Saturday, June 8, 2019

അമ്മച്ചിന്തുകൾ 7

 
അമ്മ പുത്തൻതോപ്പിലെ ആദ്യ ദിവസത്തെപ്പറ്റി പറഞ്ഞു തന്നിട്ടുണ്ട്. അത് കേട്ടപ്പോൾ ഞങ്ങൾ മക്കൾക്ക് എന്ത് പറയണമെന്നറിയാതെയായി.

പുത്തൻതോപ്പിലെ വീട്ടിൽ അമ്മയെ ആദ്യം വന്ന് പരിചയപ്പെട്ടത് ഡാറി ആൻറിയും കുട്ടികളുമായിരുന്നു. പെരേര അങ്കിൾ അക്കാലത്ത് സിംഗപ്പൂരിൽ ജോലി ചെയ്യുകയായിരുന്നു. ആൻറിക്ക് അൽഭുതമായിരുന്നു ആദ്യം അമ്മയെ കണ്ടപ്പോൾ. പിന്നെ അവർ തമ്മിൽ അടിയുറച്ച ഒരു ആത്മബന്ധം വളർന്നു, അത് ജീവിതകാലമത്രയും നിലനിന്നു.

അച്ഛൻ അമ്മയെ വീട്ടിൽ വിട്ട് പുറത്തേക്ക് പോയ നേരമായിരുന്നു. ഡാറി ആൻറിയും കുട്ടികളും മടങ്ങിയപ്പോൾ മൂന്നാലു പുരുഷന്മാർ ഗേറ്റ് കടന്നു വന്നു.

അവർ ഒരു പ്രകോപനവുമില്ലാതെ അമ്മയെ ചീത്തവിളിക്കാൻ തുടങ്ങി. ഇനിയുള്ള ജീവിതത്തിലുടനീളം ഇക്കാര്യം ആവർത്തിക്കപ്പെടുമെന്ന് അന്ന് അമ്മയ്ക്കറിയില്ലായിരുന്നുവല്ലോ. അമ്മ ഉടൻ സ്വന്തം വീട്ടിലേക്ക് മടങ്ങി പ്പോകണമെന്നും ഈ നടന്നതൊന്നും ഒരു കല്യാണമേയല്ലെന്നും അച്ഛൻ അവരുടെ മകളെ, അവരുടെ പെങ്ങളെ കല്യാണം കഴിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും അവർ ഒന്നിച്ചലറി.

അമ്മ കുലുക്കമില്ലാതെ ആ അവസ്ഥയെ നേരിട്ടു. അവരെ അമ്മ തരിമ്പും വിശ്വസിച്ചില്ല. എങ്കിലും തർക്കിക്കാൻ നിന്നില്ല. അത് അമ്മ എന്നും പാലിച്ചു പോന്ന ഒരു നയമായിരുന്നു. അമ്മ ദേഷ്യപ്പെട്ട് അലറീട്ടോ വാശിയോടെ തർക്കിച്ചിട്ടോ വഴക്കുണ്ടാവില്ല. ഏത് പ്രശ്നവും വഴക്കാക്കാം.. ഏതു പ്രശ്നവും വഴക്കല്ലാതെയുമാക്കാം എന്നാണ് അമ്മ പറയാറ്.

ബഹളം കേട്ട് ഡാറി ആൻറിയും കുട്ടികളും ഓടി വന്നു. വേറെയും ചില അയല്ക്കാർ വന്നു. അപ്പോൾ വഴക്കുണ്ടാക്കാൻ വന്നവർ പിരിഞ്ഞു പോയി.

അച്ഛൻ എല്ലാ പുരുഷന്മാരേയും പോലെ ചൂണ്ടിക്കാട്ടപ്പെട്ട ആ പെണ്ണുങ്ങളുടെ ശല്യം കൊണ്ട് അദ്ദേഹം പൊറുതിമുട്ടിയിരിക്കയാണെന്ന് അമ്മയെ അന്ന് രാത്രി തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു.

അങ്ങനെ ആ ജീവിതം തുടങ്ങി.

പിറ്റേന്ന് മുതൽ അമ്മ മാറാൻ പഠിക്കുകയായിരുന്നു. അച്ഛൻ മരിക്കും വരെ അമ്മ ആ പഠനം തുടർന്നു.

അമ്മയ്ക്ക് പരിചിതമായ അടുക്കളയെ ബഹുദൂരം അകലെ വിട്ടാണല്ലോ പുതിയ അടുക്കളയെ ഹാർദ്ദമായി, ഒരു മുറുമുറുപ്പുമില്ലാതെ വരവേല്ക്കേണ്ടിയിരുന്നത്.

വെങ്കലപ്പാനയിൽ ചോറുവെച്ചിരുന്ന അമ്മ മൺകലത്തിൽ വെപ്പു തുടങ്ങി. ചോറൂറ്റാൻ എന്ന വാക്ക് പഠിച്ചു. ഒരു മുളമ്പൊളികൊണ്ട് ഉണ്ടാക്കിയ കുഴിയൻ തവിയും ചോറു കോരി വെക്കുന്ന മുളമ്പൊളിക്കുട്ടയും കണ്ടു. കൽച്ചട്ടിക്ക് പകരം മൺചട്ടിയിൽ കറി വെച്ചു. അങ്ങനെ അമ്മയുടെ പൊരുത്തപ്പെടലുകൾ തുടങ്ങി.പാലും തൈരും മോരും മത്തുകൊണ്ടുള്ള തൈരു കടയലും നറും വെണ്ണയും വീട്ടിലുണ്ടാക്കുന്ന തരിയുള്ള നെയ്യും ഒക്കെ അമ്മ മറക്കാൻ ശ്രമിച്ചു

മീൻ വെക്കണമെങ്കിൽ അത് കഴിച്ചു ശീലിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചു തുടങ്ങി. അങ്ങനെ ഡാറി ആൻറി മീൻ വറുത്ത് കൊണ്ട് വന്നു. അമ്മ മീൻ വായിലിട്ടു നോക്കി... പക്ഷേ, കഴിക്കാൻ പറ്റിയില്ല. ഡാറി ആൻറി അച്ഛനോട് തീർത്തു പറഞ്ഞു. 'രാജത്തെ വിഷമിപ്പിക്കരുത്. ഒരു സഹായിയെ വെക്കു. അങ്ങനെ മീനും ഇറച്ചിയും കഴിച്ചാൽ മതി'

അപ്പോഴേക്കും ഞാൻ അമ്മയുടെ വയറ്റിൽ പിറവിയെടുത്തിരുന്നു. ആശ തോന്നുന്ന ആഹാരമൊന്നും കഴിക്കാതെ തന്നെ അമ്മ അങ്ങനെ ജീവിച്ചു.

അച്ഛന് ഒത്തിരി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒഴിവ് നേരങ്ങളിൽ അച്ഛൻ അമ്മയെ അവരുടെ വീടുകളിൽ കൊണ്ടു പോയിരുന്നു.

ഒരു പെൺസുഹൃത്തിൻറെ വീട്ടിൽ ചെന്നപ്പോൾ ഗർഭവതിയായ അമ്മക്ക് പ്രത്യേകമായ ഒരു വരവേല്പ് കിട്ടി.

അവരുടെ കൊച്ചുകുഞ്ഞ് അച്ഛൻറെ മടിയിൽ മൂത്രമൊഴിച്ചു. അവർ അപ്പോൾ ഗദ്ഗദകണ്ഠയായി...

"ഇങ്ങനെ എന്നും സംഭവിക്കേണ്ടതല്ലായിരുന്നോ... എത്ര മോഹിച്ചതാണ് '

എന്നിട്ടവർ അകത്തേക്ക് പോയിക്കളഞ്ഞത്രേ...

സുപ്രസിദ്ധ സിനിമാതാരം ജഗതി ശ്രീകുമാറിൻറെ അച്ഛൻ ജഗതി എൻ കെ ആചാരിയും അച്ഛൻറെ സീനിയർ സുഹൃത്തായിരുന്നു. അവരുടെ വീട്ടിലും അമ്മ ഒത്തിരി സമയം ചെലവാക്കീട്ടുണ്ട്.

അക്കാലത്തൊന്നും അമ്മയെന്ന കളിപ്പാട്ടത്തിലുള്ള കൗതുകം അച്ഛന് നഷ്ടമായിരുന്നില്ലല്ലോ.

No comments: