Friday, June 7, 2019

അമ്മച്ചിന്തുകൾ 5

                                          

അമ്മയും അമ്മീമ്മയും മടങ്ങി വന്നപ്പോൾ ഡിഗിരിക്കാപ്പിക്കൊപ്പം രുഗ്മിണി അമ്മാൾ എന്ന അമ്മ സ്നേഹത്തോടെ പാൽതെരട്ടിപ്പാൽ മധുരം വിളമ്പി.

'അമ്മ ഇത് എപ്പോൾ ഉണ്ടാക്കി' എന്നായി എൻറെ അമ്മയുടെ ചോദ്യം.


മകൻ മടങ്ങിപ്പോയപ്പോൾ ഉണ്ടാക്കിയതാണെന്നും നിനക്ക് തരാൻ മറന്നുപോയെന്നും നിനക്കേറ്റവും ഇഷ്ടമുള്ള പലഹാരമല്ലേന്ന് ഓർമ്മ വന്നപ്പോൾ എടുത്തോണ്ട് വന്നതാണെന്നും അമ്മയുടെ അമ്മ പറഞ്ഞു.


അമ്മയ്ക്ക് അത് സഹിച്ചില്ല. 'ആ മകനെയാണ് അമ്മ അധികം സ്നേഹിക്കുന്നതല്ലേ, ഞങ്ങൾ പെൺകുട്ടികൾക്ക് സ്വൈരമില്ലാതാക്കുന്ന ആ മകനെ..... എനിക്ക് വേണ്ട.. ഞാൻ കഴിക്കില്ല' എന്ന് പലഹാരം തട്ടിമാറ്റി എൻറെ അമ്മ മുകൾ നിലയിലെ മുറിയിൽ പോയി പിണങ്ങിയിരുന്നു.


കാലം രാജമെന്ന എൻറെ അമ്മയുമായി പകിട കളിച്ചു തുടങ്ങിയിരുന്നു. അമ്മക്ക് അന്നത് മനസ്സിലായില്ല. അല്ലെങ്കിൽ അതൊക്കെ സാധാരണ മനുഷ്യർക്ക് മനസ്സിലാകുമോ ? എനിക്കന്നേ അറിയാമായിരുന്നു ഇക്കാര്യം ഇങ്ങനെ ആകുമെന്ന്, അല്ലെങ്കിൽ എനിക്ക് മനുഷ്യരെ കണ്ടാൽ തിരിച്ചറിയാൻ പറ്റും എന്ന് കാര്യങ്ങളെപ്പറ്റിയും മനുഷ്യരെപ്പറ്റിയും നമ്മൾ ചുമ്മാ പൊങ്ങച്ചം പറയുന്നതല്ലേ.. അജ്ഞതയുടെ തീവ്ര ദൈന്യത്തിലും അങ്ങനെ പറയാനാവുന്ന മനുഷ്യരുടെ താൻ പ്രമാണിത്തമാണ് അപ്പോഴും മുഖ്യം.


എന്തായാലും പിന്നീട് ജീവിതത്തിൽ ഒരിക്കൽ പോലും രുഗ്മിണി അമ്മാൾ എന്ന സ്വന്തം അമ്മയുണ്ടാക്കിയ പാൽതെരട്ടിപ്പാൽ എൻറെ അമ്മക്ക് കിട്ടിയില്ല.


പീച്ചി ഡാമിലെ പൂന്തോട്ട പശ്ചാത്തലത്തിൽ കണ്ട അമ്മയുടെ ചിത്രം അച്ഛൻ മനസ്സിലേറ്റിക്കഴിഞ്ഞിരുന്നു. അച്ഛനിലെ കാമുകൻ ഉണർന്നതങ്ങനെയാണ്. അച്ഛൻ കത്തയച്ചു... ഹൃദയം പകർത്തിവെച്ച്... അത്ര നല്ല വാചകങ്ങൾ അമ്മ കഥാപുസ്തകങ്ങളിലേ വായിച്ചിരുന്നുള്ളൂ. അച്ഛൻറേതെന്ന് അമ്മയ്ക്ക് തോന്നിപ്പിച്ച തൻറേടം,ആത്മാർഥത ഇവയെല്ലാം സാഹിത്യഭംഗിയുള്ള ആ വാചകങ്ങളുടെ മിടുക്കായിരുന്നു. ഭാഷ ഒരു കെണിയാണെന്ന് അമ്മ പലപ്പോഴും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിനു കാരണം ഈ കത്താവണം.


