Thursday, February 27, 2020

വെട്ടത്താന്‍ ചേട്ടന്‍റെ ബ്ലോഗ് കുറിപ്പുകള്‍

09/10/16
 

വെട്ടത്താന്‍ ചേട്ടന്‍റെ ബ്ലോഗ് കറിപ്പുകള്‍ക്ക് ഞാനെഴുതിയ ആമുഖമോ അവതാരികയോ സ്നേഹ പരിചയമോ എന്താണെന്ന് വെച്ചാല്‍ അത് ഇതോടൊപ്പം ചേര്‍ക്കുന്നു. അത് അദ്ദേഹത്തോടുള്ള എന്‍റെ സ്നേഹാദരങ്ങളായി മാത്രം കാണാന്‍ അപേക്ഷിച്ചുകൊണ്ട്....

വെട്ടത്താന്‍ ചേട്ടന്‍റെ ബ്ലോഗ് കുറിപ്പുകള്‍

വളരെക്കാലമായി മുടങ്ങാതെ വായിച്ചുകൊണ്ടിരുന്ന കുറിപ്പുകളെപ്പറ്റി എഴുതാന്‍ ശരിക്കും വലിയ പ്രയാസമാണ്. കാരണം വായിച്ച് വായിച്ച് അത് നമ്മുടെയാണെന്ന് നമ്മുടെ മാത്രമാണെന്ന് തോന്നിപ്പോകും. സ്വന്തമെന്ന വിചാരം കടന്നു കൂടിയാല്‍ പിന്നെ എഴുത്ത് അവതാരികയായാലും ആസ്വാദനമായാലും അഭിപ്രായമായാലും അംഗീകാരമായാലും വിമര്‍ശനമായാലും പൂര്‍ണമായും സത്യസന്ധമാവില്ല.

അതുകൊണ്ട് എന്‍റെ ഈ എഴുത്തിലും ഒരു പക്ഷഭേദം കണ്ടേക്കും.. എനിക്കിഷ്ടമുള്ള കുറിപ്പുകളെപ്പറ്റി എഴുതുമ്പോള്‍ തോന്നുന്ന ഒരു പക്ഷഭേദം. അത് വായനക്കാരി എന്ന എന്‍റെ സ്വാതന്ത്ര്യമായി വിട്ടുകളയുക.

മലയാളത്തിലെ ബ്ലോഗര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തലാവശ്യമില്ലാത്ത ഒരാളാണ് വെട്ടത്താന്‍ ചേട്ടന്‍. മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുകയും വിലയിരുത്തുകയും കൃത്യമായി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരാള്‍. സ്വന്തം ബ്ലോഗിലും തലയുയര്‍ത്തി നിന്നു തന്നെ തനിക്ക് ശരിയെന്ന് തോന്നുന്നത് എഴുതുന്ന ഒരു ബ്ലോഗര്‍. നടു വളയ്ക്കുകയോ അഭിപ്രായം മാറ്റുകയോ വഴവഴ എന്ന് അവിടേമില്ല ഇവിടേമില്ല എന്ന മട്ടില്‍ കയ്യാലപ്പുറത്തെ തേങ്ങയാവുകയോ ഒന്നും വെട്ടത്താന്‍ ചേട്ടന്‍ ചെയ്യാറില്ല. അദ്ദേഹത്തിന്‍റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് എപ്പോഴും യോജിക്കാനാവുകയില്ലെങ്കിലും ആ അഭിപ്രായപ്രകടനങ്ങളിലെ ആര്‍ജ്ജവവും സത്യസന്ധതയും ഉറപ്പും എന്നും എന്‍റെ വ്യക്തിപരമായ ആദരം പിടിച്ചു പറ്റിയിട്ടുണ്ട്.

രാഷ്ട്രീയവും എഴുത്തും എന്നല്ല എല്ലാ സാമൂഹ്യപരിതസ്ഥിതികളും സ്ത്രീകളെ ഒരു പ്രത്യേക രീതിയില്‍ ഒതുക്കിക്കളയുന്നുവെന്ന് ഏറിയകൂറും മനസ്സിലാക്കുന്ന ഒരു ബ്ലോഗറാണ് വെട്ടത്താന്‍ ചേട്ടന്‍. ആ അഭിപ്രായം അദ്ദേഹം പലപ്പോഴും തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ആ വീക്ഷണം അടയ്ക്കാക്കുരുവികളുടെ രോദനം എന്ന പോസ്റ്റില്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുകയും സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന അഭിപ്രായം ഏതു ഫെമിനിസ്റ്റിനേക്കാളും ഉറപ്പോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. മനുഷ്യരെ മൊത്തം ബാധിക്കുന്ന ഈ പ്രശ്നത്തിന്‍റെ പരിഹാരം കുടുംബങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്.

അച്ഛനാകണമെങ്കില്‍ സ്നേഹം പ്രകടിപ്പിക്കണമെന്നും മറ്റുള്ളവര്‍ അപമാനിക്കുമ്പോള്‍ അവരെ വഴക്കു പറഞ്ഞ് നമ്മെ ചേര്‍ത്തു നിറുത്തി സാന്ത്വനിപ്പിക്കണമെന്നും അച്ഛന്‍ എന്ന പോസ്റ്റില്‍ വെട്ടത്താന്‍ ചേട്ടന്‍ എഴുതിയത് വായിച്ച് ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. എന്‍റെ മനസ്സ് എന്നെ ഒരിയ്ക്കലും കാണാത്ത ഈ ആള്‍ എങ്ങനെ അറിയുന്നുവെന്ന് അതിശയിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും ബുദ്ധിമാന്ദ്യത്തിന്‍റെയും ഒക്കെയായ അന്നമ്മ , അനുവിന്‍റെ അമ്മ എന്ന പോസ്റ്റുകള്‍ കണ്ണ് നിറയിക്കുന്നതാണ്. ഇമ്മാതിരി മനുഷ്യരെ ഒത്തിരി പരിചയമുള്ളതുകൊണ്ട് സത്യമായും എന്നെ വളരെക്കാലം നീറ്റിയിരുന്നു ഈ രചനകള്‍.

അവിശ്വാസത്തിന്‍റെ പുകച്ചുരുള്‍, ഒരു റ്റെലഫോണ്‍ റ്റാപ്പിംഗിന്‍റെ കഥ, എന്നീ പോസ്റ്റുകള്‍ ഇത്തിരി സര്‍വസാധാരണമായിപ്പോയി. അത് എല്ലാവരും പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. വെട്ടത്താന്‍ ചേട്ടന്‍ അതൊന്നും എഴുതേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നുന്നുണ്ട് ഇപ്പോഴും..

ടി വി കൊച്ചുബാവയെക്കുറിച്ചുള്ള അനുസ്മരണം ഒരു അഖില കേരള ചെറു കഥാ മല്‍സരത്തിന്‍റെ കഥ എന്ന പോസ്റ്റ് അതീവഹൃദയസ്പര്‍ശിയാണ്. കൊച്ചുബാവയുടെ മിക്കവാറും എല്ലാ രചനകളിലൂടെയും പലവട്ടം കടന്നു പോയ ഒരുവളെന്ന നിലയില്‍ ആ പോസ്റ്റ് മനസ്സിനെ അഗാധമായി സ്പര്‍ശിച്ചു.

