Friday, October 4, 2019

അമ്മച്ചിന്തുകൾ 51

                                                               
അമ്മ എന്തിനാണ് അച്ഛൻ ഗൾഫിൽ പോകുന്നത് തടയാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾ കുട്ടികൾക്ക് തീരെ മനസ്സിലായില്ല. അച്ഛനും അമ്മയും ഒന്നിച്ചു താമസിക്കുന്നതെന്തിനെന്ന് ഞങ്ങൾ എപ്പോഴും വല്ലാതെ സങ്കടപ്പെടുമായിരുന്നു. അവർ പിരിഞ്ഞു താമസിക്കുകയായിരുന്നെങ്കിൽ, എനിക്ക് ഇന്നും ഉറപ്പാണ്... ഞങ്ങൾ മൂന്നു പെൺകുട്ടികളും എല്ലാ നിലയിലും കൂടുതൽ മെച്ചപ്പെട്ട ജീവിതം നേടിയേനെ.

കുടുംബങ്ങളും അതുമായി ബന്ധപ്പെട്ട സകല മൂല്യങ്ങളും തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ഞങ്ങൾ കുട്ടികൾ മനസ്സിലാക്കാൻ പോകുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. സമൂഹവുമായി നേർക്കുനേരെ ഇടപെടുമ്പോൾ മാത്രമേ നമ്മൾ എല്ലാത്തരം ജനാധിപത്യ വിരുദ്ധതയും ശരിക്കും അറിയൂ.

വീട് അമ്മയുടെ പേരിലാണല്ലോ.. അപ്പോൾ വീടില്ലാത്ത സ്ഥിതി വരില്ല എന്നാരുന്നു ഞങ്ങൾ മക്കളുടെ വിചാരം. അതിന് ഒത്തിരി കടമ്പകൾ കടക്കാനുണ്ടെന്ന് അന്ന് അറിയുമായിരുന്നില്ല. അങ്ങനെ ഓരോരോ കാര്യങ്ങൾക്കും നിയമം കടലാസ്സിലേ സ്ത്രീ അനുകൂല നിലപാടുകൾ സ്വീകരിക്കൂ എന്നും പ്രവൃത്തിയിൽ വരുമ്പോൾ സ്ത്രീകളുടെ പഠിപ്പോ ജോലിയോ വരുമാനമോ സ്വത്തോ ഒന്നും അവളെ തുണക്കില്ല എന്നും ഞങ്ങൾ അന്ന് അറിഞ്ഞിരുന്നില്ല.

അമ്മയെ വെറുക്കുന്ന അച്ഛനെ കൂടെ നിറുത്താൻ വാശി പിടിച്ചിട്ട് എന്താണ് കാര്യം എന്ന് ഞങ്ങൾ മൂവരും ആവർത്തിച്ചു ചോദിച്ചപ്പോൾ അമ്മ കരഞ്ഞു. ഒരു പൂർണപരാജിതയുടെ നെഞ്ചിൻറെ,മുഴുവൻ ജീവിതത്തിൻറെ വിങ്ങിപ്പൊട്ടലായിരുന്നു അത്.

ദാമ്പത്യത്തിലെ പ്രശ്നവിരാമത്തിന് നിയമസഹായം ആവശ്യമാണെന്ന് അമ്മയും ഒടുവിൽ മനസ്സിലാക്കി.

ഭാഗ്യയുടെ കൂട്ടുകാരി അയ്യന്തോളിലെ ഒരു പ്രശസ്ത വക്കീലിന്റെ മകളായിരുന്നു. ആ അങ്കിളിനെ കണ്ട് അമ്മയ്ക്കായി സന്ദർശന സമയം കുറിപ്പിക്കാൻ ഞാനും ഭാഗ്യയുമാണ് പോയത്. അങ്കിൾ എന്താ ഏതാ എന്നൊക്കെ കിള്ളിക്കിഴിച്ച് ചോദിക്കാതിരുന്നില്ല.

അമ്മയ്ക്കൊപ്പം ഞാനാണ് . മൂത്ത മകൾ ആണല്ലോ ഞാൻ.. ഇങ്ങനെ പോയതുകൊണ്ട് അച്ഛന്റെ കുടുംബം തകർക്കാൻ ശ്രമിക്കുന്നവളാണ് ഞാനെന്നും അച്ഛൻ എനിക്കൊരു പട്ടം നിത്യമായി ചാർത്തി തന്നു.

ഞാൻ എന്ന മൂത്തമകൾ ഇല്ലാതെ അച്ഛന് കുടുംബമെങ്ങനെ ഉണ്ടാവുമെന്ന് അദ്ദേഹത്തെ സഹതാപപൂർവം കേട്ടിരുന്ന ഒരാൾ, അല്ലെങ്കിൽ ഒരു സ്ത്രീ , അതുമല്ലെങ്കിൽ ഒരു കുട്ടി അങ്ങനെ ആരും ചോദിച്ചില്ല...

വക്കീൽ അങ്കിളിന് അമ്മയുടെ വാക്കുകളെ അവിശ്വസിക്കാനേ കഴിഞ്ഞുള്ളൂ. അമ്മ അച്ഛനെ സംശയിക്കുന്നുവെന്നായി അദ്ദേഹം. അമ്മ ഒരു വൃദ്ധയായതു പോലെയാണെങ്കിൽ അച്ഛൻ ചെറുപ്പക്കാരനെപ്പോലെയാണ്. അധികാരവും പദവിയും ഉള്ളതുകൊണ്ട് സ്ത്രീകൾ അച്ഛനോടു കൊഞ്ചുന്നുണ്ടാവും. അതിന് അമ്മ സംശയിക്കുകയല്ല വേണ്ടത്. അമ്മ അച്ഛനെ മനസ്സിലാക്കണം. പുരുഷൻറെ ഔദ്യോഗിക ജീവിതത്തിൽ വിജയമുണ്ടാവുന്നത് ഭാര്യ ഒപ്പം നിന്ന് ഭർത്താവിനേയും ചെയ്യുന്ന ജോലിയേയും മനസ്സിലാക്കുമ്പോഴാണ്.

ഈ തേഞ്ഞ വാചകം നമ്മൾ പെണ്ണുങ്ങൾക്ക് മാത്രമായി എക്കാലത്തേക്കും സംവരണം ചെയ്തതാണല്ലോ. പിഴച്ചുപോകൽ നൂറു ശതമാനം സംവരണം ചെയ്യപ്പെട്ടതു പോലെ..

എങ്കിലും ഒടുവിൽ ഹെൽത്ത് സർവീസ് ഡയറക്ടറെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ അദ്ദേഹം അമ്മയെ ഉപദേശിച്ചു. അച്ഛൻ ദുബായിൽ പോകാതിരിക്കട്ടെ.. പിന്നെ എല്ലാം സംസാരിച്ചു ശരിയാക്കാം എന്ന് അങ്കിൾ സമാധാനിപ്പിച്ചു. ദുബായിൽ പോകുന്നത് ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വക്കീലായി അദ്ദേഹം നിയമം പറഞ്ഞു. അമ്മയെ സഹായിക്കാൻ അദ്ദേഹത്തിന്റെ ഒരു ബന്ധുചേച്ചിയെ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് പോയി ആ ചേച്ചിയേ കണ്ടാൽ മതി എന്നാണ് അങ്കിൾ പറഞ്ഞത്.

അമ്മ അല്പം സമാധാനപ്പെട്ടതു പോലെ തോന്നി എനിക്ക്.. ഞങ്ങൾ ആശങ്കാകുലരായെങ്കിലും..

രണ്ടു തവണ തിരുവനന്തപുരത്തേക്ക് പോകാൻ ഒരുങ്ങി. പക്ഷേ, അമ്മ പോയില്ല. പോകാൻ അമ്മക്ക് ധൈര്യം വന്നില്ല. ഞാനും ഭാഗ്യയും കൂടെ ഉണ്ടായിരുന്നു. എന്നിട്ടും അമ്മ പേടിച്ചു.. ഒരിക്കൽ റെയിൽവേ സ്റ്റേഷൻ വരെ പോയി മടങ്ങി വന്നു. പിന്നൊരിക്കൽ നായ്ക്കനാലിലേ മീനാമാമിയുടെ വീടു വരെ പോയി. എങ്കിലും റെയിൽവേ സ്റ്റേഷനിൽ പോയില്ല..

അമ്മ അങ്ങനെ ദൂരയാത്ര ഒന്നും ചെയ്തിട്ടില്ലായിരുന്നു.

ഒടുവിൽ അച്ഛന്റെ പെങ്ങളുടെ വീട്ടിലേക്കാണ് അമ്മ പോയത്. ഞങ്ങൾ രണ്ടുപേരും ഞാനും ഭാഗ്യയും ഒപ്പമുണ്ടായിരുന്നു.

1 comment:

Cv Thankappan said...

ഈ തേഞ്ഞ വാചകം നമ്മൾ പെണ്ണുങ്ങൾക്ക് മാത്രമായി എക്കാലത്തേക്കും സംവരണം ചെയ്തതാണല്ലോ. പിഴച്ചുപോകൽ നൂറു ശതമാനം സംവരണം ചെയ്യപ്പെട്ടതു പോലെ