Sunday, November 29, 2020

ചൊക്ളി 52.

 23/11/2020
പപ്പിനീരെ ചൊല്പടീലാണ് ചൊക്ളീന്ന് എല്ലാരും പറ്ഞ്ഞ്. ചൊക്ളി അത് കേട്ട മാര്യന്നെ കാൺച്ചില്ല.
ഈയ്യ് ലോകത്ത് എല്ലരും ആരേടേങ്കിലും ഒക്കെ ചൊല്പടീലാണ്. പിന്നെ നീയ്യാണ് ചൊല്പടീല്ന്ന് അങ്ങടും ഇങ്ങടും പറ്ഞ്ഞ് തൊയിരക്കേട് ആക്ക്യോണ്ടിരിക്കും. പറേണോര് ആര്ടേം ചൊല്പടീല് അല്ലാത്തോണം.
ചൊക്ളീം പ്രാഞ്ചീസും കൂടി എരിഞ്ഞാലക്കൊടേല്ക്ക് പോയി ഒറ ഉടുപ്പോള് കൊട്ക്കും. തുണി കൊണ്ടരും. അതില്ലാത്ത ദൂസം പഴേത്, പുതീത് തപ്പിതെരഞ്ഞ് ചൊക്ളി നടക്കും.
മേത്തമ്മാര് ടെ അവ്ടെന്നാണ് പിളാസ്റ്റിക്കിൻറേം കുപ്പിപ്പാത്രങ്ങള്ടേം അങ്ങ്നെ കണ്ട കടിച്ച്യാദി കൂട്തല് കിട്ടീര്ന്നേ. ഇപ്പയിപ്പൊ എല്ലാര്ടോടന്നും കിട്ടണ്ട്. എന്തോരാന്നാ ചപ്പും ചവറും വേണ്ടാത്തതും.. വേണ്ടേങേ പിന്നെ എന്തിറ്റ്നാണ് കളേനായിറ്റ് ആള്ക്കാരിങ്ങനെ സാനങ്ങള് വാങ്ങ്ണത്. കാശ് കൂട്യേക്കണത് ഇങ്ങ്നെ വേണ്ടാത്ത സാനങ്ങള് വാങ്ങിക്കളേനാണ് …
പപ്പിനീ നടുമുറീലന്നെയാ പായ വിരിക്കണത്. ചൊക്ളീ അവടേയാ കെട്ക്കണ്. അവ്ളും കെട്ക്കും അവടന്നെ. ചൊക്ളിക്ക് എറേത്ത് കെട്ക്കണ്ടി വന്ന്ല്ല. പപ്പിനി പറേണത് 'ഞമ്മള് അനാദരല്ലേ..രണ്ട് അനാദര് ഒര് മുറീല് ഒറങ്ങ്യാ ലോകം നെറച്ച് ബന്തുക്കാര്ള്ള നാട്ടാര്ക്ക് എന്തിറ്റ് തേങ്ങ്യാടാ..'
പള്ളി കേമായി പൺതു. വെളുവെളാ ന്ന് ഒര് പള്ളി. ദ്ലാവ്ള്ള രാതീല് നല്ല ചേല്ണ് ആ പള്ളി കാണ്ണാൻ..
അയ്യപ്പൻറെമ്പലം കേമായില്ലാന്ന് ഇന്തുക്കള് സങ്കടത്ത്ല് ആര്ന്നു. പിന്നേ വിശ്ശൊനാദസ്സാമീരേ വീട്ട്ല് ഒരു വല്യ സന്യാസി വന്ന്.. കാഞ്ചീന്നാന്ന് വിള്ക്കേ പറ്യേ ചിയ്യാ.. അങ്ങ്നെ കൊറേ കാശ് ഒക്കെയായിട്ട് അയ്യപ്പൻറമ്പലം വല്തായി. പള്ളീലും പൊക്കത്ത്ല് അമ്പ് ലത്തിൻറേ കൊമ്പാ കൊടിയാ മരാ വെക്കണം.. അല്ലെങ്കി മറിയപ്പാറേല് നാശം വരുംന്ന്..
ബാലേന്ദരൻ പറേണതാണ്. കാഞ്ചി സന്യാസി അങ്ങ്നെ ചിയ്യാൻ പറ്ഞ്ഞ്ണ്ട്.
പപ്പിനീരെ കൈയീന്ന് അഞ്ചു പൈസ കിട്ടീല്ല ഇന്തുക്കള്ക്ക് അമ്പലം പണ്ണ്യാൻ..അവളക്ക് ഒന്നുമ്മലും ഒരു വിശ്ശാസം ഇല്ല.
അത് കൊഴപ്പായി..
കൊശോമ്മാര്ക്ക് അത് ഒട്ടും ഇഷ്ടായില്ല. ഊര് ബെലക്കും കൊണ്ട് ഈയ്യ കുടീല് തെണ്ടിത്തിര്ഞ്ഞ് വന്ന ചണ്ണക്കാലൻറെ ഒപ്പം താമയിക്കാൻ പറ്റ്ല്ലാന്ന് പറ്ഞ്ഞു കൊശോമ്മാര് ഇന്തുക്കളും നായമ്മാരും അയിലും മൂത്ത ഇന്തുക്കളും ഒക്കെപ്പാട കൂടി എള്കി വന്ന്..
പപ്പിനിക്ക് ഒര് പേടി വര്ണ്ട്ന്നാ ചൊക്ളി ക്ക് ആദിക്ക് തോന്ന്യേ..
പിന്നെ അവള് ആട്ടി.
ഇത് എൻ വീട്.. എനക്ക് പുടിച്ച പോലെ ഇര്ക്കും.
മേത്തമ്മാര് ടെം മാപ്പ്ളാര്ടേം കടേന്ന് സാനം വാങ്ങി വെച്ചു തിന്നും. ചത്താ സർക്കാര് ശവം..
ഓട്ങ്ക യെല്ലാരും.. ഇന്ത മെരട്ട് ഇങ്കേ വേണ്ടാ..
ആൾക്കാര് പിരാകി.. തെറി പറഞ്ഞു. അന്ന് രാത്രി അങ്ങ്നെ കഴിഞ്ഞു..
പിറ്റേന്ന് ണ് തൃശൂര്ന്ന് മൂന്നാല് പെണ്ണങ്ങള് പപ്പിനീനേം ചോയിച്ച് മറിയപ്പാറേല് വന്ന്ത്. പെണ്ണങ്ങള്ടെ വെഷ്മങ്ങള് കണ്ടറിഞ്ഞ് മാറ്റ്യൊട്ക്ക്ണ ഒര് പാറ്ട്ടീണ്ട്.അത് ന്നാ അവര് വരണേന്ന് പറ്ഞ്ഞ്.
പപ്പിനീരെ അട്ത്ത് ര്ന്ന് അവര് തോനേ വർത്താനം പറ്ഞ്ഞ്.
കൊശോമ്മാര് പപ്പിനീനോട് തല്ല്ണ്ടാക്കീത് അമ്പലത്ത്ന് കാശൊട്ക്കാഞ്ഞിട്ടല്ല.. അവള് മേത്തച്ചി
ഉമ്മ പറേണ കേട്ട് അറാമ്ന്ന് വെച്ച് വാറ്റ് നിറ്ത്തീദണ്. അവള് വന്ന് ഏലക്കേട്ട് വാററണ്തും കാത്തിര്ന്നേര്ന്നു കൊറേപ്പേര്. കുട്ടത്തിക്കരേലും കല്ലെട്ടിപ്പാടത്തും ഒക്കെ വാറ്റ്ണ്ട്. ഇന്നാലും പപ്പനീരേ വാറ്റ് … അദണ് വാറ്റ്..
രണ്ട് കൊശോമ്മാരെ ഒപ്പം പൊറ്ത്ത്..പിന്നെ രവ്യേട്ടനായി..ഇപ്പൊ ചൊക്ളി.. എന്നാപ്പിന്നെ വാറ്റും എല്ലാര്ക്കും ഇത്തിരി നേരം പൊറ്ക്കാൻ സലോം കൊടത്തൂടേന്നാ നാട്ടാര്ക്ക്…
ത്ര്ശ്ശൂര്ന്ന് വന്ന പെണ്ണങ്ങള്ക്ക് ആകനെ വെഷമോം പരോശോം ആയി. നാട്ടാര്ക്ക് മുഴ്ക്കേനും ദേഷ്യാണ് പപ്പിനിയോട്.. ഇബളെ വിശ്ശൊസിക്കാൻ പറ്റോന്ന് അവര്ക്ക് ആണെങ്കി അറീല്ല..വന്ന്പെട്ട്പ്പോ പിന്നെ എന്തേലും പറയാണ്ട് പൂവ്വാനും പറ്റ് ല്യ.
ബാലേന്ദരന് ആ പെണ്ണങ്ങളെ തീരെങ്ങട് പിടിച്ച് ല്യാ. കാലൊറേം കുപ്പായൂം സഞ്ചീം ആയിട്ട് വരണ ആ പെണ്ണങ്ങളും ശരിയല്ലാന്ന് അവര് പോയിറ്റ് വേണം നാട്ടാരോട് പറയാൻന്ന് വിചാരിച്ചാ അവറ്റോൾടെ വർത്താനം ബാലേന്ദരൻ കേട്ടിര്ന്നത്.
പപ്പിനിക്ക് ഒര് കുല്ക്കം ല്ല. ചൊക്ളീനേ ഇഷ്ടള്ളപ്പോ കെട്ടും.. ചെലപ്പൊ കെട്ടൂല്ല.. തോന്നിയാ അവൻറൊപ്പം കെട്ക്കും. അല്ലെങ്കി കെട്ക്കൂല്ല.. ഇത് ലൊക്കെ നാട്ടാര്ക്ക് എന്ത് കാര്യം.. ത് ര്ശ്ശൂര് ന്ന് വന്ന പെണ്ണങ്ങൾക്ക് എന്ത് കാര്യം…
പാറ്ട്ടി ക്കാരാണ്ല്ലോ രാഗവേട്ടനും പ്രാഞ്ചീസും. അവര്ക്കും ആ പെണ്ണങ്ങളെ അങ്ങ്ട് ഇഷ്ടായില്ല.. മൂന്നാല് പെണ്ണങ്ങള് പരിചല്ലാത്ത നാട്ട്ല് വന്ന് എന്താക്കാനാ.. പാറ്ട്ടി പറ്ഞ്ഞ് ശരിയാക്ക്ല്ലേ കാര്യങ്ങള്.. പാറ്ട്ടീരെ കയിവ്ണ്ടാ ഈ പെണ്ണങ്ങള്ക്ക്…
അതിൻറെടേല്ക്ക് സുകുമാഷും വെങ്ങിട്ടു ഡോക്കിട്ടറും വന്നപ്പോ പെണ്ണങ്ങള് ഏൻറ്റു. അവര്ക്ക് ഡോക്കിട്ടറെ അറീം.
അങ്ങനേന് തെറിച്ച പപ്പിനി ആര് രെ കൂടേങേലും താമയിച്ചോട്ടെ.. ഊര് വെല്ക്കോന്നും പറ്റ്ല്ലാന്ന് തീര്മാനായത്.
സുകുമാഷ് ഇന്തുക്കള് പെണ്ണങ്ങള് ഇങ്ങ്നെയൊന്നും കാട്ട്ല്ലാന്ന് പറഞ്ഞോക്കി. വെങ്ങിട്ടു ഡോക്കിട്ടറ് ഒന്ന് തുറുപ്പിച്ചോക്കിയപ്പോ മാഷ് പിന്നെ ഒന്നും പറഞ്ഞില്ല..
ജാനൂൻറെ കാര്യണ് ഡോക്കിട്ടറ് ഇടുത്ത് അലക്കാൻ പോയേന്ന് ചൊക്ളിക്ക് തിരിഞ്ഞു.
ഡോക്കിട്ടറ് ത് ര്ശ്ശൂര് ന്ന് വന്ന പെണ്ണങ്ങളോട് സൊന്തം ഇഷ്ടം, കെട്ടാണ്ട് ഒര് വീട്ട്ല് പാർക്കല്, സോതന്ത് രം അങ്ങനെ എന്താണ്ടും വെല്യ വാക്കോള് പറേണ്ടാര്ന്നു. ആരാണ്ടും സുകുമാഷു പടിപ്പിക്കണോട്ത്ത് ണ്ട്. വന്ന പെണ്ണങ്ങള്ലന്നെ അങ്ങ്നെ ണ്ട്… എന്നൊക്കെ ചൊക്ളി കേട്ട്..
ഊര്ബെലക്ക്ല് സമ്മേയ്ക്കില്ലാന്ന് ത് ര്ശ്ശൂര്ന്ന് വന്ന പെണ്ണങ്ങള് പറ്ഞ്ഞ്.
അതൊക്കെ ഒര് പേടിപ്പിക്കലല്ലേന്ന് ഡോക്കിട്ടറ് ചിറിച്ചു..
പെണ്ണങ്ങള് പപ്പിനീനെ കെട്ടിപ്പിടിച്ച് അവരേ ഓപ്പീസില് ചെല്ലാനൊക്കേ വിള്ച്ചു.
പപ്പിനി ചിറിച്ചു അവരോട് വരാന്ന് പറഞ്ഞു.
രാത്രീല് പ്രാഞ്ചീസും രാഗവേട്ടനും വന്ന് ഒര് കാര്യം പറഞ്ഞപ്പളാണ് പപ്പിനി സന്തോഷത്ത്ല് ചാടിക്കളിച്ചേ.. അവളക്ക് അതൊക്കീണ് വല്യ കാര്യം. അല്ലാണ്ട് ബെലക്കും കെട്ക്കലും ഒല്ക്കേൻറെ മൂടും കുന്തോം ഒന്നും അല്ല..
അവളക്ക് ആ കേട്ട വിവരം...അതങ്ങ്ട് ഇഷ്ടായി...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടു ഭാഷേം കഥാപാത്രങ്ങളും