വളരെ പണ്ട് ഒരിക്കൽ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്. പിന്നെ ജീവിതം ആകെ മാറിപ്പോയി... ഇതാ ഇന്നുവരെ അതിനു ശേഷം തമ്മിൽ കണ്ടിട്ടില്ല....
കുട്ടേട്ടാ എന്ന് വിളിച്ചോളൂ എന്ന് പറഞ്ഞു.... സാർ എന്ന് വിളിക്കേണ്ട എന്നും പറഞ്ഞു.
ഞാൻ കണ്ടില്ലെന്നേയുള്ളൂ. കുട്ടേട്ടനെ സ്ഥിരമായി വായിക്കുമായിരുന്നു. അഷ്ടമൂർത്തി എന്നെഴുതിക്കാണുന്നതെല്ലാം... അത് നോവലോ കഥകളോ കുറിപ്പോ എന്തായാലും...
റിഹേഴ്സൽ ക്യാമ്പ് എന്ന കുങ്കുമം അവാർഡ് നോവൽ മുതൽ മിക്കവാറും രചനകൾ, തിരിച്ചു വരവ്, കഥാസാരം, സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ വീടു വീട്ടു പോകുന്നു എന്ന ചെറുകഥ, മരണ ശിക്ഷ... ഇനീമുണ്ട്... ഇപ്പോ ഓർമ കിട്ടണില്ല. ഇറങ്ങിയ ബുക്കൊക്കെ വീട്ടിലെ ഷെല്ഫിൽ ഉണ്ട്...
അങ്ങനെ അങ്ങനെ...
കുട്ടേട്ടൻ എഴുതുമ്പോ കസർത്തൊന്നും കാണിക്കില്ല. എനിക്കു വരെ എളുപ്പം തിരിയും...
ഇപ്പോ കുട്ടേട്ടൻ എൻറെ ആത്മകഥയെപ്പറ്റി എഴുതീരിക്കുന്നു. ഇത്രയും പ്രഗൽഭനായ ഒരാൾ എന്നെ വായിച്ച് എഴുതിയത് ഒത്തിരി സന്തോഷം... ആഹ്ളാദം...
ആദ്യമായി എന്റെ പുസ്തകത്തെക്കുറിച്ച് എഴുതിയ സാഹിത്യ കാരൻ... രണ്ട് മുഖമില്ലാത്ത കുട്ടേട്ടൻ...
ഒത്തിരി സ്നേഹം... loads of love
Ashtamoorthi Kadalayil Vasudevan കുറിച്ചത്
വാങ്ങിവെച്ചിട്ട് ഒരു മാസത്തിലധികമായിരുന്നു. മറ്റു ചില ദൗത്യങ്ങളില്‍പ്പെട്ട് വായന തീരെ നടന്നിരുന്നില്ല. വായിയ്ക്കാന്‍ തുടങ്ങിയത് ഒരാഴ്ച മുമ്പാണ്. ഇന്നലെ രാത്രിയാണ് വായിച്ചു തീര്‍ന്നത്.
270 പേജുള്ള പുസ്തകം വായിച്ചു തീരാന്‍ ഒരാഴ്ചയോ! അതും ഇത്രമാത്രം പാരായണക്ഷമതയുള്ള പുസ്തകം! സത്യമാണ്. മനസ്സു വിങ്ങി എത്രയോ പ്രാവശ്യം വായന തടസ്സപ്പെട്ടു. പുസ്തകം പകുതി പിന്നിട്ടപ്പോള്‍ നിറഞ്ഞ കണ്ണു തുടയ്ക്കാന്‍ വേണ്ടി കണ്ണട ഊരിയെടുത്തു കൊണ്ടേയിരുന്നു. ഇത്രമാത്രം അന്തര്‍സ്സംഘര്‍ഷത്തോടെ ഒരു പുസ്തകവും ഇതുവരെ വായിച്ചിട്ടില്ല.
എച്ച്മുക്കുട്ടിയെ ബ്ലോഗെഴുത്തുകാരി എന്ന നിലയില്‍ വലിയ ഇഷ്ടമായിരുന്നു. വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ എന്ന നോവലും വായിച്ചിട്ടുണ്ട്. എന്നാലും എച്ച്മുക്കുട്ടി ആരാണെന്നു മനസ്സിലായത് മതക്കുറിപ്പുകള്‍ എന്ന പരമ്പര ഫെയ്‌സ് ബുക്കില്‍ വായിയ്ക്കാന്‍ തുടങ്ങിയതോടെയാണ്.
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പിലേയ്ക്കുള്ള ഒരു വാതില്‍ തുറക്കലായിരുന്നു അത്. പരിചിതം എന്ന് കരുതിപ്പോന്ന പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീണുകൊണ്ടേയിരുന്നു. നെഞ്ചിടിപ്പോടെയാണ് ഓരോ ലക്കവും വായിച്ചു തീര്‍ത്തത്. ഇപ്പോള്‍ ഈ പുസ്തകം ഒന്നിച്ചിരുന്നു വായിയ്ക്കുമ്പോഴും ഇന്നലെ വായിച്ചു തീര്‍ന്നിട്ടും ആ നെഞ്ചിടിപ്പുകള്‍ ബാക്കിയാണ്.
എന്നാലും അവസാനം ഇങ്ങനയൊക്കെയായല്ലോ എന്ന ആശ്വാസമുണ്ട്. ബേക്കര്‍ സായിപ്പു പറഞ്ഞതുപോലെ 'ബാഡ് മെന്‍ ആര്‍ പ്ലെന്റി. ബട്ട് ഗുഡ് പീപ്പിള്‍ ആര്‍ ദേര്‍.' ഇരുട്ടു മൂടിയ മനുഷ്യരുടെ ഇടയിലും നല്ല മനുഷ്യരുടെ ഒരു സങ്കീര്‍ത്തനം തന്നെയാണ് ഈ പുസ്തകം. ആരെയെങ്കിലും വിട്ടുപോവുമോ എന്ന ഭീതി കൊണ്ടു മാത്രം അവരുടെ പേരുകള്‍ ഒന്നും എടുത്തെഴുതുന്നില്ല.
ഉദ്ധരിയ്ക്കാനാണെങ്കിലും ഒരുപാടുണ്ട്. ''ചപ്പുചവറുകള്‍ നിറച്ച് തുന്നിയെടുത്ത ഒരു പാവയായി എനിയ്ക്ക് സ്വയം തോന്നാന്‍ തുടങ്ങിയിരുന്നു'' എന്നെഴുതിയ എച്ച്മുക്കുട്ടിയുടെ എഴുത്തുഭാഷ ഇപ്പോഴും തലച്ചോറില്‍ ഉളിപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടേയിരിയ്ക്കുകയാണ്.
ഫെയ്‌സ് ബുക്കില്‍ ഒപ്പം സഞ്ചരിച്ചതാണ് എങ്കിലും ഇപ്പോള്‍ വീണ്ടും വായിച്ചു തീര്‍ന്നുവെങ്കിലും എച്ച്മുക്കുട്ടിയുടെ ഈ പുസ്തകത്തേക്കുറിച്ച് എഴുതാന്‍ പ്രയാസമാണ്. അത്രമാത്രം അത് എന്നെ പിടിച്ചുകുലുക്കിയിരിയ്ക്കുന്നു. വിശദമായി എഴുതേണ്ടതാണെങ്കിലും തല്‍ക്കാലം പിന്‍വാങ്ങുകയാണ്.
ഇന്നലെ രാത്രി വായിച്ചു തീര്‍ന്നെങ്കിലും ഈ പുസ്തകം തീരുന്നില്ല. അടയ്ക്കാന്‍ പറ്റാത്ത കണ്ണുകള്‍ പോലെ ഇത് തുറന്നു തന്നെയിരിയ്ക്കും. ഈ ഭൂമിയില്‍നിന്ന് വിട പറഞ്ഞു പോവും വരെ.
(അഷ്ടമൂര്‍ത്തി)
2 comments:
ഇത്രയും പ്രഗൽഭനായ ഒരാൾ എച്മുവിനെ
വായിച്ച് എഴുതിയതിൽ ഒത്തിരി സന്തോഷം... ആഹ്ളാദം...
വളരെ സന്തോഷം തോന്നുന്നു എച്ച്മു... ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങട്ടെ!
Post a Comment