അമ്മീമ്മയെ തൃക്കൂര് ഗ്രാമത്തിൽ നിന്ന് ആട്ടിയോടിക്കണമെന്നും, അവർ ജോലിയും വീടും നഷ്ടപ്പെട്ട് തികച്ചും അനാഥയായി ഭിക്ഷയെടുത്ത് ജീവിക്കുന്നത് കാണണമെന്നുമായിരുന്നു തൃക്കൂരിലെ അനേകം തമിഴ് ബ്രാഹ്മണരും വലിയൊരു പങ്ക് ധനിക സവർണരും ആഗ്രഹിച്ചിരുന്നത്. എൻറെ ഒരുചുമ്മാ തോന്നലൊന്നുമല്ല ഇത്. വളരെ വ്യക്തമായി പലരും മുഖത്തു കാർക്കിച്ചു തുപ്പിയിട്ടുള്ള നീറുന്ന ഓർമ്മയിൽ നിന്നു തന്നെയാണ്, ഇക്കാര്യം ഞാൻ ഇത്ര ഉറപ്പോടെ എഴുതുന്നത്.
സവർണതയെയും അവർണതയേയും അതതിൻറെ തിന്മകളെ അതതിൽ നിന്നുകൊണ്ടുതന്നെ എതിർത്തു ജീവിക്കുന്നത് അവരവരെ എന്തു തരം അപമാനത്തിനും ഇരയാക്കാനുള്ള ബലികൊടുക്കലാണ്. 'ആ, പെണ്ണൊരുത്തി ഇമ്മാതിരി കാര്യങ്ങള് ചെയ്താൽ സമുദായത്തിന് സഹിക്കില്ല, സമുദായം പകരം വീട്ടും. എന്നിട്ടും ഇത്രയല്ലേ ഉണ്ടായുള്ളൂ എന്ന് വിചാരിക്കാം.' എന്ന് സവർണർ ഉച്ചത്തിൽ സമുദായത്തേയും സവർണതയേയും പുകഴ്ത്തും. അവർണർ ഭയപ്പാടോടെ അല്പം അകന്നു നില്ക്കും. കാരണം പലപ്പോഴും അമ്മീമ്മയുടെ സഹോദരങ്ങളുമായി അവർക്ക് ചില ജോലിബന്ധങ്ങൾ ഉണ്ടാവും. പിന്നെ അവർണർ അത്ര ഉച്ചത്തിൽ പുകഴ്ത്തില്ലെന്നേയുള്ളൂ. അവർക്കും സ്വജാതികളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങളും ആചാരക്രമങ്ങളും തെറ്റിക്കുന്നവരെപ്പറ്റി അത്ര നല്ല അഭിപ്രായമൊന്നുമല്ല ഉള്ളിലുള്ളത്.
അമ്മീമ്മയ്ക്ക് ദൗർബല്യങ്ങൾ ഉണ്ടായിരുന്നില്ലേ.. ഉണ്ടായിരുന്നു. എനിക്കറിയാമായിരുന്നു അവയെല്ലാം. അവരുടെ ദൗർബല്യങ്ങളെക്കുറിച്ച് ഞാൻ ഒന്നുമെഴുതിയില്ല, ഇതുവരെ. അവയും എഴുതപ്പെടേണ്ടതാണ്. അതുകൂടി ചേരുമ്പോഴേ ആ വ്യക്തിത്വം പൂർണമാവുകയുള്ളൂ.
സ്വർണവും വജ്രവും അമ്മീമ്മയെ മോഹിപ്പിച്ചിരുന്നു. അവ സ്ത്രീകൾക്ക് ഒരു സ്വത്താണെന്ന് അമ്മീമ്മ കരുതിയിരുന്നു. 'കുന്തുമണിയാട്ടമാവത് മാസം സ്വർണം ശേത്തു വെച്ചുക്കണം' എന്നായിരുന്നു പറഞ്ഞു തന്നിരുന്നത്. എല്ലാ മാസവും ഒരു കുന്നിക്കുരുവോളമെങ്കിലും സ്വർണം ശേഖരിച്ചു വെക്കണമെന്നായിരുന്നു അമ്മീമ്മ വരുമാനമുള്ള സ്ത്രീകൾക്ക് രഹസ്യമായി നല്കിയിരുന്ന ഉപദേശം. ഖനികളിലെ ചൂഷണത്തെയും അവ ഉണ്ടാക്കുന്ന പാരിസ്ഥിതികദുരന്തങ്ങളേയും പറ്റി അമ്മീമ്മക്ക് അറിവു കുറവായിരുന്നു വെന്നാണ് എൻറെ വിശ്വാസം.
1975 ൽ ധൻബാദിനടുത്തുള്ള ചാസ്നാല കൽക്കരി ഖനിയിൽ വെള്ളപ്പൊക്കത്തിൽ പെട്ട് നാനൂറ് ഖനിത്തൊഴിലാളികൾ മരണപ്പെടുകയുണ്ടായി. അതിനു ശേഷമാണ് അമ്മീമ്മയും അമ്മയും സ്വർണവും വജ്രവും ഉപയോഗിക്കുന്നത് ഭീകരതെറ്റാണെന്ന് അച്ഛൻ പറഞ്ഞു തുടങ്ങിയത്. ആ ഖനി ദുരന്തം ഞാൻ ഇന്നും മറക്കാതിരിക്കുന്നതും അതുകൊണ്ടാണ്. അമ്മീമ്മ വളരെ ചുരുക്കിച്ചെലവഴിച്ചാണെങ്കിലും പൊട്ടുകമ്മലും നേർത്ത മാലയുമൊക്കെ ഞങ്ങൾക്കായി തീർപ്പിക്കുമായിരുന്നു. അമ്മീമ്മയുടെ സ്നേഹിതനായിരുന്ന രാമൻതട്ടാനാണ് ഇത്തരം സ്വർണാഭരണങ്ങൾ പണിഞ്ഞു തരിക. ഇത് പരമരഹസ്യമായി സൂക്ഷിക്കുവാൻ ഞങ്ങൾ നിർബന്ധിതരായി. അവരാഗ്രഹിച്ചത്രയും സ്വർണപ്പണ്ടങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കിത്തരാൻ അമ്മീമ്മക്ക് ഒരിക്കലും കഴിഞ്ഞില്ല. എന്നാലും പറ്റാവുന്നതെല്ലാം അമ്മീമ്മ ചെയ്തു.
മറ്റൊരു ദൗർബല്യം കോൺഗ്രസ് പാർട്ടിയായിരുന്നു. ആ പാർട്ടിയുടെ അപചയം അവരെ എപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി യാണ് , ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം നയിച്ചതെന്ന് അമ്മീമ്മ വിശ്വസിച്ചു. കോൺഗ്രസ് പാർട്ടി ഏതെങ്കിലും ഒരു പ്രത്യേക ജാതിയുടേ മുഖമുദ്രയല്ല എന്ന് അമ്മീമ്മ കരുതീരുന്നു. ആ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ, പിളർപ്പുകൾ, അഴിമതി എല്ലാം അവരെ വേദനിപ്പിച്ചു.
അടിയന്തരാവസ്ഥ കഴിഞ്ഞു പുറത്തിറങ്ങിയ കോൺഗ്രസ് വിരുദ്ധ പുസ്തകങ്ങൾ ഞാൻ വായിക്കുകയും അമ്മീമ്മയുമായി രാഷ്ട്രീയം പറഞ്ഞ് വഴക്കിടുകയും ചെയ്യുമായിരുന്നു. എൻറെ പല ചോദ്യങ്ങളും കോൺഗ്രസ് അനുഭാവി എന്ന നിലയിൽ അമ്മിമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. നിസ്സഹായതയിലാഴ്ത്തീട്ടുണ്ട്. ഉത്തരം മുട്ടുമ്പോൾ സ്വാതന്ത്ര്യ സമരം നയിച്ച കോൺഗ്രസ് നേതാക്കളേ പറ്റിയും അവരുടെ ജീവിതത്തെ ബ്രിട്ടീഷുകാർ തുലച്ചു കളഞ്ഞതിനേ പറ്റിയും പറഞ്ഞ് അമ്മീമ്മ മെല്ലെ വിഷയം മാറ്റും.
വിവാഹത്തിൻറെ പുതുമോടി മാറാത്തവരെ ശ്രദ്ധിക്കുന്നത് അമ്മീമ്മയുടെ ഒരു രഹസ്യ വിനോദവും ആനന്ദവുമായിരുന്നു. ബസ്സ് യാത്രകളിലാവും ഇങ്ങനെ ആരെങ്കിലും ആ കണ്ണുകളിൽ പെടുക. ആ ഇണക്കുരുവികൾ ചിരിക്കുന്നതും വർത്തമാനം പറയുന്നതും എത്ര നേരം വേണമെങ്കിലും അമ്മീമ്മ മടുക്കാതെ നോക്കിയിരിക്കും. വീട്ടിൽ വന്നിട്ടു പറയും. 'അന്തപൊണ്ണ് എന്ന ചിരി ചിരിക്കറ്ത്.. അഴഹാ ഇരുക്ക്. എന്നക്കും അപ്പടി ചിരിച്ച്ണ്ട് ഇരുക്കട്ടും.'
അതു കേട്ടാലുടൻ ഞങ്ങൾ അമ്മീമ്മയെ പരിഹസിച്ചു ചിരിക്കുമായിരുന്നു. അതേ.. അതേ, ആ പെൺകുട്ടിക്ക് എന്താണാവോ ഇത്ര ഭംഗി.. ചിരിക്കുമ്പോൾ.. ഞങ്ങളൊന്നും കണ്ടില്ലല്ലോ.. അമ്മീമ്മ മാത്രം എങ്ങനെയാണ് ആ സ്പെഷ്യൽ ഭംഗി കണ്ടത്?
അപ്പോൾ അമ്മീമ്മ തന്നിട്ടുള്ള മറുപടി എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
സന്തോഷം, കൂട്ടുണ്ടെന്നുള്ള സന്തോഷമാണ് ആ ചിരിക്ക് അത്ര ഭംഗിയുണ്ടാക്കുന്നത്. അവരെ നോക്കിയിരിക്കുമ്പോൾ നമുക്കും ആ സന്തോഷവും പോസിറ്റീവ് ഫീലിംഗും കിട്ടും. സന്തോഷത്തോടെ ചിരിക്കുന്നവർക്ക് എപ്പോഴും ചെറുപ്പവുമായിരിക്കും.
സിനിമകളിലെ നനുത്ത പ്രേമരംഗങ്ങളും പ്രേമഗാനങ്ങളും അമ്മീമ്മക്കിഷ്ടമായിരുന്നു. ടി വി വന്നപ്പോഴാണ് അമ്മീമ്മക്ക് ദേവാനന്ദിനെ എത്ര ഇഷ്ടമായിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. 'ഖൊയാ ഖൊയാ ചാന്ദ് ...' എന്ന് ദേവാനന്ദ് ടി വിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അമ്മീമ്മയുടെ മുഖം ഒരു പൂവു പോലെ വിടരുമായിരുന്നു. അമ്മീമ്മയുടെ യൗവനസ്വപ്നങ്ങളുടെ നിഷ്ഫലതയിൽ ദേവാനന്ദ് എന്ന സിനിമാനടൻ തൻറെ അഭിനയത്തിലൂടെ ഇത്തിരി ചുവപ്പു പുരട്ടിയിരുന്നിരിക്കണം..
No comments:
Post a Comment