ഒരു അള്‍ത്താര ബാലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച് ഞാന്‍ ഇങ്ങനെ ഒരു അഭിപ്രായം കുറിച്ചു. 'ഇതിലെഴുതിയത് പലതും എന്നെപ്പറ്റിയാണു. ഞാന്‍ അള്‍ത്താര ബാലനൊന്നുമായിരുന്നില്ല. അതെനിക്ക് വയ്യല്ലോ. എന്നാലും വിശ്വാസത്തിന്‍റേയും അവിശ്വാസത്തിന്‍റേയും പിടിയില്‍ കിടന്ന് ഞാന്‍ നുറുങ്ങിപ്പോയിട്ടുണ്ട്. ചോദ്യങ്ങളുടെ ഉത്തരം തേടി ഞാന്‍ കൂട്ടം തെറ്റുകയും ചെയ്തു. പെട്ടെന്ന് എന്നെ കണ്ടതു പോലെ തോന്നി.' ഇന്ന് ആ കുറിപ്പിലൂടെ കടന്നു പോവുമ്പോഴും അത് തന്നെയാണ് എനിക്ക് പറയാനുള്ളത്.

ഒരു ധീരയുവാവിന്‍റെ പരോപകാരശ്രമങ്ങള്‍ വായിക്കുമ്പോള്‍ ഒരു പുഞ്ചിരി വിടരും. മദ്യപര്‍ അപഹാസ്യരാകുന്നതിനെപ്പറ്റി മാത്രമല്ല അതിലുള്ളത്.. ചെറുപ്പത്തില്‍ നമ്മള്‍ എത്ര പെട്ടെന്ന് ഒരു ആളാവാന്‍ നോക്കുകയും അങ്ങനെ ആവാന്‍ കഴിയാതെ ഇളിഭ്യരാവുകയും ചെയ്യുന്നുവെന്ന് നമ്മുടെ ഭൂതകാലം പുഞ്ചിരിയുതിര്‍ക്കും. കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ എടുക്കുമ്പോള്‍ ഊറുന്ന പുഞ്ചിരി പൊട്ടിച്ചിരിയായി മാറാന്‍ വളരെ എളുപ്പം. മനോഹരഹാസ്യം വെട്ടത്താന്‍ ചേട്ടനു അനായാസമായി വഴങ്ങുമെന്നര്‍ഥം.

കാട് പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്. അതു പഠിക്കാന്‍ പോയതിന്‍റെ കഥയാണ് മലവെള്ളപ്പാച്ചിലില്‍.. ഭയം തോന്നും ശരിക്കും. കാരണം ജീവന്‍റെ വില എല്ലാ പാഠങ്ങള്‍ക്കും മുകളിലാണല്ലോ. ജീവനെ നിലനിറുത്താനുള്ള തത്രപ്പാടാണല്ലോ നമ്മുടെ ഈ ഓട്ടമെല്ലാം.

മുന്‍ വിധികളാണ് മനുഷ്യജീവിതത്തെ തകര്‍ക്കുന്നത്. മുന്‍ വിധികള്‍ അവയില്‍ നിന്നും ജനിക്കുന്ന ഭയം, പിന്നെയുണ്ടാവുന്ന അരക്ഷിതാവസ്ഥ … ഇതിനെയൊക്കെ രാഷ്ട്രീയവും മതവും അളക്കാനാവാത്തവിധത്തില്‍ അപകടകരമായി ഉപയോഗിക്കുന്നു. ഫലം നിരന്തര കലാപങ്ങളാണ്. സര്‍ദാര്‍ജിയിന്‍ കനിവ് വായിക്കുമ്പോള്‍ ഈ പാഠമുള്‍ക്കൊള്ളുന്നതോടൊപ്പം മനുഷ്യനന്മയുടെ അപൂര്‍വരശ്മികള്‍ പരത്തുന്ന പ്രകാശവും നമുക്ക് കാണാന്‍ കഴിയും.

