അരുന്ധതി റോയ് കള്ളുകുടിക്കുന്നതിൽ ആ വക്കീലിനെന്താവോ?
1990 കളാണ് കാലം.. അന്ന് ഹഡ്കോയുടെ ഓഫീസ് ലോധിറോഡിലെ ഒരു വലിയ കെട്ടിടമാണ്. ഇന്നത്തെപ്പോലെ ഇന്ത്യാ ഹാബിറ്റാറ്റ് സെൻററല്ല.
ലോധി ഗാർഡൻസ് അക്കാലത്ത് അനവധി പക്ഷികളുടെ ആവാസസ്ഥലമായിരുന്നു. മയിലുകൾ ലോധി റോഡ് ക്രോസ് ചെയ്തു പോകുന്നത് നോക്കി ഞാൻ ആ റോഡിൻറെ ഫുട്പാത്തിലിരിക്കുകയാണ്.
എൻറെ മോള് എനിക്കു നഷ്ടപ്പെട്ട കാലമാണ്. നല്ല വേഗതയിൽ ഓടി വരുന്ന പട്ടാളട്രക്കുകൾക്ക് എന്നെ അട വെച്ചാലോ എന്ന് എപ്പോഴും ആലോചിക്കുന്ന നേരം.
കണ്ണൻ ഹഡ്കോയുടെ ഓഫീസിൽ നിന്നും ഇറങ്ങി വന്നു. കണ്ണനറിയാം മിണ്ടിയാൽ ഞാൻ പൊട്ടിപ്പൊട്ടിക്കരയുമെന്ന്... അതുകൊണ്ട് തൊട്ടപ്പുറത്തുള്ള ഒരു കുഞ്ഞിച്ചായക്കടയിലെ ആടുന്ന ബെഞ്ച് ചൂണ്ടി നമുക്ക് ചായ കുടിക്കാമെന്ന് ആംഗ്യവും കാട്ടി എന്നേ നിർബന്ധിച്ച് അങ്ങോട്ടു നയിക്കുന്നതിനിടയിൽ പുറകീന്ന് നല്ല വടക്കൻ ചുവയിൽ ഒരു വിളി കേട്ടു..
പപ്പൻ..പപ്പൻ..
ഞങ്ങൾ ഞെട്ടിപ്പോയി... ഈ ദില്ലിയിൽ ആരാണ് ഇങ്ങനെ വിളിക്കാൻ...
നോക്കിയപ്പോൾ ഒറീസ്സക്കാരൻ ആർക്കിടെക്റ്റ് ഗോലക് ആണ്. ഗോലക് കോസ്ററ്ഫോർഡിൽ കണ്ണൻറെ ഒപ്പം ജോലി ചെയ്തിരുന്നു. എന്നെ അറിയുമായിരുന്നു ഗോലക്.
അദ്ദേഹം ഞങ്ങളെ അന്നൊരു തെരുവ് നാടകത്തിൻറെ റിഹേഴ്സലിനു കൊണ്ടു പോയി. കോട്ല മുബാരക് പൂരിലെ ഒരു ഫ്ളാറ്റിൽ... അവിടെ അരുന്ധതീ റോയ് ഉണ്ടായിരുന്നു. അവരെ അന്നാണ് ഞാൻ ആദ്യം കാണുന്നത്.
അന്നവർ ഗോവൻ വാസം മതിയാക്കിയിരുന്നു. ഒന്നും എഴുതീരുന്നില്ല. പ്രശസ്തയായിരുന്നില്ല. നന്നെ മെലിഞ്ഞ ഒരു സ്ത്രീ... ആർക്കിടെക്റ്റായിരുന്നെങ്കിലും പണവും ഉണ്ടായിരുന്നില്ല അവരുടെ പക്കൽ..
അവരുടെ അമ്മ മേരി റോയ് ലാറിബേക്കറിൻറെ ഉറ്റ സുഹൃത്തായിരുന്നുവല്ലോ. കോട്ടയത്ത് അവർ നടത്തുന്ന കോർപ്പസ് ക്രിസ്റ്റി സ്കൂൾ ബേക്കറിൻറെ നിർമ്മിതിയായിരുന്നു.
ലാറിബേക്കറും കോസ്റ്റ്ഫോർഡും ആയിരുന്നു ഞങ്ങൾക്കിടയിൽ സംഭാഷണത്തിനു കാരണമായത്. ഞാൻ സംസാരിച്ചില്ല.. വെറുതെ ഒന്നു പുഞ്ചിരിച്ചു...
പിന്നീട്.. അവർ എഴുതി.. ഇന്ത്യയിലേക്ക് ബുക്കർ സമ്മാനം കൊണ്ടു വന്നു.. പിന്നേയും എഴുതി.. അവരിൽ ഉറങ്ങിക്കിടന്ന ആക്ടിവിസം ഉജ്ജ്വലമായി.. അതിശയകരമായ ഉൾക്കാഴ്ചയോടെ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങി...
അവർക്ക് മൂന്നു കോടി കിട്ടിയെന്ന് അസൂയപ്പെടുന്നവർ ഒരുപാടുണ്ട്.. അവർക്ക് അനർഹമായ പ്രശസ്തി കിട്ടിയെന്ന് രോഷം കൊള്ളുന്നവർ ഒത്തിരിയുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ പുച്ഛമുള്ളവർ അനേകമുണ്ട്. ഇതിനെല്ലാം പുറമേ അവരെ വെറും പെണ്ണ് എന്ന് ചൂണ്ടിക്കാട്ടി അപമാനിക്കുന്നവരും ഏറെയുണ്ട്.
വക്കീൽ ഇതെല്ലാം ചേർന്ന ഒരു സാംപിൾ മാത്രം...
1 comment:
പെണ്ണുങ്ങൾ സ്വന്തം നിലപാടുകളിലൂടെ
വ്യക്തിത്വം ഉയർത്തുമ്പോഴാണല്ലോ ആണിന് അവളോടെന്നും പുച്ഛം
Post a Comment