Tuesday, February 18, 2020

പൊങ്കലോ പൊങ്കൽ..

                                                                   

ചെറുപ്പത്തിലാണ് ബോഗിയും പൊങ്കലും ആഘോഷിച്ചിട്ടുള്ളത്. അമ്മീമ്മയുടെ ഒപ്പം.

വീട്ടിലെ വലയും പൊടിയും തൂത്തു വൃത്തിയാക്കി തുടച്ച്, പറമ്പിലെ ചപ്പും ചവറുമെല്ലാം അടിച്ചു കൂട്ടി തെങ്ങിൻ തടത്തിലിട്ട് ആകെ ഒരു മിനുക്കലാണ് ആദ്യം. ബോഗീടന്ന് ചവറു കത്തിക്കലാണ് .. കത്തിക്കലിൽ അമ്മീമ്മ അത്ര വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് അതിനു ഉഷാറു കുറവായിരുന്നു.

പൊങ്കലിന് മിക്കവാറും എല്ലാ വർഷവും സ്കൂളുണ്ടാവും. അതുകൊണ്ട് അമ്മീമ്മ അതിരാവിലെ തന്നെ എണീറ്റ് വെറൈറ്റി റൈസ് തയാറാക്കും. നല്ലയിനം പച്ചരി വേവിച്ച് പുളിയോദര, ( പുളിസാദം ) , തേങ്കായ് സാദം,(തേങ്ങാച്ചോറ് ), ശർക്കരയും നെയ്യും ചേർത്ത കടുംപായസം എന്ന ചക്കരപ്പൊങ്കൽ.. സ്ക്കൂൾ വിട്ട് വന്നിട്ടാണ് വൈകീട്ട് എലുമിച്ചം പഴം സാദവും (നാരങ്ങാ സാദം ) , പരിപ്പു വറുത്ത്, തേങ്ങയും ശർക്കരയും ചേർത്തരച്ച് ഉണ്ടാക്കുന്ന മധുരതൊഹയലും ( മധുരച്ചമ്മന്തി ) അമ്മീമ്മ വിളമ്പുക. കൂടെ ഒരു കഷണം കരിമ്പും തരും. ബോഗീടന്ന് കരിമ്പ് എത്തിച്ചിരുന്നത് പച്ചക്കറി കൊണ്ടു വരുന്ന ഔസേപ്പ് മാപ്ളയായിരുന്നു. ഒറ്റ ത്തവണ പോലും കരിമ്പ് എത്താതിരുന്നിട്ടില്ല. അമ്മീമ്മയും ഔസേപ്പ് മാപ്ളയും സഹോദരീസഹോദരന്മാരായിരുന്നുവല്ലോ.

രാവിലെ എണീറ്റു വരുമ്പോൾ മുറ്റത്ത് അമ്മീമ്മ വരച്ചിട്ട വലിയ കോലം മിന്നിത്തിളങ്ങുന്നുണ്ടാവും. അതൊരു ആനന്ദകരമായ കാഴ്ചയായിരുന്നു. കോലം വരക്കാൻ ഞങ്ങൾ എല്ലാവരും പഠിച്ചു. ഭാഗ്യ ഡോക്ടറേറ്റ് എടുത്തുവെന്ന് തീർച്ചയായും പറയാം. അവൾ ജന്മം കൊണ്ടേ ഒരു ചിത്രകാരി ആയിരുന്നു.

പാലു തന്നിരുന്ന തങ്കമ്മയുടെ വീട്ടിലെ എരുമക്കും പോത്തിനും പശുവിനും മൂരിക്കും അമ്മീമ്മ ഈ ആഹാരത്തിൻറെ പങ്ക് കൊടുത്തിരുന്നു. അവരെ ചന്ദനം തൊടീക്കയും ചെയ്തിരുന്നു. പൊങ്കലിൻറെ അന്ന് കാക്കക്കും ഈ ഭക്ഷണം കൊടുത്തിരുന്നു.

ഉത്തരായണകാലം ആരംഭിക്കുകയാണെന്നും ഈ കാലത്തിൽ മരിച്ചാൽ പിന്നെ ജനിക്കില്ലെന്നും ഭീഷ്മർ ഈ കാലം വരാനാണ് ശരശയ്യയിൽ മരണം കാത്തുകിടന്നതെന്നും അമ്മീമ്മ പറഞ്ഞു തന്നിരുന്നു. അമ്മീമ്മ എന്തായാലും ഉത്തരായണകാലത്തു തന്നെയാണ് മരിച്ചു പോയത്.