'ഓമന' ദൈവത്തോടുള്ള ഒരു ചോദ്യമാണ്.. വെട്ടത്താന്‍ ചേട്ടന്‍ മാത്രമല്ല, വായിക്കുന്ന ഓരോരുത്തരും ആ ചോദ്യം ദൈവത്തോട് ചോദിക്കുന്നുണ്ട്. അസ്വസ്ഥരാകുന്നുണ്ട്. ദൈവമാകട്ടെ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. അതുപോലെ ചാക്കോച്ചന്‍റെ ഒരു ദിവസമെന്ന പോസ്റ്റും ദൈവങ്ങളോടുള്ള ചോദ്യമാണ്... ഒപ്പം മനുഷ്യരോടാകമാനമുള്ള ചോദ്യമാണ്. ഇങ്ങനെയാണോ മനുഷ്യര്‍ ജീവിയ്ക്കേണ്ടത് ? ഇങ്ങനെയല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ജീവിയ്ക്കേണ്ടത്?

മനുഷ്യമനസ്സ് എത്രത്തോളം പ്രവചനാതീതമാണെന്ന് പറയുകയാണ് വെട്ടത്താന്‍ ചേട്ടന്‍ കളരിഗുരുക്കളുടെ മരണം എന്ന പോസ്റ്റിലൂടെ. ശരീരത്തിന്‍റെ ആരോഗ്യമോ മെയ് വഴക്കമോ ഒന്നും മനുഷ്യമനസ്സിനെ ബലപ്പെടുത്തുന്നില്ല. അത് ജീവിതമുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പകച്ചു നിന്നുപോകുന്നു. ദയനീയമായ അവസ്ഥകളില്‍ തിരികെ പിടിക്കാനാവാത്തവിധം തകര്‍ന്നുപോകുന്നു.

ചാട്ടത്തില്‍ പിഴച്ചവരെക്കുറിച്ച് വായിക്കുമ്പോള്‍ അന്നത്തെ പോലെ ഇന്നും എന്‍റെ കണ്ണില്‍ നീര്‍ നിറഞ്ഞു. തൊഴില്‍രഹിതനായ ഭര്‍ത്താവിനേയും മകനേയും പോറ്റി , ഭര്‍ത്താവിന്‍റെ സംശയരോഗത്തിനു ഉത്തരങ്ങള്‍ വിശദീകരിച്ച് വിശദീകരിച്ച് , മുട്ടത്തോടിന്‍റെ പുറത്ത് നടക്കുമ്പോലെ ജീവിതം തുടരുകയും ഒടുവില്‍ തികച്ചും ഏകാകിനിയായിത്തീരുകയും ചെയ്ത ഒരു ജീവിതത്തെ കണ്ടുകൊണ്ടിരിക്കുകയാണ് ഞാന്‍. സംശയം എന്ന രോഗം മദ്യപാനം കൊണ്ടുണ്ടായാലും ജോലിയില്ലെന്ന അപകര്‍ഷതാബോധം കൊണ്ട് ഉണ്ടായാലും ഒപ്പം ജീവിക്കുന്നവര്‍, പരിചയക്കാര്‍, സുഹൃത്തുക്കള്‍...അങ്ങനെ എല്ലാവരേയും ഈ സംശയരോഗികള്‍ തകര്‍ത്തുകളയുന്നു. സ്വയം തകരുകയും ചെയ്യുന്നു. ചില കുടുംബകാര്യങ്ങളും അങ്ങനെത്തന്നെയുള്ള ഒരു പോസ്റ്റ് ആണ്. ഒരിക്കലും സ്വയം തിരുത്താന്‍ കഴിയാത്തവര്‍. എല്ലാ കുറ്റവും മറ്റുള്ളവരുടേതാണെന്ന് വ്യാഖ്യാനിച്ച് തീരുമാനിച്ച് തങ്ങളെ വെള്ള പൂശുകയും രക്തസാക്ഷി ചമഞ്ഞ് കഷ്ടപ്പെടുകയും ചെയ്യുന്നവര്‍. അവരൊന്നിച്ച് കഴിയുന്നവരെപ്പറ്റി യാതൊരു കാരുണ്യവും ദയയും തോന്നാത്തവര്‍. ഇത്തരക്കാര്‍ ലോകത്തെമ്പാടുമുണ്ട്. അവരെക്കുറിച്ച് സംസാരിച്ചിട്ട് കാര്യവുമില്ല... കാരണം അത് ജനിതകമായി പകര്‍ന്നു കിട്ടുന്ന ഒരു സ്വഭാവവിശേഷമാണല്ലോ.

ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റാണ്. വാര്‍ദ്ധക്യം , ഒറ്റപ്പെടല്‍ അതില്‍ത്തന്നെ പണക്കിഴികള്‍ കൊടുക്കുന്നതും കൊടുക്കാത്തതുമായ വേര്‍തിരിവുകള്‍ .. ശരിക്കും നമ്മുടെ നാടിന്‍റെ ഒരു കൃത്യമായ ചിത്രമാണീ പോസ്റ്റ്. ജീവിതം മതിയായി എന്ന് വിലപിക്കുന്നവരെപ്പറ്റി വായിക്കുമ്പോള്‍ കണ്ണ് നനയാതിരിക്കില്ല.

ഡൈക്ക് ഒരു നായ്ക്കുട്ടിയാണെന്നാണ് വെട്ടത്താന്‍ ചേട്ടന്‍ പറയുന്നത്. ബാബു, ടൈഗര്‍, കൈസര്‍ എന്നൊക്കെ പേരുള്ള നായ്ക്കുട്ടികള്‍ ഉണ്ടായിരുന്നു വീട്ടില്‍. ഡൈക്കിനെപ്പോലെ ദാരുണമായിരുന്നു ബാബുവിന്‍റെ അന്ത്യവും. … അവന്‍ മരിച്ചു പോയപ്പോള്‍ കൂടെ മരിക്കണം എന്ന് നിലവിളിച്ചു കരഞ്ഞ എന്‍റെ അനിയത്തിമാരുടെ മുഖങ്ങള്‍ ഡൈക്കിനൊപ്പം ഞാന്‍ കാണുകയായിരുന്നു . മനസ്സ് ആരോ ഞെക്കിപ്പിഴിയുന്ന നൊമ്പരം എനിക്കനുഭവപ്പെട്ടു. നായ്ക്കളെയെല്ലാം വധിച്ചു കളയണമെന്നും ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് രസിക്കണമെന്നുമൊക്കെയാണല്ലോ ഇക്കാലത്ത് കേള്‍ക്കുന്നത്. നായ്ക്കളുടെ സ്നേഹത്തിനും കൂറിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഡൈക്കിനെ അതീവസ്നേഹത്തോടെ തൊട്ടു തലോടാന്‍ എനിക്കും കഴിഞ്ഞു.

വല്ലാതെ ചൂഷണമനുഭവിക്കുന്ന ഒരു ജോലിവിഭാഗക്കാരാണ് നഴ്സുമാര്‍. എല്ലാവരും അവരെ ആവശ്യം പോലെ ചൂഷണം ചെയ്യും. രോഗികള്‍ മുതല്‍ ആശുപത്രി അധികൃതര്‍ മുതല്‍ പൊതുജനം വരെ. ആരും അക്കാര്യത്തില്‍ മോശമല്ല. മതവിശ്വാസമുപയോഗിച്ചുള്ള ഒരു ചൂഷണത്തെപ്പറ്റിയാണ് നിങ്ങളുടെ കണ്ണീര് ഞങ്ങളുടെ പുണ്യമെന്ന് വെട്ടത്താന്‍ ചേട്ടന്‍ വിവരിക്കുന്നത്. ഞാന്‍ പോസ്റ്റ് വായിച്ചപ്പോള്‍ അന്നേ ഇങ്ങനെ അഭിപ്രായമെഴുതി... അതെ, അതെ. അവൾ തെറ്റ് തിരുത്തീലെങ്കില്‍ പിന്നെ.....ഗംഭീരമായി കേട്ടൊ ഈ എഴുത്ത്. അഭിനന്ദനങ്ങൾ. എല്ലാവർക്കും പുണ്യം, , മറ്റുള്ളവരുടെ അദ്ധ്വാനം കട്ടെടുത്തുണ്ടാക്കാനാ ഇഷ്ടം. അങ്ങനെ അല്ലാത്തവർ വല്ലതെ കുറഞ്ഞ് കാലഹരണപ്പെട്ടു വരുന്ന ഒരു ജീവി വർഗ്ഗമായിട്ടുണ്ട്.' ഇന്നും ഞാന്‍ ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.