അമ്മ ആ കത്തിന് മറുപടി അയച്ചു. പിന്നെ അച്ഛൻ ഫോൺ ചെയ്യാൻ തുടങ്ങി. ട്രങ്കും ചിലപ്പോൾ ലൈറ്റ് നിംഗ് കോളും വിളിച്ചു. കുറെ ഏറെ കത്തുകൾ അയച്ചു. ഒരു കത്തിൽ പച്ചപ്ളാസ്ററിക് വട്ടത്തിനകത്ത് നിൽക്കുന്ന ഗുരുവായൂരപ്പനുണ്ടായിരുന്നു. അത് താലിയായി കരുതാൻ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. അച്ഛൻ റെ കത്തുകളായിരുന്നു അധികം. അമ്മ കുറച്ചേ എഴുതീരുന്നുള്ളൂ. ഒരു ദിവസം നാലു കത്തുകൾ വരെ അച്ഛൻ എഴുതീരുന്നു.


അമ്മ അഞ്ച് ചേട്ടന്മാരുള്ളതിൽ ഒരു ചേട്ടന് കത്തയച്ചു. ജാതി മാറിയുള്ള കല്യാണം നന്നാവുമോ മോശമാവുമോ എന്ന് ചോദിച്ചു.


ചേട്ടൻറെ മറുപടി കത്ത് അമ്മ ഞങ്ങളെ കാണിച്ചിട്ടുണ്ട്. അത് വളരെ നാൾ അമ്മയുടെ ഓഫീസ് മേശയിൽ ഭദ്രമായിരുന്നിരുന്നു.


കൾച്ചറൽ ഡിഫറൻസ് ഭയങ്കരമായിരിക്കുമെന്നും അത് സഹിക്കാൻ ബുദ്ധിമുട്ടാവുമെന്നും ചേട്ടൻ അമ്മയ്ക്ക് എഴുതീരുന്നു. അത്രമേൽ അഡ്ജസ്റ്റ് ചെയ്യുമ്പോൾ പരസ്പരം ബോറടിക്കുമെന്ന താക്കീതും ഉണ്ടാരുന്നു. എന്നാൽ അമ്മ ആരേ കല്യാണം കഴിച്ചാലും അമ്മയുടെ സ്ററെർലിങ് ക്യാരക്ടറിനെപ്പറ്റി ചേട്ടന് ഒരു സംശയവും വരില്ലെന്നും ഒത്തിരി ഒത്തിരി സ്നേഹ ത്തോടെ ചേട്ടൻ കത്തവസാനിപ്പിച്ചിരുന്നു.


ആ കത്ത് ഞങ്ങൾ കുട്ടികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. അങ്ങനെ ഒരു ചേട്ടൻ നേതൃത്വം നല്കി ഈ കുഞ്ഞിപ്പെങ്ങളുടേയും അദ്ദേഹത്തിന്റെ മറ്റൊരനിയത്തിയായ അമ്മീമ്മയുടേയും പേരിൽ മുപ്പത് വർഷം നീണ്ട സിവിൽ കേസ് കൊടുക്കുക, പിന്നീട് ജീവിതത്തിലൊരിക്കലും അവരെ കാണാതിരിക്കുക ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്ന് ഞങ്ങൾക്ക് അന്നൊന്നും മനസ്സിലായതേയില്ല. മതം. ജാതി, സ്വത്ത് ഇതെല്ലാം സ്നേഹവാൽസല്യങ്ങളോട് കയർക്കുകയും കണക്ക് പറയിക്കുകയും ചാട്ടവാറിനടിച്ച് കൊന്നുകളയുകയും ചെയ്യുമെന്ന് പിന്നെപ്പിന്നെ ഞങ്ങൾ അറിഞ്ഞു.


ചേട്ടൻറെ കത്ത് കിട്ടിയതിനു ശേഷമാണ് അമ്മ ഞങ്ങളുടെ അച്ഛൻ അയച്ച കാറിൽ തിരുവനന്തപുരത്തേക്ക് പോയത്.


ആരോടും ഒന്നും പറയാതെ.. പഠിപ്പും ജോലിയും അറിവും കഴിവും ഒരുപാട് സ്നേഹവുമുണ്ടെന്ന് അമ്മ കരുതിയ ഞങ്ങളുടെ അച്ഛനൊപ്പം ജീവിക്കാൻ...


അന്ന് വൈകുന്നേരം തന്നെ ആ കല്യാണം നടന്നു.