി അഞ്ചാറു മക്കളും ആ പെണ്ണൊരുത്തീം അവളടെ ആമ്പെറോനും കൂടിയങ്ങട്ട് കുടിക്കുന്ന്..
എന്താ ആവാ അതോണ്ട്..

അന്തോണി മാപ്ളക്ക് തൃസ്സ്യക്കുട്ടി പറഞ്ഞാ തട്ടിക്കളയാൻ പറ്റ്ല്യാ. അതോണ്ട് ഇച്ചിരി മൊഖം കേറ്റിപ്പിടിച്ചിട്ടായാലും കൊറച്ച് അരീം കൊറച്ച് കല്ലുപ്പും അവളക്ക് കൊടത്തു. ഏതാ വർഗന്നാരക്കും തിരിഞ്ഞില്ല. ഇന്തുവാ, മാപ്ളയാ, മേത്തനാ എന്ത് പണ്ടാരാണാവോ.. അവറ്റ പറേണ വാക്കൊന്നും ആരും കേട്ടിട്ടൂടീല്യാ.

ആ മഴക്കാലത്ത് തന്ന്യാണ് മറിയപ്പാറേടെ മുകളിലെ പരപ്പിൽ സന്യാസിയോൾടെ കാവി നിറത്തിൽ ഒരു കൊടീം വെച്ച് ചെലര് വന്ന് ചർച്ചയൊക്കെ ചെയ്തത്. എല്ലാരും ഇന്തുക്കളാരുന്നൂത്രേ.

ഗോപാലേട്ടൻ പോയില്ല. വാര്യത്തൂന്നും മഠത്തീന്നും ഇല്ലത്തീന്നും ആരാണ്ടൊക്കേയോ പോയിരുന്നു. അങ്ങനാണ് മറിയപ്പാറ അങ്ങാടീല് എല്ലാര്ക്കും വിവരം മനസ്സിലായത്.

ആ ദാരിദ്രവാസി മനുഷേര്, തിരിയാത്ത ഭാഷ പറേണ മനുഷേര് ബങ്കാളനാട്ടീന്ന് വന്നതാന്നും ഇന്ദ്രാഗാന്ധി റേഡിക്കോയില് കേക്കണ പോലേം കടലാസില് കാണണ പോലേം ഒന്ന്വല്ലാന്നും.

ഭയ്ങ്കരിയാന്ന്...ഇന്തുക്കളേലും ഇഷ്ടാത്രേ മേത്തമ്മാരേ.. മേത്തമ്മാര്ക്ക് ഒക്കെ അധികം കൊടുക്കുള്ളൂന്ന്..അതിനാന്ന് ഇപ്പോ യുദ്ധോക്കെ ഉണ്ടാക്കീത്..

'ജുദ്ധണ്ടാക്കണ പെണ്ണ് ഒരു ഭയ്ങ്കരി തന്ന്യാ.. സംശല്യ.. ' ദേവുഅമ്മ
ഉറപ്പിച്ചു..

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആരുമില്ലാത്ത ഏവരേയും പോലെ ചൊക്ലീടെ ജീവിതവും മറ്റുള്ളവരുടെ ഔദാര്യമാരുന്നു..

Cv Thankappan said...

തുടരട്ടേ
ആശംസകൾ