Thursday, October 24, 2019

അമ്മച്ചിന്തുകൾ 61



എൻറെ ജീവിതത്തിൽ സംഭവിച്ച ആഘാതങ്ങളുടെ ബാക്കി പത്രമായി അമ്മ അച്ഛനെ എന്നേക്കുമായി വിട്ടു പോവുകയായിരുന്നു. എൻറെ സ്വഭാവം മോശമെന്ന്,അതിനാൽ എനിക്ക് എൻറെ കുഞ്ഞിനെ തരേണ്ടതില്ലെന്ന് അച്ഛൻ അഫിഡവിറ്റ് കൊടുത്തത് അമ്മക്ക് ഒരു തരത്തിലും പൊറുക്കാൻ പറ്റിയില്ല. അവിവാഹിതരായ റാണിയുടേയും ഭാഗ്യയുടേയും പേരിലും അഫിഡവിറ്റ് നല്കുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി യപ്പോൾ ആ രാത്രിയിൽ തന്നെ അമ്മ വീടു വിട്ടിറങ്ങി.

എൻറെ അമ്മക്ക് പേടി ആയിരുന്നു രാത്രിയെ.. ആ സമയത്ത് ഇറങ്ങി നടക്കുന്ന മനുഷ്യരെ.. എന്നിട്ടും അമ്മ പോയി.. ഒരു ഓട്ടോറിക്ഷയിൽ രാത്രി പത്തുമണിയോടെ അമ്മ തൃക്കൂര് വീട്ടിൽ അമ്മീമ്മയുടെ അരികേ ചെന്നു. പിന്നീട് അച്ഛൻ മരിച്ചിട്ടേ അമ്മ അയ്യന്തോളിലെ വീട്ടിൽ കാലെടുത്തു കുത്തിയുള്ളൂ.

നീണ്ട പത്തുവർഷം...

അമ്മ അച്ഛനെ ഉപേക്ഷിച്ചു പോയി എന്ന പേര് അങ്ങനെ അമ്മക്ക് ശാശ്വതമായി പതിഞ്ഞു കിട്ടി. രോഗിണിയായി അമ്മീമ്മയുടെ വീട്ടിൽ ചെലവാക്കിയ ദിവസങ്ങൾ പോലും അമ്മയുടെ പിണങ്ങിപ്പോക്കിൻറേയും അച്ഛന്റെ അവസാനമില്ലാത്ത അനുനയിപ്പിക്കലിൻറേയും ഭാഗമായി. പണ്ടു മുതലേ പിണങ്ങിപ്പോകാറുണ്ടെന്ന് കഥകളും ഉപകഥകളും ഉണ്ടായി. അമ്മ ഒരു സംശയാലുവാണെന്ന് എല്ലാവരും പറഞ്ഞു.

അച്ഛൻ പത്തുവർഷം തനിച്ചു താമസിച്ചുവെന്ന കണ്ണീർക്കഥ പറയാത്ത ആരുമില്ല തന്നെ. അമ്മ അച്ഛന്റെ ഒപ്പം അയ്യന്തോൾ വീട്ടിൽ താമസിച്ചിരുന്നുവെന്ന് പോലും ആർക്കും ഓർമ്മയില്ലാത്തതു പോലെയാണ്..

അമ്മ പടിയിറങ്ങിയപ്പോൾ അധികം വൈകാതെ ഭാഗ്യയേയും അച്ഛൻ കഴുത്തു പിടിച്ചുന്തി പുറത്താക്കി. അതിനകം വീടിന്റെ ആധാരം അദ്ദേഹത്തിന്റെ പക്കൽ എത്തീരുന്നു.

ഭാഗ്യ ഒരുപാട് കരഞ്ഞിട്ടുണ്ട്. അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛനോട് എന്നും ഒരു അല്പം സ്നേഹം കൂടുതൽ പുലർത്തീരുന്ന മകളായിരുന്നു അവൾ. അവളെ ഇറക്കിവിടാൻ അച്ഛനു എങ്ങനെ സാധിച്ചുവെന്ന് ഞങ്ങൾക്കാർക്കും ഇന്നും മനസ്സിലായിട്ടില്ല. ഭാഗ്യയും അച്ഛന്റെ മരണശേഷം മാത്രമേ പിന്നെ, ആ വീട്ടിൽ കയറിയുള്ളൂ.

