ധനത്തിന്‍റെ തിളപ്പേറിയ പൌരുഷ അഹങ്കാരം കാണണമെങ്കില്‍ ഉത്തരേന്ത്യയില്‍ തന്നെ വരണമെന്ന് ഇന്നെനിക്ക് തോന്നി. ഞാനും സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിയ്ക്കുന്ന, ഉറപ്പായും റിക്ഷാക്കാരന്‍റെയോ അല്ലെങ്കില്‍ അതിലും താഴ്ന്ന വരുമാനമുള്ള ആരുടേയോ രണ്ട് കുഞ്ഞിമക്കളും കൂടി റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ .... സിഗ്നല്‍ ലൈറ്റ് വിലക്കിയിട്ടും ഭയങ്കരമായ സ്പീഡില്‍ ഓടിച്ചു വന്ന നമ്മുടെ സ്വദേശി, മള്‍ട്ടി നാഷണലായ ടാറ്റയുടെ ജഗ്വാര്‍ ഒരു തരത്തില്‍ ബ്രേക്കിട്ട് ഞങ്ങള്‍ക്ക് തൊട്ടരികേ നിന്നു.
വണ്ടി ഇടിച്ചു കഴിഞ്ഞു എന്ന ധാരണയില്‍ കുട്ടികള്‍ നീലിച്ചു വെള്ളാമ്പിച്ചു...
കണ്ണന്‍റെയും ഗീതുവിൻറേയും മുഖങ്ങൾ എന്‍റെ മനസ്സിലുയര്‍ന്നു.... 'ഞാന്‍ പോവുന്നു'വെന്ന് കൂവി വിളിക്കണമെന്ന് തോന്നി..
ഭയന്ന് നീലിച്ച കുട്ടികളും ഞാനും കണ്ണും തുറിച്ച് നില്‍ക്കുമ്പോള്‍ ആ ധനികന്‍ അലറി...
'എവിടെ പോകുന്നു നാശമേ നിന്‍റെ രണ്ട് അശ്രീകരങ്ങളേയും കൂട്ടി... റോഡ് വണ്ടികള്‍ക്ക് ഓടാനാണെന്ന് അറിയില്ലേ...എന്തിനാ ഇങ്ങനെ ഇറങ്ങി നടന്ന് തന്തയില്ലാത്ത കൊച്ചുങ്ങളെ ജനിപ്പിക്കുന്നത്? '
ഞാനും കുട്ടികളൂം ഫുട്പാത്തിലേയ്ക്ക് കയറും മുന്‍പേ ആ രാക്ഷസീയ ധനികത മുന്നോട്ടു കുതിച്ചു...
എനിക്ക് ഒരു കല്ലെടുത്ത് എറിഞ്ഞ് ആ തല പൊട്ടിയ്ക്കാന്‍ ആഗ്രഹമുണ്ടായി...കുട്ടികള്‍ ഉറക്കെ ശപിച്ചു. ' ടയര്‍ പഞ്ചറാകട്ടേ ആ പിശാചിന്‍റെ...'
നിസ്സഹായര്‍ പ്രതിഷേധിക്കുന്നത് .....
1 comment:
ശാപം കുറച്ച് കുറഞ്ഞുപോയി ..
Post a Comment