Monday, October 21, 2019

അമ്മച്ചിന്തുകൾ 59



അമ്മ എത്രയായാലും അമ്മ തന്നെയാണ്. ഞങ്ങൾക്കായി ഒന്നും സമ്പാദിച്ചു വെക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം എന്നും അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 'എൻറെ കുട്ടികൾക്ക് ആരുമില്ല... ഒന്നുമില്ല , നീയിത് കാണുന്നില്ലേ' എന്ന് അമ്മ എപ്പോഴും ദൈവത്തോട് ചോദിച്ചിരുന്നു.

അയ്യന്തോളിലെ വീട് ഞങ്ങൾക്ക് നഷ്ടപ്പെടരുതെന്ന് അമ്മ കരുതി. അച്ഛൻ ആ വനിതാ ഡോക്ടർക്ക് കൊടുത്ത വാക്ക് പാലിക്കില്ലെന്നത് അമ്മക്ക് അറിയാമാരുന്നു. അമ്മ സ്വന്തം ശരീരത്തിൻറെ ഭാഗമായി കണ്ട ആ വീടാണ് അമ്മയെ അച്ഛനൊപ്പം കഴിയാൻ പിന്നേയും പ്രേരിപ്പിച്ചത്. അമ്മയുടെ അദ്ധ്വാനമായ ആ വീട് ഞങ്ങളുടേതാവണമെന്ന് അമ്മ എന്നും ആശിച്ചു.

എന്തായാലും ഞാൻ എടുത്തൊരു വലിയ തീരുമാനം നടപ്പിലാക്കുന്നതിൻറെ തലേന്ന് അമ്മ റാണിയേയും ഭാഗ്യയേയും കൂട്ടി സന്ധ്യ മയങ്ങിയ നേരത്ത് തൃക്കൂരിലെത്തി. എന്നേ കണ്ടപാടേ ചോദിച്ചു... 'കുട്ടിക്ക് എന്താ വിശേഷം? '

അമ്മയുടെ ഭാവം കണ്ടാൽ ആ ചോദ്യം ചോദിച്ചു ഉത്തരം മേടിക്കാനാണ് അങ്ങോട്ട് വന്നതെന്ന പോലെയായിരുന്നു..അത്ര തിടുക്കം.. അത്ര പരവേശം..

'വിശേഷം ഒന്നുമില്ലൈ അമ്മ..'എന്നു പറയുമ്പോൾ എൻറെ നെഞ്ചിൽ ഇടി മുഴങ്ങി.

അപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു.. എന്നിട്ട് ബാക്കിയും വേഗത്തിൽ പറഞ്ഞു തീർത്തു. ' എനിക്കവിടെ ഇരുന്നിട്ട് ഒരു സമാധാനവുമില്ലായിരുന്നു. കുട്ടിയെ കാണാൻ ഒരേ ആശൈ. അദ്ദാൻ ഇന്ത നേരത്തിലേ വന്തോം. കുട്ടികൾ വേണ്ടാന്ന് ചണ്ട പോട്ട്ക്ക്ണ്ടാ.. ന്നാലും പുടിച്ച പുടിയാലേ വന്തേൻ '

പെരുങ്കള്ളിയായ ഞാൻ മൗനം പാലിച്ചു.
കൂട്ടുകള്ളികളായ അനിയത്തിമാരും മൗനം പാലിച്ചു.

അമ്മയും അമ്മീമ്മയും അടുക്കളയിലേക്കും ഞാനും അനിയത്തിമാരും മച്ചിലേക്കും പിൻവാങ്ങി.

റാണിയാണ് തുടങ്ങി വെച്ചത്. 'അമ്മയ്ക്ക് എന്തോ സംശയമുണ്ട്.. ഇങ്ങട്ട് വരണ്ടാന്ന് ഞങ്ങൾ ആവുന്നത്ര പറഞ്ഞു. നീയിനി അമ്മേ കാണുമ്പോ കരഞ്ഞു പിഴിഞ്ഞാലോന്ന് വിചാരിച്ചു..
അമ്മ സമ്മതിക്കണ്ടേ.. ഒരേ വാശി.. അതാണ് വന്നത് '

ഭാഗ്യ പൂർത്തിയാക്കി..
' സംശയമൊന്നുമില്ല അമ്മക്ക്. ഒരു മദേഴ്സ് ഇൻസ്ററിങ് ക്ട് വർക്കാവുന്നതാണ്. നീ ലൈഫിലാകെ ഒരിക്കേ ചെയ്യാൻ പോണ കാര്യം ചെയ്യല്ലേ.. അത് അമ്മ എവിടെയോ അറിയണുണ്ട്. എന്നാൽ എന്താണെന്ന് വ്യക്തമാവുന്നില്ല. അതിലെ വെപ്രാളമാണ്. '

'അമ്മക്ക് നല്ല ഗമേല് നമ്മളെ കല്യാണം കഴിപ്പിക്കണംന്നൊക്കെ ആശേണ്ടാവും..അതിങ്ങനെ നടക്കാണെന്ന് അറീമ്പോ... അയ്യോ !പാവം.. അമ്മ ' എന്ന് റാണി സഹതപിച്ചു.

കനത്ത വിഷമം ഉണ്ടായിരുന്നുവെ ന്നാലും എനിക്ക് എഴുതിക്കിട്ടിയ, എന്നോട് ഒത്തിരി പറഞ്ഞു കേൾപ്പിക്കപ്പെട്ട വരികൾ ആശ്വാസമായി എന്നെ വീശിത്തണുപ്പിച്ചു.

'അമ്മയെ സ്നേഹിക്കണം.. നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കണം. മകൻറെ സ്നേഹവും കരുതലും നല്കണം. അമ്മീമ്മയെ ആദരിക്കണം, സ്നേഹിക്കണം, ബഹുമാനിക്കണം. റാണിക്കും ഭാഗ്യക്കും സ്നേഹത്തിൻറേയും കരുതലിൻറേയും
സംരക്ഷണത്തിൻറേയും രുചി പകരണം. അച്ഛനേയും സ്നേഹ വഴിയിലൂടെ നടത്താൻ പരിശ്രമിക്കണം'

ദൈവത്തിരുവചനങ്ങളായി ഞാൻ നെഞ്ചിൽ പതിപ്പിച്ച വാചകങ്ങൾ..

അമ്മയ്ക്ക് കാണിച്ചു കൊടുക്കണം.. മരുമകൻ സ്നേഹിക്കുന്ന തെങ്ങനെയെന്ന്.. ആരുമില്ലെന്ന തോന്നലിൽ നിന്ന് അമ്മയെ മെല്ലെ യെങ്കിലും വിമോചിതയാക്കണം... ഇതൊക്കേയും ഞാനും സ്വപ്നം കണ്ടിരുന്നു.

എനിക്ക് ജാതി മത ചിന്തകൾ ഉണ്ടാവില്ല. ആഹാരകാര്യത്തിലെന്നല്ല ഒരു കാര്യത്തിലും ഞാൻ പ്രശ്നമുണ്ടാക്കില്ല. എൻറെ അദ്ധ്യാപകനെ ഞാൻ ഏറ്റവുമധികം അറിയുന്നവളല്ലേ.. അദ്ദേഹം പെർഫെക്ററാണെന്ന് എനിക്കുറപ്പുണ്ടല്ലോ.

എല്ലാ സ്ത്രീകളും കരുതുന്നതു പോലെ ഞാനും കരുതി. എന്തു പ്രശ്നമായാലും ഞാൻ മറ്റു സ്ത്രീകളെപ്പോലെയല്ല അതിൽ ഇടപെടുകയെന്ന് ഓരോ സ്ത്രീ യും കരുതും. ഓരോ പ്രശ്നത്തിലും സ്വന്തം നിലപാട് വ്യത്യസ്തമായിരിക്കും എന്ന് കരുതും. ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.

ഞങ്ങൾ മൂന്നു പേരും ലേശം പോലും ഉറങ്ങിയില്ല. മാഷെക്കുറിച്ചു മാത്രം സംസാരിച്ചു നേരം വെളുപ്പിച്ചു. അനിയത്തിമാരും വരാൻ പോകുന്ന ചേട്ടനെ ഹൃദയത്തിൽ എതിരേറ്റു കഴിഞ്ഞിരുന്നു.

പിറ്റേന്നു ഞാൻ കോളേജിൽ പോകാൻ തയാറാകുമ്പോൾ മാഷുടെ സുഹൃത്തുക്കളായ ഷൺമുഖദാസും ചിത്രൻ നമ്പൂതിരിപ്പാടിൻറെ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടും ഗേറ്റ് കടന്നുവന്നു. അമ്മ അവരെ കാണാതിരുന്നില്ല. അവർ ആര് എന്തിനു വന്നു എന്ന ചോദ്യങ്ങളുമായി അമ്മ എത്തിയപ്പോൾ അമ്മീമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞ് ഞാൻ തിടുക്കത്തിൽ വീട്ടിൽ നിന്നിറങ്ങി. എല്ലാം വിശദീകരിക്കേണ്ട ഭാരം ഞാൻ അനിയത്തിമാരിൽ കെട്ടിവെച്ചു. എൻറെ പുറകേ ഷണ്മുഖദാസും കൃഷ്ണൻ നമ്പൂതിരിപ്പാടും 'ഇവിടെ അമ്പലത്തിൽ വന്നപ്പോൾ ടീച്ചറെ യും ഒന്ന് കാണാമെന്ന് വിചാരിച്ചു..' എന്നും പറഞ്ഞ് വേഗത്തിൽ തടിതപ്പി. അവർ എനിക്ക് കൂട്ടായാണല്ലോ വന്നത്

അനിയത്തിമാർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു പോയി. 'അവൾ ചെറിയ കുട്ടിയല്ലേ' എന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ വേദന. എന്നിട്ടും അന്ന് അമ്മ ഓഫീസിൽ പോയി. ഒന്നും സംഭവിക്കാത്ത പോലെ ജോലി ചെയ്തു. വൈകുന്നേരം ഓഫീസ് സമയം തീരും മുമ്പ് അമ്മയെ രജിസ്‌ട്രേഷൻ നടന്ന വിവരം മാഷിന്റെ ഒരു സുഹൃത്ത് ചെന്ന് അറിയിച്ചു.

ഒരാഴ്ചക്കു ശേഷം പോസ്റ്റ്‌ ഓഫീസിൽ ചെന്ന്
കാണുമ്പോൾ അമ്മ അടികൊള്ളുകയാണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി. എന്നാലും അമ്മ ചിരിച്ചു. 'കുട്ടി സന്തോഷമായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി. അടിയും ഇടിയും അപമാനവും ഒന്നും എനിക്ക് പുതിയതല്ലല്ലോ' എന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്.

അമ്മ അങ്ങനെ ആയിരുന്നു.

അമ്മയെ അടികളിൽ നിന്ന് രക്ഷിക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ വേഗമറിഞ്ഞു. അനിയത്തിമാർക്ക് ഒരു സംരക്ഷണവും നല്കാൻ പറ്റില്ല. അമ്മീമ്മയെ ആരും ആദരിക്കില്ല. അച്ഛന് ഒരു സ്നേഹവഴിയും ആരും കാണിക്കാനില്ല.. എല്ലാം അതേ പടി യാതൊരു മാറ്റവുമില്ലാതെ തുടരും.

ഇതെല്ലാം അറിഞ്ഞപ്പോൾ അമ്മ പരിഭവിച്ചില്ലെങ്കിലും അനിയത്തിമാർ എന്നിൽ നിന്ന് അകലാൻ തുടങ്ങി. അവരുടെ സങ്കടം കഠിനമായിരുന്നു. അലിയാത്ത കരിങ്കല്ലു പോലെ ആയിരുന്നു... ഞങ്ങൾ തമ്മിലുള്ള അകൽച്ച അമ്മയെ എന്നും വേദനിപ്പിച്ചിരുന്നു.

1 comment:

Cv Thankappan said...

അനിയത്തിമാരുടെ അകൽച്ചയും......