എനിക്ക് കുഞ്ഞിനെ തിരിച്ചു കിട്ടുന്നത് വരെ അച്ഛൻ അമ്മയുമായി അനുരഞ്ജനത്തിനൊന്നും ശ്രമിച്ചില്ല. അമ്മയും സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. അമ്മക്ക് സങ്കടമായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് ആരുമില്ലാതായല്ലോ ഒന്നുമില്ലാതായല്ലോ എന്ന സങ്കടം ആ മനസ്സിൽ നിന്ന് ഒരു കാലത്തും മാറിയതേയില്ല.

അമ്മയെ കാണാൻ അച്ഛന്റെ അമ്മായിമാർ വന്നു. അമ്മീമ്മയേയും അവരുടെ വീടിനേയും കണ്ട് നെഗളിക്കരുതെന്ന് അമ്മയെ ഉപദേശിച്ചു. ഞങ്ങൾ പെൺമക്കൾ അമ്മയെ നോക്കില്ലെന്ന് താക്കീതു കൊടുത്തു.

അമ്മ എല്ലാം കേട്ടുകൊണ്ടിരുന്നു. അന്നൊക്കെ ഭാഗ്യയും അമ്മീമ്മയും മാത്രമേ അമ്മക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ. ഞാനും എൻറെ ദുരിതങ്ങളും റാണിയും ദില്ലിയിലായിരുന്നുവല്ലോ.

അമ്മയെ പരിഹസിക്കാത്തവർ, അപമാനിക്കാത്തവർ നന്നേ ചുരുക്കമായിരുന്നു അന്നൊക്കെ. അമ്മ
മടങ്ങിപ്പോകുന്നതിൽ ഞങ്ങൾ മക്കൾക്കും തീരെ സമ്മതമില്ലായിരുന്നതുകൊണ്ട് അമ്മ ആ പരിഹാസവും അപമാനവും എല്ലാം സഹിച്ചു.

അമ്മക്ക്, അച്ഛൻ നിത്യവും കാർഡുകൾ അയക്കുമായിരുന്നു. ഒന്ന് ഓഫീസ് വിലാസത്തിലും മറ്റൊന്ന് തൃക്കൂര് വീട്ടിലെ വിലാസത്തിലും.. അതിൽ കുറച്ചു വാക്കുകളേ കാണൂ. 'ഗുരുവായൂരപ്പാ, എൻറെ രാജത്തിൻറെ ചീത്ത സ്വഭാവം മാറ്റിത്തരണേ..' ഈ വരി കുനുകുനാ എന്ന് കാർഡ് നിറയെ എഴുതിയിട്ടുണ്ടാകും.അമ്മ പോസ്റ്റ്‌ ഓഫീസിൽ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ ആണ്. പോസ്റ്റ്‌ മാസ്റ്റർ അവധിയിൽ പോകുമ്പോൾ അമ്മയാണ് ആക്ടിംഗ് പോസ്റ്റ് മാസ്റ്റർ. ആ അമ്മക്ക് എന്നും ഇങ്ങനെ ഒരു കാർഡ് പോസ്റ്റ്‌മാൻ കൊണ്ടു കൊടുക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..

അമ്മ സഹിച്ചു.

തൃക്കൂര് വീട്ടിലും ഈ കാർഡ് വരും. അമ്മീമ്മയോ ഭാഗ്യയോ ഒരു ഭാവവ്യത്യാസവുമില്ലാതെ കാർഡ് പോസ്റ്റ്‌ മാനിൽ നിന്ന് വാങ്ങും.

അമ്മ ആരോടും ഒരു പരാതിയും പറഞ്ഞില്ല. എൻറെ അമ്മയ്ക്ക് ആരാണുള്ളത് അല്ലെങ്കിൽ പരാതിപ്പെടാൻ അല്ലേ..

1 comment:

Cv Thankappan said...

ആളെങ്ങനെയായാലും കുരുട്ടുബുദ്ധിത്തന്നെ....
ആശംസകൾ