Friday, June 7, 2019

അമ്മച്ചിന്തുകൾ 3

                                                     
ബ്രാഹ്മണ അല്ലെങ്കിൽ സവർണ ലൈംഗികതയെ പറ്റി പറയുമ്പോൾ അതിലൊരു ദൈവീകതയും ആത്മീയതയും കൂട്ടിക്കലർത്തിയാണ് സാധാരണ അവതരിപ്പിക്കുക. അത് കേൾക്കുമ്പോൾ നല്ല തമാശയാണ്. 'നല്ല നേരം വന്തത്, അവർ അപ്പോത് ശെയ്തു വിട്ടാർ'... എന്നാണ് പ്രയോഗം. 'അല്ലാട്ടി എപ്പോതും ജപവും തപവും താൻ' ഇങ്ങനെ ബ്രാഹ്മണ ലൈംഗികതയെ വാഴ്ത്തുക സ്ത്രീകളുടെ കുലധർമ്മമായിരുന്നു. പത്തും പതിനാറും പ്രസവിച്ചിരുന്ന ബ്രാഹ്മണസ്ത്രീകളും യൗവനം പിഴിഞ്ഞെടുത്ത ശേഷം കാര്യസ്ഥന്മാരുടേയും ദളിത് പുരുഷന്മാരുടേയും കാരുണ്യത്തിനും ദയക്കുമായി വലിച്ചെറിയപ്പെടുന്ന നായർ സ്ത്രീകളും ദളിത് സ്ത്രീകളും ബ്രാഹ്മണ്യത്തിൻറെ രതി സങ്കല്പത്തെ തുറന്നു കാണിച്ചിട്ടുണ്ട്. എങ്കിലും സവർണർ അവർണനാണ് അധികം കാമമെന്ന് ഓതും. മുസ്ലിം പുരുഷൻറെ കഴപ്പിനെ പറയാത്ത സവർണനോ അവർണനോ ഹിന്ദുക്കളിൽ ഉണ്ടാവുക വയ്യ. മതം നാലുകെട്ടാൻ അനുമതി നൽകിയിരിക്കുന്നതാലോചിച്ചുള്ള അസൂയ മിക്കവാറും പുരുഷന്മാർക്ക് മുസ്ലീം പുരുഷന്മാരോടുണ്ട്. ബീഫ് വിരോധം ഈ അസൂയയുടെ പുറത്ത് വളർന്നു വലുതാകുന്നതാണ്. ക്രിസ്ത്യാനികളെ ബീഫിൻറെ പേരിൽ ദ്രോഹിക്കില്ല. അവിടെ പെൺകെറുവ് അല്ല, ധനക്കെറുവാണ് ഉള്ളത്. ഏകപത്നീവ്രതക്കാരനായ ശ്രീരാമ ഭക്തർക്ക് നാലു പെണ്ണെന്ന് കൊതിക്കെറുവ് പിടിക്കാൻ വയ്യല്ലോ. രാജ്യം തന്നെ ഉപേക്ഷിച്ച ശ്രീരാമൻറെ ഭക്തർക്ക് ധനാർത്തിയും വയ്യ. അപ്പോൾ ധനക്കെറുവിനായി മതം മാറ്റം എന്ന ആയുധമാണ് ഉപയോഗിക്കുക.

തിരുവിതാംകൂർ ഏകീകരിച്ച മാർത്താണ്ഡവർമ്മ അമ്മാവൻറെ മക്കളായ എട്ടുവീട്ടിൽ പിള്ളമാരെ മുഴുവൻ വധിച്ചു. മരുമക്കത്തായ രീതിയിൽ മാർത്താണ്ഡവർമ്മയെന്ന മരുമകൻറെ രാജാവകാശം അദ്ദേഹം അങ്ങനെ സ്വയം ഭദ്രമാക്കി. എട്ടുവീട്ടിൽ പിള്ളമാരുടെ മക്കളെ അടിമക്കപ്പലിൽ വിറ്റു. പിള്ളമാരുടെ സ്ത്രീകളെ മുക്കുവന്മാർക്ക് നല്കി. ഈ രണ്ടു കാര്യങ്ങൾക്കും എന്താണ് ന്യായമെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. മുക്കുവർക്ക് ഭയങ്കര കഴപ്പാണെന്ന തിരുവനന്തപുരം ചൊല്ല് അതിനുശേഷം പ്രചാരത്തിൽ വന്നതാവാനേ വഴിയുള്ളൂ. രാജ്യം പത്മനാഭന് സമർപ്പിച്ച ദൈവത്തിനായി രാജ്യം ഭരിച്ചുകൊടുത്ത ലോകത്തെങ്ങുമില്ലാത്ത ഒരു ത്യാഗിയായി മാർത്താണ്ഡവർമ്മ മാറി. എന്നിട്ട് ഇപ്പോൾ മക്കത്തായം പ്രാബല്യത്തിൽ വന്നു. തിരുവിതാംകൂർ എന്നൊരു രാജ്യം തന്നെ ഇല്ലാതായി...

സവർണത അങ്ങനെ എല്ലാവരും തൊണ്ട തൊടാതെ വിഴുങ്ങേണ്ട ഒരു സംഭവമൊന്നുമല്ല. പക്ഷേ, ആണെന്ന് വരുത്തിത്തീർക്കുന്നതിൽ സവർണതയുടെ പ്രചാരണത്തിന് വലിയ സ്ഥാനമുണ്ട്. ബ്രാഹ്മണരാവാൻ പ്രയത്നിക്കുന്നതിന് പകരം മനുഷ്യരാവാൻ പ്രയത്നിക്കണം. മറ്റു മനുഷ്യ രെ മനസ്സിലാക്കാൻ പറ്റുന്ന മനുഷ്യർ.

ആ വലിയ മഠത്തിൽ അമ്മയും അമ്മയുടെ ഒരു സഹോദരിയും ഈ പ്രശ്നത്തെ വല്ലാതെ നേരിടേണ്ടി വന്നിട്ടുണ്ട്. അവർക്ക് ശരിക്കും പറഞ്ഞാൽ ഒരു സഹോദരൻറെ ലൈംഗിക തയെ ഭയപ്പെടേണ്ടി വന്നു. അമ്മയുടെയും ആ വല്യമ്മയുടേയും അവരുടെ മകളുടേയും മനസ്സിൽ അതെന്നും ഒരു വേദനയായിരുന്നു. അമ്മയുടെ അമ്മ രുഗ്മിണി അമ്മാൾ ഇക്കാര്യം അച്ഛനായ സുബ്ബരാമയ്യരിൽ നിന്നും മറച്ചു വെച്ചു. പെൺമക്കളുടെ വായ് പൊത്തിപ്പിടിച്ചു. പെൺകുട്ടികൾക്കും അവരുടെ മകൾക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം അവരെ തൊടുന്ന സ്വന്തം ആൺകുട്ടിയെ സുബ്ബരാമയ്യർ അടിച്ചുകൊല്ലുമെന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു.

'സാരമില്ല... അവൻറടുത്ത് പോകാതിരിക്കൂ 'എന്ന്‌ പറഞ്ഞ് അമ്മ പെൺകുട്ടി കളെ സമാധാനിപ്പിച്ചു. പക്ഷേ, തെറ്റു ചെയ്യുന്ന മകനൊപ്പം അമ്മ നില്ക്കുന്നുവെന്ന സങ്കടം പെൺകുട്ടികളെ ജീവിതത്തിൽ ഒരിക്കലും വിട്ടുപിരിഞ്ഞില്ല. അമ്മ കഴുത്തിനു മുകളിലേക്കേ തങ്ങളെ ഇഷ്ടപ്പെടുന്നുള്ളൂവെന്ന് അന്ന് പെൺകുട്ടികൾ കരുതിയിരുന്നു.

അമ്മയുടെ ആ സഹോദരിയും കുടുംബവും ജീവിതം മുഴുവൻ ആ സഹോദരനുമായി ഒരക്ഷരം പോലും സംസാരിച്ചില്ല. ആ സഹോദരൻ മരിച്ചതറിഞ്ഞ ദിവസവും അമ്മ ഈ ദണ്ഡം ഞങ്ങളോട് പങ്ക് വച്ചു വിങ്ങിപ്പൊട്ടി....

ഇരുപത്തെട്ട് വയസ്സു തികഞ്ഞ മകളെ വിവാഹം കഴിപ്പിക്കാൻ തനിക്കാവില്ലെന്ന് അമ്മയുടെ അച്ഛൻ വിചാരിച്ചു കഴിഞ്ഞിരുന്നു. ആൺകുട്ടികൾ ആ ചുമതല നിർവഹിച്ചു തരണമെന്നും അദ്ദേഹം വിചാരിച്ചു.

അമ്മക്ക് കല്യാണത്തിൽ താല്പര്യം കുറഞ്ഞു വരികയായിരുന്നു. അമ്മീമ്മ വിവാഹം കഴിച്ചിട്ടും ഏകയായിരുന്നു. അവർ ടീച്ചറായി ജോലി ചെയ്തിരുന്നു. അമ്മ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. അമ്മയും അച്ഛനും രണ്ടു പെൺമക്കളുമായി ആ വലിയ മഠത്തിൽ അങ്ങനെ പാർത്തു പോന്നു. ബാക്കി എല്ലാവരും നഗരങ്ങളിലായിരുന്നു......