കറവപ്പശുക്കളെപ്പറ്റി ഒത്തിരിപ്പേര്‍ പലരീതിയില്‍ എഴുതിയിട്ടുണ്ട്. പ്രയാണമായി വെട്ടത്താന്‍ ചേട്ടന്‍ അതിനെക്കുറിച്ച് എഴുതുമ്പോള്‍ ഇതുപോലെ അതിമനോഹരമായ ചില പ്രയോഗങ്ങള്‍ ഒഴിച്ചാല്‍.....പുതുമകളില്ലെന്ന് ഞാന്‍ നിരാശപ്പെട്ടു പോകുന്നു.
'അവളുടെ ലോകത്ത് മഴയുടെ സംഗീതം മാത്രം. മഴയില്‍ വിധിയറിയാതെ കമ്പികളിലൂടെ ഉരുളുന്ന വെള്ളത്തുള്ളികള്‍ മാത്രം.

നിങ്ങളെങ്ങോട്ടാണ് കുട്ടികളെ?

കമ്പികളിലൂടെ ഉരുണ്ടുരുണ്ട് എങ്ങോട്ടാണ് യാത്ര?

ഓര്‍ക്കാന്‍ രസം തോന്നുന്നു. അണുവണുവായി വികസിച്ചു , ഒരുള്‍ക്കുളിരുമേന്തി ഉരുണ്ടുരുണ്ട് കമ്പികളിലൂടെ ................പിച്ച വെയ്ക്കാന്‍ പഠിക്കുന്ന കുട്ടികളെപ്പോലെ, പതുക്കെ കൈ എവിടെയെങ്കിലും അമര്‍ത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമം. പാവം കുട്ടി. പക്ഷേ സാരമില്ല. ധാരാളം അവസരങ്ങള്‍ ഇനിയുമുണ്ടല്ലോ.
പാവം വെള്ളത്തുള്ളികള്‍ക്കൊ? പിടിവിട്ടുപോയാല്‍ തീര്‍ന്നു. കുപ്പയും കുഴിയും തടവി മഹാപ്രവാഹത്തിന്‍റെ ഭാഗമായി അലിഞ്ഞു തീരുവാനാണ് വിധി.'

ചുരുളികളെ ഉണ്ടാക്കുന്നതും അവരെ കൊണ്ടുനടക്കുന്നതും ആരാണെന്ന് മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന നിലയില്‍ വെട്ടത്താന്‍ ചേട്ടന്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അഴിമതികള്‍ എങ്ങനെ നടക്കുന്നുവെന്നും വളരെ ശരിയായ രീതിയില്‍ പറഞ്ഞു വെയ്ക്കുന്നുണ്ട് പരസ്പരസഹായം ജീവിതവ്രതമാക്കിയവര്‍ എന്ന പോസ്റ്റില്‍. പെണ്ണു കേസിലകപ്പെടുന്ന ഉദ്യോഗസ്ഥരെപ്പറ്റിയും അവരുടേതായി മാറുന്ന പ്രത്യേകതരം ചളിപ്പുകളേയും ദൈന്യത്തേയും ഒന്നും അദ്ദേഹം കാണാതെ പോകുന്നില്ല, പൊതുമരാമത്ത് വകുപ്പിലൊരു ദിവസം ചെലവഴിക്കുമ്പോള്‍. അതിലെ ജീവച്ഛവമെന്ന പ്രയോഗത്തിനു തുല്യം മറ്റൊരു വാക്കില്ലെന്ന് തന്നെ ഞാനുറപ്പിക്കുകയാണ്. അത്ര കൃത്യമാണത്.

ഫ്രം കൊഡൈക്കനാല്‍ വിത് ലൌ വായിച്ചാല്‍ വികാരഭാരത്താലും ഉല്‍ക്കണ്ഠയാലും പിരിമുറുക്കത്താലും ഹൃദയം നിറഞ്ഞു കവിയും. അത്രയ്ക്കുണ്ട് അതിലെ ഘനം. എന്നാലോ അത്ര വലിയ സംഭവമൊന്നുമില്ല താനും. അതുകൊണ്ടു തന്നെ കൃതഹസ്തനായ ഒരു എഴുത്തുകാരന്‍റെ സ്പര്‍ശം ആ രചനയില്‍ വ്യക്തമാകുന്നുണ്ട്.

മരണവുമായുള്ള മുഖാമുഖവും ഉശിരന്‍ കുറിപ്പാണ്. അതിലെ അനുഭവം ഗുരുവല്ല എന്ന വെട്ടത്താന്‍ ചേട്ടന്‍ ചൊല്ലിനോട് ആരു യോജിച്ചാലുമില്ലെങ്കിലും ഞാന്‍ യോജിക്കും. കുറിപ്പ് ആദ്യം വായിച്ചപ്പോള്‍ തന്നെ ഞാന്‍ ആ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴും രേഖപ്പെടുത്തുന്നു. രക്ഷകനെ അയച്ച ഭാര്യയോടുള്ള വെട്ടത്താന്‍ ചേട്ടന്‍റെ മധുരപരിഭവം എന്നില്‍ ഇന്നും പുഞ്ചിരിയുണ്ടാക്കി

ഏയ്, നമ്മുടെ നാട്ടിലൊരു മാറ്റവും വന്നിട്ടില്ല. അതേ പൊളിഞ്ഞ റോഡ്, അതേ കൊച്ചു മുറുക്കാന്‍ കട, അതേ പാട്ട ബസ്സ് എന്നൊക്കെ പരാതി പറയുന്നവര്‍ക്കുള്ള വെട്ടത്താന്‍ മറുപടിയാണ് മൊബൈല്‍ വിശേഷങ്ങള്‍. കുറിപ്പിന്‍റെ സ്വാരസ്യം വായിക്കുന്നവര്‍ക്ക് തന്നെ ഇരിക്കട്ടെ.

വെണ്മണിക്കുടിയിലേയ്ക്കൊരു തീര്‍ഥയാത്ര എന്ന പോസ്റ്റും അതീവഹൃദ്യമാണ്.. ആദ്യാനുഭവത്തേക്കാള്‍ മധുരകരമായി തോന്നി നാല്‍പത്തൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്ടാം യാത്ര. കാരണം കാട് അവിടെ നിലനില്‍ക്കുന്നു. അത് ലോറികളില്‍ കയറി വിവിധ ഇടങ്ങളിലേക്ക് യാത്ര പോയിട്ടില്ല.

ശകുന്തള ഗ്രാമീണ സൌഹൃദത്തിന്‍റെ മധുരഹൃദ്യതയാണ്.ഒരു വീട്ടുജോലിക്കാരിക്ക് പകരാന്‍ കഴിയുന്ന സൌഹൃദത്തിന്‍റെ സ്നേഹമാധുര്യം.. ലളിതമായ ഈ കുറിപ്പ് നന്മയുടെ സൌന്ദര്യം വാരിച്ചൂടുന്നു.

ക്ലിയോപാട്ര എന്ന കഥയെപ്പറ്റി അത്രയൊന്നും പറയാന്‍ തോന്നുന്നില്ല എനിക്ക്. കഥയാവാന്‍ ഇനിയുമെന്തൊക്കെയോ വേണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിറുത്തുന്നു. അല്ലെങ്കില്‍ വെട്ടത്താന്‍ ചേട്ടന് ഇതിലും ഭംഗിയായി ഈ കഥ പറയാനാവുമെന്ന് ഞാന്‍ കരുതുന്നു.

ഗോപാലകൃഷ്ണന്‍റെ മൂന്നുമാസമെന്ന പാഴൂര്‍ പടിപ്പുര രചന എനിക്ക് വലിയ അല്‍ഭുതമുണ്ടാക്കിയില്ല. അതീവ ലളിതമായി ജീവിക്കുകയും കൃത്യമായി കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്ന ആരെയെങ്കിലുമൊക്കെ ഞാനും കണ്ടിട്ടുണ്ട്. അവര്‍ക്ക് ഊരും പേരും ജാതിയും മതവുമൊന്നുമില്ല. അവര്‍ക്കൊന്നും നമ്മുടെ പക്കല്‍ നിന്നു വേണ്ടാ താനും. അന്ധേ ബാബ അങ്ങനെയൊരാളായിരുന്നു. ഈ വരികള്‍ കുറിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ കാണാന്‍ മോഹിക്കുന്ന ഒരാളാണ് അന്ധേബാബ.

പ്രണയരോഗത്തിനു ഹിപ്നോട്ടിക് ചികില്‍സ ശരിക്കും വലിയൊരു ഭാഗ്യമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അതും സഹപാഠിനിയോടുള്ള പ്രണയത്തിനു... നമുക്കൊക്കെയാണെങ്കില്‍ നല്ല ചുട്ട അടിയോ വയറുനിറയെ വഴക്കോ കിട്ടാനിടയുള്ള, അല്ലെങ്കില്‍ കിട്ടിയിട്ടുള്ള അത്തരം ഒരു കാര്യത്തിനു ചികില്‍സ കിട്ടുകയും ആ സങ്കടാവസ്ഥയില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയും ചെയ്ത വെട്ടത്താന്‍ ചേട്ടന്‍ പരമഭാഗ്യവാന്‍ തന്നെ. സംശയമില്ല.

എല്ലാ പോസ്റ്റുകളേയും പറ്റി എഴുതില്ല എന്നൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. എന്നാലും എഴുതി വന്നപ്പോള്‍ അത് ഇങ്ങനെയായി. ഞാന്‍ ഒരു നിരൂപകയോ സാഹിത്യനിപുണയോ ഒന്നുമല്ലല്ലോ. അതുകൊണ്ട് മനസ്സ് തുറന്ന് എഴുതുക എന്ന ലാളിത്യമേ എനിക്ക് വശമുള്ളൂ. ഇത് അവതാരികയും പരിചയപ്പെടുത്തലുമൊന്നുമല്ല. എനിക്ക് വെട്ടത്താന്‍ ചേട്ടനോടും അദ്ദേഹത്തിന്‍റെ ബ്ലോഗ് എഴുത്തിനോടും ഉള്ള സ്നേഹവും ആദരവും മാത്രമാണ്. അതുകൊണ്ട് ഈ കുറിപ്പിനെ അങ്ങനെ മാത്രം കാണാന്‍ അപേക്ഷിച്ചുകൊണ്ട്...

വെട്ടത്താന്‍ ചേട്ടനും കുടുംബത്തിനും എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ...

സ്നേഹാദരങ്ങളോടെ.

എച്മുക്കുട്ടി.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്ലോഗെഴുത്തിൽ എന്നുമെന്നും
വെട്ടിത്തിളങ്ങി നിൽക്കുന്ന വെട്ടത്താൻ
സാറിന്റെ എഴുത്തുകളിലൂടെ നല്ല  വെട്ടം
തെളിച്ചുള്ള ഒരുഗ്രൻ യാത്രയാണിത് കേട്ടോ എച്ച്മു ..
അഭിനന്ദനങ്ങൾ ...

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു