Monday, February 24, 2020

അമ്മീമ്മ സ്പർശങ്ങൾ


                                                             18/02/2020
                       

പ്രിയപ്പെട്ട എഴുത്തുകാരൻ അഷ്ടമൂർത്തി എന്ന കുട്ടേട്ടനാണ് അമ്മീമ്മ സ്പർശങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തുന്നത്. എല്ലാ സാഹിത്യപ്രവർത്തകരും സമസ്ത സ്ത്രീവാദികളും ബഹിഷ്ക്കരിച്ച എൻറെ ആത്മകഥയെ വായിക്കുകയും നല്ലൊരു കുറിപ്പ് എഴുതുകയും ചെയ്തത് അദ്ദേഹം ഒറ്റയൊരാൾ മാത്രമാണ്. എന്നോട് ഏറെ സ്നേഹവാൽസല്യത്തോടെ ഇടപെടുന്ന അദ്ദേഹം അമ്മീമ്മ സ്പർശങ്ങൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നത് എൻറെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

പുസ്തകപ്രകാശനം ചെയ്യുന്ന യതീന്ദ്രദാസ് എന്ന യതി എന്നെ മലയാളം പഠിപ്പിച്ച രാമൻ മാഷിന്റെ മകനാണ്. ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ ഞാനൊരു സാഹിത്യകാരിയായിത്തീരുമെന്ന് പറഞ്ഞ രാമൻ മാഷിന്റെ മകൻ. എൻറെ അനിയത്തി റാണിയുടെ ക്ളാസ്സ്മേറ്റ്. യതി തൃക്കൂരിൻറെ സ്വന്തം കവിയാണ്. അനവധി രചനകൾ യതിയുടേതായിട്ടുണ്ട്.


ബുക്ക് ഏറ്റുവാങ്ങുന്ന തൃക്കൂരിൻറേ മാതുവമ്മ എന്ന ഞങ്ങളുടെ മാതു. ഞങ്ങളുടെ ബാല്യം മുതലുള്ള വളർച്ചയിൽ അമ്മീമ്മയുടെ വീട്ടുസഹായിയായി ഒപ്പമുണ്ടായിരുന്ന മാതു. എന്നുമെന്നും ഞങ്ങളെ സ്വന്തമായി കരുതുന്ന ഞങ്ങളുടെ മാതു..

മാതുവല്ലാതെ മറ്റാരാണ് ഞാനെഴുതിയ അമ്മീമ്മ സ്പർശങ്ങൾ ഏറ്റുവാങ്ങേണ്ടത്...

ലീല ടീച്ചറാണ് അമ്മീമ്മ ക്കഥകൾ ആദ്യമായി ബുക്കാക്കിയത്. അതിൽ പതിനാറു (16) കഥാക്കുറിപ്പുകളായിരുന്നു. അമ്മീമ്മ സ്പർശങ്ങളിൽ അവയും കൂടി ചേർത്ത് നാല്പത്തിനാലു (44)കഥാക്കുറിപ്പുകളാണുള്ളത്.

ആദ്യമായി ഞാൻ വായനശാലയിൽ പോയിത്തുടങ്ങിയത് തൃക്കൂരിലാണ്. അവിടെ അമ്മീമ്മയുടെ സഹപ്രവർത്തകനായിരുന്ന അരവിന്ദാക്ഷൻ മാഷ് എടുത്തു തന്ന തവളരാജകുമാരിയും എൻറെ ഹൃദയവുമാണ് ഞാനാദ്യം വായിച്ച ലൈബ്രറി പുസ്തകങ്ങൾ. ആ വായനശാലയുടെ ആഭിമുഖ്യത്തിൽ എൻറെ അമ്മീമ്മ സ്പർശങ്ങൾ പ്രകാശിപ്പിക്കപ്പെടുന്നത് എൻറെ അനുഗ്രഹമായി ഞാൻ കാണുന്നു.

എല്ലാവരും ഒപ്പമുണ്ടാവണം...
                                   

                                                 






പ്രകാശനം (വീഡിയൊ)

(വീഡിയൊ)
                                              


21/03/20
അമ്മീമ്മ സ്പർശങ്ങൾ

2014 ൽ ഇറങ്ങിയ എൻറെ ആദ്യപുസ്തകമായിരുന്നു അമ്മീമ്മക്കഥകൾ. തളിപ്പറമ്പിലെ സി എൽ എസ് പബ്ളിക്കേഷൻസ് ആണ് ആ പുസ്തകം പുറത്തിറക്കിയത്. തൃശൂർ സാഹിത്യഅക്കാദമിയിലായിരുന്നു ആ പുസ്തകപ്രകാശനം.

ലീലടീച്ചറുടെ പ്രകാശന സംരംഭത്തിലാണ് അമ്മീമ്മക്കഥകൾ എന്ന പുസ്തകമുണ്ടായത്. ലീല ടീച്ചർ കടന്നുപോയതോടെ അമ്മീമ്മക്കഥകൾ വിപണിയിൽ ഇല്ലാതായി. പിന്നീട് ആ പുസ്തകം പുറത്തിറങ്ങാനുള്ള സാധ്യതയും തീർത്തും മങ്ങി.

ആ പുസ്തകത്തിലെ മുഴുവൻ കുറിപ്പുകളും മറ്റ് ഇരുപത്തെട്ടോളം കുറിപ്പുകളും ചേർത്താണ് പുതിയ പുസ്തകമായ അമ്മീമ്മ സ്പർശങ്ങൾ ലോഗോസ് പബ്ളിക്കേഷൻസ്Logos Pattambi പുറത്തിറക്കിയത്.

2020 ഫെബ്രുവരി 23 നായിരുന്നു പുസ്തകം പ്രകാശിപ്പിക്കപ്പെട്ടത്. അന്ന് അമ്മീമ്മയുടെ പതിനേഴാമത്തെ ചരമവാർഷികമായിരുന്നു..

അവിനാശി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മണമടഞ്ഞ തൃക്കൂർ മഠത്തിൽ മാനസി മണികണ്ഠനും മറ്റുള്ളവർക്കും അനുശോചനമർപ്പിച്ച്, ആദരസൂചകമായ ഒരു മൗനാചരണത്തോടെയാണ് പ്രകാശനപരിപാടികൾ ആരംഭിച്ചത്.

അമ്മീമ്മയുടേയും അമ്മയുടേയും ഗ്രാമമായ തൃക്കൂരിൽ, അമ്മീമ്മയുടെ വീടിനു തൊട്ടരികേയുള്ള വിനായക ഹാളിലായിരുന്നു പ്രകാശനം .

പ്രശസ്ത സാഹിത്യകാരനായ ശ്രീ അഷ്ടമൂർത്തിAshtamoorthi Kadalayil Vasudevan പുസ്തകപരിചയം നടത്തി. ഉജ്ജ്വലമായ പുസ്തക പരിചയമായിരുന്നു അത്. യശോലാഭ സൗകര്യങ്ങൾക്കായി നോക്കിയും
കണ്ടും മാത്രം സംസാരിക്കുന്ന സാഹിത്യഭീരുക്കൾക്കിടയിൽ സത്യത്തിന്റെ മുഖവും പേരും ധീരമായി അനാവരണം ചെയ്തു കുട്ടേട്ടൻ...

എൻറെ അധ്യാപകനും അമ്മീമ്മയുടെ സഹപ്രവർത്തകനുമായ രാമൻ മാഷിന്റെ മകൻYathindradas Thrikkur യതീന്ദ്രദാസ് പുസ്തകം പ്രകാശിപ്പിക്കുകയും ഞങ്ങളുടെ സ്വന്തം മാതു ഏറ്റുവാങ്ങുകയും ചെയ്തു. മാതുവിനെ കണ്ട നിമിഷത്തിൽ ഞാൻ തമിഴ് സംസാരിച്ച് അമ്മീമ്മ വളർത്തിയ പഴയ കലാകുട്ടിയായി മാറി. മാതു ഞങ്ങൾ സ്വന്തം മക്കളെപ്പൊലെ തന്നെയാണെന്ന് ആ നിറഞ്ഞ സദസ്സിനോട് പറയാതിരുന്നില്ല.

തൃക്കൂർ വായനശാലയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. എനിക്ക് വായനശാലയിൽ നിന്ന് പുസ്തകങ്ങൾ തരികയും വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്ന അരവിന്ദാക്ഷൻ മാഷിന്റെ മകൻ മനോജ് വായനശാല യുടെ അമരക്കാരനായി സ്വാഗതം പറഞ്ഞു. അപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.

ശിവദാസൻറെSivadasan Alavangachalil ആശംസാ പ്രസംഗം അത്യുജ്ജ്വലമായിരുന്നു. സദസ്സിലിരുന്ന ഭാഗ്യയുംBhagya Chellappan സുഹൃത്ത് ഇന്ദുIndu Pk വും ഒത്തിരി ആഹ്ളാദത്തോടെ ഓരോ വാക്കും ശരിവെച്ചു. ഭാവിയിലേക്ക് കരുതിവെക്കപ്പെട്ട വിത്തുകളെന്ന ആശയങ്ങൾ ഭാഗ്യയെ ശരിക്കും അൽഭുതപ്പെടുത്തി. ആശംസകൾ അർപ്പിച്ച സീമാ സ്റ്റീഫനും മായാ രാമചന്ദ്രനും സ്വന്തം റോളുകൾ ഭംഗിയാക്കി.

രാവിലെ ഞാനും ഭാഗ്യയും വിനായകാ ഹാളിൽ എത്തുംമുമ്പേ അഷ്ടമൂർത്തി എന്ന കുട്ടേട്ടൻ എത്തിക്കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള അമ്മീമ്മയുടെ വീടും ഗോവിന്നൻ മുറ്റത്തിനരുകിൽ നട്ട പതിനെട്ടാം പട്ട തെങ്ങും കുട്ടേട്ടൻ പോയി കണ്ടു. കൈപിടിച്ച് കുലുക്കി അദ്ദേഹം എന്നെ ഹാർദ്ദമായി സ്വീകരിച്ചു. ടീച്ചറമ്മയായ അംബിക ചന്തുവാരത്ത് അംബികചേച്ചിയും 2008 മുതൽ എൻറെ ബ്ളോഗ് സുഹൃത്തുക്കളായ Rejiram Thayyilവിനുവേട്ടനും ഭാര്യ നീലത്താമരയും എത്തിയിരുന്നു. ഞങ്ങൾ അന്നാദ്യമായാണ് പരസ്പരം കാണുന്നത്. പക്ഷേ, എത്രയോ കാലമായി കണ്ടു സംസാരിക്കാറുണ്ടായിരുന്നു എന്ന അനുഭവമായിരുന്നു ഞങ്ങൾക്ക്. ആദ്യം കാണുന്നവരെ നമുക്ക് തൊട്ടടുത്തവർ എന്ന് തോന്നുന്നത് വലിയ ഭാഗ്യമല്ലേ?

കുറച്ചു കഴിഞ്ഞപ്പോൾ ബ്ളോഗർ കൊല്ലേരി തറവാടിയും വന്നുചേർന്നു. കണ്ണൻറെ ബന്ധത്തിലെ സഹോദരിയായ കുമാരിചേച്ചിയും സന്നിഹിതയായിരുന്നു. തൃശൂര് നിന്നും Sajana Ps സജനയും വന്നിരുന്നു.

ഒൻപതര മണിയോടെ വിനായകാഹാൾ നിറച്ചും തൃക്കൂരുകാരായി. ഞാൻ എല്ലാവരേയും തന്നെ അറിയുമായിരുന്നു. പക്ഷേ, പലരുടെയും പേരുവിവരങ്ങൾ മറന്നു പോയിരുന്നു. എന്നേയും റാണിയേയും ട്യൂഷൻ പഠിപ്പിച്ച അച്യുതൻ കുട്ടി മാഷ് ആദ്യം തന്നെ എത്തി. പിന്നെ ശങ്കരനാരായണൻ മാഷ് വന്നു. പി ആർ നാഥൻറെ ഒരു കഥാസമാഹാരം എനിക്ക് എന്ന് പറഞ്ഞ് റാണിക്ക് ഒപ്പിട്ടു തന്നു മാഷ്. നിങ്ങൾ തമ്മിൽ എനിക്ക് ഇപ്പോഴും ഭേദമില്ലെന്ന് പറയുന്നതുപോലെ. മറ്റൊരു ട്യൂഷൻ മാഷായ ഗോപിനാഥനും വന്നിരുന്നു. വിലാസിനി ടീച്ചറെന്ന ട്യൂഷൻ അധ്യാപിക എന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചു. ടീച്ചറുടെ മകളും കൊച്ചുമകളും ഉണ്ടായിരുന്നു ഒപ്പം. നടക്കാൻ വയ്യാതിരുന്നിട്ടും അവർ വന്നു. പരസ്പരം കണ്ടപ്പോൾ ടീച്ചർ മാത്രമല്ല ഞാനും കരഞ്ഞു.
കേരളവർമ്മ കോളേജിൽ എന്നെ പഠിപ്പിച്ചPrasannan Chettiamparambil Krishnan പ്രസന്നൻ മാഷും എത്തിയിരുന്നു.

കോനിക്കര വായനശാലയിലെ സുജിത്ത് വന്നു പരിചയപ്പെട്ടു. ശ്രീ വിനോദ് വിനോദ് കണ്ടെംകാവിൽ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അച്ഛന് എൻറെ അച്ഛനെ പരിചയമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സുജിത്ത് എൻറേയും കണ്ണൻറേയും അടുത്ത സുഹൃത്തുക്കളായ ദിലീപിന്റേയും അനിതയുടേയും അടുത്ത ബന്ധുവാണ്. ഞങ്ങളുടെ ബാല്യകാല സുഹൃത്തുക്കളായ രമേശനും, ദാസനും( മമ്മൂട്ടി അഭിനയിച്ച മായാബസാർ എന്ന സിനിമയുടെ കഥ രാംദാസ് എഴുതിയതാണ്. ) സജിയും, സന്തോഷും, സുരു എന്നു വിളിക്കാറുള്ള സുരേഷും സഹപാഠിയായ രാധാകൃഷ്ണനും പുസ്തകപ്രകാശനത്തിന് വന്നിരുന്നു.

തമിഴ് ബ്രാഹ്മണർ ആരും തന്നെ പരിപാടിയിൽ പങ്കെടുത്തില്ല. എനിക്ക് അൽഭുതവും തോന്നിയില്ല. ഇന്ന് തൃക്കൂരുള്ള എല്ലാ തമിഴ് ബ്രാഹ്മണരും ഏതെങ്കിലും തരത്തിൽ അമ്മയുമായും അമ്മീമ്മയുമായും കുടുംബബന്ധങ്ങൾ ഉള്ളവരാണ്. അവർക്ക് അമ്മീമ്മയേയോ അമ്മയേയോ ഞങ്ങളേയോ മനസ്സിലാകുക പ്രയാസകരം തന്നെയാവാം. പതിനേഴു വർഷങ്ങൾക്കു മുമ്പ്‌ അമ്മീമ്മ മരിച്ചപ്പോൾ പോലും അവരിൽ ആരും തന്നെ കടന്നുവന്നില്ലായിരുന്നു. അമ്മീമ്മയുടെ ഒരേ ഒരു ബന്ധുപ്പെൺകുട്ടി മാത്രം അന്ന് എത്തിച്ചേർന്നു.

തീവ്രഹിന്ദുത്വ മനോഭാവമുള്ളവർക്കും ആ പ്രകാശനം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. അവർ അസാന്നിധ്യത്താൽ ശ്രദ്ധേയരായി.

കണ്ണൻറെയും എൻറേയും സുഹൃത്തായDevapriyan Kanjankat ദേവപ്രിയനെന്ന ആർക്കിടെക്ടും ഭാര്യ വിദ്യയുംSreevidya Mullangath പുസ്തകപ്രകാശനത്തിന് വന്നിരുന്നു. അവർക്കൊപ്പം കേരളവർമ്മ കോളേജിൽ പഠിച്ച ശ്രീ പ്രകാശ് ബാബു വും ഉണ്ടായിരുന്നു. എൻറെ ആത്മകഥയിലൂടെ കടന്നുപോയിട്ടുള്ള ഒരു വായനക്കാരനായിരുന്നു പ്രകാശ് ബാബു. അദ്ദേഹത്തിന്റെ ആശംസാപ്രസംഗം നിലപാടുകളിൽ ഉറച്ചതായിരുന്നു. ആ നിലപാടുകൾ എന്നെ സന്തോഷിപ്പിക്കാതിരുന്നില്ല.

ഞാൻ മറുപടിയായി സംസാരിച്ചത് ഇത്തിരി ദീർഘിച്ചുപോയി. പലതും മറന്നുപോയും വാക്ക് കിട്ടാതേ പരുങ്ങിയും ഞാൻ എന്തൊക്കേയോ സംസാരിച്ചു. എങ്കിലും എല്ലാവരും ക്ഷമയോടെ എന്നെ കേട്ടുകൊണ്ടിരുന്നു. അത് തൃക്കൂരിലുള്ളവർ എനിക്കു തന്ന സ്നേഹമായി ഞാൻ മനസ്സിലാക്കുന്നു. തൃക്കൂര് നിന്ന് ഒരു സ്വന്തം അനിയനെ എനിക്ക് അന്ന് കിട്ടി... മറ്റാരുമല്ല ബിജുBiju Pavithra തന്നെ.

നന്ദിപ്രകടനം ശ്രീ പി എസ് സുരേഷ് ആണ് ചെയ്തത്. അത് തികച്ചും സമുചിതമായി.

വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കൂടി തന്നാണ് തൃക്കൂർ വായനശാല എന്നെ യാത്രയാക്കിയത്. കുട്ടേട്ടനും ഭാഗ്യക്കും മാതുവിനും ഒപ്പമാണ് ഞാൻ ഭക്ഷണം കഴിച്ചത്. മാതുവിനൊപ്പമാവാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും സന്തോഷിച്ചു.

കുറെ ഫോട്ടോകൾ എടുക്കപ്പെട്ടു. ഒത്തിരിപ്പേർക്ക് ഞാൻ പുസ്തകം ഒപ്പിട്ടു നല്കി.

പുസ്തകപ്രകാശനത്തിൽ പങ്കെടുക്കുമ്പോഴെല്ലാം ഞാൻ അമ്മീമ്മയെ മാത്രമാണ് ഓർത്തുകൊണ്ടിരുന്നത്. ഈ പരിപാടിക്ക് വരാൻ കഴിഞ്ഞിരുന്നുവെങ്കിൽ എൻറെ പാവം അമ്മീമ്മ എത്ര മാത്രം ആഹ്ളാദിക്കുമായിരുന്നു!!! ചിലപ്പോൾ വന്നിരുന്നിരിക്കും. ഞാൻ കണ്ടില്ലായിരിക്കും...




2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...



തൃക്കൂരിന്റെ അഭിമാനങ്ങൾ

അഭിനന്ദനങ്ങൾ ...

വിനുവേട്ടന്‍ said...

ആ സുന്ദരമുഹൂർത്തത്തിന് സാക്ഷിയാകുവാൻ അവസരം ലഭിച്ചതിൽ ഞാനും അഭിമാനിക്കുന്നു...