Saturday, June 8, 2019

അമ്മച്ചിന്തുകൾ 6



അമ്മ ജോലി കഴിഞ്ഞു വൈകിട്ട് തിരിച്ചു വരാതിരുന്നപ്പോൾ സ്വാഭാവികമായും സുബ്ബരാമയ്യരും രുഗ്മിണി അമ്മാളും അമ്മീമ്മയും ആകെ ഉലഞ്ഞു പോയി. അമ്മീമ്മ പറഞ്ഞതിങ്ങനെയാണ്. 'എല്ലാര് ക്കും പൈത്യം പുടിക്കറ പോലെ ഇരുന്തത്.'

ഭ്രാന്ത് വരുന്നത് പോലെ തോന്നുകയല്ലേയുള്ളൂ. അത് വരില്ലല്ലോ. ആ രാത്രി പുലർന്നപ്പോൾ വിവരം കിട്ടി. അമ്മ ഇന്നലെ ഓഫീസിൽ പോയിട്ടില്ല. ഒരു മാസത്തേക്ക് ലീവ് എടുത്തിരിക്കുന്നു.

ആധികൊണ്ട് മൂന്നു പേരും ഉരുകി. അമ്മ ആത്മഹത്യ ചെയ്തുവോ എന്നാണ് സുബ്ബരാമയ്യർ ഭയന്നത്. ആ ഭയം അദ്ദേഹത്തെ തകർത്തു കളഞ്ഞു.

പിറ്റേന്ന് അമ്മ അയച്ച കമ്പി മഠത്തിൽ കിട്ടി. അമ്മ ഇങ്ങനെ ഇന്ന ഡോക്ടറെ വിവാഹം കഴിച്ചിരിക്കുന്നുവെന്നും അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്....

വിവരം തീ പോലെ പടർന്നു. കമ്പി ശിപായി തന്നെ പറ്റാവുന്നവരെയെല്ലാം അറിയിച്ചിരുന്നു.

ചില്ലറ കോളിളക്കമല്ല, അത് ആ ഗ്രാമത്തിലുണ്ടാക്കിയത്. ആ നാലു താവഴി ബ്രാഹ്മണ ഗൃഹങ്ങളിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായിരുന്നു. എല്ലാവരും ആ മഠത്തിൽ ഒന്നിച്ചു കൂടി. അമ്മയെ ജീവിക്കാൻ സമ്മതിക്കരുതെന്നും പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും മുറവിളി ഉയർന്നു.

മംഗളമെന്ന ബ്രാഹ്മണപ്പെണ്ണിനെ എല്ലാവരും ഓർമ്മിച്ചു. മംഗളത്തിന്റെ ജീവിതം ദുരന്തമായത്... പതിനഞ്ച് വയസ്സിലാണ്. മഠത്തിൽ പുറം പണിക്ക് വന്ന ഒരു പയ്യനോട് ചിരിച്ചു സംസാരിച്ചത് കണ്ടവരുണ്ട്. മംഗളത്തെ നിർദ്ദാക്ഷിണ്യം പടിയടച്ച് പിണ്ഡം വെച്ചു. അഭയമില്ലാതെ ഗ്രാമത്തിലലഞ്ഞ മംഗളത്തിന്റെ ശാപം തൃക്കൂരിനെ ചൂഴ്ന്ന് നില്ക്കുന്നുണ്ടത്രേ. മുളങ്കൂട്ടങ്ങൾ രാത്രിയിൽ ഒരു പെണ്ണിൻറെ ഏങ്ങലായി കരയുമെന്നാണ് വിശ്വാസം.

സുബ്ബരാമയ്യർക്കും ആ കഥ ഓർമ്മ വന്നിരിക്കണം. അമ്മയെ പടിയടച്ച് പിണ്ഡം വെക്കാൻ അദ്ദേഹം തയാറായില്ല. മകളെ വിവാഹം കഴിപ്പിച്ചില്ലെന്ന ചുമതലക്കുറവ് ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി.

അമ്മയുടെ ഒരു ചേട്ടനും ഭാര്യയും തിരുവനന്തപുരത്ത് വന്ന് അമ്മയെ കണ്ടു. ആ വീടും പരിസരവും ഒന്നും അവർക്കിഷ്ടപ്പെട്ടില്ല. അവർ അറപ്പ് ഭാവിച്ച് പെട്ടെന്നിറങ്ങിയെന്ന് അമ്മ പിന്നീട് ഞങ്ങൾക്ക് പറഞ്ഞു തന്നു. അവർ അമ്മയുടെ അച്ഛനോട് അനുവാദം വാങ്ങാതെ ഒരു പത്രപ്പരസ്യവും നല്കി. അമ്മയും അച്ഛനും വിവാഹം കഴിച്ചെന്നും അതിന് അമ്മയുടെ വീട്ടുകാരുടെ സമ്മതമില്ലെന്നുമായിരുന്നു പരസ്യം. ആ വിവരമറിഞ്ഞപ്പോൾ എൻറെ അമ്മയുടെ അച്ഛൻ ഒത്തിരി ഖേദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം പതുക്കെപ്പതുക്കെ തകർന്നുകൊണ്ടിരുന്നു.

No comments: