Thursday, June 6, 2019

ഹരിഹരസുതനയ്യപ്പ സ്വാമിയേയ്.... ശരണമയ്യപ്പാ....


ഞാൻ ഒരു യാത്ര പോവ്വാണ്. അധികം ദൂരമൊന്നുമില്ല. അങ്ങനെ ഒറ്റയ്ക്ക് ഞാൻ എവിടേം പോവില്ല. എൻറെ ചേട്ടൻ വിടില്ല . ഇപ്പോഴും അങ്ങനെ ഒറ്റയ്ക്ക് അല്ലാ ട്ടോ. ഞങ്ങടെ കാറിലാ പോണത്. ഞങ്ങടെ ഡ്രൈവറാ ഓടിക്കണത്.

എൻറെ ചേച്ചി, എൻറെ കൂടെ പിറന്നവള്.. ആ ചേച്ചീടെ കാര്യത്തിനായതുകൊണ്ടാണ്. അദ്ദേഹം കൂടെ വരാത്തതും എനിക്ക് തനിച്ച് വൃദ്ധസദനം തേടി പോകേണ്ടി വരുന്നതും. അദ്ദേഹത്തിന് ചേച്ചീടെ കാര്യങ്ങൾ ഒന്നും അത്ര ഇഷ്ടല്ല. എനിക്ക് പക്ഷേ, അങ്ങനെ പറയാൻ പറ്റോ? ഒന്നുല്ലെങ്കിലും ഒരു വയറ്റില് പൊട്ടീതല്ലേ ഞങ്ങള്?

രണ്ടാളേം ഒരേ പോലെയാ വീട്ടില് വളർത്തീത്. ചേച്ചി ഡോക്ടറായി. ഞാൻ എസ്. ബി. ഐ.യിലായി.. സ്റ്റേറ്റ് ബാങ്കിലേയ്.... ജാതിമാറി കല്യാണം കഴിക്കണ പോലത്തെ ഒരു വൃത്തികേടും വേണ്ടാതീനവും ഞങ്ങടെ തറവാട്ടി തന്നെണ്ടായിട്ടില്ല. അമ്മേം അച്ഛനും ചേച്ചീടെ കാര്യം കൊണ്ട് കുറെ ദണ്ഡപ്പെട്ടുന്ന് വെച്ചാലും ഒരലട്ടും ഇല്ലാതെ തന്നെ ഈ ഭൂമീന്ന് പോയി. അച്ഛൻ പറ്റണ വരെ എല്ലാ കൊല്ലോം ശബരിമലക്ക് പോയീരുന്നു. അമ്മ പത്ത് വയസ്സ് വരെ പോയി... പിന്നെ അറുപതായിട്ടാ പോയത്... നല്ല ഭക്തീം വിശ്വാസോം ആചാരോം ചിട്ടേമായിരുന്നു.

എന്നാലും ഇപ്പൊ ആ നല്ല അമ്മേടെം അച്ഛൻേറം മൂത്ത മോൾക്ക് വൃദ്ധ സദനം തന്നെ വേണം കഴിഞ്ഞു കൂടാൻ. സുകൃതക്ഷയം... സുകൃതക്ഷയം... അല്ലാതെന്താ പറയാ?

കോട്ടയത്ത് മല്ലപ്പള്ളീല് ക്രിസ്ത്യാനികൾ നടത്തണ ഒരു സ്ഥാപനം ഉണ്ട്. ഊര് ന്നോ മറ്റോ പേരായിട്ട്. അല്ലെങ്കിൽ അബ്രഹാമിൻറെ വീട് എന്നും പറയാന്ന്. ചേച്ചി ഒക്കെ ഇൻറർനെറ്റില് വായിച്ചു പഠിച്ചിരിക്കുണൂ. പത്രത്തിലൊക്കെ വല്യ വല്യ ലേഖനങ്ങളും ടിവീല് ആ കെട്ടിടം കുറെ തവണ കാണിക്കലും ഒക്കെ ഉണ്ടാരുന്നുവത്രേ.അവിടെ പോയി മുറി കാണാ.. സൗകര്യങ്ങൾ നോക്കാ.. ഭക്ഷണം കൊള്ളാമോന്ന് പറയാ... അപ്പോ ചേച്ചി മൈസൂര്ന്ന് പോരും. കാശും കൊടുത്ത് പന്നിയേം പശൂനേം തിന്നണ ആ ക്രിസ്ത്യാനികളുടെ ഒപ്പം സന്തോഷായിട്ട് പാർത്തോളും. മുസ്‌ലിങ്ങളല്ലാത്തത് നമ്മടെ ഒരു പരമ
ഭാഗ്യായീന്നാ എൻറെ ചേട്ടൻ പറഞ്ഞത്...

തൃശൂരൂള്ള എൻറെ വീട്ടിലേക്ക് ഞാൻ വിളിക്കില്ല... എൻറെ ചേട്ടന് ഇഷ്ടല്ല. എനിക്ക് ഭർത്താവന്ന്യാ വലുത്. ചേട്ടനിഷ്ടല്ലാത്ത കാര്യങ്ങള് സ്വന്തം ചേച്ചിക്കായാലും ചെയ്തു കൊടുക്കുന്നത് എനിക്ക് വലിയ വിഷമാണ്. ചേച്ചീടെ പരിഷ്ക്കാരം എൻറവിടെ പറ്റില്ല. തൊഴലും പൂജയും ആരതീം ഇത്തിരി ശുദ്ധോം വൃത്തീം നല്ല ഭക്തീം ഒക്കെയുള്ള സ്ഥലമാണ്.

നമ്മള് പെണ്ണുങ്ങള് ഇത്തിരി എളിമപ്പെട്ട് നിന്നാൽ പിന്നെ വീട്ടിൽ ഒരു പ്രയാസവും ഉണ്ടാവില്ല. പെണ്ണുങ്ങൾക്ക് ഒരു ജീവിതരീതി കാരണവന്മാര് പറഞ്ഞുവെച്ചിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചാ മതി. നമ്മുടെ പഴമക്കാര് പറഞ്ഞതിലൊന്നും ഒരു പതിരില്ല. അതു പോലെ അങ്ങട്ട് ജീവിച്ചാൽ മതി, ഒക്കെ ശരിയാവും.

ചേച്ചി ഡോക്ടറാണ്. അയിത്തം, ശുദ്ധം, അറപ്പ് യാതൊന്നുമില്ല. കൈ മാത്രം ഇടക്കിടെ ഡെറ്റോളോ സാവലോണോ ഇട്ട് കഴുകണത് കാണാം.

എന്നും രണ്ട് നേരം വിളക്ക് വെക്കും. അയിത്താണെങ്കിലും മുടക്കില്ല. എല്ലാ അമ്പലത്തിലും പള്ളീലും ജാറത്തിലും ദർഗേലും ഗുരുദ്വാരേലും അങ്ങനെ കാണണേടത്ത് ഒക്കെ പോവും. ഒരു ഭയം ഇല്ല. ഈശ്വരന്മാര് കോപിക്കില്ലേ. ഇങ്ങനെ എല്ലാടത്തും കേറി ഒരേ പോലേ നെരങ്ങ്യാല്...

എനിക്ക് തീണ്ടാരിയാവുമ്പൊക്കെ ചേട്ടൻ വിളക്ക് കൊളുത്തിത്തരും. ഇനി ചേട്ടന് പറ്റീല്ലെങ്കില് ഞാൻ വേണ്ടാന്ന് വെക്കും. ദൈവത്തിനേം നിലവിളക്കിനേം തൊട്ടയിത്താക്കാനൊന്നും എന്നെ കിട്ടില്ല.

ചേച്ചിക്ക് ഡൗൺ സിൻഡ്രോം ഉള്ള ഒരു മോളാണ് പിറന്നത്. ചേച്ചീടെ ഈശ്വരനിന്ദ തന്നെയാ കാരണം. വേറൊരുത്തരോം എനിക്കിത് വരെ തോന്നീട്ടില്ല. അയ്യപ്പസ്വാമിയെ തൊഴാൻ പോണന്ന് തീണ്ടാരിപ്പെണ്ണുങ്ങള് പറഞ്ഞപ്പോ നാട്ടില് പ്രളയം വന്നില്ലേ... അതു പോലെ ഒക്കെ ദൈവനിന്ദ തന്നെ.

ചേച്ചി മനുമോളെ നന്നായി നോക്കി. ചേട്ടനും അങ്ങനെ ശ്രദ്ധിച്ചിരുന്നു. എന്നാലും അതൊരു അഡ്ജസ്ററ്മെൻറ് തന്നെയായിരുന്നു. എനിക്കാ കൊച്ചിനെ കാണുമ്പോ പാവം തോന്നും. കഴിഞ്ഞ ജന്മത്തില് വല്ല കടുത്ത പാപോം ചെയ്തിട്ട്ണ്ടാവും ആ കൊച്ചിൻറെ ആത്മാവ്. അതാവും ഈ ജന്മം ഇങ്ങനൊരു ശരീരവും
ആത്മാവുമായിപ്പോയത്.

ആണുങ്ങളല്ലേ, കുറ്റോം കുറവൂം ഇല്ലാത്ത ഒരു അവകാശി വേണന്ന് അവർക്ക് തോന്നില്ലേ... അതിപ്പോ ഡോക്ടറായാലും എൻജിനീയറായാലും... കൊട നന്നാക്കണവനായാലും.. അങ്ങനെ ചേട്ടന് ഒരു രഹസ്യ ഭാര്യയും തങ്കക്കൊടം പോലെ ഒരു മോനുമുണ്ടായി.

ചേച്ചിക്ക് വാശിയായിരുന്നു. മനുമോളെ
നോക്കണം. വേറെ മക്കളൊന്നും വേണ്ടാന്ന്... പെണ്ണുങ്ങള് അങ്ങനെ വാശി എടുക്കരുത്. ഇത്തിരി എളിമപ്പെട്ട് നില്ക്കണം.

എന്നിട്ടും ചേട്ടൻ ചേച്ചിയേ വേണ്ടാന്ന് വെച്ചില്ല. അങ്ങനെ വേറെ ഒരു പെണ്ണ് ഉണ്ടെന്ന് തന്നെ ഭാവിച്ചിരുന്നില്ല. ചേച്ചീടെ അടുത്താവുമ്പോൾ മനുമോളേ നോക്കലും കൊഞ്ചിക്കലും ഒക്കെ നല്ലോണം ഉണ്ടായിരുന്നു. എന്തിനാ അധികം വിസ്തരിക്കണ്.... ചേച്ചി കണ്ടു പിടിച്ചു. ആ ഭാര്യേം മോനേം.....

ക്ഷമിക്കായിരുന്നു ചേച്ചിക്ക്..സ്വന്തായിട്ട് എല്ലാം തെകഞ്ഞ ഒരുണ്ണിയെ ചേട്ടന് പെറ്റുകൊടുക്കാൻ പറ്റിയില്ല.. അപ്പൊ നല്ലോരുണ്ണി പെറന്നതില് സന്തോഷിക്കല്ലേ വേണ്ടത് ?

അതിനു പകരം ചേച്ചി പെര പൊളിച്ചു പന്തലിട്ടു. ഇനി അറിയാൻ ആരും ബാക്കീല്ല.
ചേട്ടൻ ചതിച്ചു എന്ന് പറഞ്ഞു കരഞ്ഞു പിഴിഞ്ഞു. നാലാളെ അറിയിക്കാണ്ട് രഹസ്യായിട്ട് ചെയ്യണ്ട കാര്യം... അങ്ങനെ ലോകായ ലോകൊക്കെ എല്ലാം പരസ്യായി.

നഷ്ടം ചേച്ചിക്ക് തന്നെയാ പറ്റീത്. ചേട്ടൻ ഡൈവോഴ്സ് ചെയ്തു പോയി.. പിന്നെ അവര് കുടുംബമായിട്ട് വിദേശ
ത്ത് താമസാക്കി. ചേട്ടൻ ഡോക്ടറല്ലേ... വിദേശത്ത് ജോലി കിട്ടാനാണോ പ്രയാസം? ഒക്കെ നല്ലോണം പോലെ ആയിരുന്നുവെങ്കിൽ ചേച്ചിക്കും പോവാരുന്നില്ലേ? മനുമോളുടെ അനീത്തിയോ അനിയനോ ഉണ്ടായിരുന്നു വെങ്കിൽ ചേട്ടൻ ചേച്ചിയെ വിട്ടിട്ട് എവിടേം പോവില്ലായിരുന്നു. ആണുങ്ങളെ നമ്മടെ വശത്താക്കി നിർത്താൻ പെണ്ണുങ്ങൾക്കും വേണം സാമർഥ്യം. ഡോക്ടറായതോണ്ട് മാത്രം കാര്യല്ല.

മനുമോളേം നോക്കി ചേച്ചി കഴിഞ്ഞു... ആ ജാതി അസുഖമുള്ള കുട്ടികള് അധികകാലം ജീവിക്കില്ല... പത്തുപതിനഞ്ചാവുമ്പോഴേക്കും മരിച്ചു പോവും.

മനുമോൾ പോയി...

ചേച്ചി പിന്നെ ഇമ്മാതിരി കുട്ടികളെ നോക്കലാക്കി ജോലി. നാല്പത്തഞ്ച് വയസ്സ് മുതൽ അതന്നെയാ ചെയ്തു കൂട്ടണത്. ആ കുട്ടികളാണെങ്കി വയസ്സുകാലത്ത് ചേച്ചിയേ നോക്കുമോ?

നമ്മുടെ മുന്നിൽ ഇങ്ങനെ മരിച്ചു പോണ ആരോഗ്യല്ലാത്ത കുട്ടികളെ നോക്കി വെറുതേ ഒരു ജന്മം പാഴാക്കി. ആ നേരം നാലു നാമം ചൊല്ലായിരുന്നു. അല്ലെങ്കി അച്ഛൻ പറേണ മാതിരി നാലു തെങ്ങ് വെക്കായിരുന്നു.

ഇപ്പോ ക്രിസ്ത്യാനികളുടെ വൃദ്ധ സദനം തന്നെള്ളൂ പോവാൻ....

ഞാൻ അയ്യപ്പസ്വാമീടെ രക്ഷക്കായിട്ട് ഭജനഘോഷയാത്രക്ക് പോയിരുന്നു... അതാ വൃദ്ധ സദനത്തില് പോയിട്ടുള്ള അന്വേഷണം ഇത്ര വൈകിയത്.. ഭജനഘോഷയാത്ര എൻറെ കടമയാന്ന് പറഞ്ഞപ്പൊ ചേച്ചി ഒച്ച വെച്ച് ചിരിക്കണു. പക്ഷേ, ഒന്നും പറഞ്ഞില്ല. ചേച്ചീടെ പോലെ ശുദ്ധോം മെനേല്ലാണ്ടല്ലല്ലോ ഞാൻ ജീവിച്ചത്. തീണ്ടാരിപ്പെണ്ണുങ്ങള് അയ്യപ്പസ്വാമിയെ തൊഴാൻ പോകണത് ആലോചിച്ചിട്ട് എനിക്ക് രക്തം തെളക്ക്യാരുന്നു. ബാക്കി എല്ലായിടത്തും പോയി ഇഷ്ടം പോലെ തൊഴാലോ.. ബ്രഹ്മചാരിയായിരിക്കണ അയ്യപ്പസ്വാമീടേ മേലേക്ക് തന്നെ കെട്ടിമറിഞ്ഞ് വീഴണോ?

എൻറെ മോനും മോളും ഡോക്ടർമാര് തന്നെയാ. അതെൻറെ ഒരു വാശിയായിരുന്നു. എൻറെ ചേച്ചി മാത്രം ആയാ പോരല്ലോ ഒരു ഡോക്ടറ്... മോന് ആദ്യം എൻട്രൻസ് കിട്ടീല്ല. പി. സി തോമസ് മാഷിന്റെ അവിടെ കൊണ്ടാക്കി വീട്ടിലേക്ക് വിളിക്കാണ്ട് അവിടെ നിറുത്തി ശരിക്കും പഠിപ്പിച്ചെടുത്തു. അങ്ങനെ ഒക്കെ വിചാരിച്ച മാതിരി ഞാൻ എത്തിച്ചൂ.

മക്കള് രണ്ടാളും അയ്യപ്പസ്വാമീടെ രക്ഷക്ക് നാമം ചൊല്ലി കൂടെ വന്നു ട്ടോ. ഞങ്ങള് കുടുംബങ്ങളായിട്ടാ പോയത്. തിരുവനന്തപുരം വരെ പോയി. ദൽഹി വരെ വേണെങ്കിലും പോവും. അയ്യപ്പസ്വാമിയെ രക്ഷിക്കേണ്ടത് ബുദ്ധീം വിവരോം ഭക്തീം നാട് നന്നാവണം എന്ന് ആശേമുള്ള പെണ്ണുങ്ങളുടെ കടമയാണ്.

സ്വാമി പറയ്യല്ലേന്നും പത്ത് വയസ്സ് കഴിഞ്ഞാപ്പിന്നെ അറുപതായിട്ട് എന്നെ തൊഴാൻ വന്നാ മതീന്ന് പെണ്ണുങ്ങള്.. അത് അങ്ങട് കേട്ടാ പോരേ ഈ ചണ്ടിപണ്ടാരങ്ങൾക്ക്... പോരാത്തേന് പെണ്ണിൻറെ മൂത്രക്കുണ്ടീടെ കട്ടൗട്ടും വെച്ച് വേറൊരു തീണ്ടാരി സമരോം...

അറയ്ക്കാരുന്നു അത് കണ്ടിട്ട്... ചോറ് എറങ്ങീട്ടില്ല. ഒരു വറ്റ് എറക്കുമ്പോ മേപ്പട്ട് വരാണ്.. എന്തൊരു വൃത്തികേടാ അത്... ചേട്ടനാ പറഞ്ഞേ ഏതോ മഹർഷി എഴുതീണ്ടത്രേ പെണ്ണുങ്ങളുടെ മൂത്രക്കുണ്ടി ആണുങ്ങള് കാണാൻ തന്നെ പാടില്ലാന്ന്. അപ്പോഴാണ് അത് വലിയ സൈസില് റോഡിൽ ഉണ്ടാക്കി നിർത്തണത്!!!!

കലികാലത്ത് ഹരിഹരസുതനയ്യപ്പസ്വാമി തന്ന്യാണ് ഒരേയൊരു രക്ഷേം മോക്ഷോം എന്നിട്ടാണ് ആ അയ്യപ്പസ്വാമിയെ പെണ്ണുങ്ങളുടെ മൂത്രക്കുണ്ടീം തീണ്ടാരീം കാട്ടി അറപ്പിക്കണത്. ഈ ചെയ്തു കൂട്ടിയ തെമ്മാടിത്തരത്തിനൊക്കെ അയ്യപ്പസ്വാമി പകരം ചോദിക്കാതിരിക്കില്ല. അത് ഈ തീണ്ടാരിപ്പെണ്ണുങ്ങൾക്ക് അറീല്യാ. ആ വരണ ദോഷം കുറയ്ക്കാനാണ് വിശ്വാസമുള്ളോര് കഷ്ടപ്പെട്ട് നാമം ചൊല്ലി ജാഥ നടത്തീത്. അയ്യപ്പസ്വാമിയേ തീണ്ടാൻ വന്നോരെ ഓടിച്ചത്... ഞാൻ ഒക്കെ നല്ലോണം വിസ്തരിച്ചു പറഞ്ഞു കൊടുത്തു. ചേച്ചി പിന്നേം ചിരിക്കാണ്. കേട്ടാലറിയാം. അത് ഒരു പരിഹാസാണ്ന്ന്. മനുഷ്യശരീരം കീറിമുറിച്ചു പരിശോധിച്ച് പഠിച്ചാൽ ചെല തലതിരിഞ്ഞവര് ചേച്ചീടേ പോലേയാവും. എല്ലാവരും അങ്ങനെ ആവില്ല. അവർക്കൊന്നും അയ്യപ്പസ്വാമി ഒരു ദോഷവും വരുത്തില്ല

മല്ലപ്പള്ളി എത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചു. എനിക്ക് യാത്രയൊന്നും ഇഷ്ടല്യ. വീട്ടിലിരുന്ന് ഓരോ പണീട്ക്കേ നാമം ചൊല്ലേ അതൊക്കെയാ ഇഷ്ടം.
വന്ന സ്ഥിതിക്ക് വൃദ്ധസദനം കാണാണ്ട് പറ്റില്ലല്ലോ..

മുറീം സ്ഥലോം ഒക്കെ നല്ലതന്നെ. കാണാനും ഭംഗീണ്ട്. ചുറ്റുപാടും നല്ല പച്ചപ്പ്. കെട്ടിടം പണി ഒരു സൂത്രപ്പണിയാന്നാണ് തോന്നിയത്. ഈ ബേക്കർ മോഡലില് പശ ഒട്ടിച്ച് ഉണ്ടാക്കണ മാതിരി .... എൻറെ ചേട്ടന് ഈ ജാതി കാശ് കുറവാക്കണ പശ വെച്ച ഒട്ടിക്കണ കെട്ടിടൊന്നും ഇഷ്ടല്യ. എനിക്കും ല്യ ഇഷ്ടം. നല്ല കോൺക്രീറ്റും മേത്തരം മരപ്പണീം ഒക്കെ ചെയ്യുമ്പോഴേ കെട്ടിടത്തിന് ഒരു ആരോഗ്യോം ഭംഗീം ഒക്കെ കിട്ടുള്ളൂ. പഴേ കെട്ടിടങ്ങൾ പൊളിച്ചത് വെച്ച് പണിതാ ആ പഴേ കെട്ടിടങ്ങളിൽ പാർത്തിരുന്നോരുടെ ദോഷം കൂടി നമുക്ക് വരുന്നാ വീവരോം ഈശ്വരാധീനോം ഉള്ള വാസ്തു വിദഗ്ധർ പറയണത്.

ആഹാരം നല്ലതന്നെയാണ്. മീനിൻറേം മാംസത്തിൻറേം ഉളുമ്പ് മണൊന്നുല്യാ. ഞാൻ എന്തിനാപ്പോ അങ്ങനെ നോക്കണത് ? ചേച്ചി ഡോക്ടർക്ക് നാററം ന്നോ അറപ്പ് ന്നോ ഒരു വസ്തുല്യല്ലോ. ഒക്കെ സമല്ലേ...

പിന്നെ മണിയടിച്ച് എണീപ്പിക്കലോ പ്രാർഥിപ്പിക്കലോ ഭക്ഷണം കൊടുക്കലോ ഒന്നുല്യ... വീട് പോലെ ഒരു സ്ഥലം. സ്ഥാപനാന്ന് തോന്ന്ല്യാ. ആർക്കാ എവിട്യാ വേണ്ടേച്ചാല് അവടിരുന്ന് ഇഷ്ടള്ള പ്രാർഥന ചൊല്ലാം. അതും ചേച്ചിക്ക് പറ്റീതന്നെ.

ഇനി എൻറെ ചേച്ചിക്ക് വല്ല പ്രാന്തേരിക്കോ? ഇത് പോലെ ഒരു ജീവിതം മതീന്ന് തോന്നാൻ.... എൻറെ ചേട്ടനുണ്ട് ആ സംശയം. ഇത്തിരി തുടങ്ങീട്ടുണ്ടോന്ന്.... അങ്ങനാണെങ്കി നാലാള് അറിയും മുമ്പേ ഈ ഊരിലാക്കാം. പിന്നെ ഇവരുടെ പാടായീലോ.. നല്ല സ്ഥലാണ്.. ചേച്ചി ധൈര്യായിട്ട് വരൂ ന്ന് തന്നെ പറഞ്ഞാ മതി. ഒരു ദോഷോം ഞാൻ കണ്ടിട്ടും ല്യാ..

അയ്യപ്പസ്വാമി കാത്തതു കണ്ടില്ലേ.. ഇതാണ് കണ്ണിൽ കൊള്ളാനുള്ളത് പുരികത്തിൽ കൊണ്ട് പോവാന്ന് പറഞ്ഞാൽ.... അല്ലെങ്കി എൻറെ തലേലായാ പിന്നെ, കുട്ടികൾക്ക് നല്ലൊരു ബന്ധം കൂടി കിട്ട് ല്ല. നൊസ്സുള്ള വല്യമ്മ ഉണ്ടെന്നറിഞ്ഞാ ആർക്കാ ഇഷ്ടം തോന്നാ

ഇപ്പൊ ഒക്കെ ചേച്ചീടെ ഇഷ്ടപ്പടി ആയി തന്നെ നടന്ന പോലെയല്ലേ.. ഞാനിനി ഈ ഊരിലേക്ക് വരില്ല. എന്തിനാ വരണത്?

ചേച്ചി ക്രിസ്ത്യാനികളുടെ ഒപ്പം തന്നെ പാർത്തോട്ടേ...വലിയൊരു ഒരു സമാധാനം മുസ്‌ലിങ്ങളുടെ അല്ലല്ലോ ഈ ഊര്ന്ന്ള്ളതാ...

No comments: