Monday, September 14, 2020

നിയമപ്രകാരമുള്ള മുന്നറിയിപ്പ്


24/07/2020

കോവിഡ് കാലത്ത് കുറേ സിനിമ കണ്ടു.. സീരിയൽ കണ്ടു.. ടീ വി കാണലൊരു മാറാത്ത അസുഖം പോലെ ആയി…

ഒരേ ബുക്ക് പലവട്ടം വായിക്കുമ്പോൾ ഞാൻ അതിൽ ഓരോ തവണയും ഓരോ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കും. എന്ന് വെച്ചാൽ ബ്രഹ്മാണ്ഡകാര്യങ്ങളൊന്നുമല്ല. ആദ്യത്തെ ആക്രാന്തവായനയിൽ വിട്ടു പോകുന്ന ചില വരികൾ, ചില വാക്കുകൾ, അങ്ങനെ കിട്ടുന്ന ചിത്രങ്ങൾ ഒക്കെ പിന്നത്തെ വായനകളിൽ ഞാൻ കണ്ടുപിടിക്കും. എന്നിട്ടിങ്ങനെ അതിശയം കൂറി ഇരിക്കും..

അപ്പോൾ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഞാൻ ഇങ്ങനെ ടീവിയിൽ കണ്ടുകണ്ടു കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി വരികയാണ്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്.
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്
സീറ്റ് ബെൽറ്റ് ഇടാതെ നാലുചക്രവാഹനം ഓടിക്കുന്നത് തെറ്റാണ്.
ഹെൽമറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത് തെറ്റാണ്. മൃഗങ്ങളെ ഉപദ്രവിക്കുന്നത് കുറ്റമാണ്.

ഇപ്പോഴത്തെ കോവിഡ് പകർച്ചവ്യാധി കാരണം മാസ്ക് ധരിക്കാത്തത് ശരിയല്ല എന്നും സിനിമാ സീരിയൽ രംഗങ്ങളിൽ എഴുതിക്കാണിക്കുന്ന പുതിയ രീതി വരുമായിരിക്കാം..

അറിയില്ല.

സിനിമക്കും സീരിയലിനും എഫ് എം റേഡിയോക്കും പൊതുജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയാണ്. താരങ്ങളും ആർ ജെ മാരും ഒക്കെ മനുഷ്യമനസ്സിൽ അങ്ങനെ നിത്യമായി ജീവിക്കും..

മറ്റാർക്കും അത്തരം സ്ഥാനം ലഭ്യമല്ല.

അപ്പോൾ ഈ താരനിബിഡ സിനിമാ സീരിയൽ റേഡിയോ പരിപാടികളിൽ നിയമപ്രകാരമുള്ള അറിവുകൾ നല്കുന്ന ത് ഉഷാറായ കാര്യമാണ്.

അതു തുടരണം..

എന്നാൽ അതിൽ വിവേചനം പാടില്ല..

താരം ആഹാരം ഉപേക്ഷിച്ചു എണീക്കുമ്പോൾ, സാധനങ്ങൾ തല്ലിപ്പൊട്ടിക്കുമ്പോൾ താഴെ എഴുതി കാണിക്കണം. 'ആഹാരവും മററു വസ്തുക്കളും വെറുതെ നശിപ്പിച്ചുകളയുന്നത് പലതരത്തിലുള്ള ഊർജ്ജ നഷ്ടമുണ്ടാക്കും.'

താരം സ്ത്രീകളെ വാക്കാൽ അധിക്ഷേപിക്കുമ്പോൾ താഴെ എഴുതി വരണം..' സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഭരണഘടന പ്രകാരം കുറ്റമാണ്'

ദളിതരെയും താഴ്ത്തപ്പെട്ട ജാതിക്കാരേയും വ്യത്യസ്ത മതക്കാരേയും പരിഹസിക്കുമ്പോൾ എഴുതിക്കാണിക്കണം. 'മതജാത്യധിക്ഷേപം ഭരണഘടനയനുസരിച്ച് കുറ്റകൃത്യമാണ്.'

സ്ത്രീകളെ അടിക്കുക, ബലാത്സംഗ ശ്രമം നടത്തുക, ബലാത്സംഗം ചെയ്യുക, കറുത്തവരെ പരിഹസിക്കുക ഇതൊക്കെ ഏതു താരം ചെയ്യുമ്പോഴും താഴെ എഴുതി വരണം.. 'നിയമമനുസരിച്ച് ഇതെല്ലാം ക്രിമിനൽ കുറ്റങ്ങളാണ്.'

കൊലപാതകരംഗങ്ങളിലും കൊലപാതക ആസൂത്രണരംഗങ്ങളിലും സ്ത്രീധന ചർച്ചാ, കൊടുക്കൽ വാങ്ങൽ രംഗങ്ങളിലും
വയലൻസിൻറെ വിളയാട്ട രംഗങ്ങളിലും പോലീസ് മർദ്ദനരംഗങ്ങളിലും ഇതെല്ലാം നിയമപരമായി വലിയ കുറ്റകൃത്യങ്ങളാണെന്ന് എഴുതി കാണിച്ചേ തീരൂ.

കുഞ്ഞുങ്ങളെ, ബൗദ്ധിക ശാരീരിക വെല്ലുവിളി നേരിടുന്നവരെ, ഇതരലിംഗക്കാരെ, വൃദ്ധരെ എല്ലാം ഉപദ്രവിക്കുന്നതും അധിക്ഷേപിക്കുന്നതും കാണിക്കുമ്പോഴും നിയമപ്രകാരമുള്ള മുന്നറിയിപ്പ് വേണം.

ഇത് പൂർവകാല പ്രാബല്യത്തിൽ തന്നെ നടപ്പിലാക്കേണ്ടതാണ്…

അന്നേരം പതുക്കെപ്പതുക്കെ, വളരെ വളരെ മെല്ലെ, ഒരുപക്ഷേ, നമ്മളറിഞ്ഞു തുടങ്ങും എത്രയെത്ര അധമത്വങ്ങളെയാണ് നമ്മളിങ്ങനെ താരമിടുക്കായും ആണത്തമായും സംരക്ഷണകവചമായും ഹാസ്യമായും നടനവൈഭവമായും ആരാധനയായും വാഴ്ത്തുന്നതെന്ന്…

സത്യത്തിൽ നമ്മളെത്ര അപരിഷ്കൃതരും അധമമായ ആത്മാവുള്ളവരുമാണെന്ന്…

കലാരൂപങ്ങൾ ജനാധിപത്യത്തിലേക്കും സമത്വത്തിലേക്കും വളരുമ്പോൾ സമൂഹത്തിൽ മെല്ലെയെങ്കിലും ചിലപ്പോൾ മാറ്റത്തിന്റെ ഇളംകാറ്റു വീശിയേക്കും.



കനവുചെപ്പിൻറെ നാലാമത്തെ അറ 5


22/07/2020

മൽസ്യ ഭക്ഷണത്തിൻറെ രുചിനിറവുകൾ ജീവിതത്തിൽ ഏകദേശം ഒരു ഇരുപത്തഞ്ചോളം വർഷം കഴുത്തിൽ കല്ലുകെട്ടി വെള്ളത്തിലിട്ടാലെന്ന വണ്ണം എന്നെ ങ്ങനെ ശ്വാസം മുട്ടിച്ചിട്ടുണ്ട്.

മീൻ മണം..

മീൻ രുചി..

മീൻ വെച്ചത്…

മീൻ വറുത്തത്..

മീൻ നിറച്ചത്...

മീൻ ബിരിയാണി..

എല്ലാം ഞങ്ങൾക്ക് അപമാനത്തിൻറെ ഒരിക്കലും ഒടിയാത്ത, തുരുമ്പ് പിടിക്കാത്ത, ഘനമേറിയ ഇരുമ്പ് താക്കോലുകൾ. അത് കൈയിൽ ചുരുട്ടിപ്പിടിച്ച് ഈ ലോകത്തിലെ ഏത് ആണ്മക്കും ഏത് പെണ്മക്കും എത്ര വേണമെങ്കിലും ഞങ്ങളെ ചോര നീലിക്കും വരെ ഇടിക്കാം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ ഇടിക്കാനും അടിക്കാനും ചവിട്ടാനും എല്ലാവർക്കും ഇഷ്ടവുമാണ്.

അടുത്തതായി

നത്തോലി,
മുള്ളൻ,
ചാള,
അയില,
തിലോപ്പിയ,
ചെമ്മീൻ,
ഞണ്ട്,
കല്ലുമ്മക്കായ,
കണമ്പ്,
കോളേജ് കുമാരി അല്ലെങ്കിൽ ഉണ്ണിമേരി അതുമല്ലെങ്കിൽ കിളി മീൻ, ഇനി ഇതൊന്നുമല്ലെങ്കിൽ പൂമീൻ,
ആവോലി അല്ലെങ്കിൽ ആകോലി,
തിരുത,
ബ്രാല് അല്ലെങ്കിൽ വരാല്,
സ്രാവ്,
മഞ്ഞക്കോര,
നെയ്മീൻ…

ഈ പേരുകാരായ സുന്ദരിമാരൊക്കെ എന്നേ വല്ലാത്ത സങ്കടക്കടലിൽ തള്ളിയിട്ടിട്ടുള്ളവരാണ്. കണ്ടാൽ ഇവരെ ആരേം തിരിച്ചറിയില്ലാരുന്നു. പെടക്കണതാണോ വാടീതാണോ, മരുന്നിട്ടതാണോ, ചീഞ്ഞതാണോ.. ഒന്നും അറിഞ്ഞു കൂടാത്ത ഒരു ഭൂലോക മണ്ടശ്ശിരോമണിയായിരുന്നു ഞാൻ.

നല്ല മീൻ കൂട്ടാൻ, മീൻ വറുത്തത്, മീൻ ഉപ്പേരി, മീൻ തോരൻ, മീൻ അവിയൽ, മീൻ മപ്പാസ്, മീൻ മോളി, മീൻ കട്ലറ്റ്, മീൻ വാഴയിലയിൽ പൊതിഞ്ഞു ചുട്ടത്, ചെമ്മീനും ഞണ്ടും പൊരിച്ചത്, കല്ലുമ്മക്കായ നിറച്ചത്, മീൻ ബിരിയാണി… ഇതൊക്കെ ധാരാളം ഉണ്ടാക്കാൻ… പ്ളേറ്റ് നീറച്ച് വിളമ്പാൻ...ഉദരം വഴി ഹൃദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടാൻ ഒക്കെ അദമ്യമായ ആഗ്രഹവും…

കയിലു കുത്താനറിയാത്ത ആശാരിച്ചി, നാവേറ് പാടാനറിയാത്ത പുള്ളുവത്തി, ഭിക്ഷയെടുക്കാൻ പറ്റാത്ത കുഷ്ഠരോഗി ഇവരെയൊക്കെ സാധാരണ മനുഷ്യർക്ക്‌ ഭയങ്കര പരിഹാസമായിരിക്കും. ആശാരിച്ചികളുടേയും പുള്ളുവത്തികളുടേയും കുഷ്ഠരോഗികളുടേയും ഇടയ്ക്കാണെങ്കിൽ പോലും ഇവരെ എല്ലാവരും കൂടി കാക്ക വളഞ്ഞിട്ട് ഞോടും പോലേ ഞോടിക്കളയും…

ഞാൻ ശരിക്കും ഈ അവസ്ഥയിലായി…

രാത്രി ഉറങ്ങിയാലുടനെ ഞാനിങ്ങനെ പറ്റുന്ന പോലെ കടലീപ്പോയിത്തുടങ്ങി..

ആരും ല്ല കൂട്ട്..

വള്ളമൊക്കെ തള്ളിയിറക്കി ഞാൻ 'പുന്നപ്പറക്കാരേ..ചാകര ...ചാകര..'എന്നും പാട്ടും പാടി കടലീപ്പോവാണ്…

മീൻ പിടിക്കലാണെങ്കി ഹൗ … എൻറെ ആ കഴിവ് കണ്ടിര്ന്നെങ്കീ എന്നെ അപ്പത്തന്നെ മീൻ പിടിക്കണോരൊക്കെ കൂടി കേരളത്തിൻറെ മൊത്തം തൊറയിലരയത്തി ആക്കിയേനേം..

ആര്ടെ ഭാഗ്യാവോ അങ്ങനെ ഒന്നും ണ്ടായില്ല..

ഈ കടല്ണ്ടല്ലോ നമ്മള് കടൽത്തീരത്ത് നിന്ന് കാണണ പോലെ ഒന്നുമല്ല..

അതൊരു ഭാരതച്ചട്ടി പോലേയാണ് സ്വപ്നത്തില് കടന്ന് വരാ….കയിലിട്ട് മീൻ കഷണങ്ങൾ ഇങ്ങനെ കോരി എടുത്ത് ചോറിൻറേ അടുത്ത് വെക്കില്ലേ… അതു പോലേയാ ഞാൻ ഇങ്ങനെ മോളിൽ വിവരിച്ച മീനുകളെ കടലീന്ന് കോരിക്കോരി എടുക്കണത്….

എന്നിട്ട് അപ്പത്തന്നെ എല്ലാ മീനിനേം വെട്ടി കല്ലുപ്പ് ഇട്ട് ഒരച്ച് കഴുകി ശരിപ്പെടുത്തും..

ആ മറന്നു…

അന്നേരം എൻറെ വഞ്ചീണ്ടല്ലോ ഒരു ബെസ്റ്റ് അടുക്കള ആയിട്ട് കടലിൻറെ നീലിച്ചു പച്ചച്ച വെള്ളത്തിൽ താളം തല്ലി ഓലോലം പാടി അരുമയായിട്ട് കൊഞ്ചികിടക്കുണുണ്ടാവും.

പിന്നെ, പാചകത്തിൻറെ അഞ്ചു കളിയാണ്..

വെയ്ക്കുന്നു, വറക്കുന്നു, പൊരിക്കുന്നു, ചുടുന്നു, നിറയ്ക്കുന്നു..ദമ്മിടുന്നു…

എല്ലാം ചെയ്യുമ്പോ നല്ല നറുമണം കിട്ടും എനിക്ക് കേട്ടോ. പിന്നെ ദാരിദ്ര്യം പിടിച്ച അടുക്കളയൊന്നല്ല..എൻറെ വഞ്ചി. അതിങ്ങനെ സർവസാധനങ്ങളും നിറച്ച തിമിംഗലത്തലയോളം പലതരം മസാലകളരച്ച പാത്രങ്ങൾ വെച്ച ഒരു വൻ സംഭവമാണ്.

അങ്ങനെ എല്ലാം ഉണ്ടാക്കി പാക്ക് ചെയ്ത് ചേറ്റുവേലോ നാട്ടികേലോ വാടാനപ്പിള്ളീലോ വലപ്പാട് ബീച്ചിലോ മറ്റോ ഞാൻ വഞ്ചി അട്പ്പിക്കാൻ നോക്ക്മ്പോ ഒരു തിമിംഗലം വരും..

വെറും തല്ലിപ്പൊളി ഓഞ്ഞ തിമിംഗലമൊന്നുമല്ല..

നല്ല ബെസ്റ്റ് നീല തിമിംഗലമാണ്… അതിനാണെങ്കിൽ എന്നോട് മുടിഞ്ഞ സ്നേഹോമാണ്.

അത് രാഷ്ട്രപതീടെ വീടു പോലത്തെ വായും തുറന്ന് എന്നോട് പറയാണ്..

അതിനേം മുറിച്ചു കറിവെയ്ക്കാൻ..

'ഇന്നത്തേക്ക് മതി.. ഇത്ര മതി.. ഞാൻ നാളേ വരാംന്ന് നാളേ ഒറപ്പായിട്ടും വരാന്ന് ' പറേമ്പോഴാവും… അത് വാലിട്ടടിച്ചിട്ട് കടൽവെള്ളം ഇങ്ങനെ കേറിക്കേറി വരണത്…

ഒന്ന്ല്ലാന്ന്…ഒക്കെ കിനാവല്ലേ ..

അന്നൊക്കെ എൻറെ മോള് ചെറുതല്ലേ… അവള് ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതും നനവ് തട്ടുമ്പോൾ ഉറക്കെ കരയുന്നതുമാണ്… കടലായിട്ടും തിമിംഗലം മിണ്ടണതായിട്ടും ഒക്കെ.. ങാ.. അതേന്ന്…

അദ്ദന്നേന്ന്...


മനുഷ്യക്കുഞ്ഞുങ്ങൾ അനാഥരാണ്.


19/07/2020 

കുഞ്ഞുങ്ങളെ എന്നു വെച്ചാൽ മാനസികമായും ശാരീരികമായും പ്രായപൂർത്തിയാകാത്തവരെ ലൈംഗിക മായി പീഡിപ്പിക്കുന്ന മനുഷ്യർ, അവർ ആരായാലും ഏതു ബന്ധത്തിൽപ്പെട്ടവരായാലും തികഞ്ഞ സാമൂഹ്യവിരുദ്ധർ തന്നെയാണ്. അത്തരം പീഢനങ്ങൾ ഏതു നിയമം വെച്ചു നോക്കിയാലും ശിക്ഷ ലഭിക്കേണ്ട ക്രിമിനൽ കുറ്റമാകേണ്ടതാണ്.

മനുഷ്യക്കുഞ്ഞുങ്ങളോളം നിസ്സഹായരായ അവസ്ഥയിൽ, നീണ്ട വർഷങ്ങളിലെ വൈകാരികവും സാമ്പത്തികവും സാമൂഹികവും ആയ ആശ്രിതത്വം പുലർത്തേണ്ട അവസ്ഥയിൽ മറ്റൊരു ജീവിവർഗ്ഗത്തിൻറെയും സന്താനങ്ങൾ ഉണ്ടാകുന്നില്ല.

മനുഷ്യക്കുഞ്ഞുങ്ങൾക്ക് സാമാന്യം ഭേദപ്പെട്ട രീതിയിൽ വളർന്നു വലുതാകാൻ ഒരുപാട് കാര്യങ്ങൾ വേണം. ശാരീരികവും മാനസികവും വൈകാരികവുമായ മിനിമം സുരക്ഷിതത്വമെങ്കിലും അവർക്ക് അത്യാവശ്യമാണ്.

തൻറെ ശരീരം തൻറെയാണെന്ന് പോലും കുഞ്ഞുങ്ങൾക്ക് ശരിക്കും അറിയില്ല. എന്നിട്ടു വേണമല്ലോ അതിന്മേൽ നടക്കുന്ന ചൂഷണത്തിൻറെ ആഴം അവരറിയാൻ..

മിഠായി മുതൽ ബിരിയാണി വരെ... കളിപ്പാട്ടം മുതൽ വെറുതെ നടക്കാൻ കൊണ്ടു പോവുന്നതുവരെ.. റിബൺ മുതൽ കഥ പറഞ്ഞുറക്കുന്നതു വരെ...

എത്രയോ എത്രയോ ആരുമറിയാത്ത ആരും ഒരിക്കലും സംശയിക്കാത്ത അവസരങ്ങൾ.. സ്നേഹ വാൽസല്യപ്രകടനങ്ങൾ..

വേദനയില്ലെങ്കിൽ പല അസ്വാഭാവിക അസ്വസ്ഥതകളും കുഞ്ഞുങ്ങൾ സഹിക്കും. സംഭവിക്കുന്നത് എന്താണെന്ന് അവർ അറിയില്ല..

വേദനിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയും, അവർക്ക് പനി വരും, സംസാരിക്കുമ്പോൾ വിക്കും, പേടിസ്വപ്നം കാണും.

അപ്പോഴാണ് നീചമനസ്സുകൾ പറഞ്ഞു തുടങ്ങുന്നത്

'കുറുമ്പ് കാണിച്ചപ്പോൾ രണ്ടടി കൊടുത്തു. വേറൊന്നും ഉണ്ടായിട്ടില്ല. ഞാൻ കുഞ്ഞിൻറെ ഇന്ന ആളല്ലേ... കുഞ്ഞിനെ നല്ല സ്വഭാവം പഠിപ്പിക്കാൻ എനിക്കവകാശമില്ലേ...ഞാൻ അങ്ങനൊക്കെ മോശമായി നമ്മുടെ കുഞ്ഞിനോട് പെരുമാറുമോ..'

ഉടനെ എല്ലാവരും സമ്മതിക്കും. 'നല്ല കുട്ടിയായി വളരണ്ടേ..അതിനല്ലേ. ഒരടി കൊടുത്താലെന്താ..അവകാശമുണ്ടായിട്ടല്ലേ..'

കുഞ്ഞുങ്ങൾ മൗനത്തിന്റെ കൂടന്വേഷിക്കും. അവിടെയുമിവിടെയും അപ്രസന്നരായി കുത്തിയിരിക്കും. അവരെ ആരും ശരിക്കും അറിയുന്നില്ലെന്ന്, അവർക്ക് അവരെ പറഞ്ഞു വെളിപ്പെടുത്താനാവുന്നില്ലെന്ന് കുഞ്ഞുങ്ങൾ ദണ്ണപ്പെടും..

ഈ ഘട്ടം കഴിയുമ്പോഴേക്ക് നീചമനസ്സുകൾ കൂടുതൽ മുന്നോട്ടേക്ക് നീങ്ങുകയാവും. അവർക്ക് ധൈര്യമായി. തിരുമണ്ടരായ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പാവം കുഞ്ഞുങ്ങളുടെ ദണ്ണം അറിയാനായിട്ടില്ല.

അവർ കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തും. 'ആരോടെങ്കിലും മിണ്ടിയാൽ കൊല്ലും.. നിൻറമ്മേ കൊല്ലും..അച്ഛനെ കൊല്ലും..'

കുഞ്ഞുങ്ങൾ പേടിച്ച് വിറയ്ക്കും... അവർ സംസാരിക്കില്ല.. അല്ലെങ്കിൽ വേദനിക്കുന്നിടം ആരും അമ്മ പോലും തൊടണ്ട എന്നു പറയും.. വയറു വേദനിക്കുന്നു... പേടിയാകുന്നു ... നെഞ്ചത്ത് വേദനിക്കുന്നു എന്നൊക്കെ പറയും..

ആശുപത്രിയിൽ പോവേണ്ടി വരികയോ ടീച്ചർമാരോ മറ്റാരെങ്കിലുമോ അറിയുകയോ ചെയ്തു കാര്യങ്ങളിൽ
സംശയമുണ്ടാവുമ്പോഴും നീചമനസ്സുകൾ നിഷ്കളങ്കതയുടെ ഏത്തമിട്ടു കാണിച്ച് നല്ലവരാകും.

'ഞാൻ ചെയ്തിട്ടേയില്ല... കുഞ്ഞിനെ എപ്പോഴും സ്നേഹിക്കുകയും വാൽസല്യപ്പെടുത്തുകയുമേ ചെയ്തിട്ടുള്ളൂ.'

അപ്പോൾ നമ്മുടെ നാട്ടിൽ, മാതാപിതാക്കളിൽ, ബന്ധുക്കളിൽ ഒക്കെ ആധി കയറുകയായി. ഒരു പെൺകുട്ടി അല്ലേ... ഇങ്ങനെയൊക്കെ ഉണ്ടായി എന്നു ലോകരറിഞ്ഞാൽ നല്ല കല്യാണം നടക്കുമോ നാളേ... പെൺകുട്ടി വീട്ടിലിരുന്നു പോവില്ലേ..

അപ്പോൾ കുഞ്ഞുങ്ങളോട് എല്ലാവരും കൂടി ഉപദേശിക്കും. സമാധാന പ്പെടുത്തും..

'പോട്ടേ, ചക്കരേ... മക്കൾക്ക് തോന്നിയതാവും. ആ മാമൻ ,ആ ആള്, അച്ഛൻ, ആ മാഷ്, ആ .. ആ... അങ്ങനൊന്നും ചെയ്യില്ല.. മക്കൾക്ക് വെറുതെ തോന്നിയതാവും...'

കുഞ്ഞുങ്ങൾക്ക് നുണയും സത്യവും തമ്മിൽ കുഴയും.. സ്വപ്‌നവും കാഴ്ചയും തമ്മിൽ ഉരുണ്ടു മറിയും...ശബ്ദവും മൗനവും തമ്മിൽ തെറ്റും.

പിന്നെ നമ്മുടെ സമൂഹത്തിൻറെയും കൂടി നീചമായ ഉത്തരവാദിത്തത്തിൽ സംഭവിക്കുന്ന നീചമനസ്സുകളുടെ അതിരില്ലാത്ത ആത്മവിശ്വാസത്തിൻറെ ആകാശപ്പറക്കലുകളാണ്..

അതിൽ ഒന്നുകിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടും..

അല്ലെങ്കിൽ പരാതിയും കേസുമാകും.

കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടാൽ സമൂഹത്തിൽ ആശ്വാസമാണ്.. മരിച്ചുവല്ലോ. എണീറ്റു വന്ന് ഒന്നും വിളിച്ചു പറയില്ലല്ലോ.

മരിച്ചില്ലെങ്കിൽ കേസ് അന്വേഷിക്കുന്ന പോലീസ്, പട്ടാളം, ഗവൺമെന്റുകൾ, നിയമം, മാധ്യമങ്ങൾ എല്ലാവരും ചേർന്ന് ഉറക്കെ ഉറക്കെ അലറും

'കുഞ്ഞുങ്ങൾ ശരിക്കും കാര്യങ്ങൾ പറയുന്നില്ല.. വൈരുദ്ധ്യം ഉണ്ട്. മാതാപിതാക്കൾ പണം തട്ടാൻ വേണ്ടി ചമച്ച കള്ളക്കേസാണ്.... അമ്മയച്ഛന്മാർ അറിഞ്ഞുകൊണ്ട് നടന്നതാണ്.. നേരത്തേ തന്നെ കാര്യങ്ങൾ പറയേണ്ടതായിരുന്നില്ലേ. അമ്മേം അച്ഛനും കൂടീ വഴക്കാണ്. അമ്മ അച്ഛനെ കുടുക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കിയ കേസ്സാണ്.അച്ഛനെതിരേ പരാതിപ്പെട്ട അമ്മക്ക് മാനസിക പ്രശ്നമുണ്ട്.'

പൊതുസമൂഹത്തിന് അതോടെ സമാധാനമായി.കാര്യങ്ങൾക്ക് ഒരു തീർച്ച വന്നല്ലോ. വെറുതെ കുറ്റമാരോപിക്കപ്പെട്ട ആ മനുഷ്യനോട് മാപ്പു പറയണം കുഞ്ഞുങ്ങളുടെ ഒപ്പം നിന്നവർ എന്നും പൊതുസമൂഹം ഉറപ്പിക്കും. കല്പിക്കും.

അപ്പോൾ കുഞ്ഞുങ്ങളെ ദ്രോഹിച്ച നീചമനസ്സുകൾക്കായി പലരും വലിയ അക്ഷരങ്ങളിൽ എഴുതിത്തുടങ്ങും

കുഞ്ഞ് ആസ്വദിച്ചു... കുഞ്ഞിന് സമ്മതമായിരുന്നു.. അല്ലെങ്കിൽ കുഞ്ഞിന് ഉറക്കെ ഒന്ന് ഒച്ചവെക്കാമായിരുന്നില്ലേ.. അമ്മ ശരിക്കും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടേ..

അതത് പാർട്ടികളിലെ നീചമനസ്സുകളെ അതത് പാർട്ടികളും അതത് പാർട്ടികളുടെ അനുയായികളും കൂടി സംരക്ഷിക്കും.

ഞങ്ങളാണ് അധികാരത്തിലെങ്കിൽ കുഞ്ഞുങ്ങളെ ദ്രോഹിച്ച നീചമനസ്സുകളെ മാതൃകാപരമായി ശിക്ഷിക്കും എന്നു പറയും.

മനുഷ്യരുടെ കുഞ്ഞുങ്ങൾ അതീവനിസ്സഹായരാണ്. അവർക്ക് ആരുമില്ല.

മനുഷ്യക്കുഞ്ഞുങ്ങൾ അനാഥരാണ്...

ചൊക്ളി 34


14/09/2020

ജീവതത്തില് ആദ്യേയ്റ്റാണ് ഇത്തറ സുഗം ചൊക്ളി അറീണത്. ജാനൂന് ചൊക്കേട്ടനെ ജീവൻണ്. അവളരെ അമ്മ്യാണെങ്കി മോനേന്ന് ബഗുമാനത്ത്ല് വിളിച്ചൊത്ങ്ങി നിക്കും. ലേശം പേടിച്ച് നിക്കണ പോല്യാ ചൊക്ളിക്ക് തോന്നല്. എന്തനാവോ..

ആലൂര് സെൻറരിലെ ശാരത കൊട്ടകീല് പോയി ജാനൂൻറെ കൂടെ സിന്മ കണ്ടു.. അവിടെ അട്ത്ത്ള്ള അമ്പ് ലത്ത്ലൊക്കെ പോയി. ജാനു ചൊക്കേട്ടാ ഇത് കേക്ക്, അത് കേക്ക് ന്ന് പറഞ്ഞ് നിർത്താണ്ട് വർത്താനിക്കും. കിഷ്ണമൂത്രി സാമി ഡോക്കിട്ടറോട് അവള് ഒരീസം ചോയിച്ചു ചൊക്കേട്ടൻറെ കാല് ശര്യാക്കാൻ പറ്റ്വോന്ന്. സാമി അവളെ ഒന്ന് തുറിച്ച് നോക്കി. എന്നിറ്റ് പറഞ്ഞു..

വൈയ്ന്നേരം തെരക്കാറ്മ്പോ അവനേം കൂട്ടീറ്റ് വാ..

ചൊക്ളിക്ക് പോണന്നന്നെ ഇണ്ടാർന്നില്ല.. ജാനൂൻറെ വാക്കിന് പോയി..

സാമി എന്തൊക്ക്യോ നോക്കി..കാല് കമ്ത്തീം മല്ത്തീം ഒക്കെ നോക്കി. വണ്ടി കേറീണ്ടോ കണ്ണക്കാലുമ്മേന്ന് ചോയിച്ചു. ഓർമ്മല്യാന്ന് പറഞ്ഞു ചൊക്ളി. ആര്ക്കാ അറിയ്യാ.. നടക്ക്ണ്ണത് ആദിക്കന്നേ ഇങ്ങനേണ്ണ്. വെശ്പ്പാണ് ഓർമ്മള്ളത്. പിന്നെ കാണണ്ണോര് ഒക്കെ തല്ലും.. വയ്യാത്ത കാലുമ്മേ ചവ്ട്ടും. തലേല് മേടും..

കൊറേ കാശ് ചെൽവ്ള്ള കൊർച്ച് ഓപ്റേഷം ചെയ്തോക്കിയാ ചെൽപ്പോ കാല് നന്നാവേരിക്കുന്ന് സാമി പറ്ഞ്ഞു. ഒറപ്പ് പറയ്യ്യാൻ പറ്റ്ല്ലാന്നും പറഞ്ഞു. പിന്നെ തിർവനന്തപൊരത്തൊ കോയിക്കോടോ ഒക്കേ പൂവ്വണം..ആസ്പത്തരീല് ഉമ്മിണി നാള് കെട്ക്കണം..

ചൊക്ളി ഒന്നും വേണ്ടാന്ന് പറഞ്ഞ് ഏൺട്ട് പോന്നു. രാത്രിക്ക് ലേശം എണ്ണ ചൂടാക്കീട്ട് ജാനു ചണ്ണക്കാലുമ്മേ ഉയിഞ്ഞു തരും. അതിൻറെ സുഗം വേറാര്ക്കാ അറിയ്യാ.. അത് കയിഞ്ഞാ അവള് ശരിക്കനെ സുഗിപ്പിക്കും...സന്തോയിപ്പിക്കും.. വേർപ്പില് കുതർന്ന് കെടന്ന് അവള് ചൊക്കേട്ടാന്ന് മെല്ലങ്ങെ വിളിക്കണ കേട്ട് ങ്ങനെ ഒറങ്ങലാണ് സുഗം..

രാമേട്ടനെ ചോര ശർദ്ദിച്ച്ട്ട് ജെയരാമ സാമി ഡോക്കിട്ടർടെ അരീത്ത് കൊണ്ട്വന്നാക്കീണ്ട്ന്ന് ഒരീസം ഉച്ചയ്ക്ക് പ്രാഞ്ചീസ് ഓടി വന്ന് പറയേ… ചൊക്ളീനോട്. കല്യാണം കയിഞ്ഞേപ്പിന്നെ ഒര് മാസായിറ്റും ചൊക്ളി രാമേട്ടനെ ഒന്ന് കണ്ടേര്ന്നില്ല.. പപ്പിനീനെ മൊയ്തീൻക്കേരെ അരീത്ത് ചെന്നൊന്നൻവേഷിക്കാച്ച്ട്ട് അതും ചെയ്തില്ല.. ജാനൂനെ വിട്ട്ട്ട് എങ്ങടും പോണന്നന്നെ തോന്നിയേര്ന്നില്ല.

കൈയ്യോട്ടും വലിച്ചെറിഞ്ഞ് പ്രാഞ്ചീസിൻറെ ഒപ്പം ചൊക്ളീം ഓടി സാമീരെ മഡത്തില്ക്ക്.

സാമി.. ഡോക്കിട്ടർടെ കൊഴലും കഴ്ത്തല് വലിച്ചിട്ട് നിക്കണ കണ്ടപ്പളേ പ്രാഞ്ചീസ് 'ചതിച്ചോ സാമീന്ന് 'ഒറക്കെ ഓളീട്ടു..

സാമി ഒന്നും പറഞ്ഞില്ല. പ്രാഞ്ചീസിൻറെ തോളത്ത് ഒന്ന് കൈവെച്ചു. അതന്നേ.

രാമേട്ടൻ കണ്ണടച്ച് ഒറങ്ങണപോലെ കെടക്കാര്ന്നു. കുപ്പായത്തിലും ചുട്ടി തോർത്തിലും ചോര തെറിച്ച് വീണ്ണ്ണ്ട്.

രാമേട്ടൻ പോയി.

ചൊക്ളിക്ക് വല്ലാണ്ട് വെസനം തോന്നി. ഇയ്യ് നാട്ട്ല് വന്നേപ്പിന്നെ രാമേട്ടൻ ഒപ്പം കൂട്ടീത് പോലേ വേറാരും ണ്ടായിറ്റ്ല്ല.. ഒന്ന് മിണ്ടിപ്പറയാണ്ട് ഒര് തൊള്ളി വെള്ളം കുടിക്കാണ്ട് രാമേട്ടൻ ചത്താ പോയി..

വല്യോരു കൂട്ടം ആളോളാര്ന്ന് രാമേട്ടനെ ചോന്ന കൊടീം പൊതപ്പിച്ച് ആലൂര് സെൻറരിലെ ചൊടലേൽക്ക് കൊണ്ടോയത്. ചൊക്ളീം ചണ്ണക്കാലും വലിച്ച് ഒപ്പം നടന്നു. തൃശൂര്ന്ന് ഏതാണ്ട് വല്യ നേതാക്കമ്മാര് വരുന്ന് കേട്ടേര്ന്ന്. വന്നോന്ന് ചൊക്ളിക്ക് തിരിഞ്ഞില്ല..

രാമേട്ടന് ഒര് തുണ്ട് പറമ്പ് ണ്ടാര്ന്ന്ല്ല അത് ണ് ചൊടലേൽക്ക് കൊണ്ടോയ്ത് ന്ന് കിളി രാഗവേട്ടന്ണ് പറഞ്ഞ്ത്. ഒന്നും സൊന്തായിട്ടില്ലാത്ത ഒര് മാർക്കിസ്റ്റ് കാരനാരുന്നൂന്ന് രാമേട്ടൻ. എല്ലാര്ക്കും വേണ്ടി ജീവിച്ച്.. അങ്ങ്നത്തോരെ ഒന്നും പാർട്ടിക്കന്നെ വേണ്ട..പിന്നീന് മറ്റ്ള്ളോര്ക്ക് വേണ്ടത്… ആ ജമ്മം അങ്ങിനെ തീർന്ന്..

എല്ലാം കേട്ട്ട്ട് ചൊക്ളിക്ക് ആകനെ ഒര് ശാസം വെലങ്ങേര്ന്ന്..

( നോവൽ തുടരും )

Thursday, September 10, 2020

കോവിഡ് - ലാറിബേക്കറുടെ പ്രസക്തി

                                                 


കോവിഡ് കാലത്തും കോവിഡ് അനന്തര കാലത്തും ലാറിബേക്കറുടെ പ്രസക്തി

ഗാന്ധിജിയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലേ എന്ന് തർക്കിക്കുന്നതു പോലെയാണ് ലാറിബേക്കറുടെ പ്രസക്തി ഇപ്പോൾ ഇല്ലാതായില്ലേ എന്ന ചോദ്യവും. ഗാന്ധിജി ജീവിച്ചിരുന്ന കാലത്തും മരിച്ചതിനു ശേഷവും ഇത്തരം ഒരു ചോദ്യം അദ്ദേഹത്തെപ്പറ്റി നിലവിലുണ്ടായിരുന്നുവല്ലോ. എന്തിന്, അത് ഇന്നും ഉണ്ടല്ലോ...

എൻറെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ലാറിബേക്കറെ പരിചയപ്പെട്ട മുപ്പത്തിരണ്ട് വർഷം മുമ്പേ നിലനിന്നിരുന്ന ഒരു വാദമാണ് ലീക്കി ബേക്കർ എന്ന പരിഹാസപ്പേരുമിട്ട് ലാറിബേക്കറിൻറെ കെട്ടിടനിർമ്മാണ രീതികൾക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് പറയുന്നത്. പ്രശസ്തരായ ആർക്കിടെക്റ്റുമാരും സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ അധ്യാപകരും ഈ വാദം ഉന്നയിക്കുന്നത്, ന്യായങ്ങൾ നിരത്തുന്നത് ഞാൻ കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ലാറിബേക്കർ മരിച്ചു പോയതിനു ശേഷവും ഈ ചോദ്യം ഇപ്പോഴും ചോദിക്കപ്പെടുന്നു.

അന്നു കേട്ടിരുന്ന വാദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്നും തന്നെ ഇപ്പോഴും ആരും പറയുന്നില്ല എന്ന് തന്നെയാണ് എൻറെ അനുഭവം.

ബേക്കർ പരിചയപ്പെടുത്തിയത് ഒരു കെട്ടിടനിർമ്മാണ രീതി മാത്രമല്ല. അതൊരു ബൃഹത്തായ ജീവിതപദ്ധതിയാണ്. ആ അർഥത്തിൽ അതിനെ കാണാൻ പഠിക്കുക എന്നത് അദ്ദേഹത്തിന്റെ കെട്ടിട നിർമ്മാണ രീതീയെ മനസ്സിലാക്കാൻ ഒരു പക്ഷേ, സഹായകരമായിരിക്കും.

ടെക്‌നോളജിയുടെ അനന്തസാധ്യതകളെ ധനികരുടെ ധൂർത്തിനായി യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുക എന്നതാണ് മനുഷ്യവംശം എല്ലാ കാലത്തും ചെയ്തു പോന്നിട്ടുള്ളത്. എല്ലാ മേഖലയിലും ഏറ്റവും മേന്മയേറിയത് എന്നും ധനികർക്കായി നീക്കിവെക്കപ്പെടുക എന്നതാണ് ചരിത്രം.

അധികാരവും മതവും ദാരിദ്ര്യത്തേയും ചൂഷണത്തേയും എല്ലാ രീതിയിലും നിലനിറുത്തുന്നതിനാവശ്യമായ പുതിയ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ എന്നും മിടുക്ക് കാട്ടിയിട്ടുണ്ട്. ആ മിടുക്ക് സാധാരണ ജനത ഒരിക്കലും തിരിച്ചറിയാൻ പാടില്ല എന്ന നിർബന്ധവും അധികാരത്തിനും മതത്തിനും എന്നും ഉണ്ട്.

എല്ലാ തരത്തിലും ചൂഷണം ചെയ്യപ്പെടുന്ന സാധാരണ മനുഷ്യരോട് ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയാണ് ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളെന്ന് പേർത്തും പേർത്തും ധനികരുടെ അധികാരം ഉദ്ബോധിപ്പിക്കുന്നു. എന്നാൽ ഒരിക്കലും ആ ലക്ഷ്യത്തിൽ സാധാരണ മനുഷ്യർ എത്താതിരിക്കാനാവശ്യമായ എല്ലാത്തരം ചരടുവലികളും അതേസമയം നടത്തുകയും ചെയ്യുന്നു.

ഇവ മൂന്നും ലഭ്യമാവുമ്പോഴാണല്ലോ പിന്നെ വിദ്യാഭ്യാസം, ഗവേഷണം, ആത്മാഭിമാനം, സ്വാതന്ത്ര്യബോധം തുടങ്ങിയ അപകടകരമായ രുചിക്കൂട്ടുകൾ അധികാരസമവാക്യങ്ങളെ നിശിതമായി ചോദ്യം ചെയ്തു തുടങ്ങുക…

ഇന്ത്യൻ സാഹചര്യത്തിൽ ഗവൺമെന്റ് എഴുതിത്തള്ളുന്ന കൊടും പണക്കാരുടെ കടം പോട്ടേ, അവരിൽ നിന്ന് പിരിക്കേണ്ട നികുതി മാത്രം ശരിക്കു പിരിച്ചാൽ മതി, അനവധി കോടി മനുഷ്യർ പലതരം ഇല്ലായ്മകളിൽ നിന്ന് രക്ഷപ്പെടും.

ലാറിബേക്കർ പാർപ്പിടം നിർമ്മിക്കാൻ സഹായിക്കുന്ന വെറുമൊരു സാങ്കേതിക വിദഗ്ധൻ മാത്രമായിരുന്നില്ല. മിക്കവാറും എല്ലാവരും തന്നെ കണ്ണുമടച്ചു ധൂർത്തടിക്കുന്ന പ്രകൃതി സമ്പത്തിനെ ഏറ്റവും അത്യാവശ്യമാണെങ്കിൽ ഏറ്റവും കുറച്ചു മാത്രം ഉപഭോഗിക്കുക എന്ന പാരസ്പര്യത്തിൻറെ സന്ദേശം ജീവിതകാലം മുഴുവൻ പകരാൻ ശ്രമിച്ച ഒരു മനുഷ്യസ്നേഹി കൂടിയാണ്.

കെട്ടിട നിർമ്മാണത്തിലെ ഫാഷനുകളും ട്രെൻറുകളും മിനുക്കങ്ങളും മിനുസങ്ങളും വർദ്ധിക്കുന്നത് എപ്പോഴും കൊടും പണക്കാരുടേയും കൊടും പണക്കാരാവാൻ നോമ്പ് എടുക്കുന്ന ഇടത്തരക്കാരുടേയും കെട്ടിട നിർമ്മിതികളിലാണ്. അവരാണ് പ്രകൃതി സമ്പത്തിന് സാരമായി ശോഷണം വരുത്തി വൻസൗധങ്ങൾ തീർക്കുകയും ഇൻവെസ്റ്റ്മെൻറ് എന്ന രീതിയിൽ വൻസൗധങ്ങളെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പൂട്ടിയിടുകയും ചെയ്യുന്നത്. ഒരാൾ എന്തുമാത്രം അനാവശ്യമായി പ്രകൃതി സമ്പത്തിനെ ധൂർത്തടിക്കുന്നുവോ അത്രയധികം ആ കെട്ടിടം പ്രസിദ്ധമായീ തിരുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ അതിക്രൂരമായി വേട്ടയാടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുവാൻ ആവശ്യമായ പാർപ്പിടങ്ങൾ നിർമ്മിക്കുന്നതി
ൽ ബേക്കർ രീതികൾക്ക് അസാമാന്യമായ പാടവമുണ്ടെന്ന് ഉത്തരേന്ത്യയിൽ ലാറിബേക്കർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട്‌ കഴിച്ചു കൂട്ടിയ ഇരുപതുവർഷക്കാലം എന്നെ കൃത്യമായി പഠിപ്പിച്ചു. എൻറെ ഭർത്താവായ ആർക്കിടെക്ട് ആർ ഡി പത്മകുമാറുമൊത്ത് പത്തു വർഷം ലാറിബേക്കർ ബിൽഡിംഗ് സെൻററിലും അടുത്ത പത്തുവർഷക്കാലം കോസ്റ്റ് ഫോർഡിൻറെ ഹരിയാനയിലുണ്ടായിരുന്ന ഗുഡ്ഗാവ് ബ്രാഞ്ചിലും പ്രവർത്തിച്ച അനുഭവമാണ് ഈ ബോധ്യത്തിനു ഹേതു. എൻറെ ഭർത്താവിന്റെ മുപ്പത്തിമൂന്ന് വർഷം നീണ്ട വാസ്തുവിദ്യാ ജീവിതത്തിൽ ലാറിബേക്കർ ടെക്‌നോളജി മാത്രമേ സൈറ്റുകൾക്ക് ആവശ്യമായ പുതുക്കങ്ങളോടെ അദ്ദേഹം അനുവർത്തിച്ചിട്ടുള്ളൂ. സ്വന്തം ജോലിയിൽ മാത്രമല്ല ജീവിതത്തിലും അതെ…

അദ്ദേഹം ഡിസൈൻ ചെയ്തു നിർമ്മിച്ച ഒരേരൊരു കെട്ടിടം മാത്രമേ പൊളിച്ചുക ളഞ്ഞിട്ടുള്ളൂ. അത് അതിൻറെ ഉടമസ്ഥർ തമ്മിലുണ്ടായ അസ്വാരസ്യത്തിൻറെ ഭാഗമായിട്ടായിരുന്നു. കെട്ടിടത്തിന്റെ സാങ്കേതികപ്പിഴവ് കൊണ്ടല്ല.

കോൺക്രീറ്റ് കെട്ടിട നിർമ്മാണരംഗത്ത് കടന്ന് വന്നിട്ട് നൂറിലധികം വർഷമായില്ല. എന്നാൽ അതിന്റെ ഉറപ്പിനെപ്പറ്റി ആവശ്യത്തിലധികമുള്ള പ്രചരണം നിമിത്തം സാധാരണ മനുഷ്യർ കോൺക്രീറ്റിൻറെ ശക്തിയെക്കുറിച്ച് തികഞ്ഞ ബോധ്യത്തിലാണ്. ഇപ്പോൾ നമ്മൾ കാണുന്നുണ്ട് ഫ്ളാറ്റ് റൂഫായും ചരിഞ്ഞ റൂഫായും വാർത്ത പക്കാ കോൺക്രീറ്റ് കെട്ടിടങ്ങൾ എല്ലാം പലവർണങ്ങളിലുള്ള ഷീറ്റ് കുടകളുടെ നിഴലിൽ തല കുമ്പിട്ട് നില്ക്കുന്നത്. ചോർച്ചയും കെട്ടിടത്തിനകത്തെ ചൂടും തന്നെയാണ് ഈ പലവർണ ഷീറ്റ് കുടകൾ നിവരാൻ കാരണം.

കോൺക്രീറ്റ്, സിമൻറ്, സ്റ്റീൽ, ഗ്ളാസ്, മാർബിൾ… അങ്ങനെ വിലപിടിപ്പുള്ള കെട്ടിട നിർമ്മാണ സാമഗ്രികൾ കൊണ്ട് ചെയ്യുന്ന, പണം കോരിയൊഴിച്ചുണ്ടാക്കുന്ന, കെട്ടിടങ്ങളുടെ സാങ്കേതികപ്പിഴവുകൾ നമ്മൾ അങ്ങനെ നിശിതമായി ഓഡിറ്റ് ചെയ്യില്ല. കാരണം അത് കൊടും പണക്കാരുടെ വ്യവസായവും കരാറും ഉത്പന്നങ്ങളുമാണ്. എന്നാൽ ലാറിബേക്കർ ഉപയോഗിച്ച, അദ്ദേഹത്തിന്റെ അനുയായികൾ ഉപയോഗിക്കുന്ന ചുടുകട്ട, വെട്ടുകല്ല്, മണ്ണിഷ്ടിക, കുമ്മായം, മുള, ഓട്, പുനരുപയോഗ്യമായ എന്തും ഏതും കെട്ടിടനിർമ്മാണത്തിൻറെ ബലക്കുറവിനെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെപ്പറ്റി നമ്മൾ കനപ്പെട്ട പുസ്തകങ്ങൾ തന്നെ രചിച്ചേക്കും.

ഒരു പ്രകൃതി സ്നേഹി എഴുതിയത് വായിച്ചിരുന്നു. ലാറിബേക്കർ കേരളത്തിലെ നെൽകൃഷി നശിപ്പിക്കാനായി വിദേശ ഫണ്ട് പറ്റി ഇവിടെ ജീവിക്കുന്ന ഒരു സാങ്കേതിക വിദഗ്ധനാണെന്ന്… കാരണം കേരളത്തിലെ നെല്പാടങ്ങൾ മുഴുവൻ ഇഷ്ടികക്കളമാക്കി തീർത്തത് ബേക്കറിൻറെ സിമൻറ് പൂശാത്ത കെട്ടിടനിർമ്മാണ രീതിയാണെന്ന്. സിമൻറ് പൂശിക്കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികക്കെട്ടിടങ്ങളുടെ എത്ര കുറച്ചു ശതമാനം മാത്രമേ വരൂ ബേക്കർ രീതിയിൽ പണിത കെട്ടിടങ്ങൾ!!!. ഒരിക്കലും നെല്പാടത്തെ മേല്മണ്ണ് എടുത്തല്ല ചുടുകട്ട ഉണ്ടാക്കുന്നതും. കൃഷി യുടെ കോർപ്പറേറ്റ് വല്ക്കരണമാണ് കർഷകൻറെ നടു ഒടിക്കാൻ തുടങ്ങിയത്. അക്കാര്യം നമ്മൾ സൗകര്യപൂർവം മറന്നുകളയും.

തദ്ദേശീയമായി ലഭ്യമാകുന്ന കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായി ഡിസൈൻ ചെയ്ത്‌ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പരമാവധി പ്രകൃതി ചൂഷണം കുറച്ച് വാസസ്ഥലം പണിയാനാണ് ബേക്കർ പറഞ്ഞത്. പഠിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് മതഗ്രന്ഥങ്ങൾ പോലേയോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പോലേയോ കാറ്റും വെളിച്ചവും കയറാൻ പാടില്ലാത്ത വാചകങ്ങൾ അല്ല.
അത് അങ്ങനെയാണെന്ന് വാശി പിടിക്കുകയും ഇടത്തരമോ അതിലും കുറഞ്ഞതോ ആയ ഉൾക്കാഴ്ചയോടെ കെട്ടിടങ്ങൾ സംവിധാനം ചെയ്യുകയും ചെയ്താൽ ആ കെട്ടിടങ്ങൾക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് ലാറിബേക്കർ ഒരിക്കലും ഉത്തരവാദിയാകുകയില്ല.

ചുടുകട്ട, വെട്ടുകല്ല്, കാട്ടുകല്ല്, കരിങ്കല്ല്, സാൻഡ് ലൈം ബ്രിക്, ഫ്ളൈ ആഷ് ബ്രിക്, പാറപ്പൊടി, കുമ്മായം, മണ്ണ്, മണല്, സാൻഡ് സ്റ്റോൺ, സ്ലേറ്റ്, കോട്ടാസ്റ്റോൺ,കടപ്പക്കല്ല്, ബാംബൂ പ്ളൈ, പഴയതും പുതിയതുമായ തടികൾ, പന, പച്ചക്കറികളും പഴങ്ങളും പാക്ക് ചെയ്തു വരുന്ന പീഞ്ഞപ്പെട്ടി, കേടായ ട്രങ്ക് പെട്ടി, മുള, തെങ്ങ്, ഓല, പനയോല, പൊട്ടിയ ഗ്ളാസ് പീസുകൾ, ഉടഞ്ഞ ടൈലുകൾ, തറയോടുകൾ, ഉടഞ്ഞ സിറാമിക് പാത്രങ്ങൾ, കാറ്റാടിക്കഴകൾ, സിർക്കൊണ്ട പുല്ലുകൾ ഇതൊക്കെയും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ബേക്കർ രീതിയിൽ കെട്ടിടങ്ങൾ പണിയുമ്പോൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുന്നതിൽ യാതൊരു നിരോധനരേഖയും ബേക്കർ രീതിയിൽ ഇല്ല.അനാവശ്യമായ ഊർജ്ജോപഭോഗം നടത്തി നിർമ്മിക്കുന്ന കെട്ടിടനിർമ്മാണ പദാർത്ഥങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ മാത്രമേ ബേക്കർ നിർദ്ദേശിച്ചിട്ടുള്ളൂ. അതിൻറെ കാരണം ഊർജ്ജം എന്നത് സദാ കുറഞ്ഞുകൊണ്ടിരിക്കുന്ന അലഭ്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നതാണ്. ഇന്ത്യൻ ജീവിത പരിതസ്ഥിതിയിൽ പ്രത്യേകിച്ചും അതങ്ങനെയാണ്. ഒരു തരത്തിലുള്ള ഊർജോപഭോഗവും സാധിക്കാത്ത മനുഷ്യരുണ്ട്… സിംഗാഡ എന്ന കുളവാഴ പോലേയുള്ള സസ്യത്തിന്റെ കായ് വെയിലത്തിട്ട് ഉണക്കി കല്ലുകൊണ്ട് ഇടിച്ചുപൊടിച്ച് ആ പൊടി പച്ചവെളളത്തിൽ കലക്കി കുടിച്ച് ജീവൻ നിലനിറുത്തുന്ന മനുഷ്യരുണ്ട് ഇന്ത്യയിലിന്നും. ആഹാരം പാകം ചെയ്യാൻ ആവശ്യമായ ഊർജ്ജം പോലും അലഭ്യമായ മനുഷ്യർ ജീവിച്ചിരിക്കുന്ന നമ്മുടെ രാജ്യത്ത് അനാവശ്യമായ ഊർജ്ജോപഭോഗം ക്രിമിനൽ കുറ്റം തന്നെയാണ്. കാർബൺ എമിഷൻ കൂടുന്ന രീതിയിൽ ഏതു തരം ഊർജ്ജോപഭോഗം ചെയ്യുന്നതും ഭൂമിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും നമ്മൾ അറിയണം.

ബേക്കർ കെട്ടിടങ്ങൾക്ക് ഇരുപത്തഞ്ച് വർഷമേ ആയുസ്സുള്ളൂ എന്ന പ്രചാരണമാണ് അടുത്തത്. അത് തെറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തിരുവനന്തപുരത്തു തന്നെ സി ഡി എസ് കെട്ടിട സമുച്ചയം തലയുയർത്തി നില്ക്കുന്നുണ്ട്. ഇരുപത്തഞ്ചു വർഷത്തിനപ്പുറം കെട്ടിടങ്ങൾ അവയുടെ ഫാഷനും ശൈലിയും ലക്ഷ്യവും മാറ്റാൻ താത്പര്യപ്പെടുമെന്ന ബേക്കർ വാക്കുകളെ ഇങ്ങനെ കെട്ടിടത്തിന് ആയുസ്സില്ലെന്ന് പറഞ്ഞു പരത്തുന്നതിൽ സാധാരണ കെട്ടിട നിർമ്മാണ ലോബിക്ക് വലിയ പങ്കുണ്ട്. മാറ്റങ്ങളോട് എന്നും മുഖം തിരിച്ചു നില്ക്കാറുള്ള പൊതുസമൂഹത്തിനും പങ്കുണ്ട്. അച്ഛനുണ്ടാക്കിയ വീട്ടിൽ, മകൻ വളർന്ന് ഇരുപത്തഞ്ചു വയസ്സാവുമ്പോഴേക്ക് ചില അഡീഷൻസ് ആൻഡ് ആൾട്ടറേഷൻസ് വേണ്ടി വന്നേക്കാം. അങ്ങനെ ആ വീടൊരു പുതിയ ഭാവം സ്വീകരിക്കാം. നൂറു വർഷത്തേക്ക് ഏകതാനമായി മനുഷ്യ രുടെ ചലനങ്ങളേയും അഭിരുചികളേയും നിയന്ത്രിക്കുന്ന ഒരു നിശ്ചല നിർമ്മിതിയല്ല വീട്. അത് അതിൽ ജീവിക്കുന്ന മനുഷ്യരെപ്പോലെ ജീവാത്മകമായ ഒരു സത്തയാണ്. ചലനമുള്ള വീടിന്റെ ജീവൽസത്തയെ ഇരുപത്തഞ്ചു വർഷത്തിൻറെ ആയുസ്സായി കുറച്ചു കാണുന്നത് അറിവില്ലായ്മയാണ്… തെറ്റുമാണ്.

ബേക്കർ വീടുകൾക്ക് മെയിൻറനൻസ് ചെലവ് കുറവാണെങ്കിലും ഏതു കെട്ടിടത്തിനും അത്യാവശ്യമായ മെയിൻറനൻസ് അവക്കും ചെയ്യണം. വീട് പണിതു കഴിഞ്ഞാൽ പിന്നെ അതിൽ അങ്ങ് പാർത്തോണ്ടാൽ മതി യാതൊന്നും അന്വേഷിക്കേണ്ട എന്ന് അർഥമില്ല. അഥവാ അന്വേഷിക്കേണ്ടി വന്നാൽ അത് ബേക്കർ വീടു നിർമ്മാണ പദ്ധതികളുടെ വീഴ്ചയാണെന്നും അർഥമില്ല.

ബേക്കർ കെട്ടിട നിർമ്മാണ രീതിയിൽ പണിക്കാർ ഏറെ പ്രധാനമാണെന്നും അവരുടെ കൂലി അധികച്ചെലവാണെന്നുമാണ് മറ്റൊരു വാദം. കൃഷി കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയും യഥാർത്ഥ കർഷകർ അഭയാർത്ഥികളായി അലയുകയും ചെയ്യുന്നതു പോലെ കെട്ടിട നിർമ്മാണം കോർപ്പറേറ്റുകളുടെ കൈയിലാവുമ്പോൾ പണിക്കൂലിയിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ലാഭം ആർക്കാണ് കിട്ടുക.? വൻകിട കെട്ടിടനിർമ്മാണക്കമ്പനികൾ തടിച്ചുകൊഴുക്കുമെന്നല്ലാതെ എന്താണ് അതിലുള്ള പ്രയോജനം.? നല്ലവണ്ണം ജോലി ചെയ്യാനറിയാവുന്ന കെട്ടിടനിർമ്മാണത്തൊഴിലാളികൾക്ക് വരുമാനം ഉണ്ടാകുകയല്ലേ വേണ്ടത്?. അതല്ലേ ശരി?.

പ്രത്യേക വൈദഗ്ധ്യം ഉള്ള പണിക്കാർക്ക് മാത്രമേ ബേക്കർ നിർമ്മാണം വഴങ്ങൂ എന്നൊരു പ്രചാരണമുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലാറിബേക്കർ നിർമ്മിതികൾ ചെയ്തതിൻറെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുറപ്പിച്ചു പറയാം.. ഇതൊരു വ്യാജപ്രചാരണമാണ്. അർദ്ധ പട്ടിണിക്കാരായ ആ കെട്ടിടനിർമ്മാണ ത്തൊഴിലാളികൾ കൂടിപ്പോയാൽ ഒരാഴ്ച സമയം കൊണ്ട് എല്ലാ വിദ്യകളും സ്വായത്തമാക്കാറുണ്ട്. പലപ്പോഴും കേരളീയരായ പണിക്കാരെ സ്വന്തം കഴിവുകൊണ്ട് ബഹുദൂരം പിന്നിലാക്കുന്നതും കണ്ടിട്ടുണ്ട്.

ലാറിബേക്കർ കെട്ടിട നിർമ്മാണ രീതിയുടെ ബൃഹത്തായ ജീവിത പദ്ധതിയിൽ കൂടി ബോധ്യമുള്ളവരാകണം ആ രീതി പിൻതുടരുന്ന സാങ്കേതിക വിദഗ്ദ്ധർ. തങ്ങൾ അനുവർത്തിക്കുന്ന നിർമ്മാണ രീതിയിൽ പൂർണമായും വിശ്വാസമുള്ളവർ. ഓരോ ദിവസവും തങ്ങളുടെ അറിവിന്റെ മേഖലയെ വിപുലപ്പെടുത്താൻ മാനസികമായി ഒരുക്കമുള്ളവർ. പ്രയത്നിക്കാൻ തയാറുള്ളവർ. അവർക്കാണ് ഇത്തരം കെട്ടിട നിർമ്മാണത്തിൻറെ സാമൂഹിക പ്രാധാന്യത്തേയും ആവശ്യകതയേയും പറ്റി കെട്ടിടം പണിയാൻ ആഗ്രഹിക്കുന്നവരെ ശരിയായ രീതിയിൽ നയിക്കാൻ കഴിയുക.

ലാറിബേക്കർക്ക് അധികം നേർശിഷ്യരുണ്ടാവാൻ വയ്യ. അദ്ദേഹം അത്തരം ഒരു ഗുരു ചമയാനോ കൾട്ട് ഉണ്ടാക്കാനോ അനുയായികളാൽ വലയം ചെയ്യപ്പെടാനോ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. എങ്കിലും ലാറിബേക്കറെ കണ്ടു, കേട്ടു, ഷേക്ക് ഹാൻഡ് ചെയ്തു, ഒന്നിച്ചു ചായ കുടിച്ചു എന്നതിൻറെ പേരിൽ അദ്ദേഹത്തിന്റെ ഒരേയൊരു ശിഷ്യൻ, മാനസപുത്രൻ, ബേക്കറിൻറെ പേരിൽ അറിയപ്പെടുന്ന തെല്ലാം സത്യത്തിൽ എൻറെ ആവിഷ്ക്കാരങ്ങളാണ് എന്നൊക്കെ പേരു പറഞ്ഞു വലുപ്പം ചമയുന്നവരേയും കാണാനിടവന്നിട്ടുണ്ട്.

കേരളത്തിൽ കോസ്റ്റ് ഫോർഡിൻറെ ആരംഭകാലം മുതൽ ബേക്കർ സാങ്കേതികതയെ പിന്തുടരുകയും അറിവു വർദ്ധിച്ചു വരുന്തോറും കൂടുതൽ സംഭാവനകൾ ആ സാങ്കേതികതയിലേക്ക് നല്കുകയും ചെയ്തവരാണ് ജയ്ഗോപാൽ, ലത, സാജൻ, ശൈലജ എന്നീ ആർക്കിടെക്ടുമാർ. അവർക്കൊപ്പം കെ. പി. ജോർജ്, വനമാല, ഉഷാ നാരായണസ്വാമി, ദേവപ്രിയൻ, ദിലീപ്, സ്കന്ദകുമാർ, സരിത, ശാന്തിലാൽ, ശശികുമാർ, ഇന്ദിര അങ്ങനെ അനവധി സാങ്കേതിക വിദഗ്ധർ മുപ്പതോളം വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

പുതിയ തലമുറയിലും മിടുക്കരായ അനവധി പേർ ബേക്കർ സാങ്കേതിക തയെ വിജയകരമായി മുന്നോട്ട് നയിക്കുന്നു. ബിജു വർഗീസ്,നിക്സൻ, അജയ് ചെറിയാൻ, സീന, സജീവ്, ആശംസ് എന്നിവർ അവരിൽ പ്രധാനികളാണ്.

ഞാൻ എഴുതിയതിലധികം പേരുകൾ വിട്ടുപോയിട്ടുണ്ടെന്ന് എനിക്ക് തന്നെ നല്ല തീർച്ചയുണ്ട്.

കേരളത്തിൽ മാത്രമായി ഒതുങ്ങി നിന്നിട്ടില്ല ലാറിബേക്കർ കെട്ടിടനിർമ്മാണ രീതികൾ. ആ സാങ്കേതിക വിദ്യ പിൻതുടരുന്നവരും കേരളത്തിൽ മാത്രമല്ല. ദില്ലി, ഹര്യാന, ഉത്തരപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ബീഹാർ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, തമിഴ് നാട്, ആന്ധ്രാ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ ലാറിബേക്കർ നിർമ്മിതികൾ വളരെ ഭംഗിയായി നടപ്പിലാക്കപ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് ആവശ്യമായ സാങ്കേതിക വിദ്യാപാടവം ഉള്ളവർ ഉണ്ടെന്നും ഞാൻ നേരിട്ടു തന്നെ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. പതിനായിരം സ്ക്വയർഫീറ്റിൻറെ ആഡംബര സൗധങ്ങൾ മുതൽ നൂറ്റമ്പത് സ്ക്വയർഫീറ്റിൻറെ കുഞ്ഞു വീടുകൾ വരെ ഉത്തരേന്ത്യയിൽ ഈ ടെക്‌നോളജി ഉപയോഗിച്ച് പണിതിട്ടുണ്ട്.

ബേക്കർ ഒരു സാങ്കേതികതയും ഉപയോഗിച്ചിട്ടില്ല എന്ന്‌ മുപ്പത് വർഷം മുമ്പേ
ആരോപിക്കുന്നവർ ഉണ്ടായിരുന്നു. ചെലവ് കുറയ്ക്കുന്നത്, അത്യാവശ്യത്തെ തിരിച്ചറിയുന്നത്, ഇന്ത്യ പോലൊരു ദരിദ്ര രാജ്യത്ത് കൂടുതൽ മനുഷ്യർക്ക് തലചായ്ക്കാനുള്ള ഇടത്തിൻറെ സാധ്യതയ്ക്കുള്ള മാർഗം നിർദ്ദേശിക്കുന്നത്, പ്രകൃതി ചൂഷണം കഴിയുന്നത്ര കുറയ്ക്കുന്നത്… ഇതൊന്നും സാങ്കേതികതയല്ലെങ്കിൽ പിന്നെന്താണ് സാങ്കേതികത ?

ഉത്തരപ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള അജയ്കുമാർ ഗർഗ് എൻജിനീയറിങ് കോളേജ് ലാറിബേക്കർ സാങ്കേതികതയുടെ അനുപമമായ നിദർശനമാണ്. അഞ്ചു ലക്ഷം സ്ക്വയർഫീറ്റ് ആണ് അവിടെ ഒറ്റ സൈറ്റിൽ പടുത്തുയർത്തിയിട്ടുള്ളത്. ലാറിബേക്കർക്കു പോലും സാധിച്ചിട്ടില്ലാത്ത ഒന്ന്. സാങ്കേതിക മികവിലും കലാപരമായ ഔന്നത്യത്തിലും ആ സ്ഥാപനം ലാറിബേക്കർ സാങ്കേതികതയുടെ തിലകക്കുറിയാകുന്നു. ലാറിബേക്കർ സാങ്കേതികത നിലനില്ക്കുമോ എന്ന് സംശയം തോന്നുന്നവർക്ക് ആ എൻജിനീയറിങ് കോളേജ് ഒന്ന് സന്ദർശിക്കാവുന്നതാണ്. പത്മകുമാറും, സിദ്ധാർത്ഥ് മിത്രയും, കോൺറാഡ് ഫെർണാണ്ടസും, പ്രദോഷ് കുമാറും, ബിപ്ളബ് തലപത്രയും ആയിരുന്നു സാങ്കേതിക വിദഗ്ധർ.

ഉത്തരേന്ത്യയിൽ വിജയകരമായി തന്നെ ബേക്കർ സാങ്കേതികതയെ അറിയുകയും നടപ്പിലാക്കുകയും ചെയ്യുന്നവരിൽ ഏറ്റവും പ്രമുഖനായ ഒരു ആർക്കിടെക്ടാണ് സിദ്ധാർത്ഥ് മിത്ര. സമീർ ജെയിൻ, നിഹാർ റെയ്ന, സഞ്ജയ് സെൻ ചൗധുരി, ദിനേശ്, ശശി, സൗമ്യ, ഗായത്രി, ജോഗീന്ദർ സിംഗ്… ഇവരെല്ലാം തന്നെ ബേക്കർ സാങ്കേതികതയിൽ സ്വന്തം കഴിവ് തെളിയിച്ചവരാണ്.

കോവിഡ് കാലത്ത് ബേക്കർ ചൂണ്ടിക്കാട്ടി യ ജീവിത പദ്ധതി അത്യാവശ്യത്തിൻറ ശാസ്ത്രം എല്ലാവരും സ്വായത്തമാക്കേണ്ടതാണ്. ഒരാൾ രോഗിയാവുന്നതിന് നമ്മളും കാരണക്കാരാണ് എന്ന് മനസ്സിലാക്കേണ്ട കാലം. ലാറിബേക്കർ എന്നും അത് പറഞ്ഞിരുന്നു. ചേരികളിൽ മനുഷ്യർ പാർക്കുന്നതിന് മാളികകളിൽ പാർക്കുന്നവരും കാരണക്കാരാണെന്ന്… വീടില്ലാത്തവർ വീടുള്ളവരുടെ കൂടി
ഉത്തരവാദിത്തമാണ്.

കോവിഡ് കാലത്തിനു ശേഷവും ലാറിബേക്കർ പറഞ്ഞതും പ്രവർത്തിച്ചതും പ്രസക്തമായിരിക്കും. നമുക്ക് അതുൾക്കൊള്ളാനുള്ള നിസ്വാർത്ഥത ഉണ്ടോ എന്നതു മാത്രമാണ് വിഷയം.

ഗവൺമെന്റ് എന്ന ഏറ്റവും വലിയ കെട്ടിടജന്മിക്ക് സ്വന്തം കെട്ടിടങ്ങൾ ലാറിബേക്കർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാനുള്ള തീരുമാനം തീർച്ചയായും കൈക്കൊള്ളാം. കെട്ടിടനിർമ്മാണ രംഗത്തെ തീവെട്ടിക്കൊള്ളക്ക് ഒരറുതി വരാൻ അത് സഹായിക്കും. പക്ഷേ, പൂച്ചയ്ക്ക് ആരു മണികെട്ടും എന്നതാണല്ലോ എക്കാലത്തേയും മില്യൺ ഡോളർ ക്വസ്റ്റ്യൻ...

ഇന്ന് കർക്കടകം ഒന്നാണ്



16/07/2020 

അപ്പോൾ ഇന്ന് കർക്കടകം ഒന്നാണ്... രാമായണം വായിക്കലാണ്..

ഞാൻ അങ്ങനെ ദിവസം നോക്കാറില്ല... എന്നാൽ നോക്കി വായിച്ചിട്ടും ഉണ്ട്. എൻറെ അമ്മയ്ക്ക് വേണ്ടി വിളക്ക് കത്തിച്ചുവെച്ച് വായിച്ചു കൊടുത്തു.

'കുട്ടി, മലയാളം പഠിച്ചത് നന്നായി.. ഭംഗിയായി വായിച്ചു തന്നല്ലോ എനിക്ക് ' എന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി.

ഭാരതീ പദാവലീ തോന്നേണം കാലേകാലേ
വാരിധി തന്നിൽ തിരമാലകളെന്ന പോലേ

എന്ന് ഞാൻ എപ്പോഴും കൊതിക്കുകയും ചെയ്യും.

ശബരിമലയിൽ കർക്കടകം ഒന്നിനും ആരുമില്ല. മാളികപ്പുറത്തമ്മയുടെ കോപമാണ്. അയ്യപ്പനും അതിന് ഒത്താശ ചെയ്യുന്നുവെന്ന് വേണം കരുതാൻ...

കഴിഞ്ഞ വർഷം ശബരിമലയുടെ പേരും പറഞ്ഞ് ഈ ദരിദ്ര രാജ്യത്തെ ഒരുപാട് പൊതുമുതൽ നശിപ്പിച്ചു. പെണ്ണുങ്ങളെ ആണുങ്ങളും പെണ്ണുങ്ങളും ചേർന്ന് അപമാനിച്ചു രസിച്ചു. പ്രളയം വന്നത് പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റാൻ നോക്കിയവരെ പാഠം പഠിപ്പിക്കാനാണെന്ന് പ്രതികാരം തുള്ളി...

അയ്യപ്പനും മാളികപ്പുറത്തമ്മയും കൂടി കൊറോണ ഇറക്കിക്കളിച്ച് സ്വൈരമായി ശബരിമലയിൽ കഴിഞ്ഞു കൂടാനായിരുന്നു പരിപാടിയെന്ന് അന്ന് ഇപ്പറഞ്ഞവർക്കൊന്നും അറിയുമായിരുന്നില്ലല്ലോ...

അയ്യപ്പൻ കൊറോണയായി അരുളിച്ചെയ്തു...

തത്വമസി എന്ന് എഴുതി വെച്ചത് ചുമ്മാ ആളെപ്പറ്റിപ്പാണല്ലേ... ആരും വരണ്ട... ഇങ്ങോട്ട്‌...

എല്ലാം ദൈവത്തിന്റെ തിരുവിഷ്ടം...

ആരാധനാലയങ്ങൾ വിശ്വാസികൾ നോക്കി നടത്തട്ടേ.


15/07/2020 

ആരാധനാലയങ്ങൾ വിശ്വാസികൾ നോക്കി നടത്തട്ടേ. ജനായത്ത സർക്കാർ ആ വഴിക്ക് പോവുകയേ വേണ്ട. ആരാധനാലയങ്ങളുടെ സ്വത്ത്, മഹത്വം, പൂജാ ഫലം, വിശ്വാസം, ആചാരം... അങ്ങനെ കാക്കത്തൊള്ളായിരം കാര്യങ്ങൾ ഉണ്ട്. അതൊക്കെ വിശ്വാസികൾ ഉഷാറായി ചെയ്തോളും. അതിനുള്ള മിടുക്കും കഴിവും സംഘടനാബലവും ധനവും പിന്നെ അചഞ്ചലമായ ഭക്തിയും ഒക്കെ വിശ്വാസികൾക്കുണ്ട്

സർക്കാർ ജനജീവിതം സുഗമമായി പോവാൻ വേണ്ട കാര്യങ്ങൾ മാത്രം ചെയ്താൽ മതി.. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുഗതാഗതം, നിയമ നടത്തിപ്പ്, നികുതി പിരിവ്, ലിംഗസമത്വം, അഴിമതി ഇല്ലാത്ത ഭരണം.. ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുക..

ആരാധനാലയങ്ങൾക്ക് നല്കുന്ന വെള്ളം, വെളിച്ചം ഇതിൻറെയൊക്കെ പണം കൃത്യമായി വസൂലാക്കുക, ആരാധനാലയങ്ങളുടെ സ്വത്തിന് കാവൽ നില്ക്കുന്ന ഏർപ്പാട് നിറുത്തുക, ഘോഷയാത്രകൾക്ക് പോലീസ് അകമ്പടി ഇല്ലാതാക്കുക, രാവിലെയും വൈകുന്നേരവും ഉൽസവകാലത്തും മൈക്ക് വെച്ചലറുന്നത് ആരാധനാലയങ്ങളുടെ അതിർത്തികളിൽ ഒതുക്കി നിറുത്തിക്കുക, പ്രധാന പാതകൾ ഉൽസവാഘോഷങ്ങൾക്കായി ഉപയോഗിക്കുമ്പോൾ പൊതുജനങ്ങളുടെ യാത്രക്ക് മറ്റു വഴികൾ ഒരുക്കാൻ ആരാധനാലയങ്ങളെ നിയമം മൂലം പ്രേരിപ്പിക്കുക, പ്രധാനപാതകൾ മുടങ്ങുന്നതിലേക്കായി ഒരു നികുതിയും ആരാധനാലയങ്ങളിൽ നിന്ന് പിടിച്ചെടുക്കുക.

ആരാധനാലയങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും സർക്കാർ കൈ കടത്തരുത്. പെണ്ണുങ്ങളെ കയറ്റില്ല... കുട്ടി മൂത്രമൊഴിച്ചാൽ പുണ്യാഹം തളിക്കണം തുടങ്ങിയ മനോഹരമായ ആചാരങ്ങൾ.. അതൊക്കെ പാലിച്ച് ശുദ്ധവൃത്തിയോടെ പോവാൻ പറ്റുന്ന ഭക്തരും വിശ്വാസികളും മാത്രം പോയിട്ടു വരട്ടേ...

അപ്പോൾ പുതിയ പുതിയ ആചാരങ്ങൾ വരും ... കാലഹരണപ്പെട്ട ആചാരങ്ങൾ കൂടി അഹമഹമികയാ കടന്നു വരും.

പക്ഷേ, ആരാധനാലയത്തിനിപ്പുറത്ത് ഒരിഞ്ചു ഭൂമിയിൽ പോലും ഇത്തരം വേർതിരിവുകൾ പുലരാൻ സർക്കാർ സമ്മതിക്കരുത്. പെണ്ണുങ്ങളെ ബസ്സീന്ന് ഇറക്കി വിടുക, ട്രെയിനിലെ സീറ്റിൽ നിന്ന് എഴുന്നേല്പിച്ചു ഓടിക്കുക, റിസർവ്ഡ് സീറ്റാണെന്ന് പറയുന്ന പെണ്ണിൻറെ തലയ്ക്ക് മുകളിൽ ഭക്തർ ഷഡ്ഡി കഴുകിത്തൂക്കി അതിലെ വെള്ളം ഇറ്റു വീഴുമ്പോൾ ഗതികെട്ട പെണ്ണ് എണീറ്റു പോവേണ്ടി വരിക... ഇങ്ങനെ ഭക്തരുടെ ഭക്തി അഹങ്കാരം പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചാൽ സർക്കാർ കർശനമായി ഇടപെടണം. ആരാധനാലയങ്ങളിൽ രാജ്യദ്രോഹം, കള്ളക്കടത്ത്, മറ്റു തിന്മ കൾ ഇവ നടക്കുന്നുണ്ടൊ എന്നറിയാൻ ഷാഡോ പോലീസിൻറെ സഹായം സർക്കാർ സ്വീകരിക്കണം.

അഹം ബ്രഹ്മാസ്മി,തത്വമസി, നിന്നെപ്പോലെ നിൻറെ അയല്ക്കാരനെ സ്നേഹിക്കുക, അയലത്തുള്ളവൻ പട്ടിണി കിടക്കുമ്പോൾ നീ മൃഷ്ടാന്നം ഭുജിക്കരുത് എന്നൊക്കെ പറേന്നുവെന്നേയുള്ളൂ. അതൊന്നും അങ്ങനെയല്ലെന്ന് ഈ പറയുന്നവർക്കെല്ലാം അറിയാം.

ജനായത്ത സർക്കാർ നീതിപൂർവകമായ സമത്വത്തിലൂന്നിയ ഭരണത്തിനു വേണ്ടി നിലകൊണ്ടാൽ മതി.

ആരാധനാലയങ്ങളെ വിശ്വാസികൾ നടത്തിക്കൊള്ളട്ടെ. സർക്കാർ അവയെ വിട്ട് കൈ കഴുകേണ്ട കാലം അതിക്രമിച്ചു....