Friday, June 7, 2019

അമ്മച്ചിന്തുകൾ 2

ബ്രാഹ്മണ്യം എന്നും പുരുഷ കേന്ദ്രീകൃതമാണ്. പരമാധികാരിയായ പുരുഷൻറെ തലച്ചോറാവശ്യമേയില്ലാത്ത ചേടികളാണ് ആ വ്യവസ്ഥ യിൽ സ്ത്രീകൾ. എത്ര മാത്രം അനുസരണ കാട്ടുന്നുവോ അത്രയും അവൾ വാഴ്ത്തപ്പെടും. എല്ലാവരും ബ്രാഹ്മണ്യത്തിലേക്ക് വളരുക, ബ്രഹ്മത്തെ അറിഞ്ഞാൽ ബ്രാഹ്മണനായി, ആർക്കും ബ്രാഹ്മണനാവാം എന്നു തുടങ്ങിയ തട്ടിപ്പു വചനങ്ങൾ ബ്രാഹ്മണ്യം ഇറക്കീട്ടുള്ളത് താൻ പ്രമാണിത്തം ഉറപ്പിക്കാൻ മാത്രമാണ്. ഇസ്ലാം മതവിശ്വാസികളും ക്രിസ്തുമതവിശ്വാസികളും പോലും ഈ തട്ടിപ്പു വചനത്തിൽ വീണ്, അവനിറച്ചീം മീനും കൂട്ടില്ല. ഒച്ചേം വിളീം എടുക്ക് ല്യ.. ഒരു സാധു തിരുമേനിയേ പോലെയാ എന്ന് ബ്രാഹ്മണരെ പുകഴ്ത്തുന്നത് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. പിന്നെ ബ്രാഹ്മണരായിരുന്നു പൂർവീകരെന്ന് പറയുന്നതും സാധാരണയാണ്. അതൊക്കെ ഭട്ടതിരിപ്പാട്, അക്കിത്തിരിപ്പാട്, കണ്ഠരര്,നമ്പൂതിരിപ്പാട് തുടങ്ങിയവരായിരിക്കും. തമിഴ് ബ്രാഹ്മണരെ ഈ ഉയർന്ന ഗണത്തിൽ ആരും പെടുത്തീട്ടില്ല. തമിഴ് ബ്രാഹ്മണർ ഉണ്ടാക്കിയ ആഹാരം ഭട്ടതിരിപ്പാടും അക്കിത്തിരിപ്പാടും ഓതിയ്ക്കനും നമ്പൂതിരിപ്പാടും മറ്റും മററും കഴിക്കുക പോലുമില്ല.

കുംഭകോണത്തിനടുത്ത് ശുദ്ധമല്ലി അഗ്രഹാരത്തിൽ നിന്നും നാടുവിട്ടു പോന്ന ഒരു അനന്തരാമയ്യരാണ് അമ്മയുടെ എത്രാമത്തേയോ പഴയ മുത്തശ്ശൻ. തഞ്ചാവൂർ രാജാവ് വീടുകളിലെ ആളെണ്ണി കപ്പം കൂട്ടിയതാണ് ഈ പലായനത്തിനു ഹേതു. കൂടെ അമ്മ പൊതിഞ്ഞു നൽകിയ കാമാക്ഷി ദേവി വിഗ്രഹവും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നുവത്രേ.

തൃക്കൂർ ഗ്രാമത്തിലെ ധനികരായിരുന്ന ക്ഷത്രിയ പ്രമാണിമാർക്കും പാലിയത്തച്ചന്മാർക്കും വെപ്പുപണിയും കൃഷിപ്പണിയും ഒക്കെ ചെയ്ത്‌ തൃക്കൂരിൽ കൂട്ടു മഠം എന്ന പേരിൽ ഒരിടത്ത് ഒന്നിച്ചു പാർത്ത് അവർ ജീവിതം കരുപ്പിടിപ്പിച്ചു എന്നാണു കഥ.

എൻറെ അമ്മയുടെ കാലമായപ്പോൾ ആ സഹോദരന്മാരുടെ താവഴികൾ വില്ലുവണ്ടികളും ഭാരിച്ച ഭൂസ്വത്തും അനവധി അംഗങ്ങളുമുള്ള വലിയ പണക്കാരായി മാറിയിരുന്നു. കല്യാൺ സിൽക്സും ജ്വല്ലേഴ്സുമൊക്കെ അതിലൊരു താവഴിയുടേതാണ്.

അമ്മയുടെ മഠത്തിൽ നിന്നും അമ്മയും അമ്മയുടെ നേരെ മൂത്ത ചേച്ചിയായിരുന്ന മീനാക്ഷിയുമാണ് പാലിയം സ്കൂളിലും ഒല്ലൂർ സെൻറ് മേരീസ് കോൺവെൻറിലും പഠിച്ച് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾ. അവിടെ അമ്മയുടെ ഗുരുനാഥയായിരുന്ന സിസ്റ്റർ സീലയെപ്പറ്റി എത്ര പറഞ്ഞാലും അമ്മയ്ക്ക് മതിവരുമായിരുന്നില്ല. അവർ വളരെ
ക്കാലം തൃശൂർ സേക്രഡ് ഹാർട്ട് കോൺവെൻറിൽ ഹെഡ്മിസ്ട്രസായിരുന്നു. ഞാനും ഭാഗ്യയും അവിടെ പഠിക്കുന്ന കാലത്തും സിസ്റ്റർ സീലയായിരുന്നു ഹെഡ് മിസ്ട്രസ്.

തൃശൂർ സെൻറ് മേരീസ് കോളേജിലാണ് അമ്മ ഗ്രാജുവേഷൻ നേടിയത്. സിസ്റ്റർ അനൻസിയേറ്റ ആയിരുന്നു അമ്മയുടെ അവിടത്തെ ഇഷ്ട ഗുരുനാഥ. ഡോ. ലീലാവതിയും അമ്മയുടെ ഇഷ്ട ഗുരുനാഥയായിരുന്നു.

പിന്നെ അമ്മ കമ്പിത്തപാൽ വകുപ്പിൽ ഉദ്യോഗസ്ഥയായി.

അപ്പോഴേക്കും സുബ്ബരാമയ്യർ വൃദ്ധ നായിത്തീർന്നിരുന്നു. അമ്മ അദ്ദേഹത്തിന്റെ ഒടുവിലത്തെ സന്താനമായിരുന്നുവല്ലോ.

അമ്മയ്ക്ക് ബസ്സുകൂലി പോലും അദ്ദേഹമാണ് നല്കിയിരുന്നത്. രാവിലെ പതിനൊന്നു മണിക്കും ഉച്ച തിരിഞ്ഞ് മൂന്നു മണിക്കും പത്തൻസ് ഹോട്ടലിൽ നിന്നും കാപ്പിയും ചെറു കടിയും അമ്മയ്ക്കായി ഓഫീസിലെത്തുവാനുള്ള ഏർപ്പാടുകളും സുബ്ബരാമയ്യർ ചെയ്തിരുന്നു.

വിവാഹാലോചനകളുടെ പ്രളയം തന്നെ ഉണ്ടായി തുടർന്നുള്ള കാലത്ത്. ജോലിയുള്ള ബ്രാഹ്മണർ അമ്മയുടെ ജോലി രാജി കൊടുക്കണമെന്ന ഡിമാൻഡ് വെച്ചു. പിന്നെ വരദക്ഷിണയായി പോരാവുന്നതെല്ലാം പോരട്ടെ എന്നുമായിരുന്നു അവരുടെ ആഗ്രഹം.

ജോലി കളയാൻ അമ്മ ഒട്ടും ഇഷ്ടപ്പെട്ടില്ല. വരദക്ഷിണ എന്ന സ്ത്രീധനാർത്തി അമ്മയെ വല്ലാതെ മടുപ്പിച്ചു. ഒരേ ഗ്രാമത്തിൽ തന്നെ പല പെൺകുട്ടികളേയും കണ്ട് ഏറ്റവും കൂടുതൽ സ്ത്രീ ധനം കിട്ടുന്ന പെൺകുട്ടി യെ കല്യാണം കഴിക്കുന്ന വീരന്മാരും അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. അപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ആയിട്ടുണ്ടെന്ന് അമ്മ ഞങ്ങളോട് വെളിപ്പെടുത്തീരുന്നു.

പാചകം തൊഴിലാക്കിയ, തീരെ വിദ്യാഭ്യാസം കുറഞ്ഞ ബ്രാഹ്മണരും പെണ്ണന്വേഷിച്ചു വന്നിരുന്നു. വരദക്ഷിണ അവർക്കും ധാരാളം വേണം. എന്നാൽ വിദ്യാഭ്യാസമില്ലാത്തവർ വേണ്ട എന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞു. ആ അഭിപ്രായം
ആർക്കും തന്നെ ഇഷ്ടപ്പെട്ടില്ല.

ജോലിയും സൗന്ദര്യവുമുള്ളതിൻറെ അഹങ്കാരമാണെന്ന ചീത്തപ്പേര് അങ്ങനെ അമ്മയ്ക്ക് പതിഞ്ഞു കിട്ടി.

അമ്മയെ മോഹിച്ച ചിലരും ഉണ്ടായിരുന്നു. അതിലൊരാളുടെ അച്ഛൻ പതിനയ്യായിരം രൂപ സ്ത്രീ ധനം ചോദിച്ചത് സുബ്ബരാമയ്യരെ ക്ഷുഭിതനാക്കി. 'ആർത്തിക്ക് കണക്ക് വേണ്ടാമോ? 'എന്നദ്ദേഹം തിരികെ ആരാഞ്ഞതോടേ മോഹിച്ചയാളുടെ മോഹം അസ്തമിച്ചു. അയാളുടെ അച്ഛനെ അപമാനിച്ചുവെന്ന ന്യായത്തിൽ അയാൾ അമ്മയുടെ അകന്ന
ബന്ധുവായ ഒരു പെൺകുട്ടിയെ ഇരുപതിനായിരം രൂപ വരദക്ഷിണ വാങ്ങി അടുത്താഴ്ച തന്നെ കല്യാണം കഴിച്ചു.

അമ്മ വയസ്സിനു താഴേയുള്ള മുറച്ചെറുക്കനോട് ചിരിച്ചു സംസാരിച്ചു എന്ന കാരണം കൊണ്ട് അമ്മയെ മോഹിച്ച മറ്റൊരാളും കല്യാണം വേണ്ട എന്ന് വെച്ചു.

രാജമാണെന്ന് പറഞ്ഞ് അമ്മയെ തേടി വന്ന പയ്യനെക്കൊണ്ട് മറ്റൊരു രാജത്തെ കല്യാണം കഴിപ്പിക്കലുമുണ്ടായി. താലി അറുത്തു മാറ്റാൻ പറ്റില്ലല്ലോ. ചതിക്കപ്പെട്ടത് ആ മനുഷ്യൻ സഹിച്ചു. വരദക്ഷിണ ഒരു പറയിലെടുത്ത് ചൊരിഞ്ഞുകൊടുക്കുകയാണത്രേ ഉണ്ടായത്.

അമ്മയ്ക്ക് നല്ല കല്യാണം വേഗം നടക്കാനായി ഏഴു വർഷത്തോളം നീണ്ട നിത്യ പൂജയും മഠത്തിൽ നടന്നിരുന്നു. കാരണം അമ്മക്ക് മൂലം നക്ഷത്രമായിരുന്നു. അമ്മായിഅമ്മ വിധവയാകും മൂലക്കാരി മരുമകൾ വന്നാലെന്നാണ് വിശ്വാസം. ആ നക്ഷത്രം കാരണമായി കുറെ വിവാഹാലോചനകൾ മാറിപ്പോയിട്ടുണ്ട്.

അമ്മയുടെ ഓഫീസിൽ തന്നെ ജോലി ചെയ്തിരുന്ന ഒരാൾ കല്യാണത്തിനാശിച്ച് വന്നപ്പോൾ അയാൾ വടമ ബ്രാഹ്മണനാണെന്നായിരുന്നു കുറ്റം. സുബ്ബരാമയ്യർ വാധ്യമ ബ്രാഹ്മണനാണ്. വടമരും വാധ്യമരും തമ്മിൽ ഞാൻ വലുത് നീ ചെറുത് എന്ന മൽസരമുണ്ട്. അങ്ങനെ ആ കല്യാണവും നടന്നില്ല. ആ സഹപ്രവർത്തകൻ സ്ഥലം മാറ്റം വാങ്ങിപ്പോയി. പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷം അമ്മയും അയാളും തമ്മിൽ കണ്ടു. അന്ന് അയാൾ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനുമായിരുന്നു.

ഈ കല്യാണാലോചനക്കളികൾക്കിടയിൽ നീണ്ട പത്ത് വർഷങ്ങൾ കടന്നു പോയി. അമ്മയുടെ അച്ഛൻറെ ആരോഗ്യം നന്നായി ക്ഷയിച്ചു. സഹോദരന്മാർക്ക് സ്വന്തം ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും വളരെ പ്രധാനമായിരുന്നു. പിന്നെ അവരെല്ലാം തന്നെ വൻനഗരങ്ങളിലുമായിരുന്നു.അവർക്ക് അങ്ങ് ദൂരെ തൃക്കൂർ ഗ്രാമത്തിൽ കഴിയുന്ന കുഞ്ഞിപ്പെങ്ങളുടെ കല്യാണം ഒരു വിഷയമേ ആയിരുന്നില്ല.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്രാഹ്മണ്യം എന്നും പുരുഷ കേന്ദ്രീകൃതമാണ്. പരമാധികാരിയായ പുരുഷൻറെ തലച്ചോറാവശ്യമേയില്ലാത്ത ചേടികളാണ് ആ വ്യവസ്ഥ യിൽ സ്ത്രീകൾ. എത്ര മാത്രം അനുസരണ കാട്ടുന്നുവോ അത്രയും അവൾ വാഴ്ത്തപ്പെടും. എല്ലാവരും ബ്രാഹ്മണ്യത്തിലേക്ക് വളരുക, ബ്രഹ്മത്തെ അറിഞ്ഞാൽ ബ്രാഹ്മണനായി, ആർക്കും ബ്രാഹ്മണനാവാം എന്നു തുടങ്ങിയ തട്ടിപ്പു വചനങ്ങൾ ബ്രാഹ്മണ്യം ഇറക്കീട്ടുള്ളത് താൻ പ്രമാണിത്തം ഉറപ്പിക്കാൻ മാത്രമാണ്...