അമ്മ അച്ഛൻ പെങ്ങളുടെ സഹായം തേടി. അച്ഛനെ അങ്ങനെ ദുബായിലേക്ക് വിട്ട് മണ്ടിയാവരുതെന്നായിരുന്നു അവരുടേയും ഉപദേശം.
ഒടുവിൽ കുറെ കരച്ചിലിനും സങ്കടത്തിനും ശേഷം മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ കാണാൻ അമ്മയും അച്ഛന്റെ പെങ്ങളും തീരുമാനിച്ചു.
എന്നെ വിവാഹം കഴിക്കാനാഗ്രഹിച്ച അച്ഛൻ പെങ്ങളുടെ മകനുമൊത്താണ് അമ്മ മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറഞ്ഞത്. അവിടെ ഒരു വലിയ കെണിയുണ്ടായിരുന്നു. അച്ഛന്റെ അടുത്ത പരിചയക്കാരൻ മന്ത്രിയുടെ സ്ററാഫ് ആയിരുന്നു. അയാൾ ഒട്ടും നേരം കളയാതെ അച്ഛനെ വിവരമറിയിച്ച് സ്വന്തം സൗഹൃദച്ചുമതല ഭംഗിയായി നിറവേറ്റി.
അമ്മ വക്കീൽ അങ്കിളിൻറെ ബന്ധുച്ചേച്ചി വഴിയാണ് സങ്കടപ്പരാതി നല്കിയത്. അച്ഛൻറെ മേലുദ്യോഗസ്ഥർ അമ്മയെ കാണാൻ കൂട്ടാക്കിയില്ല. എങ്കിലും അമ്മ ശുഭാപ്തി വിശ്വാസത്തോടെ മടങ്ങിപ്പോന്നു.
അച്ഛൻപെങ്ങളുടെ മകന് അമ്മയുടെ ഇമ്മാതിരി പ്രതിഷേധങ്ങളൊന്നും മനസ്സിലായില്ല. അങ്ങനൊക്കെ ഉണ്ടാവുമോ എന്ന സംശയം ഞങ്ങൾ ക്കിടയിൽ അസ്വസ്ഥതയും അശാന്തി യുമായി ബലം വെച്ചു. എൻറെ വിശദീകരണങ്ങൾ ചിലപ്പോൾ മനസ്സിലാവും ചിലപ്പോൾ ഇല്ല...എന്നതാരുന്നു സ്ഥിതി.
അച്ഛൻ ഒന്നും അറിഞ്ഞ മട്ട് പ്രദർശിപ്പിച്ചില്ല.
അമ്മയിൽ ഒരു കൂസലില്ലായ്മ കുറച്ചെങ്കിലും ദൃശ്യമായ സമയമായിരുന്നു അത്. വരുന്ന പോലെ വരട്ടെ എന്ന ഭാവം.. എന്നാലും കൊടുങ്കാറ്റിനു മുന്നിലേ ശാന്തതയായിരുന്നു അത്.
അച്ഛനെ കാണാൻ വന്നിരുന്ന ഒരു ഫോട്ടോഗ്രാഫർ അങ്കിളിന്റെ മകൻ എന്നെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നുവെന്ന് പറയാൻ തുടങ്ങി. എനിക്ക് അത് കേട്ടപ്പോൾ തന്നെ ഭയമായിത്തുടങ്ങീരുന്നു. അച്ഛൻ പറയുന്നത് ശരിയാണോ ആണെങ്കിൽ എന്ത് ചെയ്യും? അച്ഛൻ പെങ്ങളുടെ മകന് ജോലി ആയില്ലല്ലോ.
എല്ലാ ആധിയും ഉൽക്കണ്ഠയും ഭീതിയും ചേർന്ന് എനിക്ക് പരീക്ഷാദിനങ്ങൾ സമയത്തിന് ഓർമ്മ വന്നില്ല. ഞാൻ ഒന്നാം വർഷം പരീക്ഷ രണ്ടെണ്ണം കഴിഞ്ഞാണ് പരീക്ഷാക്കാലം അറിഞ്ഞതു തന്നെ.. അമ്മയും അമ്മീമ്മയും ബാക്കി പരീക്ഷകൾ എഴുതാൻ നിർബന്ധിച്ചെങ്കിലും ഞാൻ കൂട്ടാക്കിയില്ല.
അമ്മ എത്ര വിഷമിച്ചു കാണും അന്ന്.
ഇന്നാലോചിക്കുമ്പോൾ അൽഭുതം തോന്നും..അതൊക്കെ എത്ര നിസ്സാര പ്രശ്നങ്ങളായിരുന്നു എൻറെ..
അടുത്ത വിദ്യാഭ്യാസവർഷത്തിൽ റാണിയും ഭാഗ്യയും കേരളവർമ്മ കോളേജിൽ വന്നെത്തി. അപൂർവ സഹോദരികൾ ഗണത്തിൽ ഞങ്ങൾ അവിടെ അറിയപ്പെട്ടു.
അച്ഛൻ അതിനകം പാലക്കാട് വിട്ട് തൃശ്ശൂർ ഡി എം ഓ ആയിരുന്നു. അത് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ പ്രവേശിച്ചിട്ടായിരുന്നു. ഔദ്യോഗിക മായി ഒത്തിരി തിരക്കും അദ്ദേഹത്തിനുണ്ടായിരുന്നു.
നഴ്സ് മാലാഖ ദുബായ്ക്ക് പോകുന്നുവെന്ന് അറിയിച്ചുകൊണ്ട് എഴുതിയ കത്ത് വീട്ടിലെത്തിയതും അപ്പോഴാണ്.
അവർ ആത്മാർഥതയിലും സ്നേഹത്തിലും കുതിർത്ത് എഴുതിയ ആ കത്ത് ഒറ്റ വായനയിൽ ഞങ്ങൾക്ക് മനപ്പാഠമായി.
അച്ഛൻ ആ കത്ത് അലക്ഷ്യമായി മേശപ്പുറത്തിട്ടിരുന്നു.
അവർ അച്ഛനെ എങ്ങനെ കാണാൻ കാത്തിരുന്നു.. ഹൃദയത്തിൽ എങ്ങനെ കുടിയിരുത്തി.. അച്ഛന്റെ സ്നേഹം കിട്ടാതും ഉഴറും മനത്തെ എങ്ങനെ വിരൽത്തുമ്പാൽ ആശ്വസിപ്പിച്ചു..അച്ഛന്റെ ഉണങ്ങിപ്പോയ രുചിമുകളങ്ങളെ സ്നേഹം പുരട്ടിയ ആഹാരപദാർഥങ്ങളാൽ എങ്ങനെ പുനരുജ്ജീവിപ്പിച്ചു...
രാജത്തിൻറെ ചീത്ത സ്വഭാവം എല്ലാം മാറിയെന്നറിഞ്ഞതിൽ അവർ സന്തോഷിക്കുന്നുവെന്നും അച്ഛനെ അവർ രാജത്തിന് തിരിച്ചേല്പിക്കുന്നുവെന്നും എവിടെ ആയാലും അച്ഛൻ സന്തോഷമായിരിക്കുന്നുവെന്ന് അറിയുന്നതാണവരുടെ ആനന്ദമെന്നും ആ കത്ത് അവസാനിച്ചു..
അതിനു ശേഷവും അമ്മയും അച്ഛനും ഒരുമിച്ച് ഒരു വീട്ടിൽ കഴിയേണ്ടി വന്ന പരിതസ്ഥിതി ഞങ്ങൾക്ക് നല്കിയ എല്ലാവരേയും, നീതിന്യായത്തേയും സാമൂഹികരീതികളേയും എന്തിന് ദൈവസങ്കല്പത്തെപ്പോലും ഞങ്ങൾ വെറുത്തു പോയി..
അമ്മ ഞങ്ങളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവും തീരാത്ത നൊമ്പരവുമായി..
അപമാനങ്ങൾക്ക് അന്ത്യമുണ്ടായിരുന്നില്ലല്ലോ ഞങ്ങളുടെ ജീവിതത്തിൽ...
1 comment:
അമ്മ ഞങ്ങളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവും തീരാത്ത നൊമ്പരവുമായി..
Post a Comment