അമ്മീമ്മയിൽ നിന്നു മാറിനിന്നതോടെ
ഞാൻ പൊങ്കൽ ആഘോഷിക്കാതെയായി. അനിയത്തിമാരും മെല്ലെമെല്ലെ പൊങ്കലിൽ നിന്നകന്നു.

ഈയിടെ അച്ഛന്റെ ബന്ധുക്കൾ, അവർ സ്വയം വിശേഷിപ്പിക്കുന്നതു പോലേ ( ഞങ്ങൾ ഡോക്ടറുടെ ആൾക്കാർ ) ഒരു കല്യാണത്തിനു വിളിച്ചിരുന്നു. അവരിൽ മിക്കവാറും പേരെ ഞാൻ കണ്ടിട്ട് മുപ്പതും മുപ്പത്തഞ്ചും വർഷങ്ങൾ കഴിഞ്ഞിരുന്നു. ചിലർ സംസാരിച്ചു.. ചിലർ സംസാരിച്ചില്ല. ഇനിയും ചിലർ അറപ്പോടേയും വെറുപ്പോടേയും നോക്കി.. ചുരുക്കം പേർ കാണാൻ മോഹമുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഒന്നോ രണ്ടോ പേർ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു.

നമ്മുടെ കൂട്ടക്കാർ എന്ന വകുപ്പിൽ പെടാത്തവരാണ് ഞങ്ങൾ എന്നും. അതാണ് എല്ലാവരുടേയും ഉൽസവങ്ങളും ആഘോഷങ്ങളും ഞങ്ങളുടേതാകുമ്പോഴും ഒന്നും തന്നെ ഞങ്ങളുടേ ആൾക്കാരുടേതു മാത്രമാകാത്തത്. മകർസംക്രാന്തി ലോഡിയായി പഞ്ചാബിലും ബിഹുവായി ആസ്സാമിലും സംക്രാന്തിയായി ഉത്തരേന്ത്യയിലും ആഘോഷിച്ചപ്പോൾ പൊങ്കൽ പോലെയെന്ന് എനിക്ക് തോന്നിയതും അങ്ങനെയാണ്.

2014 ൽ പുറത്തിറങ്ങിയ
'അമ്മീമ്മക്കഥകൾ' എന്ന എൻറെ ആദ്യ പുസ്തകത്തിൻറെ ബ്ളർബിൽ ഞാൻ ഇങ്ങനെ എഴുതി.

(എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിൻറെയുള്ളിൽ പതുങ്ങിയിരിക്കുന്ന 'എൻറേതിൻറെ മേന്മയും ' 'ഇതാ നോക്കൂ, ഇതാണ് എൻറേത് ' എന്നു പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും 'നമ്മടെ കൂട്ടത്തിലെയാ' എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.)

ഞങ്ങൾക്ക് വിശ്വകർമ്മജരാവാനുള്ള യോഗ്യതയില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് അച്ഛൻ. തമിഴ് ബ്രാഹ്മണരുടെ ആചാരമര്യാദകളും ആഘോഷങ്ങളും ഭക്ഷണശീലങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ തമിഴ് ബ്രാഹ്മണരാണെന്ന് ഒരിക്കലും വിചാരിച്ചില്ല. അതിനുള്ള ഒരവസരവും ഞങ്ങൾ ഉപയോഗിച്ചിട്ടുമില്ല. ഞങ്ങൾക്ക് മൂന്നുപേർക്കും യാതൊരു തരത്തിലുമുള്ള ജാത്യഭിമാനവും മതാഭിമാനവും ഉണ്ടായില്ല. ഏറെ ദുരിതപ്പെട്ടിട്ടാണെങ്കിലും അടുത്ത തലമുറയേയും അതില്ലാതെ വളർത്താൻ സാധിക്കുകയും ചെയ്തു.

ജാതിയുടേയും മതത്തിൻറേയും പേരിൽ ഞങ്ങളേ വേദനിപ്പിച്ച, നിന്ദിച്ച, ഒറ്റപ്പെടുത്തിയ എല്ലാവരോടും സത്യത്തിൽ വേണ്ടത് തികഞ്ഞ നന്ദിയാണെന്ന് ഞാനിന്ന് അറിയുന്നുണ്ട്. ... മതേതര ജനാധിപത്യ രാജ്യമെന്ന ദേശാഭിമാനം പോലും അനാവശ്യമെന്ന അറിവിലേക്കാണല്ലോ നമ്മൾ ഇപ്പോൾ തള്ളിയിടപ്പെട്ടുകൊണ്ടിരിക്കുന്നത്...

പൊങ്കൽ ചിന്തകൾ ഇങ്ങനേയും..

No comments: